(രചന: ഹേര)
ആദ്യരാതി അമ്മായി അമ്മ ചൂണ്ടികാണിച്ച മുറിയിലേക്ക് പോകുമ്പോൾ ദിവ്യയുടെ ഹൃദയം അതിദ്രുതം മിടിച്ചു കൊണ്ടിരുന്നു.
ഭർത്താവിന്റെ അനിയത്തിയും അമ്മയും ചേർന്ന് സെറ്റ് സാരിയൊക്കെ ഉടുപ്പിച്ച് മുല്ലപ്പൂ ചൂടി ആഭരണങ്ങളൊക്കെ ധരിപ്പിച്ച് സുന്ദരിയായി ഒരുക്കിയാണ് അവളെ മണിയറയിലേക്ക് കയറ്റി വിട്ടത്.
കഷ്ടിച്ച് പതിനെട്ട് വയസ്സ് മാത്രം പ്രായമുള്ള ദിവ്യയ്ക്ക് ഒരു വിവാഹ ജീവിതത്തോട് ഒന്നും ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. പ്രീ ഡിഗ്രി പാസ്സായി ഇനിയും പഠിക്കാനും എന്തെങ്കിലും ജോലിക്കൊക്കെ പോകണമെന്ന് ആഗ്രഹിച്ചവളെ പെൺകുട്ടികൾക്ക് ഇത്ര പഠിപ്പ് മതിയെന്ന് പറഞ്ഞ് വീട്ടുകാർ പതിനെട്ട് തികഞ്ഞ ഉടനെ പിടിച്ചു കെട്ടിക്കുകയായിരുന്നു.
ദിവ്യയ്ക്ക് താഴെ പതിനാറു തികഞ്ഞ മറ്റൊരു പെൺകുട്ടി കൂടി ഉണ്ട്. അവളെയും ഇതുപോലെ കെട്ടിച്ചു വിടാനാണ് അവളുടെ വീട്ടുകാർ ദിവ്യയെ വേഗം കല്യാണം കഴിപ്പിച്ചത്. പക്ഷേ ദിവ്യയുടെ അനിയനെയും ചേട്ടനെയും വീട്ടുകാർ നന്നായി പഠിപ്പിക്കുന്നുണ്ട്.
പെൺപിള്ളേർ അന്യ വീട്ടിൽ പോകാനുള്ളവരാണെന്നും അവരെ ഒരുപാട് പഠിപ്പിച്ചത് കൊണ്ട് തങ്ങൾക്കും വീടിനും ഗുണമില്ലെന്ന് ചിന്തിക്കുന്നവരാണ് ദിവ്യയുടെ അച്ഛനും അമ്മയും. അതുകൊണ്ട് തന്നെ അവളെ വേഗം കെട്ടിച്ചു ഒരു ഭാരം ഒഴിവാക്കി വിടാനാണ് അവർ നോക്കിയത്. രണ്ട് വർഷം കഴിഞ്ഞാൽ ദിവ്യയുടെ അനിയത്തി ശാരിയെയും കല്യാണം കഴിപ്പിച്ച് വിടും.
ദിവ്യയുടെ ഭർത്താവ് സതീശൻ ഗോഡൗണിലെ ചുമട്ടു തൊഴിലാളിയാണ്. എല്ല് മുറിയെ പണിയെടുത്തു ഒരു രൂപ പോലും അനാവശ്യമായി പാഴാക്കാത്തവനാണ് സതീശൻ. കുടിയോ വലിയോ ഒന്നുമില്ല. ആയതിനാൽ അവനെ അവളുടെ വീട്ടുകാർക്കും ബന്ധുക്കൾക്കും എല്ലാവർക്കും നല്ല ബോധിച്ചു. അധ്വാനിയായ ചെറുപ്പക്കാരനെ കിട്ടിയത് ദിവ്യയുടെ ഭാഗ്യമായി അവരെല്ലാം വാഴ്ത്തി.
പെണ്ണ് കാണാൻ വന്ന് പോയപ്പോഴും വിവാഹം ഉറപ്പിച്ച ശേഷവും സതീശൻ അവളെ കാണാൻ വരുകയോ അവർ തമ്മിലൊരു ഇഴയടുപ്പം ഉണ്ടാവുകയോ ഉണ്ടായിട്ടില്ല. അതിനാൽ എല്ലാവരും പറയുന്നത് പോലെ അയാൾ അത്ര നല്ലവനാണോ പാവമാണോ എന്നൊന്നും ദിവ്യയ്ക്ക് ഉറപ്പില്ല. അവർ തമ്മിൽ പന്ത്രണ്ട് വയസ്സിന്റെ വ്യത്യാസവുമുണ്ട്.
