പി ഴ ച്ചുപോയവള്‍
(രചന: പുത്തൻവീട്ടിൽ ഹരി)
“അന്നക്കൊച്ചേ നിനക്ക് വീട്ടുകാരോട് ഉള്ള കാര്യം പറഞ്ഞാല്‍ പോരായിരുന്നോ? എങ്കിലിങ്ങ നൊരവസ്ഥ വരില്ലായിരുന്നല്ലോ ”
തന്റെ മുന്നില്‍ കസേരയില്‍ തല കുമ്പിട്ടിരുന്ന് കരഞ്ഞുകൊണ്ടിരുന്ന അന്ന ജോസഫിനോട് റൂംമേറ്റായ ലിനി ചോദിച്ചു.
“എന്ത് പറയാനാണ് ചേച്ചീ? ഞാനത് പറഞ്ഞാല്‍ വീട്ടില്‍ ഒരു കൂട്ട ആത്മഹത്യയേ ഉണ്ടാകൂ ”
തലയുയര്‍ത്തി മുഖം ഇരുകൈകളാല്‍ അമര്‍ത്തി തുടച്ചുകൊണ്ട് അന്ന പറഞ്ഞു.
“ദേ എന്നെക്കൊണ്ടൊന്നും പറയിക്കരുത്, കുറച്ച് പണം കണ്ടപ്പോള്‍ കണ്ണ് മഞ്ഞളിച്ച അവര്‍ ആ ത്മ ഹത്യ ചെയ്യുമല്ലേ?
അതും നിന്റെ പണം കൊണ്ട് സകല സുഖസൗകര്യങ്ങളും അനുഭവിച്ചതിന് ശേഷം നിന്നെയടിച്ചിറിക്കിവിട്ട അവരോട് ഇപ്പോഴും നീ അനുകമ്പ കാണിക്കുന്നതിന്റെ കാരണമാണ് എനിക്ക് മനസ്സിലാകാത്തത് ”
അന്നയുടെ പറച്ചില് കേട്ട് ലിനിക്ക് ദേഷ്യം വന്നു.
“അങ്ങനല്ല ചേച്ചീ , അവരെ എങ്ങനെ കുറ്റം പറയാനാകും ? തീര്‍ത്തും ദാരിദ്ര്യത്തില്‍ മുങ്ങി നിന്ന അവരെന്നെ പഠിപ്പിച്ച് എഞ്ചിനീയറാക്കിയില്ലേ ,
അനിയത്തിയേയും പഠിപ്പിക്കുന്നില്ലേ , ദാരിദ്ര്യത്തില്‍ നിന്നും കരകയറിയില്ലെങ്കിലും അവരിങ്ങനെയേ പ്രവര്ത്തിക്കുകയുള്ളായിരുന്നു ”
ലിനി പറഞ്ഞതിലും കാര്യമുണ്ടെന്നറിയാമായിരുന്നിട്ടും അന്ന തന്റെ കുടുംബത്തെ ന്യായീകരിച്ചു.
“നീയൊരിക്കിലും നന്നാകില്ലെടീ , പഠിപ്പിച്ചത്രേ , നിന്നെ പഠിപ്പിച്ചത് എജ്യൂക്കേഷണ് ലോണെടുത്ത് തന്നെയല്ലേ ? അനിയത്തിയെ പഠിപ്പിക്കുന്നത് നിന്റെ പണം കൊണ്ടും ,
ആവശ്യമില്ലാത്ത കര്‍ഷക ലോണ്‍ വലിച്ച് തലയില്‍ കേറ്റി വീടും പറമ്പും ജപ്തിയുടെ വക്കിലെത്തിയപ്പോഴും നിന്റെ പണമല്ലായിരുന്നോ അവര്‍ക്കാവശ്യം ,
എല്ലാമറിഞ്ഞിട്ടുമുള്ള നിന്റെ ന്യായീകരണമുണ്ടല്ലോ അതാണ് സഹിക്കാനാകാത്തത് ”
ലിനി പറഞ്ഞത് ശരിയായിരുന്നു. അന്നയുടെ പപ്പ ജോസഫ് ഇടുക്കിയിലെ മലയോര കര്‍ഷകനായിരുന്നു , വീടും പറമ്പും ബാങ്കില്‍ പണയപ്പെടുത്തി രണ്ടേക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തു.
