(രചന: J. K)
ടീ, അമ്മക്ക് പ്രായമായില്ലേടി അതിന്റെ യാ!!! പിന്നെ നിന്നെക്കാൾ എത്ര മൂത്തതാ… അതെങ്കിലും ചിന്തിച്ചുകൂടെ നിനക്ക്!!!
അമ്മയൊക്കെ ഇനിഎത്രകാലം നമ്മളോടൊപ്പം ഉണ്ടാകും എന്ന് വച്ചിട്ട… നീ അതങ്ങ് വിട്ടു കള…
വിഷ്ണു പറഞ്ഞത് ഒട്ടും ദഹിക്കാതെ സുവർണ്ണ ഇരുന്നു…. ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല ഈ ന്യായീകരണം ഇവിടെ വന്നു കയറിയത് മുതൽ തുടങ്ങിയതാണ്..
ആദ്യമൊക്കെ ക്ഷമിച്ചു.. പക്ഷേ ഇതുതന്നെ തുടരുമ്പോൾ ആർക്കായാലും മടുക്കില്ലേ….
രണ്ടു പെൺമക്കൾക്ക് ശേഷം അമ്മയ്ക്ക് ഉണ്ടായതാണ് വിഷ്ണുവേട്ടൻ അതുകൊണ്ടുതന്നെ വിഷ്ണുവേട്ടന്റെ എല്ലാ കാര്യത്തിലും അമ്മയ്ക്ക് സ്വാർത്ഥത ഉണ്ടായിരുന്നു…
ഡിഗ്രി ഫൈനൽ ഇയർ എത്തിയപ്പോഴാണ് ഈ, വിവാഹാലോചന വന്നത്..
വിഷ്ണു, ബാങ്കിൽ ഉദ്യോഗസ്ഥൻ!! വീട്ടിൽ പറയത്തക്ക പ്രാരാബ്ധങ്ങൾ ഒന്നും ഇല്ല രണ്ട് ചേച്ചിമാരുടെ കല്യാണം കഴിപ്പിച്ചു അയച്ചു ബാക്കി എല്ലാം വിഷ്ണു ഏട്ടന് തന്നെ…. ഇപ്പോൾ അമ്മ മാത്രം ഉള്ളൂ അച്ഛൻ ചെറുപ്പത്തിലേ മരിച്ചു…
അത്യാവശ്യം സ്വത്തും ഉണ്ട് പിന്നെ പോരാത്തതിന് ബാങ്കിൽ നല്ല ജോലിയും ഇത്രയും മതിയായിരുന്നു ആ വിവാഹം ഉറപ്പിക്കാൻ…
എനിക്കും ഇഷ്ടമായി കാരണം വിഷ്ണുവേട്ടൻ കാണാനും സുന്ദരനായിരുന്നു നല്ല പെരുമാറ്റവും…
പക്ഷേ വിവാഹം കഴിഞ്ഞപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം എല്ലാം അമ്മയോട് ചോദിച്ചു മാത്രമേ ചെയ്യാൻ പാടുള്ളൂ..
ഒരു സിനിമയ്ക്ക് പോകണമെങ്കിൽ കൂടി അമ്മയുടെ അനുവാദം വേണം..
എന്തിന് എന്റെ വീട്ടിൽ പോകണം എന്ന് പറഞ്ഞാൽ കൂടെ ആദ്യം അമ്മയോട് പോയി സമ്മതം ചോദിക്ക്!! എന്നാണ് വിഷ്ണു വേട്ടൻ പറയുന്നത്…
എന്റെ കാര്യത്തിലോ പുള്ളിയുടെ കാര്യത്തിലോ തീരുമാനങ്ങളെടുക്കാനുള്ള പൂർണ്ണസ്വാതന്ത്ര്യം അമ്മയ്ക്കായിരുന്നു… അതനുസരിച്ച് പെരുമാറുന്ന വെറും പാവ മാത്രമായിരുന്നു ഞാനവിടെ….
തന്നെയുമല്ല അമ്മയ്ക്ക് ദേഷ്യം വരുമ്പോൾ വായിൽ തോന്നുന്നത് എന്തും വിളിച്ചു പറയാം… അത് എന്നെപ്പറ്റി ആണോ അല്ലെങ്കിൽ വീട്ടുകാരെ പറ്റി ആണോ എന്നൊന്നും നോക്കാറില്ല, എന്തും അമ്മ പറയും അതെല്ലാം കേട്ട് സഹിച്ചു നിക്കണം….
വിഷ്ണു ചേട്ടനോട് പറഞ്ഞാൽ കേൾക്കുന്ന മറുപടിയാണ് ഇത്, അമ്മയ്ക്ക് പ്രായമായി എന്ന്.. എല്ലാം അങ്ങ് നിസ്സാരവൽക്കരിക്കും..
