നമ്മൾ തമ്മിൽ നടക്കാൻ ഉള്ളതല്ലേ പിന്നെന്തിനാ നിനക്ക് ഇത്ര മടി. പ്ലീസ് ടീ ഒന്ന് വാ നീ.. “

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

 

” എടോ.. ആരും ഒന്നും അറിയില്ല.. എന്റെ ഫ്രണ്ടിന്റെ വീട് ആണ് അവിടെ സേഫ് ആണ്.. നമുക്ക് രാവിലെ പോകാം ഉച്ചക്ക് മുന്നേ തിരികെ വരാം.. ”

അരുൺ ഫോണിലൂടെ പറയുന്നത് കേട്ട് ആകെ അസ്വസ്ഥയായി അർച്ചന.

” അരുൺ ഇതൊന്നും വേണ്ട.. കല്യാണം കഴിഞ്ഞു മതി എല്ലാം എനിക്ക് പേടിയാ ഞാൻ വരില്ല.. ”

ആ മറുപടി തെല്ലൊന്ന് നിരാശപ്പെടുത്തിയെങ്കിലും പ്രതീക്ഷ കൈവിടാതെ ശ്രമം തുടർന്നു അരുൺ.

” എന്താ അർച്ചന ഇത്… എന്തായാലും… എന്നായാലും നീ എന്റെ പെണ്ണ് തന്നല്ലേ.. ഇതിപ്പോ എത്ര നാളായി ഞാൻ പറയുന്ന ആഗ്രഹം ആണ്.. നാളെ സാഹചര്യങ്ങളും ഒന്നിച്ചു വന്നു. എടോ പേടിക്കാൻ ഒന്നും ഇല്ല ഞാൻ അല്ലെ നിന്റെ കൂടെ ഉള്ളത്.. ”

അവൻ വീണ്ടും നിർബന്ധിക്കുമ്പോൾ എന്ത് മറുപടി പറയുമെന്നറിയാതെ കുഴഞ്ഞു അർച്ചന.

” അരുൺ.. നിനക്ക് എന്നോട് ഈ ഒരു വികാരം മാത്രമേ ഉള്ളോ.. നമ്മൾ ഇഷ്ടത്തിലായിട്ട് ഇപ്പോൾ ആറു മാസത്തോളം ആകുന്നു. ആദ്യത്തെ കുറച്ചു നാളൊക്കെ നീ എന്നോട് നല്ലോണം മിണ്ടി.

എന്നാൽ അതിനു ശേഷം നീ വിളിക്കുമ്പോഴും കാണുമ്പോഴുമൊക്കെ എന്ത് പറഞ്ഞു തുടങ്ങിയാലും അത് ചെന്നവസാനിക്കുന്നത് സെ ക്സിൽ ആണ്… അതെന്താ അങ്ങിനെ.. നിനക്ക് എന്നോടുള്ള അടുപ്പം അതിനു വേണ്ടി മാത്രം ആണോ ”

ആ ചോദ്യത്തിന് മുന്നിൽ. അവനൊന്നു പരുങ്ങി.“എന്താ അർച്ചന.. എന്താ നീ ഇങ്ങനൊക്കെ പറയുന്നേ.. എനിക്ക് ജീവനല്ലേ നിന്നെ.. പിന്നെ ഈ ഒരു കാര്യം.. അത് നീ എന്റെ പെണ്ണല്ലേ.. എന്നായാലും നമ്മൾ തമ്മിൽ നടക്കാൻ ഉള്ളതല്ലേ പിന്നെന്തിനാ നിനക്ക് ഇത്ര മടി. പ്ലീസ് ടീ ഒന്ന് വാ നീ.. “

ന്യായീകരണം അവസാനം വീണ്ടും അപേക്ഷയിൽ തന്നെ ചെന്നവസാനിച്ചപ്പോൾ വല്ലാത്ത ദേഷ്യം തോന്നി അർച്ചനയ്ക്ക്..

