“ടാ… രാഹുലേ നിനക്കിത് എന്തിന്റെ കേടാണെടാ…?
ഈ നാട്ടിലെവിടേം വേറെ പെണ്ണില്ലാത്തതു പോലവൻ വല്ലവന്റേം ഭാര്യയെ കെട്ടാൻ നടക്കുന്നു…. നിനക്കേ നല്ലസ്സല് വട്ടാണെടാ…. നല്ല മുഴുത്ത വട്ട്….. ”
താൻ പറയുന്നതെല്ലാം കേട്ടൊരു ചിരിയോടെ നിൽക്കുന്ന രാഹുലിന്റെ പുറത്തിനിട്ട് വേദനിക്കും വിധം ഒന്ന് കൊടുത്തിട്ടാണ് ജയ്സന്റെയീ ചോദ്യവും പറച്ചിലുമെല്ലാം
നീ എന്നോടുള്ള ദേഷ്യം ഒരടിയിലൂടെ നന്നായ് തന്നെ തീർത്തല്ലേടാ…?
ജയ്സന്റെ അടിയിൽ നീറി പൊള്ളിയ പുറമൊന്ന് കയ്യെത്തി തൊടാൻ ശ്രമിച്ചവനോട് ചോദിയ്ക്കുമ്പോഴും രാഹുലിന്റെ ചുണ്ടിലാ പഴയ ചിരിയുണ്ട്…
“നീ ചെയ്യാൻ പോവുന്ന തെണ്ടിത്തരത്തിന് നിന്റെ പുറമല്ല മോനെ പൊളിക്കേണ്ടത്… നിന്റെ കയ്യും കാലുമെല്ലാം അടിച്ചു നുറുക്കി നിന്നെയീ മുറിയിലിട്ട് പൂട്ടാനാ സത്യത്തിൽ എനിയ്ക്കിപ്പോ തോന്നുന്നത് അറിയ്യോ നിനക്ക്…?
രാഹുലിനോടുള്ള ദേഷ്യമൊട്ടും കുറയുന്നില്ല ജയ്സന്റെ മുഖത്തും സംസാരത്തിലും….
“എടാ ഞാനെന്നെ സ്നേഹിയ്ക്കുന്ന പെണ്ണിനെ കല്യാണം കഴിച്ച് ഞങ്ങളുടെ സ്വപ്ന ജീവിതം ജീവിയ്ക്കുന്നതിന് നിനക്കെന്തിനാടാ ജയ്സാ ഇത്ര ദേഷ്യം….?
ചുണ്ടിലെ ചിരിയുടെ മറ്റൊട്ടും കുറയാതെ ജയ്സനോട് തിരക്കി രാഹുൽ
“നീ സ്നേഹിച്ചവളും നിങ്ങൾ സ്വപ്നം കണ്ട ജീവിതവും… ത്ഫൂ.. ”
രാഹുലിനെ നോക്കി പുച്ഛത്തിൽ പറയുന്നതിനൊപ്പം നീട്ടിയൊന്ന് തുപ്പുക കൂടി ചെയ്തു ജയ്സൻ ദേഷ്യ മടങ്ങാതെ…
“നിനക്കിത് എന്തിന്റെ കേടാണ് എന്റെ ജയ്സാ… നീ എന്തിനാണിങ്ങനെ ദേഷ്യപ്പെടുന്നത്… ?
നിമ്മി ഞാൻ സ്നേഹിയ്ക്കുന്ന പെണ്ണാണ്….. എന്നെ സ്നേഹിയ്ക്കുന്ന പെണ്ണാണ്…
സ്നേഹിയ്ക്കുന്നവരല്ലേ ഒന്നാവേണ്ടതും ജീവിക്കേണ്ടതും…
പിന്നെന്താ നിനക്ക്…?
“നിമ്മി നീ സ്നേഹിച്ച പെണ്ണ് മാത്രമായിരുന്നെങ്കിൽ നിങ്ങളുടെയീ പ്രണയത്തിനും ഒളിച്ചോട്ടത്തിനും കല്യാണത്തിനുമെല്ലാം ഏറ്റവും മുമ്പിൽ തന്നെ നിന്നേനെ രാഹുലേ ഞാൻ… ഇതുപക്ഷെ അങ്ങനെയല്ലല്ലോടാ … നീ ഈ പറയുന്നവൾ ഇന്ന് വേറൊരുത്തന്റെ ഭാര്യയാണ്…. അവന്റെ കുഞ്ഞിന്റെ അമ്മയാണ്… മറക്കരുത് നീയത്…”
രാഹുലിനെ ഓർമ്മപ്പെടുത്തും പോലെ ജയ്സൻ പറഞ്ഞതും അത്ര നേരം രാഹുലിന്റെ മുഖത്തുണ്ടായിരുന്ന ആ പുഞ്ചിരി മാഞ്ഞവിടെ വല്ലാത്തൊരു കടുപ്പം നിറഞ്ഞു…
നീ പറഞ്ഞത് ശരിയൊക്കെ തന്നെയാണ് ജയ്സാ… നിമ്മി ഇന്നൊരുത്തന്റെ ഭാര്യയാണ്, അയാളുടെ കുഞ്ഞിന്റെ അമ്മയാണ്… ഞാനതൊന്നും മറന്നിട്ടില്ല… പക്ഷെ നീ മറന്നു പോയ ഒന്നുണ്ട് ഇങ്ങനെ വല്ലവന്റേം ഭാര്യയും കുട്ടിയുടെ അമ്മയും ഒക്കെ ആവുന്നതിനു മുമ്പവളെന്റെ പ്രണയമായിരുന്നു എന്നത്… ഈ രാഹുലിന്റെ പ്രാണനായിരുന്നു എന്നത്… അവളരുടേതായാലും എനിയ്ക്ക് കുഴപ്പമില്ലെടാ… എനിയ്ക്ക് വേണമവളെ… കയ്യൊഴിയാൻ പറ്റില്ല…. കണ്ടില്ലാന്നു നടിയ്ക്കാനും… ”
പറയുമ്പോൾ നിറയുന്ന രാഹുലിന്റെ കണ്ണുകളും ഇടറുന്ന ശബ്ദവുമെല്ലാം ഒരു പിടച്ചിലുണ്ടാക്കി ജയ്സന്റെ നെഞ്ചിലും…
“ഞാനൊന്നും മറന്നിട്ടില്ല രാഹുലേ…മറക്കുകയും ഇല്ല… നീ ഇപ്പോൾ പറഞ്ഞ നിന്റെയീ പ്രാണനായിരുന്ന, പ്രണയമായിരുന്ന നിമ്മി തന്നെയാണ് നിന്നെക്കാൾ മികച്ചൊരുവനെ അവൾക്കായ് അവളുടെ വീട്ടുകാർ കണ്ടെത്തി കൊടുത്തപ്പോൾ നിന്നെ വേണ്ടെന്നും പറഞ്ഞ് കയ്യും വീശി നിന്റെ മുമ്പിലൂടെ ഇറങ്ങി പോയതും മറ്റൊരുവനെ കെട്ടിയതും…
“അതൊക്കെ കഴിഞ്ഞു പോയ് ജയ്സാ… അന്നവളെന്നെ വേണ്ടാന്ന് വെച്ച് പോയത് എന്നെ ഇഷ്ടമില്ലാത്തിട്ടൊന്നും അല്ലല്ലോ… അവളുടെ അവസ്ഥ അന്നങ്ങനെയായതുകൊണ്ടല്ലോ… മറ്റൊരുത്തനെ കെട്ടിയിട്ടും അവളുടെ മനസ്സിൽ നിന്നെന്നെ ഒഴിവാക്കി വിടാനോ അയാൾക്കൊപ്പം എന്നെ മറന്ന് നന്നായൊന്ന് ജീവിയ്ക്കാനോ അവൾക്ക് പറ്റാത്തതു കൊണ്ടല്ലേടാ എല്ലാം മറക്കണമെന്നും പൊറുക്കണമെന്നും പറഞ്ഞവൾ എന്നെ വിളിച്ചു കരഞ്ഞത്… ഞാനില്ലാതെ ജീവിക്കാൻ വയ്യാന്ന് പറഞ്ഞവൾ കരയുമ്പോൾ ഞാനെങ്ങനെയാടാ അവളെ കണ്ടില്ലാന്നും കേട്ടില്ലാന്നും നടിയ്ക്കുന്നത്….?
കെട്ടി കൊല്ലം മൂന്നായ് അതിലൊരു കുഞ്ഞും ജനിച്ചപ്പോഴാണോടാ നീയ്യിലാതെ ജീവിക്കാൻ വയ്യാന്നവൾക്ക് തോന്നിയത്…?
രാഹുൽ അത്ര നേരം പറഞ്ഞതിനെയെല്ലാം പറ്റെ അവഗണിച്ച് ജയ്സൻ തിരിച്ചു ചോദിച്ചതും അവനുമുമ്പിലുത്തരമില്ലാതെ നിശബ്ദനായ് നിന്നു പോയ് രാഹുൽ
രാഹുലും ജയ്സനും…കുട്ടിക്കാലം മുതൽ ഒരുമിച്ചുണ്ടുറങ്ങി വളർന്ന ആത്മാർത്ഥ സുഹൃത്തുക്കൾ തന്നെയാണ്… ഒരാൾക്കൊരസുഖം വന്നാലത് മറ്റെയാൾക്കും വരുന്നത്ര ഇഴയടുപ്പമുള്ളവർ… അവർക്കിടയിലേക്കാണ് കോളേജിൽ വെച്ച് നിമ്മി കടന്നു വന്നത്… അതും രാഹുലിന്റെ പ്രണയമായ്…..
സാധാരണക്കാരായ ഒരച്ഛന്റെയും അമ്മയുടെയും ഒറ്റ മകൾ… ജീവനായിരുന്നു രാഹുലിനവളെ…. അവരുടെ പ്രണയത്തിനും പ്രണയ സംഗമങ്ങൾക്കുമെല്ലാം സാക്ഷിയും കൂട്ടും ജയ്സനൊരാൾ മാത്രമായിരുന്നു…
ആഘോഷമാക്കപ്പെടുന്ന ക്യാമ്പസ് പ്രണയങ്ങളിൽ ഒന്നായ് തന്റെ പ്രണയം മാറ്റാൻ രാഹുൽ ഇഷ്ടപ്പെട്ടിരുന്നില്ല… അതു കൊണ്ടു തന്നെ അവരുടെ പ്രണയം ആരുമറിഞ്ഞിരുന്നില്ല ക്യാമ്പസിൽ…
മോഹങ്ങളും സ്വപ്നങ്ങളും ഏറെയായിരുന്നു നിമ്മിയ്ക്ക്… ഡ്രസുകളും ഫുഡും ഉൾപ്പെടെ എന്തിനോടും വല്ലാത്തൊരു താൽപര്യവും ഇഷ്ടവും ഉണ്ടായിരുന്ന നിമ്മിയുടെ ഏതാഗ്രഹവും തന്നെ കൊണ്ടാവും പോലെ സാധിപ്പിച്ചു കൊടുത്തിരുന്നു രാഹുൽ… അതിനായവൻ ഒഴിവു ദിവസങ്ങളിൽ കഴിയുന്നത്ര ജോലികൾക്ക് പോയിരുന്നത് നിമ്മി അറിഞ്ഞിരുന്നില്ലെങ്കിലും ജയ് സനറിഞ്ഞിരുന്നു…
നിമ്മിയുടെ സന്തോഷങ്ങൾക്കും ഇഷ്ടങ്ങൾക്കും അപ്പുറം മറ്റൊരു സന്തോഷവും തനിയ്ക്കായ് രാഹുലിന് ഉണ്ടായിരുന്നില്ല.. അവന്റെ ലോകമേ നിമ്മിയായിരുന്നു
അങ്ങനെയുള്ള അവനെ യാതൊരു ദയവുമില്ലാതെ തട്ടിയെറിഞ്ഞിട്ടാണ് നിമ്മി ബിസിനസ്സുക്കാരനായ കോടീശ്വരനെ വിവാഹം കഴിച്ചു പോയത്……
വീട്ടുക്കാരെ എതിർക്കാൻ വയ്യെന്നൊരു നുണ പറഞ്ഞ് നിമ്മി രാഹുലിൻ നിന്നകന്ന് മറ്റൊരുത്തനെ വിവാഹം കഴിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയത് ജയ്സനാണ്…
ആഡംബരത്തോടുള്ള നിമ്മിയുടെ താൽപര്യമൊന്നു കൊണ്ടു മാത്രമാണ് അന്നാ വിവാഹം നടന്നതെന്ന് ജയ്സനറിയാം…. അതവൻ രാഹുലിനോട് പറഞ്ഞതുമാണ്….
നിമ്മിയുടെ വിവാഹത്തോടെ ആകെ തകർന്നും തളർന്നും പോയ രാഹുൽ പക്ഷെ ജയ്സനിൽ നിന്നെല്ലാം മനസ്സിലാക്കിയപ്പോൾ ,എല്ലാം ഉൾക്കൊണ്ട് കൊണ്ടു തന്നെ തന്റെ ജീവിതം നാശത്തിലേക്ക് പോവാതെ തിരിച്ചുപിടിച്ചവനാണ്….
“എന്നാലതേ രാഹുലാണിപ്പോൾ തന്നെ പറ്റിച്ചു കടന്നു പോയൊരുവൾ കണ്ണീരോടൊന്ന് കരഞ്ഞു വിളിച്ചപ്പോഴേയ്ക്കും വീണ്ടും അവളെ സ്വീകരിക്കാനൊരുങ്ങുന്നത്… അതും മറ്റൊരു പുരുഷനിൽ അവൾക്ക് ജനിച്ച കുട്ടിയെയുൾപ്പെടെയുള്ള സ്വീകരണം…
ജയ്സനെന്തോ അതുൾക്കൊള്ളാൻ വയ്യ…
രാഹുലെ…..
തന്റെ മനസ്സിൽ അവനോടുള്ള മുഴുവൻ സ്നേഹവും നൽകി ജയ്സൻ വിളിച്ചതും രാഹുൽ അവനെ നോക്കി…
നിമ്മിയെ കൂടെ കൂട്ടാനുള്ള നിന്റെ തീരുമാനത്തിന് മാറ്റമൊന്നുമില്ലല്ലോ…?
കല്ലിച്ചൊരു കടുപ്പം നിറഞ്ഞിട്ടുണ്ട് ജയ്സനിൽ…
“എനിയ്ക്കവളെ മറക്കാനും ഉപേക്ഷിക്കാനും ഒന്നും വയ്യെടാ… ഒരിക്കലെനിയ്ക്ക് നഷ്ടപ്പെട്ടു പോയതാ …ഇനിയും പറ്റില്ല…
ദയനീയമായ് രാഹുൽ പറഞ്ഞതും നിശബ്ദനായ് ജയ്സൻ…
“ഒരിക്കൽ നിന്നെ ചതിച്ച് മറ്റൊരുത്തന്റെ കൂടെ പോയവളാണ് നിമ്മി… ഇപ്പോ ഇതേ അവനെയും ചതിച്ച് വീണ്ടും നിന്റെ അരികിലേക്ക് തന്നെ… ഇതൊന്നും എനിയ്ക്ക് അംഗീകരിക്കാനോ നിന്റെ കൂടെ നിൽക്കാനോ പറ്റില്ല… അതു കൊണ്ട് നമ്മുക്ക് പിരിയാം… നമ്മുടെ സൗഹൃദം ഇവിടെ ഉപേക്ഷിയ്ക്കാം നമുക്ക്… നിന്നെ പോലൊരുവനെ സുഹൃത്തായ് കാണാൻ വയ്യെനിയ്ക്ക്… നീ ജീവിയ്ക്ക്… നിങ്ങളാഗ്രഹിച്ചതു പോലെ… ബൈ….”
തന്റെ സംസാരത്തിൽ മിഴിച്ചു തന്നെ നോക്കുന്ന രാഹുലിനെ തിരികെയൊന്ന് നോക്കുക കൂടി ചെയ്യാതെ ജയ്സനിറങ്ങി പോയതും നിറമിഴികളോടുള്ള രാഹുലിന്റെ നോട്ടം അവനിറങ്ങി പോയ വാതിലിലേയ്ക്കും അടുത്തുള്ള മുറിയിലേയ്ക്കും മാറി മാറി ചെന്നു….
“പോയോ രാഹുൽ ആ ശല്ല്യം….?
ജയ്സനിറങ്ങി പോയതും ജയ്സൻ കാണാതെ മുറിയിൽ മറഞ്ഞു നിന്നിരുന്ന നിമ്മി അവനോടിറങ്ങി വന്നു തിരക്കി…
“ഞാൻ ഇങ്ങോട്ടു വന്നപ്പോ തന്നെ കൃത്യമായ് അവനും വന്നത് കണ്ടോ…പണ്ടും അവനിങ്ങനെ തന്നെയാണ് എപ്പോഴും നിന്റെയൊപ്പം… നിന്നോടൊട്ടി… എനിയ്ക്കിഷ്ടമല്ല അവനെ പണ്ടേ അവനെ… നിന്നോടവനെ കുറിച്ച് ചീത്ത പറഞ്ഞാൽ നീയെന്നെ കളയുമോന്ന് പേടിച്ച് സഹിച്ചതാണ് ഞാനവനെ…. ഇപ്പോ എനിയ്ക്ക് ഒത്തിരി സന്തോഷമായ്… ഇനി ഞാനും നീയും അല്ലേ ഉള്ളു… നമുക്കിടയിൽ അവനില്ലല്ലോ…”
“പണ്ടും അവനിഷ്ടമല്ല എന്നെ.. ഇപ്പോ തന്നെ നോക്ക് എന്തൊക്കെയാ അവനെന്നെ പറ്റി പറഞ്ഞത്… നിന്നെ ഞാൻ മനപ്പൂർവ്വം ചതിച്ചതു പോലെയല്ലേ അവന്റെ സംസാരം മുഴുവൻ… ഇനിയവൻ വേണ്ട രാഹുൽ നമുക്കിടയിൽ… അവനസൂയ ആണ്…
വാതോരാതെ ജയ്സനെ കുറ്റം പറയുന്ന നിമ്മിയെ നേർത്ത ചിരിയോടെ നോക്കി രാഹുൽ
“അവനെന്തിനാ നമ്മളോട് അസൂയ നിമ്മി…?
”ഞാൻ രാഹുലിന്റെ കൂടെ വരുന്നതോടെ രാഹുൽ രക്ഷപ്പെടില്ലേ… ഇതേ ഈ സ്വർണ്ണവും പണവുമെല്ലാം ഞാൻ നമുക്കൊരുമിച്ച് ജീവിയ്ക്കാൻ വേണ്ടി എന്റെ ഹസ്ബഡിന്റെ അടുത്തിന്ന് എടുത്തിട്ട് വന്നതാണ്…. ഇതവനും അറിയാം… അതാണ് അവനസൂയ…. ”
പല്ലുകടിച്ച് നിമ്മി പറഞ്ഞതും ചിരിച്ചു രാഹുൽ…
“അവനസൂയ ഉണ്ടോ എന്നോടെന്ന് എനിയ്ക്കറിയില്ല നിമ്മി… പക്ഷെ അവനെന്നോട് സ്നേഹമുണ്ട്… അതല്ലേ നീയെന്നെ സ്നേഹിച്ച് മറ്റൊരുത്തനെ കെട്ടിയപ്പോഴും അവന്റെയൊപ്പം ജീവിച്ച് കൊച്ച് വേറെ ഏതോ ഒരുത്തന്റെ കുഞ്ഞിനെ പ്രസവിച്ചപ്പോൾ അതും മനസ്സിലാക്കി ഒടുവിൽ കെട്ടിയവന്റെ സമ്പാദ്യമെല്ലാം അടിച്ചുമാറ്റി എന്റെ തലയിൽ നീ തൂങ്ങാൻ ശ്രമിച്ചപ്പോ അതെല്ലാം കൃത്യമായ് മണത്തറിഞ്ഞ് ദാ ഇതുപോലെ നിന്റെ ഭർത്താവിനേം വീട്ടുകാരെയും എല്ലാം ഇവിടെ എത്തിച്ചവർക്ക് സത്യമെല്ലാം മനസ്സിലാക്കാൻ അവസരം നൽകിയതുമെല്ലാം അവന്എന്നോടുള്ള സ്നേഹം കൊണ്ടാണ്… അല്ലേടാ ജയ്സാ… ?
നിമ്മിയ്ക്ക് പുറകിലേക്ക് കൈ ചൂണ്ടി രാഹുൽ ചോദിച്ചതും ഞെട്ടി തിരിഞ്ഞ നിമ്മി കണ്ടു തനിയ്ക്ക് പുറകിൽ നിൽക്കുന്ന തന്റെ കുടുംബത്തെയും
ഭർത്താവിനേയും, അവർക്കെല്ലാം പുറകിൽ നിൽക്കുന്ന ജയ്സനെയും….
നിന്ന നില്പിൽ ഭൂമി തുരന്ന് രക്ഷപ്പെടാൻ ആഗ്രഹിച്ചു പോയ് നിമ്മി….
“ഒരിക്കലൊരു ചതി പറ്റിയതാണെടീ നിന്റെ അടുത്ത്ന്ന്… വീണ്ടും നിന്നെ വിശ്വസിച്ച് പൊട്ടനാവാനും നിന്നെ കൂടെ കൂട്ടാനും മനസ്സില്ല എനിയ്ക്ക്… ഇറങ്ങി പോടി എന്റെ വീട്ടീന്ന് നാണംകെട്ടവളെ…. ”
നിമ്മിയെ ഒരു നോട്ടം നോക്കി അവളുടെ കയ്യിലുള്ള സ്വർണ്ണവും പണവും തിരികെ എടുത്ത് വന്ന ആൾക്കാരെല്ലാം അവിടെ നിന്നിറങ്ങി പോയതും ആകെ പകച്ചു നിന്നു പോയ നിമ്മിയെ വീടിനു പുറത്തേയ്ക്കിറക്കി വിട്ട് വാതിൽ വലിച്ചടച്ചു രാഹുൽ… അവളെന്തു ചെയ്താലും അതൊന്നും തന്നെ ബാധിയ്ക്കില്ലെന്ന ഉറപ്പോടെ…
നടുതെരുവിൽ എന്തു ചെയ്യണം എങ്ങോട്ടു പോവണം എന്നറിയാതെ നിമ്മി പകച്ചു നിൽക്കുമ്പോൾ അവൾക്ക് പിന്നിലായ് ജയ്സന്റെയും രാഹുലിന്റെയും പൊട്ടിച്ചിരികൾ നിർത്താതെ മുഴങ്ങുന്നുണ്ടായിരുന്നു… ഒരു പ്രതികാരം നടത്തിയ സംതൃപ്തിയോടെ…
✍️രജിത ജയൻ
