നല്ല പാതി
(രചന: Sarath Lourd Mount)
കല്യാണത്തിന്റെ ആദ്യനാളുകളിൽ നിന്ന് വിപരീധമായി താൻ അടുത്ത് വരുമ്പോൾ തന്നെ ഒന്നും മിണ്ടാതെ മാറിപ്പോകുന്ന ശ്യാമിനെ രുദ്ര നിസ്സഹായയായി നോക്കി.
ഇതിപ്പോൾ വർഷം 2 കഴിഞ്ഞിരിക്കുന്നു പ്രണയത്തോടെ ശ്യാം അവളെയൊന്ന് തൊട്ടിട്ട്.
അദ്ദേഹത്തിന് വേണം എന്ന് തോന്നുന്ന സമയങ്ങളിൽ മാത്രം തന്റെ ശരീരത്തിൽ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾക്കപ്പുറം സ്നേഹത്തിന്റെ ഒരു സ്പർശനം പോലും അവനിൽ നിന്ന് ഈ രണ്ടു വർഷങ്ങളിൽ അവൾക്ക് ലഭിച്ചില്ല.
ആദ്യപ്രസവത്തിന് ശേഷമാണ് ശ്യാമേട്ടനിൽ ഈ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്.
ശരീരത്തിൽ നിറഞ്ഞു തുളുമ്പിയിരുന്ന യുവത്വത്തിന്റെ മാതകത്വം നഷ്ടമായത് കൊണ്ടാണ് അവളെ അവന് വേണ്ടായതായത് എന്ന് അവൻ ഒരിക്കൽ ഒരിക്കൽ അവളോട് തുറന്ന് പറഞ്ഞത് മുതൽ പലപ്പോഴും നിസ്സഹായയായി കരഞ്ഞു തീർക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളു .
അല്ലെങ്കിൽ തന്നെ പ്രണയം ശരീരത്തോട് തോന്നേണ്ട വികാരമാണോ??? സ്വയം ചോദിച്ച ആ ചോദ്യത്തിന് ഉത്തരമില്ലാതെ അന്നും അവളുടെ മനസ്സൊന്ന് തേങ്ങി.
അന്ന് രാത്രിയും കട്ടിലിന്റെ ഓരം ചേർന്ന് ഉറങ്ങുന്ന ശ്യാമിനെ നോക്കി അവൾ ഉറങ്ങാതെ കിടന്നു.
മനസ്സ് വല്ലാതെ നോവുന്നുണ്ടെങ്കിലും തന്റെ അരികിൽ ശാന്തമായി ഉറങ്ങുന്ന മകന്റെ മുഖം അവൾക്ക് ചെറിയൊരു ആശ്വാസമായി.
അവന്റെ മുടിയിഴകൾ ചെറുതായി തഴുകിയ അവൾ ആ നെറുകയിൽ ഒരു മുത്തം നൽകി വീണ്ടും ചിന്തകളിലേക്ക് ആണ്ടു.
കല്യാണത്തിന് മുൻപ് പ്രണയിച്ച് നടന്ന ആ കാലം അവളുടെ മനസ്സിൽ നിറഞ്ഞു. തന്റെ ഒരു ചുംബനത്തിനായി എത്ര വട്ടം ശ്യാം തന്നോട് കെഞ്ചിയിരിക്കുന്നു. ചിലതൊക്കെ അങ്ങനെയാണ്.
സ്വന്തമായിക്കഴിയുന്നത് വരെയേ മനുഷ്യന് പലതിനോടും ആവേശം ഉണ്ടാകു എന്ന് പറയുന്നത് എത്ര സത്യമാണ് അല്ലെ.. അങ്ങനെ അങ്ങനെ ഓരോന്ന് ചിന്തിച്ച് എപ്പോളോ അവൾ ഉറങ്ങിപ്പോയി.
ഉറങ്ങാൻ ഒത്തിരി വൈകി എങ്കിലും നേരം പുലരുന്ന മുൻപ് തന്നെ അവൾ എഴുനേറ്റു.
ശ്യാമിന് കൊണ്ടുപോകാൻ ഉള്ള ഭക്ഷണവും മറ്റും ഒരുക്കി.