മതിയായി എല്ലാത്തിനും ഒരു അതിരില്ലേ. സഹികെട്ട് എന്തെങ്കിലും തിരിച്ചു പറഞ്ഞാൽ അത് വലിയ പ്രശ്നമായി പിന്നെ ബന്ധുക്കളോട് എല്ലാം വിളിച്ചു പറയും മരുമകളുടെ അഹമ്മതിയെപ്പറ്റി….
അവർക്കെല്ലാം മഹേശ്വരിയമ്മ വളരെ നല്ലതായിരുന്നു മിതഭാഷി പോരാത്തതിന് സൗമ്യമായി പെരുമാറുന്നവർ ഇവിടെ വീട്ടിൽ എന്നോട് മാത്രം ആയിരുന്നു ഇങ്ങനെ…
വിഷ്ണുവേട്ടനോട് പൊടിപ്പും തൊങ്ങലും വെച്ച് പറയും…. അതുമതി വിഷ്ണുഏട്ടൻ ദേഷ്യപ്പെടാൻ. അമ്മയ്ക്ക് വേണ്ടി എന്നോട് വാദിക്കും.. ഒടുവിൽ എന്റെ കണ്ണീർ കാണുന്നിടത്തു എല്ലാം കലാശിക്കും…
എല്ലാ സഹിച്ച് അവിടെ നിൽക്കാൻ തുടങ്ങിയിട്ട് വർഷം മൂന്ന് കഴിഞ്ഞു… ഇതിനിടയിൽ ഒരു മോളും ആയി…
നാളുകൾ ചെല്ലുംതോറും അമ്മയുടെ ഭരണം കൂടിക്കൂടിവന്നു…ഒന്ന് നിന്ന് സ്വാതന്ത്ര്യത്തോടെ ശ്വാസം എടുക്കാൻ പോലും അമ്മയുടെ അനുവാദം വേണം എന്നായി…
വിഷ്ണു ചേട്ടനോട് ഇപ്പോൾ ഒന്നും പറയാറില്ല കാരണം പറഞ്ഞിട്ടും പ്രയോജനമൊന്നുമില്ല…
ഇപ്പോൾ പരാതി മുഴുവൻ കുഞ്ഞിനെ നേരാംവണ്ണം നോക്കുന്നില്ല എന്ന് പറഞ്ഞായിരുന്നു അവൾക്ക് നേരത്തിനു ഭക്ഷണം കൊടുക്കുന്നില്ല എന്ന്….
നാലുമാസം പ്രായമായ കുഞ്ഞിന് പാലു മാത്രമേ കൊടുക്കാവൂ എന്ന് പറഞ്ഞാൽ അമ്മയ്ക്ക് മനസ്സിലാവില്ല..
ആറു മാസം വരെ മുലപ്പാൽ മാത്രം മതി കുഞ്ഞിന്, എന്ന് അങ്ങോട്ട് പറഞ്ഞതിന് അമ്മ ഇനി തിരിച്ചു പറയാൻ ഒന്നും ബാക്കിയില്ല…
ഏത്തക്കായ ഉണക്കിപ്പൊടിച്ചു വച്ചത്, കുഞ്ഞിന് കുറുക്കി കൊടുക്കണം രണ്ടുനേരം എന്ന് പറഞ്ഞു വാശി പിടിച്ചു…
വിഷ്ണു ചേട്ടനോട് പറഞ്ഞപ്പോൾ നിനക്ക് കുഞ്ഞുങ്ങളെ പെറ്റു വളർത്തി ശീലം ഒന്നുമില്ലല്ലോ, അമ്മ പറയുന്നതുപോലെ കേട്ടാൽ മതി എന്ന് പറഞ്ഞു ഒടുവിൽ, ഗത്യന്തരമില്ലാതെയാണ് ഒരുനേരം കുറുക്ക് കൊടുക്കാൻ തുടങ്ങിയത്….
ആയിടയ്ക്കാണ് മുമ്പ് അപ്ലൈ ചെയ്തിരുന്ന ഒരു ജോലി കിട്ടിയത്… ഒരുതരത്തിൽ പറഞ്ഞാൽ എന്റെ ഡ്രീം എന്ന് തന്നെ പറയാം.. അപ്പോയിന്റ്മെന്റ് ലെറ്റർ കയ്യിൽ കിട്ടിയത് മുതൽ നിലത്ത് ഒന്നുമല്ലായിരുന്നു ഞാൻ…
വിഷ്ണു ഏട്ടനോട് ആണ് ആദ്യം വിളിച്ചുപറഞ്ഞത്…
അപ്പോൾ കൺഗ്രാജുലേഷൻസ് എന്ന് എന്നോട് പറഞ്ഞ ആളാ അമ്മയുടെ വാക്കുകേട്ട് മാറിയത്..