” ദേ അരുണേ.. എന്തായാലും എന്നോട് ഇനി ഈ കാര്യം പറയണ്ട നീ.. ഞാൻ വരില്ല. ഇങ്ങനുള്ള കാര്യം ഒക്കെ നമ്മുടെ കല്യാണശേഷം മാത്രം മതി.. അല്ലാതെ വേണ്ട. ”

പ്രതീക്ഷ പൂർണ്ണമായും നശിച്ച അവസ്ഥയിൽ ആയി അരുൺ.

” പ്ലീസ് അർച്ചന… വല്ലാണ്ട് കൊതിച്ചു പോയി ഞാൻ.. എന്നോട് ഇച്ചിരിയേലും ഇഷ്ടം ഉണ്ടേൽ വരണം നീ.. നമ്മൾ മാത്രേ അറിയൂ.. ഉച്ചക്ക് മുന്നേ തിരിച്ചു വരാം പ്ലീസ് ”

ഇത്തവണ ദയനീയമായി അവൻ കെഞ്ചിയപ്പോൾ അർച്ചനയുടെ മനസിലും ഒരലിവ് തോന്നി.പക്ഷെ അവൻ പറയുന്നത് അംഗീകരിക്കാൻ അപ്പോഴും അവൾക്ക് കഴിയുമായിരുന്നില്ല.

” എടാ.. എന്തിനാ നീ ഇങ്ങനൊക്കെ എന്റെ മുന്നിൽ കെഞ്ചുന്നെ.. ഇതിപ്പോ ആദ്യത്തെ വട്ടം അല്ല.. എത്രയോ വട്ടം ഞാൻ നോ പറഞ്ഞു. വിവാഹം കഴിഞ്ഞാൽ പിന്നെ നമ്മൾ ഒന്നല്ലേ അതുവരെ ഒന്ന് കാത്തിരിക്ക് നീ.. ഇനി എന്നെ നിർബന്ധിക്കല്ലേ.. നിർബന്ധിച്ചാൽ ഞാൻ കോൾ കട്ട്‌ ചെയ്യും ”

ആ പറഞ്ഞത് അവസാന വാക്കാണെന്ന് മനസിലായതോടെ നിരാശയിൽ തത്കാലം മനസിനെ പറഞ്ഞു ശാന്തമാക്കി അരുൺ. പക്ഷെ അപ്പോഴേക്കും അടുത്ത ആവശ്യം അവനിൽ ജനിച്ചിരുന്നു .

” ഓക്കേ.. വരാൻ വയ്യേൽ നിർബന്ധിക്കുന്നില്ല.. പക്ഷെ വേറൊരു കാര്യം പറയ്.. താൻ ഇപ്പോ എന്ത് ഡ്രസ്സാ ഇട്ടേക്കുന്നെ.. ”

” അറിഞ്ഞിട്ടിപ്പോ എന്തിനാ “ഇച്ചിരി നീരസത്തോടെയാണ് അർച്ചന മറുപടി പറഞ്ഞത്.

” ഹാ.. ഇതേലും ഒന്ന് പറയ് അർച്ചനേ.. “ഇത്തവണ തോറ്റു പിന്മാറാൻ തയ്യാറല്ലായിരുന്നു അരുൺ.

” ഡ്രസ്സ്‌ എന്നത്തേയും പോലെ തന്നാ.. നൈറ്റ് ഡ്രസ്സ്‌..”അനിഷ്ടത്തോടെതന്നെയാണ് അർച്ചന മറുപടി പറഞ്ഞത് കാരണം അവന്റെ ഇനിയുള്ള ചോദ്യങ്ങൾ എന്താകും എന്ന് അവൾക്ക് വ്യക്തമായി അറിയാമായിരുന്നു. ഏകദേശം കുറേയേറെ നാളുകളായി രാത്രി സമയങ്ങളിൽ ഫോൺ ചെയ്താൽ ഇത്തരം ചോദ്യങ്ങൾ പതിവാണ്.

