കിടപ്പറയിൽ സുഖം മാത്രമല്ല ദാമ്പത്യം… ആ സുഖം കാശ് കൊടുത്താലും കിട്ടും… പരസ്പര സ്നേഹം.. വിശ്വാസം.. മനസിലാക്കൽ…..

“കിടപ്പറയിൽ സുഖം മാത്രമല്ല ദാമ്പത്യം… ആ സുഖം കാശ് കൊടുത്താലും കിട്ടും… പരസ്പര സ്നേഹം.. വിശ്വാസം.. മനസിലാക്കൽ… ഇതൊക്കെയാണ് യഥാർത്ഥ ദാമ്പത്യം… ഇയാൾക്ക് ഞാൻ ഒരു ടോയ് മാത്രമാണ്.. കിടപ്പറയിൽ ഇയാളുടെ സുഖത്തിനു വേണ്ടി മാത്രമുള്ള ടോയ് ”

പറഞ്ഞു നിർത്തുമ്പോൾ മായയുടെ ശബ്ദമിടറി. തനിക്ക് ചുറ്റുമുള്ള ബന്ധുക്കൾ അന്ധാളിപ്പോടെ നോക്കുന്നത് കാൺകെ ഒന്ന് പതറി അവൾ. ഭർത്താവ് രാജേഷും ആകെ ഒന്ന് പരുങ്ങി പോയി. പക്ഷെ ഇനിയും താൻ മൗനമായാൽ വെറുമൊരു അടിമ മാത്രമായി പോകുമെന്ന് മനസിലാക്കിയത് കൊണ്ട് തന്നെ വീണ്ടും തുടർന്നു അവൾ.

” കല്യാണം കഴിഞ്ഞിട്ട് വർഷം രണ്ട് കഴിയുന്നു ഇതിനിടയിൽ എത്ര വട്ടം ഇയാൾ സ്നേഹത്തോടെ എനിക്കൊപ്പം ഒന്നിരുന്നിട്ടുണ്ട് ന്ന് ചോദിച്ചു നോക്ക്.. ഞങ്ങളൊന്നിച്ചു എത്ര വട്ടം പുറത്ത് പോയി ന്ന് ഒന്ന് ചോദിച്ചു നോക്ക്… രണ്ടിനും കൃത്യമായ കണക്ക് കാണില്ല പക്ഷെ ഒരിക്കലും ആ കണക്കുകൾ പത്തിനു മുകളിൽ പോകില്ല. അതുറപ്പാണ്.. ഇയാളുടെ ലഹരി മറ്റു പലതുമാണ്. ഭാര്യയ്‌ക്കൊപ്പം സമയം ചിലവഴിക്കാൻ പറ്റില്ലേൽ പിന്നെന്തിനാണ് വിവാഹം കഴിക്കാൻ നിന്നത്.. എന്റെ ജീവിതം കൂടി തകർക്കാൻ…. ”

രണ്ടും കല്പ്പിച്ചു മനസ്സിൽ ഉള്ളതെല്ലാം തുറന്നു പറഞ്ഞു മായ.

” നിർത്ത് നീ.. ഇരുപത്തിനാല് മണിക്കൂറും നിന്നെയും കെട്ടിപ്പിടിച്ചിരുന്നാൽ വയറ്റിനുള്ളിലേക്ക് ഒന്നും പോകില്ല.. അതിനു അധ്വാനിക്കണം.. അങ്ങിനെ അധ്വാനിക്കുന്നവർക്ക് ചിലപ്പോ പലതിനും സമയം കിട്ടി ന്ന് വരില്ല.. അതൊക്കെ മനസിലാക്കി പെരുമാറുക എന്നതാണ് ഒരു പാർട്ട്ണറുടെ ഏറ്റവും വലിയ കഴിവ്.. നിനക്ക് അതില്ല… ഇങ്ങനെ കുറ്റം പറയാൻ മാത്രമേ നിന്നെ കൊണ്ടാകുള്ളു.. ”

