ചൊവ്വാ ദോഷക്കാരി
(രചന: Rivin Lal)
എന്റെ ഗൗരീ.. നീ ഇതു വരെ ഒരുങ്ങീലെ.? അവരിങ്ങെത്താറായി.. അമ്മയുടെ ശബ്ദം കേട്ടപ്പോളാണ് ഗൗരി കണ്ണാടിയുടെ മുൻപിൽ നിന്നും കണ്ണെടുത്തത്.
ധാ വന്നു അമ്മെ.. അതും പറഞ്ഞു അവൾ ഒരു ചെറിയ പൊട്ടു കൂടി തൊട്ടു മുടിയൊന്നു ഒതുക്കി കണ്ണാടിയുടെ മുന്നിൽ നിന്നും മുഖമെടുത്ത് ചായ റെഡിയാക്കിവെക്കാൻ അടുക്കളയിലേക്കു നടന്നു.
എൺപത്തി നാലാമത്തെ പെണ്ണ് കാണലാണ് ഇന്ന്. ഭഗവാനെ ഇതെങ്കിലും എന്റെ കുട്ടിക്ക് ഒന്ന് ശരിയായാൽ മതിയായിരുന്നു. ഗൗരിയുടെ അമ്മ അതും പറഞ്ഞൊന്നു നീണ്ട നെടുവീർപ്പിട്ടു.
ദേവകീ.. കഴിഞ്ഞില്ലേ.. അവർ ധാ എത്തി.. ഗൗരിയുടെ അച്ഛനാണ് അത് പറഞ്ഞത്.!!
പെട്ടെന്നാണ് മുറ്റത്തൊരു കാറിന്റെ ശബ്ദം ഗൗരി കേട്ടത്. അമ്മയും വീട്ടിൽ കൂടെ ഉണ്ടായിരുന്ന അവളുടെ വല്യമ്മയും ഗൗരിയും എല്ലാരും അങ്ങോട്ടു ഒരുമിച്ചാണ് നോക്കിയത്.
കാറിൽ നിന്നും വെളുത്തു സുമുഖനായ ഒരു ചെറുപ്പക്കാരൻ ജീൻസും ഫുൾ സ്ലീവ് ബ്ലാക്ക് ലിനൻ ഷേർട്ടും ഇട്ടു കൊണ്ട് പുറത്തേക്കു ഇറങ്ങി. കൂടെ അയാളുടെ ഒരു സുഹൃത്ത് എന്ന് തോന്നിക്കുന്ന ഒരാളും വേറെ രണ്ടു കാരണവർമാരും ഇറങ്ങുന്നത് ഗൗരി ജനലിലൂടെ കണ്ടു.
ദൈവമേ.. കാത്തോളണേ..എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഗൗരി മുറിയിൽ തന്നെ നിന്നു.!!
വിരുന്നുകാർ ഹാളിൽ ഇരിക്കുകയാണ്. അച്ഛനോടും വല്യച്ചനോടും വരുന്ന സ്ഥലവും വീടും ഒക്കെ പറയുന്നുണ്ട്. കാരണവർമാരുടെ ഒരു അഞ്ചു മിനിറ്റത്തെ സംസാരം കേട്ടു. പിന്നെ അച്ഛന്റെ വിളി വന്നു.
ദേവകീ.. മോളെ വിളിച്ചോളൂ..
ഗൗരി ചായ കപ്പുമായി നേരെ ഹാളിലേക്കു ചെന്നു.!!
ചെറുക്കന്റെ നേരെ ചായയുടെ ട്രേ നീട്ടി. ചെറുക്കൻ ഒരു കപ്പ് ചായ എടുത്തു അവളെ മുഖത്തേക്കു ശരിക്കൊന്നു നോക്കി.
അവൾ ഒരു രണ്ടു സെക്കന്റ് മാത്രം ചായ എടുക്കുമ്പോൾ ചെറുക്കനെ നോക്കി പിന്നെ ചായ ബാക്കി എല്ലാവർക്കും കൊടുത്തു. എന്നിട്ട് ഹാളിലെ കിച്ചണിലേക്കുള്ള വാതിലിന്റെ അടുത്ത് പോയി നിന്നു. അമ്മ പിന്നിൽ അടുത്തുണ്ട്.