അന്നും ആ പതിവ് തെറ്റിയില്ല..” എടീ.. പിന്നെ.. നൈറ്റ് ഡ്രസ്സ്‌ നല്ല ടൈറ്റ് ആണോ.. ഞാൻ വീഡിയോ കാൾ ചെയ്യാം താൻ എന്നെ എല്ലാം നല്ലോണം ഒന്ന് കാണിക്ക്.. എന്തായാലും വരുന്നില്ല നീ… എന്നാ പിന്നെ ഫോണിലൂടെ എങ്കിലും ഒന്ന് കാണിക്കാവോ “

പ്രതീക്ഷിച്ച ചോദ്യം തന്നെ എത്തിയപ്പോൾ വല്ലാത്ത അസ്വസ്ഥതത തോന്നി അർച്ചനയ്ക്ക്. തന്റെ ശരീരത്തെയാണോ അവൻ സ്നേഹിക്കുന്നത് എന്ന് പോലും തോന്നി പോയി അവൾക്ക്.

” അരുൺ ഇത്തരം ചോദ്യങ്ങൾ ഒന്നും എന്നോട് ചോദിക്കരുത്.. പ്ലീസ്.. ഞാൻ മുന്നേ പറഞ്ഞിട്ടുണ്ട്.. ”

ഏറെ നിരാശയിൽ ആയ അരുണിനെ ആ മറുപടി വല്ലാതെ ചൊടിപ്പിച്ചു.

” ഇതെന്താണ് അർച്ചന.. നമ്മൾ തമ്മിൽ ഇഷ്ടത്തിലാണ് പക്ഷെ ആ ഇഷ്ടം വച്ച് പെരുമാറാൻ നീ തയ്യാറല്ല.. ഒരു കിസ്സ് ചോദിച്ചാൽ തരില്ല.. കാൾ ചെയ്യാം ന്ന് പറഞ്ഞാൽ പറ്റില്ല.. പറ്റിയ സാഹചര്യം ഒത്തു വന്നാൽ പോലും നമ്മുടേതായ കുറച്ചു സമയം കണ്ടെത്താൻ നിനക്ക് താത്പര്യം ഇല്ല… പിന്നെ എന്ത് പ്രണയമാണ് നിനക്ക് എന്നോട്.. ഇങ്ങനാണേൽ നമുക്ക് ബ്രേക്കപ്പ് ആകാം. അതാണ് നല്ലത്… ”

അതൊരു അടവായിരുന്നു. അർച്ചനയുടെ പ്രണയം ആത്മാർത്ഥമായതിനാൽ തന്നെ ഇങ്ങനെ പറയുമ്പോൾ അവൾ ഉറപ്പായും തന്റെ വരുതിക്ക് വന്നേക്കും എന്ന് അരുണിന് നല്ലപോലെ അറിയാമായിരുന്നു. ആ തോന്നൽ തെറ്റിയില്ല. അരുണിന്റെ വാക്കുകൾ അർച്ചനയുടെ ഉള്ളിൽ വേദനയുണ്ടാക്കി.

” എന്താ അരുൺ നീ ഇങ്ങനൊക്കെ പറയുന്നേ.. ഈ സെ ക്സ് മാത്രം ആണോ പ്രണയം. അത് കിട്ടിയില്ലേൽ നീ എന്റെ പ്രണയം ഒഴിവാക്കും എന്നാണോ.. ”

അത് ചോദിക്കുമ്പോൾ അവളുടെ ശബ്ദമിടറി. എന്നാൽ അവസരം മുതലാക്കാൻ മിടുക്കനായ അരുൺ കൃത്യമായി പ്രതികരിച്ചു.

“നോക്ക് അർച്ചന.. നീ ഈ നോ പറയുന്നതിന്റെ അർത്ഥം എന്നെ നിനക്ക് വിശ്വാസം ഇല്ല എന്നാണ്. എന്റെ പെണ്ണ് എന്നോട് വിശ്വാസക്കുറവ് കാട്ടുന്നു എന്നത് എനിക്ക് അംഗീകരിക്കാൻ പറ്റില്ല…

അത് മരണത്തിനു തുല്യമാണ്. നാളെ എന്തായാലും നീ വരണം എനിക്കൊപ്പം. വന്നില്ലേൽ പിന്നെ ഒരിക്കലും നീ എന്നെ കാണില്ല.. നമ്മുടെ ബന്ധം അവിടെ തീരും.. ഇത് ഉറപ്പ്.ഞാൻ ക്യാന്റീനിന് മുന്നിൽ കാത്ത് നിൽക്കും ”

അത്രയും പറഞ്ഞു മറുപടി കേൾക്കാൻ നിൽക്കാതെ കോൾ കട്ട്‌ ചെയ്തു അരുൺ. ആ വാക്കുകൾ അർച്ചനയുടെ ഉള്ളിൽ തട്ടിയിട്ടുണ്ടാകും എന്ന് അവനു വ്യക്തമായി അറിയാമായിരുന്നു.

