(രചന: രജിത ജയൻ)
“പൊന്നൂ … ഇതാണിനി മോളുടെ അച്ഛൻ ,അമ്മയുടെ ഭർത്താവ് …
ആളും ആരവവും നിറഞ്ഞ അമ്പലനടയിൽ വെച്ച് അമ്മയുടെ കഴുത്തിൽ താനന്നു വരെ കാണാത്തൊരു മനുഷ്യൻ താലികെട്ടുന്നതും അമ്മ നിറഞ്ഞ കണ്ണോടെ ആ താലി കഴുത്തിൽ സ്വീകരിക്കുന്നതും കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുകയായിരുന്നു പൊന്നു എന്ന പൊന്നമ്പിളി..
അവൾക്കടുത്തേക്ക് വന്ന് അമ്മയുടെ അടുത്ത് നിൽക്കുന്ന ആളെ ചൂണ്ടി ആരോ പറഞ്ഞതും അവൾ വീണ്ടും അമ്മയെ ശ്രദ്ധിച്ചു
തനിക്ക് ചുറ്റും കല്യാണം കണ്ടു നിൽക്കുന്നവരിലേറെ പേരും സംസാരിക്കുന്നത് തന്നെപ്പറ്റിയാണെന്ന് തിരിച്ചറിഞ്ഞതും പൊന്നു തന്റെ ശ്രദ്ധയും അവരിലേക്കാക്കി …
“പത്തു പതിനൊന്ന് വയസ്സ് പ്രായമുള്ള ഈ പെൺകൊച്ചൊരുത്തി കയ്യിലുള്ളപ്പോൾ ഇവൾക്കീ കല്യാണത്തിനൊന്നും നിൽക്കാതെ അതിന്റെ ഭാവീം നോക്കിയങ്ങ് ജീവിച്ചാൽ പോരായിരുന്നോ?
“ഇപ്പഴത്തെ കാലമാണ്, സ്വന്തം തന്തമാരുടെ അടുത്ത് വിശ്വസിച്ച് പെൺകുട്ടികളെ തനിച്ചു നിർത്താൻ പറ്റില്ല അപ്പോഴാണിനി രണ്ടാനച്ഛന്റെ അടുത്ത്..
“കണ്ടറിയാം ആ പെൺകൊച്ചിന്റെ വിധി .. അല്ലാതെന്താ …
കൂട്ടത്തിലെ ഒരു സ്ത്രീ പറഞ്ഞതും പൊന്നു അവരെ നോക്കി
രണ്ടാഴ്ച മുമ്പ് വീട്ടിൽ വന്നപ്പോൾ ഒരു രണ്ടാം കല്യാണത്തിന് അമ്മയെ നിർബന്ധിച്ചത് ഇവരും കൂടിച്ചേർന്നല്ലേ?
പൊന്നു ഓർത്തു
“അതേ… അയാളൊന്നും കാണാതെ അല്ല ഈ കല്യാണത്തിന് സമ്മതിച്ചിട്ടുണ്ടാവുക ,രൂപാ ഒന്നും രണ്ടും അല്ല ആ കൊച്ചിന്റെ അച്ഛൻ മരിച്ചയിനത്തിൽ കിട്ടിയത് ,ലക്ഷങ്ങളാ,ലക്ഷങ്ങൾ…
കൂട്ടത്തിൽ തല മുതിർന്ന സ്ത്രീ പറഞ്ഞതും പൊന്നുവിന്റെ അച്ഛൻ പെങ്ങൾ അവരുടെ അടുത്തേക്ക് നീങ്ങി നിൽക്കുന്നത് പൊന്നു കണ്ടു
“അതേ എന്റെ ഏട്ടൻ മരിച്ചയിനത്തിൽ എത്ര പണം കിട്ടിയിട്ടുണ്ടെങ്കിലും അതൊന്നും അയാൾക്ക് കിട്ടില്ല, അതെല്ലാം ഞങ്ങളുടെ പൊന്നുവിന്റെ പേരിലാണ്.. അതു കണ്ടാരും പനിക്കണ്ട ഇവിടെ…
“ഞങ്ങടെ കുട്ടിയെ നോക്കാൻ ഞങ്ങൾക്കറിയാം ..