ഇതാണ് എന്റെ ആകെയുള്ളൊരു മോൾ. ഗൗരി. Msc maths കഴിഞ്ഞതാ. ഇവിടെ അടുത്തൊരു സ്കൂളിൽ ടീച്ചർ ആയി ജോലി ചെയുന്നു.
ജാതക പ്രശ്‌നം കാരണം ഈ കഴിഞ്ഞ വൃശ്ചികത്തിൽ മുപ്പതു വയസു തികഞ്ഞു. പലരും വരും. ചിലതു ദൂരം ആകും. അല്ലേൽ ജാതക പ്രശ്‌നം. അല്ലേൽ ജോലി. ചിലതു പയ്യന്മാർക് കുട്ടിയെ പറ്റില്ല. അങ്ങിനെ അങ്ങിനെ ഒരു കല്യാണം മുടങ്ങാൻ ആണോ ഇന്നത്തെ കാലത്തു കാരണം ഇല്ലാത്തെ.
അവളുടെ അച്ഛൻ തുടർന്നു..
ആട്ടെ.. മോന്റെ പേരെന്താ. എന്ത് ചെയുന്നു.??
ആദി.. ആദിത് ശങ്കർ.. എന്നാണ് പേര്.. ഇവിടെ സ്റ്റേറ്റ് ബാങ്കിലെ മെയിൻ ബ്രാഞ്ചിൽ അസിറ്റന്റ് മാനേജർ ആണ്.! ചെറുക്കൻ മറുപടി പറഞ്ഞു.
ഓഹ്.. നന്നായി. ബാങ്കിൽ ആണല്ലേ..
മോന്റെ വീട്ടിലൊക്കെ..?? അവളുടെ അച്ഛൻ തുടർന്നു.
വീട്ടിൽ അച്ഛനും അമ്മയും മാത്രമേ ഉള്ളു. ചേച്ചി വിവാഹം കഴിഞ്ഞു ഒരു കുഞ്ഞുമായി സുഖമായി കഴിയുന്നു. കൂടെ വന്നത് അമ്മാവന്മാരും സ്നേഹിതനുമാണ്. ആദി പറഞ്ഞു നിർത്തി.
ആഹ്.. അപ്പോൾ വീട്ടിൽ ഒറ്റ മകൻ ആണല്ലേ. നന്നായി. എന്നാൽ പിന്നെ നമുക്കു ചടങ്ങുകളിലേക്കു കടക്കാം. ചെക്കനും പെണ്ണിനും എന്തേലും സംസാരിക്കാനുണ്ടേൽ അത് നടക്കട്ടെ. മോളെ ഗൗരീ.. അവളുടെ അച്ഛൻ വിളിച്ചു..
മോൻ ഹാളിന്റെ അകത്തേക്കു ചെല്ലൂ.. രണ്ടാളും കൂടി അവിടുന്ന് സൗകര്യം പോലെ സംസാരിച്ചപ്പോളു..
ആദി ഹാളിലേക്കു നടന്നു.. ഗൗരിയും. ആദി ഗൗരിയുടെ മുഖത്തിനു അഭിമുഖമായി നിന്നു. എന്നിട്ട് ചോദിച്ചു. ഗൗരി ഏതു സ്കൂളിലാണ് പഠിപ്പിക്കുന്നത്.?
ഞാൻ ഇവിടെ st.ജോസെഫ് ഹൈസ്കൂളിലാണ് ക്ലാസ് എടുക്കുന്നത്. അവൾ മറുപടി പറഞ്ഞു.
എനിക്ക് ജോലി ചെയ്യുന്ന കുട്ടികളെ ഇഷ്ടമാണ് കേട്ടോ. ഇപ്പോൾ ഗൗരിയേയും. ആദി ഒരു ചെറിയ ചിരി ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞത്.
ഗൗരിയുടെ മുഖം പെട്ടെന്ന് നാണം കൊണ്ട് തുടുത്തു.! അവൾ ഒന്നും മിണ്ടാതെ നാണത്തോടെ തല കുനിച്ചു നിന്നു.
ഞാൻ MBA കഴിഞ്ഞതാണ്. ഇവിടെ ടൗണിൽ ബാങ്കിലാണ് ജോലി. പിന്നെ ഗൗരീ.. കൂടുതൽ ഒന്നും ഞാൻ ചോദിച്ചു മുഷിപ്പിക്കുന്നില്ല. എല്ലാം ഞാൻ വരുന്നതിനു മുൻപേ അറിഞ്ഞിരുന്നു.
ബാക്കി വിവരങ്ങളൊക്കെ അച്ഛനെ അറിയിക്കാം. എന്നോട് വേറെ എന്തേലും ഗൗരിക്കു ചോദിക്കാൻ ഉണ്ടോ.? ആദി സന്തോഷത്തോടെയാണ് ചോദിച്ചത്.
ഇല്ലാ.. എന്ന് അവൾ തലയാട്ടി.
ആദി തിരിച്ചു ഹാളിൽ വന്നിരുന്നു. ഗൗരി കിച്ചണിലേക്കും രക്ഷപെട്ടു.
“എന്നാൽ ആ ജാതക കുറിപ്പ് തന്നാൽ ഞങ്ങൾക്കങ്ങോട്ട്..”കൂടെ വന്ന കാരണവരാണ് അത് പറഞ്ഞത്..
അതെ .. അതെ.. അവളുടെ അച്ഛൻ പറഞ്ഞു മുഴുമിപ്പിക്കുമ്പോളേക്കും അവളുടെ അമ്മ കുറിപ്പ് മുറിയിൽ നിന്നും എടുത്തു കൊണ്ട് വന്ന് അച്ഛന്റെ കൈയിൽ കൊടുത്തു.
അച്ഛൻ ജാതക കുറിപ്പ് കാരണവർക് കൈ മാറി.
കുറിപ്പും വാങ്ങി അവർ യാത്രയാകും വരെ ആ കുടുംബം അവരെ തന്നെ നോക്കി നിന്നു.
ഗൗരിക്ക് എന്തോ മനസിൽ ഒരു സന്തോഷം അനുഭവപെട്ടു. താൻ ഇത്രയും നാൾ കാത്തിരുന്ന തന്റെ ആ ഭാവി വരാൻ ഇയാൾ ആണെന്ന് അവളുടെ മനസ് മന്ത്രിക്കാൻ തുടങ്ങി. ആദി ഏട്ടന് എന്നെ ഇഷ്ടമായി കാണുമോ.! അവളുടെ മനസ്സിൽ ഒരു നൂറായിരം ചിന്തകൾ കടന്നു കൂടി.
ഇത് വരെ തന്നെ പലരും പെണ്ണ് കണ്ടിട്ടുണ്ട്. അന്നൊന്നും ആരോടും അധികം തോന്നാത്ത എന്തോ ഒരു പ്രത്യേക ഇഷ്ടം ആദിയോടു തോന്നുന്നതായി അവൾക്ക് തോന്നി.!! അന്ന് രാത്രി മുഴുവൻ അവൾ ആദിയെ സ്വപ്നം കണ്ടു കിടന്നു. ഈ കല്യാണം എങ്ങിനെയേലും നടക്കാൻ അവൾ ദൈവത്തോട് നന്നായി പ്രാർത്ഥിച്ചു.
രണ്ടു ദിവസം കഴിഞ്ഞു കാണും. ഗൗരി ക്ലാസ് എടുത്തു കഴിഞ്ഞു വൈകിട്ടു വരികയാണ്.
വീട്ടിലേക്കു കയറിയതും ആകെ ഒരു മൂകത. അച്ഛനുണ്ട് ഹാളിൽ സോഫയിൽ തലയില് കൈ വെച്ച് കിടക്കുന്നു. അടുക്കളയിലേക്കു പോയപ്പോൾ അമ്മയുണ്ട് ഭയങ്കര തിരക്കിട്ട പാത്രം കഴുകലുമൊക്കെയായി എന്തൊക്കെയോ തട്ടി കൂട്ടുന്നു.
എന്താ അമ്മേ.. ഇവിടെ ആരേലും മരിച്ചോ..?? ആകെ ഒരു മൂകത. അവൾ ചോദിച്ചു.
അമ്മ ഒന്നും മിണ്ടിയില്ല. അമ്മയോടാ ചോദിച്ചേ. ഗൗരിക്ക് ദേഷ്യം വന്നു.
നിന്റെ ആ ബാങ്ക് ജോലിക്കാരന്റെ ആലോചന മുടങ്ങി. കാരണം വേറെ ഒന്നുമല്ല. നിന്റെ ചൊവ്വ ദോഷം തന്നെ. എന്റെ ഭഗവാനെ. ഏതു നേരത്താണാവോ നിനക്ക് ഈ ജാതക ദോഷം എന്റെ മോളുടെ തന്നെ തലയിൽ എഴുതാൻ തോന്നിയെ. അവളുടെ അമ്മയുടെ മുഖം വാടി.
എന്ത് ചെയ്യാനാ മോളേ.. ഒട്ടും പൊരുത്തം ഇല്ലാ. ഈ വിവാഹം നടന്നാൽ ഒരു വർഷത്തിൽ കൂടുതൽ നിങ്ങൾ രണ്ടു പേരും ഒരുമിച്ചു വാഴില്ലെന്നാ പറയുന്നേ. ഗൃഹ പൊരുത്തം ഒട്ടും ഇല്ലത്രെ. പിന്നെ എങ്ങിനെയാ മോളേ നമ്മൾ ഇതു നടത്തുക.? ന്റെ കുട്ടി സന്തോഷത്തോടെ ദീർഘ കാലം ജീവിക്കും തോന്നുണ്ടോ ഇതു നടന്നാൽ.
ജീവിത കാലം മുഴുവൻ അതൊരു ദുഃഖമായി മാറും. അത് വേണോ മോളേ.? നിനക്കുള്ള ചെക്കൻ വേറെ എവിടെയോ ഉണ്ട്. അടുത്ത രണ്ടു കൊല്ലത്തിനുള്ളിൽ ശരി ആകുമെന്ന പണിക്കർ പറഞ്ഞത്. അച്ഛനാണ് ഇതെല്ലാം പറഞ്ഞു നിർത്തിയത്.!!
രണ്ടു പേരും മാറി മാറി അവളെ ശാസിക്കുന്നതു കണ്ടപ്പോൾ അവൾ ആഗ്രഹിച്ച ജീവിതം നഷ്ടപ്പെടും എന്ന് കൂടി ആയപ്പോൾ ദേഷ്യവും നിരാശയും നഷ്ടബോധവും എല്ലാംകൂടി കൂടി കലർന്ന് പെട്ടെന്ന് സകല നിയന്ത്രണവും വിട്ട് ഗൗരി പൊട്ടിത്തെറിച്ചു.
“ജാതകം… ജാതകം. ജാതകം.” ഏതു നിയമത്തിലാ ജാതകം നന്നായാൽ ജീവിത കാലം മുഴുവൻ സന്തോഷം മാത്രമേ ഉണ്ടാകു എന്ന് പറഞ്ഞത്.? എല്ലാരോടും ഉത്തരം പറഞ്ഞു ഞാൻ മടുത്തു.
പത്തിൽ പത്തു പൊരുത്തം ഉള്ള എത്ര പേർ ജീവിത കാലം മുഴുവൻ സന്തോഷത്തോടെ കഴിയുന്നവരെ അച്ഛന് അറിയാം.?? ജാതകം നോക്കി കെട്ടി ഒരു വർഷം പോലെ തികയാതെ പിരിഞ്ഞ എത്ര പേരുണ്ട് ഈ നാട്ടിൽ.??
ഇതൊന്നും നോക്കാതെ അവരൊക്കെ സുഖമായി കഴിയുന്നില്ലേ.?? പിന്നെ നമ്മൾ മാത്രം എന്താണ് ഈ പ്രത്യേക നിയമം.??? പ്രേമിച്ചവരും ചാടി പോകുന്നവരും ഒന്നും ജാതകം നോക്കാറില്ല. എട്ടു വർഷത്തോളമായി ഞാൻ പലർക്കും ചായ കൊണ്ട് കൊടുക്കുന്നു.
മതിയായി അമ്മേ എനിക്ക്.. ഇങ്ങിനെ ഒരുങ്ങി നിന്ന് എല്ലാരുടെ മുന്നിലും ഒരു കോമാളിയായി നിന്ന് കൊടുക്കാൻ.!! എന്റെ നല്ല പ്രായം ഒക്കെ ഈ ഒരു സാധനത്തിന്റെ പേരും പറഞ്ഞു എല്ലാരും കൂടി ഇല്ലാണ്ടാക്കി.. ഇനിയെനിക്ക് വയ്യാ അമ്മേ.!! അവൾ സങ്കടം കൊണ്ട് മുഖം പൊത്തി പൊട്ടി കരഞ്ഞു പോയി..!!
ദേവകിയമ്മ അവളുടെ തോളിൽ കൈ വെച്ചു..
“മോളേ.. നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. നിന്റെ ഭാവിയെ ഓർത്താ ഞങ്ങൾ..”
അമ്മ പറഞ്ഞു മുഴുമിപ്പിക്കും മുൻപേ അവൾ അമ്മയുടെ കൈ ദേഷ്യത്തോടെ തട്ടി മാറ്റി.
“ഭാവി.. കേൾക്കണ്ട എനിക്ക്. എന്നിട്ടിപ്പോൾ നല്ല ഭാവിയുണ്ടല്ലോ അല്ലെ. കാണിച്ചു തരാം ഞാൻ എല്ലാർക്കും എന്താ വേണ്ടത് എന്ന്. എന്റെ ഭാവി നിശ്ചയിക്കുന്നത് എന്റെ ജാതകം അല്ലെ. എടുക്കമ്മേ എന്റെ ജാതകം.
എനിക്കിപ്പോൾ കാണണം എന്റെ ഒരു ഭാവി. അവൾ കലി പൂണ്ടു തുള്ളി അമ്മയുടെ റൂമിലേക്ക് ഓടി. അമ്മയുടെ മേശ രണ്ടു മൂന്നെണ്ണം തുറന്നപ്പോൾ അവളുടെ ജാതകം എഴുതിയ പുസ്തകം കിട്ടി. അവളത് എടുത്തു ചുരൂട്ടി ഞെരുക്കി കൈയിൽ പിടിച്ചു അടുക്കയിലേക്ക് നടന്നു.
മോളെ.. ഗൗരി.. വേണ്ട.. വേണ്ടാത്തതൊന്നും ചെയ്യരുത്.!!! അവളുടെ അമ്മ തടയാനായി അവളുടെ പിന്നാലെ ഓടി.!! അച്ഛനും.!!
എന്നെ തടയേണ്ട അമ്മേ.. എനിക്കറിയാം എന്റെ ഭാവി തീരുമാനിക്കാൻ.. അവളുടെ ദേഷ്യം ഒരിറ്റു പോലും കുറഞ്ഞില്ല. അമ്മയും അച്ഛനും അവളെ പിടിച്ചു വെച്ച് അത് വാങ്ങാൻ ശ്രമിച്ചെങ്കിലും അവൾ രണ്ടു പേരെയും കുതറി മാറ്റി ജാതകമെടുത്തു നേരെ ഒരൊറ്റയേറ്…
കത്തിയെരിയുന്ന അടുപ്പിലേക്ക്.
ഗൗരീ. അതും പറഞ്ഞു അമ്മ കരണ കുറ്റി നോക്കി അവളെ ആഞ്ഞൊരടി.
അടിയുടെ ആഗാദത്തിൽ ഒന്ന് രണ്ടു പൊന്നീച്ച കണ്ണിൽ നിന്നും പറന്നു പോയതായി അവൾക്ക് തോന്നിയെങ്കിലും അവൾ വാശി വിടാതെ അമ്മയോടും അച്ഛനോടുമായി പറഞ്ഞു.
“നിങ്ങളുടെ മോളുടെ ഭാവി ദേ അടുപ്പിൽ കിടന്നു കത്തിയമരുന്നു.” ഇനി ഞാൻ കാണിച്ചു തരാം ഇതില്ലാതെ എങ്ങിനെയാ ഞാൻ ജീവിക്കുന്നെ എന്ന്.അത്രയും പറഞ്ഞു അവൾ ദേഷ്യത്തോടെ സങ്കടവും അടക്കി പിടിച്ചു മുറിയിൽ പോയി വാതിൽ കൊട്ടിയടച്ചു കിടന്നു.! കട്ടിലിൽ തലയിണയിൽ പിടിച്ചു അവൾ ഒരുപാട് പൊട്ടി കരഞ്ഞു.
കരഞ്ഞു കരഞ്ഞു എപ്പോളോ അവൾ മയങ്ങി പോയി. ഒരു മൂന്ന് നാല് മണിക്കൂർ കഴിഞ്ഞു അവൾ ഉണർന്നു. സമയം നോക്കിയപ്പോൾ രാത്രി 10 മണി കഴിഞ്ഞിരിക്കുന്നു. വാതിൽ തുറന്നപ്പോൾ ഡൈനിങ്ങ് ഹാളിൽ ഭക്ഷണം അമ്മ മൂടി വെച്ചിരിക്കുന്നു.
അവർ രണ്ടു പേരും നേരത്തെ കിടന്നെന്നു അവൾക്ക് മനസിലായി. ഭക്ഷണം കഴിക്കാൻ അവൾക്ക് തോന്നിയില്ല. വീണ്ടും റൂമിൽ വന്നു ഫോൺ എടുത്തു നോക്കിയപ്പോൾ ഫേസ്ബുക്കിലെ മെസ്സൻജർ പേജിൽ രണ്ടു മെസേജ് വന്നു കിടക്കുന്നു.തുറന്നു നോക്കിയപ്പോൾ ആദിത് ശങ്കർ.
“ഹായ്. ഹലോ..” എന്ന് മാത്രം അവളുടെ മനസ്സ് പെട്ടെന്ന് എങ്ങോട്ടൊക്കെയോ ഓടി. അവൾ മെസേജ് വായിച്ചതും ആദി ഓൺലൈനിൽ വന്നു. ആദിയുടെ അടുത്ത മെസേജ് വന്നു.
“ഞാനും എല്ലാം അറിഞ്ഞു ഗൗരി. നമ്മുടെ ജാതകം ഒരിക്കലും ചേരില്ല. പക്ഷെ എന്നാലും ഞാൻ ഒരു കാര്യം സത്യമായി പറയട്ടേ. എനിക്ക് ഗൗരിയെ ഒറ്റ നോട്ടത്തിലെ ഭയങ്കര ഇഷ്ടമായിട്ടുണ്ട്. ഗൗരിയെ സ്വന്തമാക്കാൻ അതിയായ ആഗ്രഹം ഉണ്ട്. എനിക്കി പണ്ടേ ഈ ജാതകത്തിലും പൊരുത്തത്തിലും ഒന്നും വിശ്വാസമില്ല.
രണ്ടു വ്യസ്ത്യസ്ത സാഹചര്യങ്ങളിൽ വളർന്നു വന്ന രണ്ടു പേർ ഒരുമിച്ചു ജീവിക്കുമ്പോൾ മനഃപൊരുത്തമല്ലേ വേണ്ടത്.? അതിനേക്കാൾ വലുതാണോ ബാക്കി പൊരുത്തം.? ഗൗരിയൊന്ന് ഞാൻ പറഞ്ഞത് ചിന്ദിച്ചു നോക്കൂ. എന്റെ വീട്ടിൽ അമ്മക്കും അച്ഛനും ഇതിലൊന്നും അത്ര വിശ്വാസമില്ല…
പിന്നെ കാരണവർമാരുടെ തീരുമാനം കൊണ്ടാണ് ജാതകം പറ്റില്ല എന്ന് ഗൗരിയുടെ അച്ഛനെ അവർ വിളിച്ചു പറഞ്ഞെ. ഞാൻ എന്തായാലും ഒരു കാര്യം തീരുമാനിച്ചു. കെട്ടുന്നെകിൽ അത് ഗൗരിയെ മാത്രമേ കെട്ടുള്ളു. എനിക്കും മടുത്തു ഈ പെണ്ണ് കാണൽ പരുപാടി. എന്റെ വീട്ടുകാരെ ഞാൻ പറഞ്ഞു മനസിലാക്കി സമ്മതിപ്പിച്ചോളാം.
ജാതകവും പൊരുത്തവും ബുധനും ശുക്രനും ശനിയും ഒന്നും നോക്കാതെ ഗൗരിക്ക് എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു കൂടെ.?? ഞാൻ ഒന്നൂടി വീട്ടിൽ വരും എന്റെ വീട്ടുകാരുമായി സമ്മതം വാങ്ങീട്ട്.! അന്ന് ഗൗരിക്കു എന്നെ ഇഷ്ടമാണേൽ ഈ വിവാഹത്തിന് സമ്മതിക്കണം.
അത്രക്കും എനിക്ക് ഗൗരിയെ ഇഷ്ടമായതോണ്ടാണ് ഇങ്ങിനെയൊക്കെ പറയുന്നത്. അത്രയും പറഞ്ഞു ആദി നിർത്തി.. പിന്നെ ഗൗരി നോക്കിയപ്പോൾ ആദിയെ ഓൺലൈൻ കണ്ടില്ലാ. അന്ന് മുഴുവൻ അവൾ ഒരുപാട്ആലോചിച്ചു.
പിറ്റേന്ന് അവൾ അച്ഛനോടും അമ്മയോടും എല്ലാം പറഞ്ഞു. ഉറച്ച സ്വരത്തിൽ തന്നെ.
ആദിയെ അല്ലാതെ മറ്റൊരാളെ അവളിനി വിവാഹം കഴിക്കില്ല എന്ന്. ഇതിന്റെ പേരിൽ ഇനി അവളുടെ ജീവിതത്തിൽ എന്ത് നഷ്ടം വന്നാലും അത് സഹിക്കാൻ അവൾ തയാറാണെന്ന വാശിയോടെയുള്ള അവളുടെ ഉറച്ച തീരുമാനത്തിൽ അവളുടെ അച്ഛനും അമ്മക്കും മുട്ട് മടക്കേണ്ടി വന്നു.
അങ്ങിനെ ജാതകവും പൊരുത്തവും ഗുണവും ദോഷവും ഒന്നും നോക്കാതെ മംഗളകരമായി ആദി ഗൗരിയുടെ കഴുത്തിൽ താലി ചാർത്തി.
അങ്ങിനെ ഗൗരിക്കും ഒരു ജീവിതമുണ്ടായി.. ഗൗരി ഒരു ഭാര്യയായി.. അമ്മയായി.. മുത്തശ്ശിയായി.. മുതു മുത്തശിയായി.
വർഷങ്ങൾ പലതും കഴിഞ്ഞു. ഒരിക്കൽ മരുമോൾ പേരകുട്ടിയുടെ ജാതക കുറിപ്പുമായി ഗൗരിയമ്മൂമ്മയുടെ അടുത്തെത്തി.. എന്നിട്ട് പറഞ്ഞു മുത്തശ്ശി.. മാളുവിന്റെ ജാതകം ഞാൻ ഇന്ന് പണിക്കരെ കൊണ്ട് നോക്കിച്ചു.!! അവൾക്കു ചൊവ്വാ ദോഷമാണത്രെ എന്നാ പണിക്കർ പറഞ്ഞെ.
ഇത് കേട്ടപ്പോൾ ഒരു പൊട്ടിച്ചിരിയായിരുന്നു ഗൗരി മുത്തശിയുടെ മുഖത്തു വന്നെ. എന്നിട്ട് പൊട്ടി ചിരിച്ചു കൊണ്ട് ഗൗരിയമൂമ്മ മരുമോളെ ഒന്നു നോക്കി വായിലെ മുറുക്കാൻ പുറത്തേക്കു തുപ്പി ചാരു കസേരയിലേക്ക് തല ചായ്ച്ചു കൊണ്ട് “ഇതൊക്കെയെന്ത്” എന്ന മട്ടിൽ പറഞ്ഞു.. “നാരായണാ.. നാരായണാ.”