കോൾ കട്ട്‌ ആയതോടെ ആകെ വിഷമത്തിലായി അർച്ചന. അവൾ തുടരെ തുടരെ തിരികെ വിളിച്ചെങ്കിലും അരുൺ കോൾ അറ്റന്റ് ചെയ്യാൻ തയ്യാറായില്ല.

‘എടാ.. പിണങ്ങല്ലേ പ്ലീസ്.. നീ പിണങ്ങിയാൽ പിന്നെ എനിക്ക് സ്വസ്ഥത കിട്ടില്ല’

വാട്ട്സാപ്പിൽ അരുണിന് വോയിസ്‌ മെസേജ് അയച്ചു മറുപടിക്കായി കാത്തു നിന്നു അവൾ.

‘ എന്നാൽ പറയ് വീഡിയോ കാൾ ചെയ്യട്ടെ ഞാൻ.. ‘അരുണിന്റെ മറുപടി. അതായിരുന്നു. ഒരു നിമിഷം മൗനമായി ഇരിക്കവേ ആകെ തകർന്നു പോയി അർച്ചന.

പതിയെ ഫോൺ ബെഡിലേക്കിട്ട് കുറെ നേരം അങ്ങിനെ ഇരുന്നു അവൾ. ഇതിപ്പോൾ ആദ്യത്തെ തവണയല്ല ഇങ്ങനെ.. കൂടുതൽ സംസാരിക്കാനോ പ്രണയം പങ്ക് വയ്ക്കാനോ ഒന്നും അരുൺ തയ്യാറല്ല.. അവനു എപ്പോഴും വേണ്ടത് സെ ക്സ് ആണ്. പരമാവധി ഒഴിഞ്ഞു മാറുമ്പോൾ അവൻ നിർബന്ധിക്കും. വാട്ട്സാപ്പിൽ മെസേജ് നോട്ടിഫിക്കേഷൻ വന്നപ്പോഴാണ് അവൾ വീണ്ടും ഫോൺ കയ്യിലെക്കെടുത്തത്.

‘നാളെ മോർണിങ് പത്ത് മണിക്ക് കാന്റീനു മുന്നിൽ… നീ വന്നില്ലേൽ നമ്മുടെ ബന്ധം അവിടെ തീരും ഉറപ്പ്’

അരുണിന്റെ മെസേജ് ആയിരുന്നു. ആ വാക്കുകളിൽ ഒരു ഭീക്ഷണി ഒളിഞ്ഞിരുന്നു. അർച്ചന തീർത്തും ആത്മാർത്ഥമായി തന്നെയാണ് തന്നെ പ്രണയിക്കുന്നതെന്നും പെട്ടെന്നൊന്നും തന്നെ വിട്ടവൾ പോകില്ലെന്നുമുള്ള ഉറപ്പിൽ തന്റെ ആഗ്രഹങ്ങൾ എല്ലാം നേടിയെടുക്കുവാനുള്ള ഒരു ശ്രമം.

ആ മെസേജ് കണ്ടത് മുതൽ അർച്ചന കൂടുതൽ അസ്വസ്ഥയായി. അരുണിനെ പിരിയുക എന്നത് അവൾക്ക് ഏറെ വിഷമമുള്ള കാര്യമായിരുന്നു. എന്നാൽ അതിനേക്കാൾ വിഷമകരമായിരുന്നു വിവാഹത്തിന് മുൻപ് തന്റെ മനസിനൊപ്പം ശരീരവും അവനു നൽകുക എന്നത്. ഒരു തീരുമാനം എടുക്കുവാൻ കഴിയാതെ അവൾ ബെഡിലേക്ക് ചാഞ്ഞു.

