(രചന: J. K)
വീടിന്റെ ഉമ്മറത്തെ പൂട്ട് തല്ലിപൊളിച്ച് അതിനകത്തേക്ക് കയറുമ്പോൾ രമയുടെ മുഖത്ത് ഒരു വിജയ ചിരി ഉണ്ടായിരുന്നു….
ഇത്രയും നാൾ അത് കയ്യടക്കി വെച്ചിരുന്ന ആളിന്റെ അടുത്ത് നിന്ന് നേടിയെടുത്തതിന്റെ വിജയചിരി…
വിവാഹം കഴിഞ്ഞ് ഇത് പതിനഞ്ചാമത്തെ വർഷമാണ് ഇതുവരെയും താൻ നിന്നത് ഒരു അടിമയെ പോലെയാണ്…
നാലു പെൺകുട്ടികളിൽ മൂത്തവൾ ആയ തന്നെ അയാൾ പെണ്ണ് കാണാൻ വന്നു…
“””മാധവൻ “”””
സ്ത്രീധനം കൊടികുത്തി വാണ സമയം ഒന്നും വേണ്ട പെണ്ണിനെ മാത്രം മതി എന്ന് പറഞ്ഞ് അയാൾ വന്നപ്പോൾ ഇതുതന്നെ ഭാഗ്യമായി കരുതി അച്ഛൻ…. അതും തങ്ങൾക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത കുടുംബം…
ഇത് ശരിക്കും സ്വപ്നം പോലെ തോന്നി അയാൾക്ക്…. കാരണം കൂലിപ്പണിക്ക് പോയി മിച്ചം വെച്ച് മക്കൾക്കായി അയാൾക്ക് ഒന്നും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല….
അതുകൊണ്ട് ഒന്നും കൊടുക്കാനും ഇല്ല… എന്നിട്ടും ഒന്നും ചോദിക്കാണ്ടെ അതും ഇത്രയും വലിയൊരു കുടുംബത്തിൽ നിന്നൊരു ആലോചന…..
സന്തോഷം കൊണ്ട് എന്തുവേണമെന്ന് അറിയില്ലായിരുന്നു അയാൾക്ക് മരുമകന്റെ പേരിൽ വലിയ ഗമ കാട്ടി നടക്കാൻ ഒന്നുമായിരുന്നില്ല പാവത്തിന്, തന്റെ മകൾ പട്ടിണിയില്ലാതെ കിടക്കുമല്ലോ എന്ന് ആശ്വാസം മാത്രമായിരുന്നു…..
നാലു പെൺകുട്ടികളുടെയും ഭാര്യയുടെയും തന്റെയും വയറു നിറയ്ക്കാൻ തന്നെ ആ പാവം പെടപാട് പെടുകയായിരുന്നു
അതുകൊണ്ടുതന്നെ കൂടുതൽ അന്വേഷണങ്ങൾ ഒന്നും ഉണ്ടായില്ല വിവാഹം എത്രയും പെട്ടെന്ന് നടക്കണം എന്ന് മാത്രമാണ് ആ പാവം കരുതിയത്…
വിവാഹം കഴിഞ്ഞതും അയാളുടെ തനി സ്വഭാവം പുറത്തേക്ക് വന്നിരുന്നു… ഇത്തരം ഒരു കുടുംബത്തിൽ നിന്ന് അയാൾ പെണ്ണ് ചോദിച്ചത് തന്നെ അയാളുടെ തോന്നിവാസം നടത്താൻ വേണ്ടിയായിരുന്നു….
എന്തൊക്കെ കാണിച്ചാലും ഒന്നും എതിർക്കരുത്… എതിർക്കാൻ നിന്നാൽ അയാൾ ഉപദ്രവിക്കും അതിനുപക്ഷേ ചോദിക്കാനും പറയാനും ആരും ഉണ്ടാവരുത് ഇതൊക്കെയായിരുന്നു അയാളുടെ കണക്കുകൂട്ടൽ
അതനുസരിച്ചാണ് പാവപ്പെട്ട ഒരു കുടുംബത്തിലേക്ക് വന്നതും പെണ്ണിനെ ചോദിച്ചതും…
ഉള്ളവരുടെ വീട്ടിൽ നിന്ന് പെണ്ണ് ചോദിച്ചാൽ അതൊന്നും നടക്കില്ലല്ലോ അവർ അയാളുടെ തലയിൽ കയറുമല്ലോ… അതുകൊണ്ട് ഉള്ള ബുദ്ധി പരമായ തീരുമാനം…
അയാൾക്ക് തോന്നിയ വിധം നടക്കണമായിരുന്നു കള്ളുകുടിചും പെണ്ണ് പിടിച്ചും അതിനെല്ലാം ഉള്ള ഒരു മറ അത് മാത്രമായിരുന്നു ഈ വിവാഹം കൊണ്ട് അയാൾ ഉദ്ദേശിച്ചിരുന്നത്….
ഇപ്പോൾതന്നെ അയാൾക്ക് സാമന്യം ചീത്ത പേരുണ്ടായിരുന്നു…. അത് ഒന്ന് മാറ്റാൻ.. ഒട്ടും ആത്മാർത്ഥത ഇല്ലാതെ ഒരു വിവാഹം….
അയാളുടെ ചതി അറിയാതെ അതിൽ പെട്ടു പോവുകയായിരുന്നു ഞങ്ങൾ..
ഒരു ഭാര്യ എന്ന പരിഗണന ഒരിക്കൽ പോലും അയാൾ തന്നിരുന്നില്ല പൈസ കൊടുത്ത് മേടിച്ച ഒരു അടിമ മാത്രമായിരുന്നു അയാൾക്ക് ഞാൻ…
അധിക ദിവസങ്ങളിലും അയാൾ കൂട്ടുകാരുമ വരും അവിടെ ഇരുന്നു മദ്യപിക്കും പെണ്ണുങ്ങളും ഉണ്ടാവും കൂട്ടിന് ഇതൊന്നും ചോദ്യം ചെയ്യപ്പെടാൻ പാടില്ലായിരുന്നു എല്ലാം കണ്ട് മൗനംപാലിച്ച് സഹിക്കണമായിരുന്നു,..
സ്വന്തം ഭർത്താവ് മറ്റൊരു പെണ്ണിന്റെ കൂടെ കിടപ്പിറ പങ്കിടുന്നത് നേരിട്ട് കണ്ടു നിൽക്കേണ്ടി വന്ന ഒരു ഹതഭാഗ്യയായി മാറി…
ആദ്യമൊക്കെ വല്ലാത്ത സങ്കടമായിരുന്നു പിന്നീട് അത് ശീലമായി…
അയാളുടെ കൂട്ടുകാരുടെ മുന്നിൽ ഒരു പാവ കണക്കെ നിന്നു കൊടുക്കണം ആയിരുന്നു അയാളുടെ ആജ്ഞകളും കേട്ട് എതിർത്തൊന്നും പറയാതെ അതനുസരിച്ച്…
അവരുടെ അർത്ഥമുള്ള മൂളലും നോട്ടവും എല്ലാം സഹിക്കണമായിരുന്നു ആരോടും പരാതി പറയാനുണ്ടായിരുന്നില്ല…
ഇതിനിടയിൽ രണ്ടു കുട്ടികളും…
രണ്ടും പെൺമക്കളായല്ലോ എന്ന് ഭയങ്കര സങ്കടമായിരുന്നു എനിക്ക്.. പെൺമകൾക്ക് കുറവൊന്നും ഉണ്ടായിട്ടില്ല പകരം ഒരുപക്ഷേ എന്റെ കണ്ണ് തെറ്റിയാൽ അവർക്ക് എന്തെങ്കിലും ആപത്തുണ്ടായാലോ എന്ന്…
എന്നിട്ടും കണ്ണിലെ കൃഷ്ണമണി പോലെ ഞാൻ അവരെ നോക്കി വളർത്തി…
എനിക്ക് കിട്ടാത്ത ഒന്ന് അവർക്ക് കൊടുക്കണം എന്നുണ്ടായിരുന്നു വിദ്യാഭ്യാസം എന്തൊക്കെ തടസ്സം വന്നാലും അവരുടെ വിദ്യാഭ്യാസം ഞാൻ മുടക്കിയിരുന്നില്ല….
എത്ര പണിപ്പെട്ടു അയാളുടെ തല്ലും കൊത്തും വാങ്ങിയും ഞാൻ അവരെ സ്കൂളിൽ പഠിപ്പിച്ചു നന്നായി പഠിക്കണം എന്നൊരു ബോധം രണ്ടുപേർക്കും ഉണ്ടാക്കി കൊടുത്തു…
ആദ്യം തന്നെ അവരെ പറഞ്ഞു പഠിപ്പിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ സംഗതി വിവാഹമല്ല സ്വന്തം കാലിൽ നിൽക്കലാണ് എന്നായിരുന്നു….