എന്നാൽ ഓഫീസിലേക്ക് പോകുമ്പോൾ ഒരു പുഞ്ചിരി പോലും അവൾക്ക് സമ്മാനിക്കാൻ പതിവ് പോലെ അന്നും അവൻ മടിച്ചു. വാതിൽക്കൽ തന്നെ തന്നെ നോക്കി നിൽക്കുന്ന അവളെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവൻ ഓഫീസിലേക്ക് പോയി.
കുറച്ചുകാലങ്ങളായി ഇതൊക്കെ ശീലമായത് കൊണ്ട് തന്നെ അവൾക്ക് വലിയ സങ്കടം തോന്നിയില്ല.
അകത്ത് നിന്നും മോന്റെ കരച്ചിൽ കേട്ട അവൾ അവനടുത്തേക്ക് നടന്നു. അവൻ ഉണർന്ന് കട്ടിലിൽ തന്നെ കിടന്ന് കരയുകയാണ്. ഒരു പുഞ്ചിരിയോടെ അവനെ എടുത്ത് തോളിൽ കിടത്തിയ അവൾ വെളിയിലേക്ക് നടന്നു.
അവൻ നെഞ്ചോട് ചേർന്ന് ഇങ്ങനെ കിടക്കുമ്പോൾ എന്തോ മനസ്സിന് വല്ലാത്ത ഒരാശ്വാസം പോലെ…….
അവനെ നെഞ്ചിൽ ചേർത്ത് അങ്ങനെ നിൽക്കുമ്പോൾ ആണ് പെട്ടെന്ന് നെഞ്ചിൽ എന്തോ വേദന പോലെ അവൾക്ക് തോന്നിയത്.
പതിയെ ആ വേദന കൂടി കൂടി വന്നതും മകനെ കട്ടിലിലേക്ക് തന്നെ തിരികെ കിടത്തി അവൾ നിലത്തേക്ക് ഊർന്നിരുന്നു.
ഹൃദയഭാഗത്ത് ഉടലെടുത്ത ആ വേദനയിൽ അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു.
ചെവിയിൽ മകന്റെ കരച്ചിൽ ചെറുതായി മുഴങ്ങിക്കേട്ടു…..
രുദ്ര…. മോളെ… കണ്ണ് തുറക്ക് മോളെ…… ശ്യാമിന്റെ ശബ്ദം കേട്ട അവൾ പതിയെ കണ്ണുകൾ തുറക്കാൻ ഒരു ശ്രമം നടത്തി. കണ്ണുകൾക്ക് ചുറ്റും വല്ലാത്ത വേദന പോലെ. എങ്കിലും പാതി തുറന്ന മിഴികളിലൂടെ അവൾ കണ്ടു തനിക്കരികിൽ നിറകണ്ണുകളോടെ നിൽക്കുന്ന ശ്യാം….
പതിയെ അവളുടെ കണ്ണുകൾ വീണ്ടും അടഞ്ഞു.
ആൾ മയക്കത്തിൽ ആണ്. മിസ്റ്റർ ശ്യാം ഒന്ന് വരൂ എനിക്ക് നിങ്ങളോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്. ഡോക്ടറുടെ വാക്കുകൾ കേട്ട അവൻ അവർക്ക് പുറകെ ആ മുറിയിലേക്ക് നടന്നു.
ലുക്ക് മിസ്റ്റർ ശ്യാം. മൈനർ അറ്റാക്ക് ആണ് .
അതും ഈ പ്രായത്തിൽ. എന്തോ ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയത്. ആവശ്യമില്ലാത്ത എന്തൊക്കെയോ സങ്കടങ്ങൾ ആ കുട്ടിയുടെ മനസ്സിലുണ്ട്.
നിങ്ങൾ അവളുടെ ഭർത്താവല്ലേ??? നിങ്ങളോട് ആ കുട്ടി ഒന്നും പറഞ്ഞിട്ടില്ലേ???
അവരുടെ ചോദ്യത്തിന് അവൻ ഇല്ല എന്ന് തലയാട്ടി.
നോക്കു ശ്യാം. ഇനി നിങ്ങൾ വളരെയേറെ സൂക്ഷിക്കണം, മനസ്സിന് വിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ഇനിയും ഉണ്ടായാൽ ഒരിക്കൽ കൂടി ഇത് പോലെ രക്ഷപ്പെട്ടു എന്ന് വരില്ല. ആ കുട്ടിയുടെ ജീവിതം നിങ്ങളുടെ ഒക്കെ കയ്യിലാണ്.
സ്നേഹം കൊണ്ട് മാറാത്ത ഒന്നും ഇല്ലടോ… അയാൾ പുഞ്ചിരിയോടെ ശ്യാമിന്റെ കൈകളിൽ മുറുകെ പിടിച്ചു.
ആ മുറിയിൽ നിന്നിറങ്ങി അവൾക്കരികിലേക്ക് നടക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
മോനെ നീ ഒത്തിരി നേരം ആയില്ലേ കുഞ്ഞിനെയും കൊണ്ട് ഇവിടെ നിൽക്കുന്നു. അവൾക്ക് കുഴപ്പം ഒന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞില്ലേ, നീ മോനെയും കൊണ്ട് വീട്ടിലേക്ക് ചെല്ല്. നീ ഒന്ന് നേരെ ഉറങ്ങിയിട്ട് പോലുമില്ല, ഇവിടെ ഞങ്ങൾ ഒക്കെ ഉണ്ടല്ലോ..
പോകുന്നില്ല എന്ന് പലവട്ടം പറഞ്ഞെങ്കിലും അവളുടെ മുറിക്ക് പുറത്തായി നിന്നിരുന്ന തന്റെ അമ്മയുടെയും , അവളുടെ അച്ഛനമ്മമാരുടെയും വാക്കുകളും നിർബന്ധവും കാരണം ഒടുവിൽ അവൻ മോനെയും കൂട്ടി വെളിയിലേക്ക് നടന്നു.
ആ ആശുപത്രി മുറിയിൽ നിന്ന് തിരികെ വീട്ടിലേക്ക് ചെന്ന് കയറുമ്പോൾ വല്ലാത്ത എന്തോ അസ്വസ്ഥത തോന്നി അവന്.
എന്തോ ഒന്ന് നഷ്ടമായ പോലെ ഒരു തോന്നൽ. തന്റെ വീട് മൊത്തത്തിൽ ഉറങ്ങിപ്പോയപോലെ. അടുക്കളയിൽ നിന്ന് ഉയരുന്ന പാത്രങ്ങളുടെ ശബ്ദം അന്ന് അവന്റെ ചെവികളിൽ പതിഞ്ഞില്ല.
ആ വീട് മുഴുവൻ ഓടി നടന്ന അവളുടെ കാലുകളിലെ ആ കൊലുസ്സിന്റെ കിലുക്കം ഇല്ലാതെ അവന് വല്ലാതെ വീർപ്പുമുട്ടുന്ന പോലെ തോന്നി.
തന്റെ നെഞ്ചിൽ ചേർന്ന് ഉറങ്ങുന്ന മകനെ കട്ടിലിലേക്ക് കിടത്തി അവൻ അവിടെ ഇരുന്നു. കട്ടിലിന്റെ ഓരത്തായി കിടന്നിരുന്ന അവളുടെ നൈറ്റി അവൻ കൈകളിലെടുത്തു. അതിന് അവളുടെ ഗന്ധമാണ്, പ്രണയത്തിന്റെ ഗന്ധം…
അവൾക്കല്ല തനിക്കാണ് പ്രണയം നഷ്ടമായത്.
പിടിച്ചുവാങ്ങി സ്വന്തമായിക്കഴിഞ്ഞപ്പോൾ ,ആ സൗന്ദര്യം ആവോളം ആസ്വദിച്ചു കഴിഞ്ഞപ്പോൾ ആ പ്രണയം താൻ മറന്നു. എന്റെ തെറ്റാണ്,എന്റെ മാത്രം തെറ്റ്…… ആ വസ്ത്രം നെഞ്ചോട് ചേർത്ത് അവൻ കരഞ്ഞു. അവളുടെ വസ്ത്രം ആ കണ്ണീരാൽ കുതിർന്നു.
