ഞാൻ പ്രഗ്നന്റ് ആണെന്ന് വീട്ടിൽ പറഞ്ഞാലോ.. അന്നേരം പിന്നെ നമ്മുടെ കാര്യത്തിൽ അവർക്ക് എതിർക്കാൻ പറ്റില്ലല്ലോ.….

“ഞാൻ പ്രഗ്നന്റ് ആണെന്ന് വീട്ടിൽ പറഞ്ഞാലോ.. അന്നേരം പിന്നെ നമ്മുടെ കാര്യത്തിൽ അവർക്ക് എതിർക്കാൻ പറ്റില്ലല്ലോ…”

കീർത്തിയുടെ ചോദ്യം കേട്ട് തലയിൽ കൈ വച്ചു പോയി അലൻ.

” എന്റെ പൊന്ന് കീർത്തി.. അതൊക്കെ പഴേ നമ്പറുകൾ ആണ്. ഇന്നത്തെ കാലത്ത് അതൊന്നും നടക്കില്ല… നല്ല അടിയും കിട്ടും… നീ ഒന്ന് അപ്ഡേറ്റ് ആകാനുണ്ട് കേട്ടോ.. ”

“പിന്നെന്താ ചെയ്ക.. എനിക്ക് നിന്നെ പിരിയാൻ വയ്യ അലൻ.. അല്ലേൽ നമുക്ക് രജിസ്റ്റർ മാരേജ് ചെയ്യാം.. അതാകുമ്പോ വീട്ടിൽ പ്രശ്നം ആയാലും നിയമപരമായുള്ള സപ്പോർട്ട് കിട്ടുമല്ലോ.. ”

ആ പറഞ്ഞതിൽ കാര്യമുണ്ട് എന്ന് അലനും തോന്നി. പക്ഷെ അവിടെയും കടമ്പകൾ അനേകമായിരുന്നു.

” കീർത്തി രജിസ്റ്റർ ചെയ്യുക എന്നത് ഈ സിനിമയിൽ കാണുന്നത് പോലെ എളുപ്പമായി പറ്റുന്നതല്ല… അതിനു കുറെ നൂലാമാലകൾ ഒക്കേ ഉണ്ട് അവര് ഒരു മാസമോ മാറ്റോ നമ്മുടെ ഫോട്ടോ ഒട്ടിച്ചുള്ള അപേക്ഷ നോട്ടീസ് ബോർഡിൽ ഇടും അതൊക്കെ കഴിഞ്ഞിട്ടേ കാര്യം നടക്കുള്ളു.. അതിനിടക്ക് ആരേലും അത് കണ്ടാ സീൻ ആണ്.. പണി മൊത്തത്തിൽ പാളും ”

“അപ്പോ പിന്നേ നമ്മൾ എന്താ ചെയ്ക. വീട്ടിലാണേൽ കല്യാണലോചനകൾ തുടങ്ങീട്ടുണ്ട് ”

ആകെ അസ്വസ്ഥയായി കീർത്തി.. ഒരു നിമിഷം ചിന്തയിലാണ്ടു നിന്ന ശേഷം പതിയെ അവൾക്ക് നേരെ തിരിഞ്ഞു അലൻ.

” എടോ ഒരു വഴി ഉണ്ട്.. ഇച്ചിരി കടന്ന കൈ ആണ്.. നല്ല അടിയും കിട്ടും പക്ഷെ സംഗതി വിജയിച്ചാൽ പിന്നേ ടെൻഷൻ ഇല്ല. എത്ര ലേറ്റ് ആയിട്ടായാലും നമുക്ക് തന്നെ കെട്ടാം ”

ആ പറഞ്ഞത് കേൾക്കെ സംശയത്തോടെ അവനെ നോക്കി കീർത്തി.

” എന്താടാ .. എന്താ ആ വഴി… തെളിച്ചു പറയ്.. ”

“അത്…… ”

മടിച്ചു മടിച്ചു അലൻ തന്റെ ഐഡിയ പറഞ്ഞു അത് കേട്ട് കീർത്തിയുടെ മിഴികൾ തുറിച്ചു പോയി..

” എടാ… ഇത്.. ഇത്രയ്ക്ക് വേണോ.. ”

അന്ധാളിപ്പോടെ അവൾ നോക്കുമ്പോൾ മറുപടി ഒന്നും പറഞ്ഞില്ല അലൻ. പക്ഷെ അവൻ അത് ഉറപ്പിച്ച മട്ടായിരുന്നു

” എന്റെ കാഴ്ചപ്പാടിൽ ഇതാണ് സേഫ് ആയിട്ടുള്ള വഴി.. വിജയിച്ചാൽ പിന്നേ ഒഎസ് ടെൻഷനും വേണ്ട… വീട്ടുകാർ തന്നെ നമ്മളെ ഒന്നിപ്പിക്കും ”

ആ വാക്കുകൾ ദൃഢമാകുമ്പോൾ
അവർ വീണ്ടും ചിന്തകളിലാണ്ടു.. ഒടുവിൽ അലന്റെ ഐഡിയ തന്നെ പ്രയോഗിക്കാനും തീരുമാനിച്ചു.

അന്നേ ദിവസം പാതിരാത്രിയിൽ എന്തോ ഒച്ച കേട്ടാണ് കീർത്തിയുടെ അമ്മ ബിന്ദു ഞെട്ടി ഉണർന്നത്.. അച്ഛൻ പ്രസാദ് അപ്പോഴും നല്ല ഉറക്കമായിരുന്നു.

” ദേ മനുഷ്യാ.. ഒന്ന് എണീറ്റെ എന്തോ ഒരു ഒച്ച കേട്ടല്ലോ.. പാത്രമോ മറ്റോ വീഴുന്ന ശബ്ദം… ഒന്ന് വന്നേ നോക്കാം.. ”

ഉറക്കപ്പിച്ചിൽ പ്രസാദിനെ തട്ടി ഉണർത്തി ബിന്ദു.

” എന്താ ടി .. എന്ത് ശബ്ദം ഈ പാതിരാത്രിക്ക്.. നിനക്ക് തോന്നിയതാകും വെറുതേ… നീ കിടക്കാൻ നോക്ക് ”

ഉറക്കത്തിനു ഭംഗം വന്ന നീരസത്തിൽ ഒന്ന് തിരിഞ്ഞു കിടന്നു പ്രസാദ്. എന്നാൽ പെട്ടെന്ന് വീണ്ടും വലിയൊരു ഒച്ച കൂടി കേട്ടു.. ഒരു സ്റ്റീൽ പാത്രം നിലത്ത് വീഴുന്ന ഒച്ച. ഇത്തവണ രണ്ടാളും ഒരുപോലെ ചാടി എഴുന്നേറ്റു..

” എടീ ശെരിയാ…. ഇപ്പോ ഞാനും കേട്ടു… ടോർച്ചു എടുക്ക് എന്തോ പ്രശ്നം ഉണ്ട്…. ”

ചാടി എഴുന്നേറ്റ പ്രസാദ് പുറത്തേക്ക് പാഞ്ഞു. പിന്നാലെ ടോർച്ചുമായി ബിന്ദുവും. പിന്നേ കുറച്ചു സമയത്തേക്ക് അടിയും ഇടിയുമായി ഒരു പുകിലായിരുന്നു. ഒടുവിൽ എല്ലാം കെട്ടടങ്ങുമ്പോൾ ഏകദേശം മണിക്കൂർ ഒന്ന് ആയി . ക്ഷീണിതനായെങ്കിലും ആവേശം കെട്ടടങ്ങാതെ നിന്നു പ്രസാദ്.

” ടാ… നീ ഏതാടാ….എവിടുള്ളതാ.. എന്തിനാടാ എന്റെ വീട്ടിൽ വന്ന് കേറിയേ…. കളവ് ആണോ…”

നിലത്തേക്ക് നോക്കുമ്പോൾ അവിടെ ചുരുണ്ടു കൂടി കിടന്നിരുന്നു അലൻ. അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു തൂക്കി എടുത്തു പ്രസാദ്.

” ഞാൻ ഇവിടെ അടുത്ത് തന്നെ ഉള്ളതാ.. എന്നെ ഇനി ഒന്നും ചെയ്യല്ലേ.. ”

തൊഴു കയ്യോടെ ദയനീയമായി കെഞ്ചി അലൻ . അവർക്ക് മുന്നിൽ മറുപടിയൊന്നും പറയാൻ കഴിയാതെ അന്ധാളിച്ചങ്ങിനെ നിന്നു കീർത്തി.

” എടീ… ഞാൻ രാത്രി നിന്റെ വീട്ടിൽ വരുന്നു. ഒച്ചയും ബഹളവും കേട്ട് നിന്റെ വീട്ടുകാർ ഉണരുന്നു എന്നെ പിടിക്കുന്നു. ബഹളം ആകുമ്പോ അയൽക്കാരൊക്കെ അറിയുന്നു. സംഗതി ഇച്ചിരി നാറ്റ കേസാണ് അടിയും കിട്ടും രണ്ടാൾക്കും പക്ഷെ പിന്നേ എന്തായാലും നിനക്ക് വേറൊരു കല്യാണലോചന നടത്തില്ല അവർ. അത് ഉറപ്പ് ”

രാവിലെ അലൻ പറഞ്ഞതാണ് അപ്പോൾ അവൾ മനസ്സിൽ ഓർത്തത്… പ്ലാനിങ് എല്ലാം ഓക്കേ ആയിരുന്നു പക്ഷെ അവസാനം പാളി…. അച്ഛന്റെന്ന് നല്ല അടി കിട്ടി.. എന്നാൽ വായിൽ തുണി തിരുകിയുള്ള അടി ആയതിനാൽ ഒച്ച വെളീൽ കേട്ടില്ല.. അതുകൊണ്ട് തന്നെ അയൽക്കാർ ആരും തന്നെ ഒന്നും അറിഞ്ഞതും ഇല്ല.

” പഠിക്കാൻ വിട്ട സമയത്ത് പഠിക്കാതെ പ്രേമിച്ചു നടന്നിട്ട് ഒടുക്കം അവനെ വിളിച്ചു വീട്ടിലും കയറ്റിയോ നാണമില്ലാത്തവളെ ”

ബിന്ദുവിന്റെ വക നല്ലത് കിട്ടി കീർത്തിക്കും.

” അയ്യോ… ക്ഷമിക്കണം.. ജോലി ഒന്നും ആകാതെ വന്ന് പെണ്ണ് ചോദിക്കാൻ പറ്റില്ലല്ലോ മാത്രല്ല ഞങ്ങൾ രണ്ടാളും രണ്ട് മതവും … അന്നേരം നിങ്ങൾ സമ്മതിക്കില്ല എന്ന് കീർത്തി പറഞ്ഞ് തമ്മിൽ പിരിയാൻ വയ്യാത്തത് കൊണ്ട് ഒരു ഐഡിയ ഇട്ടതാ.. പാളിപ്പോയി … ”

തൊഴു കയ്യോടെ ദയനീയമായി അലൻ പറയുമ്പോൾ പതിയെ അരികിലെ സെറ്റിയിലേക്ക് ഇരുന്നു പ്രസാദ്.

” പിരിയാൻ വയ്യെന്ന് വച്ച് ഇമ്മാതിരി പോക്രിത്തരം ആണോ കാണിക്കേണ്ടത്.. ഇതിപ്പോ അയൽക്കാരോ നാട്ടുകാരോ അറിഞ്ഞിരുന്നേലോ… ”

” ആരേലും അറിഞ്ഞിരുന്നേൽ എനിക്ക് ഇത്രേം അടി കിട്ടില്ലായിരുന്നു ”

പ്രസാദിന്റെ ചോദ്യം കേട്ടിട്ട് ആത്മഗതം എന്നോണം പിറുപിറുത്തു അലൻ.

“ഇപ്പോ പൊയ്ക്കോ നീ… എന്തായാലും തേർഡ് ഇയർ അല്ലെ രണ്ടാളും. ആദ്യം പഠിത്തം നടക്കട്ടെ.. പ്രേമം ഒക്കെ പിന്നീട് നമുക്ക് സംസാരിക്കാം.. ഓരോന്നിനും അതിന്റെതായ സമയം ഉണ്ട്… ഈ ആവേശം അവസാനം വരെ ഉണ്ടോ ന്ന് നോക്കട്ടെ..”

പ്രസാദ് അത് പറയുമ്പോൾ അനുസരണയോടെ നിലത്തൂന്ന് എണീറ്റു അലൻ. ഏറെ അവശനായിരുന്നു അവൻ. ആ സമയം അയാളുടെ അരികിലേക്ക് പതിയെ ചെന്നു കീർത്തി..

” അച്ഛാ… സോറി… ”

ബാക്കി പറയാൻ പറ്റിയില്ല കിട്ടി ചെക്കിടടകക്കം ഒരെണ്ണം. കണ്ണിൽ ന്ന് പൊന്നീച്ച പറന്ന പോലെ തോന്നിപ്പോയി അവൾക്ക്.

“വളർന്നേനു ശേഷം എന്റേന്ന് ആദ്യായിട്ട് കിട്ടുന്നതല്ലേ… ഇന്നത്തെ കാലത്ത് മനസ്സിൽ എന്തുണ്ടെലും രക്ഷകർത്താക്കളോട് പറയാൻ മടിക്കരുത്. നല്ലതാണേൽ എന്നും അവർ ഒപ്പം കാണും… ഞങ്ങളും ഉണ്ടാകും.. ഇതുപോലത്തെ പോക്രിത്തരങ്ങൾ ഇനി കാട്ടാൻ തോന്നിയാൽ മോൾക്ക് ഈ അടി ഓർമ വരണം. അതാ അച്ഛൻ ഇച്ചിരി കനത്തിൽ തന്നെ തന്നത്.”

കിട്ടിയ അടിയുടെ വേദന മാറ്റുവാനുള്ള കഴിവ് അച്ഛന്റെ ആ വാക്കുകൾക്കുണ്ട് എന്ന് തിരിച്ചറിഞ്ഞു കീർത്തി.

അപ്പോഴേക്കും അലൻ പതിയെ എഴുന്നേറ്റ് വാതിലിനരുകിൽ എത്തിയിരുന്നു.

” ഒറ്റയ്ക്ക് പോവോ നീ… ”

ചോദിച്ചത് ബിന്ദുവാണ്

” ഓ പൊയ്ക്കോളാം… ”

അവന്റെ മറുപടിയിൽ ബഹുമാനം തുളുമ്പി.

” എന്തായാലും ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ.. പെട്ടെന്ന് ഓരോന്ന് ഒക്കെ കാണുമ്പോ ഉൾക്കൊള്ളാൻ പറ്റില്ല … ഈ കിട്ടിയ അടി അർഹിച്ചതാണ് എന്ന് കരുതിക്കോ… രണ്ടാളും നല്ലത് പോലെ പഠിക്ക് ഒരു ജോലി സമ്പാദിക്ക്… അപ്പോഴും ഇതേ ആവേശം ഉണ്ട് എങ്കിൽ അന്നേരം നിന്റെ വീട്ടിൽ വന്ന് സംസാരിച്ചോളാം ഞാൻ .. ”

പ്രസാദ് അത് പറയുമ്പോൾ മൗ‌നമായി തലയാട്ടി അലൻ. പതിയെ പുറത്തേക്ക് ഇറങ്ങി നടക്കുമ്പോൾ പണിയൊന്നു നല്ല പോലെ പാളിയെങ്കിലും അവസാന നിമിഷം വീണ്ടും അവന്റെ ഉള്ളിൽ പ്രതീക്ഷകൾ നാമ്പിട്ടു… കീർത്തിയും അതേ അവസ്ഥയിൽ തന്നെയായിരുന്നു..

കാര്യങ്ങൾ ആദ്യമേ അച്ഛനോടും അമ്മയോടും തുറന്നു പറഞ്ഞാൽ മതിയായിരുന്നു എന്ന് അപ്പോൾ അവൾക്ക് ഉള്ളിൽ തോന്നിപ്പോയി.. അങ്ങിനെ ഒടുവിൽ നല്ല അടി കിട്ടിയിട്ട് ആണേലും തങ്ങളുടെ ഇഷ്ടം അവർ നേടിയെടുത്തു….

ഇന്നത്തെ കാലത്ത് മക്കളുടെ ഏത് ഇഷ്ടങ്ങൾക്കും ഒപ്പം നിൽക്കുന്നവരാണ് പൂരിഭാഗം രക്ഷകർത്താക്കളും.. പക്ഷെ എല്ലാം അവരോട് തുറന്ന് പറയുവാനുള്ള മനസ്സ് മക്കളും കാട്ടണം…

(ശുഭം )

✍️പ്രജിത്ത് സുരേന്ദ്രബാബു

Leave a Reply

Your email address will not be published. Required fields are marked *