രാജേഷും വിട്ടു കൊടുക്കുവാൻ തയ്യാറല്ലായിരുന്നു. തർക്കങ്ങൾ അതിരു നടന്നപ്പോൾ രണ്ടാളുടെയും രക്ഷിതാക്കളും ഇടയിലേക്ക് കയറി

” നോക്ക്… ഇങ്ങനെ കിടന്ന് വഴക്കടിച്ചിട്ടു കാര്യമില്ല.. ഒരു പരിഹാരം ആണ് വേണ്ടത്… ഞങ്ങൾ ആരുടേയും കയ്യിൽ നിൽക്കുന്ന കാര്യങ്ങൾ അല്ല ഇത്… നിങ്ങൾ രണ്ടാളും കൂടി ഒരു കൗൺസിലിംഗിന് പോ.. അതാണ് നല്ലത്. എക്സ്പീരിയൻസ്ട് ആയിട്ടുള്ള ഒരാളുടെ മാധ്യസ്ഥതയിൽ പരസ്പരം സംസാരിച്ചു ഒരു തീരുമാനത്തിൽ എത്തിയാൽ മാത്രമേ പരിഹാരം ഉണ്ടാകുള്ളൂ.. ”

മായയുടെ അച്ഛൻ മാധവനാണ് ആ അഭിപ്രായം പറഞ്ഞത്. എന്നാൽ അത് കേൾക്കെ രാജേഷിനു കൂടുതൽ അരിശമായി.

” കൗൺസിലിംഗോ… അതിനു നിങ്ങൾ പോ… അല്ലേൽ നിങ്ങടെ മോളെ കൊണ്ട് പോ .. അവളുടെ ഈ ഭ്രാന്ത്‌ അല്പം കുറയട്ടെ… ”

പുച്ഛത്തോടെ തന്നെ അവൻ പ്രതികരിച്ചു.

” വെറുതേ എന്റെ മോന്റെ തലയിൽ കുറ്റം അടിച്ചേൽപ്പിക്കാൻ ആരും നോക്കേണ്ട കേട്ടോ… കെട്ടിക്കേറി വരുന്ന പെൺകുട്ടികൾ നന്നായിരിക്കണം.. എങ്കിലേ കുടുംബത്തിൽ സമാധാനം ഉണ്ടാകുള്ളൂ.. ഇതുമാതിരിയുള്ള അഹങ്കാരികളാണ് വരുന്നതെങ്കിൽ. കുടുംബം മുടിയും.. ”

രാജേഷിന്റെ അച്ഛൻ ശ്രീധരൻ കൂടി ഇടയിലേക്ക് കയറവേ തർക്കം കൊഴുത്തു.

” എന്ത് അഹങ്കാരം… സത്യം തുറന്ന് പറയുന്നതാണോ നിങ്ങൾക്ക് അഹങ്കാരം.. എന്തെ… മകന്റെ കുറ്റങ്ങൾ ഒന്നും ആ കണ്ണിൽ പിടിക്കുന്നില്ല… പിന്നേ കെട്ടി കേറി വരുന്നവൾ എല്ലാം അങ്ങ് സഹിക്കണം ന്ന് വച്ചാൽ അത് നടപ്പുള്ള കാര്യമല്ല.. ആ കാലമൊക്കെ കഴിഞ്ഞു പോയി… നിങ്ങളുടെ മകന് കാമഭ്രാന്ത് ആണ്.. ഏത് സമയവും ഓരോരോ വൃത്തികെട്ട വീഡിയോസ് ഇരുന്നു കണ്ട് … എന്നിട്ട് പാതിരാത്രി ഞാൻ അതുപോലൊക്കെ വേണമെന്ന്…. മടുത്തു മനുഷ്യന്.. ”

മായ തന്നെയാണ് മറുപടി കൊടുത്തത്. ആ മറുപടിയാകട്ടെ ശ്രീധരന്റെ വായടപ്പിച്ചു. ചെറിയൊരു അപമാന ഭാരം രാജേഷിനും തോന്നി.

