ആ രാത്രിയിൽ സുരേഷിന് ഉറങ്ങാൻ സാധിച്ചില്ല.മക്കളുടെ കുഞ്ഞ് മുഖങ്ങൾ അയാളുടെ മനസ്സിനെ വേട്ടയാടി.സുരേഷ് വിറയ്ക്കുന്ന കൈകളോടെ ഫോൺ….

അച്ഛൻ

സുരേഷ് ഗ്രാമത്തിൽ എല്ലാവരും അറിയപ്പെടുന്ന ഒരു കോൺട്രാക്ടറായിരുന്നു.ഭാര്യ മായയും രണ്ട് കുട്ടികളും,നന്ദനയും നവനീതും.രണ്ട് പേരും പഠിക്കാൻ മിടുക്കരായിരുന്നു.സുരേഷ് വളരെ കർക്കശക്കാരനായ അച്ഛനായിരുന്നു.ഭാര്യയും കുട്ടികളും സുരേഷിനെ ഭയപ്പെട്ടിരുന്നു.
സുരേഷ് കുട്ടികളുടെ ഫീസ്, അവർക്ക് വേണ്ടുന്ന പഠനോപകരണങ്ങൾ, ആവശ്യമായ ഭക്ഷണം, വസ്ത്രങ്ങൾ എന്നിവ എല്ലാം കൃത്യമായി ചെയ്തിരുന്നു.

പക്ഷേ കുട്ടികൾ ആഗ്രഹിക്കുന്ന പോലെ ഒരു പിറന്നാൽ സമ്മാനമോ,ഒരു ഐസ്ക്രീമോ ഒന്നും അയാൾ വാങ്ങി നൽകിയില്ല.എല്ലാവരും ഒന്നിച്ചൊരു ഔട്ടിംഗിന് പോകാൻ കുട്ടികൾ കൊതിച്ചു.

“കുട്ടികൾക്ക് നല്ല വിഷമമുണ്ട്,അവരെ പുറത്ത് കൊണ്ട് പോയി ഒരു സിനിമ കാണിക്കാത്തത് കൊണ്ട്.എത്ര നാളായി നമ്മൾ ഒന്നിച്ച് പുറത്ത് പോയിട്ട്.”

“അതിലൊന്നും കാര്യമില്ല,അവർ വളർന്നു വരുമ്പോൾ ഇതൊക്കെ മറക്കും.എൻ്റെ അച്ഛനും എന്നെ ഇങ്ങനെ തന്നെയാണ് വളർത്തിയത്.എനിക്ക് നല്ലൊരു അച്ഛനായാൽ മതി.അവരുടെ നല്ല ഭാവിക്ക് വേണ്ടിയല്ലേ ഞാനെല്ലാം സമ്പാദിച്ചു സൂക്ഷിച്ചു വയ്ക്കുന്നത്.”

ഓരോ രൂപയും സുരേഷ് സൂക്ഷിച്ചു ചെലവാക്കി.

വീട്ടിൽ ഏതെങ്കിലും മുറിയിൽ ലൈറ്റ് ഒരു മിനിറ്റ് അധികം കത്തി കിടന്നാൽ, ഭക്ഷണം പാഴാക്കിയാൽ ഒക്കെ സുരേഷ് വഴക്ക് പറയും.

“ഇവിടെ പണം കായ്ക്കുന്ന മരമില്ല.ഈയുള്ളവൻ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതാണ് ഓരോ രൂപയും
അതോർത്താൽ അമ്മയ്ക്കും മക്കൾക്കും കൊള്ളാം.”

വർഷങ്ങൾ കടന്നു പോയി.കുട്ടികൾ വളർന്നു.വീട്ടിൽ കളിചിരികൾ കുറഞ്ഞ് തുടങ്ങി.അച്ഛൻ കൂടുതൽ ഗൗരവക്കാരനായി.അച്ഛനും മക്കളും തമ്മിൽ മിണ്ടാട്ടം ഇല്ലാതായി.അമ്മ തൻ്റെ വേദന നിശബ്ദമായി സഹിച്ചു.

മക്കൾ രണ്ടു പേരുടേയും പഠനം പൂർത്തിയായി, അവർക്ക് ജോലിയായി, വിവാഹം കഴിഞ്ഞ് അവർ നഗരങ്ങളിലേക്ക് ചേക്കേറി.

സുരേഷ് വീട് പുതുക്കി പണിതു.അതിൽ ജീവിക്കാൻ പ്രായമായ രണ്ട് പേർ മാത്രമായി, സുരേഷും മായയും.കുട്ടികളുടെ കളിചിരിയില്ലാതെ ആ വീടൊരു ഭാർഗ്ഗവീ നിലയമായി.

സുരേഷിൻ്റെ ബാങ്ക് ബാലൻസ് വളർന്നു.
ഫിക്സഡ് ഡെപ്പോസിറ്റുകൾ കൂടി വന്നു.
പക്ഷെ മക്കളുടെ ഫോൺ വിളികൾ കുറഞ്ഞു.അവർക്ക് അച്ഛനോട് ഒന്നും സംസാരിക്കാനില്ല.അമ്മയെ ഇടയ്ക്ക് വിളിക്കും,സുഖ വിവരങ്ങൾ അന്വേഷിക്കും,അത്ര മാത്രം.

ഒരിക്കൽ സുരേഷ് അലമാരയിൽ ഒരു പാസ്ബുക്ക് തെരഞ്ഞ് പോയപ്പോൾ ഒരു പഴയ ഡയറിയിൽ നിന്നും ഒരു ചെറിയ പേപ്പർ കിട്ടി.സുരേഷ് അത് തുറന്നു നോക്കി.

നന്ദന അഞ്ചാം ക്ലാസ്സിൽ വച്ച് അച്ഛന് എഴുതിയ ഒരു കത്ത്.

പ്രിയപ്പെട്ട അച്ഛാ
ഈ വർഷത്തെ പിറന്നാളിന് എനിക്ക് ഗിഫ്റ്റ് ഒന്നും വേണ്ട.നമുക്ക് നാല് പേർക്കും കൂടി ഒരു യാത്ര പോകാം.
തിരക്കില്ലാതെ അച്ഛൻ ഒരു ദിവസം മുഴുവൻ ഞങ്ങളോടൊപ്പം ഉണ്ടാകണം

നന്ദനയുടെ കുഞ്ഞ് അക്ഷരങ്ങൾ ,സുരേഷിൻ്റെ കണ്ണുകൾ നിറഞ്ഞു പോയി.അയാൾ ആ സമയത്ത് പഴയ ഒരു സംഭവം ഓർത്ത് പോയി.

വർഷങ്ങൾ മുമ്പ്,നവനീതിൻ്റെ പിറന്നാൾ ദിവസം.അവൻ്റെ നിർബന്ധത്തിന് മുന്നിൽ,മായയുടെ മനസ്സറിഞ്ഞു.ആദ്യമായി അവന് വേണ്ടി ഒരു ബർത്ത്ഡേ കേക്ക് വാങ്ങി നൽകി.നവനീത് പിറന്നാൾ കേക്കിൻ്റെ മുന്നിൽ ചിരിച്ചു കൊണ്ട് നിന്നു.

“അച്ഛാ, അച്ഛനും കൂടി വാ.നമുക്ക് ഒന്നിച്ച് കേക്ക് മുറിക്കാം.”

“എനിക്ക് ഇപ്പോൾ സമയം ഇല്ല. നിങ്ങൾ മുറിച്ച് കഴിക്കൂ.”

ആ രംഗം ആ അച്ഛൻ്റെ മനസ്സിൽ വീണ്ടും വീണ്ടും തെളിഞ്ഞു.

ആ രാത്രിയിൽ സുരേഷിന് ഉറങ്ങാൻ സാധിച്ചില്ല.മക്കളുടെ കുഞ്ഞ് മുഖങ്ങൾ അയാളുടെ മനസ്സിനെ വേട്ടയാടി.സുരേഷ് വിറയ്ക്കുന്ന കൈകളോടെ ഫോൺ എടുത്തു.

ആദ്യം നന്ദനയെ വിളിച്ചു.രണ്ട് പ്രാവശ്യം വിളിച്ചപ്പോൾ അവൾ ഫോൺ എടുത്തു.

“ഹലോ, അച്ഛാ…”

അച്ഛൻ്റെ ശബ്ദം ഇടറി

“മോള് ഉറങ്ങിയില്ലേ,മോളേ നീ വീട്ടിലേക്ക് ഒന്ന് വരാമോ…? അച്ഛന് നിന്നെയൊന്ന് കാണണം…”

നന്ദന നിശ്ശബ്ദയായി.പിന്നെയവൾ മൃദുവായി മറുപടി പറഞ്ഞു.

“ഇവിടെ കുട്ടികൾക്ക് എക്സാം ആണ് അച്ഛാ.അത് കഴിഞ്ഞ് വരാൻ നോക്കാം.”

സുരേഷ് അമേരിക്കയിലുള്ള മകൻ നവനീതിനെ വിളിച്ചു.

“അച്ഛാ, ഞാനൊരു മീറ്റിംഗിലാണ്.പിന്നീട് വിളിക്കാം.”

അവനും ഫോൺ കട്ട് ചെയ്തു.വീട് വീണ്ടും നിശ്ശബ്ദമായി.

സുരേഷ് പതുക്കെ ചാരുകസേരയിൽ കണ്ണടച്ച് കിടന്നു.മായ ഒരു പാസ് ബുക്ക് അയാളുടെ കയ്യിൽ കൊടുത്തു.സുരേഷ് പാസ്‌ബുക്ക് തുറന്നു.അതിലെഴുതിയ സംഖ്യകൾ വലുതായിരുന്നു.അയാൾ മായയുടെ മുഖത്ത് നോക്കി വിങ്ങി പൊട്ടി കൊണ്ട് പറഞ്ഞു:

“ഇത് കൊണ്ട് എനിക്ക് സ്നേഹം വാങ്ങാൻ കഴിയുമോ മായേ…?”

സുരേഷിൻ്റെ കയ്യിൽ കുഞ്ഞ് നന്ദന എഴുതിയ
ആ കത്ത് ഉണ്ടായിരുന്നു.
അതിന് മുകളിൽ ഒരു തുള്ളി കണ്ണീർ വീണു.

“ഈ വയസ്സാം കാലത്ത്, ഈ വലിയ വീടും നമ്മളും തനിച്ചായി അല്ലേ.”

സുരേഷ് വിങ്ങി പൊട്ടുന്നത് കണ്ട് മായ അയാളുടെ നെഞ്ചില് തടവി കൊടുത്തു.മായയുടെ നര കയറിയ മുടിയിൽ സുരേഷ് തഴുകി.

മുപ്പത് വർഷം മുമ്പ് മെലിഞ്ഞുണങ്ങിയ ഒരു സുന്ദരി പെണ്ണ് തൻ്റെ കൈയും പിടിച്ച് ആ തറവാട്ടിൽ കയറിയ രംഗം അയാൾക്ക് ഓർമ്മ വന്നു.

“താനെന്തിനാ വിഷമിക്കുന്നത് തനിക്ക് ഞാനില്ലേ.എനിക്ക് താനും.അത് മതി.തിരക്കുള്ളവർ തിരക്ക് കഴിയുമ്പോൾ വരട്ടെ.അവരെ കുറ്റം പറയാൻ പറ്റില്ല.പണ്ട് എനിക്ക് ഒന്നിനും സമയം ഉണ്ടായിരുന്നില്ലല്ലോ.”

രണ്ട് ദിവസമായി മായയുടെ ഒപ്പമാണ് മുഴുവൻ സമയവും.അവളോട് സംസാരിക്കുമ്പോൾ ഒരു സന്തോഷം തോന്നാറുണ്ട്.മുൻപൊക്കെ അവളെ പേടിപ്പിച്ച് ദൂരെ നിർത്തിയിരുന്നു.ഇപ്പോൾ അവളും മനസ്സ് തുറന്ന് സംസാരിക്കാൻ തുടങ്ങിയിട്ടുണ്ട്.

രാവിലെ മുതൽ അടുക്കളയിൽ വലിയ ശബ്ദം.മായയുടെ വക പൊരിക്കലും വഴറ്റലും നടക്കുന്നു.മീനും ഇറച്ചിയും എല്ലാം വാങ്ങിയിട്ടുണ്ട്.ഇപ്പോൾ കുടുംബത്തിലെ പണമിടപാടുകൾ എല്ലാം അവളുടെ കയ്യിലാണ്.

“ഇന്നെന്താ പ്രത്യേകത.ആരുടെയെങ്കിലും പിറന്നാൾ ആണോ.”

മായ മറുപടി പറഞ്ഞില്ല.എല്ലാം ഒരു ചിരിയിൽ ഒതുക്കി.

മക്കളുടെയോ ചെറുമക്കളുടെയോ പിറന്നാൾ ആണോ,താനിതൊന്നും ഓർത്ത് വയ്ക്കാറില്ല.എന്താണ് മായയുടെ ചിരിയുടെ രഹസ്യം.

ഒരു മണി ആയിട്ടും മായ ചോറ് വിളമ്പിയില്ല.

“രാവിലെ അടുക്കളയിൽ കയറി പണി തുടങ്ങിയതാണല്ലോ.ഇത് വരെ ഊണ് കാലമായില്ലേ.”

“ഒരു പത്ത് മിനിട്ട് കൂടി കാത്തിരിക്കൂ.ഇപ്പോൾ ശരിയാക്കാം.”

മുറ്റത്തൊരു ടാക്സി വന്ന് നിന്നു.അതിൽ നിന്നും നന്ദനയും ഭർത്താവും കുട്ടികളും ഇറങ്ങി.

“അപ്പുപ്പാ.”

സുരേഷിൻ്റെ കണ്ണ് നിറഞ്ഞു.

“മോളെന്താ പെട്ടെന്ന്?”

“അച്ഛനല്ലേ രണ്ട് ദിവസം മുമ്പ് എന്നെ കാണണമെന്ന് പറഞ്ഞത്.ഒരാഴ്ച ലീവെടുത്ത് ഞാനിങ്ങ് പോന്നു.രണ്ട് ദിവസം കഴിയുമ്പോൾ നവനീത് വരും.നമുക്ക് നാല് പേർക്കും കൂടി ഒരു ട്രിപ്പ് പോകാനുണ്ട്.”

“നമ്മൾ മാത്രമോ? അപ്പോൾ കുട്ടികൾ?”

“അവരെ അവരുടെ അച്ഛൻ നോക്കട്ടെ.നമ്മുടെ ട്രിപ്പ് കുറെ വൈകി.”

നന്ദന അച്ഛൻ്റെ പോക്കറ്റിൽ നിന്നും ആ കത്ത് പുറത്തെടുത്തു.

“അച്ഛൻ കാണാൻ വേണ്ടി ഡയറിയിൽ ഞാൻ ഒളിപ്പിച്ചു വച്ചിരുന്നതാണ്.അച്ഛൻ അത് വായിക്കാൻ ഇത്രയും വർഷം കാത്തിരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു.”

അവരെ ആശ്വസിപ്പിച്ചു കൊണ്ട് മായ അടുത്ത് വന്നു.

“അച്ഛൻ ആ കത്തും പിടിച്ച് കരയുന്ന കാര്യം ഞാനാണ് കുട്ടികളോട് വിളിച്ചു പറഞ്ഞത്.ഈ സ്നേഹം പ്രകടിപ്പിക്കാൻ കൂടി ഉള്ളതാണ്.”

നന്ദന അച്ഛനെ കെട്ടിപ്പിടിച്ചു.

✍️ നിഷ പിള്ള

Leave a Reply

Your email address will not be published. Required fields are marked *