വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ തന്നെ പ്രസവിക്കണമെന്ന് ഇവർ ഇങ്ങനെ വാശിപിടിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല..

(രചന: അംബിക ശിവശങ്കരൻ)

 

“നാട്ടുകാരെല്ലാം ചോദിച്ചു തുടങ്ങി. എന്നാണ് ഇനിയൊരു കുഞ്ഞിക്കാല് കാണുന്നത് എന്ന്?”

 

കണ്ണൻ പുറത്തുപോയ തക്കം നോക്കിയാണ് കണ്ണന്റെ അമ്മയായ സാവിത്രി മരുമകളായ നന്ദനയോട് അത് പറഞ്ഞത്.

 

“കണ്ണേട്ടൻ ഉള്ളപ്പോൾ ഇതേപ്പറ്റി അമ്മ ചോദിക്കാറില്ല ഇപ്പോൾ തന്നെ തനിച്ചു കിട്ടിയ തക്കം നോക്കി വന്നതാണ്.” അവൾ ഒരു നിമിഷം പരുങ്ങി.

 

“അത്… അത് അമ്മേ..ഞാനിപ്പോ പഠിക്കുവല്ലേ? കല്യാണം കഴിഞ്ഞ് അധികം ആയിട്ടൊന്നും ഇല്ലല്ലോ… രണ്ടാൾക്കും നല്ലൊരു ജോലി പോലുമില്ലാതെ ഒരു കുഞ്ഞു വന്നാൽ എങ്ങനെയാണെന്ന് കരുതിയാണ്..”

 

തന്റെ മറുപടി അവർക്ക് തെല്ലു പോലും ദഹിച്ചിട്ടില്ലെന്ന് അവരുടെ മുഖഭാവത്തിൽ നിന്നും വ്യക്തമായിരുന്നു.

 

“ഇനി എപ്പോഴാണ് രണ്ടാൾക്കും മൂക്കിൽ പല്ല് വന്നിട്ടോ?കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിന് ഒരു നേരവും കാലവും ഒക്കെയുണ്ട്.എല്ലാം ഒത്തുവന്നിട്ട് കുഞ്ഞുങ്ങളെ ഉണ്ടാക്കാൻ നിന്നാൽ അത് ഈ ജന്മം നടക്കും എന്ന് തോന്നുന്നില്ല.വാ കീറിയ ദൈവം അതിനുള്ള അന്നവും കരുതിയിട്ടുണ്ടാകും.

 

ഞങ്ങളൊക്കെ കല്യാണം കഴിഞ്ഞ് മൂന്നു മാസം തികയുന്നതിന് മുന്നേ ഗർഭിണി ആയതാണ്. ഞങ്ങൾക്കൊക്കെ ഒരു കുഞ്ഞായിരുന്നു വലുത്. പഠിത്തമൊക്കെ വേണമെന്ന് വെച്ചാൽ ഇനിയും പഠിക്കാമല്ലോ അതുപോലെയാണോ ഇത്?”

 

അവർ പിറുപിറുത്തു കൊണ്ട് അവിടെ നിന്ന് പോയി.

 

വൈകുന്നേരം വിളക്ക് വെച്ച് പ്രാർത്ഥിച്ച് പതിവുപോലെ പഠിക്കുന്ന നേരത്താണ് കണ്ണൻ വന്നത്. കുളിച്ചു വന്ന തന്റെ ഭർത്താവിന് ചായയുമായി എത്തിയപ്പോൾ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിക്ക് തെളിച്ചം കുറവായിരുന്നു എന്ന് അവൻ ശ്രദ്ധിച്ചു.

