(രചന: അംബിക ശിവശങ്കരൻ)
കുഞ്ഞിന്റെ ജനനത്തോടെയാണ് അവളുടെ പെരുമാറ്റത്തിലെ ചില മാറ്റങ്ങൾ വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.
എന്തിനോടും ഏതിനോടും വളരെ പ്രസന്നമായി മാത്രം പ്രതികരിച്ചിരുന്ന അവൾ പിന്നീട് നിസ്സാര കാര്യങ്ങൾക്ക് പോലും പൊട്ടിത്തെറിക്കാൻ തുടങ്ങി.
ആദ്യമെല്ലാം അത് കാര്യമായി എടുത്തില്ലെങ്കിലും അവളുടെ ദേഷ്യത്തോടെയുള്ള പെരുമാറ്റം കുഞ്ഞിനോടും പ്രകടമാകാൻ തുടങ്ങിയതോടെ അത് എല്ലാവരെയും ഞെട്ടിച്ചു.
ചിലപ്പോൾ ഒറ്റയ്ക്കിരുന്ന് കരയുന്നത് കാണാം, അല്ലെങ്കിൽ എന്തൊക്കെയോ ചിന്തിച്ചിരിക്കുന്നത് കാണാം, അവളുടേത് മാത്രമായ ചിന്തകളിൽ മുഴുകി കഴിഞ്ഞാൽ കുഞ്ഞിന്റെ കരച്ചിൽ പോലും അവളെ ബാധിക്കില്ല.
” എന്റെ ദൈവമേ എന്റെ മോൻ എന്തു മഹാപാപം ചെയ്തിട്ടാണാവോ ഇങ്ങനെയൊരു ജന്മത്തെ അവന്റെ തലയിൽ കെട്ടിവയ്ക്കേണ്ടി വന്നത്??
തലയ്ക്ക് സുഖമില്ലാത്ത പെണ്ണിനെ എന്റെ മകന്റെ തലയിൽ കെട്ടിവച്ച് അവളുടെ വീട്ടുകാര് കൈയൊഴിഞ്ഞു.
ഇപ്പോ അനുഭവിക്കേണ്ടി വരുന്നത് മൊത്തം എന്റെ കുഞ്ഞല്ലേ… ഇവളും ഇവളുടെ വീട്ടുകാരും ഒരുകാലത്തും ഗുണം പിടിക്കില്ല. ”
ഭർത്താവ് കിരണിന്റെ അമ്മ നിരന്തരം ശാപവാക്കുകൾ ചൊരിയുമ്പോഴും അവൾ അവളുടേതായ ലോകത്തിൽ മുഴുകി.
ഒരിക്കൽ പണി കഴിഞ്ഞു വരുന്ന നേരം സ്വന്തം ശരീരത്തിൽ മുറിവുകൾ ഏൽപ്പിച്ച് നിർവൃതിയണയുന്ന അവളെ കണ്ട് ഭയന്നതോടെയാണ് കിരണിന് ആ തീരുമാനം എടുക്കേണ്ടി വന്നത്.
” നമുക്ക് ദിവ്യയെ ഒരു ഡോക്ടറെ കാണിക്കണം അമ്മേ ”
അവളുടെ അമ്മയുടെ മുന്നിലെത്തി അവനത് ആവശ്യപ്പെടുമ്പോൾ നെഞ്ച് തകർന്നുള്ള ഒരു കരച്ചിലാണ് അവർ മറുപടി നൽകിയത്.
” എന്റെ മോൾക്ക് ഭ്രാന്താണോ മോനെ… അവൾ ഒരു പാവമല്ലേ… ആരെയും ഒരു വാക്കു കൊണ്ടു പോലും വേദനിപ്പിക്കാത്ത എന്റെ മോൾക്ക് ഈ ഗതി വന്നല്ലോ ഈശ്വരാ… ”
തന്റെ നെഞ്ചിൽ ചാഞ്ഞു കിടന്ന് കരയുന്ന ആ അമ്മയെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അവന് അറിയില്ലായിരുന്നു.