പിന്നെയും 2 ദിനങ്ങൾ… അവളുടെ അഭാവം അവനെ വല്ലാതെ തളർത്തി തുടങ്ങിയിരുന്നു. നഷ്ടമായിപ്പോയ പ്രണയം അവന്റെ ഹൃദയഭിത്തികളിൽ മുള്ള് പോലെ കുത്തിക്കയറുന്നു, അവളെ വേദനിപ്പിച്ച ഓരോ നിമിഷങ്ങളും ഓർമയിൽ മിന്നി മറയുന്നു.
ആരോടും പറയാനാവാതെ അവൻ ആ നാളുകളിൽ കരഞ്ഞു തീർത്ത കണ്ണുനീർ മുഴുവൻ അവളോടുള്ള പ്രായശ്ചിതമായിരുന്നു.
3ആം നാൾ അവൾ വന്നു, പഴയതുപോലെ തന്നെ ആരോഗ്യവതിയായി, എന്നാൽ മനസ്സ് അപ്പോളും നോവുകയാണ്. അത് അവനും അറിഞ്ഞിരുന്നു.
ആ നോവിന് മരുന്നായി ആ രാത്രിയിൽ ശ്യാം അവളെ നെഞ്ചോട് ചേർത്ത് കിടത്തിയപ്പോൾ വിശ്വാസം വരാതെ അവളൊന്ന് പിടഞ്ഞു.
എന്നാൽ ആ പിടച്ചിലിൽ അവന്റെ കൈകൾ ഒന്നുകൂടി അവളെ മുറുകെ പിടിച്ചു.
താൻ സ്വപ്നം കാണുകയാണോ എന്നൊരു നിമിഷം അവൾക്ക് തോന്നി. എന്നാൽ തന്റെ മുഖത്തേക്ക് ഇറ്റുവീണ ശ്യാമിന്റെ കണ്ണുനീർ അത് സ്വപ്നമല്ല എന്നവൾക്ക് വെളിപ്പെടുത്തി.
എന്നോട് ക്ഷമിക്ക് മോളെ…..
നിറകണ്ണുകളോടെ അവളെ നെഞ്ചോട് ചേർത്ത് അവനത് പറയുമ്പോൾ അവളൊന്ന് പുഞ്ചിരിച്ചു.
എനിക്കൊരു അസുഖം വരേണ്ടി വന്നു അല്ലെ ഏട്ടാ എന്റെ സ്നേഹം തിരിച്ചറിയാൻ??? പുഞ്ചിരിയോടെ അവളത് ചോദിക്കുമ്പോളും ആ ചോദ്യത്തിന് പിന്നിൽ അവൾ ഒളിപ്പിച്ച കണ്ണുനീർ അവൻ കാണുന്നുണ്ടായിരുന്നു.
ഇല്ല മോളെ… എന്റെ തെറ്റാണ്…. എല്ലാം എന്റെ മാത്രം തെറ്റാണ്…. നമ്മുടെ പ്രണയം ,അത് ജ്ഞാസൻ മറന്നു, കേവലം മിഥ്യയായ ഈ ശരീരത്തിലെ സൗന്ദര്യത്തെ ഒരു നിമിഷം ഞാൻ പ്രണയിച്ചു പോയി.
ഇനി ഒരിക്കലും നിന്റെ കണ്ണുകൾ നിറയില്ല… ഈ കൈകൾ ഇനി ഒരിക്കലും നിന്നെ വിട്ട് അകലില്ല.
അതും പറഞ്ഞ് അവൻ അവളെ വീണ്ടും കെട്ടിപ്പിടിച്ച് നെഞ്ചോട് ചേർത്തു.
അണപൊട്ടിയൊഴുകിയ കണ്ണീർച്ചാലിനപ്പുറം പുതിയൊരു നാളെയുടെ പ്രണയപുഷ്പങ്ങൾ ഇരുമിഴികളിലും പൂത്തു തുടങ്ങി.
അല്ലെങ്കിലും നഷ്ടപ്പെട്ടു എന്ന് തോന്നുമ്പോൾ ആണല്ലോ ഇഷ്ടപ്പെട്ട പലതിനെയും നമ്മൾ കൂടുതൽ നെഞ്ചോട് ചേർക്കുന്നത് ല്ലേ…..