✍️ അംബിക ശിവശങ്കരൻ
വൈകുന്നേരം ആറുമണി കഴിഞ്ഞിരിക്കുന്നു.
പതിവിലും വൈകിയതിനാൽ ബസ്സിറങ്ങി തിരക്കുപിടിച് വീട്ടിലേക്ക് നടക്കുകയായിരുന്നു മീര. നല്ല മഴക്കോളുണ്ട്.പുറമേ മഴക്കോള് ബാക്കി നിൽക്കെ മീരയുടെ മനസ്സിൽ പേമാരി ആർത്തിരമ്പി.ആറുമണിക്ക് മുന്നേ വീട് എത്തണമെന്ന് നിർബന്ധം പറഞ്ഞിട്ടുള്ളതാണ് വിനുവേട്ടൻ. ഇന്നിപ്പോൾ അമ്മയുടെയും മകന്റെയും മുഖം കടന്നൽ കുത്തിയ മാതിരി വീർത്തിട്ടുണ്ടാകും.
എല്ലാ ടെൻഷനും മനസ്സിലിട്ട് എങ്ങനെയൊക്കെയോ ഓടി പിടഞ്ഞ് വീടിനടുത്ത് എത്തുമ്പോൾ ഇന്നും അപ്പുറത്തെ വീട്ടിൽ നിന്നും ബഹളങ്ങൾ കേട്ടു.അവിടത്തെ മരുമകളുടെ ശബ്ദമാണ് ഉയർന്നു കേൾക്കുന്നത്. “ഞാൻ ഇവിടത്തെ വേലക്കാരി അല്ല, എന്റെ ഇഷ്ടങ്ങൾക്ക് തടയിടാൻ നിങ്ങൾക്കാരാണ് അധികാരം തന്നത്?” എന്നൊക്കെ ആ കുട്ടി ഉറക്കെ ശബ്ദിക്കുന്നുണ്ട്. അവൾക്കെതിരായി അവളുടെ ഭർത്താവിന്റെയും അമ്മയുടെയും ശബ്ദം മുഴങ്ങി കേൾക്കാം. അവരുടെ വിവാഹം കഴിഞ്ഞിട്ട് ആറുമാസം ആകുന്നതേ ഉണ്ടാകുകയുള്ളൂ ഇത്രയ്ക്ക് ധൈര്യത്തോടെ ഭർത്താവിന്റെയും അമ്മായിയമ്മയുടെയും മുഖത്തുനോക്കി എങ്ങനെ സംസാരിക്കാൻ കഴിയുമോ എന്ന് അവൾ അതിശയിച്ചു. വീടിന്റെ മുറ്റത്ത് എത്തിയതും ദേഷ്യത്തോടെ നിൽക്കുന്ന വിനുവിനെ കണ്ടു.
“അവിടെ നിൽക്ക്..” വീടിനകത്തേക്ക് കയറാൻ തുനിഞ്ഞ മീരയെ വിനു തടഞ്ഞു.
” ഇങ്ങനെ തോന്നുമ്പോൾ കയറിവരലും പോകലും ഒന്നും ഇവിടെ നടക്കില്ല. നിന്നോട് ഞാൻ എത്രവട്ടം പറഞ്ഞിട്ടുണ്ട് ആറുമണിക്ക് മുന്നേ വീട് എത്തണമെന്ന്? ഇപ്പോൾ സമയം എത്രയായി? ആറര.. നിന്റെ നക്കാപ്പിച്ച ശമ്പളം കിട്ടിയിട്ട് വേണ്ട എനിക്കും എന്റെ അമ്മയ്ക്കും കുഞ്ഞിനും ഇവിടെ കഴിയാൻ..ഇത് അവസാനത്തെ പറച്ചിലാണ് ഇനി ഇത് ആവർത്തിച്ചാൽ പിന്നെ നീ ഈ പടിവിട്ട് പുറത്തിറങ്ങില്ല. “വിനു ദേഷ്യത്തോടെ പറഞ്ഞു.
