(രചന: ആവണി)
ആ ക്യാമറ കണ്ണുകൾ പല തവണ അവൾക്ക് നേരെ ചിമ്മി തുറന്നു. അതൊക്കെ അറിഞ്ഞെങ്കിലും അറിയാത്ത ഭാവത്തിൽ അവൾ നടന്നു നീങ്ങി.
ഇടയ്ക്ക് തിരിഞ്ഞു നോക്കിയപ്പോൾ അവൻ വീണ്ടും അവളെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്നത് അവൾ ശ്രദ്ധിച്ചു. നാണം കൊണ്ട് അവളുടെ മുഖം ചുവന്നു തുടുത്തു. അത് അവനിൽ നിന്ന് മറയ്ക്കാൻ എന്ന പോലെ അവൾ മുഖം തിരിച്ചു.എങ്കിലും അവളെ തന്നെ ശ്രദ്ധിച്ചു നിന്നിരുന്ന അവൻ അത് കൃത്യമായി മനസ്സിലാക്കുക തന്നെ ചെയ്തു.
അത് അവളുടെ കസിന്റെ കല്യാണ ദിവസമായിരുന്നു. മറ്റുള്ള കസിൻസിനോടൊപ്പം അടിച്ചു പൊളിച്ചു നടക്കുന്ന സമയത്താണ് ഒരാൾ തന്നെ തന്നെ ശ്രദ്ധിച്ചു നിൽക്കുന്നത് അവൾ ശ്രദ്ധിക്കുന്നത്.
അത് കല്യാണത്തിന് ഫോട്ടോ എടുക്കാൻ വന്ന ഫോട്ടോഗ്രാഫർ ആയിരുന്നു. പിന്നീട് പലപ്പോഴും അവരുടെ കണ്ണുകൾ കൂട്ടി മുട്ടി.
കല്യാണത്തിന്റെ ചടങ്ങുകൾ ഒക്കെ അവസാനിച്ച് വണ്ടിയിലേക്ക് കയറുമ്പോൾ അവൾ നിരാശയോടെ അവനെ തിരിഞ്ഞു നോക്കി. അവനും അവളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അവന്റെ കണ്ണിനും വല്ലാത്തൊരു നിരാശ അവൾ വായിച്ചെടുത്തു.
വീട്ടിലെത്തിക്കഴിഞ്ഞു അവളുടെ മനസ്സിൽ മുഴുവൻ അവനായിരുന്നു. അവന്റെ നോട്ടവും ചിരിയും ഒക്കെ അവളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് പോലെയാണ് അവൾക്ക് തോന്നിയത്.
അവളുടെ പെട്ടെന്നുള്ള മാറ്റം അവളുടെ സുഹൃത്തും കസിനുമായ മിയ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
” ശ്രീ..കുറച്ചു ദിവസമായി ഞാൻ നിന്നോട് ചോദിക്കണമെന്ന് വിചാരിക്കുകയാണ്.”
മിയ പറഞ്ഞപ്പോൾ സ്വപ്ന ലോകത്ത് നിന്ന് ഞെട്ടലോടെ ഉണർന്ന് അവളെ നോക്കി.
” എന്താ..? ”
” കുറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു. നിന്റെ മനസ്സ് ഇവിടെ ഒന്നും അല്ലല്ലോ.. കുറച്ചു ദിവസം എന്ന് പറഞ്ഞാൽ മീര ചേച്ചിയുടെ കല്യാണത്തിന്റെ അന്ന് മുതൽ.. ”
അവൾ പറഞ്ഞപ്പോൾ ഒരു കള്ള ചിരിയോടെ തല താഴ്ത്തി.
” ആഹ്.. അപ്പോ ഞാൻ ഊഹിച്ചത് തന്നെ.. പൊന്നു മോൾ എവിടെയോ പോയി കൊളുത്തിയിട്ടുണ്ട്. ”
കള്ള ലക്ഷണത്തിൽ തലയാട്ടി കൊണ്ട് അവൾ പറഞ്ഞപ്പോൾ മറുപടിയായി വീണ്ടും ചിരിച്ചതേയുള്ളൂ.