എല്ലാവരോടും ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് അച്ഛൻ പെങ്ങൾ അവളെ കടന്നു പോയതും എന്തിനെന്നറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു …
അച്ഛൻ അപകടത്തിൽ മരിച്ചപ്പോൾ തനിക്കേക ആശ്രയം അമ്മയായിരുന്നു
ഇപ്പോഴിതാ അമ്മയെ മറ്റൊരാൾ വിവാഹം കഴിച്ചിരിക്കുന്നു
ഇനി തനിക്കാരാണ് ,താൻ ആരുടെ കൂടെയാണ് നിൽക്കേണ്ടത് …?
അമ്മ പറഞ്ഞത് ,
തന്നെ കൂടാതൊരു ജീവിതം അമ്മയ്ക്കില്ലാന്നാണ്, അമ്മയെ കല്യാണം കഴിച്ച ആൾ തന്നെയും അവരുടെ കൂടെ കൊണ്ടുപോവുമെന്നാണ്
പക്ഷെ അച്ഛന്റെ ആളുകൾ പറയുന്നത് തന്നെ അമ്മയ്ക്കൊപ്പം അയക്കില്ലാന്നാണ് ..
എന്താണ് തനിക്ക് സംഭവിക്കുക ,അവളൊരു പേടിയോടെ ചിന്തിച്ചു.. അവളെ പോലൊരു പതിനൊന്ന് വയസുക്കാരിക്ക് താങ്ങാൻ പറ്റുന്നതായിരുന്നില്ല അവൾക്ക് ചുറ്റുമുള്ള കാര്യങ്ങൾ …
“അപ്പോ ശരി ഞങ്ങൾ ഇറങ്ങാൻ നോക്കട്ടെ, രാഹുകാലം തുടങ്ങുന്നതിന് മുമ്പ് ഞങ്ങൾക്ക് വീട്ടിൽ കയറണം..
അമ്മയുടെ ഭർത്താവ് എല്ലാവരോടും പറഞ്ഞതും അച്ഛൻ പെങ്ങൾ വന്ന് പൊന്നുവിനെ അവരോട് ചേർത്തു പിടിച്ചു…
“നിങ്ങൾ പൊയ്ക്കോ ,പക്ഷെ ഇവളെ ഞങ്ങൾ നിങ്ങൾക്കൊപ്പം അയക്കില്ല ,ഇതെന്റെ ഏട്ടന്റെ മോളാണ് ഇവളെ ഞാൻ ആർക്കും വിട്ടുതരില്ല…
അവർ പൊന്നുവിനെ ചേർത്ത് പിടിച്ച് പറഞ്ഞതും അമ്മ കരഞ്ഞു തുടങ്ങി ,അതോടെ അമ്മയുടെ ഭർത്താവ് തനിക്കരിക്കിലേക്ക് വന്ന് അച്ഛൻ പെങ്ങളുടെ കയ്യിൽ നിന്ന് തന്നെ അടർത്തി അമ്മയുടെ കയ്യിലേക്ക് ചേർത്ത് വെച്ചത് പൊന്നു നോക്കി നിന്നു ..
“ഈ നിൽക്കുന്നത് എന്റെ ഭാര്യയാണ് ,അതവളുടെ മകളും .. അവരിനി ജീവിക്കുക എനിക്കൊപ്പം എന്റെ വീട്ടിലാണ്…
“ആങ്ങള ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും ഇല്ലാത്ത സ്നേഹമൊന്നും ഇപ്പോഴി നി ആർക്കും വേണ്ട, പ്രത്യേകിച്ച് അവളുടെ പേരിലുള്ള പണം കണ്ട്..
ഒരു താക്കീത് പോലെ എല്ലാ വരോടും പറഞ്ഞു കൊണ്ട് അവരെയും കൂട്ടി അയാൾ അവിടെ നിന്നിറങ്ങി ..
