ഏട്ടത്തിക്ക് ഏട്ടൻ ഗൾഫിൽ നിന്ന് കൊണ്ട് വന്ന ഈ സാരിയും മാലയും ഞാൻ എടുക്കാ ട്ടോ. അടുത്ത ആഴ്ച സനൂപേട്ടന്റെ പെങ്ങളെ കല്യാണത്തിന് എനിക്ക് ഇതൊക്കെ ഇട്ടൊന്ന് ചെത്തി നടക്കണം. അതുകൊണ്ട് കല്യാണവും മറുപടിയുമൊക്കെ കഴിഞ്ഞിട്ട് ഞാനീ സാരിയും മാലയും കൊണ്ട് തരാം.
ഹരി കൃഷ്ണൻ ഗൾഫിൽ നിന്ന് താൻ കൊണ്ട് വന്ന പെട്ടികൾ പൊട്ടിക്കുമ്പോ അതിൽ നിന്നെടുത്ത ഗൾഫ് മോഡൽ സാരിയും ഒന്നര പവന്റെ സ്വർണ്ണ മാലയും കണ്ടപ്പോ അവന്റെ പെങ്ങൾ ഉണ്ണിമായ അത് തട്ടി പറിച്ചെടുത്തു കൊണ്ട് പറഞ്ഞു.
ഹരി കൃഷ്ണൻ അത് അവന്റെ ഭാര്യ അശ്വതിക്ക് കൊണ്ട് വന്നതാണെന്ന് കരുതിയാണ് ഉണ്ണിമായ അത് തട്ടിപ്പറിക്കും പോലെ ഉണ്ണികൃഷ്ണന്റെ കയ്യിൽ നിന്ന് വാങ്ങിയത്.
“അയ്യോ ഉണ്ണി ആ മാല ഞാൻ അമ്മയ്ക്ക് കൊണ്ട് വന്നതാ. അശ്വതിക്ക് സാരി മാത്രേ ഉള്ളു.”
ഹരി പെട്ടെന്ന് പറഞ്ഞു.
അത് കേട്ടതും ഹരിയുടെയും ഉണ്ണിമായയുടെയും അമ്മയായ ഭാനുമതിയുടെ മുഖം ഇരുണ്ടു.
“അത് എനിക്കുള്ള മാല ആയിരുന്നെങ്കിൽ നിനക്ക് ആദ്യമേ അത് പറഞ്ഞൂടായിരുന്നോ. ഇനിയിപ്പോ ഉണ്ണി അത് എനിക്ക് തിരിച്ചു കൊണ്ട് തരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?”
“ഉണ്ണി… നിന്റെ ആവശ്യം കഴിഞ്ഞാൽ ഈ മാല അമ്മയ്ക്ക് കൊണ്ട് കൊടുത്തേക്കണം കേട്ടോ.” അമ്മയുടെ പരിഭവം കേട്ട് ഹരി പെങ്ങളോട് പറഞ്ഞു.
“ഏട്ടൻ എനിക്ക് സ്വർണ്ണമൊന്നും കൊണ്ട് വന്നില്ലേ? കഴിഞ്ഞ പ്രാവശ്യം വന്നപ്പോ എനിക്ക് കൊണ്ട് വന്നേ അല്ലേ?” ഉണ്ണിമായ ചോദിച്ചു.
“നിനക്ക് ആവശ്യത്തിൽ കൂടുതൽ സ്വർണ്ണം തന്നല്ലേ ഞാൻ കെട്ടിച്ചു വിട്ടത്. എന്നിട്ടും നിനക്ക് സ്വർണത്തോടും ഡ്രസ്സ് നോടുമുള്ള ആർത്തി തീർന്നിട്ടില്ല. കഴിഞ്ഞ വരവിനു ഞാൻ നിനക്കൊരു വള കൊണ്ട് തന്നിട്ടും ഞാൻ അശ്വതിക്ക് കൊണ്ട് വന്ന നെക്ലസ് നീ കൊണ്ട് പോയി. അത് കൂടാതെ അമ്മയ്ക്ക് കൊടുത്ത വള കൂടി നീ ഏതോ ഫങ്ക്ഷന്റെ പേര് പറഞ്ഞു കൊണ്ട് പോയി. തിരിച്ചു കൊണ്ട് തരാമെന്ന് പറഞ്ഞല്ലേ നീ അതൊക്കെ വാങ്ങി പോയത്. എന്നിട്ട് അതെല്ലാം എവിടെയാ?”
ഹരിയുടെ ചോദ്യത്തിന് മുന്നിൽ ഉണ്ണിമായ ഒന്ന് പകച്ചു. ഇതുവരെ അവൻ ഇങ്ങനെ അവളോട് ഒന്നിനും കണക്ക് പറഞ്ഞിട്ടില്ല.
“അത് പിന്നെ വീട് പണിക്ക് വേണ്ടി ബാങ്കിൽ സ്വർണ്ണം പണയം വയ്ക്കാൻ കൊണ്ട് പോയപ്പോ ആ കൂട്ടത്തിൽ അമ്മേടെ വളയും ഏട്ടത്തിയുടെ നെക്ലസും കൂടി ഉണ്ടായിരുന്നത് ഞാൻ ശ്രദ്ധിച്ചില്ല. അല്ലേലും എന്റെ അമ്മയ്ക്കുള്ള സ്വർണ്ണത്തിന് എനിക്കും അവകാശം ഇല്ലേ. അതിനൊക്കെ ഏട്ടൻ ഇങ്ങനെ കണക്ക് ചോദിക്കുന്നത് ശരിയാണോ?” ഉണ്ണിമായ പരിഭവത്തിൽ ചോദിച്ചു.
“അമ്മയ്ക്കുള്ള സ്വർണ്ണം നീ എന്ത് വേണോ ചെയ്തോ. അമ്മയ്ക്ക് അതൊക്കെ വാങ്ങി കൊടുക്കുന്നത് ഞാൻ ആണെങ്കിലും അത് ഇടണോ വേണ്ടേ അതോ ആർക്കെങ്കിലും കൊടുക്കണോ എന്നൊക്കെ അമ്മയുടെ ഇഷ്ടമല്ലേ. അതിൽ അഭിപ്രായം പറയാൻ ഞാൻ ആളല്ലോ. പക്ഷേ ആശിച്ചു മോഹിച്ചു ഞാൻ വാങ്ങി കൊണ്ട് വന്ന സ്വർണ്ണമൊന്നും അമ്മയുടെ ദേഹത്ത് ഇട്ട് കാണാത്തത്തിൽ എനിക്ക് നല്ല സങ്കടമുണ്ട്.” ഹരി അത് ആത്മാർത്ഥമായിട്ട് പറഞ്ഞതാണ്.
അത് ഭാനുമതിക്കും ഉണ്ണിമായയ്ക്കും നന്നായി കൊണ്ടു.
” അശ്വതിയുടെ നെക്ലസ് നീ എത്രയും പെട്ടെന്ന് എടുത്തു കൊടുക്കണം. ഒരു ദിവസം അവളെ അത് ഇടാൻ സമ്മതിക്കയുതെയാണ് നീ അത് കൊണ്ട് വന്ന അന്ന് തന്നെ ഇതുപോലെ ഓരോ കാരണം പറഞ്ഞ് കൊണ്ട് പോയത്. ”
ഹരി ഗൗരവത്തോടെ പറഞ്ഞു.
“ഞാൻ എടുത്തു കൊടുത്തോളം.
പക്ഷേ പെട്ടെന്നൊന്നും പറ്റില്ല. കുറച്ചു സമയം വേണം.” ഉണ്ണിമായ താല്പര്യമില്ലത്ത ഭാവത്തിൽ പറഞ്ഞു.
“ഓഹ്… അതിനർത്ഥം ഇനിയത് കിട്ടാൻ പോവുന്നില്ല എന്നല്ലേ.’
ഹരിയുടെ പരിഹാസം കേട്ടതും ഉണ്ണിമായയുടെ മുഖം ഇരുണ്ടു.
“അശ്വതിയുടെ നെക്ലസ് ഉണ്ണി എടുത്തു തന്നോളും. അതിന്റെ പേരിൽ നീ എന്റെ മോളേ നിന്റെ ഭാര്യേടെ മുന്നിൽ വച്ച് കൂടുതൽ പരിഹസിക്കേണ്ട. പിന്നെ നിന്റെ കാശ് കൊടുത്തു വാങ്ങിയ സ്വർണം അല്ലെ അത്.. അപ്പോൾ ആ നെക്ലസ് ൽ നിന്റെ ഭാര്യയെ ക്കാൾ അവകാശം എന്റെ മോൾക്കും എനിക്കും തന്നെയാ. അതുമല്ല നിനക്ക് നിന്റെ ഭാര്യയ്ക്ക് എന്തെങ്കിലും വാങ്ങി കൊടുക്കണമെങ്കി ഇനിയും ആവാലോ.”
അമ്മയുടെ സംസാരം കേട്ടതും ഹരിക്ക് വിറഞ്ഞു കയറി.
“അങ്ങനെ എല്ലാ പ്രാവശ്യവും വരുമ്പോ സ്വർണവും വില കൂടിയ വസ്ത്രങ്ങളും കൊണ്ട് വരാൻ എനിക്കവിടെ പണം കായ്ക്കുന്ന മരമൊന്നുമില്ല. പിന്നെ ഉണ്ണിയെ കെട്ടിച്ചു വിട്ടതും വീട് പുതുക്കി പണിതത്തിന്റെ ലോണുകൾ ഒക്കെ ഉള്ളത് കൊണ്ട് അശ്വതിക്ക് ഞാൻ സ്വർണം ഒന്നും വാങ്ങിയില്ല. ഒരു സാരി മാത്രേ എടുത്തുള്ളൂ. അമ്മയ്ക്ക് മാത്ര മാല വാങ്ങിയത്.
അടുത്ത വരവിനു ഇതും പ്രതീക്ഷിക്കണ്ട. ഉള്ള പൈസ എടുത്തു അതുമിതും വാങ്ങി തീർത്താൽ പിന്നെ സമയത്തിന് ലോൺ അടച്ചു തീർക്കാൻ പറ്റിയെന്നു വരില്ല. അങ്ങനെ വന്ന ഈ വീട് ബാങ്ക് കാര് കൊണ്ട് പോകും.”
ഹരിയുടെ വാക്കുകൾ കേട്ട് ഉണ്ണിമായയും ഭാനുമതിയും ഞെട്ടി. എങ്കിലും അശ്വതിക്ക് ഒന്നും കൊണ്ട് വന്നിട്ടില്ല എന്ന് കേട്ടതും അവർക്ക് സമാധാനമായി. പക്ഷേ ഇതെല്ലാം കണ്ട് വാതിൽക്കൽ ചാരി നിറ കണ്ണുകളോടെ നിൽക്കുകയായിരുന്നു അശ്വതി.
രണ്ട് വർഷം മുൻപാണ് ഒരേ പന്തലിൽ വച്ച് ഹരിയുടെയും അശ്വതിയുടെയും ഉണ്ണിമായയുടെയും സുമേഷിന്റെയും വിവാഹവും നടന്നത്. സുമേഷും ഗൾഫിൽ ആണ്. വിവാഹം കഴിഞ്ഞു ഒരു മാസത്തിനു ശേഷം ഹരി തിരിച്ചു ഗൾഫിൽ പോയപ്പോ വീട്ടിൽ സി സി ടീവി വച്ചിട്ടുള്ളത് കൊണ്ട് അശ്വതിയുടെ തന്റെ വീട്ടിലുള്ള ജീവിതം അത്ര സുഖകരം അല്ലെന്നും തന്റെ അമ്മയും പെങ്ങളും അവളോട് പോരെടുക്കാറുണ്ടെന്നും അവൻ മനസ്സിലാക്കിയിരുന്നു.
തുടക്കത്തിൽ തന്നെ ഒരു വഴക്ക് വേണ്ട എന്ന് വച്ചാണ് ഈ രണ്ടു വർഷവും അവൻ അവരോട് ക്ഷമിച്ചത്. അശ്വതി ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്. കോളേജിൽ ഹരിയുടെ ജൂനിയർ ആയിട്ട് പഠിച്ചതാണ് അവൾ. അങ്ങനെ അവളെ കണ്ട് ഇഷ്ടപ്പെട്ടതാണ് ഹരികൃഷ്ണൻ. അശ്വതിയെ അവൻ വിവാഹം കഴിക്കുന്നത് ഉണ്ണിമായക്കും ഭാനുമതിക്കും ഇഷ്ടമുണ്ടായിരുന്നില്ല. അതുകൊണ്ട് കൂടിയാണ് അവർ അവളോട് പോരെടുക്കുന്നത്. അത് കൊണ്ട് ഇത്തവണ തിരിച്ചു പോകുമ്പോൾ അശ്വതിയെയും കൂടെ കൊണ്ടുപോകാനാണ് അവന്റെ തീരുമാനം പക്ഷേ ഹരി അത് ആരോടും പറഞ്ഞിട്ടില്ല. അവസാന നിമിഷം പറയാം എന്നാണ് അവന്റെ തീരുമാനം.
“നീ ആ പെട്ടി എന്താ മാറ്റി വച്ചിരിക്കുന്നത്? അത് പൊട്ടിക്കുന്നില്ലേ?” ഹരി ഒരു പെട്ടി മാത്രം പൊട്ടിക്കാതെ മാറ്റി വച്ചിരിക്കുന്നത് കണ്ട് ഭാനുമതി മകനോട് ചോദിച്ചു.
“അത് എന്റെ കൂടെ അവിടെ ജോലി ചെയ്യുന്ന അശോകേട്ടന്റെ വീട്ടിൽ കൊടുക്കാനാ. എന്റെ സുഹൃത്തുക്കളുടെ കയ്യിൽ ഞാൻ ഓരോന്ന് കൊടുത്തു വിടുന്നത് പോലെ ഞാൻ വരുമ്പോ അശോകേട്ടൻ ഏട്ടന്റെ വീട്ടിൽ ഏൽപ്പിക്കാൻ തന്ന് വിട്ടതാ.”
ഒഴുക്കൻ മട്ടിൽ പറഞ്ഞു കൊണ്ട് ഹരി പെട്ടിയും എടുത്തു റൂമിലേക്ക് പോയി.
രാത്രി കിടക്കാൻ നേരം വരെ അശ്വതിക്ക് പിടിപ്പത് പണിയുണ്ടായിരുന്നു. എല്ലാം കഴിഞ്ഞു അവൾ റൂമിൽ വരുമ്പോ ഹരി ഉറങ്ങാതെ അശ്വതിയെ കാത്തിരിപ്പുണ്ടായിരുന്നു.
തന്നെ നോക്കി കിടക്കുന്ന ഭർത്താവിനെ കണ്ടതും അശ്വതി പരിഭവത്തോടെ അവനരികിൽ ഇരുന്നു.
എന്താ എന്റെ അച്ചൂട്ടിയുടെ മുഖത്തൊരു സങ്കടം.
ഹരിയേട്ടൻ കൊണ്ട് വന്നതിൽ നിന്ന് ഒരു മിട്ടായി പോലും എനിക്ക് കിട്ടില്ലല്ലോ. കഴിഞ്ഞ തവണ കുറച്ചു മിട്ടായി എങ്കിലും കിട്ടി. സ്വർണ്ണവും സാരിയും ഒന്നും ഞാൻ ചോദിച്ചിട്ടില്ലല്ലോ. എന്നിട്ടും എനിക്കായി ഒരു മിട്ടായി എങ്കിലും കരുതി വയ്ക്കണമെന്ന് ഏട്ടന് തോന്നിലല്ലോ.”
അത്രേം പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അയ്യേ എന്റെ പെണ്ണ് കരയുവാണോ. കഴിഞ്ഞ തവണ വന്നപ്പോൾ തന്നെ നിനക്ക് എന്തെങ്കിലും നിനക്ക് കിട്ടില്ലെന്ന് എനിക്ക് ബോധ്യമായത. അതുകൊണ്ട് ഇത്തവണ നിനക്ക് കൊണ്ടുവന്ന സാധനങ്ങൾ ഒന്നും ഞാൻ അവരുടെ മുന്നിൽ വച്ച് എടുക്കാതിരുന്നത്.
കള്ളച്ചിരിയോടെയുള്ള ഹരിയുടെ വാക്കുകൾ കേട്ട് ഒന്നും മനസ്സിലാകാതെ അശ്വതി അവന്റെ മുഖത്തേക്ക് നോക്കി.
ദേ… ആ പെട്ടി നിറയെ നിനക്ക് ഞാൻ കൊണ്ട് വന്ന സ്വർണവും ഡ്രസ്സും ചോക്ലേറ്റും ഒക്കെയുണ്ട്. നിന്റെ വീട്ടുകാർക്ക് കൊടുക്കാനുള്ള ചോക്ലേറ്റും ഡ്രസ്സുകളും അതിലുണ്ട്. കഴിഞ്ഞ തവണ വന്നപ്പോൾ അവർക്കൊന്നും കൊടുക്കാൻ പറ്റാത്തതിൽ എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു. അമ്മയെയും പെങ്ങളെയും വെറുപ്പിച്ചാൽ നിനക്ക് ഇവിടെ ജീവിക്കുന്നത് കഷ്ടമായിരിക്കുമല്ലോ എന്ന് കരുതിയാണ് കഴിഞ്ഞതവണ ഞാൻ ഒന്നും മിണ്ടാതെ തിരിച്ചു പോയത്.
അത് പറഞ്ഞുകൊണ്ട് അശോകേട്ടന് കൊടുക്കാനെന്ന് പറഞ്ഞ് അവൻ മാറ്റിവച്ച പെട്ടിയെടുത്ത് തുറന്ന് അതിലുള്ള സാധനങ്ങൾ എല്ലാം ഹരി അവളെ എടുത്തു കാണിച്ചു.
അത് കണ്ടതും ഒരു പൊട്ടിക്കരച്ചിലോടെ അശ്വതി അവനെ കെട്ടിപ്പിടിച്ചു.
ഞാനിതൊക്കെ ഇട്ടു നടക്കുമ്പോൾ എന്തായാലും അമ്മയ്ക്കും ഉണ്ണിമായക്കും മനസ്സിലാവില്ലേ ഇതൊക്കെ എനിക്ക് ഏട്ടൻ കൊണ്ട് തന്നതാണെന്ന്.
ഭീതിയോടെയുള്ള അശ്വതിയുടെ ചോദ്യം കേട്ടതും ഹരി ചിരിച്ചു.
അതിന് ഇനിയും അവരുടെ വേലക്കാരിയായി നിന്നെ ഇവിടെ നിർത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല മോളെ. ഇത്തവണ ഞാൻ പോകുമ്പോൾ നീയും എന്നോടൊപ്പം ഉണ്ടാകും. തൽക്കാലം ഈ വിവരം പോകുന്നവരെ ആരും അറിയണ്ട.
ഹരിയുടെ വെളിപ്പെടുത്തൽ കേട്ട് അശ്വതി ആകെ ഞെട്ടിത്തരിച്ചുപോയി.
ഹരിയേട്ടൻ ഈ നീ പറഞ്ഞത് സത്യമാണോ.
വിശ്വസിക്കാൻ കഴിയാനാവാതെ അശ്വതി ചോദിച്ചു.
സത്യാ പെണ്ണേ. നമുക്ക് അതിനെക്കുറിച്ച് ഒക്കെ നാളെ സംസാരിക്കാം. എത്രനാൾ കഴിഞ്ഞാ ഞാൻ എന്റെ പെണ്ണിനെ ഒന്ന് അടുത്ത് കാണുന്നത്.
കുസൃതിയോടെ പറഞ്ഞുകൊണ്ട് ഹരി അവളെ കെട്ടിപ്പിടിച്ചുകൊണ്ട് ബെഡിലേക്ക് വീണു..
അവന്റെ ചുണ്ടുകൾ മുഖത്തിലും കഴുത്തിലും ഒക്കെ ഇഴഞ്ഞു നടന്നപ്പോൾ ഇക്കിളി പൂണ്ട അശ്വതി പൊട്ടിച്ചിരിച്ചു.
“അതെ… ഹരിയേട്ടാ… എന്നെ കൂടെ കൊണ്ടുപോയാൽ ഇവിടെ അമ്മ തനിച്ചാവില്ലേ.
” അമ്മ എങ്ങനെ തനിച്ചാകും എന്ന്. തൊട്ടപ്പുറത്ത് വീടുപണി നടക്കുന്നതുകൊണ്ട് ഉണ്ണിമായ ഇവിടെ തന്നെയല്ലേ താമസം. ഇനിയിപ്പോ അവരുടെ വീടു പണി കഴിഞ്ഞാലും അമ്മയ്ക്ക് ഇവിടെ അടച്ചുപൂട്ടി അവിടെ പോയി നിക്കാലോ. എല്ലാ പ്രശ്നത്തിനും പരിഹാരം കണ്ടിട്ട് തന്നെയാണ് നിന്നെ ഞാൻ കൊണ്ടുപോകുന്നത്.
ഹരിയുടെ വാക്കുകൾ കേട്ടതും അശ്വതി വീണ്ടും എന്തോ ചോദിക്കാൻ തുടങ്ങി. എന്നാൽ അവളെ പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൻ അവളുടെ ചുണ്ടുകൾ കവർന്നു കഴിഞ്ഞിരുന്നു.
✍️ അഞ്ജലി
