നിന്റെ കൂടെ കിടന്ന് നിന്റെ ഭാര്യ പ്രസവിക്കുമ്പോഴേ അതു നിന്റെ കുഞ്ഞാവുകയുള്ളു മുരളി… ഭാര്യയും ഭർത്താവുംകൂടി ചേർന്നു കിടന്നുണ്ടാക്കുന്നതാണ്….

“നിന്റെ കൂടെ കിടന്ന് നിന്റെ ഭാര്യ പ്രസവിക്കുമ്പോഴേ അതു നിന്റെ കുഞ്ഞാവുകയുള്ളു മുരളി…
ഭാര്യയും ഭർത്താവുംകൂടി
ചേർന്നു കിടന്നുണ്ടാക്കുന്നതാണ് സ്വന്തം കുഞ്ഞുങ്ങളെ… അല്ലാതെ ആശൂത്രിക്കാരു കുത്തിവെച്ച് ഉണ്ടാക്കുന്നതൊന്നും നിന്റെ കുഞ്ഞാവില്ല…
അങ്ങനെ നിന്റെ അല്ലാത്ത ഒരു കുഞ്ഞ് ഈ പുല്ലാനിശേരി തറവാട്ടിൽ വളരാൻ ഞാൻ ജീവിച്ചിരിയ്ക്കുവോളം ഞാൻ സമ്മതിയ്ക്കില്ല..

പ്രതീക്ഷയോടെ തന്നെ നോക്കി നിൽക്കൂന്ന മുരളിയുടെ മുഖത്തു നോക്കി ഒട്ടും ദയവില്ലാത്ത ശബ്ദത്തിൽ അച്ഛമ്മ പറഞ്ഞതും ഞെട്ടിയവരെ നോക്കി മുരളിയും ഭാര്യ ഭാമയും…..

“അച്ഛമ്മ ഇത് എന്തൊക്കെയാണീ പറയുന്നത്…. ഭാമ പ്രസവിയ്ക്കുന്നത് എന്റെ കുഞ്ഞിനെ തന്നെയാണ്… പിന്നെ ഇന്നത്തെ കാലത്തൊരു കുഞ്ഞുണ്ടാവണമെങ്കിൽ ഭാര്യയും ഭർത്താവും കെട്ടിപ്പിടിച്ചൊരു മുറിയിൽ കിടക്കണമെന്നൊന്നും ഇല്ല അച്ഛമ്മേ…. ഞങ്ങൾക്കൊരു കുഞ്ഞിനെ കിട്ടാൻ ഇപ്പോഴിനിയാകെ അവശേഷിക്കുന്നത് ഐ വി എഫ് ട്രീറ്റ്മെന്റാണ്… അത് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചതുമാണ്… അച്ഛമ്മ ഇനിയതിന് എതിരൊന്നും പറയരുത്…”

അങ്ങേയറ്റം താഴ്മയോടെ അച്ഛമ്മയെ മുരളി പറഞ്ഞു മനസ്സിക്കാൻ ശ്രമിയ്ക്കുമ്പോൾ അച്ഛമ്മയുടെ അടുത്തായ് നിൽക്കുന്ന ലളിതേടത്തിയമ്മയുടെ മുഖം ദേഷ്യത്താൽ കുത്തി വീർക്കുന്നത് നോക്കി നിന്നു ഭാമയും…

അച്ഛമ്മയുടെ ഈ എതിർപ്പിനു പിന്നിൽ ലജിതേടത്തി ആണെന്നുറപ്പാണ് ഭാമയ്ക്ക്… ഞങ്ങൾക്ക് സ്വന്തമായൊരു കുഞ്ഞുണ്ടാവുന്നതിൽ ഏറ്റവും എതിർപ്പ് അവർക്കാണല്ലോ…

സങ്കടത്തോടെ ചിന്തിച്ചവൾ…

“നീയൊരു ന്യായവും പറയണ്ട മുരളീ… കന്നുകാലികളെ കുത്തിവെപ്പിച്ചു കുഞ്ഞുണ്ടാക്കുന്നതു പോലെ തന്നെയാണ് ഇതുമെന്ന് ലളിത എനിയ്ക്ക് പറഞ്ഞു തന്നിട്ടുണ്ട്… അതു കൊണ്ട് കൂടുതലൊന്നും നീയിതിനെ പറ്റി പറഞ്ഞെന്നെ പഠിപ്പിക്കാൻ വരണ്ട…. കേൾക്കാനായ് നിന്നുതരില്ല ഞാൻ…”

ഇരുന്നിടത്തു നിന്നെഴുന്നേറ്റ് അകത്തേയ്ക്ക് നടക്കാനൊരുങ്ങി അച്ഛമ്മ പറഞ്ഞതു കേട്ട് ഞെട്ടലോടെ മുരളി ലളിതയെ നോക്കിയതും അച്ഛമ്മയുടെ അങ്ങനെയൊരു തുറന്നു പറച്ചിൽ ഒട്ടും പ്രതീക്ഷിക്കാതിരുന്ന ലളിതയൊരു ചമ്മിയ ചിരിയോടവനെ നോക്കി മുഖം കുനിച്ചു…

ഇക്കണ്ട കാലമൊക്കെ തന്റെ ചിലവിൽ സുഖമായ് ഉണ്ടുറങ്ങിയിവിടെ താമസിച്ചിട്ട് തനിയ്ക്കു തന്നെ പണി തന്ന ലളിതയെ രൂക്ഷമായൊന്നു നോക്കി മുരളിയും..

ഏട്ടൻ ഗൾഫിലാണ്… ഈ തറവാടിനോടു ചേർന്നു തന്നെയാണ് ഏട്ടനും വീടുവെച്ചിരിയ്ക്കുന്നത്…

ഏട്ടനില്ലാതെ തനിച്ചാവീട്ടിൽ നിൽക്കാൻ വയ്യെന്നു പറഞ്ഞ് ലളിത ആ വീട് വാടകയ്ക്ക് നൽകിയിട്ടാണ് മക്കളുമൊത്ത് ഇവിടെ വന്നീ താമസിക്കുന്നത്…

ഏട്ടനവരുടെ ചിലവിനായിട്ടയച്ചുകൊടുക്കുന്ന പണം പോലും ഇവിടെ അവർ ചിലവിനായിട്ടെടുക്കാതെ സൂക്ഷിച്ചും സമ്പാദിച്ചും വെയ്ക്കും…

അവരുടേയും മക്കളുടേയുമെല്ലാം കാര്യങ്ങൾ അച്ഛമ്മ മുഖേനെ മുരളിയിലൂടെ എങ്ങനെയും നടത്തിയെടുക്കുകയും ചെയ്യും ലളിത….

ഏട്ടന്റെ മക്കളെ തന്റെ മക്കളായ് തന്നെ കാണുന്ന മുരളിയ്ക്കതിൽ ഇതുവരെയും യാതൊരു പരാതിയും ഉണ്ടായിരുന്നില്ലെങ്കിലും ഇല്ലാ വചനങ്ങൾ പറഞ്ഞു കൊടുത്ത് അച്ഛമ്മയെ ലളിതയാണ് തനിയ്ക്കെതിരെ ആക്കിയതെന്നതവനെ ശരിയ്ക്കും ഞെട്ടിച്ചിട്ടുണ്ട്….

“അച്ഛമ്മേ …. ഒരു കുഞ്ഞിനു വേണ്ടി ഞാനും എന്റെ ഭാമയും എത്രത്തോളം ആഗ്രഹിയ്ക്കുന്നുണ്ടെന്ന് അച്ഛമ്മയ്ക്കറിയാലോ… പിന്നെ എന്തിനാ വെറുതെയൊരു വാശി ഇക്കാര്യത്തിൽ….?

എല്ലാവരുടെയും പൂർണ്ണ പിന്തുണയോടെ വേണം ചികിൽസ തുടങ്ങാനെന്ന ആഗ്രഹത്തിൽ വീണ്ടും അച്ഛമ്മയെ മയപ്പെടുത്താൻ മുരളി ശ്രമിച്ചതും ഒരുപാടർത്ഥങ്ങൾ ഒളിഞ്ഞിരിക്കുന്നൊരു നോട്ടം ലളിത അച്ഛമ്മയെ നോക്കി…

“നീയിത് എന്തൊക്കെയാണ് മുരളീ പറയുന്നത്….?
അല്ലെങ്കിൽ തന്നെ കുട്ടികളില്ലാന്ന് പറഞ്ഞ് ഇത്രമാത്രം സങ്കടപ്പെടേണ്ട കാര്യമെന്താണ് നിനക്ക്….?
നിന്റെ ഏട്ടന്റെ മക്കൾ നിന്റെയും മക്കളല്ലേ…? അതോ ലളിത പറയുംപ്പോലെ നീ നിന്റെ ഭാര്യയുടെ വാക്കുകൾ കേട്ട് ആ കുഞ്ഞുങ്ങളെയും തള്ളിക്കളഞ്ഞോ….?

”അച്ഛമ്മയ്ക്കും ഏടത്തി അമ്മയ്ക്കും എന്തെങ്കിലും എന്നോടു പറയണമെങ്കിൽ അതെന്നോടു പറയാം.. അല്ലാതെ എന്തിനും ഏതിനും എല്ലാ പ്രശ്നങ്ങൾക്കിടയിലേക്കും വെറുതെ ഭാമയെ വലിച്ചിടരുത് നിങ്ങൾ… എനിയ്ക്കിഷ്ടമില്ല നിങ്ങളിലൊരാൾ പോലും അവളെ കുറ്റപ്പെടുത്തുന്നത്… ഞാനതിന് സമ്മതിയ്ക്കുകയുമില്ല…. ആരെയും…. ”

അറിയാതെ തന്നെ അച്ഛമ്മയ്ക്കു നേരെ മുരളിയുടെ ശബ്ദം ഉയർന്നു..

“ഇപ്പോ അച്ഛമ്മയ്ക്ക് മനസ്സിലായില്ലേ ഞാനച്ഛമ്മയോട് പറഞ്ഞതെല്ലാം സത്യമായിരുന്നെന്ന്… ഭാമയെ നമ്മളൊന്നു നോക്കുന്നതു പോലും ഇവനിഷ്ടമില്ലാത്ത വിധത്തിൽ ഇവനെ മാറ്റിയെടുത്തു ഈ മിണ്ടാപൂച്ച പോലെ നിൽക്കുന്നവൾ… അതും അവൾക്ക് കണ്ടവന്റെ കുഞ്ഞിനെ പരസ്യമായ് പ്രസവിക്കാൻ വേണ്ടീട്ട്… അതിനു സമ്മതിച്ചു കൊടുക്കരുതച്ഛമ്മേ…. നമ്മുടെയീ തറവാടും സ്ഥലവുമൊന്നും അങ്ങനെ വല്ലവന്റേം കുട്ടികൾക്ക് കൊടുക്കരുത്… അച്ഛമ്മയുടെ മൂത്ത പേരക്കുട്ടി എന്റെ മാധവേട്ടനല്ലേ… മാധവേട്ടന് എഴുതി കൊടുത്താൽ മതി ഈ തറവാടും ബാക്കിയുള്ളതും… അങ്ങനെയാവുമ്പോ ഇതെല്ലാം എന്റെ മക്കൾക്കു തന്നെ കിട്ടൂലോ… ഇവനിത്രയും കാലം കുട്ടികൾ ഉണ്ടാവാതിരുന്നപ്പോ ഇതൊക്കെ അവർക്കു തന്നെ കിട്ടുംന്ന് ഞാനും ഏട്ടനും കരുതിയതാണ്…. അപ്പോഴാണവന്റെയെല്ലാം ഐ വി എഫ്…. ”

അച്ഛമ്മയ്ക്കു നേരെ മുരളിയൊന്നു ശബ്ദമുയർത്തിയതും അവനൊട്ടും പ്രതീക്ഷിക്കാതെയവന്റെ നേരെ ചീറി ചെന്നു ലളിതയും…

എന്നാൽ മുരളിയൊട്ടും പ്രതീക്ഷിക്കാതെ ലളിതയെ ഞെട്ടിച്ചു കൊണ്ട് അച്ഛമ്മയുടെ കയ്യൊന്നുയർന്ന് ശക്തമായ് ലളിതയുടെ വലം കവിളിൽ പതിച്ചതും മുരളിയും ഭാമയുമുൾപ്പെടെ ഞെട്ടി അച്ഛമ്മയെ നോക്കി…

“പറഞ്ഞു പറഞ്ഞു നീ എത്രടം വരെ പോകുമെന്നും നിന്റെ മനസ്സിനുള്ളിൽ നീ ഒളിപ്പിച്ച ദുഷിപ്പുകൾ എന്തൊക്കെയാണെന്നു മൊക്കെ അറിയാൻ വേണ്ടി തന്നെയാണ് ലളിതേ ഞാൻ നിന്റെ മുന്നിൽ ഒരു പൊട്ടിയായ് ഇരുന്നു തന്നത്….”

അച്ഛമ്മയുടെ സംസാരത്തിൽ പകച്ചവരെ ഞെട്ടി നോക്കി ലളിത…

“ഐവിഎഫ് ചികിത്സ എന്താണെന്ന് നീ പറഞ്ഞു തന്ന് അറിയേണ്ട ആവശ്യമില്ലെനിയ്ക്ക്… എന്റെ മുരളിയെ അച്ഛാന്നുവിളിക്കാനൊരു കുഞ്ഞ് ഈ തറവാട്ടിൽ ഉണ്ടായാൽ മാത്രം മതി എന്നാഗ്രഹിക്കുന്നവളാണ് ഞാൻ… കുഞ്ഞിനെ ഭാമ പ്രസവിക്കണമെന്നു പോലുമില്ല എനിയ്ക്ക്…അവരൊരു കുഞ്ഞിനെ ദത്തെടുത്താൽ പോലും അതിനെ രണ്ടും കയ്യും നീട്ടി വാങ്ങും ഞാൻ… ആ എന്നോടാണവൾ….. ”

പറഞ്ഞിട്ടും തീരാത്ത ദേഷ്യത്തോടെ ലളിതയെ വെറുപ്പോടെ നോക്കി അച്ഛമ്മ….

“ഇവിടെ വന്നു താമസിച്ച് ഈ ചെക്കനെ ഊറ്റുന്നതൊന്നും പോര അവൾക്കും അവളുടെ മാധവേട്ടനും… ഈ തറവാടും കൂടി വേണം വിഴുങ്ങാൻ.. നിനക്ക് ഞാനെല്ലാം തരാടീ… പലതും കണ്ടില്ല കേട്ടില്ല എന്ന് ഞാൻ കരുതുമ്പോൾ തലയിൽ കയറി തുള്ളുന്നോ നീ.. നാളെ നേരം വെളുക്കുമ്പോൾ നീയും
നിന്റെ മക്കളും ഉണ്ടാവരുതിവിടെ…അതു പോലെ പോവുമ്പോൾ ഇത്രക്കാലം എന്നെ പറ്റിച്ച് ഇവനെ ഊറ്റിയെടുത്ത് നീ ഉണ്ടാക്കിയതെല്ലാം ഇവിടെ എല്പിച്ച് വേണം പോകാൻ…. ഇല്ലെങ്കിൽ…. ”

ലളിതയ്ക്കു നേരെ ചൂണ്ടുവിരൽ ചൂണ്ടി അച്ഛമ്മ പറഞ്ഞതും അതനുസരിയ്ക്കും പോലെ വേഗത്തിൽ ശിരസ്സിളക്കി ലളിത…

“മുരളീ നിങ്ങൾ ചികിൽസയ്ക്കുള്ള കാര്യങ്ങൾ നോക്കിക്കോ… നിങ്ങളുടെ ഒരു കുഞ്ഞിനെ കൂടി ഈ മുറ്റത്ത് കണ്ടിട്ടു വേണം എനിയ്ക്ക് സമാധാനമായ് കണ്ണടയ്ക്കാനെന്നൊരു സ്ഥിരം പല്ലവിയോടെ അച്ഛമ്മ വീടിനകത്തേയ്ക്ക് പോയതും കയ്യിലിരുന്നതും കിനാവു കണ്ടതുമെല്ലാം ഒറ്റയടിക്ക് ഒട്ടും പ്രതീക്ഷിക്കാതെ നഷ്ടപ്പെട്ട വേദനയിൽ മുരളിയെയും ഭാര്യയേയും തലയുയർത്തി നോക്കാൻ കൂടി പറ്റാതെ താഴ്ന്ന ശിരസുമായ് നാണംകെട്ടവരുടെ അടുത്ത് തന്നെ നിന്നു ലളിതയും… ഒരു മാപ്പ് പറച്ചിലിനുള്ള സാധ്യതകൾ തിരഞ്ഞുതന്നെ….

✍️ രജിത ജയൻ…

Leave a Reply

Your email address will not be published. Required fields are marked *