ആദ്യരാത്രിയിൽ പെണ്ണിനേയും കൊണ്ട് പുറത്തോട്ട് ഇറങ്ങുന്നത് കണ്ട എന്റെ അച്ഛനും അമ്മയും സംശയത്തോടെ നോക്കുന്നത് കണ്ടിട്ട് , ഞാൻ ഒന്ന് പരുങ്ങിയെങ്കിലും

(രചന: ഷാനുക്ക)

 

എനിക്ക് അയാളെ ഒന്ന് കാണണം എന്നവൾ പറഞ്ഞു നിർത്തും മുന്നേ ഞാൻ പറഞ്ഞിരുന്നു നീ ഒരുങ്ങി വാടിന്ന് …

 

ആദ്യരാത്രിയിൽ പെണ്ണിനേയും കൊണ്ട് പുറത്തോട്ട് ഇറങ്ങുന്നത് കണ്ട എന്റെ അച്ഛനും അമ്മയും സംശയത്തോടെ നോക്കുന്നത് കണ്ടിട്ട് , ഞാൻ ഒന്ന് പരുങ്ങിയെങ്കിലും പോയിട്ട് വരട്ടെ അച്ഛാ എന്നുള്ള അവളുടെ ചോദ്യത്തിന് അച്ഛൻ തലയാട്ടുന്നത് കണ്ടു , ഒരു പെണ്ണ് കെട്ടിയാൽ എങ്കിലും അവൻ നേരെയാകുമെന്ന് കരുതിയതാ , ഇതിപ്പോൾ വന്ന് കയറിയതും അവനെക്കാൾ കേമമാണല്ലോന്ന് അമ്മയുടെ വാക്ക് ബുള്ളറ് സ്റ്റാർട്ട് ചെയ്‌തപ്പോഴേക്കും എന്റെ ചെവിയിൽ പതിഞ്ഞിരുന്നു …

 

മുന്നോട്ടുള്ള യാത്രയിൽ എന്നെ മുട്ടാതിരിക്കാൻ അവളൊരു അകലം പാലിക്കുന്നത് കണ്ടിട്ടാണ് അവളോട് എന്താടോ ആ ആവേശം കഴിഞ്ഞപ്പോൾ , ഇപ്പോൾ വേണ്ടായിരുന്നുവെന്ന് തോന്നുന്നുണ്ടോ ഈ കല്യാണം എന്നെന്റെ വാക്ക് കേട്ട് അന്തം വിട്ട് അവൾ എന്നെ നോക്കുന്നത് കണ്ണാടിയിലൂടെ എനിക്ക് കാണാമായിരുന്നു …

 

കൂട്ടുകാരൻ സുജിത്തിന്റെ പെങ്ങളുടെ കല്യാണത്തിന് ഭക്ഷണം വിളമ്പാൻ നിന്ന ഞാൻ പെട്ടെന്ന് പുതിയ ചെറുക്കനായത്

ചെറുപ്പത്തിലേ ഇവളോടുള്ള ഇഷ്ടം കൊണ്ട് മാത്രമല്ല , ആറു വർഷമായി അവൾ പ്രണയിച്ച കല്യാണ ചെക്കൻ മുഹൂർത്തത്തിന് മുമ്പായി നൽകാമെന്ന് ഏറ്റ സ്ത്രീധന തുക നൽകാത്തത് കൊണ്ട് പിന്മാറിയത് കൊണ്ടും കൂടിയാണ് …

 

അവളോടുള്ള ഇഷ്ടത്തെക്കാൾ , അവൻ തന്റെ ചങ്കായത് കൊണ്ട് മറച്ചു വെച്ച ആ ഇഷ്ടം , അവള്ക്കു ഒരു ഇഷ്ടമുണ്ടാട നമ്മുക്ക് ഒന്ന് പോയി അവരെ കാണണമെന്ന് കൂട്ടുകാരൻ പറഞ്ഞപ്പോഴും അവന്റെ കൂടെ , അവരെ കണ്ട് വാക്ക് പറഞ്ഞു തിരിച്ചു വീട്ടിൽ എത്തി, അവളോട് രഹസ്യമായി “ചെക്കനെ എനിക്കിഷ്ടായി , പക്ഷേ അടുത്ത ജന്മത്തിൽ എനിക്കായി വേണം ജനിക്കാണെന്ന് ” പറഞ്ഞു അവിടെ നിന്ന് ഇറങ്ങുമ്പോഴും അവളുടെ കണ്ണുകളിൽ ഒരമ്പരപ്പ് ഞാൻ കണ്ടിരുന്നു …