” ടീ.. മര്യാദക്ക് സംസാരിക്കണം…. കിടപ്പറയിലെ കാര്യങ്ങൾ പബ്ലിക്കായി വിളിച്ചു പറയുന്നത് നല്ല സ്വഭാവം അല്ല.. ഞാൻ എന്തേലും ചെയ്തിട്ടുണ്ടേൽ അത് നിന്നെ കൊണ്ട് കഴിവില്ലാഞ്ഞിട്ട് ആണ്… പിന്നെ..നിനക്ക് വായിൽ തോന്നിയത് പറയാൻ ഇത് നിന്റെ തറവാടുമല്ല .. അടങ്ങി ഒതുങ്ങി… അടങ്ങി ഒതുങ്ങി ഞാൻ പറയുന്നത് കേട്ട് നിൽക്കണം ഇവിടെ.. ”

കലി കയറി അവൻ മുന്നിലേക്ക് കയറുമ്പോൾ ഭയന്നില്ല മായ..

” എന്ത് കഴിവ് കേട്.. നിങ്ങൾ കാണുന്ന വൃത്തികെട്ട വീഡിയോസ് അല്ല ജീവിതം.. അത് മനസിലാക്കാൻ പോലും കഴിവില്ലാത്തതാണ് നിങ്ങളുടെ കഴിവ് കേട്. നിങ്ങളുടെ ഈ അടിച്ചമർത്തൽ ഒന്നും ഇനി നടപ്പില്ല… ഒച്ചയെടുത്താലും പേടിക്കില്ല ഞാൻ..കുറെ ക്ഷമിച്ചു .. സഹികെട്ടു.. ഇനി വയ്യ… ”

” വയ്യെങ്കിൽ ഇറങ്ങി പോടീ ഇവിടുന്ന്… കുറച്ചു ദിവസം സ്വന്തം വീട്ടിൽ പോയി നിൽക്കുമ്പോ മനസിലാകും ഭർത്താവിന്റെ വില എന്താണെന്ന്.. താലിയും അറുത്തു വീട്ടിൽ ചെന്ന് കേറുമ്പോ ആദ്യം നല്ല സ്വീകരണം കിട്ടും… പിന്നീട് പതിയെ പതിയെ ഭാവം മാറും ഒടുക്കം ഒരു അധികപ്പറ്റാണ് താൻ എന്ന് തിരിച്ചറിയുമ്പോൾ പിന്നേ തിരികെ കേറി വരാൻ ഈ വീട് ഉണ്ടാകില്ല… അതോർത്തോ… ആണിന്റെ തുണയില്ലാതെ നിനക്കൊന്നും പിടിച്ചു നിൽക്കാൻ പറ്റില്ലെടി.. വൈകാതെ നീ അത് മനസിലാക്കും… ”

ഭീഷണി പോലെ രാജേഷ് അത് പറയുമ്പോൾ ഒരു നിമിഷം ഒന്ന് മൗനമായി പോയി മായ. ആ പറഞ്ഞ വാക്കുകൾ അവളുടെ ഉള്ളിൽ തറച്ചിരുന്നു.

” കണ്ടില്ലേ.. കാര്യത്തോട് അടുത്തപ്പോ അവളുടെ വാ അടഞ്ഞത്.. ഇത്രയൊക്കെയേ ഉള്ളു ഇവളുമാരൊക്കെ.. ആണൊരുത്തൻ ഒച്ചയെടുത്താൽ തീരും അഹങ്കാരം…. എന്നിട്ടും അടങ്ങിയില്ലെങ്കിൽ രണ്ട് കൊടുക്കണം.. തന്തയും തള്ളയും ലാളിച്ചു വഷളാക്കിയതാണ് ഇതിനെ… കിടപ്പറയിലെ കാര്യങ്ങൾ പോലും പബ്ലിക്ക് ആയി വിളിച്ചു പറയാൻ നടക്കുന്നു.. കഷ്ടം.. സംസ്കാരം ഇല്ലാത്ത വർഗ്ഗങ്ങള്…”

ശ്രീധരന്റെ ശബ്ദം വീണ്ടും ഉയർന്നു. അതോടെ അത്രയും നേരം മൗനമായിരുന്ന മാധവൻ പതിയെ എഴുന്നേറ്റു. മിഴി നീരണിഞ്ഞു തല കുമ്പിട്ടു നിൽക്കുന്ന മകളുടെ രൂപം അയാളുടെ ഉള്ളിൽ ഒരു നീറ്റലായി.

” മോളെ.. എടുക്കാനുള്ളതൊക്കെ എടുത്തോ നമുക്ക് വീട്ടിലേക്ക് പോകാം.. ഇനി ഇവിടെ ഒരു തർക്കത്തിന് നിന്നിട്ട് കാര്യമില്ല.. ഇപ്പോഴത്തെ അവസ്ഥയിൽ നീ ഇവിടെ നിൽക്കുന്നത് ശെരിയല്ല.. പ്രശ്നങ്ങൾ ഒക്കെ നമുക്ക് പതിയെ സംസാരിച്ചു തീരുമാനത്തിൽ എത്താം അതാണ് നല്ലത്.. ”

ഏറെ പ്രതീക്ഷിച്ചിരുന്ന ആഗ്രഹിച്ചിരുന്നു ആ വാക്കുകൾ അച്ഛന്റെ വായിൽ നിന്ന് കേൾക്കെ കേൾക്കെ ഉള്ളിലൊരു കുളിർമ തോന്നി മായയ്ക്ക്. ഏത് ആപത്തിലും തുണയായി അച്ഛൻ ഉണ്ട് എന്ന ധൈര്യം അവൾക്ക് ആത്മവിശ്വാസമേകി.

” ആ… അത് കൊള്ളാം.. നല്ല അച്ഛൻ. മോളുടെ തോന്ന്യവാസത്തിന് തന്നെ തുള്ള്… ഇപ്പോ ഇവിടുന്ന് ഇറങ്ങിയാൽ പിന്നേ തിരിച്ചു കയറാമെന്ന് കരുതേണ്ട..”

താക്കീതുമായി രാജേഷ് മുന്നിലേക്ക് കയറുമ്പോഴേക്കും അകത്ത് പാക്ക് ചെയ്ത് വച്ചിരുന്ന തന്റെ ബാഗുമായി മായ പുറത്തേക്ക് വന്നിരുന്നു.

” രാജേഷേ. ഇപ്പോ നമ്മൾ സംസാരിച്ചാൽ ഒരിക്കലും തീരുമാനം ആകില്ല മാത്രല്ല വല്യ പ്രശ്നങ്ങൾ ആകും… ഇപ്പോ എന്തായാലും മോള് എനിക്കൊപ്പം വരട്ടെ.. ഈ അവസ്ഥയിൽ ഇനി ഇവിടെ നിന്ന് കൂടുതൽ പ്രശ്നങ്ങൾ ആകേണ്ട.. ബാക്കി പിന്നേ നോക്കാം.. ”
വളരെ ശാന്തനായി തന്നെ മറുപടി കൊടുത്തു മാധവൻ . ശേഷം മായയ്ക്ക് നേരെ തിരിഞ്ഞു.

” പോകാം മോളെ നമുക്ക്”

അനുസരണയോടെ അച്ഛൻ പറഞ്ഞതിന് തലയാട്ടി അവൾ.. അതോടെ ശ്രീധരൻ ചാടി എഴുന്നേറ്റു.