ഏലവും കുരുമുളകുമായിരുന്നു പ്രധാന കൃഷി , കാലവര്‍ഷത്തില്‍ സംഭവിച്ച ഉരുള്‍പൊട്ടലില്‍ കൃഷി മുഴുവനും നശിച്ചതോടെ ജോസഫ് തകര്‍ന്ന് പോയി.
ലോണടവ് മുടങ്ങി വല്ലാത്ത പ്രതിസന്ധിയില്‍ നില്കുമ്പോഴായിരുന്നു അന്ന ദുബായിലേക്ക് ജോലിക്കായി എത്തുന്നത്.
തുടര്‍ന്ന് അവളായിരുന്നു ആ കുടുംബത്തെ കൈപിടിച്ച് കരകയറ്റിയത്.
ഇന്ന് ജോസഫിന് സ്വന്തമായി രണ്ടേക്കര്‍ ഭൂമിയും പഴയ പൊളിഞ്ഞ് വീഴാറായ വീടിന്റെ സ്ഥാനത്ത് രണ്ടായിരത്തഞ്ഞൂറ് സ്ക്വയര്‍ഫീറ്റില്‍ ഒരു ഇരുനില വീടുമായി, എല്ലാം അന്നയുടെ ത്യാഗത്തിന്റെ ഫലം.
അന്ന ദുബായിലെത്തി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു നാട്ടിലേക്ക് പോയത്.
പോയതിന്റെ ആറാം നാള് അവള് തിരിച്ചെത്തുകയും ചെയ്തു.
“എല്ലാം ശരിയാണ് ചേച്ചീ , പക്ഷേ രണ്ട് പെണ്മക്കളെ വളര്‍ത്തി വലുതാക്കി ഇത്രയും വരെ എത്തിച്ച അവരെ ഞാനെങ്ങനെ കുറ്റപ്പെടുത്തും ”
അന്ന ക്ഷീണിച്ച ശബ്ദത്തില്‍ മറുപടി നല്കി…
“കൂടുതലൊന്നും ഞാന്‍ പറയുന്നില്ല , എന്താണ് വീട്ടില്‍ സംഭവിച്ചതെന്ന് വ്യക്തമായി പറയ് നീ , പപ്പക്ക് സുഖമില്ലെന്നും പറഞ്ഞല്ലേ നിന്നെ വിളിപ്പിച്ചത് ”
ലിനി ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് അന്നയുടെ അടുത്ത് ചെന്നിരുന്ന് അവളുടെ തോളില്‍ തട്ടി ആശ്വസിപ്പിച്ചുകൊണ്ട് ചോദിച്ചു.
എയര്‍പോട്ടില്‍ അന്നയെ വിളിക്കാനായി ജോസഫ് തന്റെ വാഗണാര്‍ കാറിലായിരുന്നു എത്തിയത് , ജോസഫ് മാത്രമല്ല ഭാര്യ ത്രേസ്യയും അന്നയുടെ ഇളയവളായ ആനും കൂടെയുണ്ടായിരുന്നു.
” പപ്പക്ക് വയ്യെന്ന് പറഞ്ഞിട്ട് പപ്പയെന്തിനാ ഇത്രയും ദൂരം വണ്ടിയോടിച്ച് വന്നത് ”
നെടുമ്പാശ്ശേരി എയര്‍പോട്ടില്‍ നിന്നും വണ്ടിയുടെ മുന്‍സീറ്റില്‍ കയറിക്കൊണ്ട് അന്ന ജോസഫിനോട് തിരക്കി.
ത്രേസ്യയും ആനും കൂടി അന്ന കൊണ്ട് വന്ന ലഗേജ് കാറിന്റെ ഡിക്കിയിലാക്കിയിട്ട് പിന് സീറ്റിലേക്ക് കയറി.
“അതൊക്കെ വീട്ടില്‍ ചെന്നിട്ട് വിശദമായി സംസാരിക്കാം ” ജോസഫ് അന്നയെ നോക്കി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. ത്രേസ്യയും ആനും കൂടി അന്നയോട് ഫ്ലൈറ്റിലെ യാത്രാവിശേഷങ്ങള്‍ ചോദിച്ചറിയാന്‍ തുടങ്ങി.
ഏകദേശം നാല് മണിക്കൂറത്തെ യാത്രയ്ക്കൊടുവില്‍ അവര്‍ വീടിന്റെ മുന്നിലെത്തി.
