വലിയ വീട്ടിലെ പെണ്ണുങ്ങൾക്ക് സുന്ദരൻമാരായ ചെറുപ്പക്കാരോട് തോന്നുന്ന അടുപ്പം

അൻപ്

(രചന: നിഷ പിള്ള)

 

ജോലി കഴിഞ്ഞു തളർന്നു വന്ന നിതിൻ, കിടക്കയിലേക്ക് മറിഞ്ഞു വീണു.ഫോണിൽ അമ്മയുടെ കുറെ മിസ്സ്ഡ് കാളുകൾ കണ്ടിരുന്നു ,തിരികെ വിളിക്കാൻ തോന്നിയില്ല, പണത്തിന് എന്തെങ്കിലും ആവശ്യമുണ്ടായിരിക്കും. അതിനു മാത്രമാണ് ഇപ്പോൾ അമ്മയുടെ വിളി വരുന്നത്.

 

പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ല അമ്മ.അമ്മയ്ക്ക് ഏറ്റവും ഇഷ്ടം അവനെയായിരുന്നു, വീട്ടിലെ ഇളയ മകനായിരുന്നു, അമ്മയുടെ പൊന്നോമന.

 

അമ്മയും അച്ഛനും രണ്ടു ചേച്ചിമാരും അടങ്ങിയ ഒരു സന്തുഷ്ട കുടുംബമായിരുന്നു അവൻ്റേത്.അന്നൊക്കെ വീട്ടിൽ എന്നും സന്തോഷമായിരുന്നു.മൂത്ത ചേച്ചിയുടെ കല്യാണ ശേഷമാണു എല്ലാം മാറി മറിഞ്ഞത്.വരൻ അമേരിക്കൻ ജോലിക്കാരനായത് കൊണ്ട് ധാരാളം സ്ത്രീധനം നൽകിയാണ് ചേച്ചിയുടെ വിവാഹം നടത്തിയത്.കയ്യിലുള്ളതും കടം വാങ്ങിയതും കൊണ്ട് വിവാഹം ആർഭാടമായി നടത്തി .വിവാഹ ശേഷം ചേച്ചിയും അളിയനും അവരുടെ കാര്യം നോക്കി അമേരിക്കയിലേക്ക് പോയി.പിന്നീട് അവർക്ക് വീടുമായി ഒരു ബന്ധവും ഉണ്ടായില്ല.കടം തന്നവർ വീട്ടിൽ കയറിയിറങ്ങാൻ തുടങ്ങി.

 

“കൊക്കിനു ഒതുങ്ങുന്നതേ കൊത്താവൂ.”

 

എന്ന് പറഞ്ഞു ബന്ധുക്കളെല്ലാം കയ്യൊഴിഞ്ഞു.

 

കടഭാരം മൂലമുണ്ടായ അപമാനം താങ്ങാൻ വയ്യാതെ അച്ഛൻ ആത്മഹത്യ ചെയ്തു.കടം വീട്ടാൻ കിടപ്പാടം വിറ്റിറങ്ങേണ്ടി വന്നു.വെറുമൊരു വീട്ടമ്മയായിരുന്ന അമ്മ തന്റേടത്തോടെ എല്ലാം നേരിട്ടു. രണ്ടാമത്തെ ചേച്ചിയും നിതിനും ചെറിയ ജോലികൾക്ക് പോകാൻ നിർബന്ധിതരായി.കടങ്ങൾ വീട്ടാൻ നാട്ടിലെ ശമ്പളം മതിയാകുമായിരുന്നില്ല.കൂട്ടുകാരന്റെ നിർദ്ദേശപ്രകാരമാണ് സേലത്തെ ഒരു കമ്പനിയിൽ നിതിൻ ജോലിക്കു കയറിയത്.

 

അത്യാവശ്യം ശമ്പളമൊക്കെയുണ്ട്.രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറുമണി വരെ നല്ല കഷ്ടപ്പാടാണ്.സേലത്തെ ചൂടും അലച്ചിലും പൊടിയും നിതിനെ വല്ലാതെ വലച്ചിരുന്നു.പൈസ സമ്പാദിക്കണമെന്നത് തന്നെയാണ് മുഖ്യ ലക്‌ഷ്യം.അതിനായി ഒരു ഗൗണ്ടറുടെ ലൈൻ കെട്ടിടത്തിലാണ് അവന്റെ താമസം,വാടക കുറച്ച് നൽകിയാൽ മതി.ചുറ്റുമുള്ള താമസക്കാർ സാധാരണ കൂലി പണിക്കാരായതു കൊണ്ട് അവിടം രാത്രിയും ശബ്ദ മുഖരിതമാണ്.ജോലി കഴിഞ്ഞു കുടിച്ചു ബോധമില്ലാതെ താമസ സ്ഥലത്തേക്ക് വരുന്ന ആണും പെണ്ണും തമ്മിൽ അടിയും വഴക്കും സാധാരണ കാഴ്ചയാണ്.പക്ഷെ ഈ പാതിരാക്കാഴ്ചകളൊന്നും അവനെ ബാധിച്ചില്ല.ഏഴെട്ടു മണിയാകുമ്പോൾ തന്നെ ഉറങ്ങാൻ കിടക്കും .ക്ഷീണം കൊണ്ടവൻ പെട്ടെന്ന് ഉറങ്ങി പോകുകയും ചെയ്യും.

