അച്ഛനും അമ്മയും അവരുടെ സന്തോഷം കണ്ടെത്തുന്നതിനിടയിൽ ഞങ്ങൾ ജനിച്ചെന്നു കരുതി അവരുടെ ഇനിയുള്ള കാലത്തെ….

“അച്ഛനും അമ്മയും അവരുടെ സന്തോഷം കണ്ടെത്തുന്നതിനിടയിൽ ഞങ്ങൾ ജനിച്ചെന്നു കരുതി അവരുടെ ഇനിയുള്ള കാലത്തെ ജീവിതം മുഴുവൻ ഞങ്ങൾ വേണം നോക്കാനെന്നൊക്കെ പറയുന്നതൊരു മര്യാദയാണോ മാഷേ… ?
പറയുന്ന എന്തിനും വേണ്ടേ ഒരു ലോജിക്കെല്ലാം….?
ഞങ്ങളാവശ്യപ്പെട്ടിട്ടോ ആഗ്രഹിച്ചിട്ടോ അല്ലല്ലോ ഇവരച്ഛനും അമ്മയും ഞങ്ങളെ ഈ ഭൂമിയിൽ ജനിപ്പിച്ചത്…അവരാഗ്രഹിച്ചിട്ടും ഇഷ്ടപ്പെട്ടിട്ടും ആണ്… അതു കൊണ്ടു തന്നെ ഞങ്ങൾ സ്വയം ഞങ്ങളടെ കാര്യങ്ങൾ നോക്കാൻ പ്രാപ്തരാക്കും വരെ ഞങ്ങളെ വളർത്തേണ്ട ഉത്തരവാദിത്തവും ഇവർക്കുണ്ടായിരുന്നു… ഇവരത് നന്നായ് ചെയ്യുകയും ചെയ്തു… അതിനു പകരമായിട്ടിനിയുള്ള കാലം മുഴുവൻ ഞങ്ങൾ ഇവരെ സംരക്ഷിക്കണമെന്നൊക്കെ നിങ്ങൾ പറഞ്ഞാൽ ആ
പറഞ്ഞതെല്ലാം അനുസരിക്കാനും അംഗീകരിക്കാനും എനിയ്ക്കും എന്റെ അനിയത്തിയ്ക്കും ബുദ്ധിമുട്ടാണ്… പറ്റില്ല ഞങ്ങൾക്ക് … ഞങ്ങൾക്ക് ഞങ്ങളുടെ കുടുംബത്തിന്റെ കാര്യവും നോക്കണ്ടേ…

പ്രസാദ് തനിയ്ക്കു മുമ്പിലിരിക്കുന്നവരോട് യാതൊരു കൂസലുമില്ലാതെ കാര്യങ്ങൾ വെട്ടി തുറന്നു പറഞ്ഞതും ഏട്ടനെ ആരാധനയോടെ നോക്കി പ്രസീദയും അവനൊപ്പം ചെന്നു ചേർന്നു നിന്നു… അവൻ പറഞ്ഞതു തന്നെയാണ് തന്റെയും തീരുമാനമെന്ന് അവിടെയിരിക്കുന്നവരോട് പറയാതെ പറഞ്ഞു കൊണ്ട്….

ഇത്രയും ദുഷ്ടരോ ഈ രണ്ടു മക്കളെന്ന് അവിടെ ഇരുന്ന അത്രയും ആളുകൾ അവരെ രണ്ടു പേരെയും പറ്റി ചിന്തിക്കുമ്പോൾ തങ്ങളുടെ മക്കളിൽ നിന്നിത് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു എന്നൊരു ഭാവത്തിൽ നിശബ്ദരായ് ആ റൂമിലെ ഒരു മൂലയ്ക്ക് സഹദേവന്റെ കൈയും പിടിച്ച് ഒരു കാഴ്ച കാണുന്ന ലാഘവത്തോടെ ഇരുന്നു ഇന്ദിര…

തങ്ങളെ മക്കൾ നോക്കില്ല എന്നൊരാൾക്കൂട്ടത്തിനു നടുവിൽ വെച്ച് ഉറക്കെ കേട്ടിട്ടും അതൊന്നും തെല്ലും ബാധിക്കാത്തൊരു ചിരിയുണ്ട് ഇന്ദിരയുടെയും സഹദേവന്റെയും മുഖത്ത്… അന്നാട്ടുകാർ അവരെ കണ്ടു തുടങ്ങിയ കാലം മുതലവരിലുണ്ടായിരുന്ന ഒളിമങ്ങാത്ത ആ പഴയ ചിരി

ഇവരെ രണ്ടാളെയും ചിലവിനു കൊടുത്ത് നോക്കാൻ നിങ്ങൾക്കു വയ്യെങ്കിൽ വേണ്ട…
പക്ഷെ ഇവരുടെ ഈ വാടക വീടിന്റെയും മറ്റും വാടക ആരു കൊടുക്കും പ്രസാദേ…?
നിനക്കും നിന്റെയീ അനിയത്തിയ്ക്കും വേണ്ടിയല്ലേ ഇവർ ഇവരുടെ കിടപ്പാടം വിറ്റതും ഈ വാടക വീട്ടിലേക്ക് താമസം മാറ്റിയതും…
അപ്പോ ഈ വീടിന്റെ ആ വാടക കൊടുക്കാനുള്ള ഉത്തരവാദിത്തം നിങ്ങൾക്കു രണ്ടാൾക്കുമാണ്… അതിൽ നിന്നൊഴിഞ്ഞു മാറാനൊന്നും പറ്റില്ല നിങ്ങൾ രണ്ടാൾക്കും…

ഇത്തവണ അതു പറയുമ്പോൾ പ്രഭാകരൻ മാഷിന്റെ ശബ്ദവും വല്ലാതെ ഒന്നുയർന്നു…

നന്ദിയില്ലാത്ത രണ്ടു മനുഷ്യജന്മങ്ങൾ….

പ്രസാദിനെയും പ്രസീദയേയും നോക്കി മനസ്സിൽ പറഞ്ഞു പ്രഭാകരൻ മാഷ്…

എഴുപതും എഴുപത്തിയഞ്ചും വയസ്സുള്ള സ്വന്തം മാതാപിതാക്കളെ അവരുടെ എല്ലാ സമ്പാദ്യവും കൈക്കലാക്കിയതിന് ശേഷം
വാടക വീട്ടിലേക്ക് തള്ളിവിട്ട് സ്വന്തം ജീവിതം ആഡംബരത്തോടെ ആഘോഷിയ്ക്കുന്ന
ആ രണ്ടു മക്കളോട് അവിടെയപ്പോൾ കൂടിയവർക്കെല്ലാം ദേഷ്യത്തെക്കാളധികം വെറുപ്പായിരുന്നപ്പോൾ…

“അച്ഛനും അമ്മയ്ക്കും ജീവിക്കാൻ അത്ര വലിയ തുകയൊന്നും വേണ്ടല്ലോ മാഷെ… അച്ഛനു കിട്ടുന്ന പെൻഷൻ തന്നെ ധാരാളമല്ലേ ഇവർക്കു രണ്ടാൾക്ക് കഴിയാൻ…”

യാതൊരു ഉളുപ്പുമില്ലാതെ ആ പ്രശ്നത്തിനും പരിഹാരം കണ്ടെന്ന പോലെ പ്രസാദ് പറഞ്ഞതും അവനെ അഭിനന്ദിയ്ക്കും പോലെ നോക്കി പ്രസീദ….

സ്വന്തം ജീവിതം സുഖലോലുപത നിറഞ്ഞതാവണം… അതിനപ്പുറം മറ്റൊരു ചിന്തയുമില്ല പ്രസീദയ്ക്കും… കിട്ടാവുന്നതെല്ലാം അച്ഛനമ്മമാരിൽ നിന്ന് ഊറ്റിപ്പിടിച്ചു വാങ്ങി കൊണ്ടുപോയ അവൾക്ക് യാതൊന്നും സ്വന്തമായിട്ടിപ്പോൾ കൈവശം ഇല്ലാത്ത അച്ഛനും അമ്മയും അധികഭാരമാണ്…

“അച്ഛനു കിട്ടുന്ന ചെറിയ പെൻഷൻ തുക കൊണ്ട് ഈ രണ്ടാളുടെയും കാര്യങ്ങളെല്ലാം നടന്നു പോകുമോ പ്രസാദേ…?

“ഇവർക്കു രണ്ടാൾക്കും ഇത്രമാത്രം എന്തു ചിലവാണ് എന്റെ പ്രഭാകരൻ മാഷേ…
ഇത്തിരിയെന്തേലും വെച്ചു കുടിച്ച് അടങ്ങിയൊരിടത്ത് കിടക്കുനവർക്ക് എന്തിനാ അല്ലെങ്കിലും കുറെ പണം…?
ഇനിയിപ്പോൾ ഇവർക്കു കഴിയാനുള്ള പണമില്ല ഇവരുടെ കയ്യിലെന്നാണെങ്കിലും ഇപ്പോഴത്തെ ഒരവസ്ഥയിൽ ഒരഞ്ചു രൂപ കൊടുത്തു പോലും ഇവരെ സഹായിക്കാവുന്ന ഒരവസ്ഥയിലല്ല ഞാനിപ്പോൾ… ഇപ്പോൾ തന്നെ ഇങ്ങനെയൊരു അനാവശ്യ ചർച്ചയ്ക്ക് വേണ്ടി നിങ്ങളെന്നെ ഇവിടേയ്ക്കു വിളിച്ചു വരുത്തിയപ്പോൾ എനിയ്ക്കുണ്ടായ നഷ്ടം എത്രയാണെന്നറിയ്യോ നിങ്ങൾക്ക്…..?
ഇതൊക്കെ ഇങ്ങനെ കൂടിയിരുന്ന് നാട്ടുകാരെ വിളിച്ചിരുത്തി സംസാരിക്കേണ്ട വല്ല കാര്യവുമുണ്ടോ അച്ഛാ നിങ്ങൾക്ക്…? പറയാനുള്ളതെല്ലാം ഫോണിലൂടെ പറഞ്ഞതല്ലേ ഞാൻ… പിന്നെയും വെറുതെ മനുഷ്യനെ മെനക്കെടുത്തായിട്ട്… ഇവർക്കൊന്നും വിശേഷിച്ച് പണിയൊന്നും ഇല്ലാത്ത പോലല്ല ഞങ്ങൾ രണ്ടാളും…

അച്ഛനോടു ദേഷ്യപ്പെടുന്നതിനൊപ്പം അവിടെ കൂടിയവരെ കൂടി നാണം കെടുത്തും വിധം ഉയർന്നു പ്രസാദിന്റെ ശബ്ദമെങ്കിലും അതൊന്നും തെല്ലും ഏശാത്ത പോലെ ഇന്ദിരയുടെ കൈ പിടിച്ച് പ്രസാദിന്റെയും പ്രസീദയുടെയും മുന്നിൽ വന്നു നിന്നു സഹദേവൻ… പ്രായത്തെ വെല്ലുന്നൊരു ആത്മവിശ്വാസവും നിറഞ്ഞ ചിരിയും ആ മുഖത്തപ്പോഴും തെളിഞ്ഞു നിന്നിരുന്നു…

“പ്രസാദേ…. നീ പറഞ്ഞതു ശരിയാണ്… നിങ്ങളീ ഭൂമിയിൽ ജനിച്ചത് നിങ്ങൾ ആഗ്രഹിച്ചിട്ടല്ല… ഞാനും ഇവളും ആഗ്രഹിച്ചിട്ടാണ്… ഞങ്ങൾ നിങ്ങൾക്കായ് ചെയ്തു തന്നതെല്ലാം ഞങ്ങളുടെ കടമകൾ തന്നെയാണ്..കാരണം നിങ്ങളെയീ ഭൂമിയിലേക്ക് കൊണ്ടുവന്നത് ഞങ്ങളാണല്ലോ…
നിങ്ങൾ രണ്ടാളും അതുകൊണ്ടുതന്നെ ഞങ്ങളെ സംരക്ഷിക്കണ്ട… ഞങ്ങളുടെ ഒരു കാര്യവും ഏറ്റെടുക്കണ്ട…

സഹദേവൻ ചിരിച്ച മുഖത്തോടെ തന്നെ പറഞ്ഞതും പ്രസാദ് അച്ഛനെയൊന്നു നോക്കി… സത്യമാണോ പറഞ്ഞതെന്നൊരു ചോദ്യമുണ്ടവന്റെ മുഖത്ത്…

“അച്ഛൻ പറഞ്ഞത് മാഷുൾപ്പെടെ എല്ലാവരും കേട്ടല്ലോ അല്ലേ… ഇപ്പോ കാര്യങ്ങൾക്കെല്ലാം ഒരു തീരുമാനമായില്ലേ… ഇനി എന്നാൽ ഞങ്ങൾ പോവാണ് മാഷെ…. ചെന്നിട്ട് ഒന്നു രണ്ട് തിരക്കുണ്ട്… വെറുതെ കളയാൻ സമയം ഒട്ടും സമയമില്ലാന്നേ… പുതിയ ബിസിനസ്സിലിറക്കാൻ കുറച്ചു പൈസ വേണം അതൊപ്പിക്കാനുള്ള ഓട്ടത്തിലാണ് ഞാൻ… നമ്മള് വല്ലതും സമ്പാദിച്ചാലല്ലേ നാളെ നമ്മുടെ മക്കളുടെ മുമ്പിൽ കൈ നീട്ടാതെ നമ്മുക്ക് ജീവിയ്ക്കാൻ പറ്റൂ….”

ഇരുന്നിടത്തു നിന്നെഴുന്നേറ്റൊരു ചിരിയോടെ പറഞ്ഞു പ്രസാദ്

“അതു നീ പറഞ്ഞതു ശരിയാണ് മോനെ… നമുക്ക് ആവതുള്ള കാലത്തു നമ്മൾ നമുക്കായിട്ടെന്തെങ്കിലും ഒക്കെ സമ്പാദിച്ചുവെക്കണം… ഞാനും ഇവളും വെച്ചതു പോലെ….

തന്നെ പരിഹസിച്ചുള്ള പ്രസാദിന്റെ സംസാരത്തിന് മറുപടിയായ് സഹദേവൻ അവനോട് മറുപടി പറഞ്ഞതും മുഖം ചുളുക്കി അച്ഛനെയൊന്ന് നോക്കി പ്രസാദ്… നിങ്ങളെന്തു സമ്പാദിച്ചെന്ന പോലെ…

“അച്ഛനൊക്കെ എന്തു സമ്പാദിച്ചു വെച്ചിരിക്കുന്നു എന്നാ പറയുന്നേ….?
അങ്ങനെ വല്ല സമ്പാദ്യവും ഉണ്ടായിരുന്നെങ്കിൽ ഇന്നിതു പോലെ ആളുകളെ വിളിച്ചു കൂട്ടി ഞങ്ങളോട് കെഞ്ചേണ്ടി വരുമായിരുന്നോ…?

പ്രസാദിനെക്കാൾ വലിയ പുച്ഛമാണത് ചോദിക്കുമ്പോൾ പ്രസീദയിൽ

“ഇവരെയെല്ലാം ഞാൻ വിളിച്ചു കൂട്ടിയത് ഞങ്ങൾക്കു വേണ്ടി നിങ്ങളോടു കെഞ്ചാനല്ല പ്രസീദേ…..മറിച്ച് എന്റെ മക്കളെന്താണെന്ന്, നിങ്ങളുടെ സ്വഭാവമെന്താണെന്ന് തെളിവോടെ ഇവർക്ക് മനസ്സിലാക്കി കൊടുക്കാനാണ്… അല്ലെങ്കിൽ ഞാനും എന്റെയീ ഭാര്യയും ഞങ്ങളുടെ കയ്യിലുള്ള അമ്പതു ലക്ഷത്തോളം രൂപ ഞങ്ങളുടെ ഇഷ്ടത്തിനും സന്തോഷത്തിനു മായ് ചിലവാക്കി ജീവിയ്ക്കുമ്പോൾ നിങ്ങൾക്കതിന്റെ ഷെയർ തരാത്തതിൽ ഇവരു ഞങ്ങളെ കുറ്റപ്പെടുത്തില്ലേ… അതൊഴിവാക്കിയതാണ് ഞങ്ങൾ.. നിങ്ങളുടെ സ്വഭാവം എന്താണെന്ന് നേരിട്ടറിഞ്ഞല്ലോ ഇവരൊക്കെ… അല്ലേ…”

പ്രസീദയോട് പറഞ്ഞ് തന്റെ കൂടെയുള്ളവരെ നോക്കി സഹദേവൻ ചിരിയ്ക്കുമ്പോൾ അച്ഛൻ പറഞ്ഞ അമ്പതു ലക്ഷത്തിലുടക്കി നിന്നു പ്രസാദിന്റെയും പ്രസിദയുടെയും മനസ്സ്….

പൈസയുടെ കണക്ക് ചിന്തിച്ച് ബുദ്ധിമുട്ടണ്ട നിങ്ങൾ… അതു പണ്ടൊരു സേവിംങ്ങ് ആയ് ഞങ്ങൾ വാങ്ങിയിട്ട പത്തു സെൻറ് സ്ഥലം ഞങ്ങൾ ഈയിടെ വിറ്റു… അതിന്റെ പണമാണ്… അതവിടെ ഭദ്രമായ് ഉള്ളതു കൊണ്ടാണ് ഇരിക്കുന്ന വീട് നീയൊക്കെ പറഞ്ഞപ്പോ നിനക്കൊക്കെ വേണ്ടി ഞാൻ വിറ്റത്… നിന്നെയൊക്കെ നിങ്ങളുടെ അനുവാദം കൂടാതെ ഈ ഭൂമിയിൽ ജനിപ്പിച്ചതിന്റെ കടമ തീർക്കണ്ടേ….

മുഖത്ത് അത്ര നേരമുണ്ടായിരുന്ന സ്ഥായിയായ ചിരി മാഞ്ഞൊരു ഗൗരവത്തോടെ സഹദേവൻ പറഞ്ഞതും അവിടെ കൂടിയവരെല്ലാം പരിഹാസത്തോടെ നോക്കി അവരെ…

“എന്നാലിനി ഇവിടെയിരുന്ന് നേരം കളയണ്ട രണ്ടാളും… വല്യ തിരക്കുള്ള ആളുകളല്ലേ നിങ്ങൾ… ചെല്ലാൻ നോക്ക്…

കടുപ്പമൊട്ടും കുറയാത്ത സഹദേവന്റെ ശബ്ദത്തിനു മുമ്പിൽ മറു ചോദ്യം ചോദിക്കാൻ ധൈര്യമില്ലാതെ ഇച്ഛാഭംഗത്തോടെ എഴുന്നേറ്റു പുറത്തേക്ക് നടന്നു പ്രസാദും പ്രസീദയും…

“ഇനിയിങ്ങോട്ടൊരു വരവ് നിങ്ങൾ രണ്ടാളും വരരുത് പ്രസാദേ… പരസ്പരമുള്ള എല്ലാ കടമകളും പറഞ്ഞും ചെയ്തുമുള്ള മടക്കമാണ് നിങ്ങളുടെ… മറക്കണ്ട രണ്ടാളും അത്… ”

പിന്നിൽ നിന്നു കേട്ട സഹദേവന്റെ സംസാരത്തിന് അകമ്പടിയായ് അവിടെ ഇരുന്നവരുടെ ചിരി കൂടി ഉയർന്നതും അവിടെ നിന്ന് രക്ഷപ്പെടാനുള്ള വ്യഗതയോടെ വേഗം നടന്നകന്നവർ…. അപ്പോഴും അവരുടെ ഉള്ളിൽ അച്ഛൻ പറഞ്ഞ അമ്പതു ലക്ഷമൊരു നഷ്ട കണക്കായ് നഷ്ടബോധത്തോടെ ഉള്ളിൽ നിറഞ്ഞു നിന്നിരുന്നു….

ശുഭം…..

✍️ രജിത ജയൻ…

Leave a Reply

Your email address will not be published. Required fields are marked *