(രചന: ശ്രേയ)
” ഇത് കൈയിലിരിക്കട്ടെ അമ്മേ.. ”
സ്നേഹത്തോടെ മരുമകൾ ശാലിനി മുന്നിലേക്ക് വച്ചു നീട്ടിയ പണം കണ്ടപ്പോൾ ജാനകിയമ്മയുടെ കണ്ണ് മിഴിഞ്ഞു.
“എനിക്ക് വേണ്ട മോളെ.. ഇത്തിരി പൈസ അവൻ തന്നിട്ടുണ്ട്..”
അവർ സ്നേഹത്തോടെ നിരസിച്ചു.
” അതൊന്നും സാരമില്ല.. എന്റെ വകയായി ഇതും കൂടി കയ്യിലിരിക്കട്ടെ.. ”
മരുമകൾ നിർബന്ധപൂർവ്വം ജാനകിയമ്മയുടെ കയ്യിൽ പണം ഏൽപ്പിച്ചു. അവരുടെ കണ്ണ് നിറഞ്ഞു. അത് സന്തോഷം കൊണ്ടായിരുന്നു.
പക്ഷേ ആ വീടിന്റെ പടിയിറങ്ങി മുന്നോട്ടു നടക്കുമ്പോൾ ശാലിനി ഓർത്തതു മുഴുവൻ പണ്ട് തനിക്ക് മുന്നിൽ അരങ്ങേറിയ ചില രംഗങ്ങൾ ആയിരുന്നു.
ശാലിനി ഒരു സാധാരണ കുടുംബത്തിലെ അംഗമായിരുന്നു. അച്ഛനും അമ്മയും കൂലിപ്പണിക്കാർ ആയതു കൊണ്ട് തന്നെ വീട്ടിൽ അധികം സാമ്പത്തികം ഒന്നുമുണ്ടായിരുന്നില്ല.
ശാലിനിയെ വിവാഹം കഴിച്ചു കൊണ്ടുവരുമ്പോൾ അവളുടെ ഭർത്താവ് മധുവിനോട്, ജാനകിയമ്മ പറഞ്ഞിരുന്നതും അതു തന്നെയായിരുന്നു.
” അധികം സാമ്പത്തികവും ആൾബലവും ഒന്നുമില്ലാത്ത ഒരു വീട്ടിൽ നിന്ന് നിനക്ക് ഒരു പെണ്ണിനെ കണ്ടുപിടിച്ചത് ഒരുപാട് കാര്യങ്ങൾ മുന്നിൽ കണ്ടു കൊണ്ടാണ്.
സാമ്പത്തികം ഒന്നുമില്ലാത്ത വീട്ടിലെ പെൺകുട്ടിയാകുമ്പോൾ നമ്മൾ പറയുന്നതൊക്കെ അനുസരിച്ച് നമ്മുടെ വീട്ടിൽ നിൽക്കാൻ ആയിരിക്കും ആ കുട്ടി താൽപര്യപ്പെടുക. അത്യാവശ്യം സാമ്പത്തിക ചുറ്റുപാടും ഒക്കെ ഉള്ള വീടാണല്ലോ നമ്മുടെത്..
പിന്നെ ഓരോരോ നിസ്സാര കാരണങ്ങൾ പറഞ്ഞ് വീട്ടിലേക്ക് പിണങ്ങി പോകാൻ നിൽക്കില്ല. കാരണം തിരികെ ചെന്നാൽ വീട്ടിലെ സ്ഥിതി എന്തായിരിക്കും എന്ന് അവൾക്ക് നല്ല ബോധം ഉണ്ടായിരിക്കും.
വീട്ടിലെ പണികളൊക്കെ കണ്ടറിഞ്ഞു ചെയ്തോളും. കാരണം ഇവിടെ പിടിച്ചു നിൽക്കേണ്ടത് അവളുടെ മാത്രം ഉത്തരവാദിത്വമാണ്.
ശരിക്കും പറഞ്ഞാൽ നമ്മൾ പറയുന്നതൊക്കെ അനുസരിച്ച് നമ്മുടെ കുടുംബത്തിന് ചേരുന്ന ഒരു പെൺകുട്ടിയായി ഇവിടെ നിൽക്കാൻ അധികം സാമ്പത്തികം ഇല്ലാത്ത ഒരു കുട്ടിയാണ് നല്ലത്.
പിന്നെ ആൾബലം ഇല്ലാത്തത് ആകുമ്പോൾ നമ്മൾ ഒന്ന് ചീത്ത പറഞ്ഞാലോ നിയന്ത്രണം വിട്ട് ഒന്ന് പൊട്ടിച്ചാലോ ആരും ചോദിക്കാൻ വരില്ല.. ”
ജാനകിയമ്മ അന്ന് ലാഘവത്തോടെ പറഞ്ഞ കാര്യങ്ങൾ കേട്ട് മധു അമ്പരന്ന് അവരെ നോക്കിയിട്ടുണ്ട്.
” അമ്മ ഇതെന്തു വർത്തമാനം ആണ് പറയുന്നത്.? ഞാൻ വിവാഹം കഴിച്ചു ഒരു പെൺകുട്ടിയെ ഇവിടേക്ക് കൊണ്ടു വരുന്നത് ഇവിടെ അടിമയായി വാഴിക്കാനാണോ..? അവൾക്ക് അവളുടെതായ സ്വാതന്ത്ര്യങ്ങൾ ഇല്ലേ അമ്മേ..?”
അവൻ ചോദിച്ചത് ജാനകിയമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല.
“പെണ്ണ് കെട്ടി അവളെ ഇങ്ങോട്ട് കൊണ്ടുവന്നില്ല. അതിനു മുൻപ് തന്നെ അവൻ അച്ചിക്കോന്തനായി.
നിന്നെയൊക്കെ ഞാൻ എങ്ങനെ വിശ്വസിക്കും..? അവസാനകാലത്ത് വലിഞ്ഞുകയറി വരുന്ന അവളുമാരുടെ ആട്ടുംതുപ്പും കേട്ടു കിടക്കാൻ ആയിരിക്കും എനിക്ക് യോഗം.”
അമ്മ കണ്ണീർ പൊഴിച്ചപ്പോൾ മധുവിന് സഹിക്കാനായില്ല…
“അമ്മ ഇതെന്താ ഇങ്ങനെയൊക്കെ പറയുന്നത്.? ആരൊക്കെ വന്നാലും പോയാലും എന്റെ ജീവിതത്തിൽ അമ്മ കഴിഞ്ഞിട്ടല്ലേ ആരുമുള്ളൂ..”
അന്ന് മധു പറഞ്ഞ വാക്കുകൾ ജാനകിയമ്മയ്ക്ക് ഒരു പ്രചോദനമായി.
വിവാഹം കഴിഞ്ഞ് കയറി വന്ന പിറ്റേന്ന് വെളുപ്പിനെ തന്നെ ശാലിനിയുടെയും മധുവിന്റെയും മുറിയുടെ വാതിൽക്കൽ തട്ടിക്കൊണ്ട് ജാനകിയമ്മ അവരെ വിളിച്ചുണർത്തി.
” നേരം വെളുക്കുന്നതിനു മുൻപ് കുടുംബത്തിൽ പിറന്ന പെൺകുട്ടികൾ എഴുന്നേറ്റ് അടുക്കളയിൽ കയറണം. ഇതിനു മുൻപ് ഞാൻ തന്നെയായിരുന്നു ഇവിടെ ഈ പണികൾ മുഴുവൻ ചെയ്തിരുന്നത്.
ഇനിയിപ്പോൾ നീ വന്ന സ്ഥിതിക്ക് എനിക്ക് റെസ്റ്റ് എടുക്കാമല്ലോ.. ഇന്നു മുതൽ ഇവിടുത്തെ അടുക്കള ഭരണം മോള് ഏറ്റെടുക്കണം..”
ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി അമ്മായിയമ്മ പറഞ്ഞ വാചകം ശാലിനിയെ ചെറുതല്ലാത്ത രീതിയിൽ തന്നെ ഭയപ്പെടുത്തി.
അവൾ തന്റെ ഭയം മധുവിനോട് പറയുകയും ചെയ്തു.
” താൻ അമ്മയെ പിണക്കാൻ ഒന്നും നിൽക്കണ്ട. അമ്മ പറയുന്നതൊക്കെ കേട്ട് നന്നായി നിന്നാൽ അതിന്റെ ഗുണം നമുക്ക് തന്നെയാണ്.. ”
ഭർത്താവ് അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് ആകെ ഒരു മരവിപ്പാണ് തോന്നിയത്. ഒരുപക്ഷേ ഇനിയുള്ള തന്റെ ജീവിതം അമ്മായിയമ്മയ്ക്ക് കീഴിൽ തന്നെയായിരിക്കും എന്ന് ആ നിമിഷം അവൾക്ക് ഉറപ്പായി കഴിഞ്ഞിരുന്നു.
അവളുടെ ചിന്തകളെ ഊട്ടിയുറപ്പിക്കുന്നതു പോലെ തന്നെയായിരുന്നു പിന്നീടുള്ള ദിവസങ്ങൾ. ജാനകിയമ്മ എന്തു പറയുന്നു അതിൽ നിന്ന് ഒരല്പം പോലും മാറി ചിന്തിക്കാത്ത ഒരു മകൻ..!
അവൾ പ്രഗ്നന്റ് ആയിരിക്കുമ്പോൾ ഒരിക്കൽ അവൾക്ക്, പാൽപേട കഴിക്കണം എന്ന് അവൾ ഒരു ആഗ്രഹം പറഞ്ഞു. അവൻ സന്തോഷത്തോടെ വൈകുന്നേരം ജോലി കഴിഞ്ഞു വന്നപ്പോൾ അത് വാങ്ങിക്കൊണ്ടു വരികയും ചെയ്തു.
” ഈ ഗർഭം എന്നൊക്കെ പറയുന്നത് ചില പെണ്ണുങ്ങൾക്ക് കാര്യം നടത്തിയെടുക്കാനുള്ള ഒരു അവസരമാണ്.
അവന്റെ കയ്യിൽ പണമില്ലാതിരിക്കുന്ന ഈ സമയത്ത് അവനെക്കൊണ്ട് ഇങ്ങനെ ഓരോന്ന് വാങ്ങിപ്പിക്കാൻ നിനക്ക് നാണമില്ലേ..?
നിന്റെ അച്ഛനോടും അമ്മയോടും വേണം ഇങ്ങനെ കൊതിയുണ്ടെങ്കിൽ അതൊക്കെ പറയാൻ.ഇനിമേലിൽ അവനോട് അങ്ങനെ വല്ലതും പറഞ്ഞു എന്ന് ഞാൻ അറിയട്ടെ.. ”
മധു കയ്യിൽ കൊണ്ട് കൊടുത്ത പാൽപേട തട്ടിപ്പറിച്ചെടുത്തു കൊണ്ട് ശാലിനിയോട് അമ്മായിയമ്മ പറഞ്ഞത് അങ്ങനെയായിരുന്നു. പക്ഷേ അവരോട് പ്രതികരിക്കാൻ അന്ന് അവൾക്ക് കഴിയില്ലായിരുന്നു.
പക്ഷേ അന്ന് അവൾ മറ്റൊരു കാര്യം മനസ്സിൽ ഊട്ടിയുറപ്പിച്ചു കഴിഞ്ഞിരുന്നു. എന്തൊക്കെ സംഭവിച്ചാലും തനിക്ക് സ്വന്തമായി ഒരു വരുമാനമാർഗ്ഗം ഉണ്ടായേ മതിയാകൂ.
പിന്നീട് അവൾ അതിനുള്ള ശ്രമങ്ങളിലായിരുന്നു.ഇടയ്ക്ക് വീട്ടിൽ പോകുമ്പോൾ അച്ഛനും അമ്മയും തരുന്ന പണം സൂക്ഷിച്ചുവച്ച് ഒരു ഗൈഡ് വാങ്ങി.
അതു വച്ചായിരുന്നു പിന്നീടുള്ള പഠിത്തം.ഏഴാം മാസത്തിൽ കൃത്യമായി ചടങ്ങ് നടത്തി അവളെ വീട്ടിലേക്ക് കൊണ്ടുപോയ്ക്കൊള്ളാൻ ജാനകിയമ്മ പറഞ്ഞപ്പോൾ, അവൾക്ക് അതൊരു നല്ല അവസരം ആയിട്ടാണ് തോന്നിയത്.
അവൾ സ്വന്തം വീട്ടിൽ ഉണ്ടായിരുന്ന സമയം മുഴുവൻ ആത്മാർത്ഥമായി തന്നെ ഒരു ജോലിക്ക് വേണ്ടി പരിശ്രമിക്കുന്നുണ്ടായിരുന്നു.
ആ സമയത്ത് വന്ന പിഎസ്സി ടെസ്റ്റുകൾ എല്ലാം അവൾ നന്നായി പ്രിപ്പയർ ചെയ്ത് തന്നെ എഴുതുകയും ചെയ്തു.
പറ്റുന്ന എല്ലാ കോഴ്സുകളിലൂടെയും ഒരു ജോലിക്ക് വേണ്ടി അവൾ ആത്മാർത്ഥമായി തന്നെ ശ്രമിച്ചു.
പരിശ്രമിക്കുന്നവനെ ദൈവം കൈവിടില്ല എന്നു പറയുന്നത് ശാലിനിയുടെ കാര്യത്തിൽ സത്യമാണ് എന്ന് ഊട്ടിയുറപ്പിക്കുന്നത് പോലെയാണ് കാര്യങ്ങൾ മുന്നോട്ടു പോയത്.
അവളുടെ പ്രസവം കഴിഞ്ഞ് കൃത്യം മൂന്നാം മാസം ആയപ്പോൾ അവളെ മധുവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ജാനകിയമ്മ തയ്യാറായി.
വീണ്ടും ഒരു തടവറയിലേക്കാണ് താൻ നീങ്ങുന്നത് എന്ന് ശാലിനിക്ക് നന്നായി അറിയാമായിരുന്നു.
എങ്കിലും മുൻപത്തെ പോലെ താൻ തോറ്റു കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല എന്നുകൂടി ആ നിമിഷം അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു.
മധുവിന്റെ വീട്ടിൽ എത്തിയതോടെ അവൾക്ക് വിശ്രമം എന്നത് ഏഴ് അയലത്ത് കൂടി പോലും പോകാത്ത അവസ്ഥയിലായി. അപ്പോഴൊക്കെയും അവൾക്ക് നല്ലൊരു പ്രതീക്ഷയായി ഉണ്ടായിരുന്നത് അവൾ എഴുതിയ പിഎസ്സി ടെസ്റ്റുകൾ ആയിരുന്നു.
അധികം വൈകാതെ തന്നെ അതിന്റെ റിസൾട്ട് പബ്ലിഷ് ചെയ്യുകയും ചെയ്തു. അതറിയാൻ യാതൊരു മാർഗ്ഗവുമില്ലാതെ അവൾ വീർപ്പുമുട്ടി.
പക്ഷേ അവളെ ഞെട്ടിച്ചുകൊണ്ട് ഒന്ന് രണ്ട് മാസങ്ങൾക്കിടയിൽ പിഎസ്സിയുടെ അപ്പോയിൻമെന്റ് ഓർഡർ അവളെ തേടി എത്തി.അവളുടെ നാട്ടിൽ തന്നെ വില്ലേജ് ഓഫീസിൽ ഫീൽഡ് അസിസ്റ്റന്റ് ആയിട്ടാണ് അവൾക്ക് ജോലി കിട്ടിയത്.
അന്ന് അവൾക്കുണ്ടായ സന്തോഷത്തിന് അതിർ ഉണ്ടായിരുന്നില്ല. ജോലി കിട്ടിയ വിവരം വീട്ടിൽ അറിയിച്ചപ്പോൾ ജാനകി അമ്മയ്ക്ക് ആദ്യമൊക്കെ മുറുമുറുപ്പ് ഉണ്ടായിരുന്നു.
” ഇന്നത്തെ കാലത്ത് രണ്ടുപേർക്കും ജോലി ഉണ്ടെങ്കിൽ നന്നായി ജീവിക്കാൻ പറ്റും. ഒരു കുട്ടി വളർന്ന് വരികയല്ലേ.. അതിന്റെ കാര്യങ്ങൾ കൂടി നോക്കണ്ടേ..? അവൾ ജോലിക്ക് പൊയ്ക്കോട്ടെ..”
മധു കൂടി അവളെ സപ്പോർട്ട് ചെയ്തപ്പോൾ ജാനകി അമ്മയ്ക്ക് എതിർക്കാൻ മറ്റു മാർഗ്ഗങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.
സ്വന്തം വീട്ടിൽ നിന്നുകൊണ്ടു തന്നെ ശാലിനി ജോലിക്ക് പോകാൻ ആരംഭിച്ചു.ഒന്ന് രണ്ട് വർഷങ്ങൾക്കിടയിൽ തന്നെ ശാലിനിയുടെ നാട്ടിൽ ഒരു വീട് സ്വന്തമായി ഉണ്ടാക്കി.ഇപ്പോൾ അവർ കുടുംബമായി അവിടെയാണ് താമസം.
ഇടയ്ക്കൊക്കെ മധുവിന്റെ വീട്ടിലേക്ക് അവർ വരാറുണ്ട്. അങ്ങനെ വന്നു പോകുമ്പോൾ ശാലിനി കൃത്യമായി ഒരു തുക ജാനകിയമ്മയുടെ കയ്യിൽ ഏൽപ്പിക്കുകയും ചെയ്യും.
അവർ അന്ന് തട്ടിയെറിഞ്ഞ പാൽ പേടയ്ക്ക് പകരമായി ഒരുപാട് എണ്ണം വാങ്ങി കഴിക്കാനുള്ള പ്രാപ്തി ഇന്ന് തനിക്കുണ്ട് എന്ന് ഓരോ തവണയും അവരെ അറിയിക്കുന്നതു പോലെയാണ് ശാലിനിക്ക് തോന്നാറ്..!
ഒരു മധുര പ്രതികാരം…!!!