(രചന: അംബിക ശിവശങ്കരൻ)
“സിമി… നീ കുഞ്ഞിനെ ഇങ്ങു താ… ഞാൻ ഉറക്കിക്കോളാം. നീ നല്ല ഒരു സാരിയൊക്കെ ഉടുത്ത് ഒന്ന് ഒരുങ്ങി നിൽക്ക്.”
ആറുമാസം പ്രായമായ തന്റെ കുഞ്ഞിന് പാല് കൊടുത്ത് ഉറക്കാൻ നേരമാണ് ഭർത്താവിന്റെ ശബ്ദം പുറകിൽ കേട്ടത്. അയാളുടെ മുഖം നല്ലപോലെ വിയർക്കുന്നുണ്ടായിരുന്നു.
“ഈ രാത്രി എന്തിനാ നല്ല സാരിയൊക്കെ ഉടുത്ത് ഒരുങ്ങുന്നത്? നമ്മൾ എന്താ പുറത്തു പോകുന്നുണ്ടോ?”
അയാളുടെ പരുങ്ങലിൽ നിന്ന് അവൾക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നി.
“എന്താ ബിജുവേട്ടാ? എന്താ ഇങ്ങനെ നിന്ന് വിയർക്കുന്നത്? എന്തെങ്കിലും പ്രശ്നമുണ്ടോ?”
“അത്… അത് പിന്നെ സിമി… എന്റെ ഒരു സുഹൃത്ത് കൂടെ വന്നിട്ടുണ്ട്…നീ വിചാരിച്ചാൽ നമ്മുടെ പ്രശ്നങ്ങളെല്ലാം തീരും. നീ ഒന്ന് കണ്ണടച്ചാൽ മതിനമ്മുടെ കയ്യിൽ നിറയെ പൈസ വരും. പിന്നെ നിനക്ക് ഒരു റാണിയായി വാഴാം.. ഇത് നമ്മൾ മൂന്നുപേരും അല്ലാതെ മറ്റാരും അറിയില്ല.”
ചെന്നായയുടെ കണ്ണുകളോടെ അയാൾ പറഞ്ഞത് കേട്ട് അവൾ നിന്നു വിറച്ചു.സ്വന്തം ഭാര്യയോട് മറ്റൊരുത്തന്റെ കൂടെ കിടക്കാൻ പറയുന്ന ഭർത്താവ്!.
“എന്താ നിങ്ങൾ പറഞ്ഞത്?”
തന്റെ ദേഹത്ത് വെച്ച അയാളുടെ കൈ തട്ടിമാറ്റി കൊണ്ട് അവൾ അലറി.
“ഛീ ശബ്ദിക്കാതെടീ പുല്ലേ… ഇന്ന് നീ അയാളുടെ കൂടെ കിടന്നു കൊടുത്താൽ തീരാൻ പോകുന്നത് നമ്മുടെ പ്രശ്നങ്ങളാണ്. കെട്ടിയോൻ ആയ എനിക്കില്ലാത്ത എന്ത് ബുദ്ധിമുട്ടാണെടീ നിനക്ക്?? മര്യാദയ്ക്ക് ഞാൻ പറയുന്നതുപോലെ അനുസരിച്ച് നിന്നാൽ നിനക്ക് കൊള്ളാം. വെറുതെ എന്റെ തനി സ്വഭാവം പുറത്തെടുക്കാൻ നിൽക്കരുത്…”
അയാളുടെ കണ്ണുകൾ ചുവന്നു
“ദുഷ്ടാ….ഇതിനാണോ നിങ്ങൾ എന്നെ കല്യാണം കഴിച്ചത്? ഇതിനാണോ വീട്ടുകാരെ പോലും വെറുപ്പിച്ച് ഞാൻ നിങ്ങളുടെ കൂടെ ഇറങ്ങിവന്നത്? ഇല്ല എന്റെ ജീവൻ പോയാലും ശരി നിങ്ങൾ ഈ പറഞ്ഞ കാര്യം നടക്കില്ല. ഞാനെന്റെ കുഞ്ഞിനെയും കൊണ്ട് ഈ നിമിഷം ഇവിടെ നിന്ന് ഇറങ്ങുവാ.”
