വൈകിയ വസന്തം
കോളേജിൽ, വൈകുന്നേരത്തെ അവസാന ബെൽ അടിച്ചപ്പോൾ വിദ്യാർത്ഥികൾ പുറത്തേക്ക് ബഹളം വച്ച് ഒഴുകിയിറങ്ങി.
മന്യ ടീച്ചർ സ്റ്റാഫ് റൂമിൽ ഇരുന്നു വായന തുടർന്നു.അവളുടെ കണ്ണുകൾ മാത്രമായിരുന്നു ആ പുസ്തകത്തിൽ,മനസ്സ് വളരെ അകലെയായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു പേര് അവളുടെ ചിന്തകളിൽ തെളിഞ്ഞു വന്നിരുന്നു, മഹാദേവൻ, ദേവിയുടെ അച്ഛൻ,ഒരു വിഭാര്യൻ.ശാന്തനായ ഒരു മനുഷ്യൻ.
എന്തിനാണ് അയാളുടെ മുഖം എപ്പോഴും തൻ്റെ ചിന്തകളിൽ തെളിയുന്നത്.അയാളെ ആദ്യമായി കണ്ട ദിവസം അവൾക്ക് ഇപ്പോഴും നല്ല ഓർമ്മയുണ്ട്.
അഡ്മിഷൻ സമയത്ത് അയാൾ വളരെ വിനയത്തോടെ ക്ലാസ് കൗൺസിലറായ മന്യയോട് പറഞ്ഞു:
“ടീച്ചർ, ദേവി എപ്പോഴും മൗനത്തിലാണ് അമ്മയുടെ മരണശേഷം ഒന്നിലും അവൾക്ക് ഒരു ശ്രദ്ധയുമില്ല.എന്നെക്കാൾ അടുപ്പം അവൾക്ക് അമ്മയോട് ആയിരുന്നു.”
ആ വാക്ക് കേട്ടപ്പോൾ മന്യയുടെ ഹൃദയം ചെറുതായി വേദനിച്ചു.കാരണം അവൾക്കും ചെറുപ്പത്തിലെ അമ്മയെ നഷ്ടപ്പെട്ടാലുള്ള വേദന എന്താണെന്ന് അറിയാമായിരുന്നു.
“കോളേജിൽ ഞാനുണ്ടല്ലോ.ഞാൻ നോക്കി കൊള്ളാം ദേവിയുടെ കാര്യം.”
മിക്കവാറും ദിവസങ്ങളിൽ, മഹാദേവൻ ദേവിയെ കൊണ്ട് വിടാൻ കോളേജിൽ വരും.മന്യയെ നോക്കി ചിരിക്കും.അവർ തമ്മിൽ സംസാരങ്ങൾ കുറവായിരുന്നു.
ദേവി ഇപ്പോൾ പഴയ പോലെയല്ല.ആളാകെ മാറി,നല്ല മിടുക്കിയായി.പഠിക്കാൻ മാത്രമല്ല,എല്ലാം കാര്യത്തിലും അവൾ മുന്നിലുണ്ട്.
മന്യ ടീച്ചറെ ദേവിക്ക് വലിയ ഇഷ്ടമാണ്.ടീച്ചറോട് പറയാതെ ഒന്നും ചെയ്യില്ല എന്ന് അവസ്ഥയാണിപ്പോൾ.
“ടീച്ചറിന് എൻ്റെ അമ്മയുടെ മണമാണ്.”
മന്യയെ കെട്ടിപ്പിടിച്ചു ദേവി പറഞ്ഞു.
അച്ഛനേയും മകളേയും ഒന്നിച്ച് കാണുമ്പോൾ മന്യയ്ക്ക് സന്തോഷം തോന്നും.എന്തോ അവരോട് ഒരു അടുപ്പം തോന്നാറുണ്ട്.
അവസാന വർഷം കോളേജ് ടൂറിൻ്റെ സമയത്ത് ,ദേവി അച്ഛനെ ഒറ്റയ്ക്ക് വിട്ടിട്ട് ടൂറിന് വരാൻ മടിച്ചു.
“ഞാൻ വന്നാൽ എൻ്റെ അച്ഛൻ ഒറ്റയ്ക്കാകും ടീച്ചറെ.”
ദേവി മന്യയുടെ മുന്നിൽ നിന്ന് കരഞ്ഞു.
“നിനക്ക് വരണമെന്ന് ആഗ്രഹമുണ്ടോ.ക്ലാസ്സിലെ ബാക്കി എല്ലാവരും ഉണ്ട്.നീ മാത്രമില്ലാതെയാകുമ്പോൾ…”
ദേവി തന്നെ പിള്ളേര് വഴി പ്രിൻസിപ്പാളിന് ഒരു അപേക്ഷ കൊടുപ്പിച്ചു.ദേവിയുടെ അച്ഛൻ കൂടെ വരുന്നതിൽ,കുട്ടികൾക്ക് എതിർപ്പില്ല. ദേവിക്ക് ടൂറിനും പങ്കെടുക്കാം,അച്ഛനെ പിരിയേണ്ടതുമില്ല.
യാത്രയിൽ കുട്ടികൾ അടിച്ചു പൊളിച്ചു നടന്നപ്പോൾ മന്യ ഒറ്റപ്പെട്ടു.കൂടെ വന്ന് മറ്റ് രണ്ട് അദ്ധ്യാപകർ ബാറുകൾ തേടി പോയപ്പോൾ മന്യയും മഹാദേവനും ബസിൽ തനിച്ചായി.
മന്യ മഹാദേവനെ അയാളറിയാതെ നിരീക്ഷിച്ചു.ഡൈ ചെയ്ത് ഷാംപൂ ഇട്ട് മനോഹരമായി ചീകി വച്ചിരിക്കുന്ന കോലൻ മുടി.കട്ടി മീശ,സ്റ്റൈലൻ കണ്ണട, ടീഷർട്ട്,ജീൻസ്.പതിവായി വ്യായാമം ചെയ്യുന്ന ദൃഢമായ ശരീരം,ഒരു ഇരുപത്കാരിയുടെ അച്ഛനാണെന്ന് അയാളെ കണ്ടാൽ പറയില്ല.നല്ല ഗാംഭീര്യമുള്ള ശബ്ദം.നല്ലൊരു കർണാടക സംഗീത വിദ്വാൻ കൂടിയാണ് മഹാദേവൻ.
“നമുക്ക് ബസിൽ നിന്നും പുറത്തിറങ്ങി നിന്നാലോ.”
“ടീച്ചറിന് പേടിയാണോ.”
“ആളുകളുടെ വാ മൂടി കെട്ടാൻ നമുക്ക് പറ്റില്ലല്ലോ.”
“ഈ പ്രായത്തിൽ ഇനി എന്ത് കഥ പറയാനാ.”
ടൂറിനിടയിൽ വല്ലാതെ ഒരു ആരാധന തോന്നിയത് കൊണ്ട് മന്യ മഹാദേവനിൽ നിന്നും ഒരു അകലം പാലിച്ചു.
ഒരു ദിവസം വൈകുന്നേരം അപ്രതീക്ഷിതമായി ഒരു മഴ പെയ്തു.
കോളേജ് വരാന്തയിൽ മന്യ മഴ ആസ്വദിച്ചു നിൽക്കുമ്പോൾ, മഹാദേവൻ അടുത്ത് വന്നു നിന്നത് മന്യ അറിഞ്ഞില്ല.
പെട്ടെന്ന് അവൾ മുഖം ഉയർത്തി നോക്കി.ഒരു നിമിഷം കണ്ണുകൾ കൂട്ടി മുട്ടി.രണ്ടുപേരും മിണ്ടിയില്ല.പിന്നെ അയാൾ പറഞ്ഞു.
“ടീച്ചറോട് സംസാരിക്കുമ്പോൾ ഏറെ പ്രിയപ്പെട്ട ആരോടോ സംസാരിക്കുന്നത് പോലെ എനിക്ക് തോന്നും, ഇവിടെ എനിക്കൊരു ഒറ്റപ്പെടൽ അനുഭവപ്പെടുന്നില്ല.”
മന്യ ഗൗരവത്തോടെ പറഞ്ഞു.
“അങ്ങനെയൊന്നും എനിക്ക് തോന്നുന്നില്ല.എനിക്ക് എല്ലാവരേയും പോലെ തന്നെയാണ് ദേവിയുടെ അച്ഛനും.”
മഹാദേവൻ വിഷമിച്ചു തിരിഞ്ഞ് നടന്നു പോകുന്നത് മന്യ നോക്കി നിന്നു.അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
ആ സംഭവത്തിന് ശേഷം അവൾ ദേവിയോടും അച്ഛനോടും അകലം പാലിച്ചു.
മഹാദേവൻ സംസാരിക്കാൻ വന്നാലും ഔപചാരികമായ സംസാരങ്ങൾ മാത്രമാക്കി ചുരുക്കി.പരസ്പരം നോട്ടങ്ങൾ ഒഴിവാക്കി.
ഒരു ദിവസം മഹാദേവൻ അവളോട് ചോദിച്ചു:
“എൻ്റെ വരവ് ടീച്ചറിനെ അസ്വസ്ഥമാക്കുന്നുണ്ടോ.”
മന്യ മറുപടി പറഞ്ഞില്ല.
കാരണം യഥാർത്ഥത്തിൽ മന്യയ്ക്ക്
മഹാദേവനെ കണ്ടാൽ ഒരു ആശ്വാസമായിരുന്നു. ഒരു ദിവസം അയാളെ കണ്ടില്ലെങ്കിൽ അകാരണമായ വിഷമം തോന്നും.
“ആരാണയാൾ തനിക്ക്”
മന്യ സ്വയം ചോദിച്ചു.ആ രാത്രി മന്യ ഒറ്റയ്ക്കിരുന്ന് കരഞ്ഞു.
ഒരു ടീച്ചർ സ്വന്തം വിദ്യാർത്ഥിനിയുടെ അച്ഛനെ സ്നേഹിക്കുമോ?തെറ്റാണ്, ആരെങ്കിലും അറിഞ്ഞാൽ ,അവരിൽ നിന്നും അകലം പാലിക്കണം.
മന്യ ഒരു ട്രാൻസ്ഫറിനായി ശ്രമിച്ചു.വീടിനടുത്ത് കോളേജ് ഉണ്ട്, പക്ഷേ അവിടെയാണ് ആദ്യ ഭർത്താവായ സംഗീത് ജോലി ചെയ്യുന്നത്,ഒരേ ഡിപ്പാർട്ട്മെൻ്റാണ്.പ്രേമ വിവാഹമായിരുന്നു അവരുടേത്.വിവാഹമോചനത്തിന് ശേഷം,ഒരു ആശ്വാസത്തിനായാണ് ഇത്രയും ദൂരെ വന്ന് ജോലി ചെയ്യുന്നത്.
ഒരു ദിവസം ദേവി മന്യയുടെ അടുത്തേക്ക് വന്നു.
“ടീച്ചർ…”
മന്യ ചിരിക്കാൻ ശ്രമിച്ചു.
“എന്താ ദേവി.”
“അച്ഛനിപ്പോൾ എപ്പോഴും മൗനമാണ്.അച്ഛന് എന്ത് പറ്റിയെന്ന് എനിക്ക് മനസ്സിലാകുന്നില്ല.ഇടയ്ക്ക് സങ്കടം കാരണം ഒറ്റയ്ക്കിരുന്ന് മദ്യപിയ്ക്കുന്നത് കാണാം.”
മന്യയ്ക്ക് സങ്കടം തോന്നി.
ഒരു ദിവസം വൈകുന്നേരം മന്യ തൻ്റെ കാറിൽ പോകുമ്പോൾ, മഹാദേവൻ കോളേജ് ഗേറ്റിന് മുന്നിൽ നിൽക്കുന്നു.
“എനിക്ക് ടീച്ചറോട് ഒരു കാര്യം പറയാനുണ്ടായിരുന്നു.”
മന്യ ആകാംക്ഷയോടെ മഹാദേവനെ നോക്കി.
“ടീച്ചറെ ഞാൻ കാണുന്നത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളായിട്ടാണ്.ഞാൻ കാരണം ടീച്ചറിന് സങ്കടം ഉണ്ടായിട്ടുണ്ടെങ്കിൽ..”
“ഉണ്ടെങ്കിൽ?”
“ദേവിയുടെ ഡിഗ്രി പരീക്ഷ കഴിയുമ്പോൾ ഞാൻ നാട്ടിലേക്ക് ട്രാൻസ്ഫർ വാങ്ങി പോകാമെന്ന് കരുതുന്നു.”
മന്യയുടെ കണ്ണ് നിറഞ്ഞു.
“നാട്ടിൽ പോയാൽ എന്നെ മറക്കുമോ?. ഞാൻ ഈ മനസ്സിൽ നിന്നും അങ്ങനെ ഇറങ്ങി പോകാൻ ആഗ്രഹിക്കുന്നില്ല എങ്കിലോ?”
മഹാദേവൻ അമ്പരപ്പോടെ മന്യയെ നോക്കി.
“എൻ്റെ ജീവിതത്തിൽ നിങ്ങൾ കടന്ന് വന്നത് ഏറെ വൈകിയാണ്.അതാണ് എന്നെ കുഴപ്പിച്ചത്.ഞാൻ നന്നായി ആലോചിച്ചു.എൻ്റെ അച്ഛനോടും ചോദിച്ചു,അച്ഛന് സമ്മതമാണ്.ഇനി ദേവിയുടെ സമ്മതം കൂടി അറിഞ്ഞാൽ മതി.”
മഹാദേവൻ സന്തോഷത്തോടെ ചിരിച്ചു.
“ദേവിക്ക് പണ്ടേ സമ്മതമാണ്.ഞാൻ ആദ്യം അവളോടാണ് സമ്മതം ചോദിച്ചത്.ടീച്ചർ അവൾക്ക് അമ്മയെ പോലാണ്.”
“ടീച്ചറല്ല മന്യ,ഇനി എന്നെ അങ്ങനെയേ വിളിക്കാൻ പാടുള്ളൂ.”
“അപ്പോൾ… മന്യ എനിക്ക് കാത്തിരിക്കാമോ?”
മന്യ തൻ്റെ കൈകളിൽ മഹാദേവൻ്റെ വലത് കൈ ചേർത്ത് പിടിച്ചു.മന്യ പുഞ്ചിരിച്ചു കൊണ്ട് തല കുലുക്കി.
“ഇനി എന്നാണ് പെണ്ണുകാണൽ?”
മന്യ ചോദിച്ചു.
“ആ ചടങ്ങാണ് ഇപ്പോൾ കഴിഞ്ഞത്.”
“അപ്പോൾ ഇനി എന്താ.”
“മന്യയെ എൻ്റെ ജീവിതത്തിലേക്ക് കൂട്ടണം.”
“അത് മോളുടെ പരീക്ഷ കഴിഞ്ഞ് മതി.
മഹാദേവൻ പൊട്ടിച്ചിരിച്ചു.അയാൾ കൈ വീശി കാണിച്ചു.
മന്യ കാറിൽ വീട്ടിലേക്ക് പോകുന്നത് ഗേറ്റിൻ്റെ മറവിൽ നിന്ന് ദേവി കാണുന്നുണ്ടായിരുന്നു.അവൾ തൻ്റെ പ്രാർത്ഥന കേട്ട ദൈവത്തിന് ആകാശത്ത് നോക്കി കൈകൂപ്പി.
✍️ നിഷ പിള്ള