” ഫോട്ടോയില്‍ കാണുന്നതിനേക്കാളും നല്ല വലുപ്പമുണ്ടല്ലോ മമ്മീ വീടിന് ” കാറില്‍ നിന്നും പുറത്തിറങ്ങിയ അന്ന വീടിനെ നോക്കി കണ്ണുമിഴിച്ചു.
” രണ്ടായിരത്തഞ്ഞൂറ് സ്ക്വയര്‍ഫീറ്റിലുള്ള വീട് പിന്നെ കുടിലാണെന്നാണോടീ കൊച്ചേ നീ കരുതിയത് ”
കാര്‍ പോര്‍ച്ചില്‍ വാഹനം പാര്‍ക്ക് ചെയ്തതിന് ശേഷം അന്നയുടെ ചോദ്യം കേട്ടുകൊണ്ട് വന്ന ജോസഫ് അന്നയെ കളിയാക്കി .
” എന്തായാലും ഞാനിത്രയൊന്നും പ്രതീക്ഷിച്ചില്ല ”
വീടിനുള്ളിലേക്ക് കയറിക്കൊണ്ട് അന്ന പറഞ്ഞു.
” മോള് ചെന്ന് കുളിച്ചിട്ടൊക്കെ ഇരിക്ക് പപ്പ പറമ്പിലോട്ടൊന്ന് പോയിട്ട് വരാം , ഏലം പറിക്കാനായി നാല് പെണ്ണുങ്ങളുണ്ട് , കണ്ണ് തെറ്റിയാല്‍ അവളുമാര് എവിടേലും കയറിക്കിടന്നുറങ്ങും ”
അന്നയോട് പറഞ്ഞിട്ട് ജോസഫ് പറമ്പിലേക്ക് നടന്നു.
” മമ്മീ പപ്പയ്ക്കൊരു സൂക്കേടുമില്ലല്ലോ , പിന്നെന്തിനാണെന്നെ നുണ പറഞ്ഞ് വിളിച്ച് വരുത്തിയത് ”
അന്ന ത്രേസ്യയെ സംശയത്തോടെ നോക്കിയിട്ട് സ്വീകരണ മുറിയിലെ സോഫയിലിരുന്നു.
” ചേച്ചിക്ക് മൂക്ക് കയറിടാന്‍ പോവാ , ബാക്കിയൊക്കെ പപ്പ വന്നിട്ട് പറയും ” ആന്‍ ഊറിച്ചിരിച്ചുകൊണ്ട് അന്നയോട് പറഞ്ഞു.
യാത്രാക്ഷീണം കാരണം അന്ന വേഗം തന്നെ കുളിച്ചിട്ട് തനിക്കായൊരുക്കിയ മുറിയില്‍ ചെന്ന് കിടന്നു. ഉച്ച ഭക്ഷണത്തിന് സമയമായപ്പോള്‍ ആന്‍ ചെന്ന് അന്നയെ വിളിച്ചുണര്‍ത്തി.
” പപ്പാ എന്തിനാ എന്നെ വിളിച്ച് വരുത്തിയത് ? എല്ലാവരിലും ആകെപ്പാടെയൊരു കള്ള ലക്ഷണമുണ്ടല്ലോ ”
ചോറ് കഴിക്കുന്നതിനിടയില്‍ അന്ന ജോസഫിനെ നോക്കിക്കൊണ്ട് ചോദിച്ചു.
” നാളെ ഒരു കൂട്ടര് നിന്നെ പെണ്ണ് കാണാന്‍ വരുന്നുണ്ട് , ചെക്കന് കാനഡയില്‍ എഞ്ചിനീയറാ ,
നിന്റത്ര ശമ്പളമില്ലേലും മൂന്ന് ലക്ഷം രൂപായടുപ്പിച്ച് ശമ്പളമുണ്ട് , അങ്കമാലിക്കാരാണ് , കോതമംഗലത്തും മുണ്ടക്കയത്തുമൊക്കെ ഹെക്ടറ് കണക്കിന് ഭൂമിയും കൃഷിയുമൊക്കെയുള്ളവരാ ”
ജോസഫ് ഗൗരവത്തോടെയും ഗര്‍വ്വോടെയും മറുപടി പറഞ്ഞു.
ജോസഫ് പറഞ്ഞത് കേട്ട് അന്നയുടെ വയറില്‍ കൂടി എന്തോ ഉരുണ്ട് കയറി പുറത്തേക്ക് വന്നു. വായും പൊത്തിപ്പിടിച്ചുകൊണ്ട് അവള് ബാത്ത്റൂമിലേക്ക് ഓടി.
