(രചന: J. K)
ക്ഷണിച്ചവരെല്ലാം വരിവരിയായി എത്തിത്തുടങ്ങി കൺവെൻഷൻ സെന്ററിലേക്ക്…
എല്ലാവരുടെയും മുഖത്ത് അത്ഭുതമായിരുന്നു… ഒപ്പം ജിജ്ഞാസയും… എല്ലാവരും എത്തിനോക്കുന്നത് സ്റ്റേജിലേക്കാണ്…
അപ്പോൾ അവിടം ശൂന്യമായിരുന്നു…
അഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുന്ന മാതൃക ദമ്പതികൾ ആണ് അഞ്ജലിയും ആദിത്യനും… വലിയൊരു ബിസിനസ് മാഗ്നെറ്റിന്റെ മകനാണ് ആദിത്യൻ… അഞ്ജലി ഒരു ഡോക്ടറും…
എല്ലാവരും അവരെ അസൂയയോടെയാണ് നോക്കിക്കാണുന്നത് വല്ലാതെ ചേർച്ചയാണ് അവർ തമ്മിൽ.. കൂടെ അവരുടെ രണ്ടു വയസ്സുകാരി മകളും….
എല്ലാവരും ഇരിപ്പിടത്തിൽ അക്ഷരമാരായി കാത്തു നിന്നു അവർക്ക് അധികം കാത്തു നിൽക്കേണ്ടി വന്നില്ല സ്റ്റേജിലേക്ക് തന്റെ കുഞ്ഞിന്റെ കൈയും പിടിച്ച് അവർ രണ്ടുപേരും അപ്പുറത്തും ഇപ്പുറത്തും നിന്ന് കടന്നുവന്നു….
ഉയർന്ന കയ്യടികളോടെ അവരെ എല്ലാവരും സ്വീകരിച്ചു….
മിസ്റ്റർ ആൻഡ് മിസ്സിസ് ആദിത്യൻ എല്ലാവരും അവരെ അസൂയയോടെ നോക്കി… വിലകൂടിയ വസ്ത്രത്തിൽ രണ്ടുപേരെയും കാണാൻ മനോഹരമായിരുന്നു…. ഒപ്പം ചിണുങ്ങിയും കൊഞ്ചിയും അവരുടെ കുഞ്ഞുമോളും….
നിറഞ്ഞ ചിരിയായിരുന്നു രണ്ടുപേരുടെയും മുഖത്ത് കുഞ്ഞിനെയും കൊണ്ട് അവർ സ്റ്റേജിലേക്ക് കയറി…..
“””” കുഞ്ഞിനെ കണ്ടു ആദിത്യനെ പറിച്ചു വെച്ച പോലെ…. “”” എന്ന് ഒരു വിഭാഗവും അല്ല അഞ്ജലിയുടേത് പോലെയാണെന്ന് മറ്റൊരു വിഭാഗവും തർക്കത്തിൽ ഏർപ്പെട്ടു….
അതൊന്നും ശ്രദ്ധിക്കാതെ അവർ സ്റ്റേജിൽ വച്ചിരിക്കുന്ന തട്ടു തട്ടായിട്ടുള്ള കേക്ക് രണ്ടുപേരും ചേർന്ന് മുറിച്ചു പരസ്പരം വായിൽ വച്ച് കൊടുത്തു ..
“”” കണ്ടുപഠിക്കൂ അവരുടെ സ്നേഹം എന്ന് പലരും അവരുടെ പങ്കാളികളോട് മുറുമുറുത്തിരുന്നു….
ഓരോരുത്തരും അവരുടെ ചെയ്തികളെ കണ്ണിമ ചിമ്മാതെ നോക്കി കണ്ടു ആദിത്യൻ തന്റെ ഭാര്യക്ക് ഇത്തവണ സമ്മാനമായി നൽകിയത് വളരെ വിലപിടിച്ച ഒരു വൈര നെക്ലേസ് ആണ്….
തിരിച്ച് അവൾ അതുപോലെ തന്നെ എക്സ്പെൻസീവ് ആയ ഒരു വാച്ചും…
കണ്ടുനിന്നവരുടെ മിഴികൾ പുറത്തേക്ക് തള്ളി…
എല്ലാവരും അവിടെ നിന്ന് ഭക്ഷണവും കഴിച്ച് പിരിഞ്ഞു.. അവരുടെയെല്ലാം മനസ്സിൽ അവരുടെയും സന്തോഷവും മാത്രമായിരുന്നു താങ്കൾക്കൊന്നും കഴിയാത്തത്… വിവാഹം കഴിഞ്ഞ് ഇത്രയും ആയിട്ടും അവർ എത്ര സ്നേഹത്തിലാണ് ഒത്തൊരുമയിലാണ്…
വീട്ടിലെത്തിയതും അയാൾ സമ്മാനിച്ച ഒരു വലിച്ചെറിഞ്ഞിരുന്നു അഞ്ജലി…
“””ഒരു സ്നേഹമുള്ള ഭർത്താവ്… എന്റെ മഹാ ഭാഗ്യം കേട്ട് മടുത്തു..ഒരു ഭാഗ്യം….”’
.
“”‘എന്താടീ അതീലിത്ര സംശയം എവിടെയോ കിടന്നവളെ ഇത്രയും വലിയ ബിസ്സിനെസ്സ് പാരമ്പര്യമുള്ള ഒരു വീട്ടിലേക്ക് കെട്ടി എടുത്തില്ലെ അത് നിന്റെ ഭാഗ്യം തന്നെയല്ലേ?”””
അസ്വസ്ഥയായി ഇരിക്കുന്ന അവളെ നോക്കി അയാൾ ആക്രോശിച്ചു…
“””ഭാഗ്യം.. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്.. ഭാഗ്യമാണത്രേ… പറയട്ടെ നിങ്ങൾ ആണും പെണ്ണും കെട്ടൊരു സ്ട്രീറ്റ് സ്കം ആണെന്ന്…
“””ഹൌ ഡയർ യൂ “”’
എന്നും പറഞ്ഞ് ആദിത്യന്റെ കൈ അപ്പോഴേക്ക് അഞ്ജലിയുടെ മുഖത്ത് വീണിരുന്നു…
“””താൻ എന്നെ അടിച്ചോ??””” എന്നും ചോദിച്ചു അവൾ അയാളുടെ നേർക്ക് ചെന്നു…
“””യെസ്… നിനക്ക് എന്താ ചെയ്യാൻ പറ്റുന്നത് എന്ന് വച്ചാൽ നീ ചെയ്യ് “”
എന്നും പറഞ്ഞ് അയാൾ പുറത്തേക്ക് ഇറങ്ങി പോയി… എല്ലാം കണ്ട് പേടിച്ച് കുഞ്ഞ് ഇരിക്കുന്നുണ്ടായിരുന്നു അവൾ മെല്ലെ കുഞ്ഞിന്റെ അരികിലേക്ക് ചെന്നു..
അവളെ മെല്ലെ ഉറക്കി… റൂം നിറയെ ക്ഷണിച്ച അതിഥികൾ കൊണ്ടുവന്ന സമ്മാനം കൊണ്ട് നിറഞ്ഞിരുന്നു….
ടു മിസ്റ്റർ ആൻഡ് മിസ്സിസ് ആദിത്യൻ…
മിസ്സിസ് ആദിത്യൻ “””
അവജ്ഞയോടെ അവൾ ആ പേര് ഉച്ചരിച്ചു…
ശരിക്കും ഈ വിവാഹം ഒരു ചതിയായിരുന്നു.. അയാൾക്ക് തന്റെ ഇണയെ തൃപ്തി പെടുത്താൻ കഴിവില്ലായിരുന്നു…
പക്ഷേ അത് മറച്ചുവെച്ച് വിദഗ്ധമായി അവർ ഈ കല്യാണം നടത്തി.. വലിയ ബിസിനസുകാരന്റെ മകന്റെ ആലോചന വന്നപ്പോൾ തന്റെ വീട്ടുകാരും മറിച്ചൊന്നും ചിന്തിച്ചില്ല….
ഇത് വേണ്ട തനൊരു സാധാരണ പെണ്ണായിട്ട് ഇരിക്കാൻ ആണ് ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞപ്പോൾ അവരെല്ലാം കൂടി എതിർത്തു…
ഈ വിവാഹം നടന്നു കഴിഞ്ഞാൽ തനിക്ക് കിട്ടുന്ന സ്ഥാനമാനങ്ങൾ.. സുഖലോലുപതകൾ… എല്ലാം എണ്ണിയെണ്ണി നിരത്തി.. ഒപ്പം അവരുടെയും പൊസിഷൻ ഉയരുമെന്നും…
വിവാഹത്തിന് താൻ സമ്മതിച്ചത് എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങിയാണ്…
വിവാഹം കഴിഞ്ഞ ആദ്യത്തെ രാത്രി തന്നെ അയാൾ പറഞ്ഞിരുന്നു അയാളുടെ കുറവിനെ പറ്റി..
എനിക്ക് ശരിക്കും ദേഷ്യം വരുകയാണ് ചെയ്തത്… ഒരുതരം വെറുപ്പ് ഇത്രയും സ്വാർത്ഥരായ ആളുകൾ ഇവിടെയുണ്ടോ എന്ന് ചിന്തിച്ചു ഞാൻ…
വീട്ടിലെത്തി എല്ലാം തുറന്നു പറഞ്ഞപ്പോൾ അവർ പറഞ്ഞത് അതെല്ലാം സഹിക്കണം എന്നായിരുന്നു… ഒന്നുമില്ലെങ്കിലും ഇത്ര വലിയ വീട്ടിലേക്ക് അവർ മറ്റൊന്നു നോക്കാതെ നിന്നെ മരുമകളായി സ്വീകരിച്ചില്ലേ.. നമുക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത ഒരു ബന്ധമാണ് ഇത് എന്ന്…
എന്നെ ചതിച്ച വിവാഹം കഴിച്ച അയാളെക്കാൾ എന്നെ തളർത്തിയത് എന്റെ സ്വന്തം വീട്ടുകാരുടെ ഈ വാക്കുകൾ ആയിരുന്നു..
ഒരു പരാജയത്തെ പോലെ അന്ന് ആ പടിയിറങ്ങി ഇനി ഒരിക്കലും തിരിച്ചു കയറില്ല എന്നും തീരുമാനിച്ച്….
അവിടെനിന്ന് അങ്ങോട്ട് അഭിനയമായിരുന്നു മാതൃകാ ദമ്പതികളെപ്പോലെ പുറമേക്കാരുടെ മുന്നിൽ പക്ഷേ വീടിനുള്ളിൽ ഞങ്ങൾ തീർത്തും അപരിചിതരായിരുന്നു…
കൃത്രിമ മാർഗ്ഗത്തിലൂടെ ഒരു കുഞ്ഞ് എന്നത് എന്റെ തീരുമാനമായിരുന്നു.. അതിന് കഴിവില്ലാത്തവനോട് ഉള്ള ഒരു മധുര പ്രതികാരം…..
ക്രൂരമാണ് എന്നറിയാം പക്ഷേ എന്നോട് കാണിച്ചതിന്റെ പകുതി പോലും ആവുന്നില്ല ഇത് എന്ന് തന്നെയായിരുന്നു എന്റെ വിശ്വാസം…
അയാൾക്ക് വിവാഹത്തിനുമുമ്പ് ഇതെല്ലാം എന്നോട് തുറന്നു പറയാമായിരുന്നു.
ഒരുപക്ഷേ എങ്കിലും എനിക്ക് വിവാഹത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഒന്നും കഴിയുമായിരുന്നില്ല കാരണം എന്റെ വീട്ടുകാർ ഇപ്പോൾ എന്നെ കാണുന്നത് ഒരു ബലിയാടിനെ പോലെ ആണ്..
എങ്കിലും ചതി പറ്റിയില്ലല്ലോ എന്നൊരു ആശ്വാസം എങ്കിലും എനിക്ക് ഉണ്ടാകുമായിരുന്നു…
കുഞ്ഞിന്റെ കാര്യം പറഞ്ഞപ്പോൾ
ആദ്യമൊക്കെ എതിർത്ത് മറ്റു വഴികളില്ലാതെ ആദിത്യനും ഒടുവിൽ അതിനു സമ്മതിച്ചു അങ്ങനെയാണ് തങ്ങളുടേത് എന്ന് പറയാൻ ഒരു മോള് ഉണ്ടായത്…
അതും ആഘോഷമാക്കി അയാൾ… എല്ലാവരെയും വിളിച്ച് അയാളുടെ കുഞ്ഞു പിറന്നു കാര്യം അയാൾ അറിയിച്ചു അത് വളരെ ആഘോഷപൂർവ്വം കൊണ്ടാടി അതും ഞങ്ങളുടെ ഭാഗ്യമായി വാഴ്ത്തപ്പെട്ടു…
ഇനിയും അഭിനയിക്കണം ഈ മുറിക്ക് പുറത്തേക്ക് ഇറങ്ങിയാൽ.. ഒരുപക്ഷേ ജീവിതകാലം മുഴുവൻ മാതൃക ദമ്പതികളുടെ ആ വേഷം കെട്ടിയാടണം .. ആളുകളെ അസൂയപ്പെടുത്തണം തങ്ങളെ കണ്ട് പഠിക്കാൻ അവരെ കൊണ്ട് പറയിക്കണം..
ഈ മുറിയിൽ എത്തുമ്പോൾ മാത്രം പച്ച മനുഷ്യനാവണം…. പരസ്പരം നോക്കുമ്പോൾ തന്നെ വിഷം ചീറ്റുന്ന രണ്ട് സർപ്പങ്ങൾ…..
ജീവിതം ഇങ്ങനെയാണ് നമ്മുടെ മുന്നിൽ ചിരിക്കുന്ന പല മുഖങ്ങൾക്ക് പിന്നിലും, വികൃതമായ ദുർഗന്ധം വമിക്കുന്ന പല കഥകളും ഉണ്ടാകാം…
അതെല്ലാം മറച്ചുവെച്ച് പുഞ്ചിരിയുടെ ഒരു ആവരണവും എടുത്തണിഞ്ഞു അവർ നമ്മുടെ മുന്നിൽ ഇങ്ങനെ നിൽക്കും…. അസൂയ ജനിപ്പിക്കും വിധത്തിൽ….