‘നീ വന്നില്ലേൽ നമ്മുടെ ബന്ധം അവിടെ തീരും ഉറപ്പ്’

അരുണിന്റെ ആ അവസാന മെസേജ് പലവട്ടം മാറി മാറി വായിച്ചു അവൾ. മനസ്സ് കൂടുതൽ അസ്വസ്ഥമാകവേ മിഴികൾ പൂട്ടിയങ്ങിനെ കിടന്നു . പതിയെ പതിയെ എപ്പോഴോ ഉറക്കത്തിലേക്കും വഴുതി.

പിറ്റേന്ന് രാവിലെ തന്നെ അരുൺ കാന്റീനിനു മുന്നിൽ എത്തിയിരുന്നു.

“അളിയാ അവള് വരോ.. “കൂട്ടുകാരന്റെ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു അവൻ.

“വരാണ്ട് പിന്നെ എവിടേ പോകാൻ.. അവൾക്ക് ഇഷ്ടം അല്ലെങ്കിൽ കൂടി എന്നെ വിഷമിപ്പിക്കാതിരിക്കാൻ വേണ്ടി അവൾ വരും …നീ നോക്കിക്കോ..”

പറഞ്ഞു തീരുന്നെന്നു മുന്നേ തന്നെ അകലെ അരുൺ അർച്ചനയെ കണ്ടു.

” ദേ വരുന്നു… ഞാൻ പറഞ്ഞില്ലെ അളിയാ അവള് വരും എന്ന്…. ഇന്ന് പൊളിക്കും ഞങ്ങൾ. നേരെ വിടുവാ.. ”

ഏറെ ആവേശത്തിൽ ആയി അരുൺ.” അളിയാ.. ഒന്ന് രണ്ട് ഫോട്ടോസ് എടുത്ത് വച്ചോ.. ഇടക്കൊക്കെ നോക്കി കുളിരു കോരാം.. നിന്റെയൊക്കെ ഒരു..ഭാഗ്യം.. “

അല്പം അസൂയയിൽ സുഹൃത്ത്‌ നടന്നകലുമ്പോൾ അറിയാതെ ചിരിച്ചു പോയി അരുൺ.

‘ശെരിയാണ് അവൻ പറഞ്ഞത്. തന്റെ ഭാഗ്യം തന്നെയാണ് അർച്ചനയെ പോലൊരു സുന്ദരി കുട്ടിയെ കാമുകിയായി കിട്ടിയത്’

മാസിലോർത്തു കൊണ്ടവൻ അങ്ങിനെ നിൽക്കുമ്പോൾ അർച്ചന അടുത്തെത്തിയിരുന്നു.

” താൻ വരില്ലേ ന്ന് ഒന്ന് ഭയന്ന് ഞാൻ.. എന്നാലും വിശ്വാസയുണ്ടായിരുന്നു എന്നെ വിഷമിപ്പിക്കില്ലെന്ന്.. ”

അരുണിന്റെ വാക്കുകൾക്ക് മുന്നിൽ ഒന്ന് പുഞ്ചിരിച്ചു അർച്ചന.

” എന്നാൽ പിന്നെ വേഗം പോയേക്കാം നിന്ന് സമയം കളയേണ്ട.. വാ.. ദേ ഈ ഹെൽമെറ്റ്‌ വച്ചോ.. ”

വെപ്രാളത്തിൽ തിരിഞ്ഞു തന്റെ ബൈക്കിലേക്ക് കയറി ഒരു ഹെൽമറ്റ് അർച്ചനയ്ക്ക് നേരെ നീട്ടി അരുൺ. എന്നാൽ അവൾ അത് വാങ്ങിയില്ല. അല്പസമയം അവന്റെ മുഖത്തേക്ക് തന്നെ നോക്കി അങ്ങിനെ നിന്നു..

” എന്താടോ ഇങ്ങനെ നോക്കുന്നെ.. താൻ കേറ് ബാക്കി സൗന്ദര്യം ഒക്കെ അങ്ങ് ചെന്നിട്ട് നല്ലോണം നോക്കാം.. ”

അത് പറയുമ്പോൾ അരുണിന്റെ മുഖത്ത് ഒരു വഷളൻ ചിരി വിരിഞ്ഞിരുന്നു.