നിറഞ്ഞ് തുളുമ്പുന്ന പാൽ ഗ്ലാസുമായി മുറിയിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ അവൾ കണ്ടു തന്നെയും കാത്ത് അക്ഷമയോടെ ഇരിക്കുന്ന സതീശനെ.
ദിവ്യ അകത്തേക്ക് കയറിയതും അവൾക്കായി ഒരു പുഞ്ചിരി നൽകി അവൻ വേഗം ചെന്ന് വാതിലടച്ച് കുറ്റിയിട്ടു.
“എന്താ വരാൻ താമസിച്ചത്. എത്ര നേരായി ഞാൻ നിന്നേം നോക്കി ഇരിക്കുന്നു. നേരത്തെ കിടന്ന് ഉറങ്ങിയാലെ എനിക്ക് രാവിലെ എഴുന്നേറ്റു പണിക്ക് പോവാൻ പറ്റു.” സതീശൻ പറഞ്ഞത് കേട്ട് ദിവ്യ അന്ധാളിച്ചു പോയി.
“ഇന്ന് നമ്മുടെ വിവാഹം കഴിഞ്ഞതല്ലേ ഉള്ളു. അപ്പോഴേക്കും നാളെ ജോലിക്ക് പോവാണോ?”
“അവധി എടുത്താൽ മാസം ആദ്യം ആവുമ്പോൾ ശമ്പളമൊന്നും ഉണ്ടാവില്ല. സർക്കാർ ഉദ്യോഗമൊന്നുമല്ലല്ലോ.”
“അപ്പോ വീട്ടിൽ വിരുന്ന് പോവുകയൊക്കെ വേണ്ടേ?”
“അതൊക്കെ അധിക ചിലവാണ്. അതുകൊണ്ട് അങ്ങനെത്തെ കാര്യങ്ങളൊന്നും വേണ്ട.”
അളന്നു മുറിച്ച് ഗൗരവത്തിലുള്ള അവന്റെ സംസാരം അവളെ വിഷമിപ്പിച്ചു. എങ്കിലും അവളത് പുറമേ പ്രകടിപ്പിച്ചില്ല.
“അവിടെ നിന്ന് കിനാവ് കാണാതെ വന്ന് കിടക്കാൻ നോക്ക് ദിവ്യേ.” ഉച്ചത്തിലുള്ള സതീശന്റെ ശബ്ദം കേട്ടതും ഞെട്ടി വിറച്ചവൾ കട്ടിലിന് അരികിൽ വന്നിരുന്നു.
വിറച്ചുകൊണ്ടാണ് ദിവ്യ പാൽ ഗ്ലാസ് അയാൾക്ക് നേരെ നീട്ടിയത്. ഗ്ലാസ് വാങ്ങി പാൽ മുഴുവനും ഒറ്റ വലിക്ക് കുടിച്ചിട്ട് സതീശൻ, ഗ്ലാസ് മേശപ്പുറത്ത് വച്ചിട്ട് അവളെ നോക്കി.
“നമുക്ക് കിടക്കാം…” ലൈറ്റ് ഓഫാക്കി സതീശൻ കിടന്നതും ദിവ്യയും അരികിലായി കിടന്നു. അവൾക്കാകെ ശ്വാസം മുട്ടുന്നത് പോലെ തോന്നി.
ഇതെന്തൊരു മനുഷ്യനാണ്… ഇയാൾക്കൊന്ന് മൃദുവായി സംസാരിച്ചൂടെ. പരസ്പരം ഇഷ്ടങ്ങൾ തുറന്ന് പറഞ്ഞു ഒന്ന് പരിചയപ്പെടാൻ കൂടി വയ്യേ. ഇങ്ങനെയാണോ ഭാര്യാ ഭർത്താക്കന്മാർ.
ഓരോന്നോർത്ത് സങ്കടം വന്നിട്ട് അവൾക്ക് കണ്ണ് നിറഞ്ഞു. പെട്ടെന്നാണ് ഇരുട്ടിലൂടെ രണ്ട് കൈകൾ വന്ന് അവളെ പൊതിഞ്ഞു പിടിച്ചത്. സതീശന്റെ ആ പ്രവർത്തിയിൽ ദിവ്യ പേടിച്ചു പോയി.
