മറ്റൊരു പുരുഷന് താൻ തന്റെ മനസ്സും ശരീരവും സമർപ്പിക്കേണ്ടത്? മറ്റൊരാൾ

(രചന: അംബിക ശിവശങ്കരൻ)

 

കല്യാണപന്തലിൽ എല്ലാ മുഖങ്ങളും പ്രസന്നമായി നിന്നപ്പോൾ ചേതനയുടെ മുഖം മാത്രം ഇരുണ്ടു കൂടിയ കാർമേഘം പോലെ കാണപ്പെട്ടു. ചിരിക്കാൻ പല കുറി ക്യാമറാമാൻ ആവർത്തിച്ചു പറഞ്ഞെങ്കിലും അവൾ കണ്ണ് നിറയാതിരിക്കാൻ ആവുന്നത്ര ശ്രമിച്ചു.

 

ഈ മുഹൂർത്തം ഒരുപാട് കൊതിച്ചതായിരുന്നു പക്ഷേ വരന്റെ സ്ഥാനത്ത് മറ്റൊരാളായിരുന്നു. തന്റെ നന്ദേട്ടൻ… ഇന്നിപ്പോൾ സ്വന്തം എന്ന് അവകാശപ്പെടാൻ പോലും ആകാതെ താൻ മറ്റൊരാളുടെതാകാൻ പോകുന്നു.

 

അന്യപുരുഷന്റെ താലി തന്റെ കഴുത്തിൽ വീഴുമ്പോൾ നന്ദന്റെ മുഖം ഓർത്ത് അവളുടെ മനസ്സ് വിങ്ങിപ്പൊട്ടി. നിറഞ്ഞു തുളുമ്പാനായ കണ്ണുകളോടെ അവൾ നിസ്സഹായയായി തന്റെ അച്ഛനെയും ആങ്ങളയെയും മാറിമാറി നോക്കി.

 

അവളുടെ നോട്ടത്തിനു മുന്നിൽ ആ നിമിഷം അവരുടെ പുഞ്ചിരി അലിഞ്ഞില്ലാതായി. ആത്മഹത്യാ ഭീഷണി മുഴക്കി തന്റെ ജീവനെയും ജീവിതത്തെയും കാർന്നുതിന്നവർ അവൾ കണ്ണുകൾ ഇറക്കി അടച്ചുകൊണ്ട് ആ യാഥാർത്ഥ്യത്തെ വരവേറ്റു.

 

അന്ന് രാത്രി തന്റെ ഭർത്താവിന്റെ വീട്ടിൽ എല്ലാവരും തങ്ങൾക്ക് വേണ്ടി മണിയറ ഒരുക്കുമ്പോൾ അവളുടെ മനസ്സിൽ പെരുമഴ പെയ്യുന്നുണ്ടായിരുന്നു. എങ്ങനെയാണ് മറ്റൊരു പുരുഷന് താൻ തന്റെ മനസ്സും ശരീരവും സമർപ്പിക്കേണ്ടത്? മറ്റൊരാൾ തന്റെ ദേഹത്ത് സ്പർശിക്കുന്നത് എങ്ങനെയാണ് താങ്ങാൻ ആവുക? പാവം നന്ദേട്ടൻ..

 

ആ മനുഷ്യൻ എത്ര നീറുന്നുണ്ടാകും. ഒരുമിച്ച് എത്ര സ്വപ്നങ്ങൾ കണ്ടതാണ് അതെല്ലാം ഇന്ന് വെറുമൊരു കടംകഥയായി മാറിയിരിക്കുകയാണ്. ഒരു ചെറുത്തുനിൽപ്പിന് താൻ ശക്തയല്ല. മനസ്സുകൊണ്ടും ശരീരംകൊണ്ടും താനാകെ തളർന്നിരിക്കുന്നു.

 

ബന്ധുമിത്രാദികൾ അണിയിച്ചൊരുക്കി വിട്ട ഗോൾഡൻ കസവുകര സെറ്റും മുണ്ടും ഉടുത്തുകൊണ്ട് അവൾ ആ കട്ടിലിൽ തളർന്നിരുന്നു. കണ്ണുകൾ അത്രയും കരഞ്ഞു കലങ്ങിയിരുന്നു. എന്തും നേരിട്ടെ മതിയാകൂ.. തന്റെ ഭർത്താവിന് തന്റെ ശരീരത്തെ മാത്രമേ കീഴടക്കാൻ കഴിയുകയുള്ളൂ ഒരിക്കലും തന്റെ മനസ്സിനെ കീഴടക്കാൻ കഴിയില്ല. അതെന്നും പവിത്രമായി നന്ദേട്ടന് വേണ്ടി താൻ കാത്തുവയ്ക്കും.