 

പഠിക്കുന്ന സമയം ശല്യം ചെയ്യേണ്ടെന്ന് കരുതി എന്നത്തേയും പോലെ അവൻ സുഹൃത്തുക്കളോടൊപ്പം കുറച്ചു സമയം ചെലവഴിക്കാൻ പുറത്തേക്ക് പോയി. അന്നേരം കണ്ണന്റെ അനിയൻ ഗോകുൽ വന്നപ്പോൾ അവനും കൂടി ചായ കൊടുത്ത ശേഷമാണ് അവൾ വീണ്ടും പഠിത്തം തുടർന്നത്.

 

പഠിക്കാൻ ഇരിക്കുമ്പോഴും അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു.

 

“തന്റെ മനസ്സ് എങ്ങനെയാണ് ഇവരെയൊക്കെ പറഞ്ഞു മനസ്സിലാക്കേണ്ടത്? ഒരു കുഞ്ഞിന് ജന്മം നൽകുക എന്നതിനപ്പുറത്തേക്ക് വിവാഹം കഴിഞ്ഞ ഒരു സ്ത്രീയുടെ സ്വപ്നങ്ങൾക്ക് യാതൊരു മൂല്യവും ഇല്ലേ? ”

 

അവൾ ആശയക്കുഴപ്പത്തിലായി.

 

ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും കണ്ണൻ തിരികെയെത്തി. എങ്കിലും അവൻ അവളെ ശല്യം ചെയ്തില്ല. ഏട്ടനും അനിയനും കൂടെ പിന്നെയും ഒരു മണിക്കൂർ ടിവിയുടെ മുന്നിൽ ചെലവഴിച്ചു. അന്നേരം അത്രയും അമ്മ മുറിക്കുള്ളിൽ ആരോടൊക്കെയോ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നു.

 

ഭക്ഷണം കഴിക്കാൻ നേരം എല്ലാവർക്കും ഭക്ഷണം വിളമ്പിക്കൊടുത്ത് പണിയെല്ലാം ഒരുക്കി വെച്ചാണ് അവൾ മുറിയിലേക്ക് വന്നത്.

 

“കണ്ണേട്ടാ അമ്മ ഇന്ന് കുഞ്ഞിനെ പറ്റി ചോദിച്ചു.”

 

“ഹാ… വെറുതെയല്ല മുഖത്തെ വാട്ടം കണ്ടപ്പോൾ തന്നെ ഞാൻ ഊഹിച്ചു.”

 

“അമ്മ കുറ്റപ്പെടുത്തുന്ന പോലെയാണ് സംസാരിച്ചത്. നമ്മൾ മനപൂർവ്വം വേണ്ടെന്നു വയ്ക്കുകയാണ് എന്നാണ് അമ്മ കരുതുന്നത്.”

 

അവളുടെ തൊണ്ട ഇടറി

 

“ഇപ്പോൾതന്നെ കണ്ണേട്ടന് രണ്ടുദിവസം പണിയില്ലാതായാൽ നമ്മുടെ കാര്യങ്ങൾ എല്ലാം അവതാളത്തിൽ ആവുകയാണ്. എന്റെ പഠിത്തം,ഇവിടുത്തെ കാര്യങ്ങൾ, അതിനുപുറമേ കടങ്ങൾ ഇതെല്ലാം ഒരാളെ കൊണ്ട് ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നത് എളുപ്പമാണോ? അതിനിടയിൽ ഒരു കുഞ്ഞു കൂടി വന്നാൽ ഉള്ള കാര്യം എന്തായിരിക്കും?

 

പെട്ടെന്നൊരു ഹോസ്പിറ്റൽ കേസ് വന്നാൽ കൂടി അതിനെ തരണം ചെയ്യാൻ നമ്മുടെ കയ്യിൽ ഒരു നീക്കിയിരിപ്പ് ഇല്ല. നിറയെ സ്വർണവുമായി കയറിവന്ന പെൺകുട്ടി ആയിരുന്നെങ്കിൽ എനിക്കൊരു ആശങ്കയും ഉണ്ടാവില്ല.

 

പക്ഷേ എന്റെ കല്യാണത്തോടെ എന്റെ അച്ഛനും അമ്മയും കടക്കാരാകരുതെന്ന ഒറ്റ നിർബന്ധം കൊണ്ടാണ് അതൊന്നും വേണ്ടെന്ന് ഞാൻ വാശിപിടിച്ചത് അത് കണ്ണേട്ടനും അറിയാമല്ലോ?

 

ഒരു മകളെന്ന നിലയിൽ അവരെന്നോട് ചെയ്യേണ്ട കടമ ചെയ്തിട്ടുണ്ട്. എന്നെ നല്ലതുപോലെ പഠിപ്പിച്ചു. ഇനി ഒരു ജോലി വാങ്ങി എടുക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.ഒരു പെൺകുട്ടിക്ക് വിവാഹം കഴിയുന്നതോടെ സ്വന്തം അച്ഛനോടും അമ്മയോടുമുള്ള ഉത്തരവാദിത്തം ഇല്ലാതാകുന്നില്ലല്ലോ കണ്ണേട്ടാ…

 

ഒരു കുഞ്ഞു എന്നതിന് മുന്നേ നമുക്ക് ആവശ്യം സാമ്പത്തിക സ്ഥിരതയാണ്. അതിന് രണ്ടു പേർക്കും ജോലി വേണം.

 

ആ കുഞ്ഞിന് വേണ്ട കാര്യങ്ങൾ ചെയ്യാനെങ്കിലും ആരുടെയും മുന്നിൽ കൈ നീട്ടേണ്ടി വരരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ തന്നെ പ്രസവിക്കണമെന്ന് ഇവർ ഇങ്ങനെ വാശിപിടിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല..

 

എനിക്കിപ്പോൾ ഇരുപത്തിയഞ്ചു വയസ്സ് കണ്ണേട്ടന് ഇരുപത്തി എട്ടും. ഇപ്പോൾ നേടിയെടുക്കേണ്ടത് ഞാൻ ഇപ്പോഴല്ലേ നേടേണ്ടത്…? ഇങ്ങനെ സമ്മർദ്ദം ചെലുത്തുമ്പോൾ മാനസികമായി നമ്മൾ ഒരച്ഛനും അമ്മയും ആകാൻ തയ്യാറാണോ എന്ന് ആരും ചിന്തിക്കാത്തത് എന്താ? ”

 

അവൾ മുഖം താഴ്ത്തി.

 

“എന്താടി നന്ദു ഇത്? ഞാനല്ലേ നിന്റെ ഭർത്താവ്? ഞാൻ നിന്റെയൊപ്പം കട്ടയ്ക്ക് നിൽക്കുമ്പോൾ നീ എന്തിനാണ് മറ്റുള്ളവരുടെ വാക്കുകൾ കേൾക്കുന്നത്? നീ എപ്പോഴാണോ അമ്മയാകാൻ മനസ്സുകൊണ്ട് തയ്യാറാകുന്നത് അപ്പോൾ മതിയെന്ന് ഞാൻ തന്നെയല്ലേ പറഞ്ഞത്?

 

പിന്നെ ആരെന്ത്‌ പറഞ്ഞാലും നീ എന്തിനാ ശ്രദ്ധിക്കുന്നത്? ഇനി അവർ പറയുന്ന പോലെ ആഗ്രഹിക്കുന്ന സമയത്ത് ഉണ്ടായില്ലെങ്കിൽ വേണ്ട… അത് നമ്മുടെ കാര്യം.മറ്റുള്ളവർ എന്തിനാണ് അതിൽ ഇടപെടുന്നത്?”

 

“എന്റെ മോളെ ഇത്ര നിസ്സാര കാര്യത്തിന് ഇങ്ങനെ ടെൻഷൻ അടിക്കാതെ പഠിക്കാൻ നോക്ക്… ആഹ് പിന്നെ ഒരു പ്രധാന കാര്യം പറയാനുണ്ടായിരുന്നു. ഗോകുലിന് ഒരു കുട്ടിയെ ഇഷ്ടമാണെന്ന് അവൻ പറഞ്ഞിട്ടില്ലേ… ആ കുട്ടിയുടെ വീട്ടിൽ വേറെ വിവാഹ ആലോചനകൾ നടക്കുന്നുണ്ടെന്ന്….

 

അവരായിട്ട് കെട്ടിച്ചു തരില്ലെന്ന അവൻ പറഞ്ഞത്. എത്രയും പെട്ടെന്ന് വിവാഹം നടത്തിയില്ലെങ്കിൽ അവരവളെ കൊണ്ട് വേറെ കല്യാണം കഴിപ്പിക്കും എന്ന അവൻ പറഞ്ഞത്. ഇന്ന് ടിവി കാണുമ്പോൾ അതേപറ്റിയാണ് ഞങ്ങൾ സംസാരിച്ചത് ഉടനെ തന്നെ ഒരു അനിയത്തിയെ കൂടി പ്രതീക്ഷിച്ചോ കേട്ടോ…”

 

അത് കേട്ടപ്പോൾ അവൾക്ക് സന്തോഷം തോന്നി.കൂട്ടിന് ഒരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് കുറെ നാളുകൾ ആയി കൊതിക്കുന്നതാണ്.

 

അമ്മയോട് ഇക്കാര്യം ആദ്യം അവതരിപ്പിച്ചത് കണ്ണൻ തന്നെയാണ്. വിളിച്ചിറക്കി കൊണ്ടുവരേണ്ടി വരുമെന്ന് പറഞ്ഞതോടെ ആദ്യം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും കാശുള്ള വീട്ടിലെ പെൺകുട്ടിയാണെന്ന് അറിഞ്ഞതോടെ പതിയെ ആ എതിർപ്പ് അപ്രത്യക്ഷമായി.

 

ഗോകുലിനോടൊപ്പം കണ്ണനും രണ്ട് സുഹൃത്തുക്കളും ചേർന്നാണ് അതിസാഹസികമായി അപർണയെ പുറത്തിറക്കിയത്. വിവരമറിഞ്ഞ് പോലീസുമായി അവരുടെ വീട്ടുകാർ എത്തിയപ്പോഴേക്കും താലികെട്ട് കഴിഞ്ഞിരുന്നു.

 

ഇത് എന്റെ ഭർത്താവാണ് പൂർണ്ണമനസ്സോടെയാണ് ഞാൻ ഇറങ്ങിപ്പോന്നത് എന്ന് പ്രായപൂർത്തിയായ ഒരു പെൺകുട്ടി പറയുമ്പോൾ പിന്നെ അവിടെ മാതാപിതാക്കളുടെ വികാരങ്ങൾക്ക് സ്ഥാനം ഇല്ലല്ലോ..

 

നിറഞ്ഞ മനസോടെയാണ് സാവിത്രിയമ്മ തന്റെ മരുമകളെ വീട്ടിലേക്ക് ആനയിച്ചത്. അനിയത്തിയെ കണ്ടതും നന്ദനയ്ക്ക് ഒരുപാട് സന്തോഷം തോന്നി

 

എന്നാൽ ദിവസങ്ങൾ കഴിഞ്ഞതോടെയാണ് താൻ ആഗ്രഹിച്ചു കാത്തിരുന്നതുപോലെ ഒരു അനിയത്തിയല്ല അപർണ്ണ എന്നത് നന്ദനയ്ക്ക് മനസ്സിലായത്.

 

ഗോകുൽ ജോലിക്കു പോയി കഴിഞ്ഞാൽ പിന്നെ അപർണ മുറിക്കുള്ളിൽ തന്നെയായിരിക്കും. ഒന്നുകിൽ ഫോണിൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്ത് മുറിക്കുള്ളിൽ തന്നെ സമയം ചെലവഴിക്കും. നന്ദന മിണ്ടാൻ ചെന്നാലും ഒന്നോ രണ്ടോ വാക്കുകളിൽ മറുപടി പറഞ്ഞ് അവസാനിപ്പിക്കും.പിന്നെ ശല്യം ആയാലോ എന്ന് പേടിച്ച് അവൾ അതും നിർത്തി.

 

മൂന്നാം മാസം തലകറങ്ങി മുറിയിൽ കിടക്കുന്ന അപർണയെ ആദ്യം കണ്ടതും നന്ദനയാണ്.ഒച്ചവെച്ച് അമ്മയെ വിളിച്ചുവരുത്തി വെള്ളം തെളിച്ച് ബോധം വന്നെങ്കിലും ഗോകുലിനെ വിളിച്ചുവരുത്തി ആശുപത്രിയിൽ പോയ ശേഷമാണ് ഗർഭിണിയാണെന്ന് അറിഞ്ഞത്.

 

എല്ലാവർക്കും ഒരേ പോലെ സന്തോഷം തരുന്ന വാർത്തയായിരുന്നുവെങ്കിലും അപർണയുടെ മുന്നിൽ വച്ച് നന്ദനയെ കുത്തി നോവിക്കുക എന്നത് സാവിത്രിയമ്മയുടെ വിനോദമായിരുന്നു.

 

“ഇങ്ങനെ വേണം പെൺകുട്ടികൾ ആയാൽ… ഒരു അമ്മയായാൽ മാത്രമേ ഒരു പെണ്ണ് പെണ്ണ് ആവുകയുള്ളൂ…”

 

ഇത്തരം വാക്കുകൾ സ്ഥിരമായപ്പോൾ അമ്മയുള്ളപ്പോൾ അപർണയുടെ അരികിലേക്ക് പോകുന്നത് പോലും നന്ദന ഒഴിവാക്കി.

 

മാസങ്ങൾ പിന്നെയും കടന്നുപോയി ഗർഭിണിയാണെന്ന് അറിഞ്ഞാൽ അപർണ്ണയുടെ വീട്ടുകാർ വരുമെന്ന അമ്മയുടെ ധാരണ വെറുതെയായി. ആ വീട്ടിൽ നിന്നു ആരും തിരിഞ്ഞു പോലും നോക്കിയില്ല.അതിനിടെ നന്ദന പഠനം പൂർത്തിയാക്കി ഒരു എയ്ഡഡ് സ്കൂളിൽ സയൻസ് ടീച്ചറായി ജോലിക്ക് കയറി.

 

കാത്തിരിപ്പിനൊടുവിൽ അപർണ ഒരാൺകുഞ്ഞിന് ജന്മം നൽകി. സ്വന്തം കുഞ്ഞിനെ പോലെയാണ് നന്ദന ആ കുഞ്ഞിനെ നോക്കിയത്. പാലൂട്ടുന്ന ജോലി മാത്രമേ അപർണ്ണക്ക് ഉണ്ടായിരുന്നുള്ളൂ. കുഞ്ഞ് ജനിച്ച് ആറുമാസം കഴിഞ്ഞിട്ടും വീട്ടിൽ നിന്നും ആരും തിരിഞ്ഞു നോക്കാത്തതിനെ തുടർന്ന് സാവത്രിയമ്മയ്ക്ക് അപർണയോട് കുറേശ്ശെയായി അനിഷ്ടം തോന്നിത്തുടങ്ങി.

 

ജോലി കിട്ടിയതിനെ തുടർന്ന് നന്ദനയോട് ഇഷ്ടവും. പക്ഷേ ആ ഇഷ്ടത്തെ അവൾ അത്രമേൽ പ്രോത്സാഹിപ്പിച്ചില്ല. ജോലി ഒന്നും ചെയ്യാതെ സദാസമയവും മുറിക്കുള്ളിൽ ഫോണിൽ സംസാരിച്ചിരിക്കുന്നതിനെ സാവത്രിയമ്മ ചോദ്യം ചെയ്തതോടെ പിന്നെ ആ വീട്ടിൽ ഒരു ലഹള ആയിരുന്നു.

 

പിന്നീട് ഗോകുലം അപർണയും അമ്മയോട് മിണ്ടാതെയായി. ആദ്യമാദ്യം കണ്ണനോടും നന്ദനയോടും സംസാരിച്ചിരുന്ന ഗോകുൽ പിന്നെ അപർണയുടെ നിർബന്ധപ്രകാരം അതും അവസാനിപ്പിച്ചു.

 

നന്ദന കുഞ്ഞിനെ തൊടുന്നതിന് പോലും അവൾ എതിർപ്പ് പ്രകടിപ്പിച്ചു.അത് നന്ദനയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. എങ്കിലും നന്ദന താൻ പഠിപ്പിക്കുന്ന കുഞ്ഞുങ്ങളെ സ്വന്തം മക്കളായി തന്നെ കണ്ട് സ്നേഹിച്ചു.

 

ഒരു ദിവസം സ്കൂളിൽ നിന്നും വന്ന നേരമാണ് അമ്മയുടെ ശാപവാക്കുകൾ കേട്ടുകൊണ്ടിരുന്നത്.

 

“ഞാനന്നു പറഞ്ഞപ്പോൾ കെട്ടിയോനും കെട്ടിയോളും കൂടെ എന്നെ തിന്നാൻ വന്നു. ഇപ്പോൾ എന്തായടാ…നിന്നെയും പ്രസവിച്ച കുഞ്ഞിനെയും തനിച്ചാക്കി അവൾ വേറൊരുത്തന്റെ കൂടെ പോയില്ലേ?? അന്നേ ഞാൻ പറഞ്ഞതാണ് അവളുടെ ഫോൺ വിളി ശരിയല്ലെന്ന്. ഇതിന്റെ ഉള്ളിൽ കിടന്നല്ലേ നിന്നെയും ഞങ്ങളെയും പറ്റിച്ച് അവൾ കണ്ടവന്മാരെ വിളിച്ചു കൊണ്ടിരുന്നത്.

 

കല്യാണം കഴിഞ്ഞ് ഒരു കൊച്ചു ഉണ്ടായിട്ട് പോലും വീട്ടുകാർ തിരിഞ്ഞു നോക്കാത്ത കാരണം എനിക്ക് ഇപ്പോഴാണ് മനസ്സിലായത്.അവളുടെ സ്വഭാവം അവർക്കറിയാം. ആരെയോ മടുത്തു അവൾ നിന്നെ ചാക്കിട്ട് പിടിച്ചു. നിന്നെ മടുത്തപ്പോൾ വേറൊരുത്തന്റെ കൂടെ പോയി. എന്നിട്ട് അവൻ മൂക്കു കുടിച്ചു ബോധമില്ലാതെ വന്നിരിക്കുന്നു.

 

അമ്മയുടെ സംസാരത്തിൽ നിന്ന് കാര്യങ്ങളൊക്കെ അവൾക്ക് വ്യക്തമായിരുന്നു.അപർണ പോയ വിഷമത്തിൽ ഗോകുൽ കുടിച്ച് ബോധമില്ലാതെ കട്ടിലിൽ മലന്നടിച്ചു കിടക്കുകയാണ്. അന്നേരമാണ് നന്ദനയെ കണ്ടതും കുഞ്ഞു വാവിട്ട് കരഞ്ഞത്.