” ആഹാ… ഇത് നല്ല കൂത്ത്… ഈ അഹങ്കാരി പറഞ്ഞതും കേട്ട് ചാടി പുറപ്പെടാൻ നിൽക്കുവാണോ നിങ്ങൾ.. തനിക്കെങ്കിലും ഇച്ചിരി ബോധം കാണുമെന്ന് കരുതി. പക്ഷെ മോളേക്കാൾ കഷ്ടമാണല്ലോ തന്ത… കൊണ്ട് വീട്ടിൽ നിർത്തിക്കോ.. ഇവിടുന്ന് ആരും തിരക്കി വരില്ല. പക്ഷെ ഓർത്തോ…. അവസാനം ഇവൾ ഒരു ബാധ്യതയാകുമ്പോൾ താൻ തന്നെ ഇവിടെ വന്ന് ഞങ്ങടെ കാല് നക്കും.. ഇവളെ തിരിച്ചു കയറ്റാൻ…. അന്ന് ആട്ടി ഓടിക്കും ഞങ്ങൾ…”

പുച്ഛത്തോടെ അയാൾ പറയുമ്പോൾ രാജേഷും അതേ ഭാവത്തിൽ അജയ്യനായി ഒന്ന് ചിരിച്ചു.

” ഞാൻ ഒരിക്കലും ആർക്കും ബാധ്യതയാകില്ല.. അന്തസായി എന്തേലും ജോലി എടുത്ത് ജീവിക്കും.. അതോർത്തു ആരും ടെൻഷൻ അടിക്കേണ്ട… ”

കലി കയറി മായ മറുപടി പറയുമ്പോൾ അവളെ തടുത്തു മാധവൻ.

“മോളെ വേണ്ട… അച്ഛൻ സംസാരിക്കാം… ”

ശേഷം പതിയെ രാജേഷിനും ശ്രീധരനും നേരെ തിരിഞ്ഞു അയാൾ. തികച്ചും ശാന്തനായിരുന്ന മാധവന്റെ മുഖം കുറുകിയത് ഒന്ന് ശ്രദ്ധിച്ചു രാജേഷ്.

” ഇതെന്റെ മകളാണ്… ഞാൻ പൊന്ന് പോലെ നോക്കി വളർത്തിയ എന്റെ മകൾ…. മരിക്കുന്നത് വരെ അവൾ എനിക്കൊരു ബാധ്യതയാവില്ല.. എനിക്കെന്നല്ല ഒരു അച്ഛനും തന്റെ മക്കൾ ഒരു ബാധ്യതയല്ല.. അതൊക്കെ മനസിലാകണേൽ ആദ്യം അച്ഛൻ മക്കൾ ബന്ധം എന്താണെന്ന് അറിയണം.. ”

ഒന്ന് നിർത്തി രാജേഷിനു നേരെ മുഖാമുഖം ചെന്നു അയാൾ.

” നിന്റെ വിരൽ തുമ്പിലെ കളിപ്പാവയായി എന്റെ മോളെ ഇവിടെ ഇട്ടിട്ട് പോകാൻ മനസില്ലാ… കൊണ്ട് പോകുവാ ഞാൻ.പ്രശ്നങ്ങൾ ഇവൾ പറയുമായിരുന്നെങ്കിലും ഇത്രത്തോളം വഷളാണ് എന്ന് അറിഞ്ഞില്ല.. ഇനി ഒരു ഒത്തുതീർപ്പിന് പോലും സാധ്യതയുണ്ട് എന്ന് തോന്നുന്നില്ല.. കാൽക്കീഴിൽ ഒരു അടിമയെയാണ് നിനക്ക് വേണ്ടത്.. എന്റെ മോളെ അതിനു കിട്ടില്ല….”

ഒന്ന് നിർത്തി അയാൾ വീണ്ടും ശ്രീധരന്റെ അരികിലേക്ക് ചെന്നു.

” വളരെ ശാന്തമായി മാത്രമേ ഇതുവരെയും ഞാൻ സംസാരിച്ചിട്ടുള്ളു. എപ്പോഴും പക്വത കാണിക്കേണ്ടത് മുതിർന്നവർ ആണ്. പിള്ളേര് പല എടുത്തു ചാട്ടങ്ങളും കാണിക്കും. പക്ഷെ താൻ മോനേക്കാൾ കഷ്ടമാണ്…. വിവരം ലവലേശമില്ലാത്ത വർഗ്ഗം… ഇതുവരെ പറഞ്ഞതെല്ലാം ഞാനങ്ങ് ക്ഷമിക്കുവാ.. പക്ഷെ ഇനി കൂടുതൽ വിളച്ചിൽ എടുത്താൽ തന്തേനേം മോനേം ഒരുമിച്ചു പോലീസ് സ്റ്റേഷനിൽ കേറ്റും ഞാൻ. ഈ നാട്ടിലെ നിയമങ്ങളൊക്കെ അറിയാലോ അല്ലെ.. വേണ്ട വേണ്ടാ ന്ന് വയ്ക്കുമ്പോൾ തലേൽ കേറാൻ വന്നേക്കരുത്. അത്രയ്ക്ക് പൂതിയാണേൽ തന്റെ കാല് പെമ്പ്രന്നോത്തിയേയും മോനേം കൊണ്ടങ്ങ് നക്കിച്ചോ.. കൂടുതൽ കളിച്ചാൽ വിവരം അറിയും.. താൻ….. ”

അത്രയും നേരം ശാന്തനായി നിന്ന ആളല്ലായിരുന്നു മാധവനപ്പോൾ. ആ ദൃഢമാർന്ന വാക്കുകൾക്ക് മുന്നിൽ രാജേഷും ശ്രീധരനും ഒരുപോലെ പതറി. ആ നിമിഷം ഉള്ളിൽ വല്ലാത്ത സംതൃപ്തി തോന്നി മായയ്ക്ക്.. കാരണം പലപ്പോഴും അച്ഛന്റെ മൗനം അവളുടെ ഉള്ളിലും വിഷമമുണ്ടായിരുന്നു.

” വാ മോളെ… ”

മായയുടെ കയ്യും പിടിച്ചു കൊണ്ട് മാധവൻ പുറത്തേക്ക് നടന്നു. പോലീസ് സ്റ്റേഷൻ എന്നൊക്കെ കേട്ടപാടെ തന്നെ ശ്രീധരന്റെ പത്തി മടങ്ങി. രാജേഷും ഏകദേശം ശാന്തനായി.

ഗേറ്റ് കടന്നു പുറത്തേക്കിറങ്ങിയ മാധവൻ മായക്ക് മുഖാമുഖം ഒരു നിമിഷം ഒന്ന് നിന്നു

” ഞാൻ കണ്ടെത്തിയ ബന്ധമാണ് ഇത്.. അച്ഛന്റെ തെറ്റ് ആണ് മോളെ… നീ എന്നോട് ക്ഷമിക്ക്… പക്ഷെ ഇനിയങ്ങോട്ട് നിന്റെ തീരുമാനം എന്തായാലും എങ്ങിനെയായാലും ഈ അച്ഛൻ ഉണ്ട് നിന്റെ ഒപ്പം.. ധൈര്യമായി ഇരുന്നോ..”

ആ വാക്കുകൾ മാത്രം മതിയാരുന്നു മായയ്ക്ക് ആശ്വാസമായി. അച്ഛന്റെ മാറിലേക്ക് തല ചായ്ക്കുമ്പോൾ താൻ ഏറ്റവും സുരക്ഷിതമായ കൈകളിലാണ് എന്ന് അവൾ മനസിലാക്കി.

(ശുഭം )

✍️പ്രജിത്ത് സുരേന്ദ്രബാബു

Leave a Reply

Your email address will not be published. Required fields are marked *