‘ഹാപ്പി സിക്സ്ത് വെഡിങ് ആനിവേഴ്സറി ശ്രീനാഥ് ആൻഡ് അമൃത.’
രാവിലെ അമ്പലത്തിൽ പോയി വന്ന് ഫ്രണ്ട്സ് ഗ്രൂപ്പിൽ വന്ന മെസ്സേജുകൾക്ക് മറുപടി കൊടുക്കുന്ന തിരക്കിലായിരുന്നു ശ്രീനാഥ്.
അമൃത അപ്പോഴേക്കും ഒരു കപ്പ് ചായയുമായി വന്ന് അവന് നൽകിയ ശേഷം തന്റെ ഫോണിൽ അതേ മെസ്സേജുകൾ നോക്കിക്കൊണ്ടിരുന്നു.
“അപ്പോൾ മാതൃക ദമ്പതികൾ ആറാം വർഷത്തിലേക്ക് കടക്കുകയാണ്. ഇനി പറഞ്ഞാട്ടെ ഈ ദാമ്പത്യത്തിന്റെ രഹസ്യം എന്താണ്…? അടിയില്ല, വഴക്കില്ല,പിണങ്ങി പോകലുകളില്ല, കുറ്റപ്പെടുത്തലുകൾ ഇല്ല. ഞങ്ങളും കൂടി അറിയട്ടെ അളിയാ…”
സുഹൃത്ത് അമലിന്റെ മെസ്സേജ് കണ്ട് രണ്ടാളും അറിയാതെ ചിരിച്ചു പോയി. അതിനൊരു കാരണവുമുണ്ട് എല്ലാവരും തങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ ശ്രീനാഥനോട് പങ്കുവയ്ക്കുമ്പോൾ അവൻ തന്റെ ജീവിതത്തിലെ ഒരു കാര്യവും അവരോട് ആരോടും പറഞ്ഞിരുന്നില്ല.
“ഒരു ടിപ് പറഞ്ഞു തരാം അമൽ.. ഞങ്ങളുടെ ജീവിതത്തിൽ എല്ലാ തീരുമാനങ്ങളും എടുക്കുന്നത് ഞങ്ങൾ മാത്രമാണ്. മൂന്നാമതൊരാൾ ഇതിനിടയിലേക്ക് കടന്നു വരാൻ ഞങ്ങൾ അനുവദിക്കാറില്ല. പിന്നെ ഏറ്റവും വലിയ കാര്യം ഞങ്ങൾ പരസ്പരം ഒന്നും മറച്ചു വയ്ക്കാറില്ല എന്നതാണ്. അവൾക്ക് അറിയാത്തതൊന്നും എന്റെ ജീവിതത്തിലും എനിക്ക് അറിയാത്തതൊന്നും അവളുടെ ജീവിതത്തിലും ഇല്ല.”
തൊട്ടടുത്തിരുന്ന് ശ്രീനാഥിന്റെ മറുപടി കണ്ടതും അത്ര സമയം പൂർണ്ണചന്ദ്രനെ പോലെ ശോഭിച്ചുകൊണ്ടിരുന്ന അമൃതയുടെ മുഖം അമാവാസി പോലെ ഇരുണ്ടു.അവൾ ഫോൺ ബെഡിലേക്ക് വെച്ച് അവിടെ നിന്ന് എഴുന്നേറ്റു.
” നീ എങ്ങോട്ടാ അമ്മു? ”
” ഇവിടെ ഇങ്ങനെ ഇരുന്നാൽ മതിയോ ഉച്ചയ്ക്ക് ഉണ്ണണ്ടേ? അമ്മയും അച്ഛനും അടുക്കളയിൽ പൊരിഞ്ഞ പണിയില… എല്ലാ വിവാഹ വാർഷികത്തിനും അവരുടെ വക സദ്യ പതിവുള്ളതല്ലേ? ഞാനും പോയി കൂടട്ടെ…’
അതും പറഞ്ഞ് അവൾ അടുക്കലയിലേക്ക് നടന്നു. അടുക്കളയിൽ അച്ഛനും അമ്മയും നല്ല പണിയിലായിരുന്നു. അമ്മ പാചകത്തിലും അച്ഛൻ തേങ്ങാ ചിരകുന്ന തിരക്കിലും ആയിരുന്നു.
“എന്താ മോളെ അമ്പലത്തിൽ പോയി നല്ലോണം പ്രാർത്ഥിച്ചോ?”
” ആ അമ്മേ …. “കൊത്തിയരിയാനുള്ള ക്യാബേജ് കയ്യിലെടുത്തു കൊണ്ട് അവൾ മറുപടി പറഞ്ഞു.
“പ്രാർത്ഥിക്… ദൈവം വിചാരിച്ചാൽ നടക്കാത്തത് എന്താ കുട്ട്യേ ഉള്ളത്?ഈശ്വരന്റെ അനുഗ്രഹം കൊണ്ട് അടുത്തവർഷം ആവുമ്പോഴേക്കും ഈ വീട്ടിൽ ഒരു കുഞ്ഞിക്കാല് കാണും.” അവർ ദീർഘനിശ്വാസത്തോടെ പറഞ്ഞു.
“എന്താ യശോദേ നല്ലൊരു ദിവസമായിട്ട് കുട്ടിയെ വിഷമിപ്പിക്കുകയാണോ നീ?” തേങ്ങ ചിരകിക്കൊണ്ടിരിക്കവേ അയാൾ അവരെ ശകാരിച്ചു.
“അല്ല കൃഷ്ണേട്ടാ ഞാൻ വെറുതെ പറഞ്ഞെന്നേയുള്ളൂ… അല്ലെങ്കിലും വൈകി കിട്ടുമ്പോഴേ എന്തിനും മാധുര്യം കൂടുകയുള്ളു..”അവർ അവളെ സമാധാനിപ്പിക്കും മട്ടിൽ പറഞ്ഞുകൊണ്ട് തന്റെ ജോലികൾ തുടർന്നു.
അവരത് പറഞ്ഞെങ്കിലും അവളുടെ മനസ്സ് നിറയെ ശ്രീനാഥ് പറഞ്ഞ കാര്യമായിരുന്നു.” അവൾക്ക് അറിയാത്തതൊന്നും എന്റെ ജീവിതത്തിലും എനിക്ക് അറിയാത്തതൊന്നും അവളുടെ ജീവിതത്തിലും ഇല്ല”. ശ്രീയേട്ടൻ എത്ര ആത്മവിശ്വാസത്തോടെയാണ് അത് പറഞ്ഞത്. ശരിക്കും തന്റെ ജീവിതത്തിൽ നടന്നതെല്ലാം ശ്രീ ഏട്ടനോട് താൻ പറഞ്ഞിട്ടുണ്ടോ?
” ഇല്ല… തന്റെ ഭർത്താവിനോട് എന്നല്ല ഈ ലോകത്ത് മറ്റാർക്കും അറിയാത്ത ഒരു രഹസ്യം തന്റെ ഉള്ളിലുണ്ട് ഒരുപക്ഷേ അത് ആരോടെങ്കിലും ഒന്ന് തുറന്നു പറയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ.. ”
ആലോചനയിൽ മുഴുകി കൊണ്ട് കാബേജ് കൊത്തി നുറുക്കവേ പെട്ടെന്ന് ക്യാബേജിന് പകരം അവളുടെ വിരലിനാണ് വെട്ടുകൊണ്ടത്.
പെട്ടെന്നുണ്ടായ വേദനയിൽ അവളുടെ അമ്മേ എന്നുള്ള വിളി കേട്ടപ്പോഴാണ് അച്ഛനും അമ്മയും അത് ശ്രദ്ധിച്ചത്. വിരലിൽ നിന്നും ചോര നിർത്താതെ ഒഴുകുകയായിരുന്നു.
“എന്താ മോളെ ശ്രദ്ധിക്കേണ്ടേ?പണിയൊക്കെ ഞങ്ങൾ ചെയ്തോളാം നീ പോയി റസ്റ്റ് എടുക്ക്.” അച്ഛനും അമ്മയ്ക്കും വെപ്രാളമായി അവരുടെ ശബ്ദം കേട്ടാണ് ശ്രീനാഥും അവിടേക്ക് ഓടി വന്നത്.
“നിനക്കൊന്ന് ശ്രദ്ധിച്ചൂടെ അമ്മു? ഇയിടെയായി നിനക്ക് ഒരു ശ്രദ്ധയുമില്ല. എവിടെയൊയാണ് മൈൻഡ്. അതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്?” അവൻ വന്ന പാടെ ശകാരം തുടങ്ങി.
” നീ ഇനി അവളെ വഴക്ക് പറഞ്ഞുകൊണ്ട് നിൽക്കാതെ എന്തെങ്കിലും മരുന്ന് വെച്ച് കെട്ട് ശ്രീക്കുട്ടാ… കണ്ടില്ലേ ചോര പോണത്.. ”
പിന്നെ അവൻ ഒന്നും മിണ്ടിയില്ല അവളെ മുറിയിലെ കട്ടിലിൽ കൊണ്ടിരുത്തി മരുന്ന് വയ്ക്കാൻ തുടങ്ങി.
” ശ്രീയേട്ടാ..എനിക്കൊരു കാര്യം പറയാനുണ്ട്. “ഗൗരവത്തോടെ അവൾ പറഞ്ഞു.
“എന്താ?”
” ഞാൻ ശ്രീയേട്ടനിൽ നിന്ന് മറച്ചുവെച്ച ഒരു കാര്യമുണ്ട്. ”
” എന്താണത്? “അവൻ അത്ഭുതത്തോടെ അവളെ നോക്കി.
“”കുറെവട്ടം ഞാൻ ശ്രമിച്ചതാണ് ശ്രീയേട്ടനോട് മാത്രം ഇത് തുറന്നു പറയാൻ. ഒരുപക്ഷേ അതെനിക്ക് കഴിഞ്ഞിരുന്നുവെങ്കിൽ നെഞ്ചിലെ ഈ ഭാരം കുറച്ചെങ്കിലും കുറഞ്ഞു കിട്ടിയേനെ…”
ഒരു നിമിഷം നിർത്തി അവന്റെ മുഖം നോക്കാതെ തന്നെ അവൾ തുടർന്നു.
” ശ്രീയേട്ടൻ എന്നോട് പലവട്ടം ചോദിച്ചിട്ടില്ലേ എനിക്കെന്താ സ്വന്തം വീട്ടിലേക്ക് പോകാൻ മടിയെന്ന്.. സാധാരണ വിവാഹം കഴിഞ്ഞ പെൺകുട്ടികൾ സ്വന്തം വീട്ടിലേക്ക് പോകാൻ ഒരു അവസരം കാത്തുനിൽക്കും. പക്ഷേ ഇവിടെ അമ്മയും അച്ഛനും ശ്രീയേട്ടനും ഒക്കെയും നിർബന്ധിച്ചാണ് എന്നെ പറഞ്ഞയക്കാറ്. ഏതൊരു പെൺകുട്ടിക്കും താൻ ജനിച്ചു വളർന്ന വീട് തന്നെയാണ് സ്വർഗ്ഗം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അതെനിക്ക് നരകമാണ് ശ്രീയേട്ടാ…ഞാൻ ഒരിക്കലും പോകാൻ ആഗ്രഹിക്കാത്ത ഒരു നരകം. കുഞ്ഞുനാൾ മുതൽ അങ്ങനെയൊരു നരകത്തിൽ ജീവിച്ചത് കൊണ്ടാവാം വിവാഹശേഷം ദൈവം എനിക്ക് ഇതുപോലെ ഒരു സ്വർഗ്ഗം തന്നത്. ”
” എന്താ അമ്മു നീ ഈ പറഞ്ഞു വരുന്നത്? ”
“എന്നുമുതലാണ് എനിക്ക് എന്റെ വീട് നരകം ആകാൻ തുടങ്ങിയതെന്ന് ചോദിച്ചാൽ ഞാനൊരു ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതലാണെന്ന് പറയാം. ഒരു ബാലികയിൽ നിന്ന് പെൺകുട്ടി യിലേക്കുള്ള വളർച്ച എന്റെ ശരീരം പ്രകടമാക്കി തുടങ്ങിയ നാൾ മുതൽ. ഒരു ചെറിയ ഓല വീടായിരുന്നു അന്ന് ഞങ്ങളുടേത്. ഒറ്റമുറി.അമ്മയും അച്ഛനും ഞങ്ങൾ രണ്ടു പെൺമക്കളും ഒരുമിച്ചാണ് അന്നൊക്കെ കിടന്നിരുന്നത്.
ഞങ്ങൾ രണ്ട് പെൺമക്കൾ കൂടെ കിടക്കുന്നുണ്ടെന്ന ബോധ്മില്ലാതെ ആയിരുന്നു അച്ഛനും അമ്മയും അവരുടെ ദാമ്പത്യ ജീവിതം പൂർണമാക്കിയിരുന്നത്. പല രാത്രികളിലും കേൾക്കാൻ ആഗ്രഹിക്കാത്ത ശബ്ദങ്ങൾ എന്റെ ഉറക്കത്തെ തച്ചുടച്ചിട്ടുണ്ട്.ഇവർക്ക് നാണമില്ലേ മക്കളുടെ ഇടയിൽ കിടന്ന് ഇങ്ങനെ ചെയ്യാൻ എന്ന് എന്റെ കുഞ്ഞു മനസ്സ് പലവട്ടം ചിന്തിച്ചിട്ടുണ്ട്. എന്നെപ്പോലെ ചേച്ചിയും ആ ശബ്ദങ്ങൾ കേട്ട് ഞെട്ടി ഉണരാറുണ്ടോ എന്ന് ഞാൻ ചിന്തിക്കാറുണ്ട് പക്ഷേ ചോദിച്ചിട്ടില്ല.സ്വന്തം അച്ഛന്റെയും അമ്മയുടെയും ലൈംഗിക ബന്ധത്തെ പറ്റി എന്ത് ചോദിക്കാനാണ്?. ഇനി അഥവാ അവൾ അറിഞ്ഞാൽ വഴക്ക് പറഞ്ഞാലോ…?അത് ഭയന്ന് ഞാൻ അന്ന് അത് ഉള്ളിൽ ഒതുക്കി.
കോണ്ടത്തിന്റെ പാക്കറ്റുകൾ ഞാൻ ആദ്യമായി കാണുന്നത് സ്വന്തം വീട്ടിൽ നിന്ന് തന്നെയാണ്. അന്ന് അത് എന്തിനാണ് എന്ന് പോലും എനിക്കറിയില്ലായിരുന്നു. എന്നെ പ്രസവിച്ചതിനുശേഷം അമ്മ പ്രസവം നിർത്തിയിരുന്നില്ല എന്നും ഇനിയൊരു ഗർഭം ഉണ്ടാകാതിരിക്കാനാണ് അത് ഉപയോഗിച്ചിരുന്നത് എന്നും പിന്നീട് വലുതായപ്പോഴാണ് എനിക്ക് മനസ്സിലായത്.ഉപയോഗശേഷം അവിടെയും ഇവിടെയും കിടന്നിരുന്ന പാക്കറ്റിന്റെ പുറത്തെ നഗ്നചിത്രങ്ങൾ അന്നും എന്നെ ഏറെ അസ്വസ്ഥമാക്കിയിരുന്നു. അതേപ്പറ്റി ആരോടെങ്കിലും ചോദിക്കാനും പേടിയായിരുന്നു. ”
“അന്ന് ആ രാത്രി ഞങ്ങൾ ഉറങ്ങിയെന്ന് കരുതിയാണ് അച്ഛൻ തന്റെ ആവശ്യത്തിനായി അമ്മയെ സമീപിച്ചത്. എന്നാൽ താല്പര്യമില്ലാത്ത മട്ടിൽ അമ്മ കൈതട്ടി മാറ്റിയത് ഇറയത്ത് തൂക്കിയിട്ടിരുന്ന ചിമ്മിണി വിളക്കിന്റെ വെട്ടം ഓല കീറിന്റെ വിടവിലൂടെ വന്നതുകൊണ്ട് ഞാൻ കണ്ടിരുന്നു. ഒരുതരത്തിലും രക്ഷയില്ലെന്ന് അച്ഛന് മനസ്സിലായിട്ടുണ്ടാകണം പിന്നീട് അതിനുള്ള ശ്രമം ഉണ്ടായില്ല. അപ്പോഴാണ് ദാഹം തോന്നി ഞാൻ വെള്ളം വേണമെന്ന് പറഞ്ഞത്. അമ്മ വെള്ളം എടുത്തു തന്നപ്പോൾ അത് കുടിച്ച് കിടക്കാൻ ഒരുങ്ങിയ എന്നോട് അച്ഛൻ അച്ഛന്റെ അടുത്ത് കിടന്നോളാൻ പറഞ്ഞു. അമ്മയും നിർബന്ധിച്ചപ്പോൾ പിന്നെ ഞാൻ മടിച്ചില്ല കാരണം എന്റെ അച്ഛനല്ലേ എന്നെ ഏറ്റവും അധികം സംരക്ഷിക്കേണ്ടയാൾ… ഞാൻ ചെന്ന് കിടന്നതും അച്ഛനെന്നെ കെട്ടിപ്പിടിച്ചു. ഒരു അച്ഛന്റെ സ്നേഹം ആയേ ഞാൻ അതിനെ കണ്ടുള്ളൂ.. പക്ഷേ പിന്നീടാണ് ഞാൻ പോലും വിചാരിക്കാത്ത കാര്യങ്ങൾ അവിടെ നടന്നത്. അച്ഛൻ എന്റെ വസ്ത്രം മാറ്റി മേലാകെ കയ്യോടിച്ചു.നെഞ്ചിൽ മാറിമാറി അമർത്തി കൊണ്ടിരുന്നു. പാവാട പൊക്കി അടിവസ്ത്രത്തിന് മുകളിലൂടെ ജനനേന്ത്രിയത്തിൽ കൈ അമർത്തി. ഒരു നിമിഷം ഞാൻ പകച്ചു പോയി. എനിക്ക് ജന്മം തന്ന എന്റെ അച്ഛൻ തന്നെയാണോ എന്ന് ഞാൻ സംശയിച്ചു.. ഇല്ല ഇതൊരിക്കലും ഒരു അച്ഛന്റെ സ്നേഹ പ്രകടനം അല്ല. ഒരു നിമിഷം ഞാൻ പകച്ചു പോയി.ഇനി എന്താണ് ചെയ്യുക? പെട്ടെന്ന് ആ തട്ടിമാറ്റിക്കൊണ്ട് ഞാൻ ചേച്ചിയുടെ അടുത്ത് കിടന്നോളാം എന്ന് പറഞ്ഞ് ഉറങ്ങിക്കിടന്ന ചേച്ചിയുടെ അപ്പുറത്തേക്ക് ഞാൻ മാറി കിടന്നു… എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നിയെങ്കിലും അന്നേരം അയാൾ ഒന്നുമറിയാത്ത മട്ടിലാണ് കിടന്നത്. എനിക്ക് അന്ന് ഉറക്കെ നിലവിളിക്കാൻ തോന്നി. അച്ഛൻ ഇങ്ങനെയൊക്കെ ചെയ്തെന്ന് അമ്മയോട് പറഞ്ഞു കരയാൻ തോന്നി. പക്ഷേ പേടിയായിരുന്നു. അമ്മയെ കിട്ടാത്തത് കൊണ്ട് തന്റെ കാമം തീർക്കാൻ ഒരച്ഛൻ മകളുടെ ശരീരത്തെ ആശ്രയിച്ചിരിക്കുന്നു. ആ നിമിഷം മുതൽ ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്ന ഒരാളായി അയാൾ മാറി.
പിറ്റേന്ന് രാവിലെ ഒന്നും സംഭവിക്കാത്ത മട്ടിൽ അയാൾ എന്നോട് പെരുമാറി. പക്ഷേ ഒരച്ഛൻ എന്ന നിലയിൽ അയാളെ കാണാനോ അംഗീകരിക്കാനോ എനിക്ക് കഴിഞ്ഞില്ല. അയാളെ തൊടാൻ പോലും പിന്നീട് എനിക്ക് അറപ്പായി. ഒറ്റയ്ക്കിരിക്കുമ്പോൾ അയാൾ അടുത്ത് വരുന്നതു പോലും പിന്നീട് എനിക്ക് ഭയമായി. ആ ട്രോമ ഇന്നും എന്റെ മനസ്സിൽ മായാതെ കിടപ്പുണ്ട്. വലുതാകുന്നതോറും അച്ഛനെ അനുസരിക്കാത്ത, തറുതല പറയുന്ന ഒരു അമ്മുവിനെ മാത്രമേ അമ്മയ്ക്ക് അറിയാവൂ.. എന്റെ നെഞ്ചിൽ എരിയുന്ന തീ എന്താണെന്ന് ഒരിക്കലും അമ്മയ്ക്ക് അറിയില്ല. ഇന്ന് ആ മനുഷ്യന് പ്രായമായി. മക്കളെ കാണണമെന്ന് ഇടയ്ക്ക് പറയാറുണ്ടത്രേ… പക്ഷെ എത്ര പ്രായമായാലും, നിസ്സഹായനായാലും എന്റെ മനസ്സിൽ അയാൾക്ക് അച്ഛനെന്ന സ്ഥാനമില്ല ഒരിക്കലും.
“അമ്മു നീ എന്താ ഈ ആലോചിക്കുന്നേ? കുറെ നേരമായല്ലോ ഞാൻ ശ്രദ്ധിക്കുന്നത്.”
ശ്രീനാഥ് തട്ടി വിളിച്ചപ്പോഴാണ് ചിന്തയിൽ നിന്നും അവൾ ഉണർന്നത്.
” അപ്പോൾ ഇതൊന്നും താൻ ശ്രീയേട്ടനോട് പറഞ്ഞതായിരുന്നില്ലേ? ”
” മതി ചിന്തിച്ചത്. മരുന്ന് വച്ചിട്ടുണ്ട് നീ കിടന്നോ..അടുക്കളയിലേക്ക് ഞാൻ പൊയ്ക്കോളാം.. ” ശ്രീനാഥ് മുറിവിട്ട് ഇറങ്ങിയതും അവൾ കട്ടിലിൽ കിടന്നു അന്നേരം മിഴികൾ തുളുമ്പി കൊണ്ടിരുന്നു.
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴാണ് അമ്മ ഭക്ഷണം എല്ലാം പൊതികളിലാക്കി അമൃതയുടെ അച്ഛനും അമ്മയ്ക്കും കൊണ്ട് കൊടുക്കാൻ പറഞ്ഞത്.മനസ്സിലാ മനസ്സോടെയാണ് അവൾ ശ്രീനാഥിനോടൊപ്പം പുറപ്പെട്ടത്.
” അമ്മു വന്നിട്ട് കുറെ നാളായില്ലേ മോനെ.. ഞങ്ങൾക്ക് ഇവരല്ലേ ഉള്ളൂ.. ഇവരുടെ അച്ഛൻ ആണെങ്കിൽ ഇപ്പോൾ എഴുന്നേറ്റ് നടക്കാൻ കൂടി വയ്യ രണ്ട് ദിവസം മോൾ ഇവിടെ നിൽക്കട്ടെ… അത് അങ്ങേർക്കും ഒരു ആശ്വാസം ആകും. ”
അമ്മ അത് പറയുമ്പോൾ സമ്മതിക്കല്ലേ ശ്രീയേട്ടാ എന്ന് അവൾ മനസ്സിൽ പറഞ്ഞു.
“അതിനെന്താ അമ്മേ അവൾ ഇവിടെ നിൽക്കട്ടെ ഞാൻ രണ്ടു ദിവസം കഴിഞ്ഞു വരാം.”
അതും പറഞ്ഞ് ശ്രീനാഥ് പോയപ്പോൾ അവർ അവളെയും കൂട്ടി പോയത് അച്ഛന്റെ അടുത്താണ്. അവളെ കണ്ടതും ശോഷിച്ചു തുടങ്ങിയ കൈകൾ കൊണ്ട് അവളുടെ കൈമുറുകെപ്പിടിച്ച് അയാൾ തേങ്ങി കരഞ്ഞു. അത് കണ്ട് അമ്മയും കരഞ്ഞു. അവൾ മാത്രം പാറ പോലെയിരുന്നു. ആ കൈകൾ ഇപ്പോഴും തന്നെ സ്പർശിക്കുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത അസ്വസ്ഥത തോന്നി, വെറുപ്പ് തോന്നി.
അവിടെനിന്ന് ഒന്നും മിണ്ടാതെ സ്വന്തം മുറിയിൽ വന്നു കിടക്കുമ്പോൾ അവൾ തിരിച്ചറിഞ്ഞു, താൻ മരിക്കുവോളം തന്റെ ഉള്ളിൽ ഈ കാര്യങ്ങൾ ആരോടും പറയാനാകാതെ തന്നെ വേട്ടയാടി കൊണ്ടിരിക്കുമെന്ന് . ഒരുപക്ഷേ തന്റെ ചേച്ചിക്കും ഉണ്ടായിരിക്കുമോ ഇതുപോലെ ഒരു അനുഭവം? ഉണ്ടാകാം.. ആരോടും പറയാൻ ആവാതെ ജീവൻ നിലനിൽക്കുന്ന കാലം വരെ മനസ്സിനെ നോവിക്കാൻ പാകത്തിൽ ഒരു അനുഭവം ഓരോ പെൺകുട്ടിയുടെ ജീവിതത്തിൽ ഉണ്ടായേക്കാം…
അംബിക ശിവശങ്കരൻ