എന്നിലും മികച്ചയൊരാളെ കണ്ടപ്പോൾ നീയവനിലേക്ക് തിരിഞ്ഞു .ആ നീ നാളെ മറ്റൊരാളെ കണ്ടാൽ അങ്ങോട്ട് മുഖം

ഒരു മരം ഇലകൾ പലത്

(രചന: Sebin Boss J)

 

” എനിക്കൊന്ന് കാണണം ” ഊണ് കഴിഞ്ഞു ചാർജിലിട്ട ഫോണെടുത്തപ്പോഴാണ് നിവിൻ സിതാരയുടെ മെസേജ് കാണുന്നത് .

 

അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു

 

സിതാര…

 

ഒന്നര വർഷം മുൻപാണ് അവളുടെ ഒരു കസിന്റെ മാര്യേജ് റിസപ്‌ഷനിടയിൽ സിതാരയെ പരിചയപ്പെട്ടത് . ലൈറ്റും പിടിച്ചു ഫ്രണ്ടിന്റെ കൂടെ പുറകോട്ട് ഓടുന്നതിനിടെ സിതാരയെ തട്ടി വീഴ്ത്തി . ആദ്യമൊരു കലഹം .

 

പിന്നെ ഫ്രണ്ട് ആണെന്നും സ്റ്റുഡിയോയിലെ പയ്യൻ ലീവായപ്പോൾ ലീവായപ്പോൾ ഹെൽപ്പിന് കൂട്ടിയതാണെന്നും താനൊരു ഐടി പ്രൊഫഷണൽ ആണെന്നുമൊക്കെ പറഞ്ഞപ്പോൾ ബി ടെക് അവസാന വർഷവിദ്യാർത്ഥി ആയിരുന്ന സിതാരയും കസിൻസ് പിള്ളേരും ഒന്നയഞ്ഞു .

 

ഫങ്ക്ഷൻ കഴിഞ്ഞു താനും ഫ്രണ്ടും കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ സിതാര കസിൻസിനോടൊപ്പം വന്നു പരിചയപ്പെട്ടു . ഉദ്ദേശം അവരുടെ ഒരു ഫോട്ടോ സെഷൻ ആയിരുന്നുവെങ്കിലും പിരിഞ്ഞപ്പോൾ ഫോൺ നമ്പർ മേടിച്ചിട്ടാണ് പിരിഞ്ഞത് .

 

പിറ്റേന്ന് തന്നെ അവൾ വിളിച്ചു.

ആ പരിചയം വളർന്നു . ആദ്യം ഇഷ്ടം പറഞ്ഞത് …. ആരാണെന്ന് ഓർമയില്ല

 

സിതാരയുടെ കോഴ്സ് കഴിഞ്ഞപ്പോൾ തന്റെയൊരു ഫ്രണ്ട് ജോലി ചെയ്യുന്ന കമ്പനിയിൽ അവസരമുണ്ടെന്ന് അറിഞ്ഞ് അവളുടെ സിവി അയച്ചു.

അവിടെയാണിപ്പോഴും അവൾ ജോലി ചെയ്യുന്നത് .

 

സ്നേഹമുള്ളവളാണ് …. രാവിലെയും ഉച്ചക്കും ഓഫീസ് വിട്ട് കഴിഞ്ഞും വിളിക്കും . പിന്നെ രാത്രിയിൽ ചാറ്റിങ്

 

നിവിന്റെ മുഖത്തെ ചിരി വിടർന്നു .

 

അത്യാവശ്യമുണ്ടെങ്കിലാണ് കാണണമെന്ന് അവൾ മെസേജ് അയക്കുക . അവൾ ഡേ ടൈമും താൻ നൈറ്റ് ഷിഫ്റ്റുമാകും മിക്കവാറും . വല്ലപ്പോഴും മാത്രമാണ് നേരിട്ടൊന്ന് കാണുവാൻ സാധിക്കുക .

 

”’ ഡാ … നിവി നീ നീയിന്ന് ലീവാക്കാമോ ”

എച്ച് ആർ മാനേജർക്ക് ലീവ് പറയാൻ വിളിക്കാനൊരുങ്ങുമ്പോഴാണ് ഇങ്ങോട്ട് അയാളുടെ . കോൾ കോൾ വരുന്നത് .

 

” ജിത്തുവെട്ടാ ..എന്ത് പറ്റി പറയ് ”

ജിതേഷിന്റെ ശബ്ദത്തിലെ അപാകത മനസ്സിലായതും നിവിൻ വെപ്രാളത്തോടെ ചോദിച്ചു

 

” ഡാ …സ്റ്റെല്ല …അവളുടെ… വെഡ്‌ഡിങ് … കാർഡ് ” ജിതേഷിന് ശബ്ദം വരുന്നുണ്ടായിരുന്നില്ല .

 

” ജിത്തുവേട്ടൻ എവിടെയാണ് ? ഞാൻ അങ്ങോട്ട് വരാം . സ്റ്റെല്ലേച്ചിയോട് നമുക്ക് സംസാരിക്കാം .വീട്ടിൽ സമ്മതിച്ചിട്ടുണ്ടാവില്ല . ജിത്തുവേട്ടൻ ടെൻഷനാവല്ലേ .

 

ഫ്ലാറ്റിലേക്ക് പൊക്കോ , ഞാനിപ്പോ എത്താം. ഞാനും ലീവ് പറയാനിരിക്കുവായിരുന്നു . സിതാര ഒന്ന് കാണണമെന്ന് പറഞ്ഞു, അതുകൊണ്ട് ”

 

ജിതേഷിന്റെ ശബ്ദത്തിലെ പരവേശം മനസിലായപ്പോൾ തന്നെ നിവിന് കാര്യത്തിന്റെ ഗൗരവം പിടികിട്ടി .

