” എന്റെ ഏടത്തിയമ്മേ നിങ്ങൾ കാണാൻ ഇത്ര സൂപ്പറായിട്ടും എന്റേട്ടൻ എന്തിനാ ആ കോളനിയിലെ പെണ്ണിന്റെ വാതിലിൽ മുട്ടാൻ പോയത്….?
കയ്യിൽ പണമില്ലെന്നു കണ്ടപ്പോൾ നിങ്ങളെന്റെ ഏട്ടനെ കിടപ്പുമുറിയിൽ നിന്നും കൂടി ഒഴിവാക്കിയോ…. അതാണോ ഏട്ടൻ കോളനി പെണ്ണിന്റെ വാതിലിൽ തട്ടിയത്….?
തൊഴുത്ത് കഴുകി വൃത്തിയാക്കി അതിലുണ്ടായിരുന്ന പശുവിനേം ഇറക്കി കെട്ടി വൃന്ദ പെപ്പിൻ ചുവട്ടിൽ കയ്യും കാലും കഴുകും നേരമാണ് അവളുടെ ഭർത്താവിന്റെ അനിയൻ രൂപേഷ് അവൾക്കരികെ വന്ന് സംസാരിക്കാൻ തുടങ്ങിയത്…
രൂപേഷിന്റെ സംസാരത്തിൽ കേട്ടത് വിശ്വസിക്കാൻ കഴിയാതെ വൃന്ദ ഞെട്ടിയവനെ നോക്കിയതും മുഖത്തെ നനവ് പടർന്നൊഴുകി മാറിലേക്കൊട്ടി പിടിച്ച വൃന്ദയുടെ നൈറ്റിയിലാണ് രൂപേഷിന്റെ കണ്ണെന്നു കണ്ടതും അവനെയൊന്ന് തറപ്പിച്ചു നോക്കി നൈറ്റിയൊന്നു പിടിച്ചിട്ടു വൃന്ദ….
തന്നെ കാണുമ്പോഴുള്ള രൂപേഷിന്റെ കണ്ണിലെ തിളക്കവും മുഖത്തു വിരിയുന്ന ചേഷ്ടകളും ഇതിനു മുമ്പേ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട് വൃന്ദ…. കുടുംബമല്ലേന്നു കരുതി പലതും കണ്ടില്ല എന്ന് നടിയ്ക്കുകയാണവൾ…
“നീയെന്താ രൂപേഷേ ഈ പറയുന്നത്….?
സന്തോഷേട്ടൻ ഏതു കോളനിയിലെ ആരുടെ വീട്ടുവാതിലിൽ ആണ് പോയി തട്ടിയത്…?
നിന്നോടാരാ പറഞ്ഞത് ഇത്….?
രൂപേഷിന്റെ ചിരിയും നോട്ടവും പറ്റെ അവഗണിച്ചാണ് വൃന്ദയുടെ ചോദ്യങ്ങൾ…. ആ സമയം അവളിലുടലെടുത്ത വെപ്രാളവും പരവേശവുമെല്ലാം കൃത്യമായ് ഒപ്പിയെടുക്കുന്നുണ് രൂപേഷിന്റെ കണ്ണുകൾ….
“അപ്പോ ഞാൻ പറഞ്ഞതു സത്യം തന്നെയാണല്ലേ ഏടത്തിയമ്മേ… നിങ്ങളെന്റെ ഏട്ടനെ നിങ്ങളുടെ പരിസരത്തേയ്ക്കിപ്പോ അടുപ്പിക്കുന്നില്ല അല്ലേ….
ഏട്ടനൊരു ആണല്ലേ …. അതും നല്ല ചോരേം നീരുമെല്ലാം ഉള്ള ആണൊരുത്തൻ…
എത്ര നാൾ എല്ലാം അടക്കിപിടിച്ച് ജീവിയ്ക്കാൻ
പറ്റും ഏട്ടന്…. അതോണ്ടു തന്നെയാവും ചന്തക്കുന്ന് കോളനിയിലെ ആ വനജയുടെ വീടും തിരഞ്ഞ് ഏട്ടൻ പോയത്… എന്നാലും കഷ്ടമുണ്ട് ഏടത്തി …..
ബിസിനസ്സിൽ പാവത്തിനിത്തിരി കടം വന്ന് കച്ചവടം കുറഞ്ഞെന്ന് പറഞ്ഞ് നിങ്ങളിത്ര ക്രൂരയാവരുത്….. എന്റെ ഏട്ടനെയൊന്ന് പരിഗണിയ്ക്ക് ഏടത്തി….. പറ്റുമെങ്കിൽ എന്നെയും കൂടിയൊന്ന്… എത്ര നാളായ് ഞാനിതും കൊതിച്ചു നടക്കുന്നു…. ”
തന്റെ ആദ്യത്തെ സംസാരമത്രയും വ്യന്ദ കേൾക്കും വിധം ശബ്ദത്തിൽ പറഞ്ഞ രൂപേഷ് അവസാനത്തെ വരികൾ തന്റെ മനസ്സിലാണ് പറഞ്ഞത്….
ഏട്ടന്റെ ഭാര്യയായ് വൃന്ദ തങ്ങളുടെ വീട്ടിലെത്തിയ നാൾ മുതൽ രൂപേഷിന്റെ കണ്ണുകൾ വൃന്ദയിലുണ്ട്… ആരെയും മോഹിപ്പിയ്ക്കുന്ന വൃന്ദയുടെ സൗന്ദര്യവും ശരീരവും രൂപേഷിന്റെ ഉറക്കം കെടുത്തി തുടങ്ങിയിട്ട് വർഷം ആറാവാറായ്…അവളെ ആദ്യം കണ്ടപ്പോൾ മുതലുള്ള അവളോടുള്ള ആഗ്രഹം അത് ദിനംപ്രതി വർദ്ധിക്കുകയാണവനിൽ മാറ്റമേതുമില്ലാതെ…..
“ഹോ എന്റെ രൂപേഷേ…. ഒരു കാര്യം നിനക്ക് നേരെ ചൊവ്വേ പറയാൻ ഇത്രേം കാലമായിട്ടും അറിയില്ലേടാ…. ഒന്നൂല്ലെങ്കിൽ വയസ്സ് പത്തു മുപ്പതു കഴിഞ്ഞില്ലേ….?
രൂപേഷിന്റെ വാക്കുകളിൽ പരിഭ്രമിച്ചു നിന്നവൾ അവന് വേദനിയ്ക്കും വിധം അവന്റെ ചുമലിനിട്ടൊന്ന് പൊട്ടിച്ച് പറഞ്ഞതും കാര്യമറിയാതെ അവളെ നോക്കി രൂപേഷ്…
“ഇങ്ങളിത് എന്താണ് പറയുന്നത്….
എനിയ്ക്ക് മനസ്സിലായില്ല ഏടത്തിയമ്മേ…?
വൃന്ദ അടിച്ച വലംചുമലിൽ കൈ നീട്ടി തടവികൊണ്ട് രൂപേഷ് ചോദിച്ചതും അവനു നേരെ തിരിഞ്ഞു വൃന്ദ…
“ചന്തക്കുന്ന് കോളനിയിലെ വനജയുടെ വീട് തേടി നിന്റെഏട്ടൻ പോയത് അവളുടെ കൂടെ കിടക്കാനുള്ള പൂതി കൂടിയിട്ടും, അവളുടെ ചൂടു തേടിയുമൊന്നു അല്ല…. അതിനങ്ങേർക്ക് ഞാനുണ്ടിവിടെ ….
വനജ കുറച്ചധികം വയറിംഗ് സാധനങ്ങൾ അവളുടെ വീടുപണിക്കായ് നിന്റേട്ടന്റെ കടയിൽ നിന്ന് കടം വാങ്ങിയിട്ടുണ്ട്… ആ പൈസ ഇപ്പോൾ കിട്ടുവാണെങ്കിൽ സന്തോഷേട്ടനതൊരു വലിയ സഹായമാണ്… മോന് അഡ്മിഷനെടുക്കാനും, കടയിലേക്ക് കുറച്ചു സാധനമെടുക്കാനും പൈസ വേണ്ട സമയമാണ്… അതൊപ്പിക്കാനുള്ള ഓട്ടത്തിലാണ് ഏട്ടൻ…വനജ കൊടുക്കാനുള്ള പൈസ കൊടുത്താൽ അത്രയും ആയില്ലേന്ന് കരുതി അതു ചോദിക്കാൻ പോയ നിന്റെ സ്വന്തം ചോരയെ ആണ് മോനേ രൂപേഷേ നീയൊരു പെണ്ണുപിടിയനാക്കിയത്….
” ഭാര്യ ഒന്നു പിണങ്ങുമ്പോഴേയ്ക്കും മറ്റൊരുത്തിയുടെ ചൂടും കൂട്ടും തേടി പോവാൻ മാത്രം തരം താഴ്ന്നവനാണ് നിന്റേട്ടനെന്ന് നിനക്കെങ്ങനെ ചിന്തിക്കാൻ തോന്നി രൂപേഷേ … നിന്നെയൊക്കെയാണല്ലോ സന്തോഷേട്ടൻ കടം വാങ്ങിയും ഇരന്നുമെല്ലാം നല്ലക്കാലത്ത് വളർത്തിയതും പഠിപ്പിച്ചതും
കഷ്ടം… ”
വെട്ടിത്തുറന്ന് വൃന്ദ പറഞ്ഞതു കേട്ട് ആകെ ചമ്മി നാണംകെട്ടു രൂപേഷ്…
ചന്തക്കുന്ന് കോളനിയിലെ വനജ എന്നു പറയുന്നവൾ അത്യാവശ്യം പേരുദോഷം ഉള്ളൊരുവളാണ്.. അവളുടെ വീടന്വോഷിച്ച് ഏട്ടൻ പോയെന്നു കേട്ടതും എന്തൊക്കെയോ മനസ്സിൽ ചിന്തിച്ചു കൂട്ടി പോയതാണ് രൂപേഷ്..
വൃന്ദയുടെ മുന്നിലാകെ നാണംകെട്ടതും പിന്നെയൊരു നിമിഷം പോലും അവിടെ നിൽക്കാൻ സാധിക്കാതെ തന്റെ വീട്ടിലേക്ക് നടന്നു രൂപേഷ്….. അവന്റെയാ മടങ്ങി പോക്ക് നോക്കി നിന്നതും നിറഞ്ഞു പോയി വ്യന്ദയുടെ മിഴികൾ….
അച്ഛൻ അപകടത്തിലൂടെ മരിച്ചതോടെ അനിയനും അനിയത്തിയും അമ്മയും അടങ്ങുന്ന തന്റെ കുടുംബത്തിനു വേണ്ടി സ്വന്തം സ്വപ്നങ്ങളും ഇഷ്ടങ്ങളും വേണ്ടെന്നു വെച്ച് രാപകൽ കഷ്ടപ്പെടേണ്ടി വന്നു സന്തോഷേട്ടന് …..
പക്ഷെ എന്നിട്ടും അവസാനം കൂടപ്പിറപ്പുകളിൽ നിന്ന് സന്തോഷേട്ടന് തിരിച്ച് കിട്ടിയത് നന്ദികേട് തന്നെയാണ്… അതീ കാര്യത്തിൽ മാത്രമല്ല ഏതു കാര്യത്തിലും അതേ…
സ്വന്തം കാര്യങ്ങൾ സ്വയം നോക്കാനുള്ള കാര്യപ്രാപ്തി നേടിയതും അനിയനും അനിയത്തിയും ആദ്യം ചെയ്തത് വീട്ടിലും പറമ്പിലുള്ള അവരുടെ അവകാശങ്ങൾ അണ പൈസ കുറയാതെ ചോദിച്ചു വാങ്ങുകയാണ്….
അവരങ്ങനെ ചെയ്തതും അവരുടെ പഠിപ്പിനും കല്യാണങ്ങൾക്കുമായ് സന്തോഷേട്ടൻ കടം വാങ്ങിയ വലിയ തുക സന്തോഷേട്ടന്റെ മാത്രം ബാധ്യതയായ് തീർന്നു… ഏട്ടൻ ചെയ്തത് ഏട്ടന്റെ ഉത്തരവാദിത്തവും കടമയും ആണെന്നവർ പറഞ്ഞപ്പോൾ പെറ്റമ്മ പോലും ഒരു വാക്കു പറഞ്ഞ് സഹായിച്ചുമില്ല, സമാധാനിപ്പിച്ചുമില്ല സന്തോഷേട്ടനെ…. തന്റെ മറ്റു മക്കൾ പറഞ്ഞത് ശരിയാണെന്നൊരു ഭാവം തന്നെയായിരുന്നു അവരിലും…
കടം വീട്ടാനും മറ്റു കാര്യങ്ങൾ നടത്താനും
ഇലക്ട്രിക് കടയിൽ നിന്ന് സന്തോഷേട്ടന് കിട്ടുന്ന വരുമാനം തികയാതെയായ്…
ഊണും ഉറക്കവുമില്ലാതെ രാപ്പക്കൽ പണത്തിനായ് സന്തോഷേട്ടൻ അലഞ്ഞു തിരിഞ്ഞതും അതിന്റെ പേരിൽ താനും സന്തോഷേട്ടനും മിക്കപ്പോഴും വഴക്കായ്…
തറവാടിനടുത്തു തന്നെ വീട് വെച്ചു താമസിയ്ക്കുന്ന രൂപേഷിന് ഇവിടുത്തെ വിവരങ്ങൾ കേട്ടറിയാൻ ബുദ്ധിമുട്ടില്ല…. അവന്റെ ശ്രദ്ധ എപ്പോഴും ഇവിടെ തന്നെയാണല്ലോ…
അവനുംകൂടി വേണ്ടി ചിലവാക്കിയ പണത്തിന്റെ പേരിലാണ് ഇവിടുത്തെ വഴക്കെന്നറിഞ്ഞിട്ടും അതിനൊരു പരിഹാരമുണ്ടാക്കാൻ ശ്രമിയ്ക്കാതെ അവൻ ഏട്ടനെ പെണ്ണുപിടിയനാക്കി മാറ്റി അവസരം മുതലാക്കി ഏടത്തിയമ്മയെ തന്റെ കൂടെ കിടത്താൻ കിട്ടുമോ എന്നു നോക്കി വന്നേയ്ക്കുവാണ്….പട്ടി…. ത്ഫൂ…
രൂപേഷ് പോയ വഴി നോക്കി നീട്ടി തുപ്പി വൃന്ദ….
ദിവസങ്ങൾ മെല്ലെ മുന്നോട്ടു നീങ്ങിയൊരു ദിവസം രൂപേഷിന്റെ വീട്ടിൽ നിന്നുയർന്നു കേട്ട ബഹളത്തിൽ ഭയന്നാണ് വൃന്ദയും സന്തോഷും അങ്ങോട്ടേയ്ക്ക് ഓടി ചെന്നത്…
എന്നാൽ വീടിനകത്തേയ്ക്ക് കയറി വന്ന സന്തോഷിനെ കണ്ടതും ഏട്ടന്റെ നേരെ ചീറിയടുത്തു രൂപേഷ്….
“ഞാനിവിടെ കൊണ്ടു വെച്ച അഞ്ചു ലക്ഷം രൂപ നീയെടുത്തോ ഏട്ടാ….?
രൂപേഷ് ചോദിച്ചതും ഞെട്ടി പകച്ചവനെ നോക്കി സന്തോഷ്…
“നീ നിന്റെ വീട്ടിൽ കൊണ്ടു വെച്ച പൈസ ഞാനെങ്ങനെയാടാ എടുക്കുന്നത് … എനിയ്ക്കെന്താ മോഷണം ആണോ പണി…?
അനിയൻ തന്നെയൊരു കള്ളനാക്കിയെന്ന വേദനയിൽ സന്തോഷ് തിരിച്ചവനോട് ദേഷ്യപ്പെട്ട് ചോദിച്ചതും ഏട്ടന്റെ കണ്ണിലേക്കുറ്റി നോക്കി രൂപേഷ്..
“ഞാനെന്റെ വീടിനകത്തു കൊണ്ടു വെച്ച പൈസ ഇവിടെ നിന്ന് കാണാതെ പോയിട്ടുണ്ടെങ്കിൽ ഏട്ടാ അത് നീയെടുത്തത് തന്നെയാണ്…. നിന്റെ കടം വീട്ടാൻ…. ദേ ഇവളെന്നോട് പറഞ്ഞല്ലോ ഏട്ടൻ അമ്മയെ കാണാനായ് രാവിലെ ഇങ്ങോട്ടു വന്നിരുന്നെന്നും,വന്നിട്ട് വേഗം പോയെന്നും… അതാ പൈസ എടുത്തിട്ട് പോയതല്ലേ നിങ്ങൾ….?
തന്റെ ഭാര്യയെ പിടിച്ചൊപ്പം നിർത്തി രൂപേഷ് ചോദിച്ചതും അവനെ തല്ലാൻ കൈയ്യോഞി സന്തോഷ്..
ഞാൻ അമ്മയെ കാണാൻ വന്നപ്പോ അമ്മ കുളിയ്ക്കുകയായിരുന്നു… എന്നാൽ ഞാൻ പിന്നെ വരാമെന്ന് നിന്റെയീ ഭാര്യയോടു പറഞ്ഞിട്ടു തന്നെയാണ് ഞാൻ മടങ്ങിയതും… അതവൾ മറച്ചു പിടിച്ച് നിന്നോട് നുണ പറയുന്നുണ്ടെങ്കിൽ അതിനർത്ഥം ആ പൈസ എടുത്തത് ഇവളു തന്നെയാണെന്നാ… നന്നായ് പിടിച്ചൊന്ന് കുടഞ്ഞ് നോക്കി ചോദിക്കെടാ… അതുമല്ലെങ്കിൽ പോലീസിൽ പറ… അല്ലാതെ വെറുതെ എന്റെ മെക്കിട്ട് കയറാൻ വരരുത് നീ…,
രൂപേഷിനും ഭാര്യയ്ക്കും നേരെ കൈ ചൂണ്ടി സന്തോഷ് പറഞ്ഞതും ഒന്നും മിണ്ടാതെ അവനെ നോക്കി രൂപേഷും ഭാര്യയും…..
“എന്തേ നീ പോലീസിൽ പറയുന്നില്ലേ… പോയി പറയെടാ…. പോലീസു വന്നെന്നെ പിടിച്ചോണ്ടു പൊയ്ക്കോട്ടെ… ബാക്കി ഞാൻ അപ്പോൾ നോക്കിക്കോളാം… ഇക്കണ്ടക്കാലം നിന്നെയൊക്കെ നോക്കിയതിന് നീയൊക്കെ തന്ന പ്രതിഫലം എനിയ്ക്ക് ഇഷ്ടപ്പെട്ടു കേട്ടോടാ….”
തന്നെ നോക്കുന്ന അനിയനും ഭാര്യയ്ക്കും നേരെ വീണ്ടും ശബ്ദമുയർത്തി
സന്തോഷെങ്കിലും അവസാനത്തെ വാക്കുകളിൽ അവന്റെ ശബ്ദത്തിൽ നോവ് കലർന്നിരുന്നു
.അത് കുഴൽപണമാണ്.. ഞാനൊരു കൂട്ടുകാരൻ വഴി സംഘടിപ്പിച്ചതാണ്… ഇരട്ടിയാക്കി കൊടുക്കാമെന്ന് പറഞ്ഞ്… അതോണ്ട് പോലീസിലൊന്നും പറയാൻ പറ്റില്ല…
ഏട്ടനെങ്ങാൻ പോലീസിൽ അറിയിക്കുമോ എന്ന് ഭയന്ന് രൂപേഷ് സത്യം പറഞ്ഞതും വൃന്ദയുടെ നോട്ടം ചെന്നത് രൂപേഷിന്റെ ഭാര്യ ദേവുവിലേക്കാണ്…. അവളിലൊരു കള്ളത്തരമുണ്ടെന്ന് കണ്ടതും ഉള്ളിൽ പൊട്ടി വന്ന ചിരിയൊതുക്കി സന്തോഷിനെയും വിളിച്ച് വീട്ടിലേക്ക് നടന്നു വൃന്ദ…
അഞ്ചു ലക്ഷം രൂപ എവിടെ പോയെന്നറിയാതെ രൂപേഷ് വെപ്രാളപ്പെട്ട് ഇരിയ്ക്കുമ്പോൾ പുറകിലെ വിറകുപുരയിൽ താനൊളിപ്പിച്ച പണം കാണാതെ വിയർത്തുരുകി രൂപേഷിന്റെ ഭാര്യ ദേവു…
രൂപേഷറിയാതെ സ്വന്തം വീട്ടിലേക്ക് കൊടുക്കാൻ ആ പൈസ കട്ടെടുത്തത് ദേവു ആണ്…. അതൊരു പോലീസ് കേസാവില്ല എന്നവൾക്കുറപ്പായിരുന്നു…
ആരുമറിയാതെ താനൊളിപ്പിച്ച പൈസ എവിടെയെന്നറിയാതെ ദേവു അവിടെ പകച്ചു നിൽക്കുമ്പോൾ ആ പണം ഭദ്രമായൊരിടത്ത് സൂക്ഷിച്ചു വെയ്ക്കുകയാണ് വൃന്ദ….
ദേവുവിന്റെ കള്ളത്തരം അവളറിയാതെ കണ്ട വൃന്ദ അവളെ തെളിവോടെ പിടിച്ച് രൂപേഷിന്റെ മുമ്പിലേക്ക് ഇട്ടു കൊടുക്കണമെന്ന് ആദ്യം കരുതിയിരുന്നെങ്കിലും ഒന്നുമറിയാത്ത സന്തോഷേട്ടനെ അവരിതിലേക്ക് വലിച്ചിട്ടതും തന്റെ തീരുമാനം മാറ്റി….
ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ നിങ്ങളെന്റെ സന്തോഷേട്ടന് കൊടുക്കാനുള്ള പൈസ എനിയ്ക്ക് തിരികെ കിട്ടിയെന്ന് വിശ്വസിച്ചോളാം ഞാൻ… നിങ്ങളുടെ അടുത്തൊന്നും യാതൊരു സഹതാപവും കാണിക്കേണ്ട ആവശ്യമില്ല… അതു കൊണ്ട് ആ പണം ഞാനെടുത്തു തൽക്കാലം…
ഉള്ളിൽ സ്വയം പറഞ്ഞ് വൃന്ദ അകത്തേയ്ക്ക് കയറുമ്പോഴും ദേവുവും രൂപേഷും ആ പണത്തിനായുള്ള അവരുടെ തിരച്ചിൽ തുടർന്നുകൊണ്ടിരുന്നവിടെ….
✍️രജിത ജയൻ