” ഞാൻ വരുന്നില്ല അരുൺ.. അങ്ങിനെ അതിരു വിട്ട ഒരു പരിപാടിക്കും തത്കാലം ഞാൻ ഇല്ല.. ”

പെട്ടെന്നുള്ള അർച്ചനയുടെ മറുപടി അരുണിനെ ഒന്ന് നടുക്കി.

” ങേ.. വരുന്നില്ലെന്നോ.. നീ.. നീ ചുമ്മാ ഓരോന്ന് പറയല്ലേ.. വേഗം വണ്ടേൽ കേറ് പോകാം നമുക്ക് ”

” ഇല്ലടാ.. ഞാൻ സീരിയസ് ആയി തന്നെ പറഞ്ഞതാണ്. ഞാൻ വരുന്നില്ല. അങ്ങനുള്ള ഒരു ബന്ധത്തിനും നീ എന്നെ പ്രതീക്ഷിക്കേണ്ട.. ”

ആ വാക്കുകൾ ഉറച്ചതായിരുന്നു. മുഖത്തെ നടുക്കം മറച്ചു അരുൺ പതിയെ അവൾക്ക് മുഖാമുഖം നിന്നു.

” ഞാൻ ഇന്നലെ നിന്നോട് പറഞ്ഞത് ഓർമ ഇല്ലേ.. ഇന്ന് എനിക്കൊപ്പം വന്നില്ലേൽ പിന്നേ നമ്മൾ തമ്മിൽ ഒരു ബന്ധം ഉണ്ടാകില്ല.. എന്നെ മറന്നേക്കണം നീ.. അതിനു പറ്റും ന്ന് തോന്നുന്നുണ്ടോ നിനക്ക് ”

ആ ചോദ്യം കേട്ട് ഇത്തവണ ഒന്ന് പുഞ്ചിരിച്ചു അർച്ചന.

” വന്നാലും ഇല്ലേലും.. ഇന്നത്തോടെ എല്ലാം കഴിഞ്ഞു അരുൺ.. ഞാൻ നല്ലപോലെ ആലോചിച്ചു. ആറു മാസമായി നമ്മൾ സംസാച്ചിട്ടുള്ളതിൽ കൂടുതലും നീ വഷളത്തരം ആണ് പറഞ്ഞിട്ടുള്ളത്. നിനക്ക് എന്നോട് ആത്മാർത്ഥമായ ഒരു ഇഷ്ടം ഒന്നും ഇല്ല എന്ന് ഞാൻ മനസിലാക്കുന്നു. നീ സ്നേഹിച്ചത് എന്റെ ശരീരത്തെയാണ്. അത്തരമൊരു സ്നേഹം ഇനിയെനിക്ക് വേണ്ട.. ”

അർച്ചന പറഞ്ഞത് കേട്ട് വിളറി വെളുത്ത് നിന്നുപോയി അരുൺ.

“അർച്ചന.. എന്താ നീ ഈ പറയുന്നേ…. ഞാൻ ആത്മാർത്ഥമായി തന്നാ.. നിനക്ക് ചുമ്മാ ഓരോന്ന് തോന്നുന്നതാണ് ”

പരമാവധി അവൻ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചു.

എന്നാൽ അർച്ചനയുടെ തീരുമാനം ഉറച്ചതായിരുന്നു.

” വേണ്ട അരുൺ നീ സ്വയം ന്യായീകരിച്ചു കഷ്ടപ്പെടേണ്ട.. നിനക്ക് ഓർമ്മയുണ്ടോ എന്ന് എനിക്ക് അറില്ല.. നമ്മൾ തമ്മിൽ ഇഷ്ടത്തിലായി ആദ്യ ആഴ്ചയിൽ നീ എന്നോട് ചോദിച്ചത് എന്റെ ന്യൂഡ് ഫോട്ടോയാണ്.. അന്ന് ഞാൻ ഒന്ന് ഞെട്ടി.. അത് തരാത്തത് കൊണ്ട് രണ്ട് ദിവസം നീ എന്നോട് പിണങ്ങി നടന്നു. പിന്നീട് കിസ്സ് തരാത്തിനു നൈറ്റ് സെക്സ് ചാറ്റ് ചെയ്യാത്തതിന്..