” നീ ഇങ്ങനെ അവസാനത്തെ എന്ന് പറഞ്ഞു പറഞ്ഞു വിട്ടുകൊടുത്തോട.. “വിനു പറഞ്ഞു തീർന്നതും തന്റെ ഇടത് കൈ ഉഴിഞ്ഞു കൊണ്ട് തീരെ വയ്യ എന്ന ഭാവത്തിൽ വിനുവിന്റെ അമ്മയും രംഗത്തെത്തി.
” നിന്റെ വാക്കിന് വല്ല വില കൽപ്പിക്കുന്നവൾ ആണെങ്കിൽ അവൾ ഇങ്ങനെ ചെയ്യൂമോ?ഈ വീട്ടിൽ എനിക്കൊരു സഹായത്തിന് ആളാകുമല്ലോ എന്ന് കരുതിയാണ് നിന്നെക്കൊണ്ട് വേഗം കല്യാണം കഴിപ്പിച്ചത്.അല്ലേൽ ഗവൺമെന്റ് ജോലിയുള്ള നിനക്ക് നല്ലൊരു കുടുംബത്തിൽ നിന്ന് ഞാൻ പെണ്ണ് അന്വേഷിച്ചിക്കില്ലായിരുന്നോ? ഇപ്പം ഈ വീട്ടിലെ ജോലി പോരാഞ്ഞിട്ട് ആ കൊച്ചിന്റെ കാര്യവും കൂടി ഞാൻ നോക്കേണ്ട അവസ്ഥയാണ്. നിന്റെ മോനാണെന്ന് പറഞ്ഞിട്ടെന്താ വിനു കാര്യം.. തീരെ അനുസരണയില്ല. അതെങ്ങനാ.. അവനെ തന്തയുടെ അല്ലാ തള്ളയുടെ സ്വഭാവം അല്ലേ കിട്ടിയിരിക്കുന്നത്. ”
അവരുടെ കുറ്റപ്പെടുത്തലുകൾക്ക് ഒന്നും അവൾ മറുപടി പറഞ്ഞില്ല. എന്തുകൊണ്ടാണ് വൈകിയത് എന്ന് തന്റെ ഭർത്താവിനോട് എങ്കിലും ഒന്ന് പറയണം എന്ന് അവൾക്കുണ്ടായിരുന്നു. പക്ഷേ കേൾക്കാൻ അയാളും തയ്യാറാകാത്തതിനാൽ പിന്നെ അവൾ അതിനു മുതിർന്നില്ല. അവൾ അകത്തേക്ക് പോയതും അവർ അപ്പുറത്തെ വീട്ടിലെ വഴക്ക് ആസ്വദിച്ചു നിന്നു. അവൾ വേഗം ചെന്ന് തറയിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പോയി ആലിംഗനം ചെയ്തു.
“മോൻ വല്ലതും കഴിച്ചോ?”
” ആ അച്ഛമ്മ പഴം തന്നു. ” കൊഞ്ചികൊണ്ട് അവൻ പറഞ്ഞു.
അവൾ കുഞ്ഞിന് ഒരു മുത്തവും നൽകി വേഗം ഡ്രസ്സ് മാറ്റി അടുക്കളയിലേക്ക് ചെന്നു. അടുക്കളയുടെ കോലം കണ്ട് സത്യത്തിൽ അവളുടെ തലകറങ്ങി. അടുക്കള മുഴുവൻ പാത്രങ്ങൾ വാരി വലിച്ചിട്ടിരിക്കുന്നു. കഴിച്ച പാത്രങ്ങൾ പോലും കഴുകാതെ സിങ്കിൽ കൂട്ടിയിട്ടിരിക്കുന്നു. പച്ചക്കറി വേസ്റ്റുകൾ അവിടെ ഇവിടെയായി വലിച്ചെറിഞ്ഞിരിക്കുന്നു.തനിക്ക് പണി തരാൻ എന്നോണം അമ്മ മനപ്പൂർവമാണ് ഇതൊക്കെ ചെയ്തത് എന്ന് അവൾക്ക് മനസ്സിലായി. ഇനി പണികൾ എല്ലാം ഒന്നേ എന്ന് തുടങ്ങണം രാത്രിയിലേക്കുള്ള ഭക്ഷണം അടക്കം ഉണ്ടാക്കണം.
