അമ്മേ രാഹുലേട്ടൻ നമ്മളെ ഇന്നലെ രാത്രി ബാഡ് ടച്ച്‌ ചെയ്തു ” 8 വയസുകാരി അച്ചു പറഞ്ഞത് കേട്ടു രാധ സ്തംഭിച്ചു പോയി. …..

“അമ്മേ രാഹുലേട്ടൻ നമ്മളെ ഇന്നലെ രാത്രി ബാഡ് ടച്ച്‌ ചെയ്തു ”

8 വയസുകാരി അച്ചു പറഞ്ഞത് കേട്ടു രാധ സ്തംഭിച്ചു പോയി.

തന്റെ മൂന്ന് മക്കളും ഒരുമിച്ചാണ് രാത്രി ഉറങ്ങാറ് ഇന്ന് വരെ ഇങ്ങനെ ഒരു പരാതി താൻ കേട്ടിട്ടില്ല.

അച്ചുവിന് കൂടുതൽ നേരം പിടിച്ചുനിൽക്കാനായില്ല. അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു: “അമ്മേ… ഇന്നലെ രാത്രി രാഹുലേട്ടൻ ഞങ്ങളെ വല്ലാതെ പേടിപ്പിച്ചു. ഉറക്കത്തിൽ ഞങ്ങളുടെ ശരീരത്തിൽ തൊടുകയും ശല്യം ചെയ്യുകയും ചെയ്തു. ഞങ്ങൾക്ക് അത് ഒട്ടും ഇഷ്ടമായില്ല.”

രാധയുടെ നെഞ്ചൊന്നു പിടഞ്ഞു. തന്റെ മകൻ ഇങ്ങനെയൊന്നും ചെയ്യില്ലെന്ന ഉറച്ച വിശ്വാസം അവർക്കുണ്ട്. എങ്കിലും കുട്ടികൾ കള്ളം പറയില്ലെന്നും അവർക്കറിയാം. ഗൗരവമേറിയ വിഷയമാണിതെന്ന് രാധയ്ക്ക് മനസ്സിലായി.

മഴ ചാറ്റലായി പെയ്തുകൊണ്ടിരുന്ന ഒരു സായാഹ്നം. ആറാം ക്ലാസ്സുകാരനായ രാഹുൽ ജനലിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി നിൽക്കുകയായിരുന്നു. തന്റെ മനസ്സിൽ വിക്കി ചേട്ടൻ പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും ഓടിയെത്തി.

കഴിഞ്ഞ ആഴ്ച ട്യൂഷൻ കഴിഞ്ഞു വരുമ്പോൾ വിക്കി അവനെ മാറ്റി നിർത്തി ചോദിച്ചു:
“എടാ, നീ രാത്രി നിന്റെ അനിയത്തിമാരുടെ കൂടെയാണോ കിടക്കാറുള്ളത്?”

“അതെ വിക്കി ചേട്ടാ, ഞങ്ങൾ മൂന്നുപേരും ഒരുമിച്ചാ ഉറങ്ങാറുള്ളത്,” രാഹുൽ നിഷ്കളങ്കമായി മറുപടി നൽകി.

വിക്കി അവന്റെ തോളിൽ കൈയിട്ട് ഒരു കള്ളച്ചിരിയോടെ പറഞ്ഞു: “എന്നാൽ നീ ഒരു കാര്യം ചെയ്യ്. അവർ ഉറങ്ങുമ്പോൾ നീ പതുക്കെ അവരെ ഒന്ന് ശല്യം ചെയ്യ്. ശരീരത്തിലൊക്കെ ഒന്ന് തൊട്ടുനോക്ക്. അവരുടെ സ്വകാര്യ ഭാഗങ്ങളിൽ ഒക്കെ ഒന്ന് തൊട്ടു നോക്ക്. പറ്റുമെങ്കിൽ നിന്റെതിൽ അവരോടും തൊടാൻ പറയണം. അതൊരു രസമുള്ള കളിയാണ്. സിനിമയിലൊക്കെ കാണുന്ന പോലെ. അവർക്കും അതൊക്കെ ഇഷ്ടപെടും.ആരും കാണില്ലല്ലോ. നീ അത് ചെയ്തു നോക്ക്, എന്നിട്ട് എന്നോട് പറ എങ്ങനെയുണ്ടെന്ന്.”

“അത്… അത് തെറ്റല്ലേ ചേട്ടാ? അമ്മ ചീത്ത പറയില്ലേ?” രാഹുൽ പേടിയോടെ ചോദിച്ചു.

“എന്ത് തെറ്റ്! നീ എന്തൊരു പേടിത്തൊണ്ടനാണ് രാഹുലേ. ഇതൊക്കെ ഒരു തമാശയല്ലേ? ഞാനും എന്റെ അനിയത്തിയും ഈ കളി എന്നും കളിക്കാറുണ്ട്. നീ ഒരു തവണ ഇത് ചെയ്ത് നോക്ക് നിനക്കത് എന്തായാലും ഇഷ്ടപെടും.നീ സ്മാർട്ട് ആണെന്ന് തെളിയിക്കാനുള്ള അവസരമാണിത്. ആരും അറിയില്ല, പേടിക്കണ്ട.” വിക്കിയുടെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകൾ രാഹുലിനെ ചിന്തിപ്പിച്ചു. തന്റെ മുതിർന്ന സുഹൃത്ത് പറയുന്നത് ശരിയായിരിക്കും എന്ന് അവൻ വിശ്വസിച്ചു.

അന്ന് രാത്രി ലൈറ്റ് അണച്ചുകഴിഞ്ഞപ്പോൾ, രാഹുലിന്റെ ഉള്ളിൽ വിക്കി പറഞ്ഞ കാര്യങ്ങൾ മാലപ്പടക്കം പോലെ പൊട്ടി. തന്റെ അനിയത്തിമാരായ മീനുവിനെയും അച്ചുവിനെയും അവൻ നോക്കി. വിക്കി പറഞ്ഞത് പോലെ അവൻ അവരോട് മോശമായി പെരുമാറാൻ തുടങ്ങി.

ശരീരത്തിൽ അനാവശ്യമായി തൊടുകയും അവരെ ശല്യം ചെയ്യുകയും ചെയ്ത രാഹുലിന്റെ പ്രവർത്തികൾ മീനുവിനെയും അച്ചുവിനെയും വല്ലാതെ പേടിപ്പിച്ചു. അവർ ആദ്യം കരുതിയത് അവൻ തമാശ കളിക്കുകയാണെന്നാണ്.

“രാഹുലേട്ടാ, എന്തിനാ ഇങ്ങനെ ചെയ്യുന്നത്? ഞങ്ങൾക്ക് ഉറങ്ങണം,” പത്ത് വയസ്സുകാരി മീനു ദേഷ്യത്തോടെ പറഞ്ഞു.

പക്ഷേ, രാഹുൽ അത് ഗൗനിക്കാതെ വിക്കി പറഞ്ഞു കൊടുത്ത കാര്യങ്ങൾ തുടർന്നു. എട്ടു വയസ്സുകാരി അച്ചു പേടിച്ചരണ്ട് കരയാൻ തുടങ്ങിയതോടെ രാഹുൽ പെട്ടെന്ന് നിശ്ചലനായി. തന്റെ പ്രവൃത്തികൾ അവരെ എത്രത്തോളം ഭയപ്പെടുത്തിയെന്ന് അവൻ അപ്പോഴാണ് ശ്രദ്ധിച്ചത്.

അടുത്ത ദിവസം സ്കൂളിൽ പോകാൻ നിക്കവേ ആണ് അച്ചു ഈ കാര്യം അമ്മയോട് പറഞ്ഞത്.

കുട്ടികൾ മുതിർന്നു തുടങ്ങിയാൽ സഹോദരങ്ങൾ ആണെങ്കിലും അവരെ മാറ്റി കിടത്തേണ്ടത് എത്ര ആവശ്യമുള്ള കാര്യമാണെന്ന് അവൾ ചിന്തിച്ചു.

വൈകുന്നേരം രാഹുലിനെ രാധ തന്റെ മുറിയിലേക്ക് വിളിച്ചു. അവൻ ഭയന്ന് വിറയ്ക്കുകയായിരുന്നു.

“രാഹുലേ, അമ്മയോട് സത്യം പറയണം. ഇന്നലെ രാത്രി നീ അനിയത്തിമാരോട് മോശമായി പെരുമാറിയോ?” രാധ ശാന്തമായി എങ്കിലും ഗൗരവത്തോടെ ചോദിച്ചു.

രാഹുൽ ആദ്യം നിഷേധിക്കാൻ ശ്രമിച്ചു. പക്ഷെ അമ്മയുടെ ആർദ്രമായ നോട്ടത്തിന് മുന്നിൽ അവൻ തകർന്നുപോയി. “അമ്മേ… ഞാൻ… ഞാൻ വിക്കി ചേട്ടൻ പറഞ്ഞിട്ടാ ചെയ്തത്.”

“ആരാണ് വിക്കി?”

“എന്റെ ട്യൂഷൻ ക്ലാസ്സിലെ ചേട്ടനാണ്. അവൻ പറഞ്ഞു ഇതൊക്കെ ഒരു കളിയാണെന്ന്. ഇങ്ങനെ ചെയ്താൽ സ്മാർട്ട് ആകുമെന്ന് അവൻ എന്നോട് പറഞ്ഞു. വിക്കി ചേട്ടനും അനിയത്തിയും ഈ കളി എന്നും കളിക്കാറുണ്ടെന്നും പറഞ്ഞു. ഞാൻ അത് വിശ്വസിച്ചു അമ്മേ… എന്നോട് ക്ഷമിക്ക്.” രാഹുൽ അമ്മയുടെ മടിയിൽ തലവെച്ച് പൊട്ടിക്കരഞ്ഞു.

ഈ ചെറുപ്രായത്തിൽ കുട്ടികൾ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് ഓർത്തപ്പോൾ രാധായക്ക് തലച്ചുറ്റി.

രാധ അവനെ എഴുന്നേൽപ്പിച്ച് ഇരുത്തി. “മോനേ, വിക്കി നിന്നെ തെറ്റായ കാര്യമാണ് പഠിപ്പിച്ചത്. നമ്മുടെ അനിയത്തിമാർ എന്ന് പറയുന്നത് നമ്മൾ സംരക്ഷിക്കേണ്ടവരാണ്. അവരുടെ ശരീരവും മനസ്സും വേദനിപ്പിക്കുന്നത് വലിയ തെറ്റാണ്. ലോകത്ത് ചിലർ നമ്മളെ ഇങ്ങനെ തെറ്റായ വഴിയിലേക്ക് നയിക്കും. അത് തിരിച്ചറിയാനുള്ള ബുദ്ധി നിനക്കുണ്ടാകണം.”

രാധ അവന് ‘ഗുഡ് ടച്ച്‌’ (Good Touch), ‘ബാഡ് ടച്ച്‌’ (Bad Touch) എന്നിവയെക്കുറിച്ച് ലളിതമായി വിശദീകരിച്ചു കൊടുത്തു. “ഒരാളുടെ ശരീരത്തിൽ അവരുടെ സമ്മതമില്ലാതെ തൊടുന്നത് കുറ്റകരമാണ്. അത് സഹോദരങ്ങളായാലും ശരി. നിന്റെ കയ്യിൽ നിന്നും ഇങ്ങനെയൊരു തെറ്റ് ഇനി ഒരിക്കലും ഉണ്ടാവരുത്.”

രാഹുൽ തന്റെ വലിയ തെറ്റ് തിരിച്ചറിഞ്ഞു. വിക്കി എന്ന സുഹൃത്ത് തന്നെ എത്ര വലിയ ചതിക്കുഴിയിലാണ് ചാടിച്ചതെന്ന് അവൻ മനസ്സിലാക്കി.

അവൻ നേരെ അനിയത്തിമാരുടെ അടുത്തേക്ക് ചെന്നു. അവരുടെ കൈകൾ പിടിച്ചുകൊണ്ട് അവൻ പറഞ്ഞു: “മീനൂ, അച്ചൂ… എന്നോട് ക്ഷമിക്ക്. വിക്കി ചേട്ടൻ പറഞ്ഞത് കേട്ട് ഞാൻ ചെയ്തത് വലിയ തെറ്റാണ്. ഇനിയൊരിക്കലും ഞാൻ നിങ്ങളെ വിഷമിപ്പിക്കില്ല. നിങ്ങളുടെ രാഹുലേട്ടൻ പഴയതുപോലെ നിങ്ങളെ സ്നേഹിക്കും.”

അവന്റെ വാക്കുകളിലെ ആത്മാർത്ഥത കണ്ട് ആ കൊച്ചു കുട്ടികൾ അവനെ കെട്ടിപ്പിടിച്ചു. രാധ അകലെ നിന്ന് ആ കാഴ്ച കണ്ടപ്പോൾ അവളുടെ മനസ്സിൽ വലിയൊരു ആശ്വാസം തോന്നി. തന്റെ മകനെ വലിയൊരു അപകടത്തിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞുവെന്ന തിരിച്ചറിവ് ആ അമ്മയ്ക്ക് സന്തോഷം നൽകി.

പെൺകുട്ടികൾക്ക് എന്ന പോലെ ആൺകുട്ടികൾക്കും ഗുഡ് ടച്ച്‌ ബാഡ് ടച്ച്‌ എന്താണെന്നു പറഞ്ഞു കൊടുക്കണം എന്ന് രാധ അന്ന് മനസ്സിലാക്കി.

അടുത്ത ദിവസം തന്നെ അവൾ രാഹുലിന്റെ ട്യൂഷൻ സെന്ററിൽ പോയി അവിടത്തെ സാറിനെ കണ്ട് കാര്യങ്ങൾ പറഞ്ഞു. കൂടാതെ വിക്കിയുടെ വീട്ടുകാരെ പോയി കാണുകയും ചെയ്തു.

“അശ്വതി ഞാൻ നിങ്ങളുടെ മകൻ വിക്കി പഠിക്കുന്ന ട്യൂഷൻ സെന്ററിൽ പഠിക്കുന്ന രാഹുലിന്റെ അമ്മ രാധയാണ് ”

“എന്താ രാധേ പറയു ”

“നിങ്ങളുടെ മകൻ വിക്കി എന്റെ മോനോട് അവന്റെ അനിയത്തിമാരുടെ സ്വകാര്യ ഭാഗങ്ങളിൽ തൊടാനും അവരെ ശല്യം ചെയ്യാനും പറയുന്നു. അവനും അനിയത്തിയും രാത്രി ഇങ്ങനെ കളിക്കാറുണ്ടെന്നും. ഇങ്ങനെ ചെയ്താൽ സ്മാർട്ട്‌ ആകും എന്നൊക്കെ പറഞ്ഞു.”

“എന്റെ മകൻ ഒരിക്കലും അങ്ങനെ ചെയ്യില്ല ഞങ്ങൾ അങ്ങനെ അല്ല അവനെ വളർത്തിയത് ” അശ്വതിക്ക് കാര്യങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.

“ഞാനും അങ്ങനെ തന്നെയാണ് കരുതിയത് എന്നാൽ എന്റെ 8 വയസുള്ള മകൾ വന്നു പറഞ്ഞപ്പോഴാണ് ഞാനിത് അറിയുന്നത്. കുട്ടികൾക്ക് തെറ്റും ശരിയും തിരിച്ചറിയാത്ത പ്രായമാണ് നമ്മൾ മാതാപിതാക്കൾ വേണം അവരെ പറഞ്ഞു തിരുത്താൻ.”

അശ്വതി തന്റെ 8 വയസുള്ള മകൾ ചിന്നുവിനെ വിളിച്ചു കാര്യങ്ങൾ തിരക്കി.

ആദ്യം ഒന്ന് പേടിച്ചു എങ്കിലും പതിയെ ചിന്നു കാര്യങ്ങൾ അമ്മയോട് പറയാൻ തുടങ്ങി

“അതെ അമ്മേ ഇങ്ങനെ കളിക്കുന്നത് നല്ല രസമാണെന്ന് ചേട്ടൻ പറഞ്ഞു. ഇതൊന്നും തെറ്റല്ല എന്നും. അമ്മയും അച്ഛനും ഇങ്ങനെ കളിക്കാറുണ്ട് എന്നും ചേട്ടൻ പറഞ്ഞു. ”

അശ്വതിക്ക് അപ്പോഴാണ് തനിക്ക് പറ്റിയ തെറ്റ് മനസ്സിലായത്. 5 വയസ് ആയിട്ടും മകനെ തങ്ങളുടെ ഒപ്പം കിടത്തി. മകൻ ഉറങ്ങി എന്ന് കരുതി ചെയ്ത പല കാര്യങ്ങളും അവൻ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.

അടുത്ത ദിവസം തന്നെ അശ്വതി തന്റെ രണ്ട് മക്കളെയും വിളിച്ചിരുത്തി. അവർ ചെയ്ത തെറ്റിനെക്കുറിച്ച് പറഞ്ഞു ബോധ്യപ്പെടുത്തി.

✍️പ്രവീണ കൃഷ്ണ

Leave a Reply

Your email address will not be published. Required fields are marked *