അമ്മയുടെ മനസ്സിൽ ഇരുമ്പുന്ന കടലിനേക്കാൾ ശക്തിയിൽ ആഞ്ഞടിക്കുന്ന ഒരു സങ്കടക്കടൽ തന്റെ ഉള്ളിലുണ്ടെന്ന് അമ്മ അറിയുന്നുണ്ടോ?
” അമ്മേ…. അവൾക്ക് ഭ്രാന്താണ് എന്ന് ആരാ പറഞ്ഞത്?
അവൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക സമ്മർദ്ദം എന്തുതന്നെയായാലും നമുക്ക് ചികിത്സിച്ചു നേരെ ആക്കണം.
ആ പഴയ ദിവ്യയെ അല്ലേ നമുക്ക് എല്ലാവർക്കും വേണ്ടത്?. എല്ലാവരെയും മനസ്സറിഞ്ഞ് സ്നേഹിക്കുന്ന നമ്മുടെ ദിവ്യയെ.. വേറൊന്നും വേണ്ടമ്മേ…
നമ്മുടെ കിങ്ങിണി മോൾക്ക് സ്നേഹത്തോടെ അവൾ ഒരു തുള്ളി മുലപ്പാൽ ഊട്ടുന്നതെങ്കിലും എനിക്ക് കാണണം. ആ കുഞ്ഞ് എന്ത് തെറ്റ് ചെയ്തിട്ടാണമ്മേ സ്വന്തം അമ്മയുടെ അവഗണന സഹിക്കേണ്ടി വരുന്നത്?”
തുളുമ്പി വന്ന കണ്ണുനീർ തുടച്ചുകൊണ്ട് കിരൺ തുടർന്നു.
” നമുക്ക് ചികിത്സിക്കണം അമ്മേ… ഇല്ലെങ്കിൽ ഒന്നുകിൽ അവൾ, അല്ലെങ്കിൽ ഞാനോ ഞങ്ങളുടെ മോളു ജീവനോടെ ഉണ്ടാകില്ല. ”
നെഞ്ച് പിടഞ്ഞുള്ള കിരണിന്റെ വാക്കുകൾ ആ അമ്മയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല. തന്റെ മകളോടുള്ള സ്നേഹമാണ് ആ കണ്ണുനീരായി പുറത്തുവന്നതെന്ന് അവർക്ക് മനസിലായി.
കുറച്ചധികം ബലപ്രയോഗത്തിലൂടെയാണ് ദിവ്യയെ ആശുപത്രിയിൽ എത്തിച്ചത്. സ്വയം എന്തൊക്കെയോ പുലമ്പുകയോ കൈകാലിട്ട് അടിക്കുകയോ ചെയ്ത അവളെ നേരെ ഡോക്ടറുടെ മുറിയിലേക്കാണ് കൊണ്ടുപോയത്.
അവിടെയെത്തിയതും അവൾ മൗനമായിരുന്നു പകരം കണ്ണുനീർ വാർന്നു വീഴാൻ തുടങ്ങി.
ആദ്യം ദിവയോടൊപ്പം കിരണും ഒരുമിച്ചിരുന്നാണ് ഡോക്ടറോട് സംസാരിച്ചതെങ്കിലും ദിവ്യയോട് മാത്രമായി കുറച്ചുസമയം ഒറ്റയ്ക്ക് സംസാരിക്കണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടതോടെ അവൻ പുറത്തിറങ്ങി.
കുറച്ചുസമയത്തെ ഇടവേളയ്ക്ക് ശേഷം അവനെ വീണ്ടും തിരികെ വിളിപ്പിക്കുകയും ചെയ്തു. അന്നേരം അമ്മയോടൊപ്പം ദിവ്യയെ പുറത്തേക്ക് വിട്ടു.
” കിരൺ പേടിക്കാൻ വലുതായി ഒന്നുമില്ല എന്നാൽ കുറച്ചൊന്നു പേടിക്കുകയും വേണം. ”
” എന്താ ഡോക്ടർ എനിക്കൊന്നും മനസ്സിലായില്ല. ”
അവൻ അക്ഷമനായി.
” മിസ്റ്റർ കിരൺ… ഇതിന്ന് പല പെൺകുട്ടികളും അനുഭവിക്കുന്ന ഒരു ഗൗരവമേറിയ പ്രശ്നമാണ്. പലരും ഇതിനെ നിസ്സാരമായി തള്ളിക്കളയും.
ഒരു കുഞ്ഞ് ജന്മം എടുക്കുന്നതോടെ ഒരു പെൺകുട്ടിയുടെ ശരീരത്തിന് മാത്രമല്ല മനസ്സിനും മാറ്റം സംഭവിക്കും.
എല്ലാവരും കൂടെ ഉണ്ടെങ്കിലും ആരുമില്ലെന്ന് തോന്നുന്ന, ഒരു സ്ത്രീ എന്ന നിലയിൽ പൂർണ്ണമായും തളർന്നു പോകുന്ന, ദേഷ്യവും സങ്കടവും മാത്രം തിങ്ങി നിൽക്കുന്ന അവസ്ഥയാണത്.
ചിലർക്ക് സ്വന്തം കുഞ്ഞിനോട് പോലും ദേഷ്യം തോന്നാം. ദിവ്യയുടെ കാര്യത്തിൽ അതാണ് സംഭവിച്ചത്. അതിനൊരു സ്ട്രോങ്ങ് റീസൺ കൂടി അവളുടെ വാക്കുകളിൽ നിന്ന് ഞാൻ മനസ്സിലാക്കി.
പെൺകുഞ്ഞ് ആണെന്നറിഞ്ഞതോടെ നിങ്ങളുടെ വീട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ അവഗണനകൾ…. കല്യാണം കഴിഞ്ഞു വന്നപ്പോൾ കിട്ടിയ പരിഗണന പോലും അമ്മയായി വന്നപ്പോൾ അവൾക്ക് ലഭിച്ചില്ല.
എവിടെയൊക്കെയോ കേൾക്കുന്ന ശാപവാക്കുകൾക്കെല്ലാം കാരണം ഈ കുഞ്ഞാണെന്ന് അവൾ കരുതി. സ്വാഭാവികമായും മനസ്സിൽ കുഞ്ഞിനോട് അനിഷ്ടം ഉടലെടുത്തു. ”
തന്റെ മുന്നിലിരിക്കുന്ന ഡോക്ടർ പറയുന്ന വാക്കുകൾ കേട്ടവൻ ഞെട്ടിത്തരിച്ചിരുന്നു.
” ഡോക്ടർ പക്ഷേ ഞാൻ അവളോട് ഒന്നും…. ”
വാക്കുകൾ ഇടറിയ അവനെ അദ്ദേഹം സമാധാനിപ്പിച്ചു.
” താൻ അവളെ വേദനിപ്പിച്ചെന്ന് അവളും പറഞ്ഞില്ലെടോ… പകരം അവൾ കിരണിനെ വേദനിപ്പിച്ചെന്നു മാത്രമേ പറഞ്ഞുള്ളൂ,..
കിരൺ ഒരു കാര്യം മനസ്സിലാക്കണം ഈ പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്നാൽ അത് അനുഭവിക്കുന്നവർക്ക് മാത്രമേ ഒരുപക്ഷേ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.
ഒരു അമ്മയായി കഴിയുമ്പോൾ ചിലപ്പോൾ നിങ്ങൾ അത്രയും നാൾ കണ്ട ആൾ ആയിരിക്കണം എന്നില്ല നിങ്ങളുടെ ഭാര്യ.
പഴയപോലെ അവളോട് സംസാരിക്കുന്ന സമയം ചിലപ്പോൾ നിങ്ങൾ വിചാരിക്കാത്ത രീതിയിൽ അവൾ പെരുമാറിയേക്കാം… ചുമ്മാ ഇരുന്ന് കരഞ്ഞെന്നു വരും.
മുൻപ് പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും പറഞ്ഞ് നിങ്ങളെ വേദനിപ്പിച്ചെന്നു വരാം. ബട്ട് അപ്പോഴും ഒരു കാര്യം ഓർക്കണം Still… She is your wife.
ഈ ഒരു അവസ്ഥയിൽ പെൺകുട്ടികളെ സ്വന്തം വീട്ടിൽ കൊണ്ട് ചെന്നാക്കി കയ്യൊഴിഞ്ഞ പലരെയും എനിക്കറിയാം. നിങ്ങൾ അത് ചെയ്തില്ലല്ലോ വളരെ നല്ല കാര്യം. ”
” ഞാൻ എന്താ ഡോക്ടർ ചെയ്യേണ്ടത് എനിക്ക് എന്റെ പഴയ ദിവ്യയെ വേണം ”
അവന്റെ വാക്കുകളിൽ നിസ്സഹായ അവസ്ഥ നിറഞ്ഞുനിന്നു.
” താൻ തന്റെ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കണം.
പെൺകുഞ്ഞ് ആയാലും ആൺകുഞ്ഞ് ആയാലും അവരെ വളർത്തി വലുതാക്കേണ്ടതും സ്നേഹിക്കേണ്ടതും സ്വന്തം മാതാപിതാക്കളുടെ മാത്രം കടമയാണ് അതിൽ മറ്റുള്ളവർ കൈകടത്താൻ അനുവദിക്കരുത്.
കുഞ്ഞു ഉണ്ടാകുന്നത് വരെ മാത്രമല്ല ഒരു സ്ത്രീയ്ക്ക് പരിചരണം കൊടുക്കേണ്ടത്. കുഞ്ഞിനെ പരിചരിക്കുന്ന പോലെ തന്നെ പരിചരിക്കണം ഓരോ അമ്മയെയും.
അവളെ ചേർത്തു നിർത്തണം. സങ്കടം വരുമ്പോൾ നിനക്ക് ഞാനുണ്ടെന്ന് പറഞ്ഞ് ആശ്വസിപ്പിക്കണം.
ഇഷ്ടമുള്ള ആഹാരങ്ങൾ നൽകണം. കുഞ്ഞ് എന്നത് ഒരിക്കലും അവളുടെ മാത്രം ഉത്തരവാദിത്വമല്ല. കുഞ്ഞിന്റെ കാര്യങ്ങൾ ഒരുപോലെ നോക്കണം. ഉറക്കമിളച്ച് കുഞ്ഞിനെ നോക്കേണ്ടത് അമ്മമാർ മാത്രമല്ല.
പിന്നെ പ്രധാന കാര്യം അമ്മയെയും കുഞ്ഞിനെയും മുറിക്കുള്ളിൽ തളച്ചിടുന്ന രീതി മാറ്റി അവളെ പുറംലോകം കാണിക്കാൻ കൂടി അനുവദിക്കുക എന്നതാണ്.
മറ്റുള്ളവർ എന്ത് പറഞ്ഞാലും സ്വന്തം ഭർത്താവ് കൂടെയുണ്ടെന്ന തോന്നൽ മതി ഏതൊരു പെണ്ണിനും പിടിച്ചു നിൽക്കാൻ. ഒരു പരിധിയിൽ കൂടുതൽ വീട്ടുകാരെ നിങ്ങളുടെ കാര്യത്തിൽ ഇടപെടുത്താതിരിക്കുക.
അവൾ നല്ലപോലെ ഡിപ്രസ്ഡ് ആണ് തൽക്കാലം ഞാനിവിടെ അഡ്മിറ്റ് ആക്കുകയാണ്. ഒരു ചെയ്ഞ്ച് ആ കുട്ടിക്ക് ആവശ്യമുണ്ട്. ചെറിയ ഡോസുള്ള മരുന്നുകൾ മാത്രമേ ഞാൻ എഴുതുന്നുള്ളൂ.
എങ്കിൽ കൂടിയും ഈ മരുന്ന് കഴിക്കുമ്പോൾ ഒരിക്കലും കുഞ്ഞിന് മുലയൂട്ടരുത് അത് കുഞ്ഞിനെ നല്ല രീതിയിൽ ബാധിക്കും. ഞാൻ പറഞ്ഞതെല്ലാം കിരണിന് മനസ്സിലായി എന്ന് കരുതുന്നു.
” മനസ്സിലായി ഡോക്ടർ. ”
മനസ്സിലായെന്ന രൂപത്തിൽ അവൻ തലയാട്ടി.
ഹോസ്പിറ്റലിലെ ശാന്തമായ അന്തരീക്ഷം അവളുടെ മനസ്സിന് ആശ്വാസം പകർന്നെങ്കിലും മാറിടങ്ങളിൽ അനുഭവപ്പെട്ടു കൊണ്ടിരുന്ന വിങ്ങുന്ന വേദന രണ്ടുദിവസമായി അവളെ വല്ലാതെ അസ്വസ്ഥയാക്കി കൊണ്ടിരുന്നു.
കല്ലച്ചു കിടന്ന തന്റെ മാറിടത്തിൽ ഒന്ന് തൊടാൻ പോലും അവൾക്ക് വേദന തോന്നി.
” അത് മുലപ്പാൽ വന്ന് തിങ്ങിനിറയുന്നതാ മോളെ… രണ്ടുദിവസമായില്ലേ കുഞ്ഞു കുടിക്കാതെ മുഴുവനും കെട്ടിക്കിടക്കുന്നു. അതാ ഈ വീക്കം.
മുലപ്പാൽ കുടിച്ചു വളരേണ്ട പ്രായമല്ലേ… ഇന്നലെ രാത്രിയും കിങ്ങിണി മോള് ഉറങ്ങിയിട്ടില്ല. പാല് കുടിക്കാൻ കിട്ടാഞ്ഞിട്ട് ഭയങ്കര കരച്ചിലും വാശിയും ആയിരുന്നു.
ഞാനും കിരൺ മോനും മാറിമാറി എടുത്തു കൊണ്ട് നടന്ന ഒരു വിധം ഉറക്കിയെടുത്തത്. മോൾ നല്ല ഉറക്കമായിരുന്നു . പാവം കിരണും രണ്ടുദിവസമായി ഉറക്കമില്ല. ”
അമ്മയുടെ വാക്കുകൾ നൊമ്പരം പകർന്നപ്പോൾ അവൾ കട്ടിലിൽ ഉറങ്ങിക്കിടന്ന കുഞ്ഞിന് ചാരയായിരുന്നു.
” മോൾ ഒരു കാര്യം ചെയ്യ് പാല് തിങ്ങിനിറഞ്ഞെന്നു തോന്നിയാൽ കുറേശെയായി പിഴിഞ്ഞ് കളഞ്ഞേക്ക്.. ആ വീക്കം മാറിക്കിട്ടും. അല്ലാതെ ഇപ്പോ വേറെ വഴിയില്ലല്ലോ മോളെ. ”
അമ്മയുടെ നിർദ്ദേശം അനുസരിച്ച് കുറേശ്ശെയായി പാൽ പിഴിഞ്ഞ് കളയുമ്പോൾ മാറിലെ വിങ്ങൽ ഹൃദയത്തിലേക്ക് പടരുന്നത് പോലെ അവൾക്ക് തോന്നി.
എല്ലാം കഴിഞ്ഞ് കുഞ്ഞിന് അടുത്ത് വന്നിരുന്നപ്പോൾ ഉറക്കത്തിലും അവൾ ചുണ്ട് കൊണ്ട് നുണഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
” കുഞ്ഞു ഉറക്കത്തിൽ പാൽ കുടിക്കുന്നത് സ്വപ്നം കാണുന്നുണ്ടാകും. ”
അമ്മയും അരികിലേക്ക് വന്നു.
നിറഞ്ഞ വാത്സല്യത്തോടെ കുഞ്ഞിനെ കൈക്കുമ്പിളിൽ കോരിയെടുക്കുമ്പോൾ അവളുടെ മനസ്സിൽ കുറ്റബോധം അലതല്ലി.
ഭക്ഷണം വാങ്ങാൻ പുറത്തേക്ക് പോയി തിരിച്ചുവന്ന കിരണിനെ കാത്തിരുന്നത് അമ്മ മകളെ വാത്സല്യപൂർവ്വം ഓമനിക്കുന്ന മനോഹരമായ കാഴ്ചയാണ്. ഒരുപാട് നാളുകളായി കാണാൻ കൊതിച്ചിരുന്ന സുന്ദര കാഴ്ച.
ഭക്ഷണം ടേബിളിലേക്ക് വെച്ചവൻ അവർക്ക് അരികിലേക്ക് ആയിരുന്നു.
” സോറി കിരണേട്ടാ….. ”
അവനെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അത് കണ്ടപ്പോൾ അവന്റെയും കണ്ണുനിറഞ്ഞു.
” നിന്നെ കുറച്ചുകൂടി മനസ്സിലാക്കാതെ പോയത് ഞാനല്ലേ ദിവ്യെ… കുഞ്ഞു വന്നപ്പോൾ എന്റെ ശ്രദ്ധ മുഴുവൻ കുഞ്ഞിലേക്ക് മാത്രമായി.
നിനക്ക് എന്തെങ്കിലും ഇഷ്ടങ്ങൾ ഉണ്ടോ ബുദ്ധിമുട്ടുകൾ ഉണ്ടോ എന്നൊന്നും ഞാൻ ശ്രദ്ധിച്ചില്ല അത് എന്റെ മാത്രം തെറ്റാണ്.
മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ നീ എന്റെ ഭാര്യയാണ് ഇതെന്റെ കുഞ്ഞും. നിങ്ങളെ സുരക്ഷിതരായി നോക്കേണ്ടത് ഞാനാണ്. ആരെന്തു പറഞ്ഞാലും നിന്റെ കൂടെ എപ്പോഴും ഞാൻ ഉണ്ടാകും അത് നീ മറക്കരുത്.
എന്ത് വിഷമം വന്നാലും നിനക്കത് എന്നോട് തുറന്നു പറയാം. അതുപോലെ എന്ത് ആഗ്രഹവും, എന്നെക്കൊണ്ട് സാധിച്ചു തരാൻ കഴിയുന്നതാണെങ്കിൽ ഞാൻ അത് സാധിച്ചു തന്നിരിക്കും.
എന്റെ വീട്ടുകാരെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം.. ഇനി നിനക്കെതിരെ ഒരു വാക്കുപോലും അവർ ശബ്ദിക്കില്ല ഉറപ്പ്. ”
അവളുടെ നെറുകയിൽ അമർത്തി ചുംബിച്ച നേരം അവൾ അവന്റെ മാറിലേക്ക് ചാഞ്ഞു. അപ്പോഴും കുഞ്ഞ് തന്റെ അമ്മയുടെ കൈകളിൽ സുരക്ഷിതയായി കിടന്ന് സ്വപ്നത്തിൽ എന്നപോലെ പുഞ്ചിരിച്ചു കൊണ്ടിരുന്നു. I