നീ ആഗ്രഹിക്കുന്ന പോലെ നിന്ന് ഫോട്ടോസ് എടുത്ത് തരാത്തതിനു വീഡിയോ കോളിൽ നീ പറയുന്നത് പോലെ ചെയ്യാത്തതിന് അങ്ങിനെ പിണക്കങ്ങൾ അനേകം.. ഇപ്പോ ദേ നിന്റെ കൂടെ വരാത്തതിനും.. ഞാൻ ഇന്നലെ നല്ലത് പോലെ ചിന്തിച്ചു. നിന്റെ ആവശ്യവും ആഗ്രഹങ്ങളും വേറെയാണ്..

അതിനു എന്നെ കിട്ടില്ല.. പറ്റിയ ആളെ നീ തന്നെ സെലക്ട്‌ ചെയ്തേക്ക്.. നമ്മുടെ റിലേഷൻ ഇന്നത്തോടെ ഇവിടെ വച്ച് അവസാനിക്കുവാ.. ഇനി ഇതും പറഞ്ഞു എന്റെ പിന്നാലെ വരരുത് പ്ലീസ്.. ”

അത്രയും പറഞ്ഞു മറുപടിക്ക് കാക്കാതെ അർച്ചന തിരിഞ്ഞു നടക്കുമ്പോൾ നടുക്കത്തോടെ പിന്നാലെ ചെന്ന് അരുൺ.

” അർച്ചന.. സോറി സോറി. എന്റെ തെറ്റ് ആണ്.ഇനി ഞാൻ ആവർത്തിക്കില്ല.. പ്ലീസ് ഒരു ചാൻസൂടെ താ.. എന്നെ ഒഴിവാക്കല്ലേ.. ”

ഇത്തവണ അവന്റെ സ്വരത്തിൽ ഭീക്ഷണിയില്ലായിരുന്നു. മറിച്ച് അപേക്ഷയായിരുന്നു പക്ഷെ അത് ചെവിക്കൊള്ളാൻ അർച്ചന തയ്യാറല്ലായിരുന്നു.

” അരുൺ പ്ലീസ്.. ലീവ് മീ… പുറത്ത് കാറിൽ. അച്ഛൻ ഉണ്ട്. ഇതുവരെ അച്ഛന് ഒന്നും അറീല.. നീ ആയി അറിയിക്കരുത്.. ചിലപ്പോൾ പ്രതികരണം മാറിയേക്കും.. താത്പര്യം ഇല്ല… എന്നെ വിട്ടേക്ക് നീ ”

അത് അവസാന വാക്കുകൾ ആണെന്ന് അരുൺ മനസിലാക്കി അതോടെ അവൻ നിന്നു. തിരിഞ്ഞു നോക്കാതെ നടന്നകലുമ്പോൾ വല്ലാത്ത സംതൃപ്തി തോന്നി അർച്ചനയ്ക്ക്. വലിയൊരു ടെൻഷൻ മാറിക്കിട്ടിയ സംതൃപ്തി.

‘ പുല്ല്.. എന്റെ ആക്രാന്തം.. പതിയെ മതിയാരുന്നു എല്ലാം..’നിരാശയിൽ പിറുപിറുത്തു കൊണ്ട് തിരികെ നടന്നു അരുണും..

ഒരാളുടെ മുഖത്ത് മാത്രം അപ്പോൾ സന്തോഷം തെളിഞ്ഞു.. മുന്നേ അസൂയപ്പെട്ടു പോയ അരുണിന്റെ ആ ഫ്രണ്ടിന്റെ മുഖത്ത്.” അത് കലക്കി. അവൻ തേഞ്ഞു.. “ആഹ്ലാദത്തോടെ പതിയെ അവനും നടന്നകന്നു.

Leave a Reply

Your email address will not be published. Required fields are marked *