(രചന: J. K)
“”” വിശ്വേട്ടാ… ദേ അവര് വന്നിട്ടുണ്ട് ധന്യ ഭർത്താവിനോട് ചെന്ന് പറഞ്ഞു ഞാനിതാ വന്നു എന്ന് പറഞ്ഞേക്ക്..
എന്ന് പറഞ്ഞ് വേഗം ഷർട്ട് എടുത്തിട്ടു…
താഴേക്ക് നടന്നപ്പോൾ ഏട്ടന്മാർ എല്ലാവരും അവിടെ കസേരയിൽ ഇരിക്കുന്നതാണ് വിഷൻ കണ്ടത് അവരുടെ അടുത്തേക്ക് ചെന്നപ്പോൾ ആരുടെയും മുഖത്ത് ഒരു സന്തോഷവും കണ്ടില്ല അയാൾ അവരുടെ അരികിൽ പോയിരുന്നു…
“”” എന്തേ ഇപ്പോൾ നിനക്ക് ഇങ്ങനെ തോന്നാൻ ഇവിടെ വിറ്റ് വേറൊരു സ്ഥലത്തേക്ക് പോകാൻ??”””
വല്യേട്ടനാണ് ചോദിച്ചത് അയാൾ കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നു എന്നിട്ട് പറഞ്ഞു…
“””” എവിടേക്കെങ്കിലും അല്ലല്ലോ പോകുന്നത് ധന്യയുടെ നാട്ടിലേക്ക് അല്ലേ അവിടെ അവരുടെ വീട്ടുകാരെല്ലാം ഇല്ലേ?? “”
അപ്പോഴേക്കും അവർ ദേഷ്യത്തോടെ അയാളെ നോക്കിയിരുന്നു നിനക്ക് നാണമില്ലേ അച്ചി വീട്ടിന്റെ അവിടെ പോയി വീട് വയ്ക്കാൻ….
“””” ഏട്ടാ എന്നെക്കൊണ്ട് കൂടുതൽ ഒന്നും നിങ്ങൾ പറയിപ്പിക്കരുത് എനിക്ക് ഇതിനെപ്പറ്റി കൂടുതൽ ഒന്നും സംസാരിക്കാൻ താല്പര്യം ഇല്ല അതുകൊണ്ട് നിങ്ങൾക്ക് എല്ലാവർക്കും പോകാം… “””
എന്ന് പറഞ്ഞപ്പോൾ മുഷിഞ്ഞു തന്നെയാണ് അവരെല്ലാവരും അവിടെ നിന്നും പോയത്….
“”” എന്നാലും ഇങ്ങനെയൊന്നും പറയേണ്ടിയിരുന്നില്ല എന്ന് ധന്യ പറഞ്ഞപ്പോൾ അയാൾക്ക് ഒട്ടും കുറ്റബോധം തോന്നിയില്ല….
അമ്മയുടെ നാല് ആൺകുട്ടികളിൽ ഏറ്റവും ഇളയതായിരുന്നു താൻ അതുകൊണ്ടുതന്നെ മൂത്തവരെല്ലാവരും വളരെ ബഹുമാനത്തോടെയും സ്നേഹത്തോടെയും മാത്രമേ കണ്ടിട്ടുള്ളൂ …
വീട് ഭാഗം വച്ചു കഴിഞ്ഞ് ഇവിടെ തന്നെ ഒരു വീട് വെച്ച് അവരുടെ ഇടയിൽ തന്നെ നിൽക്കണം എന്നതായിരുന്നു തന്റെ ഏറ്റവും വലിയ മോഹം….
ദൂരെ ദൂരെ എവിടെയെങ്കിലും പോയി കഴിഞ്ഞാൽ ഒരുപക്ഷേ അവരുമായുള്ള ആ കണക്ഷൻ പോകുമോ എന്നായിരുന്നു എന്റെ ഭയം….
ദുബായിൽ ജോലിയുള്ളതുകൊണ്ട് ധന്യ പലപ്പോഴും പറഞ്ഞിരുന്നു ഇവിടെ നിന്നാൽ അവൾക്കും കുഞ്ഞുങ്ങൾക്കും ബുദ്ധിമുട്ടാകും അവളുടെ നാട്ടിലേക്ക് പോയിട്ട് അവിടെ ഒരു വീട് വെച്ചാൽ എല്ലാവരും സഹായത്തിന് ഉണ്ടാകും എന്ന്….
താൻ അപ്പോഴൊക്കെയും അവളെ പരിഹസിക്കുകയും കളിയാക്കുകയും ആണ് ചെയ്തത് ഭാര്യ വീടിനടുത്ത് വീട് വെക്കാൻ എന്നെ കിട്ടില്ല എനിക്ക് എന്റെ നാടുണ്ട് എന്ന്…..
അപ്പോഴൊക്കെയും അവൾ കുറച്ച് സങ്കോചത്തോടെ എങ്കിലും പറഞ്ഞിരുന്നു ഇവരാരും ഒരു സഹായത്തിനും വരില്ല എന്ന് അത് കേട്ട് ദേഷ്യപ്പെടുകയാണ് ചെയ്തത് എന്റെ ഏട്ടന്മാരാ എല്ലാത്തിനും കൂട്ടുണ്ടാവും എന്ന് ഞാൻ അവളോട് പറഞ്ഞു…
ഒരുപാട് അകലെയായിരുന്നു അവളുടെ വീട് ഏകദേശം രാവിലെ പുറപ്പെട്ടാൽ വൈകുന്നേരം മാത്രമേ അവളുടെ നാട്ടിലേക്ക് എത്തിപ്പെടാൻ കഴിയുള്ളൂ…
ഇവിടെ ഏട്ടന്മാർക്ക് എന്ത് ആവശ്യം വന്നാലും നിവർത്തിച്ചു കൊടുക്കുന്നത് ഞാനായിരുന്നു കടം വാങ്ങിയാണെങ്കിലും അവർക്കുള്ള പൈസ അയച്ചുകൊടുക്കും…
അതുകൊണ്ടുതന്നെ ലീവിന് വന്നിട്ടുണ്ടെങ്കിൽ അവരെല്ലാം വളരെ സ്നേഹപൂർവ്വമാണ് എന്നോട് പെരുമാറിയിരുന്നത്…
കൊറോണയായത് കൊണ്ട് ഗൾഫിൽ നിന്ന് എല്ലാവരും ജീവനും കൊണ്ട് നാട്ടിലേക്ക് യാത്ര തിരിച്ചു ഞാനും അതിൽപ്പെട്ടു എനിക്ക് ധന്യയുടെയും കുട്ടികളുടെയും കാര്യം ഓർത്ത് വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു ഇവിടെ നിന്നും എനിക്ക് എന്തെങ്കിലും പറ്റി പോയാൽ അവർക്ക് പിന്നെ ആരാ എന്നതായിരുന്നു എന്റെ പേടി അതുകൊണ്ട് ഞാനും ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് പോകാൻ തയ്യാറായി….
പോകുമ്പോഴേ എനിക്ക് ചെറുതായി ചുമയുണ്ടായിരുന്നു. അങ്ങനെ നാട്ടിലെത്തി..
കൊറോണ എന്ന് പറഞ്ഞാൽ ഭീകരമായിരുന്നു ആ സമയത്തെല്ലാം…
മരുന്നു പോലും കണ്ടുപിടിച്ചിട്ടില്ല അതുകൊണ്ടുതന്നെ ദുബായിൽ നിന്ന് വന്ന ഞാൻ വീട്ടിൽ കോറന്റൈനിൽ ഇരിക്കേണ്ടി വന്നു…
ആരും വീടിന്റെ അടുത്ത് പരിസരത്തേക്ക് പോലും വരാതായി..
എനിക്ക് ചെറുതായി പനിക്കുന്നുണ്ടായിരുന്നു അതോടെ എല്ലാവരും ഉറപ്പിച്ചു ഇത് കൊറോണ തന്നെയാണ് എന്ന്…
വീട്ടിലെ സാധനങ്ങളൊക്കെ തീർന്നിരിക്കുകയായിരുന്നു ധന്യ വാങ്ങാൻ വേണ്ടി പുറത്തേക്കിറങ്ങിയതും നാട്ടുകാർ തടഞ്ഞു ഇനി എന്തെങ്കിലും വേണമെന്നുണ്ടെങ്കിൽ ആരോടെങ്കിലും പറഞ്ഞു വേടിപ്പിച്ചാൽ മതി എന്നും ആരും പുറത്തിറങ്ങരുത് എന്നും അവർ കർശനമായി തന്നെ ധന്യയോട് പറഞ്ഞു. വേറെ വഴിയില്ല…..
എന്റെ ചേട്ടന്മാരോട് വിളിച്ചുപറഞ്ഞാൽ അവർ കൊണ്ടുവരും എന്നു പറഞ്ഞു ഞാൻ അവളോട്… പക്ഷേ അവരാരും അങ്ങോട്ട് തിരിഞ്ഞു പോലും നോക്കിയില്ല പനി കൂടി എനിക്ക് ഒട്ടും വയ്യാത്ത അവസ്ഥയായി ധന്യ ആകെ പരിഭ്രമിച്ചു അവൾ ഫോൺ ചെയ്ത് ഏട്ടന്മാരെ വിളിച്ച് കാര്യം പറഞ്ഞു. അവർ ഓടി വരും എന്നാണ് അപ്പോഴും ഞാൻ കരുതിയത് പക്ഷേ അതും ഉണ്ടായില്ല പാരസെറ്റമോളോ മറ്റോ വാങ്ങി മതിലിനു മുകളിൽ കൊണ്ട് വെച്ച് അവർ പോയി…
ഇപ്പോഴാണ് എനിക്ക് അവൾ പറയാറുള്ളതിലെ കഴമ്പ് മനസ്സിലായത് അവരൊന്നും ഒരു സഹകരണവും ഇല്ല എന്ന് ഞാൻ ഇവിടെയൊക്കെ ലീവിന് വരുമ്പോൾ മാത്രമാണ് അവർ ഇങ്ങോട്ട് വരുന്നതും എപ്പോഴും കൂടെയുള്ളതായി കാണിക്കുന്നതും…
ഞാൻ പോയി കഴിഞ്ഞാൽ തന്നെയും മക്കളും തീർത്തും തനിച്ചാണ് അവൾ അവളുടെ അനിയനെ വിളിച്ചുപറഞ്ഞു കേട്ടപാതി അവൻ കാറും എടുത്തു വന്നു…
അവനാണ് എന്നെ ആശുപത്രിയിൽ എത്തിച്ചത് രാവും പകലും അവൻ കൂടെയുണ്ടായിരുന്നു സ്വന്തം ആരോഗ്യം പോലും നോക്കാതെ…
എനിക്കെന്തോ കുറ്റബോധം തോന്നിത്തുടങ്ങിയിരുന്നു അവൾ പറഞ്ഞതൊന്നും ഇതുവരെ കേട്ടിട്ടില്ല അവളുടെ വീടിനടുത്ത് വീടുണ്ടാക്കാം എന്ന് പറഞ്ഞപ്പോൾ ഞാൻ അവളോട് ദേഷ്യപ്പെടുകയാണ് ചെയ്തത് ഇപ്പോൾ എനിക്കും മനസ്സിലായിരുന്നു അവൾ പറഞ്ഞതിന്റെ പൊരുൾ….
ഞാൻ വീട് കൊടുക്കാൻ തീരുമാനിച്ചു പകരം അവിടെ അവളുടെ വീടിന് അരികിൽ ഒരു വീടുണ്ടാക്കാനും കാരണം, അവൾ ഒരു പാവമാണ് പുറംലോകത്തെപ്പറ്റി വലിയ ധാരണകൾ ഒന്നുമില്ല ഇവിടെ ഒറ്റയ്ക്കുള്ള താമസം അവളെ സംബന്ധിച്ചിടത്തോളം ഭീകരമാണ് അവിടെയാകുമ്പോൾ ആരെങ്കിലും ഒക്കെ സഹായത്തിന് കാണുമല്ലോ….
അത് പറഞ്ഞപ്പോൾ ഏട്ടന്മാർ എല്ലാംകൂടി ഓടിവന്നിരുന്നു അത് തടയാൻ പക്ഷേ ഞാൻ അവർക്ക് നിന്നു കൊടുത്തില്ല.. ഞാനിവിടെ നിന്ന് പോകുന്നത് അവർക്ക് വലിയ ക്ഷീണമാണ് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എല്ലാം പിട
വിളിക്കുന്നത് എന്നെയാണ് പക്ഷേ ഇത്തവണ അവർ ഓർത്തില്ല ഇങ്ങനെയൊരു കാര്യം ഞാൻ ചെയ്തു കളയുമെന്ന്….
അവളുടെ വീടിനു തൊട്ടരികിൽ ഉള്ള ഒരു വീടും സ്ഥലവും ഞാൻ വാങ്ങിച്ചു ഇത്തവണ പോകുമ്പോൾ അവളെയും കുട്ടികളെയും അവിടെ ആക്കിയിട്ടാണ് ഞാൻ പോയത് എല്ലാ തവണ പോകുന്നതിനേക്കാൾ മനസമാധാനം ഉണ്ടായിരുന്നു…
നമ്മൾ വളരെ അടുപ്പമുള്ളത് എന്ന് വിചാരിക്കുന്ന പലരുടെയും യഥാർത്ഥ സ്വഭാവം തിരിച്ചറിയണമെങ്കിൽ ഒരു ആപത്ത് വരേണ്ടിവരും…
അപ്പോൾ അവർ നമ്മുടെ നേർക്ക് മുഖം തിരിക്കും..
ജീവിതത്തിൽ നിന്നും പറിച്ചെടുത്ത ഒരു ഏട്…..
Jk