 

ചെറുക്കൻ പിന്മാറിയത് അറിഞ്ഞു വിഷമിച്ചു നിന്ന കൂട്ടുകാരന്റെ കയ്യിൽ പിടിച്ചു , നിനക്ക് ഇഷ്ടമാണെങ്കിൽ അവളെ ഞാൻ കെട്ടിക്കോട്ടെ എന്ന എന്റെ ചോദ്യം കേട്ട് , എന്നെ ഒന്ന് കെട്ടിപ്പിടിച്ചിട്ട് , കൈപിടിച്ചു മണ്ഡപത്തിലേക്ക് നടത്തിയതും , കോട്ടും കുരവയും താലിക്കെട്ടുമേല്ലാം കഴിഞ്ഞതും വളെരെ പെട്ടെന്ന് തന്നെയായിരുന്നു …

 

അതാണ് അവന്റെ വീട് , എന്നവളുടെ വാക്കാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത് , മുറ്റത്തു തന്നെ ഒന്ന് രണ്ടു പേരോടൊപ്പം അവനും നിൽപ്പുണ്ട് , പെട്ടെന്നുള്ള അവളുടെ വരവ് കണ്ട് അവൻ അന്തം വിട്ട് നിൽക്കുന്നറ്റും പ്രതീക്ഷിക്കാതെ അവൾ അവന്റെ കാരണത്ത് അടിച്ചത് ഒരുമിച്ചായിരുന്നു…

 

തിരിച്ചു വന്ന് എന്റെ പോക്കറ്റിൽ നിന്ന് കുറച്ചു പൈസയെടുത്തു അവന്റെ മുഖത്തേക്ക് എറിഞ്ഞിട്ട് , അന്ന് നീ പെണ്ണുകാണാൻ വന്നപ്പോൾ ഡീസൽ അടിച്ച വകയിൽ ഇരുന്നോട്ടെന്ന് പറഞ്ഞിട്ട് , എന്റെ പുറകിൽ അവൾ വന്ന് കയറിയിരുന്നപ്പോഴും കിട്ടിയ അടിയുടെ ഷോക്കിൽ നിന്നും അവൻ ഉണർന്നിരുന്നില്ല ..

 

തിരിച്ചുള്ള യാത്രയിൽ , വീണ്ടും ആ അകലം പാലിക്കുന്നത് കണ്ടിട്ടാണ് ഞാൻ പറഞ്ഞത് , എനിക്ക് മനസിലാകും നിന്നെ , എന്നെ ഉൾക്കൊള്ളാൻ കുറച്ചു സമയം വേണ്ടിവരുമെന്നതും , സാരമില്ല ഞാൻ കാത്തിരുന്നോളാം എന്ന പറഞ്ഞു തീരും മുമ്പേ അവളുടെ കയ്യ് എന്റെ വയറിന്റെ മുകളിൽ ചേർത്തു് വെച്ചിരുന്നു , എത്രനാൾ കൂടെയുണ്ടായിരുന്നു എന്നതിലല്ല എത്രത്തോളം മനസ്സിലാക്കി എന്നിടത്താണ് വിജയം എന്ന എന്റെ ചെവിയിൽ അവൾ പറഞ്ഞപ്പോഴും അവളുടെ കണ്ണുകളിൽ എനിക്ക് കാണാൻ കഴിഞ്ഞിരുന്നു , ഒരാണ്കുട്ടിയെ തന്നെ തനിക്ക് ഇണയായി കിട്ടിയതിന്റെ സന്തോഷം ….

Leave a Reply

Your email address will not be published. Required fields are marked *