(രചന: പ്രജിത്ത് സുരേന്ദ്രബാബു)
” ഈ ഓണത്തിനും നീ നാട്ടിലേക്ക് ഇല്ലേ.. ഇതിപ്പോ കൊല്ലം മൂന്ന് കഴിയുവല്ലേ രമേശാ.. ഇനീം ഭാര്യ പിണക്കം വിട്ട് ഒന്നിക്കാൻ തയ്യാറല്ലേ.. ഇതിനും മാത്രം എന്താ നിങ്ങൾക്കിടയിൽ ഉണ്ടായത്. ”
ദുബായിൽ ജോലി കഴിഞ്ഞു മുറിയിലെത്തി ഭക്ഷണം പാകം ചെയ്ത് നിൽക്കവേ ആണ് മുറിയിൽ ഒപ്പമുള്ള അശോകന്റെ ചോദ്യം. ആ ചോദ്യം ഒരു നിമിഷം രമേശനെ നിശബ്ദനാക്കി.. ശേഷം പതിയെ തിരിഞ്ഞു അവൻ
” ഓ അതൊക്കെ കുറെ പറയാൻ ഉണ്ട്.. സമയം പോലെ പറയാം ഞാൻ. ”
സ്ഥിരം ചെയ്യുന്ന പോലെ തന്നെ എങ്ങും തൊടാത്ത രീതിയിൽ മറുപടി പറഞ്ഞു കൊണ്ട് കിച്ചണിൽ നിന്നും പോയി രമേശൻ.
“ഇവന്റെ പ്രശ്നം എന്തോ സീരിയസ് ആണ് കേട്ടോ. മൂന്ന് വർഷമൊക്കെ ആയി ഭാര്യ പിണങ്ങി നിൽക്കുവാ എന്നൊക്കെ പറയുന്നത് ഇച്ചിരി കടുപ്പം ആണ്.”
ഒക്കെയും കേട്ട് വന്ന സതീശനും അഭിപ്രായപ്പെട്ടു.
” മൂന്ന് വർഷം തന്നെ ആണോ എന്ന് എങ്ങിനെ അറിയാൻ.. ഇവനിപ്പോ ഈ റൂമിൽ വന്നിട്ടാണ് മൂന്ന് വർഷങ്ങൾ ആകുന്നത്.. മുന്നെ എങ്ങിനെയാ ന്ന് അറില്ലല്ലോ.. ഇവിടെ നമ്മൾ എല്ലാവരും ഒരു കുടുംബം പോലെ എല്ലാം പരസ്പരം ഷെയർ ചെയ്യുമ്പോൾ ഇവൻ മാത്രം എന്തൊക്കെയോ മറയ്ക്കുന്നുണ്ട്. അത് എന്തായാലും കണ്ട് പിടിക്കണം.. ”
അശോകൻ രണ്ടിൽ ഒന്ന് കണ്ടെത്തിയിട്ടേ അടങ്ങു എന്ന വാശിയിൽ ആയി.
” എടാ.. ഇടക്ക് ആരോ പറഞ്ഞു കേട്ടു പെണ്ണ് കേസ് ആണെന്ന്. ഇവന്റെ അയല്പക്കത്തുള്ള ഏതോ പെണ്ണുമായി ഇവന് സെറ്റപ്പ് ഉണ്ടായിരുന്നെന്ന്.. അത് പെണ്ണുംപിള്ള കണ്ടിട്ടാ പിണങ്ങി പോയത്.. ഇവൻ തന്നെ ആരോടോ പറഞ്ഞ കാര്യമാണ് ഇത്.”
സതീശൻ പറഞ്ഞത് ഒരു പുതിയ അറിവായിരുന്നു അശോകന്.
“അപ്പോ.. അങ്ങനേം കഥകൾ. ഉണ്ടോ… ഇനീപ്പോ ഡിവോഴ്സ് ആയി കാണോ.. ചിലപ്പോ അതാകും ഒന്നും വിട്ടു പറയാത്തതും നാട്ടിൽ പോകാണ്ട് നിൽക്കുന്നതും.”
” അതൊന്നും അറില്ല.. അതൊക്കെ ഇവൻ തന്നെ പറയണം.. പിന്നെ ആള് ഓർഫൻ ആയത് കൊണ്ട് ഇവൻ അറിയാതെ വീട്ടുകാരോടു അന്യോഷിക്കാമെന്നുള്ള ഐഡിയയും നടക്കില്ല ”
സതീശന്റെ മറുപടി കേട്ട് അല്പസമയം ചിന്തയിലാണ്ട് നിന്നു അശോകൻ.
ആ സമയം അവരുടെ ചർച്ചകൾ തന്നെ പറ്റിയാകും എന്നത് അറിയാവുന്നത് കൊണ്ട് തന്നെ ബാൽക്കണിയിലേക്ക് മാറി ഇരുന്നു രമേശൻ. മനസ്സിന്റെ ഉള്ളറയിൽ ആരുമറിയാതെ കുഴിച്ചു മൂടിയതെന്തൊക്കെയോ വീണ്ടും പുറത്തേക്ക് തള്ളുന്ന പോലൊരു അസ്വസ്ഥത അവനിൽ രൂപപ്പെട്ടു.
ദിവസങ്ങൾ പിന്നെയും നീണ്ടു. ഓണമാഘോഷിക്കുവാൻ സതീശൻ നാട്ടിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.
” ടാ അളിയാ.. ദേ ഈ ടോയ്സ് ഞാൻ നിന്റെ മക്കൾക്ക് വേണ്ടി വാങ്ങിയതാ.. ”
വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു എത്തുമ്പോൾ രമേശന്റെ കയ്യിൽ കുട്ടികൾക്കായുള്ള കളിപ്പാട്ടങ്ങൾ ഉണ്ടായിരുന്നു.
” ആഹാ… വെറുതെ എന്തിനാടാ കാശ് കളയാൻ പോയെ.. ഇത് അവിടെ കൊണ്ട് ചെന്നാൽ രണ്ടാം ദിവസം തല്ലി പൊട്ടിച്ചു കളയും.”
സതീശൻ അത് വാങ്ങവേ രമേശന്റെ മുഖത്തേക്ക് ഒന്ന് നോക്കി.
” സാരമില്ലെടാ.. ഇതൊക്കെ ഒരു സന്തോഷം അല്ലെ.. ”
മറുപടി പറഞ്ഞു കൊണ്ട് രമേശൻ ബെഡിലേക്ക് ഇരിക്കവേ കിച്ചണിൽ ആയിരുന്ന അശോകൻ പതിയെ മുറിയിലേക്ക് വന്നു.
” രമേശാ.. ഇത്രേം നാള് ഞങ്ങൾ. ചോദിച്ചില്ല.. നീ ഒട്ടു പറഞ്ഞിട്ടുമില്ല.. പക്ഷെ ഇനി നീ പറഞ്ഞെ പറ്റു.. എന്താ നിങ്ങടെ പ്രശ്നം.. ഭാര്യയുമായി ഡിവോഴ്സ് ആയോ നീ… അങ്ങിനെ ഒരു കഥ കേട്ടു.. എന്തായാലും തുറന്ന് പറയ്.. നമുക്കിടയിൽ ഒരു മറ വേണ്ട… ”
ആ ചോദ്യം ഏത് നിമിഷവും പ്രതീക്ഷിച്ചിരുന്നു രമേശൻ. മറുപടി പറയാതെ മൗനമായി ഇരുന്നു അവൻ.
“ശെരിയാണ്… ഇന്നൊരു കൃത്യമായ മറുപടി വേണം.. നീ അത് പറഞ്ഞില്ലേൽ നിന്റെ നാട്ടിൽ പോയി ഞാൻ തിരക്കും…. എന്തായാലും കാര്യം അറിയണം ”
സതീശനും വാശിയിൽ ആയി. അതോടെ മറുപടി പറയാതെ നിവൃത്തി ഇല്ലെന്നായി രമേശന്
” ഞങ്ങൾ പിരിഞ്ഞു. ഒരു ചെറിയ സംഭവം ഉണ്ടായി അങ്ങിനെ രണ്ടാളും രണ്ട് വഴിക്കായി. കൂടുതൽ ഒന്നും അതിനെ പറ്റി പറയുവാൻ ഞാൻ താത്പര്യപ്പെടുന്നില്ല.. നിങ്ങൾ കൂടുതൽ ഒന്നും ചോദിക്കരുത്… എന്തായാലും ഞാൻ ഇപ്പോൾ ഒറ്റയ്ക്ക് ആണ്.. അതാണ് നാട്ടിലേക്ക് പോകാൻ നിൽക്കാത്തത്..”
അത്രയും പറഞ്ഞു നിർത്തുമ്പോൾ രമേശന്റെ മുഖത്ത് വിഷാദം നിറയുന്നത് ശ്രദ്ധിച്ചു മറ്റുള്ളവർ. പെട്ടെന്ന് തന്നെ അവൻ ടൗവലുമെടുത്ത് ബാത്റൂമിലേക്ക് കയറി.
” സംഗതി അപ്പോ അതാണ് കാര്യം… നീ പറഞ്ഞത് തന്നെ സതീശാ.. പെണ്ണുംപിള്ളയുമായി ഡിവോഴ്സ് ആയി.. ആ പെണ്ണ് കേസ് തന്നെ ആകും.. ഇവനിത് മുന്നേ അങ്ങ് പറഞ്ഞാൽ പോരായിരുന്നോ ”
അശോകന്റെ വാക്കുകൾ കേട്ട് പതിയെ ബെഡിലേക്ക് ഇരുന്നു സതീശൻ.
” എടാ.. അതിപ്പോ ഓരോരുത്തൽ ഓരോ ടൈപ്പ് അല്ലെ.. അവന് ചിലപ്പോ അത് പുറത്ത് പറയാൻ നാണക്കേടോ ഇഷ്ടക്കേടോ ഉണ്ടാകും.. എന്തായാലും ഇപ്പോ പറഞ്ഞല്ലോ ഇനീപ്പോ അതിനെ പറ്റി ഓർത്തിട്ട് അവനെ വിഷമിപ്പിക്കേണ്ട.. അവന്റെ വിഷമങ്ങൾ ഒക്കെ മാറ്റി ഒന്ന് നാട്ടിലേക്ക് വിടണം.. അല്ലേൽ. പാവം ഇവിടെ കിടന്ന് വട്ട് പിടിക്കും..”
സതീശൻ ആ പറഞ്ഞത് ശെരിയാണെന്ന് അശോകനും തോന്നി.
എന്നാൽ ബാത്റൂമിനുള്ളിൽ ഒക്കെയും കേട്ട് നിന്ന രമേശന്റെ മിഴികൾ അറിയാതെ തുളുമ്പി. ഉള്ളിൽ അടക്കി വച്ചിരുന്ന വേദനകൾ അണ പൊട്ടി.
“ഞാനും അവളും പിരിഞ്ഞു.. പക്ഷെ.. അത് ഡിവോഴ്സ് അല്ല… എന്നെ ഇട്ടിട്ട് പോയ്ക്കളഞ്ഞതാ അവള്..”
മിഴിനീർ തുടച്ചു കൊണ്ട് പിറുപിറുത്തു അവൻ. ഭാര്യയുടെ വേർപാടിന്റെ നൊമ്പരം വീണ്ടും അവനെ അലട്ടി. തുറന്ന് വിട്ട ഷവറിനടിയിൽ നിന്ന് പൊട്ടിക്കരഞ്ഞു അവൻ.
അനാഥനായ രമേശന്റെ അവസ്ഥകൾ അറിഞ്ഞു തന്നെ അവനെ സ്നേഹിച്ചതാണ് ഇന്ദു. രണ്ടാളും വിവാഹം കഴിച്ചു സുഖമായൊരു ജീവിതം ആരംഭിച്ചതുമാണ്. ഇന്ദുവിനും അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു.. വളരെ കഷ്ടപെട്ടാണ് അമ്മ അവളെ വളർത്തിയതും. എന്നാൽ ആ അമ്മയുടെ മരണ ശേഷം മാനസികമായി തളർന്ന ഇന്ദുവിനെയും കൊണ്ട് ഉള്ളതൊക്കെ വിറ്റു പെറുക്കി സ്വന്തം നാട്ടിൽ നിന്നും മറ്റൊരു നാട്ടിലേക്ക് പോയി രമേശൻ. പുതിയ വീടും ചുറ്റുപാടുമായി വേഗത്തിൽ ഇണങ്ങിയ ഇന്ദുവിൽ വീണ്ടും സന്തോഷം കണ്ട് തുടങ്ങി.. നാട്ടിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ പ്യൂൺ ആയി രമേശനും ജോലിക്ക് കയറി. എന്നാൽ വിധി വീണ്ടും വില്ലൻ വേഷമണിഞ്ഞു. റോഡ് മുറിച്ചു കടക്കവേയുണ്ടായ ഒരു ആക്സിഡന്റിൽ ഇന്ദുവിനെ രമേശനു നഷ്ടമായി. അതോടെ അവൻ ആകെ തകർന്നു പോയി. പെട്ടെന്നുണ്ടായ ഒറ്റപ്പെടലും നാട്ടുകാരുടെ സഹതാപത്തോടുള്ള സമീപനങ്ങളും എല്ലാം കൂടി ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിൽ ആകവേയാണ് നാടും വീടും വിട്ട് പ്രവാസി ആകുവാൻ രമേശൻ തീരുമാനിച്ചത്. കൂട്ടുകാർ പറഞ്ഞത് പോലെ മൂന്ന് വർഷങ്ങൾ അല്ല.. ഏകദേശം ആറു വർഷത്തോളമായി അവൻ നാട്ടിലേക്ക് പോയിട്ട്. അവിടുള്ള വീടൊക്കെ ഇതിനോടകം വിറ്റിരുന്നു. അപരിചിതമായ ഈ അറബി നാട്ടിൽ എല്ലാ വിഷമങ്ങളും ഉള്ളിൽ ഒതുക്കി ആരോടും ഒന്നും പറയാതെ ആരുടേയും സഹതാപങ്ങൾക്ക് ഇരയാകാതെ ഒരു പുതിയ മനുഷ്യനായി അവൻ അങ്ങിനെ ജീവിച്ചു പോകുന്നു… ജനിച്ചു വളർന്ന നാട്ടിൽ നിന്നും വിട്ടു പോയതിനാലും പുതിയ നാട്ടിൽ അധികം ആരുമായും പരിചയമില്ലാത്തതിനാലും ആരും അവനെ അന്യോഷിച്ചു ഇന്നേവരെ വന്നിട്ടില്ല. കൂട്ടുകാരുടെ ചോദ്യങ്ങൾ ഇരട്ടിച്ചു വന്നപ്പോൾ ആണ് സ്വയം ഒരു ഡിവോഴ്സ് കഥ മറ്റൊരാൾ വഴി രമേശൻ പ്രചരിപ്പിച്ചത്. കാരണം തന്റെ നഷ്ടങ്ങൾ ആരും അറിയുന്നതും അതിലൂടെ സഹതാപം കാണിക്കുന്നതും അവൻ ഇഷ്ടപ്പെട്ടിരുന്നില്ല…
കുളി കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോൾ നേരം വിഷമങ്ങൾ എല്ലാം വീണ്ടും ഉള്ളിൽ ഒതുക്കി മുഖത്ത് പുഞ്ചിരി വരുത്തി അവൻ.
“ഇന്നെന്താ സ്പെഷ്യൽ അശോകാ .. സതീശന്റെ നാട്ടിൽ പോക്ക് പ്രമാണിച്ചു പാർട്ടി ഒന്നും ഇല്ലേ.. ”
രമേശൻ വീണ്ടും ആക്റ്റീവ് ആയതോടെ കൂട്ടുകാരും ഹാപ്പിയായി..
” പിന്നെ.. തകർക്കണം നമുക്ക്.. ഞാൻ പോയി ഒരു ബോട്ടിൽ സംഘടിപ്പിക്കട്ടെ.. ”
ആവേശത്തോടെ അശോകൻ പുറത്തേക്ക് പോയി..
പ്രവാസികൾ പല വിധമാണ്.. രമേശനെ പോലെ തന്റെ വിഷമങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കി മറ്റുള്ളവർക്ക് മുന്നിൽ പുഞ്ചിരി തൂകുന്നവർ തന്നെയാണ് അതിൽ ഏറെയും.. കാരണം അവിടം അവർക്ക് മറ്റൊരു ലോകം ആണ്..
(ശുഭം ).