എന്റെ വിവാഹദിനത്തിലാണ് ഞാൻ ഏറ്റവും കൂടുതൽ പഴി കേട്ടത്. സാധാരണഗതിയിൽ ഏവരുടെയും അനുഗ്രഹവും ആശിർവാദവും നേടി….

എന്റെ വിവാഹദിനത്തിലാണ് ഞാൻ ഏറ്റവും കൂടുതൽ പഴി കേട്ടത്.

സാധാരണഗതിയിൽ ഏവരുടെയും അനുഗ്രഹവും ആശിർവാദവും നേടി,
ഓരോ സ്ത്രീകളും ജനിച്ച് വളർന്ന വീട്ടിൽ നിന്നും ഭർത്താവിന്റെ വീട്ടിൽ പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ യാത്രയാകുന്ന ദിവസമാണതെങ്കിലും,എന്റെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല.

കാരണം,ഇരുപത്തിയൊൻപതാമത്തെ വയസ്സിൽ എന്റെ കഴുത്തിൽ ശ്രാവൺ താലിചാർത്തിയതിന് ശേഷം,
വലതുകാൽ വച്ച് കയറേണ്ടത് ഞങ്ങൾ സ്വന്തമാക്കിയ വീട്ടിലേക്കായിരിക്കണമെന്ന് എനിക്ക് നിർബന്ധമായിരുന്നു..

അത് ഞങ്ങളുടെ സ്വപ്നഭവനമാണ്.
ഞാൻ അഞ്ചുസെന്റിൽ
അറുന്നൂറ്‌ സ്ക്വയർ ഫീറ്റിൽ ഒരു വീട് സ്വന്തമാക്കിയിരുന്നു. മുകളിലേക്ക് ഒരു നില കൂടി ഭാവിയിൽ പണിയാൻ പറ്റുന്ന തരത്തിൽ
ഞങ്ങളുടെ ആഗ്രഹം പോലെ പണിത
ആ വീട് ഞങ്ങളുടെ സ്വപ്നഭവനമാണ്..

എന്റെ പുരുഷനോടൊപ്പം ഞങ്ങളുടേതുമാത്രമായ
ഒരു ലോകം കെട്ടിപ്പടുക്കണമെന്നൊരു മോഹം എനിക്കുണ്ടായിരുന്നു..

മറ്റുള്ളവർ അതിനെ എന്റെ സ്വാർത്ഥത എന്നാണ് പറഞ്ഞതെങ്കിലും,
എന്നെ മനസ്സിലാക്കാൻ മാത്രമുള്ള മാനസിക വലിപ്പം അവർക്കില്ലെന്ന് കരുതി ഞാൻ സ്വയം ആശ്വസിക്കുകയാണ് ചെയ്തത്.

ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ഞാനും ശ്രാവണും പ്രണയത്തിലായത്…

സ്വന്തമായി ഒരു ജോലി നേടി. നമ്മുടേതെന്ന് പറയാൻ, ഒരിടം ഉണ്ടാക്കുന്നത് വരെ വിവാഹത്തെക്കുറിച്ച് സംസാരിക്കരുതെന്ന് അന്നേ ഞങ്ങൾ പരസ്പരം പ്ലാൻ ചെയ്തിരുന്നു.

ഉള്ളത് പറയാമല്ലോ എന്റെ ചിന്തകളെയൊക്കെ മനസ്സിലാക്കാൻ കഴിയുന്ന ഒരാളായിരുന്നു ശ്രാവൺ.

ഒരിക്കലും എന്റെ ഒരു കാര്യത്തിലും അമിതമായി കൈ കടത്തുകയോ, എന്നെ നിയന്ത്രിക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന ഒരാളായിരുന്നില്ല ശ്രാവൺ അതുപോലെതന്നെയായിരുന്നു ഞാനും.
ഒരു പരിധിക്കപ്പുറം ഞാൻ ഒരിക്കലും
ആരിലും ഇടിച്ചു കയറാൻ ശ്രമിച്ചിട്ടില്ല, സ്വാതന്ത്ര്യത്തിന് തടസ്സം നൽകാൻ നോക്കിയിട്ടുമില്ല.

പക്ഷേ ഞാൻ ചെയ്യുന്ന ഒരു കാര്യം ശരിയല്ല എന്ന് ശ്രാവണിന് തോന്നിയാൽ, അതെന്റെ മുഖത്തുനോക്കി തന്നെ പറയും.

ഉള്ളത് പറയാമല്ലോ ഞാൻ അങ്ങനെ ഒരാളെയാണ് എന്റെ ജീവിതത്തിൽ കൂട്ടാൻ ആഗ്രഹിച്ചിരുന്നത്…

എന്റെ തെറ്റുകളെ ചൂണ്ടിക്കാണിച്ചു തരികയും എന്റെ ശരികളിൽ എന്നോടൊപ്പം ഉറച്ചുനിൽക്കുകയും ചെയ്യുന്നയാളാണ് എന്റെ ശ്രാവൺ, അക്കാര്യത്തിൽ ഞാനൊരു ഭാഗ്യവതി തന്നെയാണ്…

വിവാഹിതയായ ഏതൊരു സ്ത്രീയും ഭർത്താവിന്റെ വീട്ടിൽ ജീവിക്കേണ്ടവളാണ് എന്നുള്ളത് തികച്ചും പ്രാകൃതമായ
ഒരു ചിന്താഗതിയാണെന്ന് ഞാൻ എക്കാലവും വിശ്വസിച്ചു..

കാരണം എന്റെ ചുറ്റുപാടുമുള്ള സ്ത്രീകളൊക്കെ മനസമാധാനത്തോടെ കഴിയുന്നവർ ആയിരുന്നില്ല. അവരിൽ ഒരാളായി ജീവിക്കാൻ എന്നെക്കൊണ്ട് കഴിയുമായിരുന്നില്ല.

എന്റെ അമ്മയായാലും, അമ്മായി ആയാലും,
അയൽവക്കത്തെ ചേച്ചി ആയാലും ശരി,
ഞാൻ പരിചയപ്പെട്ടവരിൽ ഏറെ സ്ത്രീകളും വിവാഹശേഷം ഒരുപാട് കുറ്റപ്പെടുത്തലുകളും സങ്കടങ്ങളും അനുഭവിച്ച് ജീവിക്കുന്നവരാണ്.
എനിക്കത് സാധ്യമല്ല.

മറ്റുള്ളവരുടെ വഴി അതേപോലെ പിന്തുടരാൻ എന്നെക്കൊണ്ട് ഒരിക്കലും കഴിയില്ല…

സ്വന്തമായി, ശരിയുടെ ഒരു പാതയുണ്ടാക്കി അതിലെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നു ഒരു പെൺകുട്ടിയായിരുന്നു ഞാൻ..

വിവാഹദിനം മുതൽ ഞാൻ കേൾക്കാത്ത പഴികൾ ഉണ്ടായിരുന്നില്ല.

കണ്ടറിയാം ഇതെവിടെ വരെ പോകുമെന്ന്.
ഏറി വന്നാൽ ഒരു മൂന്നുമാസം അതിനിടയിൽ രണ്ടും രണ്ട് വഴിക്കാകും എന്നൊക്കെ പലരും പറഞ്ഞു.

ആശിർവാദങ്ങൾക്ക് പകരം മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകൾ കേട്ടുകൊണ്ടാണ് ഞങ്ങളുടെ ആ ദിനം ആരംഭിച്ചത്…

പക്ഷേ അവർ പ്രതീക്ഷിച്ചതുപോലെ ഒന്നും സംഭവിച്ചില്ല.

ഞങ്ങൾ രണ്ടാളും സന്തുഷ്ടമായി
മുന്നോട്ടു ജീവിക്കുന്നത് കണ്ടപ്പോൾ കുറ്റപ്പെടുത്തലുകൾ അല്പം കുറഞ്ഞുവന്നു.

എങ്കിലും ഞങ്ങൾക്കിടയിൽ ഒരു കുഞ്ഞു വന്നു കഴിഞ്ഞാൽ വിവരമറിയും,
ആര് കുഞ്ഞിനെ നോക്കും, ആരാണ്
ഒരു സഹായത്തിനുള്ളത് എന്നൊക്കെയായി പിന്നെയുള്ള സംസാരങ്ങൾ…

വിവാഹം കഴിഞ്ഞ് രണ്ടാമത്തെ കൊല്ലം ഞാൻ പ്രെഗ്നന്റ് ആയി. ഞങ്ങൾ ഒരു കുഞ്ഞിനെ ഏറെ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രഗ്നൻസി ടൈം എനിക്കൊരിക്കലും സങ്കടം നിറഞ്ഞതൊന്നുമായിരുന്നില്ല….

ഗർഭിണി ആണെങ്കിലും ഞാൻ ജോലിക്ക് പോകുന്നുണ്ടായിരുന്നു.
എട്ടുമാസം പൂർത്തിയാകുന്നത് വരെ ഞാനത് തുടർന്നു.

കുഞ്ഞ് ജനിക്കുമ്പോൾ,
കുഞ്ഞിനെ നോക്കാൻ, ഭർത്താവിന്റെ അമ്മയുടെയോ, അല്ലെങ്കിൽ എന്റെ അമ്മയുടെയൊ സഹായംതേടി ഞാൻ ചെല്ലുമെന്നാണ് എല്ലാവരും കരുതിയത്..

പക്ഷെ, ശ്രാവണിനെയും എന്നെയും വളർത്തി വലുതാകുന്നത് വരെ സംരക്ഷിച്ച അവരെ ഇനി ശല്യപ്പെടുത്താൻ പോകുന്നത് ശരിയല്ലെന്ന്ഞാൻ ഇറപ്പിച്ചിരുന്നു.
അവർക്ക് വിശ്രമിക്കാനുള്ള പ്രായമായി,
ആ സമയത്ത് പേരക്കുട്ടികളെ നോക്കണം എന്ന് പറയുന്നത് എത്ര മോശപ്പെട്ട കാര്യമാണ്..

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ കഴിയുമെന്നുറപ്പുണ്ടെങ്കിൽ
മാത്രം കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതാണ് ഉചിതം.

ശ്രാവണിന്റെ പൂർണ്ണ പിന്തുണ ഉള്ളതുകൊണ്ടുതന്നെ ഗർഭകാലമോ പ്രസവശേഷമുള്ള കാലമോ
എനിക്കൊരു ദുരിതമായി തോന്നിയില്ല…

ഗർഭകാലം ഏറെ സന്തോഷകരമായാണ് കടന്നുപോയത്.

എന്റെ കുഞ്ഞും രാത്രിയിൽ കരഞ്ഞു ബഹളമുണ്ടാക്കുന്ന
ഒരു കുഞ്ഞൊന്നുമായിരുന്നില്ല…

ഇനി അഥവാ , രാത്രിയിൽ വല്ലപ്പോഴും കുഞ്ഞ് ബഹളം ഉണ്ടാക്കിയാലും ശ്രാവൺ കുഞ്ഞിനെ നോക്കും…
എന്നോട് വിശ്രമിച്ചുകൊള്ളാൻ പറയും..

കുഞ്ഞിന് മൂന്നു വയസ്സ് ആകുന്നത് വരെ
എന്റെ കുഞ്ഞിന്റെ കുസൃതികൾ,
അവന്റെ വളർച്ച, അതെല്ലാം നോക്കി കാണുന്ന ഒരു ശരാശരി അമ്മയായി ഞാൻ മാറി..

എന്റെ കുഞ്ഞിനെ നന്നായി നോക്കുന്ന, എന്റെ ഭർത്താവിന് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി വച്ച് കാത്തിരിക്കുന്ന,
ഒരു വീട്ടമ്മ മാത്രമായി ഞാൻ ആ സമയങ്ങളിൽ ജീവിച്ചു

ഞങ്ങളുടെ കുഞ്ഞിനെ പ്രീ കേജിയിൽ ചേർത്തതിനുശേഷം ഞാൻ വീണ്ടും ജോലിക്ക് പോയി തുടങ്ങി..

ഉള്ളത് പറയാമല്ലോ ഞങ്ങളുടെ ജീവിതം ഞങ്ങൾ ആഗ്രഹിച്ചതിനേക്കാളേറെ സന്തോഷകരമായാണ് മുന്നോട്ടുപോയത്.

ഒരു കാര്യം മാത്രം ഞാൻ തറപ്പിച്ചു പറയാം.
നമ്മുടെ ജീവിതത്തിലെ മന:സ്സമാധാനവും സന്തോഷവും നമ്മൾ സ്വയം ഉണ്ടാക്കേണ്ടുന്നതാണ്.
അതാരും നമ്മൾക്കായി നൽകുന്ന ഒന്നല്ല….

ഞാൻ ഇങ്ങനെ പറയുമ്പോൾ നിങ്ങൾ ആലോചിക്കുമായിരിക്കും
ഞാനെന്തൊരു സ്വാർത്ഥതയുള്ള സ്ത്രീയാണെന്ന്…

ഒരിക്കലുമല്ല… ജന്മം തന്ന മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് ഞങ്ങൾ ആണെന്ന
പൂർണബോധ്യം ഞങ്ങൾക്കുണ്ട്.

ശ്രാവണിന്റെ മാതാപിതാക്കൾക്ക് എന്താവശ്യമുണ്ടെങ്കിലും ഞങ്ങൾ ഓടിയെത്താറുണ്ട്.
അവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ അവരെ നോക്കാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട്.

രണ്ടിടങ്ങളിൽ ആണെന്നെ ഉള്ളൂ…

അതേപോലെ തന്നെയാണ് എന്റെ വീട്ടിലും, എന്റെ അച്ഛനും അമ്മയ്ക്കും എന്താവശ്യമുണ്ടെങ്കിലും ഞങ്ങൾ ഒപ്പമുണ്ട്.

എന്നെയും ശ്രാവണിനെയും ഒരുപാട് കുറ്റപ്പെടുത്തിയ ഞങ്ങളുടെ വീട്ടുകാർ
തന്നെ ഇപ്പോൾ പറയുന്നുണ്ട്.
നിങ്ങളാണ് ശരിയെന്ന്…
അവർക്ക് ഇങ്ങനെയൊന്നും ചിന്തിക്കാൻ കഴിയാത്തതുകൊണ്ട് അവരുടെ
നല്ല പ്രായം, സങ്കടത്തിലും, നിരാശയിലും നഷ്ടപ്പെട്ടു പോയെന്ന് അവർ സമ്മതിക്കുന്നുണ്ട്…

കൂടുതൽ പേരും വിയോജിക്കുമെങ്കിലും ഞാൻ പറയട്ടെ, വിവാഹം കഴിഞ്ഞ്
സ്ത്രീ ഭർത്താവിന്റെ വീട്ടിൽ ചെന്ന് താമസിക്കണം എന്നുള്ളതൊക്കെ തികച്ചും പഴയ ചിന്താഗതിയാണ്…

മാറ്റങ്ങളോട് പൊരുത്തപ്പെടാൻ മനുഷ്യർക്ക് താമസം വന്നേക്കാം, എങ്കിലും മാറ്റങ്ങൾ
നല്ലതിന് തന്നെ…

പക്ഷെ അതിനിടയിൽ ഒന്ന് മാത്രം മറക്കരുത്…

നമ്മുക്ക് ഇരു കരങ്ങൾ തന്നിരിക്കുന്നത് പ്രിയപ്പെട്ടവരെ ചേർത്തുപിടിക്കാൻ കൂടി വേണ്ടിയാണെന്ന്.

നമ്മുടെ പ്രിയപ്പെട്ടവരുടെ ആവശ്യസമയങ്ങളിൽ മറ്റുള്ള കാര്യങ്ങളെല്ലാം മാറ്റിവെച്ച് അവരുടെയരികിലേക്ക്
ഓടി ചെല്ലാൻ കൂടി നമുക്ക് കഴിയണം…

എങ്കിലേ സമാധാനപൂർണ്ണമായി അവസാന നിമിഷം വരെ നമുക്ക് കഴിയാനാകൂ…

ഈ ജന്മം അവസാനിക്കുമ്പോൾ കടമകൾ ഒന്നും നമ്മിൽ ബാക്കിയുണ്ടാവരുത്…

സ്വയം ദുഃഖിച്ചുകൊണ്ട് മറ്റൊരാളെ സന്തോഷിപ്പിക്കാൻ നമുക്കൊരിക്കലും കഴിയില്ല.
എന്നാൽ സ്വയം സന്തോഷത്തിലായിരിക്കുമ്പോൾ
മറ്റുള്ളവരെ കൂടി സന്തോഷിപ്പിക്കാൻ
നമുക്ക് തീർച്ചയായും കഴിയും…

Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *