ഇതും പെണ്ണാണെങ്കിൽ അതിനേം കൊണ്ട് ഇങ്ങോട്ട് വരണ്ട, കേറ്റില്ല ഞാൻ” നാലാമതും വയറ്റിലായി എന്നറിഞ്ഞപ്പോൾ മുതൽ ഇന്നലെ ആശുപത്രിയിലേക്ക് വരുന്നത്

നാലാമത്തെ കുഞ്ഞ്

 

(രചന: കഥ : സൗമ്യ സാബു)

************************

“കാല് നല്ലത് പോലങ്ങോട്ട് വിടർത്തി വെക്ക് ” നീ വെറുതെ കിടന്നു നിലവിളിച്ചിട്ടു വല്ല കാര്യവും ഉണ്ടോ മല്ലി?? ഒന്നുല്ലേലും ഇത് നാലാമത്തെ അല്ലേ? വേദന വരുമ്പോൾ മുക്കിയാൽ മതി. ഇല്ലേൽ നീ തളർന്നു പോകും കേട്ടോ. നഴ്സിന്റെ സംസാരം കേട്ടു മല്ലി കിതപ്പോടെ കിടന്നു.

 

നാലാമത്തെ ആയാലും അഞ്ചാമത്തെ ആയാലും വേദന ഒന്ന് തന്നെയല്ലേ എന്നൊരു ചോദ്യം നാവിൽ കുരുങ്ങികിടന്നു. അപ്പോഴേക്കും അടുത്ത വേദന നടുവും അടിവയറും തുളച്ചിറങ്ങി.

 

“നല്ലത് പോലെ മുക്കി കൊടുത്തേ മല്ലി.. ശ്വാസം ഉള്ളിലേക്ക് എടുത്തു മുക്ക്”.. നഴ്സിന്റെ നിർദേശങ്ങൾ അതേപടി അനുസരിക്കാൻ അവൾ ശ്രമിക്കുന്നുണ്ടെങ്കിലും വേദന കൊണ്ട് തളർന്ന ശരീരം അനുസരിക്കാൻ കൂട്ടാക്കിയില്ല.

ഇവിടെ എന്തായി? ഡോക്ടറുടെ ശബ്ദം കേട്ടതും മല്ലിക്കു ആശ്വാസം തോന്നി.

 

“ഫുൾ ഡയലേഷൻ ആണ് മാഡം, ഫ്ലൂയിഡ് ബ്രേക്ക്‌ ആയി, FHR normal ആണ്. ”

സംസാരത്തിനിടയിൽ തന്നെ മല്ലിക്കു വീണ്ടും വേദന അതിന്റെ പാരമ്യത്തിലേക്കു വന്നു. അലറിക്കൊണ്ടവൾ മുക്കി… ആ അങ്ങനെ തന്നെ . ഒന്ന് കൂടി.. ദാ കുഞ്ഞു വരാറായി..മല്ലി സർവ്വ ശക്തിയും സമാഹരിച്ചു ആഞ്ഞു മുക്കി. അടിവയർ പിളരുന്ന വേദനയോടൊപ്പം കുഞ്ഞ് പുറത്തേക്കു തെന്നി വന്നത് അവളറിഞ്ഞു. ആ നിമിഷം തന്നെ കുഞ്ഞ് കരച്ചിൽ പ്രസവമുറിയിലാകെ നിറഞ്ഞു.

മല്ലിയുടെ ഹൃദയം ഒരേസമയം പേടിയിലും സന്തോഷത്തിലും മിടിച്ചു. കാരണം അവൾക്കറിയാം ഇനി ഡോക്ടർ പറയാൻ പോകുന്ന വാക്കുകൾ ആണ് അവളുടെ ഭാവി നിശ്ചയിക്കുന്നത് എന്ന്..

 

മല്ലി…. പെൺകുഞ്ഞാണ്.. ഡോക്ടർ അവളുടെ നെറ്റിയിൽ തലോടി പുഞ്ചിരിയോടെ പറഞ്ഞു. ഹൃദയം ഒരു നടുക്കത്തെ പുൽകിയത് മല്ലി വിറയലോടെ അറിഞ്ഞു.

 

“ഇതും പെണ്ണാണെങ്കിൽ അതിനേം കൊണ്ട് ഇങ്ങോട്ട് വരണ്ട, കേറ്റില്ല ഞാൻ” നാലാമതും വയറ്റിലായി എന്നറിഞ്ഞപ്പോൾ മുതൽ ഇന്നലെ ആശുപത്രിയിലേക്ക് വരുന്നത് വരെ കെട്ടിയവൻ ശരവണനും അങ്ങേരുടെ അമ്മയും അവളോട്‌ പറഞ്ഞിരുന്നതാണിത്. കുടിച്ചു ചുവന്ന കണ്ണുകളുമായി അയാൾ പുറത്തു നിൽക്കുന്നുണ്ടാവും. ഇതും പെണ്ണാണ് എന്ന് അയാൾ അറിയുന്ന നിമിഷം ഓർത്ത് അവൾ ഭയപ്പെട്ടു.

 

അയാൾക്ക്‌ കൊച്ചിനെ വേണ്ടെന്ന്.. ഒന്ന് നോക്കി പോലുമില്ല.. കുഞ്ഞിനേയും കൊണ്ട് പുറത്തേക്കു പോയ നേഴ്സ് തിരികെ വന്നു പറയുമ്പോൾ അത് പ്രതീക്ഷിച്ചിരുന്ന പോലെ മല്ലി വിളറി ഒന്ന് ചിരിച്ചു.

 

ഇങ്ങനെയും മനുഷ്യരുണ്ടോ? അങ്ങേരെന്നെ തല്ലി ഇല്ലെന്നേ ഉള്ളൂ.. കുഞ്ഞിനെ പതിയെ മല്ലിയോട് ചേർത്ത് കിടത്തി അവർ. സ്വന്തം അച്ഛന് വേണ്ടെന്ന് അറിയാതെ അമ്മയുടെ ചൂടിൽ ചേർന്ന് സുഖനിദ്രയിലാണ് കുഞ്ഞ്. ഇടയ്ക്ക് ചുണ്ട് നൊട്ടി നുണയാൻ തുടങ്ങിയപ്പോൾ മല്ലി കുഞ്ഞിനെ പാലൂട്ടി.മാതൃവാത്സല്യം നിറഞ്ഞു കവിയുമ്പോഴും ഈ കുഞ്ഞിനേയും കൊണ്ട് എങ്ങനെ വീട്ടിലേക്കു പോകും എന്നായിരുന്നു അവളുടെ ചിന്ത. കുഞ്ഞിനെ അയാളോ വീട്ടുകാരോ സ്വീകരിക്കില്ല എന്നുറപ്പാണ്. പോകാതിരുന്നാൽ മറ്റു മൂന്നു കുഞ്ഞുങ്ങൾ.. അവരെയോർത്തതും അവളുടെ നെഞ്ചു വിങ്ങി. മര്യാദക്ക് കഴിക്കാൻ പോലും കിട്ടിയിട്ടുണ്ടാവില്ല. ആറും നാലും രണ്ടും വയസ്സുള്ള മക്കളാണ്. അമ്മയെ കാത്തു ഇരിക്കുന്നുണ്ടാവും പൊന്നു മക്കൾ..

 

മല്ലിയേയും കുഞ്ഞിനേയും വാർഡിലേക്ക് മാറ്റി. അപ്പോഴും ശരവണനോ വീട്ടുകാരോ അവളെയും കുഞ്ഞിനേയും കാണാൻ എത്തിയിരുന്നില്ല. വരില്ലെന്ന് അവൾക്കുറപ്പായിരുന്നു. കുട്ടി പെണ്ണാണ് എന്നറിഞ്ഞ നിമിഷം അയാൾ ആശുപത്രി വിട്ടു പോയിക്കാണും. പ്രസവം കഴിഞ്ഞ മറ്റു സ്ത്രീകൾക്ക് കിട്ടുന്ന സ്നേഹവും പരിചരണവും കണ്ടും കേട്ടും തീർത്തും അനാഥരെ പോലെ അവളും കുഞ്ഞും വാർഡിലെ ആ ഇരുമ്പ് കട്ടിലിൽ കിടന്നു.

 

നെഞ്ചു പൊട്ടുന്ന ഒരു നിലവിളി കേട്ടാണ് മല്ലി പിന്നെ ഉണർന്നത്. കുഞ്ഞ് അരികിൽ ഉറങ്ങുന്നുണ്ട്. തൊട്ടടുത്ത കട്ടിലിലേക്ക് പ്രസവം കഴിഞ്ഞ ഒരു പെൺകുട്ടിയെ കിടത്തുകയാണ്. അവളും കൂടെ ഉള്ളവരും കരയുകയാണ്. കുഞ്ഞ് മരിച്ചു പോയത്രേ…ഇനിയൊരു ഗർഭം സാധിക്കില്ലെന്നു പറഞ്ഞിരിക്കുന്നു ഡോക്ടർ.ആദ്യത്തെ ഗർഭം നഷ്ടപ്പെട്ടതിനു ശേഷം നാല് വർഷം കാത്തിരുന്നുണ്ടായ കുഞ്ഞാണ്. അതിനെയും നഷ്ടമായിരിക്കുന്നു.

ഈശ്വരാ എന്തൊരു വിധി.. അതുമൊരു പെൺകുഞ്ഞായിരുന്നു. ആ പെൺകുട്ടിയുടെ കരച്ചിൽ കേട്ടു നിൽക്കാൻ ആർക്കും കഴിയില്ലായിരുന്നു.

 

മല്ലിക്കു അശ്ചര്യം തോന്നി,, എന്തൊക്കെ തരം മനുഷ്യർ ആണ് ! പെൺകുഞ്ഞു ജനിച്ചതിന്റെ പേരിൽ കാണാൻ പോലും വരാത്ത ഒരു അച്ഛൻ .. തന്റെ പെൺകുഞ്ഞ് മരിച്ചു പോയ വിഷമത്തിൽ അലമുറയിട്ട് കരയുന്ന മറ്റൊരച്ഛൻ.. രണ്ടും ഒരേ ദിവസം.. ഒരേ മുറിയിൽ.. ആ പെൺകുട്ടിയുടെ അവസ്ഥ മല്ലിയെ വല്ലാതെ നോവിക്കുന്നുണ്ടായിരുന്നു. പാൽ നിറഞ്ഞു നീര് കെട്ടിയ മുല ഞെക്കി പിഴിഞ്ഞ് കളയുമ്പോൾ അവൾ ഹൃദയം പൊട്ടുമാറ് കരഞ്ഞു. പോന്നോമനയെ മുലയൂട്ടുന്നതും താരാട്ടു പാടി ഉറക്കുന്നതുമൊക്കെ എത്രമാത്രം ആഗ്രഹിച്ചിരുന്നിരിക്കും. ഒടുക്കം കൈവെള്ളയിൽ എത്തിച്ചിട്ടു ഒറ്റ തട്ട്..എങ്ങനെ സഹിക്കും??

 

വൈകുന്നേരം ടോയ്‌ലെറ്റിൽ പോയി തിരികെ വാർഡിലേക്കെത്തിയ മല്ലി ആ കാഴ്ച കണ്ടു വാതിൽക്കൽ നിന്ന് പോയി. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. മല്ലിയുടെ കുഞ്ഞിനെ നെഞ്ചോട്‌ ചേർത്ത് പിടിച്ച് പാലൂട്ടുകയാണ് അവൾ. അടുത്ത കട്ടിലിലെ പെൺകുട്ടി. ഇടയ്ക്കിടെ കുഞ്ഞിനെ ചുംബനങ്ങൾ കൊണ്ട് മൂടുന്നുണ്ട്. അവൾ ആരെയും കാണുന്നില്ല.. അവളും കുഞ്ഞും മാത്രമായൊരു ലോകത്തിൽ ലയിച്ചിരിക്കുകയാണ്.

 

മോളെ.. ഞാൻ എന്ത് ചെയ്യാനാണ്.. നീ പോയപ്പോൾ കുഞ്ഞുണർന്ന് കരയാൻ തുടങ്ങി. അത് കേട്ട പാടെ കുഞ്ഞിനെ എടുത്തു പാല് കൊടുക്കുവാ അവൾ.. അവളുടെ അവസ്ഥ മോളും കണ്ടതല്ലേ.. ക്ഷമിക്കണം. ഇപ്പൊ കുഞ്ഞിനെ മാറ്റിയാൽ അവളൊരു ഭ്രാന്തി ആയിപ്പോകും,കുറച്ചു കഴിഞ്ഞു ഞാൻ കുഞ്ഞിനെ എങ്ങനെ എങ്കിലും വാങ്ങിത്തരാം..

 

അവളുടെ അമ്മ കൈകൂപ്പി കരഞ്ഞു. മല്ലി ഒന്നും മിണ്ടാതെ കട്ടിലിൽ ഇരുന്നു. ഹൃദയത്തെ മഥിച്ചു കൊണ്ടിരുന്ന ചിന്തകൾക്ക് വിരാമം കാണുകയായിരുന്നു അവൾ. ആ കുഞ്ഞിനേയും കൊണ്ട് വീട്ടിലേക്കു കയറിചെല്ലുന്ന രംഗം അവളൊന്നോർത്തു നോക്കി.. തെറിവിളികളും മദ്യത്തിന്റെ മണവും പ്രാക്കും കുഞ്ഞുങ്ങളുടെ പേടിച്ചുള്ള കരച്ചിലും അല്ലാതെ മറ്റൊന്നും അവളുടെ ഓർമ്മയിലേക്ക് വന്നില്ല. മൂത്ത കുഞ്ഞുങ്ങൾ അനുഭവിച്ചതിനേക്കാൾ ഏറെ ഈ പൊടികുഞ്ഞു അനുഭവിക്കേണ്ടി വരും എന്ന് അവൾക്കുറപ്പായിരുന്നു. അടുത്ത കട്ടിലിൽ അത്രയേറെ സ്നേഹത്തോടെ കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചിരിക്കുന്നവളെ കണ്ടപ്പോൾ മല്ലി മനസ്സിൽ ഉറപ്പിച്ചു.. മറ്റുള്ളവർ എന്ത് പറഞ്ഞാലും തന്റെ തീരുമാനമാണ് ശരിയാണെന്ന്.

 

കുഞ്ഞ് ഉറങ്ങിയതും പെൺകുട്ടിയുടെ അമ്മ ബലമായി കുഞ്ഞിനെ വാങ്ങി മല്ലിയ്ക്കു കൊടുത്തു. കുഞ്ഞിനെ ആകമാനം മുത്തം വെച്ചതിനു ശേഷം അവൾ തിരികെ ആ സ്ത്രീയുടെ കയ്യില്ലേക്കു തന്നെ വെച്ച് കൊടുത്തു.

 

നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു അവൾ പറഞ്ഞു..

ഇടയ്ക്കൊക്കെ ഒന്ന് കാണാൻ അനുവദിച്ചാൽ മാത്രം മതി.

 

അവിശ്വസനീയതയോടെ നിൽക്കുന്നവരെ നോക്കി അവൾ കണ്ണീരിൽ കുതിർന്നു ചിരിച്ചു.

 

എനിക്കെന്റെ കുഞ്ഞിന് വേണ്ടി ചെയ്യാൻ പറ്റുന്നതിൽ ഏറ്റവും മികച്ച കാര്യമാണിത് എന്ന് എനിക്ക് ഉറപ്പുണ്ട്. അമ്മ എന്ന ഒരവകാശത്തിനും ഞാൻ വരില്ല. പക്ഷെ പകരം ഒരുറപ്പു തരണം. ഇവളെ പൊന്നു പോലെ നോക്കും എന്ന് .

 

വീട്ടിലേക്ക് പോകാൻ റെഡി ആകുമ്പോൾ നേരിടേണ്ടി വരുന്ന ചോദ്യങ്ങൾക്കുത്തരം അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു. ശരവണനെ കുറിച്ചോ അയാളുടെ അമ്മയെ കുറിച്ചോ ഒന്നും അവളോർത്തില്ല. തിരിഞ്ഞു നോക്കാതെ ഇറങ്ങിയെങ്കിലും കുഞ്ഞിന്റെ കരച്ചിൽ കാലുകളെ പിന്നോട്ട് വലിക്കുന്നുണ്ട്. പക്ഷെ അവൾക്കറിയാം, കുഞ്ഞുങ്ങളുടെ വില കൃത്യമായി മനസ്സിലാകുന്നവരുടെ കയ്യിലാണ് തന്റെ കുഞ്ഞെന്ന്.. ഏറ്റവും സുരക്ഷിതമായ, സ്നേഹമുള്ള ഇടത്താണ് എന്ന്. വീട്ടിൽ കാത്തിരിക്കുന്ന കുഞ്ഞുങ്ങൾ അരപ്പട്ടിണിയോ മുഴുപട്ടിണിയോ ആയിരിക്കും. അവരെ ഓർത്ത് മാത്രം ആണ് വീണ്ടുമാ വീട്ടിലേക്കു പോകുന്നത്. സന്തോഷവും സങ്കടവും കൂടികലർന്ന മനസ്സോടെ മല്ലി നടന്നപ്പോൾ പിന്നിൽ വാർഡിൽ താരാട്ടീണങ്ങൾ മുഴങ്ങി..

Leave a Reply

Your email address will not be published. Required fields are marked *