രചന: Saji Thaiparambu

 

അമ്മയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ട് തുടങ്ങിയത് അച്ഛൻ്റെ കൂട്ടുകാരൻ ഗിഫ്റ്റ് കൊടുത്ത മൊബൈൽ ഫോണിൻ്റെ വരവോടെ ആയിരുന്നു

 

ഒരിക്കൽ ഞാൻ സ്കൂള് വിട്ട് വരുമ്പോൾ അയാൾ അമ്മയോട് യാത്ര പറഞ്ഞ്, വീട്ടിൽ നിന്നിറങ്ങുകയായിരുന്നു

 

എന്നെ കണ്ട അയാൾ വിശേഷം ചോദിച്ചെങ്കിലും, അച്ഛനില്ലാത്ത നേരത്ത് അയാൾ വന്നതിലുള്ള നീരസം ,എൻ്റെ മറുപടിയിൽ പ്രതിഫലിച്ചിരുന്നു.

 

വീട്ടിൽ വരുന്നവരോട് നിനക്കൊന്ന് മര്യാദയ്ക്ക് സംസാരിച്ചൂടെ യദൂ,,?

 

അമ്മയെന്നെ ശകാരിച്ചു.

 

അയാളെന്തിനാ വന്നത്?

 

അനിഷ്ടത്തോടെ ഞാൻ ചോദിച്ചു.

 

അയാള് ദേ എനിക്കീ ഫോൺ തരാൻ വന്നതാണ് ,ഗൾഫീന്ന് കൊണ്ട് വന്നതാണത്രേ ,കഴിഞ്ഞയാഴ്ച അയാളിവിടെ വന്നപ്പോൾ അച്ഛനും, ഞാനും ഒരു ഫോൺ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് അയാൾക്ക് മനസ്സിലായി

അച്ഛൻ പുറത്ത് പോകുമ്പോൾ എനിക്കാരെയെങ്കിലുമൊന്ന് വിളിക്കേണ്ടി വന്നാൽ എന്ത് ചെയ്യുമെന്ന് അന്നയാൾ ചോദിച്ചിരുന്നു ,പക്ഷേ അത് ഇങ്ങനൊരു ഫോൺ കൊണ്ട് തരാനാണെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല,,

 

ഇത് സ്മാർട്ട് ഫോണല്ലേ?

പത്താം ക്ളാസ്സ് പാസാകാത്ത അമ്മയ്ക്കിപ്പോൾ ഇത്രയും ഫീച്ചേഴ്സുള്ള ഫോണെന്തിനാ?

ആരെയെങ്കിലും വിളിക്കാനാണേൽ സാദാ ഒരു ഫോൺ പോരെ?

 

ഇതിൽ വാട്സ്ആപ്പാക്കെ

ഉണ്ടെന്നാ പറഞ്ഞത്, നീയെന്നെ അതൊക്കെയൊന്ന് പഠിപ്പിച്ച് തരണേ ,,

 

ഹി ഹി ഹി ,വാട്സാപ്പോ?

അതിപ്പോൾ പഠിച്ചിട്ടെന്തിനാ ?അമ്മയ്ക്ക് ചാറ്റ് ചെയ്യാനായിട്ട് ഏതെങ്കിലും കൂട്ടുകാരികളുണ്ടോ ?അമ്മ കൂട്ടുകാരികളെ ഫോണിൽ വിളിച്ച് സംസാരിക്കുന്നത് പോലും ഞാനിന്നേ വരെ കണ്ടിട്ടില്ല ,അമ്മയെ തിരക്കി ഒരാളും ഇന്നേവരെ ഇങ്ങോട്ട് വന്നിട്ടുമില്ല പിന്നെ എന്തിന് വേണ്ടിയാ അമ്മ വാട്സ് ആപ് ഒക്കെ എടുക്കുന്നത്?

 

ഇത്രയും നാളും നീയും അച്ഛനും അച്ഛമ്മയും മാത്രമായിരുന്നു എൻ്റെ ലോകം ,അത് കൊണ്ടാണ് ഞാൻ പൊട്ടക്കിണറ്റിലെ തവളയെ പോലെ ആയതും നീയെന്നെ ഇങ്ങനെ പുശ്ചിക്കുന്നതും ,ഇനിയെങ്കിലും എനിക്ക് എല്ലാവരെയും പോലെ ആവണം നിനക്ക് പറ്റില്ലെങ്കിൽ പറ ഞാൻ ഫോൺ തന്ന മുരളിയേട്ടനോട് ചോദിക്കാം

 

വേണ്ട, വേണ്ട,, ഇനി ആ പേരും പറഞ്ഞ് അയാളിങ്ങോട്ട് വരണ്ട

അയാളെക്കുറിച്ച് നല്ലതൊന്നും നാട്ട്കാര് ഇതേ വരെ പറഞ്ഞിട്ടില്ല ,ഞാൻ തന്നെ

പഠിപ്പിച്ച് തന്നോളാം

 