ആന്‍ പിന്നാലെ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും അന്ന ബാത്ത്റൂമിന്റെ വാതിലടച്ചിരുന്നു.
ഏതാനും നിമിഷം കഴിഞ്ഞപ്പോള്‍ ഛര്‍ദ്ദിച്ചവശയായി അവള് തീന്മേശയ്ക്കരികില് വീണ്ടുമെത്തി.
“എന്നതാ മോളെ എന്തുപറ്റി ? ആഹാരം പിടിച്ചില്ലേ? അവിടുത്തെ വി ഷമുള്ള തീറ്റയൊക്കെ തിന്ന് വയറൊക്കെ ചീത്തയായിട്ടുണ്ടാകും ” ജോസഫ് അന്നയെ നോക്കി ചോദിച്ചു.
“ആണെന്ന് തോന്നുന്നു പപ്പാ , കഴിക്കാന്‍ തുടങ്ങിയത് മുതല്‍ തലചുറ്റുന്നത് പോലെയും തോന്നി , ഞാനൊന്ന് കിടക്കട്ടെ ”
അന്ന ജോസഫിന് മറുപടി നല്‍കിയിട്ട് അന്ന പതിയെ അവിടെ നിന്നും തന്റെ മുറിയിലേക്ക് വലിഞ്ഞു. പലവിധ ചിന്തകളില്‍ മുഴുകി കിടന്ന അന്ന വീണ്ടും ഉറങ്ങിപ്പോയി.
” മോളെ കല്യാണക്കാര്യത്തെക്കുറിച്ച് നീ മറുപടിയൊന്നും പറഞ്ഞില്ല ”
വൈകുന്നേരം ടിവി കണ്ടുകൊണ്ടിരുന്ന ജോസഫിന്റെയും ത്രേസ്യയുടെയുമടുത്തെത്തിയ അന്നയെ കണ്ടപ്പോള്‍ തന്നെ ജോസഫ് ചോദിച്ചു.
” പപ്പാ എനിക്കിപ്പോള്‍ കല്യാണമൊന്നും വേണ്ട , എന്നോട് ചോദിച്ചിട്ടാണോ നിങ്ങള്‍ ചെക്കന് വീട്ടുകാരോട് വരാന്‍ പറഞ്ഞത് ”
അന്ന ഈര്‍ഷ്യയോടെ ചോദിച്ചുകൊണ്ട് സോഫായിലിരുന്നു.
” അതെന്നാ വര്ത്തമാനമാണെടീ ? നിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിന്റെ തന്തയായ എനിക്കവകാശമില്ലേ ?
പഠിപ്പിച്ച് അഞ്ചാറ് ലക്ഷം രൂപ ശമ്പളക്കാരിയാക്കി മാറ്റിയപ്പോള്‍ അപ്പനോട് തന്നെ തര്‍ക്കുത്തരം പറയാന്‍ നീ വളര്‍ന്നോ ? നാളെ അവര്‍ വരും , അടങ്ങിയൊതുങ്ങി നിന്നാല്‍ നിനക്ക് കൊള്ളാം ”
ജോസഫ് ദേഷ്യത്തില്‍ ഒച്ചയെടുത്തുകൊണ്ട് തീര്‍പ്പ് കല്പിക്കും പോലെ പറഞ്ഞു. അന്ന അവിടെ നിന്നും മറുപടിയൊന്നും പറയാതെ തന്റെ റൂമിലേക്ക് തന്നെ മടങ്ങി.
അന്ന് രാത്രിയും പിറ്റേ ദിവസം രാവിലെയുമെല്ലാം അന്നയ്ക്ക് ഭയങ്കര ഛര്‍ദ്ദിലായിരുന്നു.
“മമ്മി ചേച്ചീടെ വയറ് ശ്രദ്ധിച്ചായിരുന്നോ? വീര്‍ത്തിരിക്കുന്നത് പോലെയുണ്ട് , ഇന്നലെ വന്നത് മുതല്‍ ഛര്ദ്ദിലുമുണ്ട് , എനിക്കെന്തോ സംശയം തോന്നുന്നുണ്ട് ”
പെണ്ണ് കാണാന്‍ ആളെത്തുന്നതിനാല്‍ അടുക്കളയില്‍ തിരക്കിട്ട് ജോലിയിലേര്‍പ്പെട്ടിരുന്ന ത്രേസ്യയോട് ആന്‍ തന്റെ സംശയം പ്രകടിപ്പിച്ചു.
“ദൈവത്തെയോര്‍ത്ത് അരുതാത്തതൊന്നും പറയല്ലേടീ , പപ്പേടെ അനിയനും കുടുംബവും കേള്‍ക്കെ ഇതുപോലൊന്നും വിളിച്ച് കൂവിയേക്കരുത് ”
പെണ്ണുകാണല്‍ ചടങ്ങിനായെത്തിയ ജോസഫിന്റെ അനിയനും ഭാര്യയും താന്‍ പറയുന്നത് കേള്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ട് ത്രേസ്യ ദേഷ്യത്തോടെ ഒച്ച താഴ്ത്തി പറഞ്ഞു.
പെണ്ണുകാണാന്‍ ചെക്കനെത്തിയപ്പോള് ഇരുണ്ട മുഖവുമായി അണിഞ്ഞൊരുങ്ങി ആന്‍ നിന്നുകൊടുത്തു.
ചെക്കനുമായി സംസാരിക്കാന്‍ അവസരം കിട്ടിയപ്പോള്‍ തനിക്ക് ഈ വിവാഹത്തില്‍ താല്പര്യമില്ലെന്ന് അന്ന മുഖത്ത് നോക്കി പറഞ്ഞു.
ചെക്കന് വീട്ടുകാര്‍ കറുത്തിരുണ്ട മുഖത്തോടെ യാത്ര പോലും പറയാതെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്നത് ജോസഫും ത്രേസ്യയും കലിയോടെ നോക്കി നിന്നു.
“എടീ ഒരു മ്പെ ട്ടോളെ നിനക്കെന്നാത്തിന്റെ കേടായിരുന്നെടീ , നല്ലൊരു ബന്ധത്തെ നശിപ്പിച്ചല്ലോടീ മ ഹാപാ പീ ” ജോസഫ് അന്നയുടെ കഴുത്തില്‍ കുത്തിപ്പിടിച്ചുകൊണ്ട് അലറി.
” പപ്പാ പിടിവിട് പിടിവിട് ”
അന്നയുടെ കണ്ണുകള്‍ തുറിച്ചുന്തി പുറത്തേക്ക് വരുന്നത് കണ്ട ആന്‍ ഓടിച്ചെന്ന് ജോസഫിനെ പിടിച്ച് മാറ്റി.
“ഞാന്‍ , ഞാന്‍ ആറുമാസം ഗര്‍ഭിണിയാണ് ” കിതപ്പടങ്ങിയ അന്ന വിക്കലോടെ ആരുടെയും മുഖത്ത് നോക്കാതെ പറഞ്ഞു.
“ഗര്‍ഭിണിയോ? ചതിച്ചല്ലോ ഈശോയെ” ത്രേസ്യ നെഞ്ചില്‍ കൈവെച്ചുകൊണ്ട് നിലത്തേക്കിരുന്ന് പോയി.
ജോസഫ് കലി തീരുന്നത് വരെ അന്നയെ തലങ്ങനെയും വിലങ്ങനെയും തല്ലിയിട്ട് കിതപ്പോടെ കസേരിയില്‍ ചെന്നിരുന്നു.
മുഖം മുഴുവന്‍ അടിയേറ്റതിന്റെ പാടുകളും പാറിപ്പറന്ന മുടിയുമായി യക്ഷിയെപ്പോലെ അന്ന നിലത്തേക്ക് മുഖം കുമ്പിട്ടിരുന്നു.
” ആരാടീ ആരാ ആ കൊച്ചിന്റെ ത ന്ത ? നമ്മുടെ ജാ തിയാണോ ? നല്ല കുടുംബത്തിലേതാണോ , ജോലിയും സമ്പാദ്യവും വല്ലതുമുണ്ടോ ”
ആദ്യത്തെ പകപ്പ് മാറിയ ത്ര്യേസ്യ അന്നയുടെ അടുത്തെത്തിയിട്ട് ജോസഫിനെ നോക്കി കണ്ണുകാണിച്ചുകൊണ്ട് അന്നയോട് ചോദിച്ചു.
” വേറെ മ തവും ജാ തിയുമാണ് , വാടവീട്ടിലാണ് താമസിക്കുന്നത് , ദു ബായില് ഡ്രൈവറാണ് ”
മുഖമുയര്‍ത്തി ത്ര്യേസ്യയെ നോക്കിയിട്ട് അന്ന പറഞ്ഞു.