രാഘവൻ അതായിരുന്നു അയാളുടെ പേര്
ചുമട്ടുതൊഴിലാളി ആണയാൾ…
ചെറുതെങ്കിലും മനോഹരമായ ഒരു വീടും കുറച്ചു സ്ഥലവും അയാൾക്ക് സ്വന്തമായിട്ട് ഉണ്ടായിരുന്നു..
അമ്മയ്ക്കൊപ്പം സന്തോഷത്തോടെ ജീവിക്കുമ്പോഴും രാഘവനെ തന്റെ അച്ഛനായ് കാണാൻ പൊന്നുവിന് കഴിഞ്ഞില്ല..
എന്തോ തന്റെ പേരിലുള്ള പണത്തിനു വേണ്ടിയാണോ അയാൾ തങ്ങളുടെ ജീവിതത്തിലേക്ക് വന്നത് എന്ന ചിന്ത അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു അന്നെല്ലാം..
ആദ്യകാലങ്ങളിലെല്ലാം പൊന്നുവുമായ് അടുക്കാൻ രാഘവൻ ശ്രമിച്ചിരുന്നെങ്കിലും പൊന്നുവിനത് ഇഷ്ട്ടമല്ല എന്നറിഞ്ഞതോടെ അയാൾ അവളിൽ നിന്നും അകലം പാലിച്ചു
അവൾക്കും അമ്മയ്ക്കും യാതൊരു ബുദ്ധിമുട്ടും വരുത്താതെ അയാളവരെ സംരക്ഷിച്ചു പോന്നു
പൊന്നുവിന്റെ ആവശ്യങ്ങൾ അവൾ പറയാതെ തന്നെ രാഘവൻ ചെയ്തു പോന്നിരുന്നെങ്കിലും അവൾ അയാളിൽ നിന്ന് അകന്നു നിന്നു
“പൊന്നൂ..നീയെന്താ മോളെ ഇങ്ങനെ?
രാഘവേട്ടന് നിന്നെ ജീവനാണ് മോളെ,
” നീയൊരാൾ മതി മകളായിട്ടെന്ന് പറഞ്ഞ് സ്വന്തമായിട്ടൊരു കുഞ്ഞിനെ പോലും വേണ്ടാന്ന് പറഞ്ഞിട്ടുണ്ട് രാഘവേട്ടൻ ..
“നീയൊന്നാ മനുഷ്യനെ അച്ഛാന്ന് വിളിക്കാൻ കാത്തിരിക്കുകയാണ് ആ പാവം…
നിനക്കൊന്ന് വിളിച്ചൂടെ മോളെ…
പതിവുപോലെ പൊന്നുവിന്റെ അമ്മ അവളോടു പറഞ്ഞതും അവൾ അമ്മയെ നോക്കി… അമ്മയുടെ നിറഞ്ഞ കണ്ണുകൾ അവളിൽ സങ്കടം നിറക്കുന്നുണ്ടായിരുന്നു
“അമ്മാ.. എനിക്ക് അദ്ദേഹത്തോട് യാതൊരു ദേഷ്യവുമില്ല, ഇഷ്ട്ടവുമാണ് ,പക്ഷെ എന്റെ അച്ഛന്റെ സ്ഥാനത്ത് കാണാൻ വയ്യ കാരണം എന്റെ മനസ്സിൽ നിറയെ എന്റെ സ്വന്തം അച്ഛന്റെ രൂപമുണ്ട്.., അച്ഛൻ തന്ന സ്നേഹമുണ്ട് …
അമ്മയോട് പറഞ്ഞ് തിരിഞ്ഞതും തനിക്ക് പുറകിൽ കണ്ണു നിറച്ച് നിൽക്കുന്ന രാഘവനെ ഒന്ന് നോക്കിയവൾ അകത്തേക്ക് നടന്നു …
പൊന്നു സ്കൂൾ കാലഘട്ടം കടന്ന് കോളേജിലെത്തിയപ്പോൾ അവൾക്ക് ചുറ്റുമൊരു കാവലായ് രാഘവൻ നിറഞ്ഞു നിന്നിരുന്നു …
പൊന്നുവിന്റെ ഏതൊരു ചെറിയ വിജയവും രാഘവൻ ആഘോഷിക്കുമായിരുന്നു..