ഞാൻ പോയാൽ കുഞ്ഞിന് നേരത്തിന് പാലു കൊടുക്കാൻ ആരുമുണ്ടാവില്ല.. അമ്മ ജോലിക്ക് പോയിട്ട് അല്ല അമ്മയുടെ കുഞ്ഞുങ്ങളെ വളർത്തി വലുതാക്കിയത് എന്നൊക്കെയായിരുന്നു ന്യായങ്ങൾ…
വിഷ്ണു അധ്വാനിക്കുന്നുണ്ട് അത്യാവശ്യം പണം അവന് കിട്ടുന്നുണ്ട് പിന്നെ പോരാത്തതിന് ജീവിച്ചു പോകാനുള്ള സ്വത്തുവകകളും… അതുമതി ഇനി നീ കൂടി സമ്പാദിക്കേണ്ട!!!
എന്ന് എന്റെ മുഖത്ത് നോക്കി തന്നെ അമ്മ പറഞ്ഞു…
മോളെ എന്റെ അമ്മ നോക്കാം എന്ന് പറഞ്ഞിരുന്നു കാരണം എന്റെ കഷ്ടപ്പാടിനെ പറ്റിയിട്ടും, ഈ ജോലി എനിക്ക് എത്ര പ്രിയപ്പെട്ടതാണ് എന്നും അവർക്ക് നല്ല ബോധ്യമുണ്ടായിരുന്നു…
എന്റെ കുഞ്ഞിനെ എന്റെ അമ്മ എന്നെക്കാൾ നന്നായി നോക്കും എന്നതിൽ തർക്കവുമില്ല…
പക്ഷേ അതൊന്നും വിഷ്ണു ചേട്ടന്റെ അമ്മയ്ക്ക്, മതിയായില്ല… അവർക്ക് ഞാൻ ജോലിക്ക് പോകാൻ പാടില്ല…
ഇത്തവണ പക്ഷെ അവരെ എതിർക്കാൻ തന്നെയായിരുന്നു എന്റെ തീരുമാനം കാരണം അടിമയായി ജീവിച്ച് മതിയായി..
അവരെ എതിർക്കുക ആണ് എന്റെ തീരുമാനമെങ്കിൽ ഇനി ആ വീട്ടിൽ ഒരു സ്ഥാനവും ഉണ്ടാവില്ല എന്ന് അമ്മ മുഖത്തു നോക്കി പറഞ്ഞു..
ഞാൻ വിഷ്ണുവേട്ടനെ നോക്കി ആമുഖം അമ്മയുടെ തീരുമാനം അനുസരിക്കും വിധം കുനിഞ്ഞ് നിന്നിരുന്നു…
പിന്നെ എനിക്കൊന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല അവരുടെ ഇഷ്ടപ്രകാരം എന്താ എന്ന് വച്ചാൽ തീരുമാനിക്കാൻ പറഞ്ഞു ഞാൻ അപ്പോയിന്റ്മെന്റ് ലെറ്ററും ഏടുത്ത് എന്റെ വീട്ടിലേക്ക് പുറപ്പെട്ടു….
ഞാൻ ഇറങ്ങാൻ നേരം, നിന്നെ വില വെക്കാഞ്ഞല്ലേ അവൾ ഈ പോണത് എന്ന് ഓതി കൊടുക്കുന്നുണ്ടായിരുന്നു അമ്മ..
അപ്പോൾ തിരിഞ്ഞുനിന്ന് അവരോട് പറഞ്ഞു,
“” അമ്മയുടെ വാക്കു കേൾക്കേണ്ട എന്ന് ഞാൻ പറയില്ല, ഒപ്പം ഭാര്യയ്ക്ക് ഒരു വ്യക്തിത്വം ഉണ്ടെന്നും അത് അല്പമെങ്കിലും അംഗീകരിക്കുന്ന ഒരാൾ ആവണം ഭർത്താവ്.. വിഷ്ണുവേട്ടൻ എപ്പോഴും ഒരു മകൻ മാത്രം ആണ്..
എനിക്കൊരു നല്ല ഭർത്താവല്ല.. അതുകൊണ്ട് ഇനി എന്നെന്നേക്കുമായി പിരിയേണ്ടി വന്നാലും, അല്പം പോലും സങ്കടം ഇല്ല എനിക്ക്.. നിങ്ങൾ അമ്മേം മകനും കൂടെ ജീവിക്ക്….””””
ഇത്രയും പറഞ്ഞു അവിടെ നിന്നും എന്റെ കുഞ്ഞിനെയുംകൊണ്ട് ഇറങ്ങി… എന്റെ സ്വപ്നങ്ങൾ സ്വന്തമാക്കാൻ…
മധ്യസ്ത ചർച്ചകൾക്കൊടുവിൽ ആ വീട്ടിൽ തിരികെ ചെന്നു കേറുമ്പോൾ ഞാനും തീരുമാനിച്ചിരുന്നു ഇനി അടിമയാവാൻ മനസില്ല എന്ന്…