” ഇനി കാര്യങ്ങൾ മറച്ചു വെച്ച് കൂടുതൽ വഷളാക്കാതെ ആരാണ് ആള് എന്ന് വ്യക്തമായി പറഞ്ഞാൽ നിനക്ക് കൊള്ളാം.. ”
ചെറിയൊരു ഭീഷണിയായിരുന്നു ആ സ്വരത്തിൽ ഉണ്ടായിരുന്നത്. അല്ലെങ്കിലും അത് അങ്ങനെയേ വരൂ.കാരണം എന്തിനും ഏതിനും എന്റെ മനസാക്ഷി സൂഷിപ്പുകാരി ആയി ഉണ്ടായിരുന്നത് അവൾ ആയിരുന്നു.
“എടീ അത് പിന്നെ..”
അവളോട് പറഞ്ഞു തുടങ്ങാൻ എനിക്കൊരു ചളിപ്പ് ഉണ്ടായിരുന്നു.അത് മറ്റൊന്നും കൊണ്ടല്ല. എന്റെ മനസ്സ് അത്രത്തോളം തന്നെ അവൾക്ക് മനസ്സിലാവുന്നത് കൊണ്ട് ആദ്യദിവസം തന്നെ അവളോട് ഞാൻ ഒന്നും പറഞ്ഞില്ല എന്ന തരത്തിൽ ചെറിയൊരു വിഷമം.
” നീ കാര്യം പറയൂ.. ”
അവൾ കാര്യമായി തന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
” ഇന്ന് കല്യാണത്തിന് ഫോട്ടോ എടുക്കാൻ വന്ന ആ ഫോട്ടോഗ്രാഫർ ചേട്ടനില്ലേ..? പുള്ളിയാണ്.. ”
അവളുടെ മുഖത്തേക്ക് നോക്കാതെ നാണത്തോടെ ഞാൻ പറഞ്ഞപ്പോൾ അവൾ അന്തം വിട്ടതു പോലെ എന്നെ നോക്കുന്നുണ്ടായിരുന്നു.
” പുള്ളിയോ..? അതിന് നിനക്ക് ആളിനെ മുൻപ് കണ്ട പരിചയം വല്ലതുമുണ്ടോ..? ”
അത്ഭുതത്തോടെ അവൾ ചോദിച്ചപ്പോൾ ഇല്ലെന്ന് ഞാൻ തലയാട്ടി.
” എടി നീ അപ്പോ ആ കല്യാണത്തിന് വന്നു അയാളെ കണ്ട് കുറച്ചു മണിക്കൂറു കൊണ്ട് ആണോ അയാളെ മനസ്സിൽ കരുതി ഇങ്ങനെ നടക്കുന്നത്..? ഇനി അയാൾ വേറെ കെട്ടിയതാണോ എന്ന് പോലും യാതൊരു ഊഹവുമില്ല. വെറുതെ ഇങ്ങനെ സ്വപ്നം കാണരുത്. ആദ്യം നമുക്ക് അയാളെക്കുറിച്ച് അന്വേഷിക്കാം. എന്നിട്ട് മതി ഇങ്ങനെ സ്വപ്നം കാണുന്നത്. ”
ശാസനയുടെ സ്വരത്തിൽ അവൾ പറയുമ്പോൾ എന്റെ മുഖം വാടി പോയിരുന്നു. അത് മനസ്സിലാക്കിയത് കൊണ്ടായിരിക്കണം അവൾ കൂടുതൽ ഒന്നും പറഞ്ഞില്ല.
” നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറയുന്നതല്ല ഞാൻ ഇതൊന്നും. നീ ഭാവിയിൽ വിഷമിച്ച് കാണാതിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ ഞാൻ ഇങ്ങനെയൊക്കെ പറയുന്നത്. ”
” അയാൾ വേറെ കെട്ടിയതൊന്നുമല്ല.”
ഞാൻ പറഞ്ഞപ്പോൾ അവൾ എന്നെ തുറിച്ചു നോക്കി.
“അത് നിനക്ക് എങ്ങനെ അറിയാം..?”
ഗൗരവത്തോടെയാണ് ചോദിച്ചത്.
