” ചോരേം നീരുമുള്ളൊരു പെണ്ണിന്റെ കൂടെ അന്തിയുറങ്ങാനും ജീവിതം മുന്നോട്ടു കൊണ്ടുപോവാനും അവനും ഉണ്ടാവും ആഗ്രഹം… തണ്ടും തടിയുമുളെളാരു ആണൊരുത്തനല്ലേ സുധീഷും… ഞാൻ പറയുമ്പോ ഇപ്പോ മുരളി മാമ മുന്നോട്ടുവെച്ച ഈ പ്രെപ്പോസൽ നമ്മൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ച് സുധീഷിന്റെയും സരിതയുടെയും കല്യാണമങ്ങ് നടത്തി കൊടുക്കണം… അവനും അറിയട്ടെ ഇനിയെങ്കിലുമൊരു സ്ത്രീ സുഖം… അല്ലേ അമ്മേ…?
തനിയ്ക്ക് മുമ്പിലിരിയ്ക്കുന്ന ഭാര്യയേയും അനിയനെയും അലസം ഒന്നു നോക്കി ഒടുവിൽ തന്റെ മുഖത്തേയ്ക്കു നോട്ടം ഉറപ്പിച്ചു നിൽക്കുന്ന അമ്മയോടൊരു തീർപ്പിനെന്ന പോലെ സന്തോഷ് ചോദിച്ചതും അമ്മയുടെ നോട്ടം പോയത് ഏട്ടൻ പറയുന്നതെല്ലാം കേട്ട് മിണ്ടാതെ അവിടെ സോഫയിലിരിക്കുന്ന സുധീഷിലേക്കാണ്….
“അമ്മ ഞാൻ ചോദിച്ചതിനുത്തരം പറ അവനെ നോക്കാതെ… മുരളി മാമയുടെ ആലോചനയ്ക്ക് നമ്മൾ സമ്മതം പറയുകയല്ലേ….?
സരിത ഇവന്റെ ഭാര്യയായെത്തിയാൽ മുരളിമാമന്റെ എല്ലാ സമ്പാദ്യവും പിന്നെ ഇവനുള്ളതാണ്…
വീടും കടമുറികളും തോട്ടങ്ങളുമായിട്ടെത്ര കോടിയുടെ മുതലാണ് മുരളിമാമയ്ക്കുള്ളതെന്ന് ഞാൻ പറയാതെ അറിയാലോ അമ്മയ്ക്ക്…. അതെല്ലാം ഇവനാ…. ഇവനെന്നു പറഞ്ഞാ നമ്മുക്കു കൂടിയാണല്ലോ എല്ലാം…. ”
തന്റെ എല്ലാ പദ്ധതിയ്ക്കും കുടപിടിക്കുന്ന അമ്മ ഇത്തവണയും തന്റെയൊപ്പം തന്നെയാണെന്നുറപ്പായിട്ടും ഒന്നു കൂടി അമ്മയുടെ മനസ്സിനെ കുരുക്കിടാൻ പാകത്തിലൊരു ചൂണ്ടയെറിഞ്ഞ് പറയുന്ന സന്തോഷിന്റെ മുഖത്തും കണ്ണിലും നിറയെ സമ്പത്തിനോടുള്ള ആർത്തി തിങ്ങിനിറഞ്ഞു നിന്നിരുന്നു….
” ഈ കാര്യത്തിലൊരു തീരുമാനം എടുക്കേണ്ടത് ഞാനോ നീയ്യോ അല്ലല്ലോ സന്തോഷേ…. സുധീഷല്ലേ… ജീവിതവും തീരുമാനവും അവന്റേതാണ്… നമുക്കവന് നല്ല വഴി പറഞ്ഞു കൊടുക്കാനല്ലേ പറ്റു.. എന്നും നമ്മളിന്റെ നന്മ ആഗ്രഹിച്ചു തന്നെയല്ലേ ഓരോന്നും ചെയ്തിട്ടുള്ളത്…. ഇനി ചെയ്യുന്നതും ഇവന്റെ നന്മയ്ക്ക് വേണ്ടി തന്നെയാവും…”
തന്റെ ആങ്ങളയുടെ മകളെ, ഇയമകൻ ഭാര്യയാക്കി കൊണ്ടുവരുന്നതിന് തനിയ്ക്കുള്ള സമ്മതം ആ ഒരു സംസാരത്തിലൂടെ അറിയിച്ചു കഴിഞ്ഞു അമ്മ എന്ന് സന്തോഷിനു മനസ്സിലായ്…
“നീയെന്താ സുധീഷേ ഒന്നും മിണ്ടാത്തത്… ഇത് നിനക്ക് ദൈവം തന്നൊരു അവസരമാണ്… സരിതയെ നീ ഭാര്യയാക്കിയാൽ നിനക്കൊരു ഭാര്യ മാത്രമല്ല നിന്റെ കുഞ്ഞിനൊരമ്മയെ കൂടി കിട്ടും.. ഒപ്പം നിന്നെ ഇട്ടു മൂടാനുള്ള സ്വത്തും… നിനക്കറിയാലോ ഇങ്ങനൊരാലോചന മുരളി മാമൻ ഇപ്പോൾ മുന്നോട്ടു വെയ്ക്കാൻ തന്നെകാരണം നിന്റെ മകൾ മാളൂട്ടിയാണ്… സരിതയ്ക്ക് ഒരിക്കലും ഒരമ്മയാകാൻ കഴിയില്ല എന്ന് ഡോക്ടർമാർ ഉറപ്പുപറഞ്ഞതുകൊണ്ടാണ് അവളുടെ ഭർത്താവ് അവളെ ഉപേക്ഷിച്ചത്…മക്കളുണ്ടാവാത്ത ഒരു പെണ്ണിനെ ഭാര്യയാക്കാൻ മുന്നോട്ടിനി ആരു വന്നാലും അവരുടെയെല്ലാം ലക്ഷ്യം തന്റെ സമ്പത്താണെന്ന് അമ്മാവനുറപ്പുണ്ട്… ആകെയുള്ള ഒറ്റ മോളെ അങ്ങനെ ഒരാൾക്ക് കൊടുക്കാൻ വയ്യ എന്നൊരവസ്ഥയിലാണ് അമ്മാവൻ നിന്നെ തന്നെ തിരഞ്ഞെടുത്തത്… നിനക്കാണെങ്കിൽ അത്യാവശ്യം നല്ല സമ്പാദ്യം ഉണ്ട്… ഒപ്പം ഒരു മോളുമുണ്ട്…. നിനക്കും സരിതയ്ക്കും നിന്റെ മാളൂട്ടിയുടെ അച്ഛനും അമ്മയും ആയി ഇനിയുള്ള കാലം സുഖായിട്ട് ജീവിക്കാടാ…..”
“സമ്പാദ്യവും മോളും മാത്രമല്ല സന്തോഷേട്ടാ എനിയ്ക്കൊരു ഭാര്യ കൂടിയുണ്ട് സ്വന്തമായിട്ട്… അതും എന്റെ കുഞ്ഞിന്റെ അമ്മ…അവളുടെ കാര്യം നിങ്ങളമ്മേം മോനും പിന്നെ അമ്മാവനുമൊക്കെ ഓർക്കാത്തതാണോ അതോ മനപ്പൂർവ്വം മറന്നതാണോ….?
ചോദിയ്ക്കുമ്പോൾ സുധീഷിന്റെ നോട്ടം ചെന്നത് ഇത്ര നേരം നടന്ന അവരുടെ സംസാരമെല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതെ തന്റെ ജോലി നിശബ്ദം ചെയ്യുന്ന ഷീനയിലേക്കാണ്… തങ്ങളിൽ നിന്ന് മുഖം തിരിച്ചു നിന്ന് നിലം തുടയ്ക്കുന്നവളുടെ കണ്ണുകൾ ഈ സമയം നിലയ്ക്കാതെ ഒഴുകുകയാണെന്ന് ആരും പറയാതെയറിയാം അവനും…
“നീയെന്ത് അനാവശ്യമാണ് സുധീഷേ ഈ പറയുന്നത്… നിനക്ക് ഭാര്യയോ… ആര് ആ നിൽക്കുന്നവളോ…?
എന്നു മുതലാടാ നിന്റെ മനസ്സിൽ അവൾക്കൊരു ഭാര്യയുടെ സ്ഥാനമൊക്കെ വന്നത്…?
എന്തു വാക്കിന്റെ ഉറപ്പിലാണെടാ നിന്നെ ഞാനിങ്ങോട്ടു തിരികെ കൊണ്ടുവന്നത്….?
ചോദിയ്ക്കുമ്പോൾ വല്ലാതെ ഉയർന്നു പോയിരുന്നു സന്തോഷിന്റെ ശബ്ദവും…
“ഏട്ടനിങ്ങനെ ഉറക്കെ ശബ്ദം ഉയർത്തണ്ട… ഞാൻ പറഞ്ഞുവെന്നേയുള്ളു… രണ്ടു മൂന്നു വർഷം കൂടി ഞാൻ ഗൾഫിൽ നിന്ന് ഇങ്ങോട്ടു തിരിച്ച് വന്നിട്ട് കുറച്ചു മണിക്കൂറുകളല്ലേ ആയിട്ടുള്ളു… ഇനിയും സമയം ഉണ്ട് ഇഷ്ടം പോലെ കാര്യങ്ങളൊക്കെ തീരുമാനിക്കാനും നടപ്പിലാക്കാനും… നമുക്ക് സാവകാശം എല്ലാം തീരുമാനിച്ച് ചെയ്യാമെന്നേ… ഇപ്പോ തൽക്കാലം ഞാനൊന്ന് കിടക്കട്ടെ… വല്ലാത്ത ക്ഷീണം…. ”
ആരെയും വെറുപ്പിക്കാതെ എന്നാൽ എല്ലാവർക്കും പ്രതീക്ഷയേകുന്നൊരു സംസാരത്തോടെ സുധീഷ് ഇരുന്നിടത്ത് നിന്നെഴുന്നേറ്റ് സ്വന്തം മുറിയ്ക്ക് നേരെ നടന്നതും അവിടെ തുടച്ചു കൊണ്ടിരുന്ന ഷീന വേഗം തന്നെ ബക്കറ്റും മോപ്പുമായ് പുറത്തേക്കിറങ്ങി പോയ്….
അവളിറങ്ങി പോയതിനു പുറകെ തന്നെ വേഗത്തിലവിടെ നിന്ന് എഴുന്നേറ്റവൾക്ക് പുറകെ പോവുന്ന സന്തോഷിനെയും അമ്മയേയും ഒന്നു നോക്കി കൊണ്ടാണ് സുധീഷ് തന്റെ മുറിയ്ക്കുള്ളിലേക്ക് കയറിയത്….
“ഡീ…. എന്റെ മോൻ വന്നീ നേരം കൊണ്ടു തന്നെ നീയവനെ വീണ്ടും നിന്റെ പാവാട തുമ്പേൽ കെട്ടിയോ.. ?
ആരോരുമില്ലാത്തവളല്ലേ,നല്ല പ്രായത്തിൽ ജീവൻ വെടിഞ്ഞ കൂടപ്പിറന്ന അനിയത്തിയുടെ മകളല്ലേ എന്നൊക്കെ കരുതിയാണ് നിന്നെ ഈ വീട്ടിലേക്ക് ഇവരുടെ അച്ഛൻ കൊണ്ടുവന്നത്…
ജനിച്ചപ്പോഴേ തള്ളയെ കൊന്ന് ഭൂമിയിലേക്ക് വന്നവളല്ലേ നീ…
നിനക്ക് വയസ്സു പതിനെട്ടു പൂർത്തിയായന്ന്
നിന്റെ അച്ഛനെയും നീ അപകടത്തിന്റെ രൂപത്തിൽ ഇല്ലാതാക്കി ഈ ഭൂമീന്നേ പറഞ്ഞയച്ചു… ഒടുവിൽ നീ ഇവിടെ കാലു കുത്തിമാസം രണ്ടു തികഞ്ഞപ്പോഴേക്കും നിന്നെ ഇങ്ങോട്ടുകെട്ടിയെടുത്ത നിന്റെ അമ്മാവനെ അതായത് എന്റെ കെട്ടിയവനേം കൊലയ്ക്ക് കൊടുത്തു നീ….
“ഇത്രയൊക്കെ ആയിട്ടും നീയൊരു പെണ്ണല്ലേന്ന് കരുതി ക്ഷമിച്ച് നിന്നെ ഞാനിവിടെ നിർത്തിയതിനുള്ള കൂലിയും നീ എനിയ്ക്ക് തന്നു… എന്റെ മോനെ തന്നെ വശീകരിച്ച് കൂടെ കിടത്തി വയറുവീർപ്പിച്ചില്ലേടീ നീ….?
അവന്റെയൊരു കുഞ്ഞിനെ പ്രസവിച്ചാൽ ഇവിടെ നിന്നെ ഞങ്ങൾ മരുമകളാക്കും എന്നു കരുതിയ നീയാണെടി വിഡ്ഡി….
നിന്റെ കയ്യിൽ നിന്ന് രക്ഷപ്പെടുത്താനാണെടീ ഞങ്ങളവനെ ഗൾഫിലേക്ക് നാടുകടത്തിയതും തിരിച്ചിങ്ങോട്ട് അത്ര പെട്ടന്ന് വരാൻ പറ്റാത്ത വിധത്തിലവിടെ തന്നെ അവനെ കുരുക്കിയിട്ടതും….അറിയ്യോടി നിനക്കത്…?
തന്റെ അമ്മ അവളോടു കയർക്കുന്നത് തന്റെ മുറിയുടെ ജനലോരം ചേർന്നു നിന്ന സുധീഷിനു വ്യക്തമായ് തന്നെ കാണുകയും കേൾക്കുകയും ചെയ്യാമായിരുന്നു….
“കള്ള കണ്ണീരു കാട്ടി അവനെ കെട്ടി അവന്റെ കെട്ടിലമ്മയായ് ഇവിടെ ജീവിക്കാമെന്നാണ് നിന്റെ മോഹമെങ്കിൽ അത് നീ ഇപ്പോഴേ അങ്ങ് മടക്കിയൊടിച്ച് നിന്റെ മനസ്സിൽ വെച്ചേക്ക്… അവന്റെ ഭാര്യയായ് വരിക മുരളിമാമയുടെ മകൾ സരിത തന്നെയാവും… സുധീഷ് സരിതയെ കല്യാണം കഴിച്ച് ബാംഗ്ലൂരിലുള്ള സരിതയുടെ വീട്ടിൽ തന്നെ നിൽക്കും…
“നീ മര്യാദയ്ക്ക് ആണെങ്കിൽ ഇപ്പോൾ നിൽക്കുന്നതു പോലെ ഈ വീട്ടിലെ ജോലിക്കാരിയായിട്ട് നിൽക്കാം നിനക്കെന്നും… മാത്രമല്ല നിന്റെ കുഞ്ഞിന് ഒരു രാജകുമാരിയുടെ ഭാഗ്യവും ജീവിതവും കിട്ടുകയും ചെയ്യും സരിതയുടെ മകളായ് അവരുടെ വീട്ടിൽ വളർന്നാൽ… നിന്റെ മകളുടെ ഭാവിയാണ് നിനക്ക് വലുതെങ്കിൽ കുഞ്ഞിനെ സുധീഷിനെ ഏല്പിച്ചിട്ട് അവരുടെ കല്യാണം കഴിയുംവരെ ദൂരെ എവിടേലും പോയ് താമസിക്ക് നീ… അതിനെത്ര പണം വേണേലും തരാം ഞങ്ങൾ നിനക്ക്…”
ദയവൊട്ടുമില്ലാതെ സന്തോഷേട്ടൻ ഷീനയോടു സംസാരിക്കുന്നത് കൂടി കേട്ടതും ആകെ നീറി പിടഞ്ഞ സുധീഷിന്റെ കണ്ണുകൾ തങ്ങി നിന്നത് ഷീനയിലാണ്….
നിശബ്ദം നിന്ന് കണ്ണുനീരൊഴുക്കുന്നതല്ലാതെ ഏട്ടനെയും അമ്മയേയും മറുത്തോ എതിർത്തോ ഒരു വാക്കു പോലും അവൾ പറയുന്നില്ലെന്ന കണ്ടതും തന്റെ വലം കൈമുഷ്ടിയൊന്ന് ദേഷ്യത്തിൽ ചുരുട്ടി പിടിച്ചവൻ….
ഈയൊരുവളോടുള്ള തന്റെ പ്രണയം തുടങ്ങിയത് ഇന്നോ ഇന്നലെയും ഒന്നുമല്ല… അറിവില്ലാത്ത പ്രായത്തിൽ തന്നെ തന്റെ ഭാര്യയായ് മനസ്സിലവളെ കയറ്റിയതാണ് താൻ… അവൾക്കും തന്നെ ഇഷ്ടമായിരുന്നു അവളുടെ പ്രാണനോളം… പക്ഷെ അവളുടെ അച്ഛന്റെയും തന്റെ അച്ഛന്റെയും മരണം അവളുടെ ദോഷം കൊണ്ടാണെന്ന് എല്ലാവരും പറഞ്ഞപ്പോൾ ഭയന്നവൾ…. തന്നിൽ നിന്നകന്നവൾ… താനെത്രയെല്ലാം പറഞ്ഞിട്ടും അനുസരിക്കാതെ അകന്നു മാറി നിന്നവൾ
അവളെ അങ്ങനെ ഒഴിവാക്കാൻ തനിയ്ക്ക് വയ്യായിരുന്നു… അതു കൊണ്ടു തന്നെയാണ് വീട്ടിലാരും ഇല്ലാത്തൊരു ദിവസം ബലമായവളെ കീഴ്പ്പെടുത്തി തന്റേതാക്കിയത്… അവളകന്ന് പോവാതെയിരിക്കാൻ….
പക്ഷെ വിവരമറിഞ്ഞ അമ്മയും ചേട്ടനും തന്നെ ഒരുപാടു തല്ലി…. തന്റെ മുന്നിൽ പോലും വരാത്ത വിധം തടഞ്ഞിട്ടു ഷീനയെ… ഒടുവിൽ ഒരുപാടു ഭീഷണികളോടെ തന്നെ വിദേശത്തേയ്ക്കും അയച്ചു… അവിടെ ചെന്നു കഴിഞ്ഞാണ് താനറിഞ്ഞത് ഷീന തന്റെ കുഞ്ഞിനെ ഗർഭത്തിൽ ചുമക്കുന്ന കാര്യം… പക്ഷെ തിരികെ ഓടിവരാൻ പറ്റാത്ത വിധം തന്നെ ഏട്ടനവിടെ കുരുക്കിയിട്ടിരുന്നു…
ഇപ്പോഴത്തെ ഈ മടങ്ങി വരവു പോലും ഏട്ടനെ അനുസരിച്ചോളാം എന്ന വാക്കിന്റെ പുറത്താണ്…
താൻ മറ്റൊരാളെ വിവാഹം കഴിക്കുന്നതു പോലും ഷീനയ്ക്ക് പ്രശ്നമില്ല എന്ന തോന്നലിൽ തളർന്ന് സുധീഷ് നിൽക്കും നേരത്താണ് ഒരടിയുടെ ശബ്ദം സുധീഷിന്റെ കാതിൽ കേട്ടത്…
ഞെട്ടി പുറത്തേയ്ക്ക് നോക്കിയതും കണ്ടു കവിൾ പൊത്തി നിൽക്കുന്ന ഏട്ടനെയും കൈ നീട്ടി കുടയുന്ന ഷീനയേയും…
മുറിയ്ക്ക് പുറത്തേക്കോടിയിറങ്ങി സുധീഷ്….
എന്റെ കുഞ്ഞിനെയും കുഞ്ഞിന്റെ അച്ഛനെയും മറ്റൊരുത്തിയ്ക്ക് കൊടുക്കുമെന്ന് പറയാൻ നീ ആരാടാ നായെ… കുറെ കാലമായില്ലേ ഓരോന്നും പറഞ്ഞെന്നെ നി ഭീഷണിപ്പെടുത്തി നിർത്താൻ തുടങ്ങിയിട്ട്…. സുധീഷേട്ടനെയും മോളെയും എന്റെ അടുത്തു നിന്ന് പറിച്ചു മാറ്റിയിട്ടു വേണമായിരിയ്ക്കും നിനക്കന്തി കൂട്ടിന് ആളു വേണോയെന്ന് ചോദിച്ചന്റെ മുറിയിൽ ഇനിയും വരാൻ അല്ലേടാ….?
ഷീനയുടെ അലറി പിടച്ചുള്ള ആ ചോദ്യത്തിലാകെ വിളറി വിയർത്തു സന്തോഷ്… അയാളുടെ നോട്ടം അമ്മയിലേക്ക് നീണ്ടതും കണ്ടു പകച്ച് തന്നെ നോക്കുന്ന അമ്മയെ… ഇതിനിടയിലൂടെ സുധീഷ് ഷീനയ്ക്ക് അരികിലെത്തിയതും അവളെ തന്റെ നെഞ്ചിലേക്ക് വാരിയെടുത്തുമ്മ വെയ്ക്കുന്നതുമെന്നും സന്തോഷോ അമ്മയേ അറിഞ്ഞില്ല…
സുധീഷേട്ടാ…. ഞാൻ…
തേങ്ങിക്കരച്ചിലോടെ എന്തോ പറയാൻ ഷീന ശ്രമിച്ചതും അവളെ തടഞ്ഞു സുധീഷ്….
“പറയാനും കേൾക്കാനും ഒരുപാടുണ്ട് ഷിനേ.. പക്ഷെ ഇവിടെ വച്ചല്ല ഞാൻ നമ്മുക്ക് മാത്രമായിട്ടൊരു വീടു വാങ്ങിയിട്ടുണ്ട് അവിടെ വെച്ചു മതി എല്ലാം… ചെല്ല് ചെന്ന് കുഞ്ഞിനെ എടുത്തു വാ…”
അരികിൽ പകപ്പോടെ നോക്കുന്ന അമ്മയേയും ഏട്ടനെയും തെല്ലും ഗൗനിക്കാതെ സുധീഷ് ഷീനയോട് പറഞ്ഞതും കുഞ്ഞിനെ എടുക്കാൻ മുറിയിലേക്ക് നടന്നു ഷീന…
“അവളുടെ ഈ വാക്കുകൾക്ക് വേണ്ടിത്ര നാൾ കാത്തിരുന്നവനാണ് ഞാൻ…ഇനി ഞങ്ങൾ ജീവിച്ചോളാം… ഞങ്ങളുടെ ജീവിതം.. അതിനിടയിലേക്ക് ഇടിച്ചു കയറി വന്നാൽ അന്നു നിന്റെ അവസാനമായിരിക്കുമെടാ ചേട്ടാ….. സത്യമായിട്ടും… ”
പറഞ്ഞതു ഞാനതു പോലെ ചെയ്യും എന്നൊരു താക്കീതോടെ സുധീഷ് ആ വീടിന്റെ പടിയിറങ്ങുമ്പോൾ ഇളിഭ്യരായവിടെ നിന്നു അവരമ്മയും മോനും….
✍️ രജിത ജയൻ…..