രാവിലെ എല്ലാ ജോലികളും കഴിച്ചാണ് പോകുന്നത് ആകപ്പാടെ അമ്മയ്ക്ക് ജോലി എന്നു പറഞ്ഞാൽ കുഞ്ഞിന് ഇത്തിരി ഭക്ഷണം കൊടുക്കുക എന്നത് മാത്രമാണ്. അതിനും ഇപ്പൊ കണക്ക് പറച്ചിൽ ആണ്. അമ്മയാണ് ഈ വീട്ടിൽ സർവ്വതും ചെയ്യുന്നതെന്നാണ് വിനുവേട്ടനെ പറഞ്ഞു ധരിപ്പിച്ചു വച്ചിരിക്കുന്നത്. അതെങ്ങനെയാണ്… ഒരു ഗ്ലാസ് വെള്ളം എടുക്കാൻ എങ്കിലും അടുക്കളയിൽ കയറിയാൽ അല്ലേ സത്യാവസ്ഥ മനസ്സിലാകുകയുള്ളൂ..
മരിക്കുന്ന സമയത്ത് അമ്മ എപ്പോഴും പറയാറുണ്ട് പത്ത് രൂപയെങ്കിൽ പത്തു രൂപ നമുക്ക് സ്വന്തമായി വരുമാനം വേണമെന്ന്. മറ്റൊരാളുടെ മുന്നിൽ കൈ നീട്ടി നിൽക്കേണ്ടി വന്നാൽ നമുക്ക് വിലയുണ്ടാകില്ലെന്ന്. ആ വാക്കുകൾ സത്യമാണെന്ന് വിവാഹം കഴിഞ്ഞതും തിരിച്ചറിഞ്ഞു.അടിവസ്ത്രം വാങ്ങാൻ വരെ ഭർത്താവിന്റെ മുന്നിൽ കൈ നീട്ടേണ്ടി വരുന്ന സ്ത്രീകളുടെ അവസ്ഥ എത്ര ദയനീയമാണ്. ശമ്പളം കുറവായിട്ടും ടൗണിലെ ഒരു മെഡിക്കൽ ഷോപ്പിൽ ജോലിക്ക് പോയി തുടങ്ങിയതും അതുകൊണ്ടാണ്. പക്ഷേ സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കാൻ സ്ത്രീകൾ പഠിച്ചു തുടങ്ങുമ്പോഴും മാനസിക പരമായ സ്വാതന്ത്ര്യം നേടാൻ എന്നാണ് അവൾക്ക് കഴിയുക?
സ്വന്തം ഇഷ്ടങ്ങളോട് യെസ് പറയാൻ കഴിയുന്നതു പോലെ തന്നെയാണ് ഇഷ്ടക്കേടുകളോട് നോ പറയുന്നതും .അത് എല്ലാവർക്കും പറ്റുന്നുണ്ടോ?എല്ലാവർക്കും പറ്റുന്നുണ്ടോ എന്ന് ചോദിക്കുന്നതിലും നല്ലത് ആർക്കൊക്കെ അത് സാധിക്കുന്നു എന്ന് ചോദിക്കുന്നത് ആവും നല്ലത്.വിവാഹം കഴിയുന്നത്തോടെ സ്വന്തം ഇഷ്ടങ്ങൾ എല്ലാം ഒളിപ്പിച്ചു വെച്ച് അവൾ പൂർണമായും മറ്റൊരാൾ ആയി മാറും. എന്നിട്ട് ഭർത്താവിനും കുഞ്ഞുങ്ങൾക്കും വേണ്ടി ഒരായുസ് മുഴുവൻ ജീവിച്ചു തീർക്കും.ആർക്കൊക്കെയാണ് വിവാഹം കഴിഞ്ഞാൽ നാളിതുവരെ സ്വന്തം വ്യക്തിത്വത്തെ മാറ്റിനിർത്താതെ ജീവിക്കാൻ കഴിഞ്ഞിട്ടുള്ളത്?. ചുരുക്കം ചിലരുണ്ടാകും… ഉണ്ടെങ്കിൽ അവർ ഭാഗ്യം ചെയ്തവർ തന്നെ. ബാക്കിവരുന്ന വലിയൊരു വിഭാഗം തന്റെ ഇഷ്ടങ്ങളെ ഇന്നും കുഴിച്ചുമൂടി ആരുടെയൊക്കെയോ തീരുമാനങ്ങൾക്ക് വഴങ്ങി ജീവിക്കുന്നവരാണ്. ഇഷ്ടമുള്ള ആഹാരം കഴിക്കാൻ, ഒന്നുറങ്ങാൻ സ്വന്തം വീട്ടിലേക്ക് ചേക്കേറാൻ നാളുകൾ എണ്ണി കാത്തിരിക്കുന്നവർ. സ്വന്തം വീട്ടിൽ നിന്ന് പടിയിറക്കപ്പെടുകയും ചെയ്തു ഭർത്താവിന്റെ വീട്ടിൽ ഒരു അംഗമാക്കപ്പെടുകയും ചെയ്യാതെ ഏതോ ലോകത്ത് ആർക്കോവേണ്ടി ജീവിക്കാൻ വിധിക്കപ്പെട്ട എന്നെപ്പോലെ എത്രയോ സ്ത്രീകളെ ഇന്നും പല വീടുകളിലും കാണാം.
ആലോചനകൾക്കിടയിലും അവൾ ഓരോ ജോലികൾ വേഗം വേഗം തീർത്തുകൊണ്ടിരുന്നു. ഷോപ്പിൽ നല്ല തിരക്ക് ആയതുകൊണ്ട് തന്നെ കുറെ സമയം നിൽക്കേണ്ടി വന്നതിനാൽ അവൾക്ക് നല്ലതുപോലെ നടുവേദന തോന്നി.ജോലിയെല്ലാം വേഗം തീർത്തവൾ കുളിക്കാനായി പോയി.
” എന്നാലും ആ പെണ്ണിന്റെ ഒരു നാക്ക് നോക്കണേ..ആ ചെക്കനെയും തള്ളേനേം കൊള്ളൂലാഞ്ഞിട്ടാണ്. ഞാൻ എങ്ങാനും ആയിരിക്കണം ഒരു വട്ടമേ അവൾ ശബ്ദിക്കുകയുള്ളൂ.. കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളുടെ ശബ്ദം നാല് ചുവര് വിട്ട് പുറത്തേക്ക് കേൾക്കരുതെന്നാ… മുളയിലെ നുള്ളിയില്ലെങ്കിലേ വല്ല്യ കുഴപ്പമാ… ”
അവളെ കേൾപ്പിക്കാൻ അവർ പറഞ്ഞെങ്കിലും അവൾ കേൾക്കാത്ത മട്ടിൽ കുളിക്കാൻ പോയി. കുളി കഴിഞ്ഞ് മുറിയിൽ എത്തിയതും ഒരു ലോഡ് തുണികൾ മടക്കി വയ്ക്കാൻ ഉണ്ടായിരുന്നു.
” ഇതിങ്ങനെ ബെഡിൽ കൂട്ടിയിടരുതെന്ന് എത്രവട്ടം ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്? ” അത്രയും നേരം അതിനടുത്ത് കിടന്നു ഫോൺ നോക്കിയിരുന്ന വിനു അവളെ കണ്ടതും തുടങ്ങി.
” ഞാൻ ഇത്രയും നേരം ഒന്നിരുന്നിട്ടില്ല വിനുവേട്ടാ..ഒന്ന് എന്നെ ഹെല്പ് ചെയ്തു കൂടെ? ” അവൾ കെഞ്ചി.
” ഇവിടെ ആരും പറഞ്ഞില്ലല്ലോ നിന്നോട് ജോലിക്ക് പോകാൻ.. അപ്പോൾ നിനക്ക് നിന്റെ തന്നിഷ്ടം അനുഭവിച്ചോ.. “വിനുവിന്റെ വാക്കുകൾ കേട്ട് അവൾക്ക് കരച്ചിൽ വന്നെങ്കിലും അവൾ കടിച്ചുപിടിച്ചു നിന്നു. രാത്രി നേരത്തെ തന്നെ കുഞ്ഞിന് ഭക്ഷണം കൊടുത്തുറക്കിയത് ഒന്ന് വിശ്രമിക്കാൻ ആണ്.ഭർത്താവിനും അമ്മയ്ക്കും ഭക്ഷണം എല്ലാം കൊടുത്ത് പണികളെല്ലാം തീർത്ത് മുറിയിൽ എത്തുമ്പോൾ പത്തുമണി ആയിരുന്നു അന്നേരവും വിനു ഫോണിൽ തന്നെയായിരുന്നു.
” മോനെ ചുമരിനടുത്തേക്ക് കിടത്ത്. ” ഇന്നും വിടാൻ ഉദ്ദേശമില്ലെന്ന് അവൾക്ക് മനസ്സിലായി.എന്നും അയാളുടെ സംതൃപ്തി മാത്രം അതിനുമാത്രം ഒരു ഭാര്യ.
” വിനുവേട്ടാ തീരെ വയ്യ.. ഇന്ന് ഒരിത്തിരി സമയം പോലും ഇരുന്നിട്ടില്ല നല്ല നടുവേദന.. ഇന്നിനി വേണ്ട… “പതിഞ്ഞ സ്വരത്തിൽ അവൾ അപേക്ഷിച്ചു.
” ആകപ്പാടെ നിന്നെ കൊണ്ടുള്ള പ്രയോജനം ഇതാണ് ഇതിനും ഞാനിനി വേറെ ആളെ തപ്പി നടക്കണോ? ” അയാളുടെ ക്രൂരമായ ചോദ്യത്തിന് മുന്നിൽ അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല. തന്റെ ഭർത്താവിന്റെ വലിയ ശരീരം ഓരോ വട്ടം ശരീരത്തിൽ അമരുമ്പോഴും അവൾക്ക് തന്റെ അസ്ഥികൾ നുറുങ്ങുന്നത് പോലെ തോന്നി. എല്ലാം കഴിഞ്ഞ് അയാൾ സുഖമായി ഉറങ്ങുമ്പോഴും അവൾ തന്റെ കുഞ്ഞിനെ ചേർത്ത് പിടിച്ചു വിതുമ്പി.
പിറ്റേന്ന് രണ്ടാം ശനിയാഴ്ച ആയിരുന്നതുകൊണ്ട് തന്നെ വിനുവിന് അവധിയായിരുന്നു. രാവിലത്തെ എല്ലാ ജോലികളും തീർത്തു വെച് ഓടിപിടഞ്ഞാണ് അവൾ ഷോപ്പിലേക്ക് പോയത്.
” അബ്ദുക്ക എത്ര തിരക്കാണെങ്കിലും ഞാൻ ഇന്ന് അഞ്ചരയ്ക്ക് തന്നെ ഇറങ്ങൂട്ടോ.. ” ചെന്നു കയറിയതും ഷോപ്പിന്റെ ഓണറെ അവൾ ഓർമിപ്പിച്ചു.
” എന്താ കുട്ടി ഇന്നലേം മൂപ്പര് വഴക്ക് പറഞ്ഞോ? ”
അവൾ മൂളി.
” മൂപ്പര് വലിയ പഠിപ്പും ഉദ്യോഗം ഒക്കെ ഉള്ള ആളല്ലേ കുട്ടി..എന്നിട്ട് എന്താ ഇങ്ങനെ? ”
അതിനു അവൾ മറുപടി പറഞ്ഞില്ല ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
ഇന്നലത്തെപ്പോലെ തന്നെ ഇന്നും ഷോപ്പിൽ നല്ല തിരക്കായിരുന്നു. വൈകുന്നേരം ആകുംതോറും അവൾ ടെൻഷനോടെ വാച്ചിലേക്ക് നോക്കിക്കൊണ്ടിരുന്നു. അതയാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
സമയം അഞ്ചേകാൽ ആയതും അബ്ദുക്ക അവളുടെ അടുത്ത് എത്തി.
“എന്നാൽ കുട്ടി വൈകേണ്ട പൊയ്ക്കോ..”
” അല്ല ഇക്കാ അഞ്ചര ആയിട്ടില്ല. ”
” അത് സാരമില്ല ഇവിടത്തെ തിരക്ക് ഞങ്ങൾ മാനേജ് ചെയ്തോളാം. ”
അവിടെ നിന്നിറങ്ങുമ്പോൾ ഒരു അപരിചിതനായ അദ്ദേഹത്തിനുള്ള മനസ്സലിവ് പോലും തന്റെ ഭർത്താവിന് തന്നോട് ഇല്ലല്ലോ എന്ന് അവൾ ഓർത്തുപോയി.
വീട് എത്തിയതും അപ്പുറത്തെ വീട്ടിൽ നിറയെ ആളുകളും ചർച്ചകളും കണ്ടു. എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ടെന്ന് അന്നേരം അവൾക്ക് മനസ്സിലായി.തന്റെ അമ്മായിയമ്മയും എന്തൊക്കെയോ കാര്യമായി പറയുന്നത് കണ്ടു. അല്ലെങ്കിലും എരിതീയിൽ എണ്ണയൊഴിക്കാൻ അവരെ കഴിഞ്ഞിട്ടുള്ളൂ ആരും. ഇക്കുറി മരുമകളുടെ ശബ്ദം എവിടെയും കേട്ടില്ല രണ്ടുംകൂടി അവളെ കൊന്നോ എന്ന് പോലും മീരയ്ക്ക് തോന്നിപ്പോയി.
അവിടുത്തെ കോലാഹലങ്ങൾ കാര്യമാക്കാതെ അവൾ വീട്ടിലേക്ക് കയറി.വിനുവും മകനും അകത്തുണ്ടായിരുന്നു പതിവുപോലെ അവൾ കുഞ്ഞിന് മുത്തം നൽകി.
” ഒരു ചായ ഇട്ടു താ.. “അവളെ കണ്ടതും ഉത്തരവുകൾ തുടങ്ങി. അവൾ വേഗം ഡ്രസ്സ് മാറി വന്നശേഷം വിനുവിന് ചായ ഇട്ടു കൊടുത്തു. ശേഷം എന്നത്തേയും പോലെ ബാക്കി ജോലികൾ തുടർന്നു. ന്യൂസ് എല്ലാം ചോർത്തിയെടുത്ത് അന്നേരം അമ്മ അവിടേക്ക് വന്നു.
” നീയറിഞ്ഞോ ആ തലതെറിച്ച പെണ്ണ് ഓടിപ്പോയെന്ന്… ” പൊട്ടിച്ചിരിച്ചുകൊണ്ട് അവർ പറഞ്ഞു.
” ഓടി പോയെന്നോ? ആരുടെ കൂടെ? ” വിനു ചോദിച്ചു.
” ആരുടെയും കൂടെയല്ല.. ഒറ്റയ്ക്ക്. അവൾക്ക് ഇവിടത്തെ പൊറുതി മതിയായെന്ന്..അവൾക്ക് അവളുടെ ഇഷ്ടത്തിന് ജീവിക്കണം എന്ന്.. പോയപ്പോ ആ പ്രാന്തി പെണ്ണ് കൂട്ടിലെ കിളികളെ വരെ തുറന്നു വീട്ടിട്ടാ പോയതെന്ന്..പെണ്ണിന്റെ ഓരോരോ നെഗളിപ്പേ… ”
അടുക്കളയിൽ നിന്ന് മീര ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു ‘മിടുക്കി’. ആ ഒരു വാക്കിൽ അവളെ വിശേഷിപ്പിക്കാനാണ് അന്നേരം മീരയ്ക്ക് തോന്നിയത്.
“നീയറിഞ്ഞോ അപ്പുറത്തെ പെണ്ണ് ഓടി പോയെന്ന് അവൾ ഒരു ഭ്രാന്തി തന്നെ.. മുറിയിൽ വന്നതും വിനു പരിഹാസത്തോടെ പറഞ്ഞു.
” ഭ്രാന്തി ആയിട്ടായിരിക്കല്ല വിനുവേട്ടാ.. ഭ്രാന്ത് പിടിക്കാതിരിക്കാൻ ആകും അവളോടി രക്ഷപ്പെട്ടത്. ” അവന്റെ മുഖത്ത് നോക്കാതെ യാതൊരു ഭാവമാറ്റവും ഇല്ലാതെ അവൾ പറഞ്ഞു.
” താലിയുടെ സുരക്ഷയില്ലാതെ ഒറ്റയ്ക്ക് ജീവിക്കാൻ പോയവരുടെ അവസ്ഥ കാണാം നമുക്ക് ഒരാണിന്റെ ബലം ഇല്ലാതെ ഒരിക്കലും ഒരു പെണ്ണിന് ജീവിക്കാൻ കഴിയില്ല”.വിനു വീണ്ടും പരിഹസിച്ചു.
” താലി കഴുത്തിൽ വീണത് മുതൽ തടവറയിൽ ആക്കപ്പെട്ടവരും ഉണ്ട് വിനുവേട്ടാ ഈ ലോകത്തിൽ. ചിലർക്ക് അത് സുരക്ഷിതത്വമല്ല തന്റെ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്ന കൊലക്കയറാണ്. പലരും അത് പ്രകടിപ്പിക്കാറില്ലെന്ന് മാത്രം. അതിനർത്ഥം താലികെട്ടിയ പുരുഷൻ വിജയിച്ചു എന്നല്ല കൈപിടിച്ചു കൊണ്ടുവന്ന പെണ്ണിന്റെ മനസ്സറിയാൻ കഴിഞ്ഞില്ലെങ്കിൽ, അവളുടെ കണ്ണുനീരിന് കാരണക്കാരൻ ആവുന്നു എങ്കിൽ അതൊരു പുരുഷന്റെ ഏറ്റവും വലിയ പരാജയമാണ്. ഇനിയെങ്കിലും അവൾ അവളായി ജീവിക്കട്ടെ… അവളുടെ ഇഷ്ടങ്ങൾക്കൊത്ത് പറന്നു വരട്ടെ അതിനൊരു താലിയുടെയും സുരക്ഷിതത്വം ആവശ്യമില്ല അങ്ങനെ ഒരു തോന്നൽ ഉണ്ടെങ്കിൽ അത് വെറുതെയാണ്.. എല്ലാം വേണ്ടെന്നുവെച്ച് അവൾ അവൾക്കു വേണ്ടി എടുത്ത ഈ തീരുമാനം ഉണ്ടല്ലോ അവൾ അവളോട് തന്നെ കാണിച്ച ഏറ്റവും വലിയ ശരിയാണത്.അതിന് പോലും തന്റേടം ഇല്ലാത്ത സ്ത്രീകളാണ് ഇന്നും ഭർത്താവിന്റെയും വീട്ടുകാരുടെയും കുറ്റപ്പെടുത്തലുകൾ സഹിച്ചു കഴിയുന്നത്. പക്ഷേ അതൊരു ആണത്തമായി കരുതേണ്ടതില്ല പുരുഷനെന്ന നിലയിലെ വെറും പരാജയമായി കണ്ടാൽ മതി. ആ പരാജയത്തെ പ്രകീർത്തിച്ച് നടക്കുന്നവർക്ക് മുന്നിൽ എന്തുപറയാനാണ്? ഇനി വരുന്ന തലമുറയെങ്കിലും മാറി ചിന്തിക്കട്ടെ.. ”
അന്ന് ആദ്യമായാണ് മീരയുടെ വാക്കുകൾ അയാളുടെ മേൽ തറച്ചു കയറിയത്.അവൾ പറഞ്ഞതിന് ഒന്നും അയാൾ തർക്കിച്ചില്ല മറുപടി നൽകിയില്ല. ആ രാത്രി അയാൾ അവളുടെ ശരീരത്തെ ബലമായി കീഴ്പ്പെടുത്തിയില്ല അന്നാദ്യമായി അവൾ ബന്ധനങ്ങളിൽ നിന്ന് മുക്തയാക്കപ്പെട്ടവളെ പോലെ സുഖമായി നിദ്രയെ ഉണർന്നു.
അംബിക ശിവശങ്കരൻ.