“സൽമാനെ നമുക്ക് ഇവിടുന്ന് സ്റ്റാർട്ട് ചെയ്യാം.. ഒരു ഇൻഡ്രോഡക്ഷൻ വീഡിയോ ഇവിടുന്ന് എടുക്കാം എന്നിട്ട് പറ്റിയ ആരേലും കണ്ടെത്താം..”
തന്റെ ഫോൺ ക്യാമെറയിൽ മേക്കപ്പ് ഒന്നുകൂടെ മോഡി പിടിപ്പിച്ചു സ്വാതി.
” എടോ സത്യത്തിൽ ഈ പ്രാങ്ക് ഒക്കെ കൊണ്ട് എത്ര നാൾ ആണ് നടക്കുക.. നീ ആ ബസിലെ വീഡിയോസ് കണ്ടില്ലേ… അടുത്തിരുന്ന ആള് കേറിപ്പിടിച്ചെന്നൊക്കെ പറഞ്ഞിട്ട്. അതുപോലെ എന്തേലും സംഭവം ചെയ്യാൻ പറ്റിയാൽ പൊളി ആകും ഫോള്ളോവേഴ്സ് ഇരട്ടി ആകും.. ”
ചുറ്റുമൊന്ന് കണ്ണോടിച്ചു സൽമാൻ അത് പറയുമ്പോൾ നല്ലൊരു ആശയമാണെന്ന് അവൾക്കും തോന്നി..
” ടാ… സംഗതി കൊള്ളാം… പക്ഷെ പാളിയാൽ പിന്നേ പൊങ്കാല ആകും.. ഒരു അവസരം കിട്ടിയാൽ ഒന്ന് നോക്കണം.. എങ്ങിനെയും കുറച്ചൂടെ ഫോള്ളോവേഴ്സിനെ കൂട്ടണം…. എന്നാലേ നല്ല വരുമാനം ഉണ്ടാകു.. ”
” ആ നോക്കാം… ഞാൻ ക്യാമറ ഓൺ ആക്കുവാ.. നീ ഇൻട്രോ പറയ്.. ”
അത്രയും പറഞ്ഞ് സൽമാൻ ക്യാമറ എടുക്കുമ്പോൾ സ്വാതിയും തയ്യാറായി.
അത്യാവശ്യം നല്ല ഫോള്ളോവേർസ് ഉള്ള വ്ലോഗർ ആണ് സ്വാതി. ചെറിയ ചെറിയ റീൽ വീഡിയോസ് ചെയ്ത് തുടങ്ങി അതിലൂടെ ചെറിയ ചെറിയ വരുമാനം കിട്ടിയതോടെ സുഹൃത്ത് സൽമാനുമായി ചേർന്ന് പബ്ലിക്ക് പ്രാങ്ക് വീഡിയോസിലേക്ക് കടന്നു അവൾ. ഒരു സെലിബ്രിറ്റി ആകണം എന്നതാണ് ആളുടെ വല്യ ആഗ്രഹം ഒപ്പം നല്ല വരുമാനവും.. അതിനായുള്ള നെട്ടോട്ടത്തിലാണ് കക്ഷി.
“ഹായ് ഗൈസ്.. അപ്പോ നമ്മുടെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം ഞാൻ സ്വാതി എനിക്കൊപ്പം ക്യാമറയുമായി പതിവ് പോലെ തന്നെ സൽമാൻ. ഇന്നിപ്പോ നമ്മൾ എത്തിയിട്ടുള്ളത് കൊല്ലം ബീച്ചിനരുകിൽ ആണ്. ഇന്നിവിടെ ആരെയാണ് നമുക്ക് പ്രാങ്ക് ചെയ്യാൻ കിട്ടുക എന്ന് നോക്കാം… നല്ലൊരു സൂപ്പർ പ്ലാനുമായാണ് ഞങ്ങൾ ഇറങ്ങീട്ടുള്ളത്.. വെയിറ്റ് ആൻഡ് സീ.. ”
അത്രയും പറഞ്ഞവൾ പതിയെ മുന്നിലേക്ക് നടന്നു പിന്നാലെ ക്യാമറയുമായി സൽമാനും.
” എടാ നീ വീഡിയോ കട്ട് ആക്ക്.. നമുക്ക് ഏതേലും ഓട്ടോക്കാരെ നോക്കാം ഇച്ചിരി പ്രായം ഉള്ള.. അവർക്കൊക്കെ എന്നെ അറിയാൻ യാതൊരു ചാൻസും ഇല്ല മാത്രല്ല അവരെ പൊട്ടന്മാരാക്കാൻ എളുപ്പം ആണ് ”
അത്രയും പറഞ്ഞ് കൊണ്ട് ചുറ്റും പരതി സ്വാതി. ഒന്ന് തിരിഞ്ഞ സൽമാൻ പെട്ടെന്ന് ഒരാളെ കണ്ടെത്തി
” സ്വാതി ദേ നോക്ക് ആ കടയുടെ മുന്നിൽ കിടക്കുന്ന ഓട്ടോ.. ആള് നമ്മൾ ഉദ്ദേശിച്ച പോലൊരു ടീം ആണെന്ന് തോന്നുന്നു വാ ഒന്ന് പോയി നോക്കാം. ”
അവൻ ചൂണ്ടിക്കാട്ടിയ സ്ഥലത്തേക്ക് നോക്കവേ ആ ഓട്ടോയും അതിലെ ആളിനെയും സ്വാതിയും കണ്ടു.
” ടാ ശെരിയാ.. ഒറ്റനോട്ടത്തിൽ ആള് ഓക്കേ ആണ്. നമ്മുടെ ആ പഴേ നമ്പർ ആണ് എന്റെ പ്ലാൻ. ഓട്ടം വിളിക്കുന്നത്… അതിനുള്ള സാധനങ്ങൾ ഒക്കെ ഞാൻ രാവിലെ തന്നെ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. നീ ക്യാമറ സെറ്റ് ആക്കിക്കോ.. കുറച്ചു കോമഡിയായി എടുക്കാം നമുക്ക് എന്നാലേ വ്യൂവേഴ്സ് എൻജോയ് ചെയ്യുള്ളു.. ”
ആവേശത്തോടെ ഓട്ടോ ലക്ഷ്യമാക്കി നടന്നു അവൾ . ആ സമയം അരികിലേക്ക് വരുന്ന അമളി മനസിലാക്കാതെ ആ ഓട്ടോക്കാരൻ അങ്ങിനെ ഇരുന്നു.
” സതീശാ ഓട്ടം ഒന്നും ആയില്ലേടാ ഇന്ന് … ”
കടയിൽ സാധനങ്ങൾ തൂക്കി കൊടുക്കുന്നതിനിടയിൽ പുറത്തെ ഓട്ടോയിൽ നിരാശയിൽ ഇരിക്കുന്ന സതീശനെ ശ്രദ്ധിച്ചു മാധവൻ.
” ഇല്ല മാധവാ .. ഈ ആഴ്ച ഓട്ടം ഇച്ചിരി കുറവാ… മഴയൊക്കെ അല്ലായിരുന്നോ.. ഡീസൽ കാശ് പോലും മുതലാകുന്നില്ല നാളെയാണേൽ പെമ്പ്രന്നോത്തിയെ ഡയാലിസിസിന് കൊണ്ട് പോകാനുള്ളതാ കയ്യിലാണെൽ കാശും ഒന്നും ഒത്തില്ല .. ”
അയാളുടെ വാക്കുകളിലെ വേവലാതി തൊട്ടറിഞ്ഞു മാധവൻ.
” എന്തേലും ഒരു വഴി തെളിയുമെടാ.. നീ വിഷമിക്കേണ്ട… ”
ആ ആശ്വാസവാക്കുകൾക്ക് മുന്നിൽ ഒന്ന് പുഞ്ചിരിച്ചു സതീശൻ.
‘എന്ത് വഴി.. ഒന്നും വരില്ല.. കടം വാങ്ങി കാര്യം നടത്തണം അതാണ് ഏക വഴി.. ‘
ആത്മഗതത്തോടെ വിദൂരതയിലേക്ക് നോക്കി അങ്ങിനെ ഇരുന്നു അയാൾ.
” ചേട്ടാ.. ഈ വണ്ടി ഓട്ടം പോവോ. ”
പെട്ടെന്ന് പിന്നിൽ നിന്നും ആ ചോദ്യം കേൾക്കെ തിരിഞ്ഞ സതീശൻ മുന്നിൽ സ്വാതിയെ കണ്ടു.
” ആ പോകും മോളെ.. എവിടെക്കാ പോകേണ്ടത് ”
നിരാശയെ മറികടന്നു ഒരു പ്രതീക്ഷ ആ വാക്കുകളിൽ തെളിഞ്ഞിരുന്നു.
“ഇച്ചിരി ലോങ്ങാ ചേട്ടാ.. ഇന്നത്തെ ഒരു ദിവസം മുഴുവൻ വേണ്ടി വരും.. ചേട്ടൻ ഓക്കേ ആണോ. വേറെ ഓട്ടം എന്തേലും ഉണ്ടോ. ”
ജ്യോതിയുടെ മറുപടി കൂടി കേൾക്കവേ സതീശന്റെ മുഖത്തെ തെളിച്ചം ഇരട്ടിയായി..
‘ ഭഗവാനെ.. നീ എന്റെ പ്രാർത്ഥന കേട്ടുവോ…’
ഉള്ളിൽ വല്ലാത്ത സന്തോഷം തോന്നി അയാൾക്ക്.
” ഞാൻ ഫ്രീയാ മോളെ ഓട്ടം ഒന്നും ആകാതെ കിടപ്പ് ആയിരുന്നു… മോള് കേറ് എവിടേ വേണേലും പോകാം.. ”
” ഞാൻ കേറുന്നില്ല ചേട്ടാ.. ചേട്ടൻ പോയാൽ മതി.. ഒരു സാധനം ഒന്ന് പോയി വാങ്ങി വരാൻ ആണ്.. പോയിട്ട് പെട്ടെന്ന് തിരിച്ചു വരണം ഞാൻ ഇവിടെ വെയിറ്റ് ചെയ്യാം. ”
സ്വാതി അത് പറയുമ്പോൾ സതീശൻ നെറ്റി ചുളിച്ചു
” സാധനമോ… എന്താ മോളെ.. എവിടുന്നാ വാങ്ങേണ്ടത്. വലിയ എന്തേലും ആണോ..”
“ഏയ് വലുതൊന്നുമല്ല ചേട്ടാ.. സിമ്പിൾ ആണ്. ചേട്ടൻ ഇവിടുന്ന് നേരെ തിരുവനന്തപുരത്തിനു പിടിച്ചോ… അവിടെ നല്ല ബോളി കിട്ടും ന്ന് പറയുന്നുണ്ട്. ഒരു പാക്കറ്റ് വാങ്ങണം.. എനിക്ക് ബോളി കഴിക്കാൻ വല്യ ആഗ്രഹം… ”
ആ മറുപടി കേട്ട് സതീശന്റെ മുഖത്തെ തെളിച്ചം മങ്ങവേ പിന്നിൽ ഒളിക്യാമറയുമായി നിന്നിരുന്ന സൽമാൻ അറിയാതെ ചിരിച്ചു പോയി
‘ പൊളി… സ്വാതി ഇത് കലക്കും .. ‘
ആത്മഗതത്തോടെ പതിയെ അവർക്ക് കൊറച്ചൂടെ അരികിലേക്ക് നിന്നു അവൻ.
” ബോളിയോ… മോളെന്താ ഇത്… എന്നെ കളിയാക്കുവാണോ ”
അത് ചോദിക്കുമ്പോൾ സതീശന്റെ മുഖം കുറുകിയിരുന്നു.
” ഇല്ല ചേട്ടാ… കളിയാക്കുവൊന്നുമല്ല സത്യമായും ഞാൻ ഓട്ടം പോണ കാര്യം പറഞ്ഞതാ ഇവിടെ കൊല്ലത്തൊന്നും നല്ല ബോളി കിട്ടില്ലല്ലോ… അതാ.. ചേട്ടൻ ഒറ്റ ഓട്ടത്തിന് പോയി വാങ്ങി വാ.. ക്യാഷ് എത്ര വേണമെങ്കിലും ഞാൻ തരാം.. ”
അത്രയും പറഞ്ഞ് കൊണ്ട് തന്റെ പേഴ്സിലേക്ക് കയ്യിട്ടു സ്വാതി. ആ സമയം ഒന്നും മനസിലാകാതെ അത് നോക്കി ഇരുന്നു പോയി സതീശൻ. അയാളുടെ ഉള്ളിൽ എന്തോ പന്തികേട് മണത്തു തുടങ്ങിയിരുന്നു.
പേഴ്സിലേക്ക് കയ്യിട്ട സ്വാതി ചെറിയൊരു സസ്പെൻസ് വരുത്താൻ അല്പസമയം ഒന്ന് ഡിലേയാക്കി. കാരണം ഈ സംസാരം നീണ്ടപ്പോൾ അവിടെ ചുറ്റും നിന്നവരിൽ പലരും അവരെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. അടുത്ത തന്റെ പ്രകടനത്തിനു ഒപ്പം ചിരിക്കാൻ കുറച്ചു കാഴ്ചക്കാരു കൂടി ഉള്ളത് നല്ലതാണെന്നു അവൾക്ക് തോന്നി. ചുറ്റുമുള്ളവർ താൻ എന്താ ചെയ്യാൻ പോകുന്നത് എന്ന് ശ്രദ്ധിച്ചു തുടങ്ങവേ പെട്ടെന്ന് ഉള്ളിൽ നിന്നും ഒരു കെട്ട് പ്ലാവില കയ്യിലേക്കെടുത്തു അവൾ .
” ദേ നോക്ക്. എല്ലാം അഞ്ഞൂറിന്റെ നോട്ടുകൾ ആണ്… എന്റെ ഓട്ടം കിട്ടിയത് ചേട്ടന്റെ ഭാഗ്യം.. നല്ല ടിപ്പും തരാം ഞാൻ ”
ഇത്തവണ തന്നെ പൊട്ടൻ കളിപ്പിക്കുകയാണ് എന്ന് വ്യക്തമായി മനസിലാക്കി സതീശൻ. പതിയെ ഓട്ടോയിൽ നിന്നിറങ്ങി അയാൾ. ആ സമയം സ്വാതി പ്രതീക്ഷിച്ചത് പോലെ ചുറ്റുമുള്ളവരിൽ പലരും വായ് പൊത്തി ചിരിക്കുന്നുണ്ടായിരുന്നു.
” മോള് ഓട്ടം ന്ന് ഒക്കെ പറഞ്ഞിട്ട് എന്നെ കളിപ്പിക്കാൻ ഇറങ്ങിയതാ അല്ലെ.. ഞങ്ങൾ പാവങ്ങളെ കോമാളിയാക്കിയാണോ നിങ്ങൾ രസിക്കുന്നെ..”
ഉള്ളിൽ തട്ടി തൊണ്ടയിടറിയുള്ള ആ ചോദ്യം ഒറ്റ നിമിഷത്തിൽ സ്വാതിയുടെ വായടപ്പിച്ചു. വലിയ പ്ലാനിങ്ങോടു കൂടി നിന്നിരുന്ന അവൾ ആ ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ കുഴഞ്ഞു പോയി. കാരണം ഒറ്റ നിമിഷം കൊണ്ട് സതീശന്റെ മുഖത്തേക്ക് തെളിഞ്ഞ വാട്ടം അവൾ നല്ലത് പോലെ ശ്രദ്ധിച്ചിരുന്നു.
” ചേ. ചേട്ടാ.. ”
സംസാരിച്ചു വന്ന കാര്യമേ അവൾ മറന്നു പോയി. ദയനീയമായുള്ള സതീശന്റെ നോട്ടം അവളുടെ ഉള്ളിൽ വല്ലാതെ തറച്ചു പോയി. അവളുടെ ആ പതർച്ച സൽമാനും ശ്രദ്ധിച്ചു.
” സ്വാതി.. ബാക്കി കയ്യീന്ന് ഇട്.. അല്ലെ പരിപാടി പൊളിയും.. ”
അവൻ കാതിൽ അടക്കം പറയുമ്പോഴും സ്വാതിയുടെ നോട്ടം സതീശന്റെ മുഖത്ത് ഉടക്കി നിന്നു.
ഒരു പ്രാങ്കിനായിട്ടാണേലും താൻ പറഞ്ഞത് കേട്ട് അയാൾ എന്തോ വലിയ പ്രതീക്ഷ വച്ചിരുന്നു എന്നവൾ മനസിലാക്കി.
” ചേ. ചേട്ടാ… അത് ഞങ്ങൾ ഒരു പ്രാങ്ക് വീഡിയോ ചെയ്യാൻ… ജസ്റ്റ് ഒരു ടൈം പാസ്സ്. അതാ ഇങ്ങനെ ചോദിച്ചേ.. ”
ഒരു വിധം അവൾ പറഞ്ഞൊപ്പിക്കുമ്പോൾ പുച്ഛത്തോടെ ഒന്ന് പുഞ്ചിരിച്ചു തിരികെ ഓട്ടോയിലേക്ക് ഇരുന്നു സതീശൻ..
“പ്രാങ്ക്… കൊള്ളാം.. മോള് പൊയ്ക്കോ.. പ്രാങ്ക് കളിക്കാനുള്ള മൂഡിൽ അല്ല ഞാൻ… വൈകുന്നേരം വരെ ഈ വണ്ടി ഓടി എന്തേലും ഒന്ന് കയ്യിൽ കിട്ടിയാൽ നാളെ പെമ്പ്രന്നോത്തിയെ ആശുപത്രിയിൽ കൊണ്ട് പോകാരുന്നു. അതിനിടക്ക് പ്രാങ്ക് കളിക്കാൻ ഒട്ടും സമയം ഇല്ല മോളെ.. മോള് ക്ഷമിച്ചേക്ക്.. ഞാൻ നിങ്ങൾക്ക് പറ്റിയ പൊട്ടൻ അല്ല.. ”
അന്നേ വരെ നിരവധി പേരെ പലതും പറഞ്ഞ് പ്രാങ്ക് ചെയ്തിട്ടുണ്ടേലും അന്നാദ്യമായി ഒരു മനുഷ്യന്റെ നോട്ടത്തിന് മുന്നിൽ അയാളുടെ വാക്കുകൾക്ക് മുന്നിൽ പതറി പോയി സ്വാതി.
” ചേട്ടാ. അത്…. ചേട്ടന് ഇത്രയ്ക്കും ഫീൽ ആകുമെന്ന് കരുതിയില്ല.. ഞങ്ങൾ വെറുതേ തമാശയ്ക്കാ.. സോറി ചേട്ടാ. ”
കുറ്റബോധം അവളുടെ മുഖത്തും വാക്കുകളിലും നിഴലിക്കുമ്പോൾ മറുപടി ഇല്ലത്തെ മൗനമായി ഇരുന്നു സതീശൻ. അത് കണ്ട് പതിയെ പുറത്തേക്കിറങ്ങി മാധവൻ.
” മക്കളേ.. നിങ്ങൾ പിള്ളേര് ക്യാമറയും പൊക്കിപ്പിടിച്ചു ഇതുപോളെ പാവങ്ങളെ പറ്റിച്ചു വീഡിയോ ചെയ്യാൻ ഇറങ്ങും. നിങ്ങൾക്ക് അതിനുള്ള വരുമാനവും കിട്ടും.. പക്ഷെ പറ്റിക്കപ്പെടുന്ന ഞങ്ങളെ പോലത്തെ സാധാരണക്കാരുടെ സാഹചര്യങ്ങൾ നിങ്ങൾ ഓർക്കാറില്ല… ഈ പാവത്തിന്റെ കെട്ട്യോളു കിഡ്നി സംബന്ധമായ അസുഖം പിടിപെട്ടു കിടപ്പാണ്. മക്കളുള്ളതൊക്കെ കണക്കാണ് ചികിത്സചിലവിനുള്ള തുക കണ്ടെത്താൻ ആണ് ഈ ഓട്ടോയും കൊണ്ട് നടക്കുന്നെ… അതിനിടക്ക് നിങ്ങൾ ഇങ്ങനെ ഓരോ പ്രതീക്ഷകൾ കൊടുത്തു പറ്റിക്കാൻ നിൽക്കല്ലേ.. അതൊക്കെ ഇച്ചിരി വിഷമം ഉള്ള കാര്യങ്ങൾ ആണ്. മക്കള് ചെല്ല് വേറെ ആരേലും കണ്ട് പിടിക്ക്. സതീശൻ നിങ്ങൾക്ക് പറ്റിയ ആളല്ല.. ”
ആ പറഞ്ഞത് കൂടി കേൾക്കവേ ഉള്ളിൽ വല്ലാത്ത കുറ്റബോധം തോന്നിപ്പോയി സ്വാതിയ്ക്ക് എന്ത് പറയണമെന്നറിയാതെ കുഴഞ്ഞു അവൾ.
” ചേട്ടാ. തെറ്റ് പറ്റിപ്പോയി.. ഷെമിക്ക് എന്നോട് .. ”
ഇത്തവണ കൈകൂപ്പിപ്പോയി അവൾ
” ഏയ് സാരമില്ല മോളെ.. മോള് പൊയ്ക്കോ.. വേറെ ആരേലുമൊക്കെ കണ്ടെത്തിക്കോ അതാ നല്ലത് ”
പുഞ്ചിരിയോടെ പതിയെ ഇരുന്നു സതീശൻ. പക്ഷെ വെറുതേ പോകുവാൻ സ്വാതിയ്ക്ക് മനസ്സ് വന്നില്ല.. ഒരു നിമിഷം എന്ത് ചെയ്യാമെന്ന് ഓർത്തു അങ്ങിനെ നിന്നു അവൾ ശേഷം വേഗത്തിൽ സതീശന്റെ ഓട്ടോയിലേക്ക് കയറി.
” ചേട്ടാ. ഓട്ടം തിരുവനന്തപുരത്തേക്ക് അല്ല.. ചേട്ടന്റെ വീട്ടിലേക്ക് ആണ്. ഇന്ന് മാത്രം അല്ല നാളേം.. നമുക്ക് ചേട്ടന്റെ ഭാര്യയെ ഹോസ്പിറ്റലിൽ കൊണ്ട് പോകണ്ടേ… ഡയാലിസിസ് ചെയ്യണ്ടേ.. ഞാനും ഉണ്ട്.. അല്ല ഞങ്ങളും ഉണ്ട് ഒപ്പം.. ”
പറഞ്ഞ് നിർത്തുമ്പോൾ സൽമാന്റെ മുഖത്തേക്ക് ഒന്ന് നോക്കി സ്വാതി എന്നാൽ അവൾ ആ പറഞ്ഞത് കേട്ട് അതിശയത്തോടെ തിരിഞ്ഞു സതീശൻ.
” മോളെ നീ… ”
” ഹാ.. നോക്കി ഇരിക്കാതെ വണ്ടി എടുക്ക് ചേട്ടാ.. ”
പുഞ്ചിരിയോടെ അയാളുടെ ചുമലിൽ തട്ടി അവൾ.അത് കണ്ടിട്ട് മാധവനും സന്തോഷത്തിൽ പുഞ്ചിരിച്ചു പോയി.
“നന്നായി മോളെ.. ഇപ്പോ നീ ചെയ്യുന്നത് ഒരു നല്ല കാര്യമാണ്.കിട്ടുന്നതിൽ ഒരു പങ്ക് ഇങ്ങനെ നല്ല കാര്യങ്ങൾക്ക് കൂടി ഉപയോഗിച്ചാൽ ദൈവം നിനക്ക് ഇനീം വാരിക്കോരി തരും ”
മാധവൻ പറഞ്ഞ് നിർത്തുമ്പോൾ സതീശന്റെ മിഴികളിൽ അറിയാതെ നീരണിഞ്ഞു.
” ഹാ ചേട്ടാ.. സെന്റി ആക്കല്ലേ.. ഞങ്ങള്ക്ക് ഒരു അബദ്ധം പറ്റി.. അത് തിരുത്താൻ ദൈവം ആയി തന്ന അവസരം ആണ്. ഞങ്ങൾ അത് സന്തോഷത്തോടെ ചെയ്യട്ടെ ”
മറുപടി പറഞ്ഞത് സൽമാൻ ആണ്. അതോടെ സതീശന്റെ മുഖം വിടർന്നു. വൈകാതെ തന്നെ സ്വാതിയുമായി അയാൾ തന്റെ വീട്ടിലേക്ക് പോയി.. പിന്നാലെ തന്റെ കാറിൽ സൽമാനും.
നാം ചെയ്ത് കൂട്ടിയ തെറ്റുകൾക്ക് പരിഹാരമായി ഇടയ്ക്കെങ്കിലും ഇതുപോലുള്ള നന്മകൾ കൂടി ചെയ്യുന്നത് vakare നല്ല കാര്യമാണ്
(ശുഭം )
✍️ പ്രജിത്ത് സുരേന്ദ്രബാബു
