മക്കൾക്കും മരുമക്കൾക്കും ഞാനൊരു ഭാരമായി മാറിയത്. കേസെങ്ങാനും ജയിച്ചിരുന്നുവെങ്കിൽ പത്തമ്പത് ലക്ഷത്തിന്റെ വകയുണ്ടായിരുന്നേനെ.

(രചന: ശ്രീജിത്ത് ഇരവിൽ)

കിടക്കയിലാകെ ചൂട് നനവ് പടർന്നപ്പോഴാണ് ഞാൻ ഉണർന്നത്. മുള്ളിയിട്ട് വന്ന് കിടക്കെന്ന് ബോധം നിർദ്ദേശിക്കും മുമ്പേ സംഗതി നടന്നിരിക്കുന്നു. ഇതും കൂടി കൂട്ടി മൂന്നാമത്തെ വട്ടമാണ് കിടക്കപ്പായിൽ ഞാൻ ഇങ്ങനെ മുള്ളുന്നത്…

 

പ്രായം കുഞ്ഞ് വില്ലനായി എന്നെ പിടികൂടിയിരിക്കുന്നു. മനസ്സെത്തുന്ന ഇടത്തേക്ക് കണ്ണും കാതും വരാൻ മടിക്കുന്നു. ഇതിപ്പോൾ മൂത്ത മരുമകൾ അറിഞ്ഞാൽ അവളുടെ വായിലിരിക്കുന്നത് മുഴുവൻ കേൾക്കണം. അങ്ങനെ ഓർത്തപ്പോൾ ഞാൻ പതുക്കെ എഴുന്നേൽക്കുകയായിരുന്നു.

 

നേരം വെളുത്തിട്ടില്ല. ചുമക്കാതെ ഞാൻ ആ നനഞ്ഞ വിരിപ്പുമെടുത്ത് കുളിമുറിയിലേക്ക് നടന്നു. നാളെ തിരുമ്മിയിടാമെന്ന ധാരണയിൽ വെള്ളം നിറച്ച ബക്കറ്റിൽ മുക്കി വെക്കുകയും ചെയ്തു. തിരിച്ച് വന്ന് കിടന്നപ്പോഴും നനവ് പൂർണ്ണമായി മാറിയിട്ടുണ്ടായിരുന്നില്ല. എന്നാലും ഞാൻ അവിടെ തന്നെ കിടന്നു.

 

അത്യാവശ്യം കാര്യങ്ങളൊക്കെ ചെയ്യാനുള്ള സ്ഥിതി എന്റെ ശരീരത്തിന് ഈ എഴുപതിലുമുണ്ട്. പക്ഷേ, ഇടയ്ക്ക് ആ പ്രായം പ്രാണ പ്രിയനോട്‌ പരിഭവപ്പെടുന്ന പ്രണയിനിയെ പോലെ മുഖം തിരിച്ച് ഒറ്റ നിൽപ്പാണ്…

 

തടിമാടൻമ്മാരായ മൂന്ന് ആൺമക്കൾ ഉണ്ടെനിക്ക്. മൂത്തവന്റെ കൂടെയാണ് ഞാൻ താമസിക്കുന്നത്. എന്നോട് വലിയ താൽപ്പര്യമില്ലെങ്കിലും മക്കളെല്ലാം പുറമേ കാണുമ്പോൾ ഒറ്റക്കെട്ടാണ്. അകത്തളത്തിലെ അവസ്ഥ എന്താണെന്ന് നോക്കാൻ പോകാതിരിക്കുന്നതാണ് ബുദ്ധി. എന്തായാലും പുറം കാഴ്ച്ചയിലെങ്കിലും അവരെല്ലാം ഒന്നിച്ചുണ്ടല്ലോ…

 

പണ്ട്, കച്ചവട പങ്കാളിയുമായുള്ള തർക്കത്തിൽ പെട്ട വസ്തുവിന്റെ കേസ് നടക്കുമ്പോഴാണ് എന്റെ പാതി പ്രാണനായ ഭാര്യ ന്യുമോണിയ വന്ന് മരിച്ചത്. വർഷങ്ങളായിട്ടും കേസിന്റെ വിധി വന്നില്ല. എന്റെ ഒപ്പിട്ട പത്രം കൂട്ടാളിയുടെ കയ്യിലുള്ളത് കൊണ്ട് വിധി അനുകൂലമാകാൻ സാധ്യതയില്ലെന്ന് കഴിഞ്ഞ വർഷം വക്കീല് വന്ന് പറഞ്ഞിരുന്നു. അതിൽ പിന്നെയാണെന്ന് തോന്നുന്നു, മക്കൾക്കും മരുമക്കൾക്കും ഞാനൊരു ഭാരമായി മാറിയത്. കേസെങ്ങാനും ജയിച്ചിരുന്നുവെങ്കിൽ പത്തമ്പത് ലക്ഷത്തിന്റെ വകയുണ്ടായിരുന്നേനെ. എനിക്ക് ഇങ്ങനെ നരകിക്കേണ്ടിയും വരില്ലായിരുന്നു…

 

എന്തോ, വല്ലപ്പോഴും അവരൊക്കെ കൂടുമ്പോൾ മുത്തച്ഛായെന്ന് വിളിച്ച് ധന ഗണിതമറിയാത്ത പേരമക്കളിൽ ഇളതുങ്ങളെല്ലാം എന്റെ അടുത്തേക്ക് ഓടിവരും. ആ രംഗം, മൂത്തമരുമകൾ കാണാതെ അടുക്കളയിൽ നിന്ന് ഞാൻ കട്ടുതിന്നുന്ന ചില പലഹാരങ്ങളുടെ രുചിയും സുഖവും പോലെ എനിക്ക് തരും. അവള് കണ്ടാൽ ആകെ പ്രശ്നമാണ്. ഇതൊക്കെ വാങ്ങിക്കൊണ്ട് വരുന്നത് തന്റെ പിള്ളേർക്ക് തിന്നാനാണെന്നും പറഞ്ഞ് കവിളുകൾ ഇടം വലം ചുളിച്ച് അവൾ എന്നോട് കയർക്കും.

 

സ്വത്ത് വകയില്ലാത്ത ഭൂരിഭാഗം വൃദ്ധജനങ്ങളുടേയും അവസ്ഥ എന്റേത് പോലെ തന്നെയാകും. മുറിയിലേക്ക് വന്നാൽ നേരിയയൊരു മൂത്രത്തിന്റെ മണമുണ്ടെന്ന് എനിക്ക് തന്നെ തോന്നാറുണ്ട്. ആകുന്നത് പോലെയൊക്കെ വൃത്തിയാക്കി വെക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ഒരു സഹായം ലഭിച്ചിരുന്നുവെങ്കിൽ കുറച്ചുകൂടി വെടിപ്പോടെ സൂക്ഷിക്കാമായിരുന്നുവെന്ന് എനിക്ക് തോന്നാറുണ്ട്. പക്ഷെ, സഹായം പോയിട്ട്, കുടുംബാംഗങ്ങളിൽ നിന്ന് യാതൊരു സഹകരണവുമില്ല.

 

ആഹാരവും വെള്ളവും വേണമെങ്കിൽ കൂനി നടന്ന് അടുക്കള വാതിലിൽ നിന്ന് ഒരു ഭിക്ഷക്കാരനെ പോലെ ഞാൻ ചുമച്ച് നിൽക്കണം. അങ്ങനെയുള്ള അന്തരീക്ഷത്തിലേക്ക് ഇനിയൊരു പുതിയ ജീവവായു വരുമെന്ന് എനിക്ക് തോന്നുന്നില്ല.

 

പൂർണ്ണമായും കിടത്തിയതിന് ശേഷമാണ് മരണം എന്നെ പുതക്കുന്നതെങ്കിൽ ജീവിതം നരകമായിരിക്കും. അങ്ങനെ ഓർക്കുമ്പോഴൊക്കെ എന്റെ കണ്ണുകൾ ദുഃഖത്തോടെ നിറയാറുണ്ട്. ഇനിയൊരു ജന്മം ഈ ഭൂമിയിൽ തരല്ലേയെന്ന് പ്രാർത്ഥിക്കാറുണ്ട്.

 

ഒരിക്കൽ, മക്കളെല്ലാവരും ഒരു പൊതുയോഗമെന്ന പോലെ എന്റെ പേരിൽ വീട്ടിൽ തമ്പടിച്ചു. മൂത്ത മകന് എന്നെ മടുത്തെന്ന് തോന്നുന്നു. നിങ്ങൾ ആരെങ്കിലും അച്ഛനെ കൊണ്ട് പോയി നോക്കണമെന്നാണ് അവന് പറയാനുണ്ടായിരുന്നത്. പട്ടണത്തിലെ ജീവിതമൊന്നും അച്ഛന് ശരിയാകില്ലായെന്ന് രണ്ടാമത്തവൻ ഗണിച്ചും പറഞ്ഞു..

 

ഹോ! എന്തൊരു കരുതലാണ് അവന് എന്നോട്. ഇളയവനും കൂടി കൈമലർത്തിയപ്പോൾ വയസ്സ് കാലത്ത് ഞാൻ ശരിക്കുമൊരു അനാഥനായി മാറി. എന്തായാലും ചർച്ച അവസാനിച്ചത് എല്ലാവർക്കും സുഖം തരുന്നയൊരു തീരുമാനത്തോടെയായിരുന്നു.