 

”ഇറ്റ്സ് … ഇറ്റ്സ് ഓക്കേ .. ഓക്കേ ..അയാം ഗുഡ് … ഇറ്റ്സ് ഓക്കേ . നീ സിതാരയെ കണ്ടിട്ട് വന്നാൽ മതി . അയാം ഓക്കേ .. ഓക്കേ ”

 

എന്തൊക്കെയോ പറഞ്ഞിട്ട് ജിതേഷ് കോൾ കട്ടാക്കുമ്പോൾ നിവിന്റെ മനസ് കലങ്ങിയിരുന്നു .

 

ഡിപ്പാർട്ടമെന്റ് ഹെഡ് ജിതേഷ് . അതിലുപരി ഒരേ നാട്ടുകാരൻ , സീനിയർ , ജേഷ്ഠതുല്യൻ . അദ്ദേഹം പറഞ്ഞിട്ടാണ് കമ്പനിയിൽ സിവി അയച്ചത് തന്നെ.

 

സ്‌കൂൾ കാലഘട്ടത്തിലെ സ്റ്റെല്ലേച്ചിയുമായി ജിത്തുവേട്ടൻ പ്രണയത്തിലായിരുന്നു . അവരുടെ പ്രണയം കണ്ട് അസൂയപ്പെട്ടിട്ടുണ്ട് . അതേപോലെ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയെ കിട്ടണമെന്ന് പ്രാർത്ഥിച്ചിട്ടുണ്ട് .

 

സിതാരയുമൊന്നിച്ചു ജിത്തുവേട്ടനും സ്റ്റെല്ലേച്ചിയുടെയും കൂടെ ഡിന്നറിന് ഒന്ന് രണ്ട് തവണ പോയിട്ടുണ്ട് . അതേപോലെ പ്രണയിക്കണമെന്ന് സിതാരയും പറയുമായിരുന്നു .

 

എന്ത് പറ്റിയാവോ സ്റ്റെല്ലേച്ചിക്ക് . രണ്ട് മതവിഭാഗങ്ങൾ ആയതിനാൽ വീട്ടുകാർ സമ്മതിച്ചുകാണില്ല . സ്റ്റെല്ലേച്ചിയുടെ തീരുമാനം അറിയണം . എന്നിട്ടവരെ ഏത് വിധേനയും ഒരുമിപ്പിക്കണം .

 

” ജിത്തുവേട്ടാ …എവിടാ . ഞാനിവിടെ ഫ്ലാറ്റിലെത്തി .” ജിതേഷിന്റെ ഫ്ലാറ്റിലെത്തി പലതവണ കോളിംഗ് ബെല്ലടിച്ചിട്ടും തുറക്കാതായപ്പോഴാണ് നിവിൻ കോൾ ചെയ്തത്

 

” ഞാനിവിടെ രാജധാനിയിൽ ഉണ്ടെടാ ”’

ശബ്ദത്തിലെ കുഴയൽ മനസിലായതേ നിവിൻ ഉറപ്പിച്ചു ജിതേഷ് പൂസാണെന്ന് .

 

പ്രണയം പരാജയപ്പെടുമ്പോൾ മിക്കവരുടെയും ആദ്യ ശരണം മദ്യമാണല്ലോ , സമയം മൂന്നാകുന്നതേയുള്ളൂ , സിതാര അഞ്ചരയാകുമ്പോൾ ഇന്ത്യൻ കോഫി ഹൗസിലെത്തുമെന്ന് മെസേജ് ഇട്ടിരുന്നു .

 

ഇനിയുടനെ ജിത്തുവേട്ടന്റെ അടുത്തേക്ക് പോയിട്ട് കാര്യമൊന്നുമുണ്ടാകില്ല . കണ്ടാൽ ഏതൊരു പ്രണയപരാജിതരെയും പോലെ ആവലാതികളും പ്രണയകഥകളും പറഞ്ഞിരുത്തും . പെട്ടന്നൊഴിയാനാവില്ല . പക്ഷെ

ഫ്ലാറ്റിൽ എത്തിക്കണം , സിതാരയെ കണ്ട ശേഷം പോകാം

 

ഫ്ളാറ്റിന് വെളിയിലേക്കിറങ്ങി ബൈക്ക് സ്റ്റാർട്ട് ആക്കും മുൻപേ നിവിൻ ഒരിക്കൽ കൂടി സ്റ്റെല്ലയുടെ നമ്പർ ഡയൽ ചെയ്തു . ഇങ്ങോട്ട് വരുന്നതിനിടെ നാലഞ്ചുതവണ വിളിച്ചതാണ് . എടുക്കുന്നതേയില്ല .

 

സിതാര വരാൻ ഇനിയും സമയമുണ്ട്

സ്റ്റെല്ലേച്ചിയെ ഒന്ന് പോയിക്കണ്ടാലോ ?

 

ജോലി കിട്ടിയപ്പോൾ നഗരത്തിലേക്കവർ ചേക്കേറിയിരുന്നു . ബൈക്ക് വെളിയിൽ നിർത്തി ഗേറ്റ് തുറന്നതും സിറ്റൗട്ടിൽ ഇരുന്ന സ്റ്റെല്ലയുടെ പപ്പാ സക്കറിയ മൊബൈലിൽ നിന്നും കണ്ണുയർത്തി

 

”ആഹാ … നിവിനോ !! വാ ..വാ ”

നാട്ടുകാരായത് കൊണ്ട് സക്കറിയാക്ക് നിവിനെ പണ്ടേ അറിയാം

 

” പപ്പാ … സ്റ്റെല്ലേച്ചിയെവിടെ . ഞാൻ വന്നത് ഒരു കാര്യം പറയാനാണ് ”

 

വരുന്നവഴി മനസിൽ പലവുരു അവർത്തിച്ചുറപ്പിച്ച വാക്കുകൾ നിവിൻ പുറത്തേക്കെടുത്തു .

