(രചന: പുഷ്യാ. V. S)
“”കോളേജ് വിദ്യാർത്ഥിനി സഹപാടിയെ കോളേജ് കെട്ടിടത്തിൽ നിന്ന് താഴേക്ക് തള്ളി കൊലപ്പെടുത്തി “” അന്നത്തെ ഒട്ടുമിക്ക പത്രങ്ങൾക്കും ചൂട് പകർന്നത് ഈ തലക്കെട്ട് ആയിരുന്നു.
“” ഇപ്പോഴത്തെ പിള്ളേരെ പഠിക്കാൻ വിട്ടാൽ എന്തൊക്കെ കാണണം “”.
“” പെൺപിള്ളേരും മോശം ഒന്നും അല്ല. ഇവർക്കൊന്നും വീട്ടിൽ ചോദിക്കാനും പറയാനും ആരും ഇല്ലേ “”
“” മര്യാദയ്ക്ക് പഠിക്കാൻ ഉള്ള നേരത്തിനു പോയി വല്ല പ്രേമത്തിലും ചാടും. എന്നിട്ട് അവൻ കളഞ്ഞിട്ട് പോയാൽ ഉടനെ പ്രതികാരം എന്ന് പറഞ്ഞു കത്തിയും പെട്രോളും എടുത്തു ഇറങ്ങും. ആണും പെണ്ണും കണക്കാ ഇപ്പൊ “”
ഇങ്ങനെ പോകുന്നു വാർത്ത കണ്ടവരുടെ ചർച്ചകൾ.
കുറച്ചു കാലം മുമ്പ് അഭിനയുടെ വീട്ടിൽ…
“” എന്താ മോളേ ഇത്. ഈ ചെറിയ കാര്യങ്ങൾക്ക് ഒക്കെ കോളേജിൽ പോകുന്നില്ല എന്നൊക്കെ പറഞ്ഞാലോ. ഇങ്ങനെ തൊട്ടാൽ വാടി ആകല്ലേ. അമ്മ പറഞ്ഞിട്ടില്ലേ ഏത് സാഹചര്യത്തിലും ധൈര്യം കാണിക്കണം എന്ന്. “” അഭിനയുടെ അമ്മ പറഞ്ഞു.
“” ഭയങ്കര ശല്യമാ അമ്മേ.ആദ്യം ഒക്കെ തമാശയായിട്ട് തന്നെയാ ഞാൻ കരുതിയെ. പ്രൊപോസൽ സ്വീകരിച്ചില്ലേൽ മരിച്ചു കളയും എന്നൊക്കെയാ ഇപ്പോൾ പറയുന്നേ. ക്ലാസ്സിനകത്തു മാത്രം അല്ല.
ഇപ്പോൾ കോളേജിന് അകത്തു മൊത്തം അറിയാം. പോരാഞ്ഞിട്ട് ഇപ്പൊ കയ്യിൽ എന്റെ പേരും പച്ചക്കുത്തി നടപ്പാ. വെറുതെ എന്നെ നാണം കെടുത്താൻ ആയിട്ട് . ഫ്രണ്ട്സ് ഒക്കെ കളിയാക്കുവാ അമ്മേ. ഒരുമാതിരി ഭ്രാന്ത് ഉള്ളത് പോലെയാ അവൻ കാണിക്കുന്നേ. “” അഭിന പറഞ്ഞു.
“” നിന്നോട് ഞാൻ അന്നേ പറഞ്ഞില്ലേ കോളേജിൽ പരാതിപ്പെടാൻ. അല്ലേൽ ഞങ്ങൾ ആ പയ്യനോട് സംസാരിക്കാമെന്ന്. അതൊന്നും സമ്മതിക്കില്ല. എന്നിട്ട് വല്ല ചെക്കന്മാരേം പേടിച്ചു കോളേജിൽ പോകുന്നില്ല എന്നാണോ പറയുന്നേ “”
അഭിന അതിന് ഒന്നും മറുപടി പറഞ്ഞില്ല.
“” നീ നിന്റെ സാറിന്റെ നമ്പർ ഇങ്ങ് എടുത്തേ. ഇത് ഇങ്ങനെ വച്ചോണ്ട് ഇരുന്നാൽ പറ്റില്ല. “” അഭിനയുടെ അമ്മ പറഞ്ഞു.
“” അയ്യോ. അമ്മ ഇത് എന്ത് ചെയ്യാൻ പോകുവാ. അതൊന്നും വേണ്ട. വേറെ പ്രശ്നം ആകും “” അഭിന ഭയത്തോടെ പറഞ്ഞു.
“” ദേ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ. ഇതൊക്കെ കേട്ടിട്ട് നിന്റെ അമ്മയായ ഞാൻ വെറുതെ ഇരിക്കണം എന്നാണോ. നിന്നെ കോളേജിലോട്ട് അയച്ചാൽ എനിക്ക് ഒരു സമാധാനം വേണ്ടേ. മര്യാദയ്ക്ക് നമ്പർ താ “” അവർ നിർബന്ധമായി ചോദിച്ചു
അഭിനയുടെ അമ്മ അവളുടെ സാറിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. പിറ്റേന്ന് തന്നെ ജെറിനെ സ്റ്റാഫ് റൂമിൽ വിളിപ്പിച്ചു വാണിംഗ് കൊടുത്തു.
“” ഡീ ഒന്ന് നിന്നെ. നീ എന്താ വിചാരിച്ചേ. പരാതി പറഞ്ഞു എന്നെ അങ്ങ് ഇല്ലാണ്ട് ആക്കാം എന്നോ. അയ്യോ ഞാൻ ആകെ പേടിച്ചല്ലോ. ഇനി ഇങ്ങനെ ഒന്നും ചെയ്തേക്കല്ലേ. സത്യമായിട്ടും എനിക്ക് പേടിയാ “” ജെറിൻ പരിഹാസസ്വരത്തിൽ അഭിനയോട് പറഞ്ഞു.
“” നീ എനിക്കുള്ളതാ. ആരോട് പരാതി പറഞ്ഞിട്ടും കാര്യം ഇല്ല മോളേ. നിന്നെ ഞാൻ അങ്ങനെ വിടാൻ ഉദ്ദേശം ഇല്ല. “” ജെറിൻ തുടർന്നു.
“” എന്തൊരു ശല്യമാ ഇത്. നിനക്ക് ഭ്രാന്താണോ. എനിക്ക് താല്പര്യം ഇല്ലന്ന് ഏത് ഭാഷയിലാ നിന്നോട് ഞാൻ ഇനി പറയേണ്ടത്. ഒന്ന് പോയിത്തരോ. എന്നെ കിട്ടീലേൽ ചത്തു കളയും എന്നല്ലേ പറച്ചിൽ. എന്നാ പോയി ചെയ്യ്. ബാക്കി ഉള്ളോർക്ക് സമാധാനം കിട്ടട്ടെ “” അഭിന പൊട്ടി തെറിച്ചുപോയി
ജെറിൻ അവളുടെ കവിളിൽ കുത്തിപ്പിടിച്ചു.
“” ഹാ… അടങ്ടി… അധികം തിളയ്ക്കല്ലേ. ഇനി നീ എന്നെപ്പറ്റി ആരോടേലും കംപ്ലയിന്റ് ചെയ്തു എന്ന് ഞാൻ അറിഞ്ഞാൽ… പിന്നെ നീ ഇല്ല. കേട്ടല്ലോ “” അത് പറയുമ്പോഴേക്കും അവൾ അവന്റെ കയ്യിൽ കടിച്ചു. അവൾക്ക് അവന്റെ പിടുത്തം മുറുകുംതോറും വേദനിക്കുന്നുണ്ടായിരുന്നു.
അപ്പോഴേക്കും അഭിനയുടെ കൂട്ടുകാരികൾ അവിടെ എത്തിയിരുന്നു. അവരും അവനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു.
ജെറിൻ അരിശം മൂത്ത് അവളുടെ മുഖത്തടിച്ചു. അത് അവൾ തീരെ പ്രതീക്ഷിച്ചതല്ല. അവൾ ആകെ പകച്ചു പോയി.
അന്ന് വീട്ടിലേക്ക് പോയ അഭിന ആകെ വാടി ഇരിക്കുന്നത് കണ്ട് അവളുടെ അച്ഛനും അമ്മയും കാര്യം തിരക്കി. പ്രേത്യേകിച്ചു ഇങ്ങനൊരു പ്രശ്നം ഉള്ളതുകൊണ്ട് അവളെ അവർ കാര്യമായി ശ്രദ്ധിച്ചിരുന്നു.
ജെറിൻ തല്ലിയ പാട് അവളുടെ മുഖത്ത് അപ്പോഴും ഉണ്ടായിരുന്നു. അത് കണ്ട അവളുടെ അച്ഛന് ആകെ ദേഷ്യം കയറി.
അച്ഛനെ എങ്ങനെ പറഞ്ഞു സമാധാനിപ്പിക്കണം എന്ന് അവൾക്ക് അറിയില്ലായിരുന്നു. അച്ഛനോ അമ്മയോ അല്ലാതെ മറ്റാരെങ്കിലും തന്നെ ഒരു വാക്ക് കൊണ്ട് പോലും നോവിക്കുന്നത് അവർ സഹിക്കില്ല എന്ന് അഭിനയ്ക്ക് നല്ലോണം അറിയാം.
പിറ്റേന്ന് കോളേജ് വിട്ട് അഭിനയെ വിളിക്കാൻ വന്നത് അവളുടെ അച്ഛൻ ആണ്. അയാൾ അവളെ ഒപ്പം നിർത്തിക്കൊണ്ട് തന്നെ ജെറിനോട് സംസാരിച്ചു.
“” നിനക്കാണോ എന്റെ മോളേ കെട്ടണം എന്ന് പറഞ്ഞത്. ഇവളെ കെട്ടിച്ചു തന്നില്ലേൽ മരിച്ചു കളയും എന്ന് പറഞ്ഞെ. ഞങ്ങള് ഇവളെ നിനക്ക് തരാൻ ഉദ്ദേശിക്കുന്നില്ല. മോൻ ഇപ്പൊ തന്നെ മരിക്കുന്നോ അതോ…. എങ്ങനെയാ തീരുമാനം “” അയാൾ ജെറിനെ പരിഹസിച്ചു. അവൻ ഒന്നും മിണ്ടിയില്ല.
“” എടാ. നിന്റെ വെളച്ചിൽ ഒക്കെ കയ്യിൽ വച്ചോ. മോളേ ഇതുപോലെ പെൺപിള്ളേരെ പുറകെ മരിക്കും ചാവും എന്നൊക്കെ പറഞ്ഞു നടക്കുന്ന ഒരുത്തനും മരിക്കാൻ പോണില്ല.
അതൊക്കെ നിന്നെ പോലെ ഉള്ള പാവം പെൺകുട്ടികളെ വിരട്ടാൻ ഉള്ള അടവ്. നീ കാര്യമാക്കണ്ട “” അത്രയും അഭിനയോട് പറഞ്ഞു അയാൾ ജെറിന്റെ ഷർട്ടിനു കുത്തിപ്പിടിച്ചു
“” ഡാ ചെക്കാ…. നീ എന്റെ മോളുടെ മുഖത്ത് അടിക്കാറായോ. എന്ത് ധൈര്യം ഉണ്ടായിട്ടാ എന്റെ കൊച്ചിനോട് നീ ഈ തോന്നിവാസം കാണിച്ചത്. ഇവളുടെ ശരീരമോ മനസോ ആരേലും നോവിച്ചാൽ ഞാൻ വെറുതെ ഇരിക്കില്ല കേട്ടല്ലോ “” അതും പറഞ്ഞു അയാൾ അഭിനയുടെ നേർക്ക് തിരിഞ്ഞു.
“” മോളേ. അനാവശ്യമായി ആരേലും നമ്മളെ നോവിച്ചാൽ അത് തിരിച്ചു കൊടുക്കാനും പഠിക്കണം. കുറച്ചു തന്റേടം വേണം. അതുകൊണ്ട് മോള് ഇന്നലെ കിട്ടിയത് ഇവന് തന്നെ അങ്ങ് തിരിച്ചു കൊടുത്തേരെ. ഹാ നോക്കി നിൽക്കാതെ കൊടുക്കെടി “” അയാൾ ആജ്ഞാപിച്ചു.
അവൾ ആദ്യം ഒന്ന് അറച്ചു നിന്നെങ്കിലും അച്ഛൻ വീണ്ടും പറഞ്ഞത് കേട്ട് അവൾ അവന്റെ മുഖമടച്ചു ഒന്ന് കൊടുത്തു.
“” ഡീ “” എന്ന് അലറിക്കൊണ്ട് ജെറിൻ അവളെ തിരികെ തല്ലാൻ ഓങ്ങിയതും അവന്റെ ആ കൈ പിടിച്ചു തിരിച്ച ശേഷം അവളുടെ അച്ഛൻ ഒരെണ്ണം കൂടി കൊടുത്തു.
“” പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ. ഇനി ഇവളെ ശല്യം ചെയ്താൽ… “” അതും പറഞ്ഞു അയാൾ അഭിനയെയും കൊണ്ട് പോകുന്നത് ജെറിൻ പകയോടെ നോക്കി നിന്നു
പിറ്റേന്ന് ജെറിൻ കോളേജിൽ വന്നില്ല. അഭിനയ്ക്ക് അതുകൊണ്ട് കുറച്ചു ആശ്വാസം ഉണ്ടായിരുന്നു. തിരികെ വീട്ടിൽ എത്തിയപ്പോഴും അവൾ കുറച്ചു സന്തോഷത്തിൽ ഒക്കെ ആയിരുന്നു. പക്ഷേ അൽപ നേരം കൊണ്ട് തന്നെ ആ സന്തോഷം ഒക്കെ കെട്ടു
അവളുടെ അച്ഛന് ആക്സിഡന്റ് പറ്റി എന്ന് പറഞ്ഞു ഫോൺ വന്നിരിക്കുന്നു. അമ്മയും അവളും കൂടെ വെപ്രാളത്തോടെ ആശുപത്രിയിലേക്കോടി.
അവിടെ ചെന്നപ്പോൾ ആണ് കാര്യങ്ങൾ വിശദമായി അറിഞ്ഞത്. ആരൊക്കെയോ ചേർന്നു ആക്രമിച്ചതാണ് അച്ഛനെ. അച്ഛന് ബോധം തെളിഞ്ഞപ്പോൾ അവൾ ചോദിച്ചറിഞ്ഞു. ആ കൂട്ടത്തിൽ ജെറിനും ഉണ്ടായിരുന്നു എന്ന്.
അവന്റെ കോളേജിന് പുറത്തുള്ള കൂട്ടുകെട്ടുകൾ ഒന്നും ശരിയല്ല എന്ന് അവൾ കേട്ടിട്ടുണ്ട്. കുറെ വഷളൻ പയ്യന്മാർആയിട്ട് ആണ് അവന് അടുപ്പം. അവരോട് ചേർന്നു ജെറിൻ വാശി തീർത്തതാണ് തന്റെ അച്ഛൻ ഈ അവസ്ഥയിൽ.
അഭിനയ്ക്ക് ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. ഒരു കണക്കിന് താനും കാരണം അല്ലേ അച്ഛൻ ഈ അവസ്ഥയിൽ. ശരീരത്തിൽ എവിടെയൊക്കെ ആണ് പരിക്ക് ഉള്ളതെന്ന് ഒരു തിട്ടവും ഇല്ല.
കൈക്കും കാലിനും പൊട്ടലുണ്ട്. തലയ്ക്കും അടി കിട്ടിയിട്ടുണ്ട് എങ്കിലും അത് അത്ര സാരമല്ല. നെറ്റിയിലും മുറിവുണ്ട്. അവൾക്ക് അച്ഛനെ അങ്ങനെ കാണുംതോറും സ്വന്തം നെഞ്ചിൽ നിന്ന് ചോര പൊടിയുംപോലെ ആണ് പ്രതീതമായത്.
ജെറിൻ കോളേജിൽ വരുന്നുണ്ടോ എന്ന് അവൾ എന്നും കൂട്ടുകാരികളോട് അന്വേഷിക്കുന്നുണ്ടായിരുന്നു. അവൻ അടുത്ത ദിവസങ്ങളിൽ ലീവ് ആയിരുന്നു. രണ്ട് ദിവസത്തിന് ശേഷം അന്ന് ജെറിൻ ക്ലാസ്സിൽ എത്തി എന്ന് ഫ്രണ്ട് പറഞ്ഞു അഭിന അറിഞ്ഞു. അവൾ അന്ന് ഉച്ചയോടെ ബാഗും എടുത്തു കോളേജിലേക്ക് പോകാനൊരുങ്ങി.
പോകുന്നതിന് മുമ്പ് അച്ഛൻ അവളെ വിളിച്ചു. “” മോള് കോളേജിലോട്ട് പോകുവാണല്ലെ. മോള് ഇന്ന് അങ്ങോട്ട് പോണ്ട. അച്ഛൻ ഒന്ന് ഇവിടെ നിന്ന് എഴുന്നേറ്റൊട്ടെ.
ഇപ്പോൾ മോള് ആ പയ്യനോട് ഇതിനെപ്പറ്റി എന്തേലും സംസാരിച്ചു വഴക്കായി അവൻ മോളേ എന്തേലും ചെയ്താൽ… ഇപ്പോൾ അങ്ങനെ വല്ലതും സംഭവിച്ചാൽ അച്ഛന് നിന്നെ സംരക്ഷിക്കാൻ വേണ്ടി ഒന്നും ചെയ്യാൻ പറ്റില്ല.
നമുക്ക് പോലീസിൽ പറയാം ആദ്യം. അല്ലേൽ നമുക്ക് ആ കോളേജ് അങ്ങ് മാറാം. “” ദേഹം ആസകലം വേദനയിൽ പുളയുമ്പോഴും അച്ഛന് വേവലാതി തന്നെക്കുറിച്ചാണെന്ന് അറിയുംതോറും അഭിനയുടെ ഉള്ള് നീറി. ജെറിനോട് പക എരിഞ്ഞു കയറി അവൾക്ക്.
അതൊന്നും പുറത്ത് കാണിക്കാതെ അവൾ പറഞ്ഞു… “” ഏയ് അവൻ ഇപ്പോൾ കോളേജിൽ വരാറില്ല അച്ഛാ. എക്സാം ഒക്കെ വരുവല്ലേ. ഇന്ന് ഞങ്ങൾക്ക് ലാബ് ഒക്കെ ഉള്ളതാ ഉച്ചയ്ക്ക് ശേഷം. പോകാതിരുന്നാൽ ശെരിയാകില്ല.
അതുകൊണ്ടാ. അച്ഛൻ സമാധാനം ആയിട്ട് ഇരിക്ക്. ഞാൻ പോയിട്ട് വേഗം വരാം. “” അതും പറഞ്ഞു അവൾ തന്റെ അച്ഛന്റെ നെറുകയിൽ ഒരു മുത്തം കൊടുത്തിട്ട് കണ്ണ് തുടച്ചു അവിടെ നിന്ന് ഇറങ്ങി.
“” ആഹ് വന്നോ…കേൾക്കട്ടെ നിന്റെ ഹീറോ തന്തയുടെ വിശേഷങ്ങൾ.പുള്ളിക്കാരൻ സുഖമായിട്ട് ഇരിക്കുന്നോ “” ജെറിൻ അഹങ്കാരത്തോടെ തന്നെ ആണ് അത് ചോദിച്ചത്.
അവനോട് രണ്ട് വാക്ക് സംസാരിക്കണം എന്ന് ഓർത്ത് തന്നെ ആണ് അവൾ അവിടെ നിന്ന് ഇറങ്ങിയത്. പക്ഷേ ഇറങ്ങുന്നതിനു മുമ്പ് അച്ഛൻ പറഞ്ഞത് ഓർത്ത് അവൾ സംയമനം പാലിച്ചു.അവൾ അവനെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് ക്ലാസ്സിലേക്ക് കയറാൻ ഭാവിച്ചു.
“” ഹാ ഒന്നും മിണ്ടാതെ അങ്ങ് പോകുവാണോ…എങ്ങനുണ്ടെടി നിന്റെ തന്തയ്ക്ക് അങ്ങേര് ചത്തോ… “” അവൻ അത് ചോദിച്ചതും അവൾക്ക് തന്റെ നിയന്ത്രണം നഷ്ടപ്പെട്ടു
“” ഡാ…. നിർത്തിക്കോ. സമനില തെറ്റി നിൽക്കുവാ ഞാൻ.ജെറിനെ നീ പ്രശ്നം ഉണ്ടാക്കാതെ പോ. കൈവിട്ടു പോയാൽ ഞാൻ എന്താ ചെയ്യുന്നേ എന്ന് എനിക്ക് അറിയില്ല.””
അവൾ അവനു നേരെ വിരൽ ചൂണ്ടി അത് പറയുമ്പോൾ ദേഷ്യം കൊണ്ട് വിറയ്ക്കുന്നതിനൊപ്പം അവളുടെ കണ്ണുകളും നിറഞ്ഞു ചുവന്നിരുന്നു.
ജെറിൻ അവൾ ചൂണ്ടിയ വിരൽ പിടിച്ചു മടക്കി അവളുടെ കയ്യിൽ പിടുത്തം ഇട്ടു “” നീ എന്തോ ചെയ്യും എന്നാ പറയുന്നേ.
നീ കേട്ടോ നിന്റെ അച്ഛനെ കൊല്ലാൻ ആണ് ആദ്യം എനിക്ക് തോന്നിയത്. എന്റെ മുഖത്തടിച്ചിട്ട് ആണ് പോയത് അയാൾ. കൊല്ലാതെ വിട്ടതിനു നീ നന്ദി പറ എന്നോട് “” അത് പറഞ്ഞതും അവൾക്ക് സർവ്വ നിയന്ത്രണവും നഷ്ടപ്പെട്ടിരുന്നു.
അവൾ അവൻ ബലമായി പിടിച്ച തന്റെ കൈ സർവ്വ ശക്തിയും എടുത്തു തിരികെ വലിച്ച ശേഷം അതേ ആയത്തിൽ തന്നെ അവനെ പിന്നോട്ട് തള്ളി.
നാലാം നിലയിലെ ബാൽക്കണിയിൽ നിന്ന് ആയിരുന്നു അവരുടെ സംസാരം. അവളുടെ ആ പ്രവർത്തിയിൽ അവൻ അവിടെ നിന്ന് താഴേക്ക് ആണ് തെറിച്ചു വീണത്.
ഇത്ര നേരം തന്റെ മുന്നിൽ നിന്നവൻ താഴെ രക്തത്തിൽ കുളിച്ചു കിടക്കുന്ന കണ്ട് താനാണ് അത് ചെയ്തതെന്ന് പോലും ഉൾക്കൊള്ളാൻ ആവാതെ പകച്ചു നിൽക്കുകയായിരുന്നു അഭിന ആ നാലാം നിലയിൽ. അപ്പോഴേക്കും സംഭവസ്ഥലത്തേക്ക് കോളേജിന്റെ നാലുപാട് നിന്നും ആളുകൾ ഓടിക്കൂടി.
ഒരു മരണം ആണ് തന്റെ കൈ കൊണ്ട് സംഭവിച്ചത് എന്ന് മനസിലാക്കാൻ പോലും അവൾക്ക് നിമിഷങ്ങൾ വേണ്ടി വന്നു.
അച്ഛന്റെ അപകടവും അമ്മയുടെ കണ്ണീരും ജെറിൻ അൽപ്പം മുമ്പ് തന്നോട് പറഞ്ഞ വാചകങ്ങളും ഒക്കെ ആ മനസ്സിൽ കൂടെ കടന്നു പോകുമ്പോൾ അവൾക്ക് സമനില തെറ്റുമ്പോലെ ആണ് തോന്നിയത്.
മരിച്ചു കിടക്കുന്ന ജെറിന്റെ അരികിൽ നിന്ന് മുകളിലേക്ക് നോക്കുന്നവർ അനങ്ങാതെ അവിടെ തന്നെ നിന്ന് ജെറിനെ ഉറ്റുനോക്കുന്ന അഭിനയെ ആണ് കണ്ടത്. അവൾ അപ്പോഴും തന്നെ ശ്രദ്ധിക്കുന്നവരെ ഒന്നും കണ്ടിരുന്നില്ല. മറ്റേതോ ലോകത്തായിരുന്നു.