അങ്ങനെ ഞാൻ തന്നെയായിരുന്നു അമ്മയ്ക്ക് വാട്സ്ആപ്പിലും ഫെയ്സ് ബുക്കിലുമൊക്കെ അക്കൗണ്ട് ഓപ്പൺ ചെയ്ത് കൊടുത്തത്

 

അതിന് ശേഷം ,അമ്മയെ ഞാൻ കാണുമ്പോഴൊക്കെ അമ്മ മൊബൈലിൽ തോണ്ടിക്കൊണ്ടിരിക്കുന്നതാണ് കാണുന്നത്, അതിനിടയിൽ ഞാൻ പറയുന്ന കാര്യങ്ങൾക്കൊക്കെ മറുപടിയായി വെറുമൊരു മൂളൽ മാത്രമേ ഉണ്ടാവൂ ,മുൻപൊക്കെ ഞാൻ ക്ളാസ്സ് കഴിഞ്ഞ് വരുമ്പോൾ അമ്മ എനിക്ക് ചായയും പലഹാരവുമൊക്കെ ഉണ്ടാക്കി തരുമായിരുന്നു

 

ഇപ്പോൾ അങ്ങനെയൊരു ശീലം ഇല്ലെന്ന് മാത്രമല്ല ചോദിച്ചാൽ നീ തനിയെ ചായ ഉണ്ടാക്കി കുടിക്കാൻ പറയും

 

അമ്മ,, ഇതിനും മാത്രം ആരോടാ ഈ ചാറ്റ് ചെയ്യുന്നത്? ഫോണിങ്ങ് തന്നേ ഞാൻ നോക്കട്ടേ ,,,

 

ഒരു ദിവസം ക്ഷമ നശിച്ച് ഞാൻ ചോദിച്ചു.

 

യദൂ നീ നിൻ്റെ കാര്യം നോക്ക് മറ്റൊരാളുടെ ഫോൺ പരിശോധിക്കുന്നത് മര്യാദയല്ലെന്ന് നിനക്കറിയില്ലേ? നിനക്ക് പഠിക്കാനൊന്നുമില്ലേ? പോയിരുന്ന് പഠിക്ക് ,,,

 

അന്നെനിക്ക് ഫോൺ തരാതെ ,അമ്മ എന്നെ ശകാരിച്ച് പറഞ്ഞ് വിട്ടു

 

അതോടെ എൻ്റെ ആകാംക്ഷ വർദ്ധിച്ചു

 

ഒരു ദിവസം അമ്മ കുളിക്കാൻ കയറിയ തക്കം നോക്കി ഞാൻ അമ്മയുടെ ഫോൺ കൈക്കലാക്കി

അതിൻ്റെ ലോക്ക് ഞാൻ തന്നെ ഉണ്ടാക്കിയത് കൊണ്ട് അൺലോക്ക് ചെയ്യാൻ എളുപ്പമായിരുന്നു

 

ആദ്യം തന്നെ ഞാൻ വാട്സ് ആപ് ഓപ്പൺ ചെയ്ത് നോക്കി ,അതിൽ വളരെ കുറച്ച് കോണ്ടാക്ട്സ് മാത്രമേ ഉണ്ടായിരുന്നുള്ളു

 

അതിൽ പലതിലും ഗുഡ് മോണിങ്ങും, ഗുഡ് നൈറ്റും മാത്രം എന്നാൽ മുരളിച്ചേട്ടനുമായി പല ദിവസങ്ങളിലും ചാറ്റ് ചെയ്തിട്ടുണ്ട്, പക്ഷേ ആ ചാറ്റിങ്ങെല്ലാം അമ്മ ഡിലിറ്റാക്കിയിരിക്കുകയായിരുന്നു

 

അമ്മയും അയാളുമായി എന്താണ് ഇത്രയ്ക്ക് ചാറ്റ് ചെയ്യാനുള്ളത് ?അച്ഛനെയും എന്നെയുമൊക്കെ അമ്മ ചതിക്കുകയാണോ?

 

എനിക്ക് അമ്മയോട് വെറുപ്പും പകയും തോന്നി, അമ്മയോട് ചോദിച്ചാൽ സത്യം പറയില്ല ,അതിലും നല്ലത് അയാളെ കാണുന്നതാണ്, ആ മുരളിയെ,,

 

അമ്മയുടെ ഫോൺ തിരികെ വച്ചിട്ട് ഞാൻ അയാളെ കാണാൻ പോയി.

 

പക്ഷേ അവിടെ അയാളുടെ ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളു

 

ഞാനവരോട് അമ്മയുടെ ഫോണിലെ വാട്സ് ആപ് ചാറ്റിനെ കുറിച്ച് പറഞ്ഞു

 

നിങ്ങളുടെ ഭർത്താവ് വരുമ്പോൾ പറയണം ,ഇനി മേലാൽ എൻ്റെ അമ്മയ്ക്ക് മെസ്സേജയക്കരുതെന്ന് എൻ്റെ അച്ഛനൊരു സാധുവാണ്, അദ്ദേഹത്തെ വഞ്ചിക്കാൻ ഞാനാരെയും അനുവദിക്കില്ല ഒന്നുമറിയാത്ത എൻ്റെ അമ്മയ്ക്ക് ഫോൺ വാങ്ങിക്കൊടുത്തത് നിങ്ങടെ ഭർത്താവാണ് ,അതെൻ്റെ അമ്മയെ വഴി തെറ്റിക്കാനാണെന്ന് ഇപ്പോഴല്ലേ മനസ്സിലായേ ,,

 

ദേഷ്യവും സങ്കടവും കൊണ്ട് ഞാൻ വായിൽ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞു

 

നിർത്തടാ നിൻ്റെ നാവാട്ടം,, തോന്ന്യാസം പറയുന്നോ? എൻ്റെ ഭർത്താവ് മോശക്കാരനായിരിക്കും പക്ഷേ നിന്നെ നൊന്ത് പെറ്റ അമ്മയെ കുറിച്ചാണ് നീയീ വേണ്ടാതീനം പറയുന്നത് ,എടാ നിൻ്റെ വീട്ടിലെ കാര്യങ്ങളെ കുറിച്ചൊന്നും നിനക്കറിയില്ല ,പഠിത്തത്തിൽ മിടുക്കനായ നീ അതൊന്നും അറിയരുതെന്ന് നിൻ്റെ അമ്മയ്ക്ക് നിർബന്ധമുള്ളത് കൊണ്ടാണ് വാട്സ്ആപ്പിലെ ചാറ്റുകളൊക്കെ അവര് ഡിലിറ്റ് ചെയ്ത് കളയുന്നത്

നിനക്കറിയാമോ നിൻ്റെ അച്ഛൻ ഒരു ഗുരുതര രോഗത്തിന് ചികിത്സയിലാണ് ആറ് മാസത്തിനുള്ളിൽ ഒരു സർജറി വേണം അതിന് ഒരു ലക്ഷം രൂപയോളം ചിലവ് വരും ,

അതിനുള്ള ശേഷി ഇപ്പോൾ നിൻ്റെ അമ്മയ്ക്കും അച്ഛനുമില്ല ,പഴയത് പോലെ അച്ഛന് ജോലി ചെയ്യാനും കഴിയില്ല ,പിന്നെ ,നിൻ്റെ പഠനാവശ്യങ്ങൾക്കായി പലരിൽ നിന്നും ഒരു പാട് കടം വാങ്ങിയിട്ടുള്ളത് കൊണ്ട് ഇത്രയും വലിയൊരു തുക ആരും നല്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് നിൻ്റെ അമ്മയോട് മുരളിയേട്ടൻ ഒരു ഐഡിയ പറഞ്ഞ് കൊടുത്തത് ഒരു സ്മാർട് ഫോണും അതിൽ വാട്‌സ് ആപ്പും ഉണ്ടെങ്കിൽ ഒന്ന് രണ്ട് ചെറിയ കമ്പനികൾക്ക് അവരുടെ ചെറിയ ചെറിയ വർക്ക്കൾ ചെയ്ത് കൊടുത്താൽ മാസം പത്തിരുപതിനായിരം രൂപ ഉണ്ടാക്കാമെന്ന് ,അതിന് വലിയ വിദ്യാഭ്യാസമൊന്നും വേണ്ട മലയാളം നന്നായി എഴുതാനും വായിക്കാനും അറിഞ്ഞാൽ മതി ,അങ്ങനെ അച്ഛൻ്റെ സർജറി ബുദ്ധിമുട്ടില്ലാതെ നടത്താൻ വേണ്ടിയാണ് നിൻ്റെ അമ്മ രാപകല് മൊബൈലിൽ തോണ്ടിക്കൊണ്ടിരിക്കുന്നത് ഇതൊന്നും നീ അറിയരുതെന്ന് മുരളിയേട്ടൻ പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ് പക്ഷേ ഇനിയും ഞാൻ പറയാതിരുന്നാൽ പാവം നിൻ്റെ അമ്മയെ നീ വെറുതെ തെറ്റിദ്ധരിക്കും അത് കൊണ്ട് മോൻ പോ ,പോയിരുന്ന് വല്ലതും പഠിക്കാൻ നോക്ക്, നിനക്ക് നല്ലൊരു ജോലി കിട്ടിയിട്ട് അച്ഛനെയും അമ്മയെയും മര്യാദയ്ക്ക് നോക്ക്

 

ദേഷ്യം കൊണ്ട് അവരുടെ മുഖം ചുവന്നിരുന്നു

 

കുറ്റബോധത്തോടെയാണ് ഞാനവിടെ നിന്നിറങ്ങിയത്

വീട്ടിൽ വന്നിട്ടും നടന്നതൊന്നും ഞാനമ്മയോട് പറഞ്ഞില്ല ,ഞാൻ തെറ്റിദ്ധരിച്ചെന്നറിഞ്ഞാൽ ചിലപ്പോൾ അമ്മയ്ക്കത് സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല

കഥ ,സജി തൈപ്പറമ്പ്.

Leave a Reply

Your email address will not be published. Required fields are marked *