അവർ കുറച്ചു വലുതായപ്പോൾ എന്നെ ചോദ്യം ചെയ്യാൻ തുടങ്ങിയിരുന്നു എന്തിനാണ് അമ്മ അച്ഛന്റെ ഈ വൃത്തികേട് ഒക്കെ സഹിക്കുന്നത് എന്ന്…
അമ്മക്ക് പ്രതികരിച്ചൂടെ എന്നൊക്കെ…
ആാാ എട്ടിലും അഞ്ചിലും പഠിക്കുന്ന കുഞ്ഞുങ്ങൾ ചിന്തിക്കുന്ന അത്രയുക്തിയിൽ പോലും ഞാൻ ചിന്തിച്ചില്ലല്ലോ എന്ന് എനിക്ക് കുറ്റബോധം തോന്നാൻ തുടങ്ങി…
എനിക്കും പ്രതികരിക്കാമെന്നും എനിക്കും അവകാശങ്ങൾ ഉണ്ടെന്നും എല്ലാം അവരിൽ നിന്നാണ് ഞാൻ മനസ്സിലാക്കിയത്…
ഇതുവരെയ്ക്കും അനുസരിക്കാനും അയാളുടെ ഇച്ഛ അതനുസരിച്ച് പെരുമാറാനും മാത്രമായിരുന്നു എനിക്കറിയാവുന്നത്….
എന്റെ അവകാശങ്ങൾ നേടിയെടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു അയാൾ പറഞ്ഞത് നിഷേധിച്ചുകൊണ്ടാണ് അതിന് തുടക്കം കുറിച്ചത് അത് അയാൾക്ക് സഹിക്കാൻ പറ്റിയില്ല എന്നെ വളരെ അധികം ഉപദ്രവിച്ചു….
അപ്പോഴും എന്റെ കുഞ്ഞുങ്ങളാണ് എന്റെ രക്ഷയ്ക്ക് എത്തിയത് അവരുടെ നിർദ്ദേശപ്രകാരമാണ് വനിത കമ്മീഷനിൽ പരാതി നൽകിയത്….
അതിനുശേഷം വീട്ടിലേക്ക് കയറരുത് എന്ന് പറഞ്ഞ് ഞങ്ങളെ അവിടെനിന്ന് അയാൾ ഇറക്കി വിട്ടു സ്വന്തം കുഞ്ഞുങ്ങളോട് പോലും അയാൾക്ക് യാതൊരു കമ്മിറ്റ്മെന്റും ഉണ്ടായിരുന്നില്ല….
ഞങ്ങൾ ഞങ്ങളുടെ അവകാശത്തിനു വേണ്ടി പൊരുതി…. അയാളുടെ പേരിൽ മറ്റൊരു തറവാട്ട് വീട് കൂടി ഉണ്ടായിരുന്നു പാരമ്പര്യമായി കിട്ടിയത്… ആ വീട് ഞങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന് വിധിച്ചു…
കുഞ്ഞുങ്ങളെയും കൂട്ടി ഞാൻ അവിടെ ചെന്ന് കയറി കയ്യിൽ ഒരു പൈസ പോലും ഇല്ലായിരുന്നു പക്ഷേ കൂടെയുള്ളത് വല്ലാത്തൊരു ആത്മവിശ്വാസം ആയിരുന്നു അവരെ മുന്നോട്ട് നോക്കി വളർത്താം എന്നുള്ള വല്ലാത്ത ഒരു ആത്മവിശ്വാസം…
അയാളുടെ ഒരു രൂപ പോലും ഇനി വേണ്ട എന്നത് ഞങ്ങളുടെ തീരുമാനമായിരുന്നു കോടതി അങ്ങനെ വിധിച്ചിട്ടുണ്ടെങ്കിൽ കൂടി…
അംഗനവാടിയിൽ സഹായിക്കുന്ന ഒരു ജോലി താൽക്കാലികമായി കിട്ടി അത്ര വലിയ ശമ്പളം ഒന്നുമില്ല എങ്കിലും അത്യാവശ്യം വീട്ടു ചെലവ് നടന്നു പോകുമായിരുന്നു
ബാക്കിയുള്ള സമയം പണ്ട് പഠിച്ച് വെച്ച തയ്യലും ഒന്ന് പൊടിതട്ടിയെടുത്തു എല്ലാം കൂടെ നന്നായി കഷ്ടപ്പെട്ട് കുടുംബം മുന്നോട്ടു കൊണ്ടുപോകാം എന്ന സ്ഥിതിയായി കഷ്ടപ്പാടിനെല്ലാം വല്ലാത്ത മധുരമായി തുടങ്ങിയിരുന്നു….
ഞാൻ ഞങ്ങൾക്ക് വേണ്ടി മാത്രം കഷ്ടപ്പെടാൻ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു…..
ഇവിടെ ഞങ്ങളെ ഭരിക്കാൻ ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ…
സ്വാതന്ത്ര്യം തന്നെയാണ് അമൃതം എന്ന വലിയ പാഠം ഞാൻ പഠിച്ചത് ഇത്തിരി ഇല്ലാത്ത കുഞ്ഞു മക്കളിൽ നിന്നാണ്…. ആർക്കും ചവിട്ടി അരക്കാൻ നിന്നു കൊടുക്കരുത് എന്നും….