ഒരു വേശ്യയുടെ മകളായി ജനിച്ചത് നിന്റെ തെറ്റല്ലല്ലോ ഋതു. നീ ജനിച്ച സാഹചര്യം അല്ല ഞാൻ നോക്കുന്നത്. നിന്റെ സ്വഭാവമാണ്….

വേശ്യയുടെ മകൾ

“ഒരു വേശ്യയുടെ മകളായി ജനിച്ചത് നിന്റെ തെറ്റല്ലല്ലോ ഋതു. നീ ജനിച്ച സാഹചര്യം അല്ല ഞാൻ നോക്കുന്നത്. നിന്റെ സ്വഭാവമാണ്. ”

“അങ്ങനെയല്ല വിനോദ് നിനക്ക് ഈ സമൂഹത്തിൽ ഒരു വിലയുണ്ട് അത് എന്നെ പോലൊരു പെണ്ണിനെ ജീവിതത്തിലേക്ക് കൂട്ടി ഇല്ലാതാക്കാൻ ഉള്ളതല്ല”

“നമുക്ക് സമൂഹത്തിൽ ഉള്ള വില നിശ്ചയിക്കുന്നത് നമ്മളാണ്. എന്ത് നല്ല പ്രവർത്തി ചെയ്താലും വിമർശകർ അതിനെ വിമർശിക്കും. അതുമല്ല കല്യാണം കഴിഞ്ഞു നമ്മൾ ഇവിടെ അല്ല ജീവിക്കാൻ പോകുന്നത് അങ്ങ് ബോംബയിൽ ആണ് അവിടെ നിന്റെ ചരിത്രം ഒന്നും ആരും നോക്കില്ല ”

“എനിക്ക് അമ്മയോട് ചോദിക്കണം വിനോദ് ”

“ഞാനും നിന്റെ അമ്മയോട് സംസാരിക്കാം ”

ഒരു വേശ്യയുടെ മകൾ എന്നൊരു കാരണത്താൽ സമൂഹത്തിന്റെ മുന്നിൽ പരിഹസിക്കപ്പെട്ടവൾ ആണ് ഋതു. ആദ്യമായിട്ടാണ് ഒരാൾ കൂടെ കിടക്കാൻ അല്ലാതെ അവളെ വിളിക്കുന്നത്. എല്ലാവരും അവളുടെ അമ്മയെ കണ്ട അതേ രീതിയിൽ ആണ് അവളെയും സമീപിക്കുന്നത്. എന്നാൽ ആദ്യമായി ഒരാൾ അവളെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്.

“അമ്മേ ഋതു കാര്യങ്ങൾ ഒക്കെ പറഞ്ഞു കാണുമല്ലോ ല്ലേ ”

“പറഞ്ഞു മോനെ. ഞാൻ കാരണം ആണ് എന്റെ മോൾക്ക് ഈ അവസ്ഥ വന്നത്. എന്റെ വഴി ഇവൾ തിരഞ്ഞെടുക്കാൻ പാടില്ല. നിങ്ങൾ എവിടെ എങ്കിലും പോയി സുഖമായി ജീവിക്കൂ. ഈ അമ്മയുടെ അനുഗ്രഹം ഉണ്ടാവും ”

അങ്ങനെ അടുത്തുള്ള അമ്പലത്തിൽ വച്ചു താലികെട്ടും കഴിഞ്ഞു ഋതു വിനോദിന്റെ ഒപ്പം പോയി . അന്ന് രാത്രി അവർ ഒരു ലോഡ്‌ജിൽ താമസിക്കാൻ തീരുമാനിച്ചു.

ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ആയിട്ടാണ് വിനോദുമായി ജീവിതം ഋതു തുടങ്ങിയത്. എന്നാൽ അവളുടെ പ്രതീക്ഷകൾ തകർതുകൊണ്ടുള്ള ഒരു ഫോൺ കാളിൽ ആയിരുന്നു വിനോദ്.

“ആള് റെഡിയാണ് നാളെ ഞങ്ങൾ തിരിക്കും. പറഞ്ഞ കാശ് എനിക്ക് കിട്ടണം ഇല്ലെങ്കിൽ ഞാൻ വേറെ കൊടുക്കും. ആവശ്യക്കാർ ഒത്തിരി ഉണ്ട്. പിന്നെ പോകുന്ന വഴിക്ക് അവൾ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കാതെ ഇരിക്കാൻ വേണ്ടി മയക്കിയാണ് കൊണ്ട് വരുന്നത്. ”

താൻ വിശ്വസിച്ചു കൂടെ വന്നവൻ തന്നെ വിൽക്കാൻ ശ്രമിക്കുന്നു.

“നീ എന്നെ ചതിക്കുവായിരിന്നു അല്ലേടാ. ഞാൻ നിന്നോട് എന്ത് തെറ്റ് ചെയ്തിട്ടാണ് നീ എന്നെ… ”

“നീ കൂടുതൽ പ്രസംഗിക്കണ്ട നീ ഒരു വേശ്യയുടെ മോളാണ്. അതുകൊണ്ട് തന്നെ നിനക്ക് പറ്റിയ പണിയും അത് തന്നെയാണ്. നാളെ നിന്നെ ആ റെഡ്ഢിക്ക് കൊടുത്താൽ ലക്ഷങ്ങൾ ആണ് എന്റെ കൈയിലേക്ക് വരുന്നത്. ഇതിനു അല്ലാതെ ഒരു വേശ്യയുടെ മകളെ ഞാൻ ചുമക്കും എന്ന് നീ കരുതിയോ. സഹകരിച്ചാൽ നിനക്കും നാല് കാശ് കിട്ടും ”

“അതേടാ എന്റെ അമ്മ ഒരു വേശ്യയാണ്.. നിന്നെ പോലൊരുത്തൻ കല്യാണം കഴിച്ചിട്ട് നാട്ടുകാർക്ക്‌ കാഴ്ച വച്ചതു കൊണ്ടാണ് എന്റെ അമ്മയ്ക്ക് ഈ ഗതി വന്നത്. എന്റെ അമ്മ എനിക്ക് അറിവായ കാലത്ത് പറഞ്ഞു തന്ന ഒരു കാര്യം ഉണ്ട് മരിക്കേണ്ടി വന്നാൽ പോലും മോള് അമ്മയെ പോലെ ആകരുതെന്നു. ആ വാക്ക് ഞാൻ പാലിക്കും ”

ഇത്രയും പറഞ്ഞു കൈയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് അവന്റെ നെഞ്ച് കുത്തികീറിയിട്ട് അവൾ അവിടെ നിന്നും ഇറങ്ങി. ആരുടെയും ശല്യം ഇല്ലാത്ത വേശ്യ, നല്ലവൾ എന്നൊരു വേർതിരിവ് ഇല്ലാത്ത ലോകത്തേയ്ക്ക്…

✍️പ്രവീണ കൃഷ്ണ

Leave a Reply

Your email address will not be published. Required fields are marked *