 

പുറത്ത് നിന്നുള്ള രാത്രി ഭക്ഷണം മിക്കവാറും അവൻ ഒഴിവാക്കും.പൈസയും ലാഭം,പിന്നെ വീണ്ടും പുറത്തേയ്ക്കൊരു യാത്രയും ഒഴിവാകും.

 

ഒരു ദിവസം ജോലി കഴിഞ്ഞു മടങ്ങി വന്നപ്പോൾ മേശപ്പുറത്ത് ഒരു ഓട്ട് മൊന്തയിൽ നിറയെ ഹോർലിക്സ് ഇട്ട് കലക്കിയ ചൂടുള്ള പാല് ,അതെങ്ങനെ അവിടെ വന്നെന്ന് അവൻ അതിശയിച്ചു.

 

മുറിയുടെ ഒരു താക്കോൽ ,ഗൗണ്ടറുടെ രണ്ടാം ഭാര്യ അമുദത്തിന്റെ കയ്യിലുണ്ട്.ഒരു പക്ഷെ തന്റെ ദാരിദ്ര്യം കണ്ടു അവർ കൊണ്ട് വച്ചതാകുമോ.ഇനി മാസാവസാനം അതിനും കാശു മേടിക്കുമോ എന്നായി അവന്റെ ആധി.അന്ന് മുതൽ ആ പാലിൽ ഒതുക്കി അവന്റെ അത്താഴം.ഒരാഴ്ച കഴിഞ്ഞപ്പോൾ പാലിനൊപ്പം വാഴപ്പഴമോ,വാഴയിലയിൽ പൊതിഞ്ഞ വടയോ ഊത്തപ്പമോ ഒക്കെ മുറിയിൽ എത്താൻ തുടങ്ങി.അതിന്റെ രഹസ്യം അവനു കണ്ടു പിടിയ്ക്കാൻ കഴിഞ്ഞില്ലായെങ്കിലും അവൻ അത് ആസ്വദിച്ച് കഴിക്കാൻ തുടങ്ങി.

 

അമുദം അവനോട് പ്രത്യേകിച്ച് ഒരടുപ്പവും ഇതുവരെ കാണിച്ചിട്ടില്ല.മറ്റുള്ളവരുടെ മുന്നിൽ വച്ച് അവനോട് സംസാരിക്കുക പോലുമില്ല.അവർക്കു തന്നോട് എന്ത് വികാരമാണെന്ന് നിതിന് സംശയം തോന്നിയിരുന്നു.സാധാരണ വലിയ വീട്ടിലെ പെണ്ണുങ്ങൾക്ക് സുന്ദരൻമാരായ ചെറുപ്പക്കാരോട് തോന്നുന്ന അടുപ്പം,പിന്നെ അത് അവിഹിത ബന്ധങ്ങളിൽ ചെന്ന് കലാശിക്കും.അമുദം അക്കയുടെ കണവൻ ഗൗണ്ടർക്ക് അവരെക്കാൾ നല്ല പ്രായവും ഉണ്ട്.എന്താണാവോ അവരുടെ ഉദ്ദേശ്യം?.

 

നിതിന് അവിടുത്തെ താമസം അവസാനിപ്പിക്കണമെന്നുണ്ട്.പക്ഷെ ഇതേ പോലെ കുറഞ്ഞ വാടകയ്ക്ക് ഒരു താമസ സ്ഥലം കിട്ടാനുള്ള പ്രയാസം.ഫ്രീയായി ലഭിക്കുന്ന രാത്രി ഭക്ഷണം.ഇതൊക്കെ ഉപേക്ഷിച്ചു പോകുന്നത് മണ്ടത്തരമാണെന്നു അവനു തോന്നി തുടങ്ങി.

 

ഗൗണ്ടർ ഭയങ്കര ഭക്തനായിരുന്നു.കോവിലിൽ ശിവരാത്രി ആഘോഷം നടന്ന രാത്രിയിൽ എല്ലാവർക്കും ഗൗണ്ടറുടെ വീട്ടിൽ നിന്നായിരുന്നു ഭക്ഷണം വിതരണം ചെയ്തത്.ഭക്ഷണം കഴിഞ്ഞ് എല്ലാവരും കോവിലിലേക്കു പോയപ്പോൾ നിതിൻ മാത്രം ലൈൻ കെട്ടിടത്തിൽ അവശേഷിച്ചു.ആരോ വാതിലിൽ മുട്ടുന്നത് കേട്ട് അവൻ വാതിൽ തുറന്നു , അത് അമുദം അക്ക ആയിരുന്നു.താൻ വീട്ടിൽ ഒറ്റക്കാണെന്നും എല്ലാവരും മടങ്ങി വരുന്നത് വരെ മുറ്റത്തിരുന്നു സംസാരിച്ചിരിക്കാമെന്നും അവർ പറഞ്ഞു.

