‘ ഈ മാലയിങ്ങനെ നിൻ്റെ മാറിൽ കിടക്കുന്നത് കാണാൻ നല്ല ചന്തമുണ്ട് മണിക്കുട്ടി…. അതിപ്പോ മാലയുടെ ഭംഗിയാണോ അതോ വേറെന്തിൻ്റെയെങ്കിലും ചന്തമാണോന്ന് ചോദിച്ചാൽ സത്യമായും എനിക്കറിയില്ലെടി…. പക്ഷെ നല്ല
ഭംഗിയുണ്ട്…. കണ്ണെടുക്കാൻ തോന്നുന്നില്ല….സത്യം…..
അത്താഴവും കഴിഞ്ഞ് അടുക്കളയൊതുക്കി ഒന്നു കുളിച്ച് കിടക്കാമെന്ന് വെച്ച് മുറിയിലെത്തിയ മണിക്കുട്ടി മഹേഷിന്റെ അല്പം കള്ളത്തരം നിറഞ്ഞ സംസാരം കേട്ടതും അതിലെന്തോ ഒരു പന്തിക്കേടുണ്ടല്ലോ എന്നതു പോലവനെയൊന്ന് മുഖം ചുളിച്ചു നോക്കിയതും മഹേഷിലാകെയൊരു കള്ളത്തരം നിറഞ്ഞു….
അവളെ നോക്കാതെയവൻ നോട്ടമൊന്ന് വെട്ടിച്ചതും കയ്യിലെടുത്ത ഡ്രസ് തിരികെ ബെഡ്ഡിലേക്കിട്ട് മഹേഷിന്റെ മുമ്പിൽ ചെന്നു നിന്നു മണിക്കുട്ടി….
ഈ മാലയ്ക്കാണോ അതോ എന്റെ മാറിടങ്ങൾക്കാണോ ഭംഗിയെന്നല്ലേ മഹിയേട്ടന് സംശയം….?
മഹേഷിനു മുമ്പിലെത്തി അവന്റെ മുഖം തനിയ്ക്കു നേരെ തിരിച്ച് മണിക്കുട്ടി ചോദിച്ചതും അതേയെന്നതു പോലെ അവളെ നോക്കി ദുർബലമായ് തലയിളക്കി അവൻ….
എന്നാൽ എന്റെ ശരീരത്തിനും ഭംഗിയില്ല എന്റെ മാലയ്ക്കും ഭംഗിയില്ല…. ഇതു രണ്ടിനും ഭംഗിയുണ്ടാവും എപ്പോഴാന്നറിയ്യോ ഇന്നു ശമ്പളം കിട്ടിയാൽ ഏട്ടനെനിയ്ക്ക് തിരികെ എടുത്തു തരാമെന്ന് പറഞ്ഞ എന്റെ താലിമാല എന്റെ കഴുത്തിലിട്ടാൽ….
പഞ്ചാര വാക്കും പറഞ്ഞെന്നെ ചിരിച്ചു മയക്കാനാണ് ഇന്നത്തെ മോന്റെ പരിപാടിയെങ്കിൽ അതു നടക്കില്ല മഹിയേട്ടാ…. രണ്ടാഴ്ച കൊണ്ട് എടുത്തു തരാമെന്ന് പറഞ്ഞ് ഏട്ടൻ എന്റെ കഴുത്തീന്ന് ഊരിക്കൊണ്ടു പോയതാണ് അത്… ഇപ്പോ കൊല്ലം ഒന്നായി…. ഗ്യാരണ്ടി മാലയിട്ടെന്റെ കഴുത്തൊക്കെ ചൊറിഞ്ഞു പൊട്ടി… അറിയ്യോ…. ?
മണിക്കുട്ടിയുടെ പരിഭവ ശബ്ദം അവനു മാത്രം കേൾക്കാവുന്ന ഒച്ചയിൽ അവിടെ ഉയർന്നതും എന്തു പറയണമവളോട് എന്നറിയാതെ പതറി നിന്നു മഹേഷും അവൾക്കു മുമ്പിൽ….
പത്തു മുപ്പതു പവൻ സ്വർണ്ണവുമായ് തന്റെ വീട്ടിലേക്ക് തന്റെ കൈ പിടിച്ചു കയറി വന്നവളുടെ ശരീരത്തിൽ സ്വർണ്ണമെന്ന പേരിലാകെയിനി അവശേഷിയ്ക്കുന്നത് കാതിലെ രണ്ടു മൊട്ടു കമ്മലുകൾ മാത്രമാണെന്നു കണ്ടതും തന്റെ കഴിവില്ലായ്മയിലും ഗതികേടിലും അവൾക്കു മുമ്പിൽ ശബ്ദം നഷ്ടപ്പെട്ടു നിന്നു മഹേഷ്…
” ഈ പ്രാവശ്യത്തെ ഏട്ടന്റെ ശമ്പളം എന്തു പറഞ്ഞാണ് അമ്മ ഏട്ടന്റെ കയ്യീന്ന് വാങ്ങിച്ചെടുത്തത്….?
മഹേഷിന്റെ അവസ്ഥയറിഞ്ഞ്, അവന്റെ നിസ്സഹായമായ നോട്ടം കണ്ടൊടുവിൽ മണിക്കുട്ടി ചോദിച്ചതും ഒന്നു വിളറി ചിരിച്ചു മഹേഷ്…
“വല്യേച്ചിയുടെ വീടിന്റെ മുകൾ നിലയിലെ പെയിന്റിംഗ് പണിക്കാണെന്ന് പറഞ്ഞു….. അളിയൻ ഈ പ്രാവശ്യം കുറച്ചു വൈകിയേ പൈസ അയക്കുളളൂന്ന്… അത് കിട്ടിയാലുടനെ തരുംന്ന്…. ”
മണിക്കുട്ടിയോട് വിവരിക്കുമ്പോൾ സ്വയം പുച്ഛിക്കുന്നൊരു ചിരിയുണ്ട് മഹേഷിന്റെ ചുണ്ടിലും മുഖത്തും…
ഇതേപോലെയുള്ള ഓരോ ആവശ്യങ്ങളുടെ പേരും പറഞ്ഞാണ് മണിക്കുട്ടിയുടെ സ്വർണ്ണമുൾപ്പെടെ എല്ലാം അമ്മ മഹേഷിൽ നിന്ന് വാങ്ങിയെടുത്തത്
മഹേഷിന്റെ മൂത്തത് രണ്ടു ചേച്ചിമാരാണ്… വിവാഹം കഴിഞ്ഞ് കുട്ടിയും കുടുംബവുമായ് അവർക്കെങ്കിലും ഇന്നും അവരുടെ കാര്യങ്ങളെല്ലാം അവർ നടത്തിയെടുക്കുന്നത് അമ്മയിലൂടെ മഹേഷിന്റെ പണം വാങ്ങിച്ചെടുത്തിട്ടാണ്….
മകനെക്കാൾ അമ്മയ്ക്ക് ഇത്തിരി കൂടുതലിഷ്ടം പെൺമക്കളെ ആയതു കൊണ്ടു തന്നെ മകന്റെ സങ്കടങ്ങളൊരിക്കലും അമ്മ കണ്ടതുമില്ല… കണ്ടപ്പോഴൊന്നും അങ്ങനെയൊന്ന് നടന്നതായ് ഭാവിച്ചും ഇല്ല അവർ…
തിരികെ തരാമെന്ന് പറഞ്ഞ് ചേച്ചിമാർ അവനിൽ നിന്ന് വാങ്ങിച്ചെടുത്ത പണവും പണ്ടവുമൊന്നും ഇനിയൊരുക്കാലത്തും തനിയ്ക്ക് തിരികെ കിട്ടില്ലാ എന്നത് എന്നേ മണിക്കുട്ടിയ്ക്ക് മനസ്സിലായതാണ്…. പക്ഷെ അതുപോലെ തന്റെ താലിമാല നഷ്ടപ്പെടുത്തി കളയാൻ വയ്യ അവൾക്ക്… തന്റെ സ്വർണ്ണത്തിൽ ആ ഒന്നിനു വേണ്ടി മാത്രമാണവൾ അവനോടു വാശിക്കാണിച്ചിട്ടുള്ളതും….
പ്രാണനാണവൾക്ക് ആ താലിമാല… അവന്റെ നിസ്സഹായ അവസ്ഥയിൽ ഊരിക്കൊടുത്തതുപോലും അവന്റെ സങ്കടങ്ങൾ കാണാൻ പറ്റാഞ്ഞിട്ടാണ്…
ആ മാലയെനിയ്ക്ക് വേണം മഹിയേട്ടാ….
ഒരു വാശി പോലെ മണിക്കുട്ടി പറഞ്ഞതും അവളെ നോക്കി മഹേഷ്….
മഹിയേട്ടൻ അതെന്തായാലും നിനക്കെടുതു തരും മണിക്കുട്ടീ…. അതു ഞാൻ കളയില്ല പോരെ…..?
അവളുടെ കവിളിൽ പിടിച്ചൊന്ന് വലിച്ച് മഹേഷ് ചോദിച്ചതിന് അവനെ നോക്കി ചിരിച്ച് ഡ്രസുമെടുത്ത് ബാത്ത് റൂമിലേക്ക് നടന്നവൾ….
” അമ്മേ…. കഴിഞ്ഞ ദിവസം ഞാനമ്മയ്ക്ക് തന്ന പെസയൊന്ന് എനിയ്ക്ക് തിരിച്ചു തന്നേക്കാമോ… അവളുടെ മാല എടുക്കാനാണ്… ഗ്യാരണ്ടിയുടെ മാല ഇട്ടിട്ടവളുടെ കഴുത്തെല്ലാം ചൊറിഞ്ഞു പൊട്ടിയിട്ടുണ്ട്….
രാവിലെ ഓഫീസിൽ പോവുന്നതിനു മുമ്പായ് മഹേഷ് അമ്മയ്ക്കരിക്കിലെത്തി ചോദിച്ചതും അവനെ ഉഗ്രമായൊന്ന് നോക്കി അമ്മ…
ചൊറിഞ്ഞു പൊട്ടിയെങ്കിൽ നീ ചെന്ന് മാന്തിക്കൊട് മഹേഷേ…. അല്ലാതെ ആ പൈസ ഞാൻ തരില്ല… നിന്റെ ചേച്ചിയോട് ഞാനിന്നലെ രാത്രി തന്നെ വിളിച്ചു പറഞ്ഞിരുന്നു രാവിലെ തന്നെ വന്നാ പൈസ കൊണ്ടു പോവാൻ…. നിന്നെ എനിയ്ക്കറിയാലോ…. ?
അമ്മയുടെ പുച്ഛം നിറഞ്ഞ സംസാരത്തിൽ അവരെ അമ്പരന്നു മഹേഷ് നോക്കി പോയ്…
എന്താമ്മേ അമ്മ പറഞ്ഞ പോലെ
രാത്രിയിലെ അവളുടെ തലയിണ മന്ത്രത്തിന്റെ ശക്തിയിൽ ഇവനമ്മയോട് രാവിലെ തന്നെ പൈസ തിരിച്ചു ചോദിച്ചോ…?
പൊന്നു മഹേഷേ ആ പൈസ എനിയ്ക്ക് വേണം… നീ അവളോട് അവളുടെ വീട്ടിൽ ചെന്ന് ഇനിയും വല്ല സ്വർണ്ണമോ പെസയോ വാങ്ങിവരാൻ പറ….. ഞങ്ങൾ വാങ്ങുന്നില്ലേ അതുപോലെ… ബുദ്ധിയുള്ള പെണ്ണുങ്ങൾ അങ്ങനെയാണ്…. നീ കുറച്ചു ദിവസം അവളെ അവളുടെ വീട്ടിൽ കൊണ്ടു നിർത്ത്…പണവും പണ്ടവുമെല്ലാം നീ ചോദിക്കാതെ തന്നെ വരും ഇനിയും..”
അങ്ങോട്ടു വന്നു ചേച്ചി പറഞ്ഞതും തുറിച്ച മിഴിയോടെ അവരെ നോക്കി പോയവൻ…
അവരുടെയെല്ലാം മനസ്സെത്ര
ദുഷിച്ചതാണെന്നവൻ മനസ്സിലാക്കുന്നതും അന്നേരമാണ്…
തന്നെയവർ ഒരു സഹോദരനിലുപരി അവരുടെ ആവശ്യങ്ങൾ നടത്തി എടുക്കാനുള്ളൊരു ആളായിട്ടാണ് കാണുന്നത് എന്നതും അവന്റെ പുതിയ അറിവാണ്….
ദിവസങ്ങൾ മാറ്റമില്ലാതെ മെല്ലെ മുന്നോട്ടു പോയൊരുനാൾ വൈകുന്നേരം അതുവരെ പണയം വെച്ച മണിക്കുട്ടിയുടെ മുഴുവൻ ആഭരണങ്ങളുമായ് മഹേഷ് വീട്ടിൽ വന്നു കയറിയതും തുറിച്ചുന്തി പോയ് അമ്മയുടെയും ചേച്ചിമാരുടെയും കണ്ണുകൾ….
ഇതൊക്കെ നീ തിരിച്ചെടുത്തോടാ….?
നിനക്കെവിടുന്നാണ് ഇത്രയും പൈസയൊക്കെ….?
ആർത്തി നിറഞ്ഞു ചേച്ചിമാരുടെ മുഖത്തും സംസാരത്തിലും….
നീ ആരുടെ എങ്കിലും കയ്യീന്ന് ഇത്രയും വലിയ സംഖ്യ കടം വാങ്ങിയോടാ….?
അമ്മ വന്നരിക്കിലിരുന്ന് ആഭരണങ്ങളിൽ തൊട്ടു തലോടി ചോദിച്ചതും അതെല്ലാം വേഗം മണിക്കുട്ടിയുടെ കയ്യിലേൽപ്പിച്ചു മഹേഷ്…
മണിക്കുട്ടീ ഇതെല്ലാം നിന്റെ ആവശ്യങ്ങൾക്ക് നിനക്ക് നിന്റെ വീട്ടുകാർ തന്നതാണ്… ഇനിയിത് സൂക്ഷിച്ചു വെക്കേണ്ടത് നീ മാത്രമാണ്…. ഞാനുൾപ്പെടെ ആരു ചോദിച്ചാലും ഇതിനി നീ കടം കൊടുക്കരുത് ട്ടോ….
മഹേഷ് മണിക്കുട്ടിയെ പറഞ്ഞേല്പിച്ചതും മിഴിഞ്ഞു മറ്റുള്ളവരുടെ കണ്ണുകൾ….
എടാ…. ഇതെല്ലാം എടുക്കാനുള്ള പൈസ….?
മഹേഷ് അകത്തേക്ക് നടന്നതും പിന്നാലെ
നടന്നു തിരക്കിയവർ
“അത് നമ്മുടെ അച്ഛന്റെ അപകട ഇൻഷൂർ തുക കിട്ടിയതാണ്…. ഞാനായിരുന്നല്ലോ അച്ഛന്റെ നോമിനി…. അതു കിട്ടിയപ്പോൾ ഞാനിതെല്ലാം ഇങ്ങെടുത്തു…. ”
നിസാരമായവൻ പറഞ്ഞതും ഞെട്ടിയവർ…
അച്ഛന്റെ ഇൻഷൂർ തുകയോ…. അതു വലിയൊരു സംഖ്യ ഇല്ലേ…. ഞങ്ങൾക്കും അവകാശമുണ്ട് അതിൽ…. ഞങ്ങളുടെ ഷെയർ താടാ….. ”
അവനരികിലേക്ക് പാഞ്ഞവർ പറഞ്ഞതും അവരെ നോക്കി മനോഹരമായി ചിരിച്ചവൻ….
“നിങ്ങളുടെ വീതമെടുത്താണ് അതെല്ലാം ഞാനിങ്ങെടുത്തത്… കണക്ക് നോക്കിയാൽ നിങ്ങളിനിയും തരാനുണ്ട് എനിയ്ക്ക്…. അതെല്ലാം തന്ന് തീർക്കാദ്യം…. എന്നിട്ടാലോചിയ്ക്കാം നമുക്ക് ബാക്കി….”
മഹേഷ് പറഞ്ഞതും അവന്റെ മുമ്പിൽ നാണംകെട്ടുനിന്നു മറ്റുള്ളവർ…. അവനൊരുപാട് മാറി പോയെന്ന തിരിച്ചറിവോടെ..
✍️ രജിത ജയൻ