“അയാൾ എന്നെയും നോക്കുന്നുണ്ടായിരുന്നല്ലോ. അന്ന് കല്യാണം നടക്കുന്ന സമയം മുഴുവൻ അയാളുടെ കണ്ണ് എന്റെ പിന്നാലെ തന്നെയായിരുന്നു. എന്നെ ഇഷ്ടമല്ലെങ്കിൽ ഒരിക്കലും അയാൾ അങ്ങനെ ഒന്നും ചെയ്യില്ലല്ലോ.”
അത് കേട്ടപ്പോൾ അവൾ എന്നെ വെറുതെ നോക്കിയിരുന്നതേയുള്ളൂ.
” സാധാരണ ആമ്പിള്ളേർക്ക് പെൺപിള്ളേരെ കാണുമ്പോൾ ഒരു ക്രഷ് തോന്നുന്നത് സ്വാഭാവികമാണ്. ഒരുപക്ഷേ കല്യാണ സമയത്ത് നിന്നെ കണ്ടപ്പോൾ അയാൾക്ക് അങ്ങനെ തോന്നിയിട്ടുണ്ടാവാം. അതുകൊണ്ട് വെറുതെ ഒന്നു നേരംപോക്കിന് വായിനോക്കിയത് ആയിക്കൂടെ.. അയാൾക്ക് ആത്മാർത്ഥമായി മറ്റൊരു പ്രണയം ഉണ്ടെങ്കിലോ..? വിവാഹം ചെയ്തതാണെങ്കിലോ..? ഇനി വിവാഹം ഉറപ്പിച്ചതാണെങ്കിലോ..? അങ്ങനെ എന്തൊക്കെ സാധ്യതകൾ ഉണ്ടെന്ന് നിനക്കറിയാമോ..? യാതൊരു പരിചയവുമില്ലാത്ത ഒരാളിനെ മനസ്സിൽ കയറ്റില് പ്രതിഷ്ഠിക്കുമ്പോൾ ഇങ്ങനെ ഒരുപാട് സാധ്യതകൾ ഉണ്ട് എന്ന് കൂടി ഓർക്കണം. ”
അവൾ അത് പറഞ്ഞപ്പോൾ എനിക്ക് വല്ലാതെ വിഷമമായെങ്കിലും അവൾ പറയുന്നതിലും കാര്യമുണ്ട് എന്ന് ആ നിമിഷം മുതൽ എനിക്ക് തോന്നിത്തുടങ്ങി. അവൾ പറയുന്നത് പോലെ, നമ്മുടെ മനസ്സ് ഒരാളിന് കൊടുക്കുന്നതിനു മുൻപ് അവർക്ക് അതിനുള്ള അർഹതയുണ്ടോ എന്നുകൂടി നമ്മൾ ആലോചിക്കണം..
അവൾ അങ്ങനെ പറഞ്ഞതിനു ശേഷം എന്റെ ചിന്തകളിൽ നിന്ന് അയാളെ ആട്ടി അകറ്റാൻ ആണ് ഞാൻ ശ്രമിച്ചത്. പക്ഷേ പലപ്പോഴും അതിൽ ഞാൻ പരാജയമായിരുന്നു.
ദിവസങ്ങൾ അങ്ങനെ മുന്നോട്ടു പോകവേ ഒരു ദിവസം കോളേജ് കഴിഞ്ഞ് വീട്ടിൽ വന്ന എന്നെ കാത്തിരുന്നത് തീരെ പ്രതീക്ഷിക്കാത്ത ഒരു വാർത്തയായിരുന്നു.
എനിക്കൊരു വിവാഹാലോചന വന്നിട്ടുണ്ട് എന്ന്. എവിടെയോ വച്ച് എന്നെ കണ്ട് ഇഷ്ടപ്പെട്ട ആരോ ചോദിച്ചു വന്നതാണ് എന്നാണ് പറഞ്ഞത്. പക്ഷേ കൂടുതൽ കാര്യങ്ങൾ അമ്മയോട് ചോദിച്ചപ്പോൾ അമ്മ പറഞ്ഞു, അന്ന് കല്യാണത്തിന് വച്ച് എന്നെ കണ്ട ആരോ ആണെന്ന്..!
അത് കേട്ടപ്പോൾ വല്ലാതെ വേദന തോന്നുന്നുണ്ടായിരുന്നു. അന്ന് ആ കല്യാണത്തിന് ഞാൻ അവനെയല്ലാതെ മറ്റാരെയും ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. ഇനി ആരായിരിക്കും കാണാൻ വരുന്നത് എന്നോർക്കുമ്പോൾ ഒരു ഭയം..
കാത്തിരുന്നതു പോലെ അവർ എത്തി. ആരുടെയും മുഖത്ത് പോലും നോക്കാതെയാണ് ചായ കൈമാറിയത്.
” ഈ പെണ്ണുകാണലിന്റെ ഉദ്ദേശം ചെറുക്കനും പെണ്ണിനും തമ്മിൽ കാണുക എന്നുള്ളതാണ്. ആ സ്ഥിതിക്ക് ചെറുക്കന്റെ മുഖത്തേക്ക് എങ്കിലും ഒന്ന് നോക്കാം കേട്ടോ.. ”
ബ്രോക്കർ ഒരു തമാശ പോലെ പറഞ്ഞു പൊട്ടിച്ചിരിച്ചപ്പോൾ ഞാൻ ഞെട്ടലോടെയാണ് തലയുയർത്തി നോക്കിയത്. എന്റെ മുന്നിലിരിക്കുന്നവനെ കണ്ടപ്പോൾ സന്തോഷമാണോ സങ്കടമാണോ ആ നിമിഷം തോന്നിയത് എന്ന് ഇപ്പോഴും അറിയില്ല.
അത് അവനായിരുന്നു.. എന്റെ ഹൃദയം കവർന്നെടുത്ത ഫോട്ടോഗ്രാഫർ..!അവന്റെ ചുണ്ടിൽ ആ സമയത്തും പുഞ്ചിരിയായിരുന്നു.എന്നെ നോക്കി കുസൃതിയോടെ കണ്ണടച്ച് കാണിച്ചപ്പോൾ നാണം കൊണ്ട് മുഖം ചുവന്നു പോയി.
ചെറുക്കനും പെണ്ണിനും സംസാരിക്കാനുള്ള അവസരം കിട്ടിയപ്പോൾ ആവേശത്തോടെയാണ് മുറിയിലേക്ക് കയറി പോയത്. പിന്നാലെ തന്നെ അവനും എത്തിയിരുന്നു.
” നിന്നെ തേടി ഞാൻ എത്രമാത്രം അലഞ്ഞു എന്ന് നിനക്കറിയാമോ..? അന്ന് കല്യാണ പെണ്ണിന്റെ കൂടെ നിൽക്കുന്നതു കണ്ടപ്പോൾ അവരുടെ ഏതോ ബന്ധുവാണ് എന്ന് മാത്രം എനിക്ക് മനസ്സിലായി. വെറുതെ പോയി ഒരു പെൺകുട്ടിയുടെ ഡീറ്റെയിൽസ് ഒന്നും ചോദിക്കാൻ പറ്റില്ലല്ലോ.. അതുകൊണ്ട് ബ്രോക്കറോട് പറഞ്ഞ് കാര്യങ്ങൾ ഇതുവരെ എത്തിച്ച പാട് എനിക്കറിയാം..!”
നെടുവീർപ്പിട്ടു കൊണ്ട് അവൻ പറയുമ്പോൾ കണ്ണുകൾ നിറയുന്നുണ്ടെങ്കിലും പുഞ്ചിരിയോടെ തന്നെ ഞാൻ അവനെ നോക്കി.
“എന്തായാലും തനിക്ക് ഇഷ്ട കുറവൊന്നുമില്ലല്ലോ അല്ലേ..?”
ഒരു ഉറപ്പിന് വേണ്ടി അവൻ വീണ്ടും ചോദിക്കുമ്പോൾ, അവനെ നോക്കി ഹൃദയം തുറന്ന് ചിരിച്ചു ഞാൻ. അതല്ലാതെ ആ സമയത്ത് അവന് കൊടുക്കാൻ മറ്റൊരു മറുപടിയും എന്റെ പക്കൽ ഉണ്ടായിരുന്നില്ല..!!
അപ്പോഴേക്കും എന്റെ മനസ്സിലും ഒരു കല്യാണം മേളം ഉയർന്നു തുടങ്ങിയിരുന്നു…!