 

ആ രാത്രി അമുദം അക്ക അവരുടെ കഥ പറഞ്ഞു.കർഷകനായ അച്ഛൻ്റെ നാലു പെൺമക്കളും ,ഏറ്റവും ഇളയ മകനും .ഒരു മഴക്കാലത്ത് മകനെ നീന്തൽ പഠിപ്പിക്കാനായി പോയ അച്ഛൻ, പിന്നീട് രണ്ട് പേരും മടങ്ങി വന്നില്ല.മൂന്നാം നാൾ നിർജ്ജീവമായ ശരീരങ്ങൾ മുങ്ങി തപ്പിയെടുത്തു. അവരുടെ മരണത്തോടെ തകർന്നു പോയ കുടുംബം,മൂത്തവളായ അമുദത്തിന്റെ പഠനം നിലച്ചു.അനിയത്തിമാരെ പഠിപ്പിക്കാനായി അമ്മയോടൊപ്പം അവളും

കൃഷിയിടത്തിലേക്കിറങ്ങി.

 

“എന്റെ മരിച്ചു പോയ അനിയൻ ഉണ്ടായിരുണെങ്കിൽ നിന്റെ പ്രായം ആയിരുന്നേനെ.അവന്റെ കണ്ണുകളും കൂട്ട് പിരുകങ്ങളും നിൻ്റേത് പോലെ തന്നെയാണ്.എനിക്ക് നിന്നെ കാണുമ്പോൾ എന്റെ അനിയനെ ഓർമ്മ വരുന്നു.”

 

അനിയത്തിമാരെയെല്ലാം പഠിപ്പിച്ചു നല്ല നിലയിൽ കെട്ടിച്ചു വിട്ടപ്പോഴേക്കും അമുദത്തിനു മൂക്കിൽ പല്ലു വന്നു, മുടികളിൽ നര വീണു തുടങ്ങി.

 

സ്വന്തം ഗ്രാമത്തിൽ നിന്നും ഇനി ഒരു പെണ്ണിനെ കിട്ടില്ല എന്ന സാഹചര്യത്തിലാണ് ഗൗണ്ടർ പെണ്ണ് തേടി അമുദത്തിന്റെ ഗ്രാമത്തിലേക്ക് പോയത്.പക്ഷെ ആദ്യ ഭാര്യയെ തൊഴിച്ചു കൊന്ന ഗൗണ്ടർക്ക് സ്വന്തം മകളെ വിവാഹം ചെയ്തു കൊടുക്കാൻ ആ അമ്മ തയാറായില്ല.പക്ഷെ മകൾ സ്വയം ഗൗണ്ടറെ ഭർത്താവായി തീരുമാനിച്ചപ്പോൾ ആ അമ്മ മൗനാനുവാദം നൽകുകയായിരുന്നു.

 

അമുദം വന്നതോടെ ഗൗണ്ടറുടെ ജീവിതം മാറി,സ്വഭാവം മാറി.അയാൾ എല്ലാവരോടും നല്ലവനായി പെരുമാറി.പതുക്കെ ഗൃഹഭരണം അമുദത്തിന്റെ ചുമതലയായി മാറി.

 

“അക്ക ,ഈ ശാപ്പാട് വിഷയം ഗൗണ്ടർ അറിഞ്ഞാൽ എന്റെ കാര്യം.”

 

“നീ വിഷമിക്കണ്ട ,അവർക്കു എല്ലാം തെരിയും .അവർക്കു എന്നെ നല്ല വിശ്വാസമാണ്.”

 

നിതിൻ അമുദവുമായുള്ള സൗഹൃദം വളരെ രഹസ്യമായി സൂക്ഷിച്ചു.എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അമുദം നിതിന്റെ ഫോണിലേക്കു വിളിക്കും.അവൻ ടൗണിൽ നിന്ന് മടങ്ങി വരുമ്പോൾ അത് വാങ്ങി കൊണ്ട് വന്ന് തൻ്റെ ജനാലയ്ക്കൽ വയ്ക്കും അത് അമുദം മറ്റാരും കാണാതെ എടുത്തു കൊണ്ട് പോകുകയും ചെയ്യും.