 

ഏതോ ബോർഡിങ്‌ സ്കൂളിൽ ചേർക്കുന്ന ലാഘവത്തിൽ അവരെല്ലാം ചേർന്ന് എന്നെയൊരു സുഖ സദനത്തിൽ കൊണ്ട് വിടാനുള്ള തീർപ്പായിരുന്നുവത്.

 

ആരോരുമില്ലാത്ത വയോധികരെ സംരക്ഷിക്കുന്ന അനാഥാലയം തന്നെയാണ് സുഖ സദനം! പേര് പോലെ അതൊരു ആശ്വാസമായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. ചുറുചുറുക്കുള്ളവർ വാഴുന്ന ലോകത്തിൽ നിന്ന് പാപ്പരാസികളായ വൃദ്ധരെ തുടച്ച് നീക്കിയിടുന്നത് അവിടങ്ങളിലേക്കും കൂടിയാണല്ലോ!

 

സദ്യ കഴിഞ്ഞ് കുപ്പയിലേക്ക് വീഴുന്ന വാഴ ഇലകളുടെ ഗതിയിലായ എന്നെപ്പോലെയുള്ളവർക്ക് ഇതിൽപ്പരം മികച്ചയൊരു ആശ്രയമില്ല. അങ്ങനെ ഓർത്ത് സമാധാനിക്കുമ്പോഴും, ശബ്ദമില്ലാതെ ഏറെ നേരം ഞാൻ അന്ന് കരഞ്ഞിരുന്നു.

 

അന്നൊരു തിങ്കളാഴ്ച്ച ആയിരുന്നു. എന്നെ കൊണ്ടുപോകാനൊരു കാറ് വന്ന് മുറ്റത്ത് നിന്നു. എന്റെ തുകൽ ബാഗിൽ അത്യാവശ്യം തുണികളും, ഭാര്യയുടെയൊരു ചെറു ചിത്രവും എടുത്ത് ഞാൻ ഇറങ്ങി.

 

കൃത്യം ആ നേരത്താണ് മറ്റൊരു കാറ് വന്ന് മുറ്റത്ത് നിന്നത്. പടികൾ ഇറങ്ങിയ ഞാൻ കൂർപ്പിച്ച് നോക്കി. വളരേ സന്തോഷത്തിൽ അതിൽ നിന്ന് ഇറങ്ങി വന്നത് എന്റെ വക്കീലായിരുന്നു. വന്ന പാടെ, കേസ് നമ്മള് ജയിച്ചെന്ന് പറഞ്ഞ് വക്കീല് എന്റെ കൈകൾ പിടിച്ചു. അത് കേട്ടപ്പോൾ എന്റെ മൂത്ത മകന്റേയും മരുമകളുടേയും മുഖമൊന്ന് കാണേണ്ടത് തന്നെയായിരുന്നു! ഭാഗ്യക്കുറിയടിച്ച ടിക്കറ്റ് കീറിപ്പോകുമ്പോൾ ഉണ്ടാകുന്നത് പോലെയൊരു നിരാശയായിരുന്നു അവരുടെ ആ നേരത്തിന്…

 

കേസിൽ തിരിച്ച് കിട്ടിയതെല്ലാം മക്കൾ എനിക്ക് വേണ്ടി കണ്ടെത്തിയ സുഖ സദനത്തിന്റെ പേരിൽ മാറ്റാനുള്ള നിർദ്ദേശം എല്ലാവരുടേയും മുന്നിൽ വെച്ച് തന്നെയാണ് ഞാൻ വക്കീലിന് നൽകിയത്.

 

‘സുഖ സദനമോ…?’

 

”അതെ…. സുഖ സദനം … വക്കീല് തന്നെ എന്നെ അവിടെ എത്തിക്കണം.”

 

എന്നും പറഞ്ഞ് ഞാൻ വക്കീലിന്റെ കാറിൽ കയറിയിരുന്നു. ഒന്നും മിണ്ടാതെ തലകുനിച്ച് നിൽക്കുന്ന മകനേയും മരുമകളേയും ഞാൻ നോക്കുന്നതായി ഭാവിച്ചതേയില്ല. അറ്റുപോയ ചില ബന്ധങ്ങളൊന്നും വീണ്ടും ചേർത്തൊട്ടിക്കാൻ സാധിക്കില്ലായെന്ന വസ്തുത ഇപ്പോഴെങ്കിലും മക്കൾ പഠിച്ചിരിക്കും… പഠിക്കട്ടെ….നാളെ അവരും, അവരുടെ പിള്ളേരുടെ മുമ്പിൽ എന്നെ പോലെ പഴുത്ത് വീഴാനുള്ളതല്ലേ….!!!!

Leave a Reply

Your email address will not be published. Required fields are marked *