തന്റെ കുഞ്ഞിനെയും നെഞ്ചോട് ചേർത്തു പിടിച്ച് അവിടെനിന്ന് ഇറങ്ങാൻ തുനിഞ്ഞ അവളുടെ കയ്യിൽ നിന്ന് അയാൾ കുഞ്ഞിനെ പിടിച്ചു വാങ്ങി.
” മര്യാദയ്ക്ക് ഞാൻ പറയുന്നത് കേട്ടില്ലെങ്കിൽ പിന്നെ ഈ നാശത്തിനെ നാളെ നീ ജീവനോടെ കാണില്ല കൊന്നുകളയും ഞാൻ ഇതിനെ… ”
പിഞ്ചുകുഞ്ഞിന്റെ കഴുത്തിൽ കത്തി വച്ചുകൊണ്ട് അയാൾ ഭീഷണിപ്പെടുത്തുമ്പോൾ അവൾക്ക് തലകറങ്ങുന്നത് പോലെ തോന്നി. കാരണം സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിനെ പോലും കൊല്ലാൻ മടിക്കാത്ത നരഭോജിയാണ് അയാൾ എന്ന് അവൾക്ക് മനസ്സിലായി കഴിഞ്ഞിരുന്നു.
“അയ്യോ എന്റെ കുഞ്ഞിനെ ഒന്നും ചെയ്യല്ലേ…നിങ്ങൾ പറയുന്നതെന്തും ഞാൻ അനുസരിച്ചോളാം… എന്റെ മോളെ വെറുതെ വിട്.”
അയാളുടെ കാൽക്കൽ വീണുകൊണ്ട് അവൾ കരഞ്ഞു പറയുമ്പോൾ അയാളുടെ മുഖത്ത് ഇര കുടുങ്ങിയ വേട്ടക്കാരന്റെ സന്തോഷമായിരുന്നു.
“അങ്ങനെ വഴിക്ക് വാ… നിന്നെ കല്യാണം കഴിച്ചത് നിന്നോടുള്ള അകമഴിഞ്ഞ സ്നേഹം കൊണ്ടാണെന്നാണോ കരുതിയത്? ഞാൻ വിളിച്ചപ്പോഴേക്കും വളർത്തി വലുതാക്കിയ വീട്ടുകാരെ ഉപേക്ഷിച്ചു പോന്ന നിന്നെയൊക്കെ ഞാൻ എന്ത് പേര് പറഞ്ഞു വിളിക്കണം? ഇനി ഇപ്പോൾ സ്വന്തം വീട്ടുകാരു പോലുമില്ലാത്ത നിന്റെയൊക്കെ ഗതി ഇതു തന്നെ.”
അത് പറഞ്ഞുകൊണ്ട് അയാൾ ഉറക്കെ ചിരിച്ചു.
“ശരിയാണ് പൊന്നുപോലെ നോക്കി വളർത്തിയ അച്ഛന്റെയും അമ്മയുടെയും കണ്ണുനീർ വീഴ്ത്തി ഈ ദുഷ്ടന്റെ കൂടെ ഇറങ്ങി വന്ന തന്നെ ഇനി എന്ത് പേര് പറഞ്ഞാണ് വിളിക്കേണ്ടത്? അച്ഛാ… അമ്മേ…. മാപ്പ്.”
അവളുടെ മിഴികൾ നിറഞ്ഞൊഴുകി.
“ആഹ്…കരഞ്ഞതൊക്കെ മതി. ഞാൻ പറഞ്ഞപോലെ നല്ല ഒരു സാരിയുമെടുത്ത് കുറച്ച് വൃത്തിക്കൊക്കെ നിൽക്ക്. നിന്നെ അയാൾക്ക് ബോധിച്ചാൽ പിന്നെ ഭാഗ്യമായി കണ്ടാൽ മതി.’