 

നല്ല വായനക്കാരിയായ അമുദത്തിനു ആവശ്യം നല്ല നോവലുകളായിരുന്നു.മലയാളിയായ നിതിന് തമിഴ് സാഹിത്യത്തിൽ അറിവില്ലെങ്കിലും സുഹൃത്തുക്കളുടെ സഹായത്തോടെ അവൻ നല്ല നല്ല പുസ്തകങ്ങൾ അവൾക്കായി വാങ്ങി നൽകി.

 

ലൈൻ കെട്ടിടത്തിന്റെ അറ്റത്തെ അവസാനത്തെ മുറി അവന്റെ ആയത് കൊണ്ട് മറ്റാരും അവിടേക്ക് അത്ര ശ്രദ്ധിക്കില്ല.

 

ഒരു സായാഹ്നത്തിൽ ജോലി കഴിഞ്ഞ് വന്ന നിതിൻ കുളി കഴിഞ്ഞു ഒന്ന് മയങ്ങി തുടങ്ങിയതേയുള്ളു.അന്ന് പാലിനൊപ്പം അമുദം അക്ക തയാറാക്കി വച്ചിരുന്നത് റവ കേസരി ആയിരുന്നു.മധുരം കഴിച്ചതോടെ അവനൊന്നു ഉറങ്ങാൻ തോന്നി.മുറിയുടെ വാതിൽ ആരോ തട്ടുന്ന ശബ്ദം,അവൻ വാതിൽ തുറന്നു ദാവണിയുടുത്ത ഒരു പെൺകുട്ടി അവനെ തട്ടി മാറ്റി ഉള്ളിലേയ്ക്ക് കയറി വാതിലടച്ചു.സുന്ദരിയായ അവളെ അവൻ അവിടെ കണ്ടിട്ടുണ്ട്.

 

“രക്ഷിക്കണേ ” അവൾ തമിഴിൽ വിലപിച്ചു.

 

പ്രായപൂർത്തിയായ ഒരു പെൺകുട്ടി അവന്റെ മുന്നിൽ കണ്ണീരോടെ നില്ക്കുന്നു.

 

“മുരുകണ്ണൻ എന്നെ പിടിച്ച് കൊണ്ട് പോകാൻ വരുന്നു,രക്ഷിക്കണം.”

 

മുരുകൻ എന്ന് പേര് കേട്ടതും നിതിൻ പേടിച്ചു.സ്ഥലത്തെ ചട്ടമ്പിയായ ,ഗൗണ്ടറുടെ കയ്യാളായിരുന്ന മുരുകൻ ,ആ ലൈൻ കെട്ടിടത്തിൽ എല്ലാവർക്കും അവനെ പേടിയാണ്.പലപ്പോഴും കുടിച്ചു എല്ലാവരുമായി അടിയുണ്ടാകുന്നതിന് നിതിൻ സാക്ഷിയായിട്ടുണ്ട് .ഇപ്പോൾ മുരുകന്റെ ബന്ധുവായ ഒരു പെൺകുട്ടി മുരുകനെ പേടിച്ചു തന്റെ മുറിയിൽ ഒളിച്ചിരിക്കുന്നു.

 

“ഇന്ന് രാത്രിയിലേയ്ക്ക് മാത്രം,അല്ലെങ്കിൽ ഞാൻ ആ റയിൽ പാളത്തിൽ ജീവൻ അവസാനിപ്പിക്കേണ്ടി വരും,എന്തായാലും ഞാൻ അവനു വഴങ്ങി കൊടുക്കില്ല.”

 

ഒരു പെൺകുട്ടിയുടെ അഭിമാനത്തിന്റെ പ്രശ്നമാണ്.

 

“അവൻ നിന്റെ ചേച്ചിയുടെ ഭർത്താവല്ലേ.”

 

“മ് ,പണ്ട് എന്റെ മൂത്ത ചേച്ചിയുടെ ഭർത്താവായിരുന്നു .അവൾ ജീവിച്ചിരുന്നപ്പോൾ തന്നെ രണ്ടാമത്തെ ചേച്ചിയുമായി അയാൾ പ്രണയത്തിലായി .അച്ഛൻ മരിച്ചതിനു ശേഷം അമ്മയുടേയും ഞങ്ങൾ മൂന്നു പെൺകുട്ടികളുടെയും കാര്യങ്ങൾ മുരുകനാണ് നോക്കിയിരുന്നത്.അമ്മയ്ക്ക് അയാളെ എതിർക്കാനോ ഞങ്ങളെ സംരക്ഷിക്കാനോ ഉള്ള സാമർത്ഥ്യം ഉണ്ടായിരുന്നില്ല.പ്രസവത്തിൽ രക്ത സ്രാവം മൂലം മൂത്ത ചേച്ചി മരിച്ചപ്പോൾ മുരുകൻ രണ്ടാമത്തെ ചേച്ചിയെ ഭാര്യയാക്കി.അന്ന് ഞാനവളെ നിരുത്സാഹപ്പെടുത്തിയതാണ്.ഇപ്പോൾ മുരുകന് അവളെ മടുത്തു ,ഇനി എന്നെ വേണം.അവന്റെ ഭാര്യയാകുന്നതിലും നല്ലതു മരിയ്ക്കുന്നതാണ്.”

 

“നീ പേടിയ്‌ക്കേണ്ട,നമുക്ക് ഗൗണ്ടരോട് പരാതി പറയാം.”

 

“വേണ്ട അയാളെയും എനിക്ക് വിശ്വാസമില്ല,എന്റെ കുഞ്ഞു നാളിൽ അയാള് എന്റെ അമ്മയുടെ മുറിയിൽ നിന്നിറങ്ങി വരുന്നത് ഞാൻ കണ്ടിട്ടുണ്ട്.അമുദം അക്ക ഇവിടെ വന്നതിനു ശേഷമാണു അയാളൊന്നു ഒതുങ്ങിയത്.എനിക്കയാളെ പേടിയാണ്.”

 

പുറത്തെ ശബ്ദമൊക്കെ നിലച്ചപ്പോൾ ,അവൾക്കു നിലത്തു കിടന്നുറങ്ങാൻ അവനൊരു പുതപ്പു നൽകി. നിതിൻ കട്ടിലിൽ കിടന്നു ഉറങ്ങി പോയി.രാവിലെ ഉണർന്നപ്പോൾ അവളെ അവിടെയെങ്ങും കണ്ടതുമില്ല.പിന്നെ നിതിൻ ആ കാര്യം മറന്നേ പോയി.

 

വേനലായതിനാൽ എല്ലാവരും മുറിയിലെ ജനലുകളും കതകുകളും രാത്രിയിൽ തുറന്നിടാറാണ് പതിവ്.നിതിന് ഗൗണ്ടർ നൽകിയ ഒരു ഫാനുള്ളതിനാൽ അവൻ വാതിൽ തുറന്നിടാറില്ല.നാലഞ്ചു ദിവസം കഴിഞ്ഞുള്ള ഒരു വൈകുന്നേരം, വന്നു കുളി കഴിഞ്ഞതേയുള്ളൂ,ആഹാരം കഴിക്കുന്നതിനു മുൻപേ വാതിലിൽ മുട്ട് കേട്ടു,ആരെങ്കിലും കയറി വന്നാൽ ഗൗണ്ടറുടെ മൊന്തയും നിറഞ്ഞിരിക്കുന്ന തിളച്ച പാലും കാണും,കുടിക്കാമെന്നു വച്ചാൽ നല്ല ചൂട് .പാലും ഇലയിൽ പൊതിഞ്ഞ തക്കാളി സാദവും അവൻ കട്ടിലിനടിയിൽ ഒളിച്ചു വച്ചിട്ട്,വാതിൽ തുറന്നു.

 

ആ പെണ്ണോടി മുറിയിൽ കയറി വന്നു ,വാതിൽ കുറ്റിയിട്ടു.തൊഴു കയ്യോടെ നിതിനെ നോക്കി.

 

“കാപ്പാത്തുങ്കോ ,ഇങ്ങോട്ടു അയാൾ വരില്ല ,അതാണെന്റെ ധൈര്യം.ഒരു അവസാന ചാൻസ്.ഇനി ഞാൻ വരില്ല.” എന്ന് പറഞ്ഞവൾ കണ്ണീരു തുടച്ചു.

 

“നിന്റെ പേര് നീ പറഞ്ഞില്ലല്ലോ.അന്ന് നീ എന്നെ വിളിച്ചുണർത്താതെ പോയി കളഞ്ഞല്ലോ.അറിയാമോ നീ കാരണം ഞാൻ അന്ന് ജോലിക്കു ലേറ്റ് ആയി.”

 

“എന്റെ പേര് റോജ.ക്ഷമിക്കണം,അന്ന് രാത്രി പേടിച്ചു ഞാൻ ഉറങ്ങിയില്ല.നിങ്ങളുടെ ഉറക്കം കളയണ്ട എന്ന് കരുതി നേരം വെളുത്തപ്പോൾ ഞാൻ വീട്ടിലേക്ക് ഓടി പോയി.”

 

അവൻ നൽകിയ ആഹാരം അവൾ കഴിക്കാൻ വിസമ്മതിച്ചെങ്കിലും ,നിർബന്ധിച്ചപ്പോൾ അവൾ കഴിക്കാൻ തയാറായി.ഭക്ഷണം കഴിഞ്ഞ്,നിതിൻ അമുദത്തിനു വേണ്ടി വാങ്ങി വച്ച നോവൽ അവൾ വായിക്കാൻ തുടങ്ങി.

 

“നീ പഠിച്ചിട്ടുണ്ടോ ?”

 

“മെട്രിക്കുലേഷൻ കഴിഞ്ഞു,നല്ല മാർക്കും ഉണ്ട്.പിന്നീട് പഠിക്കാൻ കഴിഞ്ഞില്ല.”

 

“അമുദം അക്കയോട് ഞാൻ പറയട്ടെ നിന്നെ പഠിപ്പിയ്ക്കാൻ,അവർ നല്ല സ്ത്രീയാണ്.”

 

“വേണ്ട മുരുകൻ സമ്മതിക്കില്ല.”

 

“ഞാൻ ഒന്ന് ശ്രമിച്ച് നോക്കട്ടെ.”

 

മുറ്റത്ത് മുരുകന്റെ ബഹളം കേട്ടു.നിതിൻ ജനലിലൂടെ ഒളിഞ്ഞു നോക്കി. മുരുകനും കൂട്ടാളികളും റോജയുടെ അമ്മയേയും ചേച്ചിയുടെയും വിരട്ടുകയാണ്.

 

“അവളെ നിങ്ങൾ എവിടെ കൊണ്ട് ഒളിപ്പിച്ചാലും അവളെന്റെ പെണ്ണാണ്.ഞാൻ അവളെ കൊണ്ട് പോയിരിക്കും.”

 

പിന്നീട് അവൾ മുറിയിൽ വരുന്നത് പതിവായി.അവൻ വാങ്ങുന്ന ചില ബുക്കുകൾ അമുദത്തിനു മുൻപേ നിതിൻ റോജയ്ക്കു വായിക്കാൻ കൊടുത്തു.ജോലി കഴിഞ്ഞു മടങ്ങിയെത്തിയാൽ മൊബൈലും ഉറക്കവും മാത്രമുണ്ടായിരുന്ന അവനും ഇപ്പോൾ വായന തുടങ്ങി.അവളിൽ നിന്നും വായന അവനിലേക്ക് പകർന്നത് പോലെ.സെക്കന്റ് ഹാൻഡ് ബുക്ക് സ്റ്റാളിൽ നിന്നും വാങ്ങിയ മലയാളം നോവലുകൾ അവൻ വായിക്കാൻ തുടങ്ങി. ഒരു ദിവസം അവളെ കാണാൻ സാധിച്ചില്ലെങ്കിൽ നിതിന് ആകുലതയായി.

 

ഒരു രാത്രി ഒൻപതര വരെ കാത്തിരുന്നിട്ടും അവളെ കാണാത്ത വിഷമത്തിൽ അവൻ ഉറങ്ങാൻ കിടന്നു.വാതിലിലെ മുട്ട് കേട്ട് അവൻ ഞെട്ടി . റോജയാണെന്ന് കരുതി എഴുന്നേറ്റു വാതിൽ തുറന്നപ്പോൾ മുന്നിൽ അമുദം അക്ക.

 

“എന്താ അക്കാ ഈ നേരത്ത് .”

 

“നീ ഉറങ്ങിയില്ലേ.ആരെയെങ്കിലും കാത്തിരിക്കുവാണോ .”

 

“ഏയ് ഞാനാരെ കാത്തിരിക്കാൻ.”

 

“റോജയെ,എനിക്ക് എല്ലാം അറിയാം തമ്പീ.അവൾ എന്നോട് പറഞ്ഞിട്ടുണ്ട്.ആ മുരുകൻ ഒരു വൃത്തികെട്ടവനാണ്.ആ കൊച്ചിനെ സംരക്ഷിക്കാൻ വേറെ ആരുമില്ല.നിനക്ക് അവളെ ഇഷ്ടമാണോ,അവളെ നിനക്ക് കല്യാണം കഴിക്കാമോ.?”

 

“അക്കാ,അങ്ങനെയൊരു ബന്ധവും ഞങ്ങൾ തമ്മിലില്ല.ഒരു പെൺകുട്ടിയുടെ മാനം സംരക്ഷിക്കാൻ വേണ്ടി ,തല ചായ്ക്കാൻ ഒരിടം കൊടുക്കുന്നു.”

 

“നിനക്ക് അങ്ങനെയൊന്നും ഇല്ലായിരിക്കും.പക്ഷെ അവൾ, അവൾക്ക് നീ എന്നാൽ ജീവനാണ്.പക്ഷെ നിന്നോട് പറയാൻ മടി,അല്ല പേടി .അവൾ ഒരു അനാഥയാണല്ലോ. നിന്നെ ഒരിക്കലും മോഹിക്കാൻ പോലുമുള്ള അർഹതയില്ലെന്ന് അവൾ സ്വയം കരുതുന്നു.”

 

“എന്ത് അർഹത.എനിക്കെന്തു മഹിമ.രണ്ടു നാട്, രണ്ടു ഭാഷ ,രണ്ടു സംസ്കാരം അതാണെന്റെ പ്രശ്നം.അവളെ എനിക്കും ഒത്തിരി ഇഷ്ടാണ്.”

 

“ഞാൻ ഒരു കാര്യം പറയാം ,ഇപ്പോൾ ആരുമതറിയണ്ട.ഗൗണ്ടർക്ക് ഇളവരശിയിൽ ജനിച്ച കുഞ്ഞാണ് റോജ.അയാളാണ് അവൾക്കു അങ്ങനെയൊരു പേര് വച്ചത്.അയാളുടെ കുഞ്ഞാണെന്നു പുറത്തു പറയാൻ അയാൾക്ക് മടി.നീ അവളെ കല്യാണം ചെയ്താൽ ഗൗണ്ടർ നിനക്ക് നല്ലൊരു സ്ത്രീധനം തന്നിരിക്കും.റോജയെ മുരുകനിൽ നിന്നും രക്ഷിക്കാൻ വേണ്ടി ,ഇവിടെ വന്നൊളിച്ചിരിക്കാൻ ഞാനാണ് അവളോട് പറഞ്ഞത്,അതും ഗൗണ്ടർ പറഞ്ഞിട്ട്.എത്ര സുന്ദരിയാണവൾ ,അവനെ പോലൊരു ക്രൂരന്റെ വെപ്പാട്ടിയാകാൻ ഞാൻ അവളെ അനുവദിക്കില്ല തമ്പീ.”

 

“ഇന്നവളെ കണ്ടില്ലല്ലോ.അവളെവിടെ പോയി.”

 

“അവർ കുടുംബത്തോടെ ഊരിലെ കോവിലിൽ ,തിരുവിഴ കാണാൻ പോയതാണ്.എല്ലാ വർഷവും പോകുന്നതാണ്.അവർ മടങ്ങി വരുന്നത് അവളുടെ കല്യാണം ഉറപ്പിക്കാനാകും.നിനക്കവളെ ഇഷ്ടമാണെങ്കിൽ നീ നാട്ടിൽ പോയി അമ്മയുടെ അനുമതി വാങ്ങി വരൂ.ഇവിടെ അവളെ കല്യാണം ചെയ്തു ഗൗണ്ടറുടെ മരുമകനായി നിനക്ക് കഴിയാം.എല്ലാവരോടും എല്ലാം തുറന്നു പറയാനുള്ള കരുത്തു അപ്പോഴേക്കും ഗൗണ്ടർക്ക് ഞാൻ കൊടുത്തിരിക്കും.”

 

ആദ്യമൊന്നും അവന്റെ അമ്മ ആ വിവാഹത്തിന് സമ്മതിച്ചില്ല.

 

“നിനക്കതിനൊന്നും പ്രായമായിട്ടില്ല,നിന്റെ ചേച്ചി ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല എന്നോർക്കണം.പിന്നെ നിനക്ക് കിട്ടുന്ന സ്ത്രീധനത്തിന്റെ കാര്യമോർക്കുമ്പോൾ ,അതിപ്പോൾ ഒരു തമിഴ് പെണ്ണായാലും സാരമില്ല.നമ്മുടെ കടമൊക്കെ പെട്ടെന്ന് തീർക്കാലോ.”

 

അമ്മയുടെ സമ്മതം വാങ്ങി ചേച്ചിയുടെ മൗനാനുവാദത്തോടെയാണ് ഒരാഴ്ച കഴിഞ്ഞു നിതിൻ സേലത്ത് മടങ്ങിയെത്തിയത്.ലൈൻ കെട്ടിടത്തിൽ ആകെയൊരു മൂകത.അവൻ നേരെ ഗൗണ്ടറുടെ വീട്ടിലേയ്ക്കു നടന്നു.

 

ഉമ്മറത്തെ ചാരുകസേരയിൽ ,സട കൊഴിഞ്ഞ സിംഹത്തെ പോലെ ഗൗണ്ടർ കിടക്കുന്നു.നിതിനെ കണ്ടയാൾ കസേരയിൽ ചാരിയിരുന്നു.

 

“ഇരിക്ക് തമ്പി.”

 

ആദ്യമായാണ് അയാളുടെ നേർക്ക് നേർ അവൻ ഇരിക്കുന്നത്.

 

“അമുദം അക്കയോട് ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു,റോജയെ കല്യാണം കഴിക്കുന്ന കാര്യം ,ഗൗണ്ടർ , അവളുടെ അച്ഛന്റെ സ്ഥാനത്തു നിന്നും ഞങ്ങളുടെ കല്യാണം നടത്തി തരണം.”

 

ഗൗണ്ടർ മറുപടി ഒന്നും പറഞ്ഞില്ല. കോഫിയുമായി വന്ന അമുദം അക്കയുടെ മുഖത്തു നല്ല സങ്കടം കണ്ടു.അവർ നിതിന്റെ കൈകൾ കൂട്ടി പിടിച്ചു.അവരിപ്പോൾ എന്തെങ്കിലും പറയുമെന്നു തോന്നി ,പക്ഷെ അവർ വിങ്ങി പൊട്ടി കരയുകയാണുണ്ടായത്..ഒരമ്മയെ പോലെ അവരെ ചേർത്ത് പിടിച്ചു.

