തന്റെ പ്രസവ ശ്രുശ്രൂഷ ചെയ്യാൻ വന്നവൾ താൻ പെറ്റെണിറ്റപ്പോഴേക്കും കിടപ്പ് തന്റെ കെട്ടിയവനൊപ്പം ആക്കിയത് കണ്ടിട്ടും….

“ഇനിയിപ്പോ ജാസ്മിന് ദിവസേനെ ബെഡ്റൂമില് കിടന്നുറങ്ങാൻ സലീമിനെ കാത്തിരിക്കണ്ടല്ലോ… നിന്റെ ആ ജോലിയും കൂടി ഏറ്റെടുത്തോണ്ടാണല്ലോ സാമ്പിറ ഇനിയിങ്ങോട്ട് വരുന്നത്…?

ജാസ്മിനെ അടുക്കള പണിയ്ക്ക് സഹായിക്കാൻ വരുന്ന ലീലാമ്മയുടെ മുഖത്ത് അതു പറയുമ്പോഴുള്ള പരിഹാസച്ചിരി അവരെത്ര മറച്ചിട്ടും കൃത്യമായ് കണ്ടു ജാസ്മിനും….

ലീലാമ്മയെ വെറുതെ നോക്കിയൊന്ന് ചിരിച്ചതല്ലാതെ മറുത്തൊരു മറുപടിയും അവരോടായ് പറഞ്ഞില്ലവൾ… അല്ലെങ്കിൽ തന്നെ എന്തു പറയാനാണ്…

തന്റെ പ്രസവ ശ്രുശ്രൂഷ ചെയ്യാൻ വന്നവൾ താൻ പെറ്റെണിറ്റപ്പോഴേക്കും കിടപ്പ് തന്റെ കെട്ടിയവനൊപ്പം ആക്കിയത് കണ്ടിട്ടും അത് തടയാനോ അതിനെതിരെ ശബ്ദം ഉയർത്താനോ പറ്റാത്തവൾക് വീട്ടിലെ ജോലിക്കാരിയോട് മാത്രമായിട്ട് എന്തു പറയാനാണ്….

എന്നാലും ആ സാമ്പിറയെ സമ്മതിക്കണം… പേറ് നോക്കാൻ വന്നവൾ ഇരട്ടപെറ്റുവെന്ന് പറയുന്നതു പോലെയാക്കി അവളിവിടുത്തെ കാര്യങ്ങൾ…. ജാസ്മിൻ പെറ്റു കിടക്കണ സമയം മുതലാക്കിയവൾ ആ സലീമിനെ കൂടെ കിടത്തിയവനെ കാൽച്ചുവട്ടിലാക്കിയത് ഓർത്തിട്ടാണെനിയ്ക്ക്…

നിർത്താൻ ഭാവമില്ലാതെ ലീലാമ്മ പറഞ്ഞു കൊണ്ടിരുന്നതും അവിടെ നിന്നെഴുനേറ്റവരെ നോക്കി ജാസ്മിൻ

കൂടെ കിടക്കാൻ ഒരുത്തി വിളിയ്ക്കുമ്പോഴേയ്ക്കും അവളുടെ ശരീരത്തിലേക്ക് പാഞ്ഞോടി ചെന്ന് കയറുന്ന ആണുങ്ങൾക്കും ഉണ്ട് ലീലാമ്മ ചേച്ചി കുറ്റം…

സ്വന്തമായെനിയ്ക്കൊരു വീടോ ഇറങ്ങി ചെന്നാൽ സ്വീകരിക്കാൻ ബന്ധുക്കളോ ഇല്ലാത്തതു കൊണ്ട് സലീമിക്കാക്ക്
എന്നോട് എന്തു വേണമെങ്കിലും ചെയ്യാം… ആരും ചോദിക്കാനും പറയാനും ഒന്നും ഇനി വരാനില്ലല്ലോ… വരാനുള്ളവരെല്ലാം ഒന്നിച്ചൊരപകടത്തിലൂടെ നേരത്തെ തന്നെ പടച്ചോന്റെ അടുത്തേയ്ക്ക് പോയതും ഇക്കാക്ക് നല്ലതായി…..

നിറയാനൊരുങ്ങുന്ന മിഴികൾ തുടച്ചു നീക്കി അവരോടു പറഞ്ഞ് അകത്തേയ്ക്ക് നടന്നു ജാസ്മിനെങ്കിലും അവൾ പറഞ്ഞ വാക്കുകളിൽ ഉടക്കി കിടന്നു ലീലാമ്മയുടെ മനസ്സ്….

ജാസ്മിന് പതിനെട്ടു വയസ്സു പൂർത്തിയായ ഉടനെ തന്നെയായിരുന്നു അവളും സലീമും ആയുള്ള വിവാഹം വീട്ടുകാർ നടത്തിയത്…

ഉപ്പയും ഉമ്മയും സഹോദരനും അടങ്ങിയിരുന്ന ജാസ്മിന്റെ കുടുംബത്തിൽ ആരും നിനച്ചിരിക്കാത്ത നേരത്താണ് മരണം വിരുന്നെത്തിയത്… അതും അപകട രൂപത്തിൽ…

ഒരാൾ അവശേഷിക്കാതെ എല്ലാവരും അവിടെ മരണത്തിനു കീഴടങ്ങിയതും ജാസ്മിന് വന്നു ചേർന്ന അവരുടെ വീടും മറ്റു വസ്തുക്കളുമെല്ലാം സലീം നല്ല വിലയിൽ വിറ്റു കാശാക്കി….

ആ പണം ഉപയോഗിച്ച് സലീം കൂടുതൽ ബിസിനസ്സുകൾ ചെയ്താണ് ഇന്നു കാണുന്ന പുത്തൻ പണക്കാരൻ സലീം ആയതും… പക്ഷെ ഇതിനിടയിലെപ്പോഴോ സലീമിന്റെ ജീവിതത്തിൽ പലപെണ്ണുങ്ങളും നിത്യ സന്ദർശകരായെത്തിയിരുന്നു ജാസ്മിനറിയാതെ….

വിവാഹം കഴിഞ്ഞ് രണ്ട് മൂന്നു വർഷത്തോളം മക്കളൊന്നും ഇല്ലായിരുന്നു ജാസ്മിനും സലീമിനും.. ഇപ്പോഴാണ് അവർക്കൊരു കുഞ്ഞ് ജനിച്ചത്… അതും ധാരാളം ചികിൽസയ്ക്കു ശേഷം..

ജാസ്മിന്റെ പ്രസവകാര്യങ്ങൾ നോക്കാൻ വേണ്ടി വന്ന സാമ്പിറയ്ക്ക് എളുപ്പത്തിൽ തന്നെ സലീമിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ സാധിച്ചു….

ആദ്യമെല്ലാം ജാസ്മിനറിയാതെയായിരുന്നു അവരുടെ സംഗമങ്ങൾ ആ വീട്ടിൽ നടന്നിരുന്നതെങ്കിൽ പിന്നീടത് അവൾക്കു മുമ്പിലും വെച്ചു തുടർന്നു സലീം…

തന്നെ ഉപേക്ഷിച്ചു ജാസ്മിൻ പോവില്ല എന്ന ധൈര്യം… ചെന്ന് കയറാനും കാത്തിരിക്കാനും ആരുമില്ലാത്തവൾ ഒരഭയാർത്ഥിയായ തന്റെ കാൽചുവട്ടിൽ തന്റെ എല്ലാ ചെയ്തികളും സഹിച്ച് നിൽക്കുമെന്ന സലീമിന്റെ വിശ്വാസമാണ് തന്നെക്കാൾ വയസ്സിനു മൂത്ത സാമ്പിറയെ വിവാഹം ചെയ്യാനവനെ ഇന്ന് ധൈര്യമായത്…

ജാസ്മിനെന്ന പാവം പെണ്ണിനോടുള്ള സഹതാപം ലീലാമ്മയുടെ നിറയുമ്പോൾ തന്റെ കുഞ്ഞിനരികെ ആകെ നിലതെറ്റിയെന്നതു പോലെ ഇരിപ്പാണ് ജാസ്മിൻ… തനിയ്ക്കു ചുറ്റും നടക്കുന്ന കാര്യങ്ങളിൽ എങ്ങനെ സലീമിനെതിരെ പ്രതികരിക്കണം എന്നറിയാതെ ഉഴറി അവളുടെ ഉള്ളം….

തന്നെ എല്ലാ വിധത്തിലും ചതിച്ച ഒരുവന്റെ ഭാര്യയായ് അവിടെയിനിയും തുടരാൻ അവൾക്കത്ര മേൽവയ്യായിരുന്നപ്പോൾ…

നാലു ദിവസം കഴിഞ്ഞ് നടക്കുന്ന സലീമിന്റെ രണ്ടാം വിവാഹത്തിനു മുമ്പ് അവിടെ നിന്നെങ്ങനെ രക്ഷപ്പെടും എന്നതുമാത്രമായവളുടെ ചിന്ത….

ഏറെ നേരത്തെ ചിന്തയ്ക്കൊടുവിൽ തന്നെ വെല്ലുവിളിച്ചെന്ന പോലെ തന്റെ സ്ഥാനത്തേയ്ക്കു വരുന്ന സാമ്പിറയെ സ്വീകരിക്കാൻ ഈ വീട്ടിൽ താൻ നിൽക്കില്ലെന്നു മനസ്സിലുറപ്പിച്ചു ജാസ്മിൻ…

നാലു ദിവസങ്ങൾക്കപ്പുറം നിക്കാഹിനുള്ള വേഷത്തിൽ മാറ്റി പുറപ്പെട്ട് സലീം തന്റെ മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ അവനുമുമ്പിലായ് അലസം വന്നു നിന്നു ജാസ്മിൻ….

ജാസ്മിനെ കണ്ടതും ഒന്നു വിടർന്നു സലീമിന്റെ കണ്ണുകൾ ….

സലീമിനെ കൊതിപ്പിക്കും വിധം പ്രസവിച്ചെഴുന്നേറ്റതിന്റെ തുടുപ്പും മിനിപ്പും ആവോളമുണ്ട് ജാസ്മിനിൽ…

കഴിഞ്ഞു പോയ ദിവസങ്ങളിലെല്ലാം ജാസ്മിനൊപ്പം കിടക്കാനും അവളുടെ ശരീരം ആസ്വദിയ്ക്കാനും ഒരു ശ്രമം നടത്തി സലീമെങ്കിലും കുഞ്ഞിനെ ഉണർത്തി കരയിപ്പിച്ച് സലീമിന്റെ ശ്രമങ്ങളെ വിഫലമാക്കിയിരുന്നു ജാസ്മിൻ… അതിന്റെയൊരു ദേഷ്യം ആവോളം ജാസ്മിനോടുണ്ട് സലീമിനെങ്കിലും സാമ്പിറയുമായുള്ള തന്റെ നിക്കാഹ് കഴിയും വരെ അടങ്ങി നിൽക്കാനാണ് അവന്റെ തീരുമാനം…. തന്നെ വിട്ട് ജാസ്മിൻ എവിടെ
പോവാൻ ….

നിക്കാഹ് കഴിഞ്ഞ് എല്ലാവരും ഇങ്ങോട്ടേയ്ക്ക് വരുമ്പോ അവർക്കുള്ള ഭക്ഷണമെല്ലാം റെഡിയാക്കി വെക്കണം നീ….

ജാസ്മിനൊപ്പം ചെന്നു നിന്ന് സലീം പറഞ്ഞതും അവനെ പുഞ്ചിരിയോടെ നോക്കി ജാസ്മിൻ….

നിങ്ങളുടെ രണ്ടാം വിവാഹത്തിന് സദ്യ വിളമ്പാൻ കാത്തു നിൽക്കുന്ന ഭാര്യയല്ല ഞാൻ.. നിങ്ങൾ മറ്റൊരുത്തിയെ എന്റെ സ്ഥാനത്തേയ്ക്ക് കൊണ്ടുവരുമ്പോൾ എന്റെ സ്ഥാനം ഒഴിഞ്ഞു പോവാൻ കാത്തു നിൽക്കുന്ന ഭാര്യയാണ് ഞാൻ….

ഉറപ്പോടെ ജാസ്മിൻ പറഞ്ഞതും അവളെ കാര്യം മനസ്സിലാവാതെ തുറിച്ചു നോക്കി സലീം….

മനസ്സിലായില്ല പറഞ്ഞത്…

അവൾക്കടുത്ത് വന്നു മുരണ്ടു സലീം….

നിങ്ങളുടെ രണ്ടാം നിക്കാഹിന് കാഴ്ചക്കാരിയായ് ഞാനിവിടെ നിൽക്കില്ല… എന്റെ മോനെയും എടുത്ത് ഞാനിപ്പോ ഇറങ്ങും ഇവിടുന്ന്….

ജാസ്മിൻ പറഞ്ഞു നിർത്തും നേരം തന്നെയാണ് ഒരു പോലീസ് ജീപ്പ് അവിടെ വന്നു നിന്നത്….

ഞാനിവിടുന്ന് ഇറങ്ങുമ്പോൾ നിങ്ങളെന്നെ തടയാതിരിക്കാൻ വേണ്ടി ഞാൻ വിളിച്ചു വരുത്തിയതാണ് പോലീസിനെ…

ഇറങ്ങി പോണമെങ്കിൽ നിനക്കങ്ങ് പോയാൽ പോരേ ടീ…. എന്തിനാടി പോലീസൊക്കെ….? കേറി ചെല്ലാൻ ഒരു വീടില്ലാതെ തെരുവിൽ കിടക്കാൻ പോവുന്ന നിന്നെ ഞാനെത്തിനു തടയണം….? ഇറങ്ങി പോടി എന്റെ വീട്ടീന്ന്…

ജാസ്മിൻ പറഞ്ഞു നിർത്തിയതും അവൾക്കു നേരെ ചീറി സലീം…

ഞാനൊരു തെരുവിലും കിടക്കില്ല സലീം… എന്റെ ഉപ്പയുടെ അധ്വാനം വിറ്റ കാശ് നിങ്ങളെടുത്തെങ്കിലും ഇന്നത് എന്റെ കയ്യിലാണ്… കഴിഞ്ഞ ദിവസം ബാങ്കിൽ നിന്ന് നിങ്ങളെടുത്തിവിടെ വച്ച ആ പണം ഞാനെടുത്തിട്ടുണ്ട്… അതെന്റെയാണെന്ന് തെളിയിക്കാൻ വേണ്ടതെല്ലാം എന്റെ കയ്യിലുണ്ട്… തിരികെ വാങ്ങിച്ചെടുക്കാൻ പറ്റുമെങ്കിൽ വാങ്ങിക്ക് നിങ്ങൾ….

വെല്ലുവിളിച്ച് ജാസ്മിൻ പറഞ്ഞതും പകച്ചവളെ നോക്കി സലീം…..

അവന്റെ ആ നോട്ടം കണ്ടതും ഒരു പുച്ഛ ചിരി അവന് നൽകി തന്റെ കുഞ്ഞിനെയും എടുത്ത് ബാഗും തോളിലിട്ട് ഇറങ്ങിയ ജാസ്മിനൊന്നു നിന്നു

ഞാൻ ഇറങ്ങിയ പുറകെ എന്റെ പിന്നാലെ കുഞ്ഞിന് അവകാശം പറഞ്ഞു വരാൻ നിൽക്കണ്ട നിങ്ങൾ… ഒരു കുഞ്ഞിന് ജന്മം കൊടുക്കാനുള്ള കഴിവ് നിങ്ങൾക്കില്ലാത്തതിനാൽ ഐ വി എഫിലൂടെ ജനിച്ച എന്റെ കുഞ്ഞിന്റെ വാപ്പ നിങ്ങളല്ലെന്ന് എനിയ്ക്കും നിങ്ങൾക്കും അറിയാം… നാണം കൊടാനുള്ള വഴിയെടുക്കരുത് നിങ്ങൾ…. കുഞ്ഞിനെ തരില്ല ഞാൻ…

കാഴ്ച കാണാൻ കൂടി നിൽക്കുന്ന ആളുകൾ കേൾക്കേ സലീമിനോടു പറഞ്ഞ് ജാസ്മിൻ ഇറങ്ങി പോവുമ്പോൾ അവളെ തടയാനാവാതെ നിസ്സഹായതയോടെ നാണംകെട്ടുനിന്നു സലീം…

✍️ RJ

Leave a Reply

Your email address will not be published. Required fields are marked *