അതും പറഞ്ഞ് അയാൾ കുഞ്ഞിനെയും കൊണ്ട് പുറത്തേക്ക് പോയി. അവൾ ആ കട്ടിലിൽ തന്നെ തളർന്നിരുന്നു. അയാളോടൊപ്പം ഇറങ്ങിപ്പോരാൻ തോന്നിയ ആ നിമിഷത്തെ അവൾ മനസ്സുകൊണ്ട് ശപിച്ചു.
അല്പസമയത്തിനുള്ളിൽ നല്ല ഉയരവും ആവശ്യത്തിന് ആകാരവടവും ഉള്ള ഒരാൾ വാതിൽക്കൽ വന്നു നിന്നു. അയാളുടെ കണ്ണുകൾ തന്റെ ശരീരമാകെ പരതി നടക്കുന്നത് കണ്ടതും അവൾ വേഗം അഴിഞ്ഞുലഞ്ഞു കിടന്നിരുന്ന സാരി നേരെയാക്കിയിട്ടു.
കാമ പരവശനായ അയാൾ വാതിലിന്റെ കൊളുത്തുകൾ ഇട്ട് ഓടിവന്ന് അവളെ വാരിപ്പുണർന്നതും അയാളുടെ കൈക്കുള്ളിൽ കിടന്ന് അവൾ ഒരു നിമിഷം പിടഞ്ഞു.
“പിടയ്ക്കാതെ നിൽക്ക് പെണ്ണേ നിന്നെ ഞാൻ റാണിയായി വാഴിക്കാം..”
അയാളുടെ ശ്വാസം പോലും അവളെ വീർപ്പുമുട്ടിച്ചു. അയാളുടെ പരാക്രമങ്ങൾക്കിരയാകുമ്പോഴും അവളുടെ മനസ്സ് മുഴുവൻ തന്റെ കുഞ്ഞിലായിരുന്നു. അയാൾ തന്റെ കുഞ്ഞിനെ ഉപദ്രവിച്ചു കാണുമോ?
കാമ പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലും അവൾ യാതൊരു പ്രതികരണവും ഇല്ലാതെ കണ്ണുകൾ ഇറുക്കി അടച്ചു കിടന്നു. എല്ലാം കഴിഞ്ഞ് തന്നിൽ നിന്നും അയാൾ വേർപ്പെട്ടപ്പോൾ താഴെ അഴിച്ചിട്ടിരിക്കുന്ന സാരി വാരി ചുറ്റി കൊണ്ടവൾ പുറത്തേക്കോടി.
‘എന്റെ കുഞ്ഞവിടെ? ”
അയാളെ കണ്ടതും അവൾ ഒച്ചവച്ചു.
“ദാ കിടക്കുന്നു നിന്റെ കുഞ്ഞ്.നാശം വാ തുറക്കാൻ നിന്നാൽ പിന്നെ അടക്കേണ്ടേ…”
വെറും നിലത്ത് ഒരു തുണി പോലും വിരിക്കാതെ കിടത്തിയിരിക്കുന്ന തന്റെ കുഞ്ഞിനെ അവൾ ഓടിച്ചെന്ന് വാരിയെടുത്തു. അപ്പോഴും അയാളുടെ മണം തന്റെ ശരീരത്തെ ചുറ്റി വരിയുന്നത് പോലെ അവൾക്ക് തോന്നി.
തന്റെ ഭർത്താവിന്റെ കയ്യിൽ പണം എണ്ണി കൊടുത്തുകൊണ്ട് അയാൾ ഒരു വഷളൻ ചിരി ചിരിച്ചു.
“നമുക്ക് ഇനിയും കാണണം.”
തന്റെ മുഖത്ത് നോക്കി അയാൾ അത് പറഞ്ഞതും അവൾ വെറുപ്പോടെ മുഖം തിരിച്ചു.
സ്വന്തം ഭാര്യയുടെ ശരീരം വിറ്റ പൈസ എണ്ണിത്തിട്ടപ്പെടുത്തുന്ന തന്റെ ഭർത്താവാണ് ഈ ലോകത്തിലെ ഏറ്റവും വലിയ നീചൻ എന്ന് അവൾക്ക് തോന്നിപ്പോയി. മറ്റാരോടും തോന്നാത്ത വിധം വെറുപ്പ് അവൾക്ക് അയാളോട് അന്നേരം തോന്നി.
പിന്നീട് രണ്ടുവട്ടം കൂടി അയാൾ അവളുടെ ശരീരം തേടി വീട്ടിൽ വന്നു. അപ്പോഴും എതിർപ്പ് പ്രകടിപ്പിച്ച അവളെ കുഞ്ഞിനെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയാണ് അയാൾ വരുതിക്ക് നിർത്തിയത്.
അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്നുപോയി ഇത്ര ദിവസത്തിനിടയ്ക്ക് അയാൾ വരാതിരുന്നപ്പോൾ ഇനി അയാളുടെ ശല്യം ഉണ്ടാകില്ലെന്ന് കരുതി സമാധാനിച്ചിരുന്നപ്പോഴാണ് ബിജു വീണ്ടും അവളുടെ അരികിലേക്ക് ചെന്നത്.
“ഇന്ന് രാത്രി അയാൾ വരുന്നുണ്ട് നീയൊരുങ്ങിയിരുന്നോ..”
കുഞ്ഞിനെ കുളിപ്പിച്ചു കൊണ്ടിരുന്ന അവൾ മറുപടി ഒന്നും പറഞ്ഞില്ല. എതിർത്തതുമില്ല.
കുഞ്ഞിനെ ഒരുക്കി നല്ല വസ്ത്രവും ഇടുവിച്ച് പുറത്തേക്ക് ഇറങ്ങിയ അവളെ അയാൾ തടഞ്ഞു നിർത്തി.
“എങ്ങോട്ടാടീ… പോലീസിൽ വല്ലതും പറയാനാണേൽ അറിയാലോ..പിന്നെ ഞാൻ ഒരു നിമിഷം ഈ നാശത്തിനെ ജീവനോടെ വെച്ചേക്കില്ല എവിടെയായാലും വന്നു വെട്ടും ഞാൻ.ഇനി ഓടി ഒളിക്കാൻ ആണ് ഭാവം എങ്കിൽ എവിടെ ആയാലും ഞാൻ വെറുതെ വീടില്ല.”
“പോലീസിൽ പറയണമെങ്കിലും ഓടി ഒളിക്കണം എങ്കിലും എനിക്ക് നേരത്തെ ആവാമായിരുന്നു. മോളെ ഇന്നൊരു ദിവസത്തേക്ക് ഞാൻ എന്റെ ഒരു കൂട്ടുകാരിയുടെ വീട്ടിലാക്കാം അയാൾ വരുമ്പോൾ കുഞ്ഞൊരു തടസ്സമാകേണ്ട..”
“എങ്കിൽ ഞാനും വരാം.”
അയാളും തന്നോടൊപ്പം വരാൻ തയ്യാറായപ്പോൾ അവൾ തടുത്തു.
“ഞാൻ വാക്ക് തെറ്റിക്കില്ല എന്റെ കുഞ്ഞാണേ സത്യം… അയാളോട് വരാൻ പറഞ്ഞോളൂ…”
അവൾ വശ്യമായ ഒരു ചിരി ചിരിച്ചുകൊണ്ട് നടന്നകന്നു.
അവളുടെ മാറ്റം കണ്ട് അയാൾക്ക് തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
കുറേദൂരം യാത്ര ചെയ്തു അവൾ ഒരു ഓർഫനേജിന്റെ മുന്നിലിറങ്ങി. ആരും ഇല്ലെന്ന് ഉറപ്പുവരുത്തി ദൈവത്തെ ഒരു നിമിഷം മനസ്സിൽ കണ്ട് കർത്താവിന്റെ രൂപത്തിനു മുന്നിൽ കുഞ്ഞിനെ ഉപേക്ഷിച്ചുകൊണ്ട് അവൾ തിരികെ നടന്നു.
തിരികെ നടക്കുമ്പോൾ ഒരിക്കൽ പോലും അവൾ തന്റെ കുഞ്ഞിനെ തിരിഞ്ഞു നോക്കിയില്ല. ഇനിയൊരു വട്ടം കൂടി തന്റെ കുഞ്ഞിന്റെ മുഖം കണ്ടാൽ സർവ്വ നിയന്ത്രണവും വിട്ടുപോകുമെന്ന് അവൾക്കു ഉറപ്പായിരുന്നു.
തിരികെ അവൾ വീട്ടിലെത്തിയപ്പോഴാണ് അയാൾക്ക് ശ്വാസം നേരെ വീണത്.
“നിനക്കിത് നേരത്തെ ആവാമായിരുന്നില്ലേ സിമി?വെറുതെ എന്തിനാ നമ്മൾ തമ്മിൽ ഇങ്ങനെ തർക്കങ്ങൾ ഉണ്ടായത്?”
അയാൾ വളരെ സൗമ്യതയോടെ ചോദിച്ചു.
“ഓരോ സമയത്തല്ലേ ഓരോ തിരിച്ചറിവുകൾ ഉണ്ടാകുന്നത് ഈ സാരി മതിയോ ബിജുവേട്ട ഇന്ന്?”
അലമാരയിൽ നിന്നും കൂട്ടത്തിൽ ഏറ്റവും നല്ലതെന്ന് തോന്നുന്ന ഒരു സാരി എടുത്തവൾ തന്റെ ഭർത്താവിന് കാണിച്ചു.
“ആഹ് ….ഇത് മതി. ഹ്മ്മ്…ആളെ നന്നായി ബോധിച്ചല്ലേ കൊച്ചു കള്ളി. ഇങ്ങനെ തഞ്ചത്തിൽ നിന്ന് കൊടുത്താൽ മതി ഒരു പ്രശ്നവും ഉണ്ടാകില്ല.”
അവൾ പുഞ്ചിരിച്ചു.
രാത്രി അയാൾ വരുന്നതിനു മുന്നേ തന്നെ അവൾ ചുവപ്പ് കരയുള്ള സാരിയുമെടുത്ത് മുടിയെല്ലാം അഴിച്ച് വശ്യമായ സൗന്ദര്യത്തോടെ കാത്തിരുന്നു. ആ രൂപത്തിൽ തന്റെ ഭാര്യയെ കണ്ടപ്പോൾ ഭർത്താവായ ബിജുവിന്റെ പോലും മനസ്സ് ഒന്ന് ഇടറി.
ഒടുവിൽ തന്റെ ശരീരത്തെ തേടി വന്ന അയാൾക്ക് മുന്നിൽ അവൾ കീഴടങ്ങി.കാമചേഷ്ടകൾ കൊണ്ട് സ്വർഗം താണ്ടിയ സുഖത്തിൽ നിൽക്കുന്ന അയാളുടെ ഇടനെഞ്ചിലേക്ക് കട്ടിലിനടിയിൽ ഒളിപ്പിച്ചുവെച്ച കൂർത്ത മുനയുള്ള ഒരു കത്തി ആഴ്ന്നിറങ്ങിയത് പെട്ടെന്നായിരുന്നു. ഒന്ന് നിലവിളിക്കും മുന്നേ തന്നെ രണ്ടോ മൂന്നോ വട്ടം വീണ്ടും കത്തി ആഴ്ന്നിറങ്ങി. അയാൾ ഒന്നു പിടഞ്ഞു. പിന്നീട് ഒച്ച വയ്ക്കാൻ പോലും ബാക്കിയില്ലാതെ ശ്വാസം നിലച്ചു .
“ഒരു അമ്മയായ എന്റെ ശരീരം തന്നെ വേണമല്ലേടാ നിനക്ക് കാമം തീർക്കാൻ
പകതീരാതെ വീണ്ടും വീണ്ടും കുത്തിക്കൊണ്ട് അവൾ പിറുപിറുത്തു.
ശബ്ദം കേട്ട് തന്റെ ഭർത്താവ് വരുമെന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെ അവൾ വാതിലിന്റെ പുറകിൽ മറഞ്ഞു നിന്നു.
പ്രതീക്ഷിച്ചത് പോലെ തന്നെ ശബ്ദം കേട്ട് അയാൾ ഓടി വന്നതും പുറകിൽ നിന്ന് അവൾ അയാളെ കുത്തി മലർത്തി. ആദ്യത്തെ കുത്തിൽ തന്നെ അയാൾ നിലം പതിച്ചു. താഴെ കിടന്ന് പിടഞ്ഞ അയാളുടെ നെഞ്ചിൽ അവൾ വീണ്ടും വീണ്ടും ആഞ്ഞു കുത്തി.
“നിന്നെ സ്നേഹിച്ച പോലെ ഞാൻ ഈ ലോകത്ത് മറ്റാരെയും സ്നേഹിച്ചിരുന്നില്ല. അതുകൊണ്ടല്ലേ സ്വന്തം അച്ഛനെയും അമ്മയെയും വരെ ഉപേക്ഷിച്ച് ഞാൻ നിന്റെ കൂടെ വന്നത് വന്നത്. എന്തുവന്നാലും നീ എന്നെ സംരക്ഷിക്കും എന്ന് ഞാൻ വിശ്വസിച്ചു. എന്റെ സ്നേഹത്തെ,വിശ്വാസത്തെ തന്നെ നീ മുതലെടുത്തു. നീ ഇനി ജീവിക്കരുത്…അത് എന്റെ കുഞ്ഞിനു കൂടി ആപത്താണ്.നിന്റെ കുഞ്ഞിന് ജന്മം നൽകിയ എന്നെ തന്നെ നീ വിറ്റില്ലെടാ മഹാപാപി…”
അവളുടെ പ്രതികാരത്തിനു മുന്നിൽ മറുപടി പറയാനാകാതെ ചോരയിൽ കിടന്നു കൊണ്ട് തന്നെ അയാൾ ജീവൻ വെടിഞ്ഞു.
വലിയൊരു ഉത്തരവാദിത്തം ചെയ്തുതീർത്ത സംതൃപ്തി എന്നോണം അവൾ ചിരിച്ചു.ചോരപുരണ്ട കൈകളാൽ തന്നെ എന്തൊക്കെയോ ഒരു കടലാസിൽ എഴുതിവെച്ച ശേഷം രണ്ട് ജീവനെടുത്ത ആ കത്തി സ്വയം നെഞ്ചിൽ കുത്തി ഇറക്കി കൊണ്ട് തന്നെ ഈ ലോകത്തോട് വിട പറഞ്ഞു.
ശബ്ദം കേട്ട് നാട്ടുകാരും, വിവരമറിഞ്ഞ് പോലീസുകാരും എത്തിയപ്പോഴേക്കും മൂന്ന് ജീവനുകളും പൊലിഞ്ഞിരുന്നു.
അവൾ അവസാനമായി കുറിച്ച വാക്കുകൾ ഇങ്ങനെയായിരുന്നു.
“മകളെ മാപ്പ്
നീചനായ നിന്റെ അച്ഛനെ ഞാൻ ഈ ലോകത്തുനിന്ന് പറഞ്ഞയച്ചിട്ടുണ്ട്.
ഇനിയെന്റെ മോളെ നിന്റെ അച്ഛൻ ഉപദ്രവിക്കില്ല. ഒരു കൊലപാതകിയുടെ മകളായോ വേശ്യയുടെ മകളായോ നീ അറിയപ്പെടരുത്. അമ്മയും പോകുന്നു. കളങ്കമില്ലാത്ത ഒരുപറ്റം കുഞ്ഞുങ്ങളോടൊപ്പം സ്നേഹം അറിഞ്ഞു നീയും വളരുക…ഇനിയൊരു സ്ത്രീയായി അമ്മ പിറവിയെടുക്കാതിരിക്കട്ടെ…