 

വിതുമ്പി കൊണ്ടിരുന്ന കണ്ണുകൾ തുടയ്ക്കുന്ന നേരമാണ് ഉണ്ണി ആ മുറിയിലേക്ക് കടന്നുവന്നത്. അവനെ കണ്ടതും ഒന്ന് പതറിയെങ്കിലും അവൾ അത് പ്രകടമാകാതിരിക്കാൻ ശ്രമിച്ചു.

 

“എന്താ ക്ഷീണം തോന്നുന്നുണ്ടോ ഇയാൾക്ക്?”

അവൾ ഇല്ലെന്ന് തലയാട്ടി.

 

അവൻ അടുത്തേക്ക് ചെല്ലുംതോറും അവളുടെ ദേഹം കിടുകിടാ വിറച്ചു. കൈക്കുമ്പിളിൽ അവളുടെ മുഖം കോരി എടുക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

 

” താൻ പേടിക്കേണ്ട.. കുറച്ചു മുൻപ് വരെ എനിക്ക് ഒന്നും അറിയില്ലായിരുന്നു. തന്റെ നാട്ടുകാരൻ എന്റെ ഒരു സുഹൃത്തിനോട് സംസാരിക്കുന്നത് വരെ.. സമ്മതം ഇല്ലാതെ തന്റെ കഴുത്തിൽ താലികെട്ടേണ്ടി വന്നതിൽ ഞാൻ ആദ്യം ക്ഷമ ചോദിക്കുന്നു. എന്റെ ഭാര്യയാകുന്ന പെൺകുട്ടി എല്ലാംകൊണ്ടും എന്റേത് മാത്രമായിരിക്കണം എന്ന് എനിക്ക് നിർബന്ധം ഉണ്ട്.എനിക്കിപ്പോൾ ഈ രാത്രി വേണമെങ്കിൽ തന്നെ കീഴ്പ്പെടുത്താം.

 

പക്ഷേ എനിക്ക് വേണ്ടത് തന്റെ ശരീരം മാത്രമല്ല മനസ്സ് കൂടിയാണ്. ആ മനസ്സിൽ ഇപ്പോൾ നന്ദൻ മാത്രമേ ഉള്ളൂ എന്നെനിക്കറിയാം. മാറാൻ കഴിയുമെങ്കിൽ… എന്റെ സ്നേഹം സത്യം എന്ന് തോന്നുന്നുണ്ടെങ്കിൽ മാത്രം ഞാൻ കാത്തിരിക്കാം.”

 

അവൾ അതിനു മറുപടി പറഞ്ഞില്ല അന്നേരവും നിർത്താതെ കണ്ണുകൾ പെയ്യുന്നുണ്ടായിരുന്നു.

 

“താൻ കരകയൊന്നും വേണ്ട കിടന്നോളൂ.. ഞാൻ ഇവിടെ താഴെ പായ വിരിച്ച് കിടന്നോളാം.”

 

അവൻ അവളെ സ്നേഹപൂർവ്വം ആശ്വസിപ്പിച്ചു.

 

ലൈറ്റ് അണച്ച് ഇരുട്ടിൽ തേങ്ങി കരയുമ്പോൾ അവളുടെ മനസ്സ് വേദനിച്ചത് നന്ദനെ കുറിച്ച് മാത്രം ഓർത്തല്ല ഉണ്ണിയെക്കുറിച്ചും കൂടി ഓർത്താണ്. താൻ കാരണം മറ്റൊരാളുടെ ജീവിതത്തിലെ സന്തോഷം കൂടി ഇല്ലാതാകുന്നു. പാവം.. എത്ര പ്രതീക്ഷയോടെ ആയിരിക്കും തന്റെ കഴുത്തിൽ താലികെട്ടിയത്.

 

പിന്നീടങ്ങോട്ടുള്ള നാളുകളിൽ ചേതനയുടെയും ഉണ്ണിയുടെയും ജീവിതം ഒരു അഭിനയമായിരുന്നു. ഒരു മുറിക്കുള്ളിൽ തികച്ചും അപരിചിതരെ പോലെ കഴിഞ് മറ്റുള്ളവർക്ക് മുന്നിൽ അവർ അതിഗംഭീരമായി അഭിനയിച്ചു കൊണ്ടിരുന്നു.

 

അപ്പോഴും തന്നെ ഒരു വാക്കുകൊണ്ട് പോലും മുറിവേൽപ്പിക്കാതെ, തന്റെ സ്നേഹത്തിനു വേണ്ടി കാത്തുനിൽക്കുന്ന ഉണ്ണിയെ ഓർത്ത് അവളുടെ മനസ്സ് പിടഞ്ഞു കൊണ്ടിരുന്നു. രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും വിശേഷം ആയില്ലേ എന്ന ചോദ്യം എത്തി തുടങ്ങി. മനസ്സുകൾ പോലും അടുക്കാത്തവർക്കിടയിൽ എങ്ങനെയാണ് ഒരു കുഞ്ഞു പിറക്കുക?

 

വിവാഹം കഴിഞ്ഞ് നാലു മാസങ്ങൾ പിന്നിടുമ്പോഴാണ് അവളുടെ അച്ഛൻ ഒരു ദിവസം നിർത്താതെ വിളിക്കുന്നത്. വിവാഹ ശേഷം അച്ഛനോട് അധികം സംസാരിച്ചിരുന്നില്ല എങ്കിലും അന്ന് അവൾക്ക് അച്ഛൻ സമ്മാനിച്ച വാർത്ത ഒരുപോലെ സന്തോഷവും സങ്കടവും തരുന്നതായിരുന്നു. നന്ദന്റെ വിവാഹം കഴിഞ്ഞുവത്രേ..! രജിസ്റ്റർ മാരേജ് ആയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാളും ചെന്നൈയിലേക്ക് യാത്രയായി പെൺകുട്ടിക്ക് അവിടെ ജോലിയുണ്ട്. ”

 

അച്ഛൻ അറിയിച്ച വാർത്ത കേട്ട് അന്ന് അവൾ നിയന്ത്രണമില്ലാതെ കരഞ്ഞു. അതൊരിക്കലും സങ്കടം കൊണ്ടായിരുന്നില്ല അത്രയേറെ സന്തോഷം കൊണ്ടായിരുന്നു. താൻ കാരണം ഇല്ലാതായെന്ന് കരുതിയ നന്ദേട്ടന്റെ ജീവിതത്തിലേക്ക് ഒരാൾ കടന്നുവന്നിരിക്കുന്നു.ദൈവമേ നന്ദി.. എത്ര നാളുകളായുള്ള തന്റെ പ്രാർത്ഥനയാണ് നീയത് കേട്ടു. തനിക്ക് നല്ലൊരു ജീവിതം കിട്ടിയില്ലെങ്കിലും നന്ദേട്ടന് കിട്ടണം എന്നായിരുന്നു പ്രാർത്ഥന. അവൾ കണ്ണുകൾ അടച്ച് ദൈവത്തിന് നന്ദി പറഞ്ഞു.

 

അന്ന് അവൾ ആദ്യമായി തന്റെ ഭർത്താവിന്റെ വരവിനായി കാത്തിരുന്നു. ഒന്ന് ഉള്ളു തുറന്ന് സംസാരിക്കാൻ.

 

“നിങ്ങൾക്ക് വേണമെങ്കിൽ ഈ നാളുകൾക്കിടയിൽ എന്നെ ഉപേക്ഷിക്കാം ആയിരുന്നു. മറ്റൊരാളെ മനസ്സിൽ കാത്തുസൂക്ഷിച്ചെന്ന പേര് പറഞ്ഞ് വീട്ടുകാർക്ക് മുന്നിൽ വലിച്ചെറിയാമായിരുന്നു. പക്ഷേ അതൊന്നും ചെയ്യാതെ നിങ്ങൾ…

 

അല്ല ഉണ്ണിയേട്ടൻ എനിക്ക് വേണ്ടി കാത്തിരുന്നു. ഇനിയും ആ മനസ്സ് കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവില്ല. പെട്ടെന്നൊരു മാറ്റത്തിന് എന്റെ മനസ്സ് തയ്യാറാകില്ലെങ്കിലും പതിയെ ഞാൻ മാറാൻ ശ്രമിക്കാം. ഉണ്ണിയേട്ടന്റെ മാത്രമാകാൻ ശ്രമിക്കാം… എനിക്ക് വേണ്ടി കാത്തിരിക്കണം.”

 

ഈ നാളിതിനിടയിൽ ആദ്യമായി അവളുടെ നാവിൽ നിന്ന് ഉണ്ണിയേട്ടൻ എന്നുള്ള വിളി കേട്ടതും അവന് ദേഹമാകെ കോരിത്തരിക്കുന്നത് പോലെ തോന്നി. അങ്ങനെ തന്റെ കാത്തിരിപ്പിന് വിരാമം ആയിരിക്കുന്നു. അവനു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം തോന്നി. പിന്നീട് അവർക്കിടയിൽ പ്രണയം നാമ്പിട്ടു തുടങ്ങി. പതിയെ പതിയെ അവൾ അവനെ സ്നേഹിച്ചു തുടങ്ങി.

 

അന്നൊരു ഞായറാഴ്ചയായിരുന്നു പതിവുപോലെ ഉണ്ണിക്ക് ചായ കൊടുത്ത് പത്രം നോക്കുന്നതിനിടയിലാണ് ഒരു മരണവാർത്ത അവളുടെ കണ്ണിലുടക്കിയത്.

 

വാഹനാപകടം. പേര് നന്ദകുമാർ. വയസ്സു മുപ്പത്.കോട്ടയം ടൗണിൽ വച്ച് ഇന്നലെ ഉച്ചതിരിഞ്ഞ് നാലുമണിയോടുകൂടിയാണ് അപകടം. ബന്ധുമിത്രാദികൾ ആരുമില്ലാത്തതിനാൽ മൃതദേഹം പൊതുശ്മശാനത്തിൽ അടക്കം ചെയ്തു.

 

ദൈവമേ ആ വാർത്ത വായിച്ചതും അവൾക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. അപ്പോൾ അച്ഛൻ പറഞ്ഞതൊക്കെയും നുണയായിരുന്നു. അനാഥനായ ഒറ്റ കാരണം കൊണ്ട് തന്നെയാണ് അവർ അന്ന് നന്ദേട്ടനെ തന്നിൽ നിന്ന് അകറ്റിയതും… ഇത് ഒരിക്കലും ആത്മഹത്യ ആയിരിക്കില്ല അറിഞ്ഞുകൊണ്ട് തന്നെ നന്ദേട്ടൻ…

 

ആ നിമിഷം അലറി വിളിച്ചു കരഞ്ഞുകൊണ്ട് മയങ്ങി വീഴുന്ന നേരം ഉണ്ണി അവളെ താങ്ങി പിടിച്ചു.എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകാതെ ആ വാർത്തയിലൂടെ കണ്ണോടിക്കുമ്പോൾ അവന്റെയും ഉള്ളു പിടഞ്ഞു. പിന്നീട് ബോധം വരുമ്പോഴും വെറുതെ കരഞ്ഞു കൊണ്ടിരിക്കുക എന്നല്ലാതെ അവൾ ആരോടും യാതൊന്നും സംസാരിച്ചില്ല.

 

“പെട്ടെന്ന് മനസ്സിനു ഉണ്ടായ ഒരു ആഘാതമാണ് ഇത്. ചേതന ജീവിതത്തിലേക്ക് തീർച്ചയായും മടങ്ങി വരും. അത് എത്രനാൾ വേണ്ടിവരും എന്ന് കൃത്യമായി ഇപ്പോൾ പറയാൻ കഴിയില്ല. എങ്കിലും മനസ്സ് കൈവിടാതെ അവളുടെ കൂടെ തന്നെ നിൽക്കുക. അതാണ് ഏറ്റവും വലിയ മരുന്ന്.പിന്നെ ഇങ്ങനെയുള്ളവർക്ക് ആത്മഹത്യാ പ്രവണത കണ്ടു വരാറുണ്ട് ചേതനയുടെ കൂടെ എപ്പോഴും ഒരാള് ഉണ്ടാകണം.”

 

തന്റെ മുന്നിലിരുന്ന് ഡോക്ടർ അത് പറഞ്ഞപ്പോൾ ഹൃദയം നുറുങ്ങുന്നതുപോലെ അവനു തോന്നിയെങ്കിലും മനസ്സിന് ബലം കൊടുത്തുകൊണ്ട് അവൻ അവളുടെ കൂടെ തന്നെ നിന്നു.

 

” എന്ത് പാപം ചെയ്തിട്ടാണാവോ ദൈവമേ എന്റെ മോൻ ഇങ്ങനെ അനുഭവിക്കേണ്ടിവരുന്നത്.. വേറൊരുത്തനെ മനസ്സിലിട്ടുകൊണ്ടാണല്ലോ അവൾ എന്റെ മോന്റെ മുന്നിൽ കഴുത്ത് നീട്ടി കൊടുത്തത്. ”

 

കണ്ണുനീർ ഒപ്പി കൊണ്ട് അമ്മ സങ്കടം ചൊരിയുമ്പോഴും അവൾ യാതൊരുഭാവമാറ്റവും ഇല്ലാതെ തന്നെ ഇരുന്നു. കൈയിൽ അപ്പോഴും അന്നത്തെ പത്രവാർത്ത ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരുന്നു.ഇടയ്ക്കു നിർത്താതെ കണ്ണുനീർ ഒഴുകുന്നത് കാണാം.

 

ഒരു കുഞ്ഞിനെ സംരക്ഷിക്കുന്നത് പോലെ അവൻ തന്റെ ഭാര്യയെ പരിചരിച്ചു. അവൾക്ക് ഭക്ഷണം വാരി കൊടുത്തു. അപ്പോഴൊക്കെയും അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ദിവസങ്ങൾ പിന്നിടുമ്പോൾ അവളുടെ പെരുമാറ്റത്തിൽ നേരിയ പുരോഗതി അവന് തോന്നി. അവളുടെ നോട്ടത്തിൽ തന്നോടുള്ള സ്നേഹത്തിന്റെ കണിക ഉണ്ടെന്ന് അവൻ തിരിച്ചറിഞ്ഞു.

 

അന്നൊരു ദിവസം അത്യാവശ്യമായി പുറത്തുപോയി വന്നപ്പോഴാണ് അവൾ മുറിയിൽ ഇല്ലെന്ന സത്യം അവൻ മനസ്സിലാക്കിയത്. വീടിനുള്ളിൽ ആകെ തിരഞ്ഞെങ്കിലും അവിടെയൊന്നും അവളെ കണ്ടില്ല. അമ്മയെയും അവിടെയൊന്നും കാണാതായപ്പോൾ അവന് പരിഭ്രാന്തി കൊണ്ട് ആകെ ദേഹം തളരുന്നത് പോലെ തോന്നി. ഓടിച്ചെന്ന് പുറകുവശത്ത് നോക്കിയപ്പോഴാണ് കിണറ്റിൻകരയിൽ അവൾ നിൽക്കുന്നത് കണ്ടത്.

 

“ദൈവമേ.. ” അവൻ ഓടിച്ചെന്ന് അവളെ പിടിച്ചു വലിച്ചു തന്നോട് അടുപ്പിച്ചു. ആ നിമിഷം അവൾ ഒന്ന് പകച്ചെങ്കിലും സ്നേഹപൂർവ്വം അവനെത്തന്നെ നോക്കി നിന്നു.

 

“പേടിക്കേണ്ട ഉണ്ണിയേട്ടാ ഞാൻ ആത്മഹത്യ ചെയ്യുകയില്ല. അല്ലെങ്കിലും ഉണ്ണിയേട്ടന്റെ സ്നേഹം കണ്ടില്ലെന്ന് നടിച്ച് സ്വാർത്ഥയാകാൻ എനിക്ക് ആകില്ല. അത്രയും സ്നേഹം തന്നല്ലേ ഇത്രനാൾ ഉണ്ണിയേട്ടൻ എന്നെ നോക്കിയത്. ഞാനല്ലേ വേദനിപ്പിച്ചത്. ഈ കടമൊക്കെ ഞാൻ എങ്ങനെയാണ് തീർക്കേണ്ടത്?”

 

അതും പറഞ്ഞ് അവൾ പൊട്ടി കരയുമ്പോഴാണ് കിണറ്റിൻകരയിൽ ചാരമായി കിടന്നിരുന്ന ആ പത്രത്തുണ്ട് അവന്റെ കണ്ണിൽപ്പെട്ടത്. അവൾ തന്റേത് മാത്രമായി മടങ്ങി വന്നിരിക്കുന്നു. ആ നിമിഷം എന്തെന്നറിയാതെ അവന്റെയും കണ്ണുനിറഞ്ഞു. അന്ന് ആദ്യമായി സർവ്വതും മറന്നു അവർ പരസ്പരം കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. ജീവിതത്തിന്റെ ആരംഭം എന്നോണം..

Leave a Reply

Your email address will not be published. Required fields are marked *