 

“എന്താണക്കാ ആരുമൊന്നും പറയുന്നില്ലല്ലോ?

 

ഗൗണ്ടർ മുരടനക്കി.

 

“റോജ ആശുപത്രിയിലാണ്.മുരുകനവളെ വെട്ടിയതാണ്.ഭാഗ്യത്തിന് അവൾ ചത്തില്ല.നിങ്ങളുടെ കല്യാണമായിരുന്നു രണ്ടു ദിവസമായി ഇവിടെ ചർച്ചാ വിഷയം.ഇവിടെ എല്ലാവരും ഹാപ്പി ആയിരുന്നു.പക്ഷെ മിനിഞ്ഞാന്ന് രാത്രി കുടിച്ചു ബോധമില്ലാതെ വന്ന മുരുകൻ അവളെ നശിപ്പിക്കാൻ ശ്രമിച്ചു.അവളോടി രക്ഷപെടാൻ ശ്രമിച്ചു.പിറകെ ചെന്ന മുരുകൻ ൻ കയ്യിൽ കിട്ടിയ വെട്ടുകത്തി കൊണ്ടവളെ ആഞ്ഞ് വെട്ടി.ഉടനെ തന്നെ ആശുപത്രിയിൽ കൊണ്ട് പോയത് കൊണ്ട് ജീവൻ തിരിച്ചു കിട്ടി.”

 

നിതിൻ രണ്ടു കൈയും തലയിൽ വച്ചു.

 

“എന്നിട്ട് അവനെവിടെ മുരുകൻ.ഒരു പാവം പെണ്ണിനെ വെട്ടുന്നത് എല്ലാവരും നോക്കി നിന്നോ?”

 

“മുരുകൻ ,അവൻ പോയി.”

 

“പോയെന്നോ എങ്ങോട്ട്?പോലീസിൽ ആരും പരാതി കൊടുത്തില്ലേ.”

 

“റോജയുടെ അക്ക മാധുരി ,മുരുകന്റെ പൊണ്ടാട്ടി.അവൾ അവനെ കൊന്നു കളഞ്ഞു, പിറകിൽ നിന്നും തലയ്ക്കടിച്ചതാണ്.”

 

ഗൗണ്ടർ കൂട്ടിച്ചേർത്തു.

 

“എൻ്റെ അനിയത്തിയെ തൊട്ടാൽ നിന്നെ ഞാൻ കൊല്ലുമെന്ന് പറഞ്ഞ് ഇരുമ്പ് വടി കൊണ്ട് ഒറ്റയടി.”

 

“അവളെ പോലീസ് അറസ്റ്റ് ചെയ്തു.ഒരു മകൾ ജയിലിൽ ഒരു മകൾ ആശുപത്രിയിൽ ,പാവം അവളുടെ അമ്മ.മുരുകന്റെ കൂട്ടുകാരുടെ ശല്യം വേറെയും.നിങ്ങളുടെ കല്യാണം നടത്തില്ലായെന്ന്.അവൾ ആശുപത്രിയിൽ നിന്നും പുറത്തു വന്നാൽ കൊന്നു കളയുമെന്നും അവർ ഇന്നലെ വൈകുന്നേരം ഭീഷണി പെടുത്തിയിട്ടു പോയി.”

 

“അക്കാ ഞാൻ അവളെ പോയി കാണട്ടെ.ഞാൻ എന്നും കൂടെയുണ്ടാകുമെന്നു ഉറപ്പുണ്ടാകുമ്പോൾ അവൾ പെട്ടെന്ന് മുറിവ് ഭേദമായി ജീവിതത്തിലേയ്ക്ക് മടങ്ങി വരും.”

 

“നീ സൂക്ഷിക്കണം മോനെ.ഒറ്റയ്ക്ക് പോകണ്ട ഞാനും വരാം .അവൾ എന്റെ മകളാണ്.ആരെതിർത്താലും അവൾ ഇനി നിനക്കുള്ളതാണ്.എനിക്കിതാരോടും തുറന്ന് പറയാൻ മടിയില്ല.”

 

ഷർട്ട് എടുത്തിട്ട് ,അരയിൽ ഒരു തോക്കും തിരുകി വച്ച് ഗൗണ്ടർ തന്റെ ജീപ്പ് സ്റ്റാർട്ട് ചെയ്തു.

ഗൗണ്ടറൊപ്പം നിതിൻ ജീപ്പിന്റെ മുൻ സീറ്റിൽ കയറി തിരിഞ്ഞ് നോക്കുമ്പോൾ അമുദം അക്ക അവനെ നോക്കി കൈവീശി കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *