ടാ അനൂപേ.. നീ ഇങ്ങനെ പ്രേമിച്ചു മാത്രം നടന്നിട്ട് കാര്യം ഇല്ല കേട്ടോ… നീ ആണേൽ ഒരു ഓട്ടോ ഡ്രൈവർ.. വർഷ ആണേൽ കാശുള്ള വീട്ടിലെ ഒറ്റമോളും…. ഒരു പെണ്ണ് നമ്മളെ തള്ളി പറയാതെ ഒപ്പം നിൽക്കണേൽ അതിനു വേറെ ചിലതു കൂടി വേണം.”
കൂട്ടുകാരൻ രാജേഷ് പറഞ്ഞത് കേട്ട് സംശയത്തോടെ നോക്കി അനൂപ്..
” ടാ പൊട്ടാ… നിങ്ങൾ തമ്മിൽ എന്തേലും നടന്നിട്ടുണ്ടോ ന്ന്… ഉള്ള സമയത്ത് അത് എങ്ങനേലും ഒപ്പിച്ചെടുക്ക്.. നാളെ നിങ്ങടെ പ്രേമം അവളുടെ വീട്ടിൽ ഒരു പ്രശ്നം ആയാലും അവള് നിന്റൊപ്പം നിൽക്കണേൽ അതൊക്കെ പ്രധാനം ആണ്. ”
“എടാ നീ ഉദ്ദേശിച്ചത് സെക്സ് ആണോ…”
സംശയം മാറാതെ തന്നെ വീണ്ടും നോക്കി അനൂപ് അതോടെ കലി രാജേഷിന്.
” എന്ത് പൊട്ടനാ ടാ നീ.. ഇത്രേം ക്ലിയർ ആയി ഞാൻ പറഞ്ഞിട്ടും നിനക്ക് സംശയമോ… അത് തന്നെ കാര്യം.. നീ അവളെ സെറ്റ് ചെയ്യ്… ഇഷ്ടപെടുന്ന ആളിൽ നിന്നും ആ സുഖം കൂടി കിട്ടിയാൽ പിന്നേ പെണ്ണ് ഒരിക്കലും വിട്ട് പോകില്ല… അല്ലേൽ കൈ വിട്ട് പോകും കിട്ടിയാൽ ലോട്ടറി ആണ് മോനെ.. പൂത്ത കാശാണ്.”
ആ പറഞ്ഞത് കേൾക്കെ ഒന്ന് പുഞ്ചിരിച്ചു അനൂപ്.
“ടാ നീ എന്താ കരുതിയെ.. ഞാനിതൊന്നും ചിന്തിച്ചില്ല എന്നാണോ.. നീ പറഞ്ഞത് ശെരിയാ ടാ.. പൂത്ത കാശുകാരി ആണ് വർഷ. അവളെ പ്രേമിക്കാൻ പിന്നാലെ നടന്നതും അവൾടപ്പന്റെ കാശ് കണ്ടിട്ട് തന്നാ .. ഈ ഓട്ടോ ഓടിച്ചു നടന്നാൽ എന്താകാനാ.. അങ്ങേരുടെ കാശ് കയ്യില് വന്നാൽ അത് വച്ചിട്ട് എന്തേലും സ്വന്തമായി തുടങ്ങണം… അതോണ്ടല്ലേ പിന്നാലെ നടന്ന് കഷ്ടപ്പെട്ട് ഞാൻ അവളെ വളച്ചെടുത്തത് ”
ആ മറുപടി കേൾക്കെ അവൻ വെറും പൊട്ടൻ അല്ല എന്ന് ഊഹിച്ചു രാജേഷ്.
” പിന്നേ വൈകിക്കാതെ കാര്യം നടത്തിയെടുക്ക് ടാ… എന്റെ ഫ്രണ്ടിന്റെ ഒരു ലോഡ്ജ് ഉണ്ട്… അവൻ ഇതിനെല്ലാം സപ്പോർട്ട് ആണ്. സേഫ് ആണ് ആരും അറിയേം ഇല്ല നീ നൈസിന് അവളേം കൊണ്ട് അവിടേക്ക് വന്നാൽ. മതി.. ”
എന്നാൽ ഇത്തവണ അല്പം ആശയക്കുഴപ്പത്തിൽ ആയി അനൂപ്
” ടാ അതിപ്പോ പെട്ടെന്നൊക്കെ പറഞ്ഞാൽ അവള് സമ്മതിക്കോ എന്നാണ്.. എന്തായാലും ഞാൻ നോക്കട്ടെ നീ മുറിയുടെ കാര്യം ഒന്ന് സെറ്റ് ആക്കി വയ്ക്ക്.. ഇന്ന് കാണുമ്പോ ഞാൻ നൈസിനു ഒന്ന് സംസാരിക്കാം.. ”
അത്രയും പറഞ്ഞ് അനൂപ് ഓട്ടോയുമായി പോകുമ്പോൾ ഒരു വഷളൻ ചിരിയിൽ നോക്കി നിന്നു രാജേഷ് .
ശേഷം ഫോൺ എടുത്ത് അവൻ തന്റെ ഫ്രണ്ടിനെ വിളിച്ചു.
“അളിയാ നീ ഒരു റൂം സെറ്റ് ആക്കിക്കോ… അനൂപ് മിക്കവാറും അവളേം കൊണ്ട് വരും.. പിന്നേ ക്യാമറ സെറ്റ് ചെയ്യാൻ മറക്കല്ലേ…. പെങ്കൊച്ചു കാണാൻ പൊളിയാണ്… അവളെ കാണുമ്പോ തന്നെ എനിക്ക് കുളിരു കോരാറുണ്ട്..”
അത് പറയുമ്പോൾ അവന്റെ മിഴികളിൽ കാമാഗ്നിയെരിയുന്നുണ്ടായിരുന്നു.
***************************
അന്ന് വൈകുന്നേരം വർഷ കോളേജിൽ നിന്നും ക്ലാസ്സ് കഴിഞ്ഞു ഇറങ്ങുമ്പോൾ കാത്തു നിന്നിരുന്നു അനൂപ്.
” എന്തുപറ്റി മാഷേ പതിവില്ലാതെ ഇവിടെ.. ഇച്ചിരി മുന്നേ മെസേജ് അയച്ചപ്പോ സ്റ്റാൻഡിൽ ആണെന്നാണല്ലോ പറഞ്ഞെ ”
അവനെ കണ്ടമാത്രയിൽ അരികിലേക്ക് ചെന്നു അവൾ.
” അത് ചുമ്മാ പറഞ്ഞതാ നിനക്കൊരു സർപ്രൈസ് തരാൻ.. കാണണം ന്ന് തോന്നി അതാ വന്നേ.. ”
അല്പം റൊമാന്റിക്കായാണ് അനൂപ്. മറുപടി പറഞ്ഞത്.
” ആഹാ.. കൊള്ളാലോ.. എന്നാലും അങ്ങിനെ വെറുതേ വരുന്ന ആളല്ലല്ലോ… എന്തോ പറയാൻ ഉണ്ട് എന്നോട്.. എന്താണ് വച്ചാൽ പറഞ്ഞോ..”
അവൾ കുത്തി ചോദിച്ചതോടെ പതിയെ തന്റെ പ്ലാൻ മറ്റൊരു രീതിയിൽ അവതരിപ്പിച്ചു അനൂപ്
” എടോ.. നമ്മൾ ഇഷ്ടത്തിലായിട്ട് ഇപ്പോ മാസം രണ്ടോളം ആകുന്നു. പക്ഷെ ഇതുവരെയും നമുക്കായി സമയം കണ്ടെത്താൻ പറ്റിയിട്ടില്ല. എനിക്കെന്തോ അങ്ങിനെ തോന്നുന്നു.. നമ്മൾ മാത്രമായി ഇച്ചിരി നേരം.. നാളെ തനിക്ക് ക്ലാസ്സ് കട്ട് ചെയ്ത് എനിക്കൊപ്പം വരാമോ.. നമുക്ക് ഒന്ന് കറങ്ങി ഫുഡ് ഒക്കെ കഴിച്ചു വരാം.. ”
ആ മറുപടി കേൾക്കെ ഒന്ന് പുഞ്ചിരിച്ചു വർഷ.
” ഇതാണോ ഇത്ര വലിയ കാര്യം… വരാലോ… പക്ഷെ അധികം ദൂരേയ്ക്ക് ഒന്നും വരില്ല കേട്ടോ ഞാൻ.. ”
അതോടെ ആവേശത്തിലായി അനൂപ്.
” എടോ ദൂരെയൊന്നുമല്ല… ഇവിടെ അടുത്ത് എനിക്ക് പരിചയം ഉള്ളൊരു ലോഡ്ജ് ഉണ്ട്.. നല്ല പ്രൈവസി ആണ് നമുക്ക് അവിടേക്ക് പോകാം.. അതാകുമ്പോ ആരുടേം ശല്യം കാണില്ല ”
എന്നാൽ ഇത്തവണ വർഷയുടെ ചിരി മാഞ്ഞു
” അതെന്തിനാ ലോഡ്ജിൽ പോണേ… അവിടെ മാത്രേ പ്രൈവസി കിട്ടുള്ളോ… ”
പെട്ടെന്നുള്ള ആ ആ ചോദ്യവും വർഷയുടെ ഭാവമാറ്റവും അനൂപിന്റെയും ചിരി മായ്ച്ചു.
” എ.. എടോ.. അതല്ല… ഇതാകുമ്പോൾ നമ്മൾ മാത്രമായി.. എന്തായാലും എന്ത് സംഭവിച്ചാലും ഞാൻ നിന്നെ മാത്രമേ കെട്ടുള്ളു… അപ്പോ പിന്നെ നമുക്ക്.. നമുക്ക് ഒന്ന് ഒന്നായിക്കൂടെ.. ബന്ധങ്ങളുടെ ദൃഢത കൂടാൻ അത് സഹായിക്കും… ”
” സെക്സ് ആണോ താൻ ഉദ്ദേശിച്ചേ… ”
ഇത്തവണ കാര്യം നേരിട്ടങ്ങ് ചോദിച്ചു വർഷ അതോടെ ഒന്ന് പരുങ്ങി പോയി അനൂപ്..
” എടോ.. അത്.. അത് തന്നെ.. അതിപ്പോ തെറ്റ് അല്ലാലോ താൻ എന്തായാലും എന്റെ പെണ്ണല്ലേ… ”
അവൻ പറഞ്ഞത് കേൾക്കെ അല്പസമയം ആ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി നിന്നു വർഷ.
” നിന്നോട് ആരാ അനൂപേ ഈ പൊട്ടത്തരം പറഞ്ഞത് ബന്ധങ്ങളുടെ ദൃഢത കൂട്ടുന്നത് സെക്സ് ആണെന്ന്.. പരസ്പര സ്നേഹവും വിശ്വാസവും ആണ് ഏത് ബന്ധങ്ങളുടെയും അടിസ്ഥാനം… നീ ഇപ്പോ ഈ ചോദിച്ചത് സ്നേഹം അല്ല കാമം ആണ്… അതിനു എന്നെ കിട്ടില്ല ”
അവളുടെ ഒച്ചയുയർന്നിരുന്നു. ഇത്തവണ കാര്യങ്ങൾ കൈവിട്ടു എന്ന് പൂർണമായും മനസിലാക്കി അനൂപ്.
” എടോ.. അങ്ങനല്ല.. ഞാൻ അതല്ല ഉദ്ദേശിച്ചത്.. താൻ തെറ്റിദ്ധരിച്ചതാ…”
പരമാവധി അവളെ പറഞ്ഞ് മനസിലാകിക്കുവാൻ ശ്രമിച്ചു അവൻ.
എന്നാൽ ഇത്തവണ പുച്ഛത്തോടെയൊന്നു ചിരിച്ചു വർഷ..
” അനൂപേ.. മോനെ.. നിനക്ക് ഒരു നേഹയെ അറിയോ ഇതേ കോളേജിൽ പഠിച്ചിരുന്ന….. ”
അനൂപ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ആ ചോദ്യം… അതുകൊണ്ട് തന്നെ നല്ലത് പോലെ വിളറി വെളുത്തു അവൻ.
അത് കണ്ടിട്ട് തുടർന്നു വർഷ
” മറക്കാൻ സാധ്യതയില്ലല്ലോ അല്ലെ.. ഇത്പോലെ ദൃഢത കൂട്ടുവാൻ കൊണ്ട് പോയതും ഒടുക്കം അവള് നിന്റെ ചെക്കിട് അടിച്ചു പുകച്ചിട്ട് ഇറങ്ങി പോയതും പിറ്റേന്ന് അവളുടെ ബ്രദർ വന്ന് നിന്റെ കൂമ്പ് ഇടിച്ചു കലക്കിയതും എല്ലാം അത്ര പെട്ടെന്ന് നീ മറക്കില്ല എന്ന് കരുതുന്നു. അവള് കോളേജ് മാറി പോയപ്പോ നീ എന്താ കരുതിയെ കഥകളും ഇല്ലാണ്ടാകുമെന്നോ.. നമ്മുടെ റിലേഷൻ ഈ കോളേജിൽ ചിലരെങ്കിലും അറിഞ്ഞു തുടങ്ങിയപ്പോൾ തന്നെ നിന്നെ പറ്റിയുള്ള ഫുൾ ഡീറ്റെയിൽസ് എന്റെ കയ്യിൽ കിട്ടി. ഒക്കെയും അറിഞ്ഞപ്പോ നിന്റെ ചെക്കിട് അടിച്ചു പുകയ്ക്കാൻ ആണ് തോന്നിയത് പിന്നേ വെയിറ്റ് ചെയ്തത് നിന്റെ ഈ ദൃഢത കൂട്ടുവാനുള്ള റിക്വസ്റ്റ് വരാൻ വേണ്ടിയായിരുന്നു. ”
ഒക്കെയും കേട്ട് മറുപടി പറയാൻ കഴിയാതെ നടുങ്ങി തരിച്ചു നിന്നു പോയി അനൂപ്. ഒരിക്കലും വർഷയിൽ നിന്നും ഇത്തരത്തിൽ ഒരു പ്രതികരണം അവൻ പ്രതീക്ഷിച്ചിരുന്നില്ല.
” എന്താടോ തനിക്കൊന്നും പറയാൻ ഇല്ലേ ഇപ്പോ.. നാളെ ദൃഢത കൂട്ടാൻ പോണ്ടേ നമുക്ക്.. ”
പുച്ഛത്തോടെ വീണ്ടും വർഷ തന്റെ ചോദ്യം ആവർത്തിക്കവേ എങ്ങിനെയും അവളുടെ മുന്നിൽ നിന്നും രക്ഷപ്പെട്ടാൽ മതിയെന്നായി അനൂപിന്.
” വർഷ.. സോറി .. ഞാൻ.. അങ്ങനല്ല.. ആരോ നിന്നെ തെറ്റിദ്ധരിപ്പിച്ചതാണ്.. ”
ചെറിയൊരു ന്യായീകരണത്തിന് മുതിർന്നു അവൻ.
” വേണ്ട.. നീ ഇങ്ങനെ കിടന്ന് മെഴുകണ്ട…. കാര്യങ്ങൾ എല്ലാം വളരെ വ്യക്തമായി ഞാൻ അറിഞ്ഞു… നീ ആരാണെന്നും എന്താണെന്നും നിന്റെ ഉദ്ദേശങ്ങൾ എന്തൊക്കെയാണെന്നും.. അതുകൊണ്ട് മോൻ വിട്ടോ. ഇനി മേലിൽ എന്റെ മുന്നിൽ വന്നേക്കരുത്.. പിന്നേ നീ അറിയാത്ത ഒരു കാര്യം കൂടി ഞാൻ പറയാം.. മനഃപൂർവം പറയാതിരുന്നതാണ്. എന്റെ ബ്രദർ വർക്ക് ചെയ്യുന്നത് പോലീസിൽ ആണ്. ചേട്ടൻ ഈ കാര്യങ്ങൾ അറിഞ്ഞാൽ പിന്നേ എന്താകും സംഭവിക്കുക എന്ന് ഊഹിക്കാമല്ലോ നിനക്ക്.. അതുകൊണ്ട് മോൻ വിട്ടോ. ”
ഇത്തവണ അനൂപിന്റെ ഞെട്ടൽ പൂർണമായി. ഇനി എങ്ങിനെയും രക്ഷപ്പെടുക അത് മാത്രമായിരുന്നു അവന്റെ മുന്നിലെ ലക്ഷ്യം.
തിരിഞ്ഞു നോക്കാതെ നടന്നകലുമ്പോൾ നാണക്കേടിനാൾ തൊലി പൊളിയുന്ന പോലെ തോന്നിപ്പോയി അനൂപിന്.
അവൻ നടന്നകലുന്നത് നോക്കി നിൽക്കെ വർഷ തന്റെ അമർഷം കടിച്ചമർത്തി.
” പന്ന നാറി.. ഫ്രോഡ്… ”
പിറുപിറുത്തു കൊണ്ട് അവളും പതിയെ ബസ് സ്റ്റോപ്പിലേക്ക് നടന്നു..
(ശുഭം.)
പ്രജിത്ത് സുരേന്ദ്രബാബു