അയാൾക്കവൾ സ്വന്തം മകൾ തന്നെയായിരുന്നു..
പതിവുപോലൊരിക്കൽ കോളേജ് വിട്ട് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ബസ് സ്റ്റോപ്പിലെന്തോ ബഹളം കേട്ട് അങ്ങോട്ട് ശ്രദ്ധിച്ച പൊന്നു കാണുന്നത് ഒരു കൂട്ടം ആളുകൾക്കിടയിൽ തലയും കുനിച്ചൊരു കുറ്റവാളിയെ പോലെ നിൽക്കുന്ന രാഘവനെയാണ്..
അതു കണ്ടതും എന്തിനെന്നറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു ,തനിക്ക് ചുറ്റും നിൽക്കുന്ന ആളുകളെ വകഞ്ഞു മാറ്റി അവൾ അയാൾകരിക്കിലേക്ക് പാഞ്ഞു..
പൊന്നുവിനെ കണ്ടതും രാഘവന്റെ കണ്ണിൽ നിന്ന് കണ്ണുനീരടർന്ന് നിലത്ത് വീണ് ചിതറി..
ആരുടെ മുമ്പിലും തല കുനിക്കാത്ത ആ മനുഷ്യന്റെ കണ്ണുനീർ അവളുടെ ഹൃദയത്തെ പൊള്ളിച്ചു..
“എന്താ അയാളുടെ ഒരു പൂ കണ്ണീർ … അതും ഒരു പെണ്ണിനെ കയറി പിടിച്ചിട്ട്..
ചുറ്റും നിന്നാരോപറഞ്ഞതു കേട്ടതും പൊന്നുവിന്റെ ചെവി പൊള്ളി..
പെണ്ണിനെ കയറി പിടിച്ചോ ?ആര്..?
ശബ്ദമുയർത്തി പൊന്നു ചോദിച്ചതും കൂട്ടത്തിലൊരാൾ രാഘവന് നേരെ കൈ ചൂണ്ടി ..
“അനാവശ്യം പറയരുത് നിങ്ങൾ ..
“ഇതെന്റെ അച്ഛനാണ് ..
“ഈ നിൽക്കുന്ന പെണ്ണിന്റെ എന്നല്ല ഒരു പെണ്ണിന്റെ നേരെയും എന്റെ അച്ഛൻ മോശമായിട്ടൊന്ന് നോക്കുക പോലും ചെയ്യില്ല..
“താൻ കണ്ടോ എന്റെ അച്ഛൻ ഇവരെ കയറി പിടിക്കുന്നത് ..?
കണ്ണിൽ തീയും വാക്കിൽ കാരിരുമ്പിന്റെ ഉറപ്പുമായ് പൊന്നു ശബ്ദമുയർത്തി ചോദിച്ചതും അവിടെ ഉള്ളവരെല്ലാം നിശബ്ദരായ്
പൊന്നു രാഘവൻ കയറി പിടിച്ചെന്ന് പറയുന്ന പെണ്ണിനരികിലെത്തി
“ആ നിൽക്കുന്നത് എന്റെ അച്ഛനാണ് .. എന്റെ അച്ഛൻ നിങ്ങളെ കയറി പിടിച്ചോ…?
അത്… അങ്ങനെ ചോദിച്ചാൽ…
“അങ്ങനെ ചോദിച്ചാലെന്നല്ല ,അങ്ങനെ തന്നെയാണ് ചോദിച്ചത് പറ എന്റെ അച്ഛൻ നിങ്ങളെ കയറി പിടിച്ചോ?
“അതും ഈ പട്ടാപകലിൽ ഇത്രയും ആളുകൾക്കിടയിൽ വെച്ച് …?
പൊന്നു വീണ്ടും ചോദിച്ചതും ആ സ്ത്രീ ഒന്നും പറയാതെ നിന്നു..
“അച്ഛാ…
രാഘവനരികിലെത്തി പൊന്നു വിളിച്ചതും അയാൾ നിറമിഴി ഉയർത്തി അവളെ നോക്കി
“എന്താ അച്ഛാ ഉണ്ടായത്..?