 

” ജിതേഷിന്റെ കാര്യമാണോ നിവിൻ പറയാൻ വന്നത് ? അവൻ വന്നില്ലെങ്കിലും നീ വരുമെന്ന് ഞാൻ കരുതിയിരുന്നു . നീ തന്നെ സ്റെല്ലയോട് സംസാരിക്ക് . അമ്മേം മകളും എന്തോ പർച്ചേസിന് പോയതാ ”

 

ജിതേഷിന്റെ കാര്യം ഇങ്ങോട്ട് പറഞ്ഞപ്പോൾ നിവിൻ ആകെ അമ്പരന്നു

സിതാരയുടെ കാര്യമോർത്തതും അവൻ വാച്ചിലേക്ക് നോക്കി .

 

” ഇപ്പൊ എത്തൂടാ . ഇറങ്ങാൻ നേരം വിളിച്ചിരുന്നു .” സക്കറിയ പറഞ്ഞതീർന്നയുടൻ ഗേറ്റിന് മുന്നിൽ ചുവന്ന പോളോ വന്നു നിന്നു

 

”ആ നിവിൻ …. നീ വന്നിട്ടൊത്തിരിയായോ ? ” ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങി നിറഞ്ഞ ചിരിയോടെ സ്റ്റെല്ല ചോദിച്ചപ്പോൾ നിവിന്റെ വാ പൊളിഞ്ഞു .

 

വഞ്ചകി … !!

 

ഇത്രനാൾ ജിത്തുവേട്ടന്റെ ഇടവലം നടന്നിട്ട് മറ്റൊരാലോചന വന്നപ്പോൾ കണ്ണുമടച്ചു സമ്മതം മൂളിയ രാക്ഷസി , എന്നിട്ട് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നപോലെ ചിരിക്കുന്ന കണ്ടില്ലേ ? ആ മനുഷ്യൻ ബാറിലിരുന്ന് വിഷമം കരഞ്ഞു തീർക്കുവാണ് . അയാളെ ആദ്യം ചവിട്ടണം .

 

” ഡാ .. ഒന്ന് സഹായിക്കട ചെറുക്കാ . നിന്നെ കല്യാണം വിളിക്കാഞ്ഞിട്ടുള്ള പിണക്കമാണോ ? ചുമ്മാ ഒരു ഇൻവിറ്റേഷൻ അങ്ങയച്ചാൽ തീരുന്ന ബന്ധമാണോ നമ്മൾ തമ്മിൽ . നിന്നെ നേരിട്ട് വിളിക്കണോല്ലോ . ”’

 

ഹോ !! ഇമ്മാതിരിയുണ്ടോ പെണ്ണുങ്ങൾ ?

വസ്ത്രം മാറുന്ന പോലെയല്ലേ ബന്ധങ്ങൾ മാറുന്നത് ?

 

ജിത്തുവേട്ടന്റെ ഫ്ലാറ്റിൽ ഇവരുടെ വസ്ത്രങ്ങളും മറ്റും ഇപ്പോഴും കാണും . നൈറ്റ് ഡ്യൂട്ടിയുടെ പേര് പറഞ്ഞു രണ്ടാളും കൂടി ലിവിങ് ടുഗെദറിൽ ആയിരുന്നു . കഴിഞ്ഞ ആഴ്ച വിളിച്ചപ്പോ നൈറ്റ് കഴിഞ്ഞു ഡേ തുടങ്ങിയപ്പോൾ വീട്ടിൽ നിന്നാണ് വരുന്നതെന്നും ജിത്തുവേട്ടൻ പറഞ്ഞറിഞ്ഞിരുന്നു .

 

” ഡാ നിവി ..സത്യം പറഞ്ഞതാടാ . നിനക്കുള്ള വെഡിങ്ങ് കാർഡ് ദാ അകത്തു ടീപ്പോയിയിൽ പേരെഴുതി ഇരിക്കുന്നുണ്ട് .”

 

സ്റ്റെല്ലയുടെ ശബ്ദമാണ് നിവിനെ ചിന്തയിൽ നിന്നുണർത്തിയത്

 

കാറിന്റെ ഡിക്കിയിൽ നിന്നും കവറുകൾ എടുത്തു സ്റ്റെല്ലയെ അനുഗമിക്കുമ്പോൾ നിവിന് തന്നോട് തന്നെ പുച്ഛം തോന്നി .

 

”ഡാ .. നിനക്കെന്നോട് എന്തെങ്കിലും സംസാരിക്കാനുണ്ടോ ?”

 

എത്രയും പെട്ടന്ന് അവിടെനിന്നൊഴിവാകണമെന്ന് തോന്നി കവറുകൾ ബെഡിലേക്കിട്ടിട്ട് തിരിയുമ്പോഴാണ് സ്റ്റെല്ല അവന്റെ കയ്യിൽ പിടിച്ചു നിർത്തിയത്

 

”എന്ത് സംസാരിക്കാൻ ? എനിക്ക് ഒന്നും സംസാരിക്കാനില്ല ”

 

നിവിൻ അവളുടെ കൈ തട്ടിത്തെറിപ്പിച്ചു പുറത്തേക്കിറങ്ങാൻ തുടങ്ങി .

 

”സംസാരിക്കേണ്ടയാൾക്ക് നാവ് പൊങ്ങില്ല . അയാളവിടെ കിടപ്പുണ്ടാകും രാജധാനി ബാറിൽ . അയാളോട് പോയി സംസാരിക്ക് രാക്ഷസി . ” പുറത്തേക്കിറങ്ങും മുൻപ് നിവിൻ തിരിഞ്ഞു നിന്ന് സ്റ്റെല്ലയെ നോക്കിപറഞ്ഞു

 

”ഹഹഹ ..”

 

പുറകിൽ സ്റ്റെല്ലയുടെ പൊട്ടിച്ചിരി കേട്ടപ്പോൾ അതിയായ രോഷത്തോടെ നിവിൻ അകത്തേക്ക് കയറി .

 

” ചിരിക്കുന്നോ ? ഇനിയും മതിയായില്ലേ നിങ്ങൾക്ക് ? തുണി മാറുന്ന ലാഘവത്തോടെ ബന്ധങ്ങൾ മാറിയിട്ട് ചിരിക്കുന്നത് കണ്ടില്ലേ ?’