” മഹാപാപീ ”
അന്ന പറഞ്ഞത് കേട്ട് ദേഷ്യം ഇരച്ച് കയറിയ ത്രേസ്യ അന്നയുടെ മുഖമടച്ചഃ വീണ്ടും തല്ലി.
” നിനക്ക് താഴെ ഒരു പെണ്ണും കൂടിയുണ്ടെന്ന കാര്യമാണെടീ ഒരുമ്പെട്ടോളെ നീ മറന്നത് , മൂന്ന് ദിവസം സമയം തരും , എവിടേക്കാണെന്ന് വെച്ചാല്‍ ഇറങ്ങി പൊക്കോളണം , എനിക്കിനി ഇങ്ങനൊരു മോളില്ല ”
ജോസഫ് ദേഷ്യത്തില്‍ ഉറച്ച ശബ്ദത്തോടെ പറഞ്ഞിട്ട് തന്റെ മുറിയിലേക്ക് കയറിപ്പോയി.
രണ്ട് ദിവസം മുഴുപ്പട്ടിണിയിലായിരുന്ന അന്ന വീട്ടില്‍ വന്നതിന്റെ നാലാം നാള് തിരിച്ചുള്ള ടിക്കറ്റ് അധിവേഗം കൂടുതല്‍ കാശ് കൊടുത്ത് ശരിയാക്കിയിട്ട്
തന്റെ പണത്താല്‍ കെട്ടിപ്പൊക്കിയ ആ വലിയ വീടിനെ അവസാനമായി ഒന്നുകൂടി നോക്കിയിട്ട് അവിടെ നിന്നും ദുബായിലേക്ക് തിരിച്ച് വിമാനം കയറി.
അന്ന പറഞ്ഞ് നിറുത്തിയത് കേട്ട് ലിനിയുടെ കണ്ണുകളും നിറഞ്ഞൊഴുകി.
” എന്തിനാടീ കൊച്ചെ നീയങ്ങനൊരു കള്ളം പറയാന്‍ പോയത് ”
കണ്ണുനീര് തുടച്ചിട്ട് ലിനി അന്നയെ ചേര്‍ത്ത് പിടിച്ചുകൊണ്ട് ചോദിച്ചു.
” ഞാന്‍ വേറെന്ത് പറയണമായിരുന്നു ചേച്ചീ ? പപ്പയുടെയും മമ്മിയുടെയും മോള് ഗര്‍ഭപാത്രം വാടകയ്ക്ക് വില്കുന്നവളെന്നോ ?
മാസം തോറും നാലും അഞ്ചും ലക്ഷം വീതം പണമയക്കുന്നത് എന്റെ ഗര്‍ഭപാത്രത്തിന്റെ വാടകയെന്നോ ?
ചേച്ചിക്കറിയാലോ മുക്കിനും മൂലയിലും എഞ്ചിനീയറുമാരെക്കൊണ്ട് നിറഞ്ഞിരിക്കുവാണ് ,
ആകെ കിട്ടുന്ന ശമ്പളം നാല്പതിനായിരം രൂപ , അതില്‍ എജ്യൂക്കേഷണ് ലോണും വീട്ടുചിലവും മാത്രം എങ്ങനെയെങ്കിലും പോകുമെന്ന് വിചാരിക്കാം ,
പക്ഷേ ജപ്തി ചെയ്യാന്‍ പോകുന്ന വീട് , അനിയത്തീടെ പഠിപ്പ് , ഇതിനൊക്കെ ഞാനെവിടുന്നാണ് പണം കണ്ടെത്തേണ്ടിയിരുന്നത് ? അവര്‍ക്ക് വേണ്ടി ഞാനെന്നെ ഇല്ലാതാക്കി അത്രയേ ഉള്ളൂ , എനിക്കതില്‍ വിഷമവും ഇല്ല ”
ആന്‍ കണ്ണുനീര് തുടച്ചുകൊണ്ട് ചിരിച്ചു.
ആന്‍ പറഞ്ഞിതിലും ഒരുപാട് വസ്തുതകളുണ്ടായിരുന്നു.
അതിസമ്പന്നരായ ചില ഇന്ത്യന്‍ ദമ്പതികളില്‍ സ്ത്രീകള്‍ക്ക് പ്രസവിക്കാനുള്ള മടി കാരണം ഭര്‍ത്താവിന്റെ ബീ ജം മറ്റൊരു യുവതിയില്‍ ചികിത്സയിലൂടെ നിക്ഷേപിച്ച് കോടികള്‍ മുടക്കി കു ഞ്ഞിനെ പ്ര സവിപ്പിച്ച് സ്വന്തമാക്കുന്നൊരു രീതിയുണ്ട് ,
യാദൃശ്ചികമായാണ് അത്തരം കാര്യങ്ങളില്‍ ശ്രദ്ധകൊടുക്കുന്ന ഒരു ഏ ജ ന്റിനെ അന്ന പരിചയപ്പെടുന്നത്.
തന്റെ ബാധ്യതകള്‍ തീര്‍ക്കാന്‍ അന്ന ആ വഴി തന്നെ തിരഞ്ഞെടുത്തു , അതിനവള്‍ക്ക് കിട്ടിയ കൂലിയായിരുന്നു മാസം തോറും ലക്ഷങ്ങളായി ജോസഫിന്റെ കൈയ്യിലെത്തിയിരുന്നത്.
“അതെ , നിനക്ക് യഥാര്‍ത്ഥ കാര്യം തുറന്ന് പറഞ്ഞാല്‍ പോരായിരുന്നോ ”
സഹതാപത്തോടെ അന്നയെ നോക്കിക്കൊണ്ട് ലിനി ചോദിച്ചു.
“കൊള്ളാം ചേച്ചീ , കഴിഞ്ഞ ആറ് വര്‍ഷക്കാലമായി അവര്‍ തിന്നതും ചിലവാക്കിയതും എന്റെ ഗര്‍ഭപാത്രത്തിന്റെ കൂലിയാണെന്നറിഞ്ഞാല് അവര്‍ ജീവ നോ ടെ ഇരിക്കുമോ ”
അന്നയുടെ മുഖത്ത് പുച്ഛം നിറഞ്ഞു.
“ഞാനിനിയൊന്നും പറയുന്നില്ല , അതേ പിന്നൊരു കാര്യമുണ്ട് , മൂന്നാമത്തെ പ്രസവമാണ് , വലിയ ഗാപ്പില്ലാതെയായതുകൊണ്ട് ആരോഗ്യമൊക്കെ നല്ലവണ്ണം ശ്രദ്ധിക്കണം ”
ലിനി ഉപദേശമെന്നോണം അന്നയോട് പറഞ്ഞു. അന്ന മറുപടി പറയാതെ തലയാട്ടി മാത്രം കാണിച്ചു.
” ഇനി നീ ഇതുപോലെയുള്ള കാര്യങ്ങള്‍ക്ക് പോകരുത് , മാത്രമല്ല എന്താണ് ശേഷമുള്ള നിന്റെ പദ്ധതിയെന്നും കൂടി പറയ് ” അന്നയുടെ മുന്നിലേക്ക് എഴുന്നേറ്റ് നിന്നുകൊണ്ട് ലിനി തിരക്കി .
” ഇനിയില്ല ചേച്ചീ , എനിക്ക് ജീവിക്കാനുള്ള ഒരു തൊഴിലുണ്ടല്ലോ , ഇനിയെനിക്ക് ജീവിക്കണം , എന്റെ കുടുംബത്തെ ഞാന്‍ കരകയറ്റി , അവര്‍ക്കിനി ആരുടെ മുന്നിലും കൈനീട്ടേണ്ട അവസ്ഥയുമില്ല , അതുകൊണ്ട് തന്നെ ഇനിയെനിക്ക് വേണ്ടി മാത്രമായി ജീവിക്കണം ”
ഉറച്ച ശബ്ദത്തില്‍ പറഞ്ഞുകൊണ്ട് മുടിയും വാരി ചുറ്റിക്കൊണ്ട് അന്ന എഴുന്നേറ്റു .
ആ സമയം അവളുടെ വയറ്റില്‍ വളരുന്ന കുരുന്ന് മൃദുവായി അവളുടെ വയറില്‍ ഇടിച്ചുകൊണ്ട് അവളുടെ തീരുമാനത്തോട് ഐക്യപ്പെടുകയായിരുന്നു..
(വെറും ഭാവന മാത്രമാണ് , ആര്‍ക്കെങ്കിലും അ രോ ചകമായി തോന്നുകയാണെങ്കില്‍ ക്ഷമിക്കുക)