“ദിവ്യേ ഒന്ന് മിണ്ടാതെ അടങ്ങി കിടക്ക്. ആദ്യരാത്രി എങ്ങനെയൊക്കെ പെരുമാറണമെന്ന് പറഞ്ഞു തരാതെയാണോ നിന്നെ ഇങ്ങോട്ട് കെട്ടിച്ചു വിട്ടത്. ഭർത്താവിനെ എല്ലാ രീതിയിലും സന്തോഷിപ്പിക്കേണ്ടവളാ ഭാര്യ.
ഇതൊന്നും നിനക്ക് അറിയില്ല. ഇത്ര നേരം കാത്തിരുന്നിട്ടും എന്റെ അടുത്തോട്ടൊന്ന് ചേർന്ന് കിടക്കാൻ പോലും നിനക്ക് വയ്യ. അതുകൊണ്ടാ ഞാൻ തന്നെ മുൻകൈ എടുത്ത്
വന്നത്.” കുതറി പിടയാൻ ശ്രമിച്ചവളെ ബലമായി തന്നിലേക്ക് അടുപ്പിച്ചു സതീശൻ മുരണ്ടു.
അവൻ പറഞ്ഞത് കേട്ടപ്പോൾ താലികെട്ട് കഴിഞ്ഞു പടിയിറങ്ങുമ്പോൾ അമ്മ പറഞ്ഞ കാര്യമാണ് അവൾക്ക് ഓർമ്മ വന്നത്.
“ഇനി മുതൽ സതീശന്റെ വീടാണ് നിന്റെയും വീട്. അവൻ പറയുന്നത് അനുസരിച്ചു നല്ല ഭാര്യയായി അവന് കീഴ്പ്പെട്ട് വേണം നീയിനി ജീവിക്കാൻ. എല്ലാ രീതിയിലും നിന്നിൽ അവകാശവും അധികാരവും അവനാണ്.
അതുകൊണ്ട് അവന് നല്ല ഭാര്യയായും നല്ല മരുമകളായും വേണം അവിടെ നീ ജീവിക്കേണ്ടത്. എല്ലാം കണ്ടറിഞ്ഞു നിക്കണം. അവന്റെ ഇഷ്ടങ്ങൾക് അനുസരിച്ചു പെരുമാറണം.” ഇതൊക്കെ ഉദേശിച്ച് ആയിരിക്കുമോ അമ്മ അങ്ങനെയൊക്കെ പറഞ്ഞതെന്ന് അവൾ ഓർത്തു.
കാര്യം എന്തൊക്കെയാണെങ്കിലും ഒരു പരിചയവുമില്ലാത്ത പുരുഷന് മുന്നിൽ ഉടുതുണി ഇല്ലാതെ കിടക്കാൻ ദിവ്യയ്ക്ക് വിമ്മിഷ്ടം തോന്നിയിരുന്നു. പക്ഷേ തന്റെ ഇഷ്ടങ്ങൾക്ക് ഒരു വിലയുമില്ലെന്ന് അവൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.
സതീശന്റെ കൈകൾ അവളുടെ ശരീരത്തിലൂടെ ആർത്തിയോടെ ഇഴഞ്ഞു നടന്നു. തന്റെ പെങ്ങളെ പ്രായം മാത്രമുള്ള ചെറിയ പെണ്ണാണ് എന്ന് പോലും ഓർക്കാതെ ആദ്യമായി ഒരു പെണ്ണിനെ അനുഭവിക്കാൻ കിട്ടിയ ആക്രാന്തത്തിൽ അവൻ ദിവ്യയുടെ സാരിയും ബ്ലൗസുമൊക്കെ ധൃതിയിൽ ഊരി മാറ്റി. അയാളുടെ കൈക്കരുതിൽ അവളുടെ മാറിടങ്ങൾ ഞെരിഞ്ഞമർന്നു. വേദന കൊണ്ടവളുടെ കണ്ണുകൾ നീറിപ്പുകഞ്ഞു. ഇതാണോ, ഇങ്ങനെയാണോ എല്ലാവരുടെയും ആദ്യരാത്രി എന്ന് അവളോർത്തു.