 

നിങ്ങൾ സ്ത്രീകൾക്ക് നിങ്ങൾക്കെന്തുമാകാമല്ലോ അല്ലെ ? ഞങ്ങൾ ആണുങ്ങൾ വേണ്ടായെന്ന് വെച്ചാൽ തേപ്പ് ..പിന്നെ ആത്മഹത്യാ …. കരച്ചിൽ പിഴിച്ചിൽ . ‘ നിവിൻ സ്റ്റെല്ലയുടെ നേരെ നോക്കി അലറി .

 

വാതിൽക്കലേക്ക് നോക്കി സ്റ്റെല്ല കണ്ണുകൊണ്ടാഗ്യം കാണിച്ചത് കണ്ടപ്പോൾ നിവിൻ പുറത്തേക്ക് നോക്കി . സ്റ്റെല്ലയുടെ പപ്പയും മമ്മിയും വാതിൽക്കൽ വരെ വന്നിട്ട് തിരിഞ്ഞു നടക്കുന്നു ,

 

” ബന്ധങ്ങൾ ..അപ്പോൾ നിനക്കെന്തറിയാം നിവി ബന്ധങ്ങളുടെ വില ?. അറിയാമെങ്കിൽ ഒന്ന് പറഞ്ഞുകൊടുക്കണം നിന്റെ ജിത്തുവേട്ടന് ?”

 

”ഓഹോ ! ബന്ധങ്ങളുടെ വില മനസിലായപ്പോഴാണോ നിങ്ങൾ പിന്മാറിയെ ? ഹൈസ്‌കൂളിൽ തുടങ്ങി ഇത്ര വർഷം ആയി കഴിഞ്ഞാണോ ബന്ധങ്ങളെ പറ്റിയോർക്കുന്നെ ? എന്തിനാണിത്ര നാൾ എടുത്തത് അയാളെയൊഴിവാക്കാൻ ?

 

അന്നേ പറഞ്ഞുകൂടായിരുന്നോ വേറെ മതമാണെന്നും മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹത്തിന് പറ്റില്ലെന്നുമൊക്കെ ? നിങ്ങൾക്കെന്താണ് അല്ലെ ?

 

ആവശ്യത്തിന് സമ്പാദ്യവും സൗന്ദര്യവുമുള്ള ഒരാളെ കണ്ടപ്പോൾ ഇട്ടിരുന്ന വസ്ത്രം അഴിച്ചുകളയുന്നൊരു ഫീൽ ..അത്രേയുള്ളൂ !!. നഷ്ടം ആ മനുഷ്യനാണല്ലോ . കുടിച്ചു മരിക്കുവാ അങ്ങേര് ഏതോ ബാറിൽ ”

 

” കുടിച്ചുമരിക്കുന്നത് അയാളുടെ ഇഷ്ടം . അത് ഒരു കാരണം മാത്രം .

 

ഈ കാരണമില്ലങ്കിൽ അയാൾ കുടിക്കില്ലന്ന് നിനക്കുറപ്പുണ്ടോ ? നീ പറഞ്ഞല്ലോ നഷ്ടം അയാൾക്കാണെന്ന് ? എനിക്ക് നഷ്ടപ്പെട്ടതൊന്നും നഷ്ടങ്ങൾ അല്ലെ ? ഒരു സ്ത്രീക്ക് ഏറ്റവും വിലയേറിയത് അവളുടെ ചാരിത്ര്യമാണെന്ന് പറയാറുണ്ട് .

 

അത് നഷ്ടപ്പെടുത്തിയത് അയാൾക്ക് വേണ്ടിയല്ലേ ? ഞാൻ എന്താ വേശ്യയാണോ ഇന്നൊരുത്തനെയും നാളെ മറ്റൊരുത്തനെയും മറ്റന്നാൾ മൂന്നാമതൊരാളെയും തിരഞ്ഞെടുക്കാൻ ?”

 

സ്റ്റെല്ലയുടെ ചോദ്യത്തിന് മുന്നിൽ നിവിൻ തെല്ലു പതറി

 

”ജിത്തുവേട്ടനെക്കാൾ മെച്ചപ്പെട്ടയൊരാളെ കണ്ടപ്പോൾ ഒഴിവാക്കാൻ ഓരോ ന്യായീകരണങ്ങൾ . ചെറുക്കൻ എവിടെയാ യൂറോപ്പിലോ അമേരിക്കയിലോ ?”

 

” രണ്ടുമല്ല .. നീയിനി പറയുന്നത് സർക്കാരുദ്യോഗസ്ഥൻ ആയിരിക്കുമെന്നാകും . സർക്കാരുദ്യോഗസ്ഥനെയോ പ്രവാസിയെയോ കിട്ടിയാൽ സ്നേഹിച്ചിരുന്നവരെ ഒഴിവാക്കുമെന്നാണല്ലോ പൊതുവായ ധാരണ . ടോണി ഒരു കൃഷിക്കാരനാണ് .

 

ഒത്തിരി സ്ഥലമൊന്നുമില്ല . കുറച്ചു സ്വന്തം സ്ഥലത്തും പിന്നെ പാട്ടത്തിനെടുത്തും കൃഷി ചെയ്തു ജീവിക്കുന്നവൻ .എന്ന് വെച്ച് വിദ്യാഭ്യാസം ഇല്ലായെന്നല്ല . ബിരുദാനന്തര ബിരുദമുണ്ട് . അവന്റെ പപ്പാ ചെറുപ്പത്തിലേ മരിച്ചതാണ് .

 

അമ്മ കിടപ്പിലായപ്പോൾ കിട്ടിയ ജോലി വേണ്ടന്ന് വെച്ച് അമ്മയെ നോക്കാൻ നാട്ടിൽ തന്നെ കൂടിയവൻ .അങ്ങനൊരുത്തൻ സ്വന്തം കാര്യം മാത്രം നോക്കാതെ എന്നെയും കെയർ ചെയ്യുമെന്നെനിക്കുറപ്പുണ്ട് ”

 

” നാണമില്ലേ ഇത്രനാളും ഒരുത്തന്റെ കൂടെ കഴിഞ്ഞിട്ട് പാവമൊരു പയ്യനെ ചതിക്കാൻ ?”

 

”നീയുദ്ദേശിച്ചത് ജിതേഷിന്റെ കൂടെ കിടക്ക പങ്കിട്ടിട്ട് മറ്റൊരുത്തന് താലി കെട്ടാൻ തല കുനിച്ചുകൊടുക്കുന്നതാണോ ? ചാരിത്ര്യമെന്നത് ഈ നൂറ്റാണ്ടിൽ പെണ്ണിന്റെ മനസിലാണ് , ശരീരത്തിലല്ല . ടോണിയോട് ഞാൻ പറഞ്ഞിട്ടുണ്ട് ജിതേഷുമായുള്ള ബന്ധം ”

 

” തന്റെ ഭാര്യ മറ്റൊരാളുടെ കാമുകിയായിരുന്നു എല്ലാ രീതിയിലും എന്നറിഞ്ഞ ഒരു മനുഷ്യൻ …. അയാൾ അക്കാര്യം പറഞ്ഞു നിങ്ങളെ പീഡിപ്പിക്കുകയില്ലന്നുറപ്പാണോ ? ”

 

” ചിലപ്പോൾ സാധ്യതയുണ്ടാവാം . നിവിൻ … എടുത്തുവെക്കുന്ന ചുവട് ഉറപ്പുള്ള മണ്ണിലാവും എന്ന ഉറപ്പിൽ അല്ലെ നാം മുന്നോട്ട് നീങ്ങുക . മുന്നിൽ ചെളിക്കുണ്ടാണെന്ന് അറിഞ്ഞുകൊണ്ടാരെങ്കിലും അതിലേക്ക് ചാടുമോ ?”

 

” ജിതീഷേട്ടന് എന്താണൊരു കുറവ് ?”

 

” കുറവൊന്നുമില്ല .. കൂടുതലേയുള്ളൂ . ഞാൻ എന്ന ഭാവത്തിന്റെ കൂടുതൽ . നീ പറഞ്ഞല്ലോ മനസ്സിലാക്കാൻ ഇത്ര നാൾ എടുത്തോയെന്ന് ? ഞാനൊന്ന് ചോദിക്കട്ടെ ? നിനക്കിഷ്ടമില്ലാത്ത കളർ ഏതാണ് ?

 

” വയലറ്റ് ?”

 

”എന്നിട്ട് സിതാര കഴിഞ്ഞ മീറ്റിന് ഒരു വയലറ്റ് ചുരിദാർ ഇട്ടിട്ട് വന്നപ്പോൾ നീ സൂപ്പർ എന്ന് പറഞ്ഞല്ലോ ”

 

”അത് … പിന്നെ ” നിവിനൊന്ന് പരുങ്ങി

 

” നിവിൻ ..പ്രണയിക്കുമ്പോൾ അങ്ങനെയാണ് . പങ്കാളിയുടെ ഇഷ്ടങ്ങൾക്കൊക്കെയും കൂടെ നിൽക്കും . ആഗ്രഹങ്ങളൊക്കെയും സാധിച്ചു കൊടുക്കും .

 

അനിഷ്ടമായതിനും എതിരൊന്നും പറയില്ല താനും , വിട്ടുവീഴ്ചകളുടെ ഒരു കൂമ്പാരമാണ് പ്രണയം . എന്നാൽ വിവാഹം കഴിഞ്ഞാൽ അങ്ങനെയല്ല ..താനെന്ന ഭാവം പുറത്തേക്ക് വരികയാണ് ‘

 

” നിവിൻ . ഏതൊരാളും അഡ്ജസ്റ്മെന്റുകൾക്ക് ഒരു പരിധിവരെ തയ്യാറാണ് .

 

എന്നെ ഏത് സമയവും പൊക്കിപ്പിടിച്ചുകൊണ്ട് നടക്കണമെന്നൊന്നും ഞാൻ പറയില്ലല . വിവാഹവും പ്രണയവും രണ്ട് വ്യത്യസ്ഥ മുഖങ്ങളാണെന്ന് എനിക്ക് നന്നായി തന്നെ അറിയാം . കൂടെക്കിടക്കുന്നവനെ രാപ്പനി അറിയൂ …

 

ഓഫീസിലും പുറത്തുവെച്ചുകാണുമ്പോഴും ഫോണിൽ പഞ്ചാരവർത്തമാനം പറയുമ്പോഴും ഒരാളെ പൂർണമായും മനസിലാക്കുവാൻ സാധിക്കില്ല കഴിഞ്ഞ ആറു മാസമായി ഞാൻ ജിതേഷിനെ സഹിക്കുന്നു .

 

അറിഞ്ഞുകൊണ്ട് ഞാൻ ആ ജീവിതം ആയുഷ്കാലം ചുമക്കണോ ? അവന് അവന്റെ കാര്യം മാത്രം . ഞങ്ങളൊരെ കമ്പനിയിൽ ഒരേ ജോലി തന്നെയല്ലേ ? ഷിഫ്റ്റും ഒരേപോലെ തന്നെ . ഞാനെത്ര ടയേർഡായി വന്നാലും അവൻ …

 

അവന് ഒരു മനുഷ്യ സ്ത്രീയെന്ന പരിഗണനയെങ്കിലും തന്നുകൂടെ ? വെറുമൊരു സെ ക്സ്‌ടോയി ആയാണോ പങ്കാളിയെ കാണേണ്ടത് ? അറ്റ്ലീസ്റ്റ് ബെഡ്റൂമിലെങ്കിലും ഒരു സ്ത്രീയെന്ന പരിഗണന … ”

 

അവസാന വാക്കുകളിൽ സ്റ്റെല്ല വിതുമ്പിയപ്പോൾ നിവിൻ ആകെ പതറി .

അവളുടെ ഉള്ളിൽ എന്തോ കനലെരിയുന്നുണ്ടെന്ന് അവന് മനസ്സിലായി .

 

” ഓക്കേ.. ഓക്കേ .. ഒരു ഭാര്യയെന്ന നിലയിൽ അവന്റെയിഷ്ടത്തിന് ഞാൻ നിൽക്കാം ,എല്ലാം സഹിക്കാം.

 

അതേപോലെ മറിച്ചുമുണ്ടാകണ്ടേ ? അവന് വർക്ക് അറ്റ് ഹോമോ മറ്റെന്തെങ്കിലും ബിസിയോ ഉണ്ടായാൽ ഞാൻ അടുത്തുപോലും ചെല്ലാൻ പാടില്ല . മറിച്ചെനിക്ക് വർക്കുണ്ടേലോ എന്ത് ബിസിയായാലുമോ അവനവന്റെ കാര്യം നടന്നേ നടന്നേ തീരൂ .

 

വീട്ടിൽ നിന്നായാൽ പോലും ഒരു കോൾ വന്നാൽ അതിന്റെ ഫുൾ ഡീറ്റയിൽസ് അറിയണം അവന്. മൂക്കത്താണ് ദേഷ്യം . നീ കണ്ടോ … കഴിഞ്ഞ ആറുമാസത്തിനിടയിൽ മൂന്നാമത്തെ ഫോൺ ആണ് .

 

അവൻ തന്നെയാണ് മേടിച്ചു തന്നത് . അപ്പോഴത്തെ ദേഷ്യത്തിന് അടിച്ചിട്ട് പിന്നെ മാപ്പ് പറഞ്ഞാൽ തീരുമോ മനസ്സിലേറ്റ മുറിവുകൾ . ആദ്യം എന്റെ ഫോൺ പൊട്ടിച്ചപ്പോൾ തന്നെ ഞാനിറങ്ങിപ്പോരാൻ തുടങ്ങിയതാണ് .

 

അപ്പോഴാണവൻ പുതിയഫോൺ വാങ്ങിത്തന്നു എന്റെ പുറകെ വന്നു കയ്യെ കാലേൽ പിടിച്ചിനി അവർത്തിക്കില്ലായെന്നു പറഞ്ഞത് .

 

പക്ഷെ അത് പിന്നേയും ആവർത്തിച്ചു .ഫോൺ പൊട്ടിച്ചതൊന്നുമല്ല പ്രശ്നം . ദേഷ്യം മുൻകോപം , ധൂർത്ത് അങ്ങനെ പലതും . ഞാൻ പറഞ്ഞല്ലോ നിവിൻ പ്രണയിക്കുമ്പോൾ ഒരാളെ പത്തുശതമാനം പോലും മനസ്സിലാക്കാൻ ആവില്ല .

 

അവിടെ അഭിനയമാണ് കൂടുതൽ . പങ്കാളിയുടെ ഇഷ്ടത്തിനനുസരിച്ചുള്ള അഭിനയം . ഒപ്പമുള്ള ജീവിതത്തിൽ ആ വേഷം അഴിച്ചുവെക്കുകയാണ് എല്ലാവരും.”’

 

” സ്ത്രീയാണ് ഭാര്യയാണ് എന്ന് വിചാരിച്ചു എന്തും സഹിച്ചും ക്ഷമിച്ചും നിൽക്കണമെന്ന് ഉള്ള ഉടമ്പടിയാണോ വിവാഹം?. ഇതെന്റെ തീരുമാനമാണ് നിവിൻ .

 

മറ്റാരുമെന്നെ ഫോഴ്സ് ചെയ്തിട്ടില്ല ടോണിയുമായുള്ള വിവാഹത്തിന് . ഒരു വിധവ പുനർവിവാഹം ചെയ്യരുതെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ . ആലോചന വന്നപ്പോഴേ ഞാൻ പറഞ്ഞിരുന്നു ടോണിയോട് ഒരു രണ്ടാംകെട്ടുകാരി ആയിട്ടെന്നെ കണ്ടാൽ മതിയെന്ന് ”

 

നിവിൻ ഒന്നും മിണ്ടാതെ തല കുനിച്ചവിടെ നിന്നിറങ്ങിയപ്പോൾ സ്റ്റെല്ല പുറകിൽ നിന്നും പറയുന്നതവന് കേൾക്കാമായിരുന്നു .

 

” ഒരു മാസം .. ഒരുമാസം നിനക്ക് നിന്റെ ജിത്തുവേട്ടന്റെ കൂടെ ഫ്ലാറ്റ് ഷെയർ ചെയ്യാമോ ..എന്നിട്ട് വാ നീ അവന് വക്കാലത്തുമായി .”

 

” മോനേ … അവരുടെ ഇഷ്ടം ഞങ്ങൾക്കറിയാവുന്നതല്ലേ ? ഞാനും ഇവളും മോളെ ആകുന്നത് നിർബന്ധിച്ചതാണ് ജിതേഷുമായി സംസാരിക്കാമെന്ന് .

 

പക്ഷെ ശാരീരികമായി മർദ്ധിച്ച പാടുകൾ ഇവളെ കാണിച്ചുകൊടുത്തപ്പോൾ …” സിറ്റൗട്ടിൽ ഇരുന്ന സ്റ്റെല്ലയുടെ പപ്പാ സക്കറിയ പുറത്തേക്ക് വന്ന നിവിനോട് പറഞ്ഞു

 

” ഞങ്ങൾക്കാകെ ഒരു മകളേയുള്ളൂ . അറിഞ്ഞുകൊണ്ടെങ്ങനെ അവളെ അവനോടൊപ്പം പറഞ്ഞയക്കുന്നെ ”

 

”’ കേസ് കൊടുത്താൽ കുറഞ്ഞത് ആറുമാസം അകത്തു കിടക്കേണ്ടതാ അവൻ കാണിച്ച അതിക്രമത്തിന് ” സ്റ്റെല്ലയുടെ മമ്മി പല്ലുകടിച്ചു പറഞ്ഞപ്പോൾ നിവിൻ അതിവേഗത്തിൽ ഗേറ്റ് കടന്ന് ബൈക്ക് സ്റ്റാർട്ട് ചെയ്തു

 

ഫോൺ സൈലന്റ് മാറ്റിയപ്പോൾ ജിതേഷിന്റെ നാലഞ്ചുകോളുകൾ . നിവിൻ ആ നമ്പർ ബ്ലോക്ക് ലിസ്റ്റിലേക്ക് മാറ്റി .

 

അവരവരുടെ ഫ്രസ്‌ട്രേഷനും ദേഷ്യവും ഒക്കെ മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുന്ന ചിലർ …

മറുത്തൊന്നും പറയാത്തവരാണേൽ അത് ഉള്ളിലൊതുക്കി വിഷമിച്ചു കരഞ്ഞുകൊണ്ടിങ്ങനെ …. തിരിച്ചു പറയുന്നവരായാൽ പിന്നെ അടിയായി ബഹളമായി …

 

കോഫി ഹൗസിന് മുന്നിലെ മരത്തണലിൽ ബൈക്ക് നിർത്തുമ്പോഴേ രണ്ടാം നിലയിലെ ഓപ്പൺ പ്ളേസിലെ ചെയറിൽ സിതാര പുറംതിരിഞ്ഞിരിക്കുന്നതവൻ കണ്ടു .

 

അരക്കൊപ്പമുണ്ടായിരുന്ന നീണ്ട മുടി തോളൊപ്പം കട്ട് ചെയ്തിരിക്കുന്നത് കണ്ടിട്ടും സിതാരയെ അവനൊറ്റ നോട്ടത്തിൽ മനസിലായി . ഇടതൂർന്ന ആ മുടിയായിരുന്നു സിതാരയുടെ ഹൈലൈറ്റ് . ഒന്ന് രണ്ടുതവണ അറ്റം വെട്ടിയപ്പോൾ താൻ വഴക്ക് പറയുകയും ചെയ്‌തിരുന്നു

 

” മുടിയൊക്കെ വെട്ടിയോ ?”

 

സിതാരയുടെ എതിരെയുള്ള ചെയറിലേക്കിരുന്നുകൊണ്ട് നിവിൻ പറഞ്ഞപ്പോൾ അവൾ ഒന്നും മിണ്ടാതെ നിവിനിഷ്ടമുള്ള കോൾഡ് കോഫി മുന്നിലേക്ക് നീട്ടി വെച്ചതേയുള്ളൂ .

 

”എന്തേലും പറയടോ .. കാണണം എന്ന് പറഞ്ഞിട്ടിങ്ങനെ ഒന്നും പറയാതിരിക്കുന്നെ . മുടി വെട്ടിയതിന് എന്തേലും പറയുമെന്ന് കരുതിയാണോ ? തനിക്കിതും ചേരും . പിന്നെ തന്റെയിഷ്ടമല്ലേ വലുത് ” അൽപസമയം കഴിഞ്ഞിട്ടും സിതാര ഒന്നും മിണ്ടാതിരുന്നപ്പോൾ നിവിൻ പറഞ്ഞു

 

അതിനും സിതാര ഒന്നും മിണ്ടിയില്ല . അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു .

 

”എന്തോടോ …താൻ കാര്യം പറയ് ”

 

” നിവിൻ …എന്റെ കല്യാണം ഉറപ്പിച്ചു ”

കസേരയുടെ ചാരിലേക്ക് സ്തബ്ധനായിയിരുന്നു നിവിൻ .

 

” ചെറുക്കനെവിടെയാ ? ജോലിയാണോ ?” മെല്ലെ ശ്വാസം വിടാമെന്നായപ്പോൾ നിവിൻ പതിയെ ചോദിച്ചു .

 

” അമേരിക്കയിലാണ് .. വീട്ടുകാർ നിർബന്ധിച്ചപ്പോൾ ഞാൻ … ” സിതാര ടീ കപ്പിൽ തെരുപ്പിടിച്ചുകൊണ്ട് അവനെ നോക്കാതെ തുടർന്നു .

 

” അനിയൻ എം ബി എ കഴിഞ്ഞല്ലോ . ഞാൻ അമേരിക്കയിൽ സെറ്റിലായാൽ അവനും പോകാം . പിന്നെ അനിയത്തി .. ” സിതാര തന്റെ ഭാഗം അവന് മുന്നിൽ നിരത്തി

 

”തനിക്ക് ജോബ് ആയോ അവിടെ ? ”

 

” അവിടെച്ചെന്ന്ഒരു കോഴ്സ് കൂടി പഠിക്കണമെന്നാണ് പറഞ്ഞത് ”

 

നിവിൻ തന്റെ ഫോണെടുത്തു അതിൽ എന്തോ ചെയ്തിട്ട് പേഴ്സിൽ നിന്ന് അഞ്ഞൂറിന്റെ നോട്ടെടുത്ത് ടിഷ്യൂ സ്റ്റാന്റിനടിയിൽ വെച്ചിട്ടെണീറ്റു .

 

” ഞാൻ തനിക്കൊരു വിസിറ്റിംഗ് കാർഡ് അയച്ചിട്ടുണ്ട് . എന്റെ പപ്പയുടെയാണ്. അവിടെച്ചെന്ന് ജോബോന്നും കിട്ടിയില്ലെങ്കിൽ പപ്പയെ കോൺടാക്റ്റ് ചെയ്യ് ”

 

സിതാര പൊടുന്നനെ മൊബൈൽ എടുത്തുനോക്കി .

 

പ്രശസ്തമായ ഒരു ഐടി കമ്പനിയുടെ വിസിറ്റിംഗ് കാർഡ് കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു

 

” നിവിൻ …ഇത് ?”

 

” പപ്പയുടെ കമ്പനിയാണ് . എന്റെ സുഹൃത്തായിരുന്നു എന്ന് വിളിക്കുമ്പോൾ പറഞ്ഞാൽ മതി ”

 

സിതാര മൊബൈലിൽ വീണ്ടും ആ വിസിറ്റിംഗ് കാർഡ് എടുത്തുനോക്കിയ ശേഷം പുറത്തേക്ക് നടന്ന നിവിന്റെ ഒപ്പമോടിയെത്തി

 

” നിവിൻ …നിനക്കെങ്ങനെ മനസ് വന്നു എന്നെ പിരിയുവാൻ ? ഈ വിവാഹം വേണ്ടന്ന് വെച്ചുകൂടേയെന്ന് പോലും ചോദിച്ചില്ല ”’

 

” വർഷങ്ങളായി പ്രണയത്തിലായിരുന്ന ജിത്തുവേട്ടനും സ്റ്റെല്ലേച്ചിയും തമ്മിൽ പിരിഞ്ഞു . ഞാനിപ്പോ സ്റ്റെല്ലേച്ചിയോട് സംസാരിച്ചിട്ടാണ് വന്നത് .

 

അവർ പറഞ്ഞതിനപ്പുറമൊന്നും തനിക്കും പറയാനുണ്ടാവില്ലയെന്ന് അറിയാം . ഓൾ ദി ബെസ്റ്റ് ” നിവിൻ പാർക്കിങ്ങിലേക്ക് നടന്നു

 

” നിവിൻ .. പ്ലീസ് …നമുക്ക് .. എനിക്ക് നിന്നെ മറക്കാനാവുന്നില്ലടാ ”

 

”’ സീതാരാ … നീ എല്ലാം തീരുമാനിച്ചുറച്ചാണ് വന്നത് . മുറിച്ചുകളഞ്ഞ നിന്റെ ഈ മുടി തന്നെ നീ അതിനേറ്റവും വലിയ ഉദാഹരണം . എന്നാണ് ഐ എൽ റ്റി എസിന്റെ എക്സാം ?”

 

”’ നാളെ കഴിഞ്ഞ് ” സിതാര ഒന്നുമോർക്കാതെ പറഞ്ഞു .

 

” സൊ .. ഈ കല്യാണത്തിന് നീ നേരത്തെ തന്നെ പ്രിപ്പയേർഡ് ആയിരുന്നു എന്ന് സാരം . നിന്നൊടുള്ള ജീവിതം സ്വപ്നം കണ്ടിരുന്ന ഞാൻ മണ്ടൻ ”

 

”’ നിവിൻ ..ഞാൻ … ഞാനങ്ങനെയൊന്നും ഉദ്ദേശിച്ചല്ല . അനിയനും അനിയത്തിയുമൊക്കെ … അവരുടെ ലൈഫ് , അത് ഞാനല്ലേ നോക്കേണ്ടത് ?”

 

” സീതാരാ ..പുതിയ ബന്ധങ്ങൾ തേടാൻ എല്ലാവർക്കും ഇന്ട്രെസ്റ്റാണ് . അത് അവരുടെ സ്വാതന്ത്ര്യമാണ് , പക്ഷെ അത് നമ്മുടെ മാതാപിതാക്കൾ ആയാൽ സഹിക്കാനാവില്ല .

 

പപ്പയും മമ്മിയും ഡൈവോഴ്സ് ആയപ്പോഴാണ് ഞാൻ സ്റ്റേറ്റ്സ് വിട്ട് അച്ഛമ്മയുടെ അടുത്തേക്ക് വന്നത് തന്നെ . പിന്നെ… എനിക്ക് വിദ്യാഭ്യാസമുണ്ട് ലോകത്തെവിടെയാണെങ്കിലും ശ്രമിച്ചാൽ ഒരു ജോബ് കിട്ടാവുന്നതേയുള്ളൂ .

 

ബട്ട് നീ അതൊന്നും ഓർത്തില്ല . എന്നിലും മികച്ചയൊരാളെ കണ്ടപ്പോൾ നീയവനിലേക്ക് തിരിഞ്ഞു .ആ നീ നാളെ മറ്റൊരാളെ കണ്ടാൽ അങ്ങോട്ട് മുഖം തിരിക്കില്ലന്നെന്താണുറപ്പ് ? ”

 

” നിവിൻ …ഇങ്ങനെയൊന്നും പറയല്ലേ പ്ലീസ്, … നമുക്ക് ..നമുക്കൊന്നിച്ചൂടെ ? നിനക്കെങ്ങനെ മറക്കാൻ പറ്റുമോയെന്നെ ?’

 

”സ്നേഹിച്ചാൽ അങ്ങനെ മറക്കാൻ പറ്റുമോ ? സൊ … ഉള്ളിന്റെയുള്ളിൽ ഉണ്ടാകും നീ എന്നും . പക്ഷെ പേടിക്കണ്ട . ഒരു മെസേജ് കൊണ്ട് പോലും നിന്നെ ഉപദ്രവിക്കില്ല .

 

പിരിയാനുള്ള അവകാശം എന്ത് കാരണത്താലുമാകട്ടെ അത് ഏതൊരു വ്യക്തിയുടെയും അവകാശമാണ് . അതോടെ രണ്ടാമത്തെയാൾ നിർത്തുക . ഞാൻ നിർത്തി.

 

ഒരു അപേക്ഷ മാത്രം , ഒരിക്കലുമെന്നെ ബ്ലോക്ക് ചെയ്യരുത് . എനിക്ക് നിന്നെ കാണണം . നിന്റെ ഓരോ വിശേഷങ്ങളും വളർച്ചയും സന്തോഷവുമെല്ലാം അറിയണം ….ഓക്കേ ഗോഡ് ബ്ലസ് യൂ … ബൈ”

 

നിവിന്റെ ബൈക്ക് നഗരത്തിലെ ആൾതിരക്കിനിടയിൽ മറഞ്ഞിട്ടും സിതാര നിറകണ്ണുകളോടെ പാർക്കിങ്ങിലെ മരച്ചുവട്ടിൽ നിൽക്കുന്നുണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *