കാറിൽ നിന്നും കാർത്തിക ഇറങ്ങി പോകുമ്പോൾ വല്ലാത്ത കുറ്റബോധം തോന്നി ആനന്ദിന്.
” ചേട്ടാ.. പ്ലീസ്.. വേണ്ട… വേണ്ടാ…. ”
പുറത്തേക്ക് ഇറങ്ങുന്നതിനു തൊട്ട് മുൻപ് അവസാനമായി അവൾ പറഞ്ഞ ആ കടുത്ത വാക്കുകൾ അവന്റെ ഉള്ളിൽ തറച്ചിരുന്നു. ചെയ്തത് തെറ്റായി പോയി എന്നൊരു തോന്നൽ ആ നിമിഷം അവന്റെ ഉള്ളിൽ അലയടിച്ചു.
‘പിണക്കമായി കാണോ അവൾക്ക് ‘
ആ ചിന്ത ആനന്ദിന്റെ സമാധാനം കെടുത്തി. അതുകൊണ്ട് തന്നെ കാർ പാർക്ക് ചെയ്ത് വേഗത്തിൽ ഇറങ്ങി അവൻ കാർത്തിക പോയ വഴിയേ പാഞ്ഞു അവൻ..
കാർത്തികയും ആനന്ദും ഫേസ് ബുക്ക് വഴി പരിചയപ്പെട്ടവരാണ്. വളരെ നാളുകൾ നല്ല സുഹൃത്തുക്കളായിരുന്നെങ്കിലും കാർത്തികയുടെ വിവാഹത്തോടെ ആ സൗഹൃദത്തിനു അല്പം ഉലച്ചിൽ സംഭവിച്ചിരുന്നു. പതിയെ പതിയെ വല്ലപ്പോഴുമുള്ള ഹായ്.. ബൈ ബന്ധത്തിലേക്ക് തിരിഞ്ഞു അവർ .. എന്നാൽ ഏറെ നാളുകൾക്ക് ശേഷം യാദൃർശ്ചിമായാണ് വീണ്ടുമവർ സംസാരിക്കുന്നത്. ആ സംസാരമാകട്ടെ വീണ്ടും ആ സൗഹൃദത്തിന്റെ ആഴം കൂട്ടി. ആനന്ദ് പ്രവാസിയാണ്. കാർത്തികയുടെ ഭർത്താവും.. അവരുടെ സംസാരത്തിൽ പലപ്പോഴും ദാമ്പത്യത്തിലെ സുഖങ്ങളെ പറ്റിയും സുഖക്കേടുകളെ പറ്റിയുമൊക്കെ പരാമർശങ്ങൾ ഉണ്ടായി.
കാർത്തിക അതൊക്കെ പോസിറ്റീവ് ആയി കണ്ട് മറുപടി പറയുമ്പോൾ ആനന്ദിനാകട്ടെ ഉള്ളിൽ വല്ലാത്തൊരു കുളിരായി മാറി അവളുടെ സൗഹൃദം… കാഴ്ചയിൽ ഏറെ സുന്ദരിയാണ് കാർത്തിക മടിയേതുമില്ലാതേ വളരെ ഓപ്പണായി സംസാരിക്കുക പ്രകൃതം. തന്റെ ദാമ്പത്യത്തിൽ പങ്കാളിയുമായുള്ള ചെറിയ ചെറിയ പൊരുത്തക്കേടുകൾ കൊണ്ടുള്ള നിരാശ മറക്കുവാൻ അവളുടെ സൗഹൃദം ആനന്ദിനു ഏറെ ആശ്വാസമായി.
അങ്ങിനെ ഒടുവിൽ അവൻ നാട്ടിലെത്തവെ കാർത്തികയെ നേരിൽ കാണണം എന്ന് തന്നെ തീരുമാനിച്ചു. അങ്ങിനെയാണ് അവർ അന്ന് കണ്ടുമുട്ടിയതും. ധൈര്യത്തിനായി അല്പം മദ്യപിച്ചിരുന്നു അവൻ അന്ന്.തന്റെ കാറിലേക്ക് കാർത്തിക കയറുമ്പോൾ ആനന്ദിന് ശരീരമാകെ വല്ലാത്തൊരു വിറയൽ തോന്നിയിരുന്നു. എന്നാൽ അവളുടെ ചിരിച്ച മുഖം അവന്റെ സിരകളിൽ ഊർജ്ജമായി.
താൻ വാങ്ങി വന്ന ഗിഫ്റ്റുകൾ അവൾക്ക് കൊടുക്കുമ്പോൾ ആ മുഖത്തെ പുഞ്ചിരി വീണ്ടും ആനന്ദിന്റെ മനസ്സിളക്കി. അവൾക്കായി വാങ്ങിയ സ്പെഷ്യൽ പെർഫ്യൂമിന്റെ ഗന്ധം അവന്റെ നിയന്ത്രണം നഷ്ടപ്പെടുത്തി തുടങ്ങിയിരുന്നു. സിരകളിലോടുന്ന മദ്യം അവനിൽ കാമഗ്നി തെളിയിച്ചു.
“ഗിഫ്റ്റൊക്കെ ഇഷ്ടമായോ തനിക്ക് ”
കാർ പതിയെ മുന്നിലേക്ക് നീങ്ങവേ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു ആനന്ദ്.
” കൊള്ളാം ചേട്ടാ എല്ലാം സൂപ്പർ…. ”
അവളുടെ മറുപടി കേട്ട് ഒന്ന് പുഞ്ചിരിച്ചു അവൻ.
“അതേ.. ഈ ഗിഫ്റ്റൊക്കെ തന്നതിന് എനിക്ക് തിരികെ പാരിദോഷിതം ഒന്നുമില്ലേ..”
ആ ചോദ്യത്തിൽ അവൻ ദ്വായാർത്ഥം കലർത്തിയിരുന്നെങ്കിലും അതൊന്നും മനസിലാകാതെ നിഷ്കളങ്കമായ അവന്റെ മുഖത്തേക്ക് നോക്കി കാർത്തിക
” അതിപ്പോ.. ഞാൻ എന്ത് ഗിഫ്റ്റാ ചേട്ടന് തരേണ്ടത്.. എന്റേൽ ഒന്നുമില്ല തരാൻ ”
“എനിക്ക് വേണ്ടത് താൻ തരേണ്ട.. ഞാൻ എടുത്തോളാം.. ”
അത്രയും പറഞ്ഞ് കൊണ്ട് ആനന്ദ് പതിയെ കാർത്തികയുടെ കരം കവരുമ്പോൾ തികച്ചും അപ്രതീക്ഷിതമായ ആ പെരുമാറ്റത്തിൽ ഒരു ചെറു ഞെട്ടലോടെ അവനെ നോക്കിപ്പോയി അവൾ.
പക്ഷെ അപ്പോഴും അവളുടെ മുഖത്തെ പുഞ്ചിരിയും നിഷ്കളങ്കതയും മായാത്തത് ആനന്ദിന് കൂടുതൽ ഹരമായി. പിന്നേ നടന്നതെല്ലാം തികച്ചും അപ്രതീക്ഷിതമായിരുന്നു ആ ഓടുന്ന കറിനുള്ളിൽ തന്റെ ശരീരത്തിലൂടെയുടനീളം ആനന്ദിന്റെ കരങ്ങൾ പായുമ്പോൾ ഒന്ന് തടയുവാൻ പോലും കഴിയാതെ സ്ഥബ്ധയായി ഇരുന്നു പോയി കാർത്തിക. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ഇങ്ങനൊരു പ്രതികരണം ആനന്ദിൽ നിന്നും അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
ആത്മാർത്ഥ സുഹൃത്തിന്റെ ആ കടന്നു കയറ്റം എങ്ങിനെ പ്രതിരോധിക്കണമെന്ന് പോലും അറിയുമായിരുന്നില്ല അവൾക്ക് എന്നാൽ അവന്റെ കരങ്ങൾ അതിർവരമ്പുകൾ ലംഘിച്ചു തന്റെ വസ്ത്രങ്ങൾക്ക് ഉള്ളിലേക്ക് കടക്കുവാൻ തുനിയവേ ഏറെ വീർപ്പു മുട്ടലിൽ അറിയാതെ പ്രതികരിച്ചു പോയി കാർത്തിക.
” ചേട്ടാ.. നിർത്ത്.. പ്ലീസ്..വേണ്ട.. വേണ്ടാ… ”
അതുവരെ തോന്നിയ അതൃപ്തി ഒരുമിച്ചു പുറത്തേക്ക് വരവേ ആ വാക്കുകൾക്ക് ഏറെ കടുപ്പമേറിയിരുന്നി. അവളുടെ മുഖഭാവവും സ്വരവും മാറിയത് തിരിച്ചറിഞ്ഞ ആനന്ദ് നിമിഷത്തിൽ തന്റെ കൈ പിൻവലിച്ചു . ആ നിമിഷം ഉന്മാദത്തിൽ നിന്നും ഞെട്ടിയുണർന്നു പോയി അവൻ. കാർ റോഡരുകിൽ നിർത്തവേ ഒന്നും പറയാതെ പെട്ടെന്ന് ഡോർ തുറന്ന് കാർത്തിക പുറത്തേക്കിറങ്ങി നടന്നു പോയി..
എന്ത് ചെയ്യണമെന്നറിയാതെ ഞെട്ടി ഇരിക്കുവാൻ മാത്രമേ ആനന്ദിന് അന്നേരം കഴിഞ്ഞുള്ളു..
ഇത്രയും സംഭവങ്ങൾക്ക് ശേഷമാണ് കാർത്തിക പോയ വഴിയേ പിന്നാലെ പാഞ്ഞത് അവൻ. ആ പാച്ചിൽ നിന്നതോ തൊട്ടരികിലെ ബസ് സ്റ്റോപ്പിന് മുന്നിലും. തുടരെ തുടരെ ഫോണിൽ വിളിച്ചെങ്കിലും കാർത്തിക കോൾ. അറ്റന്റ് ചെയ്തില്ല.. നേരിട്ട് അവളുടെ മുന്നിലേക്ക് ചെല്ലുവാൻ ആനന്ദിന് ധൈര്യക്കുറവ് തോന്നി. നിമിഷങ്ങൾക്കകം ബസ് വന്ന് കാർത്തിക അതിൽ കയറി പോകുമ്പോൾ നോക്കി നിൽക്കുവാൻ മാത്രമേ കഴിഞ്ഞുള്ളു അവന്.
തിരികെ കാറിലേക്കെത്തി വീട് ലക്ഷ്യമാക്കി പോകുമ്പോൾ അവന്റെ ഉള്ളിൽ കുറ്റബോധത്താലും വിഷമത്താലും വല്ലാത്ത വീർപ്പു മുട്ടൽ തോന്നി. ഭാര്യ വീട്ടിലില്ലാത്തതിനാൽ തന്നെ വീട്ടിലെത്തിയിട്ടും കാർത്തികയെ പലവട്ടം വിളിച്ചു ആനന്ദ്. പക്ഷെ കോൾ എടുത്തില്ല അവൾ. ഒടുവിൽ രാത്രിയാണ് കാർത്തികയുടെ വാട്ട്സാപ്പ് മെസേജ് അവന് ലഭിച്ചത്.
” ചേട്ടാ. ഞാൻ വീട്ടിൽ എത്തുമ്പോ ഗസ്റ്റ് ഉണ്ടാരുന്നു അതാ തിരക്ക് ആയി പോയെ ദേ ഇപോഴാ ഫ്രീ ആയെ..”
ആ മെസേജ് ആനന്ദിന് നൽകിയ ആശ്വാസം ചെറുതൊന്നുമല്ല..
‘എടോ ഞാൻ കരുതി താൻ പിണങ്ങി എന്ന്.. ആകെ ടെൻഷൻ ആയി പോയി.. ‘
മറുപടി അയച്ചു കൊണ്ട് ബെഡിലേക്ക് ചാഞ്ഞു അവൻ.
” പിണക്കം ഒന്നുമില്ല ചേട്ടാ.. പക്ഷെ ആദ്യ കാഴ്ചയിൽ തന്നെ.. ചേട്ടനെ ഇങ്ങനെ ഒന്നും അല്ല ഞാൻ കണ്ടേ.. ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ചേട്ടനിൽ നിന്നും ഇങ്ങനൊരു പ്രതികരണം.. ഒരു ഞെട്ടൽ ആയി പോയി എനിക്ക് അതാ ബസ് സ്റ്റോപ്പിൽ വച്ച് ഞാൻ ഫോൺ എടുക്കാത്തത്. ഇപ്പോ ഓക്കേ ആയി ”
കാർത്തികയുടെ വോയിസ് മെസേജ് കേൾക്കവേ അനന്ദിന്റെ മനസിലെ ടെൻഷൻ പൂർണ്ണമായും മാറിയിരുന്നു.
” എടോ സോറി.. പെട്ടെന്ന് തന്നെ ഇങ്ങനെ അടുത്ത് കണ്ടപ്പോ.. എന്റെ കൺട്രോൾ പോയി അതാ.. ഇനി ആവർത്തിക്കില്ല.. നിനക്ക് ദേഷ്യം ഒന്നും തോന്നരുത്.. റിയലി സോറി ”
ഉള്ളിലെ കുറ്റബോധം പൂർണ്ണമായും പറഞ്ഞ് തീർത്തു അവൻ.
” പോട്ടെ ചേട്ടാ… ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ല ഇനി ആവർത്തിക്കാതിരുന്നാൽ മതി ”
കാർത്തികയും ആ ഏറ്റുപറച്ചിൽ അംഗീകരിച്ചു അതോടെ അന്നത്തെ ദിവസം നടന്ന സംഭവങ്ങൾ പരസ്പരം മറന്നു അവർ.
എന്നാൽ ദിവസങ്ങൾ കഴിയുമ്പോൾ ആ ഓർമ്മകൾ വീണ്ടും ആനന്ദിനെ തേടിയെത്തിയിരുന്നു. കാരണം കാമം… അതൊരു വല്ലാത്ത ലഹരിയാണ് ഒരു വട്ടം അതറിഞ്ഞാൽ പിന്നേ അതിൽ നിന്നും വിട്ടു മാറുക വളരെ പ്രയാസമാണ്. ഇനിയൊരിക്കൽ കൂടി അവളെ അരികിൽ കിട്ടുവാൻ അപ്പോൾ മുതൽ അവൻ കാത്തിരുന്നു തുടങ്ങിയിരുന്നു..
ആത്മാർത്ഥ സൗഹൃദങ്ങളായി നടിച്ചു കൊണ്ട് പലരും കൂടെകൂടുമ്പോൾ അതിന്റെ പിന്നിലൂടെയുള്ള ഇത്തരം ചതിക്കുഴികൾ കൂടി മനസിലാക്കുവാൻ ഇന്നത്തെ തലമുറ ശ്രമിക്കണം… തമാശയയും നിസാരമായും കണ്ട് പലതും തള്ളുമ്പോൾ അത് ചെന്നെത്തിക്കുന്നത് വലിയ കുഴികളിലേക്കാകും..
(ശുഭം )
✍️ പ്രജിത്ത് സുരേന്ദ്രബാബു