 

“ഓഹ് ശല്യം.. ഇതിന്റെ തലവട്ടം കണ്ട അന്ന് തുടങ്ങിയതാ ഈ കുടുംബത്തിന്റെ നാശം. അതെങ്ങനെയാ ആ ഉരുമ്പട്ടവളുടെ സന്തതിയല്ലേ? അവളുടെ സ്വഭാവം അറിഞ്ഞിട്ട് മതിയായിരുന്നില്ലേ കുട്ടിയും വട്ടിയും ഒക്കെ.. ഇതിപ്പോ മൂന്നാം മാസം വയറ്റിലുമായി കൊച്ചിനെയും പ്രസവിച്ച് അവൾ കണ്ടവന്റെ കൂടെ ഇറങ്ങിയും പോയി.ഞാൻ ഇനി നാട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും എന്റെ ദൈവമേ…”

 

അമ്മയുടെ ശാപവാക്കുകൾ ഇനിയും ആ കുഞ്ഞിന്റെ മേൽ പതിക്കും മുൻപ് അവൾ കുഞ്ഞിനെ ചെന്ന് എടുത്തു.അവനായി പാൽ തിളപ്പിച്ചു കൊണ്ടിരിക്കുമ്പോൾ അവൾ ആ കുഞ്ഞിന്റെ മുഖത്തേക്ക് ഒന്ന് നോക്കി.

 

“പാവം ഇവൻ എന്ത് ചെയ്തിട്ടാണ് ഈ കേട്ടത് അത്രയും…തന്നെ ശപിച്ചതാണെന്ന് അറിയാനുള്ള പ്രായം പോലും അതിനില്ല. രണ്ടുപേരുടെ ജീവിത പരാജയത്തിന്റെ ശേഷിപ്പായി ഇവൻ ഇനി ജീവിക്കും.

 

പരസ്പരം മനസ്സിലാക്കാതെ ഒരു കുഞ്ഞിന് ജന്മം നൽകിയിട്ട് ഇപ്പോൾ എന്തുണ്ടായി… ആ കുഞ്ഞിന്റെ ജന്മം നശിപ്പിക്കുകയല്ലാതെ… അന്ന് തന്നെ ഉപദേശിച്ച അമ്മ തന്നെയാണ് അല്പം മുൻപ് എന്തിനു കുഞ്ഞിന് ജന്മം നൽകിയെന്ന് ശപിച്ചത്.ഇവരുടെ മാറിമാറി വരുന്ന തീരുമാനങ്ങൾക്കൊത്ത് തട്ടി കളിക്കാൻ ഉള്ളതാണോ നമ്മുടെ ജീവിതം?.

 

അവൾ കുഞ്ഞിനെ ഉറക്കി അവരുടെ മുറിയിൽ തന്നെ കിടത്തി.

 

കണ്ണനെ വിളിച്ചപ്പോൾ എത്താൻ കുറച്ച് വൈകും എന്നായിരുന്നു മറുപടി. വിവരങ്ങൾ ഒക്കെ അറിഞ്ഞു കുഞ്ഞിനെ നല്ലപോലെ നോക്കാൻ പറഞ്ഞു കൊണ്ട് അവൻ ഫോൺ വെച്ചു.

 

സാരിയെല്ലാം അഴിച്ചുവെച്ച് ഫ്രഷായി വന്ന അവൾ കുഞ്ഞിന് ചാരയായി ഇരുന്ന് അവന്റെ നെറുകയിൽ ചുംബിച്ചു.

 

അന്നേരം കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന പ്രഗ്നൻസി കിറ്റിലെ രണ്ട് വരകളിലേക്ക് നോക്കി വെറുതെ അവൾ പുഞ്ചിരിച്ചു

 

“ഇത്ര നാളത്തെ തയ്യാറെടുപ്പുകൾ കഴിഞ്ഞിരിക്കുന്നു. കാത്തിരിപ്പുകൾക്ക് വിരാമം ആയിരിക്കുന്നു.കുഞ്ഞേ, ഇനി നിനക്ക് സ്വാഗതം…”

Leave a Reply

Your email address will not be published. Required fields are marked *