രാഘവന്റെ കയ്യിൽ പിടിച്ച് അയാളോട് ചേർന്ന് നിന്ന് പൊന്നു ചോദിച്ചതും രാഘവൻ നിറകണ്ണുകളോടെ തന്റെ കാലിലേക്ക് നോക്കി
അവിടേക്ക് നോക്കിയ പൊന്നു കണ്ടു രാഘവന്റെ വലത്തേ കാല് നിറയെ നീരുവന്ന് വീർത്തിരിക്കുന്നു
“അയ്യോ അച്ഛാ.. ഇതെന്തു പറ്റി താ.. ?
പൊന്നു ചോദിച്ചു കൊണ്ട് അയാളുടെ കാലിലേക്ക് നോക്കി ചോദിച്ചതും രാഘവൻ തനിക്ക് മുമ്പിൽ നിൽക്കുന്നവരെ നോക്കി
“അതു മോളെ, മോളെ തിരക്കി ധൃതിയിൽ വരുന്നതിനിടയിൽ ഇവിടെ വെച്ച് പെട്ടന്ന് കാലൊന്ന് മടങ്ങി ഞാൻ വീഴാൻ പോയ്, അപ്പോൾ കൈ അറിയാതെ ഈ കുട്ടിയുടെ ദേഹത്ത് തട്ടി..
കാര്യമറിയാതെ പിന്നെ എല്ലാവരും കൂടി….
സങ്കടം കൊണ്ട് ബാക്കി പറയാൻ കഴിയാതെ രാഘവൻ പാതിയിൽ നിർത്തിയതും പൊന്നു ആ മനുഷ്യനെ തന്നോടു ചേർത്തു നിർത്തി ആ കണ്ണുകൾ തുടച്ചു കൊണ്ട് തനിക്ക് ചുറ്റും നിൽക്കുന്നവരെ നോക്കിയതും ഒന്നും പറയാതെ കുനിഞ്ഞ ശിരസ്സോടെ അവരോരുത്തരും പല വഴിപിരിഞ്ഞു പോയ് ..
സോറി.. പെട്ടന്ന് നിങ്ങളുടെ കൈ എന്റെ ദേഹത്ത് തട്ടിയപ്പോൾ ഞാനറിയാതെ പറഞ്ഞു പോയതാണ് ..
ദയനീയമായ് പറഞ്ഞു മാപ്പ് ചോദിച്ചാ പെൺകുട്ടിയും അവിടെ നിന്ന് നടന്ന് പോയപ്പോൾ രാഘവൻ പൊന്നുവിനെ തന്നെ നോക്കി നിന്നു പോയ് ..
ഏതാൾക്കൂട്ടത്തിലും തന്നെ വിശ്വസിച്ച് തനിക്ക് വേണ്ടി സംസാരിക്കാൻ ,തന്നെ അച്ഛാന്ന് വിളിച്ച് കൂടെ നിർത്താൻ തന്റെ മോളുണ്ട് എന്നത് രാഘവനെന്ന മനുഷ്യന്റെ വിജയമായിരുന്നു
കറതീർന്ന മനസ്സോടെ അവളെ സ്വന്തമായ് കണ്ട് സ്നേഹിച്ച അവനിലെ അച്ഛന്റെ വിജയം
“അച്ഛാ.. വരൂ നമുക്കൊരു ഡോക്ടറെ കണ്ടിട്ട് വീട്ടിൽ പോവാം.. രാഘവന്റെ കയ്യിൽ പിടിച്ച് ശ്രദ്ധയോടെ അയാളെ നടത്തിച്ച് പൊന്നു പറഞ്ഞതും രാഘവൻ നിറഞ്ഞ സന്തോഷത്തോടെ അവളെ നോക്കി അവൾക്കൊപ്പം നടന്നു
അവളപ്പോൾ മകളായിരുന്നു ,രാഘവനെന്ന സ്നേഹിക്കാൻ മാത്രമറിയുന്ന മനുഷ്യന്റെ മകൾ ..