പെട്ടെന്നാണ് കഴിഞ്ഞ ആഴ്ച കല്യാണം കഴിഞ്ഞ തന്റെ കൂട്ടുകാരി നാണത്തോടെ വിവരിച്ച രംഗങ്ങൾ അവളുടെ മനസ്സിലേക്ക് കടന്ന് വന്നത്. പെണ്ണിന്റെ ശരീരം നോവിക്കാതെ സ്നേഹം കൊണ്ട് അവളെ കീഴടക്കി അവളിലേക്ക് ആഴ്ന്നിറങ്ങുന്നവനാണ് ശരിയായ പുരുഷനെന്ന കൂട്ടുകാരിയുടെ വാക്കുകൾ മനസ്സിലേക്ക് വന്നതും, സ്വന്തം സുഖം മാത്രം നോക്കി ദിവ്യക്ക് മേൽ കടന്ന് കയറ്റം നടത്താൻ ശ്രമിച്ചു കൊണ്ടിരുന്ന സതീശനെ അവൾ സർവ്വ ശക്തി ഉപയോഗിച്ച് തള്ളിമാറ്റി.
“എനിക്ക് വേദനിക്കുന്നു… ഇനിയെന്നെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ ഞാൻ വിളിച്ചു കൂവും. എനിക്ക് നിങ്ങളെ പേടിയാ. എന്നെ തൊടരുത്. നിങ്ങളെന്നെ എന്താ ചെയ്യുന്നത്? ഇങ്ങനെ വേദനിപ്പിക്കാൻ ആണെങ്കിൽ എന്റെ ദേഹത്ത് തൊട്ട് പോവരുത്. ഞാനും ഒരു മനുഷ്യ ജീവിയാണ്.” എവിടുന്നോ കിട്ടിയ ധൈര്യത്തിൽ കിതച്ചു കൊണ്ടവൾ അത്രയും പറഞ്ഞു നിർത്തുമ്പോൾ സതീശൻ ആകെ വിരണ്ട് പോയിരുന്നു.
കൂട്ടുകാരന്റെ ആദ്യരാത്രി കേട്ട് പഠിച്ച് വന്ന് അതുപോലെയാണ് എല്ലാവരും ചെയ്യുന്നതെന്ന ധാരണയിൽ തന്റെ ഭാര്യയെയും അങ്ങനെ ചെയ്യാൻ തയ്യാറെടുപ്പ് നടത്തിയ സതീശന് ദിവ്യയുടെ പ്രതികരണം അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടിയായിരുന്നു. ഒരു നിമിഷം പതറിപോയ അയാൾ ഒന്നും മിണ്ടാതെ മുറിക്ക് പുറത്തേക്ക് ഇറങ്ങി പോയി. വേഗം കൈയ്യിൽ കിട്ടിയ ഡ്രസ്സ് വലിച്ചുവാരി ഉടുത്ത് ദിവ്യ തന്റെ നഗ്നത മറച്ചു.
ആദ്യ രാത്രി തന്നെ ഭർത്താവിന്റെ അതിക്രമം തടഞ്ഞതിനാൽ അവൾക്കൊരു ധൈര്യം വരുകയും താൻ ചെയ്തത് തെറ്റായ കാര്യമാണോന്ന് സതീശനും തോന്നി. തുടർന്നുള്ള ദിവസങ്ങൾ അപരിചിതരെ പോലെ അവരാ വീട്ടിൽ കഴിഞ്ഞു. ദിവസങ്ങൾ കഴിയും തോറും ഇരുവരും പരസ്പരം മനസിലാക്കാൻ തുടങ്ങുകയും അവർക്കിടയിലെ മഞ്ഞുരുകി രണ്ടുപേരും എല്ലാ രീതിയിലും അടുക്കുകയും ചെയ്തു.
പിന്നീട് തന്റെ ആഗ്രഹം പോലെ ദിവ്യയ്ക്ക് പഠിച്ച് ഒരു ജോലിക്ക് പോകാനുമൊക്കെ സതീശൻ പിന്തുണച്ചു. അതൊന്നും ദിവ്യയുടെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും കെട്ടിച്ചു വിട്ട മകളിൻ മേൽ തങ്ങൾക്ക് ഒരു അവകാശവുമില്ലെന്ന് ചിന്തിച്ചു അവരെന്തെങ്കിലും കാണിക്കട്ടെ എന്നവൾ ചിന്തിച്ചു.
ആദ്യരാത്രി തന്നെ വിവാഹ ബന്ധം അവസാനിക്കാൻ അവസരമുണ്ടായിട്ടും സതീശൻ കുഴപ്പക്കാരനല്ലാത്തതും ദിവ്യയുടെ തക്ക സമയത്തെ പ്രതികരണവും തട്ട് കേടില്ലാതെ അവരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോയി.