തന്റെ വീട്ടീന്ന് കഷ്ടപ്പെട്ട് തന്ന സ്വർണമാണ് താൻ ആരോടും ചോദിക്കാതെ എടുത്തു കൊടുത്തതെന്ന് ഓർത്തപ്പോ സ്വാതിക്ക് നല്ല കുറ്റബോധം തോന്നി….

“നിന്റെ രണ്ട് പവന്റെ ആ മുല്ല മൊട്ട് മാല എനിക്ക് പണയം വയ്ക്കാൻ തരുമോ സ്വാതി രണ്ട് മാസം കഴിഞ്ഞു എടുത്തു തരാം ഞാൻ.

അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്നു സ്വാതി. അപ്പോഴാണ് അവളുടെ ഭർത്താവിന്റെ ചേട്ടന്റെ ഭാര്യ അവളോട് വന്നത് അത് ചോദിച്ചത്.

“ഏട്ടത്തിക്ക് എന്തിനാ എന്റെ സ്വർണ മാല. ഏട്ടത്തിയുടെ കൈയ്യിൽ കുറേ സ്വർണം ഉണ്ടല്ലോ.

സ്വാതിയുടെ മറു ചോദ്യം രശ്മിക്ക് തീരെ ഇഷ്ടപെട്ടില്ല.

“എന്റെ സ്വർണം ലോക്കറിൽ ആയിപോയി. ഏട്ടന്റെ അക്കൗണ്ട് ഉള്ള ബാങ്കിലെ ലോക്കറിൽ ആണ് എല്ലാം വച്ചിരിക്കുന്നത്. താക്കോൽ ഏട്ടൻ കൊണ്ട് പോയ ബാഗിൽ ആയിരുന്നു ഉണ്ടായിരുന്നത്. ഇനിയിപ്പോ ഏട്ടൻ അടുത്ത വർഷമല്ലേ വരു.

രശ്മി സങ്കടം ഭാവിച്ചു.

“ഏട്ടത്തിക്ക് എന്തിനാ ഇപ്പോ പൈസയ്ക്ക് ഇത്ര അത്യാവശ്യം.

സ്വാതി ചോദിച്ചു.

“അച്ഛന്റെ കാലിന്റെ സർജറിക്കുള്ള ഡേറ്റ് ഈ വരുന്ന വെള്ളിയാഴ്ച ആണ് കിട്ടിയത്. പെട്ടെന്ന് ആയത് കൊണ്ട് ക്യാഷ് മുഴുവനും റെഡി ആക്കാൻ പറ്റിയിട്ടില്ല. 7 ലക്ഷം ആകുമെന്നാ ഡോക്ടർ പറഞ്ഞത്. രണ്ട് ലക്ഷത്തോളം രൂപയുടെ കുറവുണ്ട്. അതാ…

“രണ്ട് മാസത്തിനുള്ളിൽ ഏട്ടത്തി എടുത്തു തരുമോ?

ഹോസ്പിറ്റലിൽ കേസ് ആണെന്ന് അറിഞ്ഞതും സ്വാതിയുടെ മനസ്സ് അയഞ്ഞു.

“ഉറപ്പായും എടുത്തു തരും സ്വാതി.

രശ്മി അവളുടെ കൈയ്യിൽ അടിച്ചു സത്യം ചെയ്തു.

അങ്ങനെ അവളെ വിശ്വസിച്ചു സ്വാതി തന്റെ 2 പവന്റെ മാല ഏട്ടത്തിക്ക് കൊടുത്തു. അതും വാങ്ങി രശ്മി സ്വന്തം വീട്ടിലേക്ക് പോയി.

പിന്നെ ഒരാഴ്ച കഴിഞ്ഞാണ് അവൾ തിരിച്ചു വന്നത്. വന്നപാടെ സ്വാതിയെ കാണാനാണ് രശ്മി ഓടി വന്നത്. അവളെ കണ്ടതും സ്വാതി അവളോട് അച്ഛന്റെ സർജറിയെ കുറിച്ച് തിരക്കി.

“ഏട്ടത്തി… അച്ഛന് എങ്ങനെയുണ്ട്. സർജറി നന്നായി കഴിഞ്ഞോ?

“അതൊക്കെ കഴിഞ്ഞു സ്വാതി. പക്ഷേ ഒരു പ്രശ്നമുണ്ട്. അച്ഛന് പെട്ടെന്ന് ഷുഗർ കൂടിയിട്ട് ഒരാഴ്ച icu കിടത്തേണ്ടി വന്നു. അത് കാരണം ബിൽ പ്രതീക്ഷിച്ചതിലും കൂടുതലാ വന്നത്. നീ നിന്റെ വളയോ കമ്മലോ എന്തെങ്കിലും കൂടി തരുമോ? രണ്ടും കൂടി ഞാൻ ഒരുമിച്ച് എടുത്തു തരാം. അച്ഛനെ ഇന്ന് ഡിസ്ചാർജ് ആക്കും. അപ്പോഴേക്കും പൈസ കെട്ടി വയ്ക്കണം ഹോസ്പിറ്റലിൽ.

മുഖത്ത് ആവോളം വിഷമം നിറച്ചു രശ്മി പറഞ്ഞതും മറ്റൊന്നും ചിന്തിക്കാതെ തന്റെ കൈയ്യിൽ കിടന്ന വളകൾ ഊരി അവൾക്ക് കൊടുത്തു.

“ഒത്തിരി നന്ദിയുണ്ട് മോളേ. ഞാൻ രണ്ട് മാസത്തിനുള്ളിൽ എടുത്തു തരാം കേട്ടോ.

ധൃതിയിൽ മടങ്ങുമ്പോൾ രശ്മി വിളിച്ചു പറഞ്ഞു.

തന്റെ വീട്ടീന്ന് കഷ്ടപ്പെട്ട് തന്ന സ്വർണമാണ് താൻ ആരോടും ചോദിക്കാതെ എടുത്തു കൊടുത്തതെന്ന് ഓർത്തപ്പോ സ്വാതിക്ക് നല്ല കുറ്റബോധം തോന്നി. പക്ഷേ അതൊരു ഹോസ്പിറ്റലിൽ കാര്യത്തിനല്ലേ കൊടുത്തത് എന്നോർത്തപ്പോ അവൾക്ക് ആശ്വാസം തോന്നി.

രണ്ട് മാസം ആയിട്ടേ ഉള്ളു സ്വാതിയുടെയും അരുണിന്റെയും കല്യാണം കഴിഞ്ഞിട്ട്. അവന്റെ ചേട്ടൻ കിരണിന്റെ ഭാര്യ ആണ് രശ്മി. അരുണും അവന്റെ അച്ഛനും അമ്മയും സ്വാതിയും കുടുംബ വീട്ടിലാണ്.

കിരൺ ദുബായിൽ ആയത് കൊണ്ട് അവർ തറവാടിനോട് ചേർന്ന് വച്ച വീട്ടിൽ രശ്മി ഒറ്റയ്ക്ക് നിൽക്കണ്ടല്ലോ എന്ന് പറഞ്ഞ് അവളെയും തറവാട്ടിൽ നിർത്തിയാണ് കിരൺ പോയത്.

ലീവ് കുറവായത് കൊണ്ട് അരുണിന്റെയും സ്വാതിയുടെയും കല്യാണം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞ ഉടനെ കിരൺ തിരിച്ചു പോയിരുന്നു.

എല്ലാവരും തറവാട്ടിൽ ഉണ്ടെങ്കിലും രശ്മി സ്വർണം വാങ്ങി പോയ കാര്യം സ്വാതി ആരോടും പറഞ്ഞിരുന്നില്ല. സത്യത്തിൽ അവൾ അതേ കുറിച്ച് ഓർത്തില്ല എന്നതാണ് സത്യം.

രണ്ട് മാസം കഴിഞ്ഞു ഏട്ടത്തി എടുത്തു തരുമല്ലോ എന്ന ആശ്വാസത്തിൽ സ്വാതി സ്വർണത്തിന്റെ കാര്യം രശ്മിയോട് ചോദിച്ചില്ല.

കുറച്ചു ദിവസങ്ങൾക്ക് ശേഷം അരുണിന്റെ അമ്മയ്ക്കൊപ്പം രശ്മിയുടെ ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്ന അച്ഛനെ കാണാൻ അവരുടെ വീട്ടിൽ പോയപ്പോ ആണ് ഏട്ടത്തിയെ കുറിച്ച് ആദ്യമായി അവൾക്ക് സംശയം തോന്നിയത്.

കൊട്ടാരം പോലൊരു വലിയ ഇരുനില വീടായിരുന്നു രശ്മിയുടെ. അവളുടെ ചേട്ടൻ രാഹുൽ വച്ച വീടാണ് അത്. രാഹുൽ വർഷങ്ങളായി കുവൈറ്റിലാണ്. രശ്മിക്ക് കൊടുത്ത ഓഹരി വിറ്റാണ് കിരണിന്റെ ഷെയർ കിട്ടിയ സ്ഥലത്ത് അവർ വീട് വച്ചിട്ടുള്ളത്.

ഇത്രയും വലിയ വീടും സ്വത്തും ഉള്ള ആൾ അച്ഛന്റെ ഓപ്പറേഷന് കാശ് തികഞ്ഞില്ലെന്ന് പറഞ്ഞ് തന്റെ സ്വർണം വാങ്ങി പോയത് അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

തിരികെ വീട്ടിൽ വന്നവൾ അതിനെ കുറിച് തന്നെ ഓർത്ത് ആകെ തലപുകച്ചു.

ഏട്ടത്തി വീട്ടിൽ നിന്ന് തിരികെ വരുമ്പോ അക്കാര്യം ചോദിക്കണമെന്ന് സ്വാതി തീരുമാനിച്ചു.

പിറ്റേ ദിവസം സ്വാതി വീട് അടിച്ചു വാരുമ്പോ തറവാട്ടിൽ രശ്മി ഉപയോഗിക്കുന്ന മുറിയിൽ നിന്നും നിലത്ത് ചുരുട്ടി കൂട്ടി ഇട്ട നിലയിൽ കുറച്ചു പേപ്പറുകൾ കണ്ടു. എന്തെങ്കിലും അത്യാവശ്യ രേഖകൾ ആണോന്ന് കരുതി അവൾ അതെടുത്തു തുറന്ന് നോക്കിയതും സ്വാതിയുടെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി.

ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ സ്വർണം വിറ്റതിന്റെ രേഖകൾ ആയിരുന്നു അത്. തന്റെ സ്വർണം രശ്മി കൊണ്ട് പോയി വിറ്റതിന്റെ തെളിവുകൾ ആണ് അതെന്ന് മനസ്സിലായതും സ്വാതി കരഞ്ഞു പോയി. അവൾ അപ്പോ തന്നെ രശ്മിയെ വിളിച്ച് തന്റെ സ്വർണം വിറ്റ കാര്യം ചോദിച്ചു.

“പണയം വച്ചാൽ മുഴുവൻ പൈസ കിട്ടില്ലെന്ന്‌ പറഞ്ഞപ്പോ ഞാൻ അതങ്ങ് വിറ്റ് സ്വാതി. കിരണേട്ടൻ ഗൾഫിൽ നിന്ന് വന്നിട്ട് നിനക്ക് അതുപോലത്തെ വേറെ വാങ്ങി തരാം ഞാൻ.”

“എനിക്ക് ഇഷ്ടപ്പെട്ട ഡിസൈൻ പറഞ്ഞ് ഉണ്ടാക്കിച്ചു വാങ്ങിയ മാലയും വളയുമാണ് അത്. അത് വിൽക്കും മുന്നേ ചേച്ചിക്ക് എന്നോടൊരു വാക്ക് ചോദിക്കാൻ തോന്നിയില്ലല്ലോ. അത് വാങ്ങാനുള്ള പൈസ ഉണ്ടാക്കാൻ ഞങ്ങൾ കുറേ കഷ്ടപ്പെട്ടതാ.

സ്വാതിയുടെ പരാതികൾ കേൾക്കാൻ നിൽക്കാതെ രശ്മി ഫോൺ കട്ടാക്കി കളഞ്ഞു.

അപ്പോഴാണ് അവൾ കരയുന്നത് കണ്ട് കൊണ്ട് അരുൺ അങ്ങോട്ട്‌ വന്നത്. അവൾ ഉണ്ടായതൊക്കെ അവനോട് പറഞ്ഞു. എല്ലാം കേട്ടതും അരുൺ ഉടനെ തന്നെ കിരണിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. അപ്പോഴാണ് ഹോസ്പിറ്റലിൽ ഓപ്പറേഷൻ ചിലവിന് എന്തെങ്കിലും കൊടുക്കണ്ടേ എന്ന് പറഞ്ഞ് അവന്റെ കയ്യിൽ നിന്നും അവൾ കാശ് വാങ്ങിയ വിവരം അവർ അറിഞ്ഞത്. ഇത് രശ്മിയുടെ ചേട്ടൻ രാഹുലിനെ വിളിച്ചു പറഞ്ഞപ്പോൾ അച്ഛന് ഇൻഷുറൻസ് ഉള്ളത് കൊണ്ട് 10 പൈസ ചിലവായില്ല എന്ന് അവൻ പറഞ്ഞപ്പോ സംഗതിയുടെ ഗൗരവം മനസ്സിലായ അവർ രശ്മിയെ നന്നായി ഒന്ന് ചോദ്യം ചെയ്തു. അത് കൂടാതെ അവളുടെ ഫോണും വാങ്ങി നോക്കി.

അപ്പോഴാണ് രശ്മിക്ക് ഒരു കാമുകൻ ഉള്ളതും അത് അവരുടെ വീടിന്റെ അടുത്ത് തന്നെയുള്ള വിവാഹം കഴിഞ്ഞ ഒരുത്തനുമാണെന്ന് അറിയുന്നത്. കുറേ നാളായുള്ള ബന്ധമായിരുന്നു അത്. അവന് ബിസിനസ്‌ തുടങ്ങാൻ വേണ്ടിയാണ് രശ്മി എല്ലാരേം നിന്നും കള്ളത്തരം പറഞ്ഞ് കാശ് വാങ്ങിയത്.

എല്ലാം എല്ലാരും അറിഞ്ഞതോടെ രശ്മിയെ കിരൺ എമർജൻസി ലീവ് എടുത്തു നാട്ടിൽ വന്ന് അവളെ വീട്ടിൽ നിന്നും പുറത്താക്കി. കൂടാതെ ഡിവോഴ്സ് നുള്ള ഏർപ്പാടും ചെയ്തു.

✍️ അഞ്ജലി

Leave a Reply

Your email address will not be published. Required fields are marked *