ആനന്ദ്.. എന്റെ ശരീരം കിട്ടിയില്ലേൽ നീ ഇനി എന്നെ സ്നേഹിക്കില്ല എന്നാണോ പറയുന്നത്… അപ്പോ ഇത്രയും നാളും നീ എന്നോട് കാട്ടിയ….

“മീനു ഇന്ന് രാത്രി എന്തായാലും ഞാൻ നിന്റെ വീട്ടിൽ വരും നീ വാതിൽ തുറന്നു തരണം .. ഇനി കാത്തിരിക്കാൻ വയ്യ എനിക്ക്..”

ആനന്ദ് വാശിയിൽ ആയിരുന്നു.

” എടാ എന്താ നീ ഈ പറയുന്നേ. നിനക്ക് എന്താ വട്ട് ആണോ.. വെറുതെ നടക്കാത്ത കാര്യത്തിന് വാശി പിടിക്കാൻ നിൽക്കരുത് കേട്ടോ… അതൊക്കെ കല്യാണം കഴിഞ്ഞു മതി.”

പരമാവധി അവനെ പിന്തിരിപ്പിക്കുവാൻ നോക്കി മീനു. പക്ഷെ ആനന്ദ് അതിനു തയ്യാറായില്ല.

“മീനു പ്രേമമായാൽ വെറുതേ വിളിയും കിന്നരിപ്പും മാത്രം പോരാ.. ഇതുപോലെ ഇച്ചിരി സുഖങ്ങളും കൂടിയൊക്കെ വേണം.. എന്നായാലും നീ എന്റെ പെണ്ണ് ആകേണ്ടവളല്ലേ.. പിന്നേ മടി കാണിക്കേണ്ട കാര്യം ഇല്ലല്ലോ..”

അവൻ വീണ്ടും ആവർത്തിക്കുമ്പോൾ അല്പം ഇഷ്ടക്കേട് തോന്നി മീനുവിന്.

” ആനന്ദ് നീ പറഞ്ഞത് ശെരി തന്നെ .. പക്ഷെ നമ്മുടെ റിലേഷൻ തുടങ്ങി കുറച്ചു നാളുകൾ കഴിഞ്ഞതിൽ പിന്നേ മുതൽ നീ ഈ സുഖങ്ങൾ മാത്രമല്ലെ തേടുന്നുള്ളു..

കെട്ടിപിടിക്കണം.. ഉമ്മ വേണം… ഫോട്ടോ വേണം അതും നൈറ്റ് ഡ്രെസ്സിട്ടത് ജീൻസ് ഇട്ടത് ലെഗ്ഗിൻസ് ഇട്ടത് .. എന്തിനു ഇന്നേർസ് മാത്രമിട്ടുള്ള ഫോട്ടോ പോലും ചോദിച്ചില്ലേ നീ എന്നോട് .. അങ്ങിനെ അങ്ങിനെ നിന്റെ ആവശ്യങ്ങൾ എല്ലാം ഇപ്പോ സുഖങ്ങൾ തേടിയുള്ളതാണ്. ഇപ്പോ ഏറ്റവും അവസാനമായി പാതിരാത്രി വീട്ടിൽ വരണമെന്ന് കൂടി.. എന്തെ എന്നോട് ഇപ്പോ ഈ ഒരു ഫീൽ മാത്രമേ ഉള്ളോ നിനക്ക്.. ആത്മാർത്ഥമായ ഒരിഷ്ടം എന്നോട് ഇല്ലേ ഇപ്പോ. ”

ചോദ്യത്തിന് മുന്നിൽ ചെറുതായൊന്നു പതറിയെങ്കിലും അത് പുറത്ത് കാട്ടാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചു ആനന്ദ്.

” അത് പിന്നേ.. ഞാനും ഒരാണല്ലേ.. പ്രേമമൊക്കെ ആകുമ്പോൾ ഇതൊക്കെ കൂടെ ഉള്ളതാണ്.. അത് നീയും മനസിലാക്കണം. നമ്മൾ തമ്മിൽ ഒരു ബോണ്ട്‌ വേണം എങ്കിലേ ബന്ധം ദൃഢമാകുള്ളൂ.. ”

” അതെന്താ ആനന്ദേ എനിക്കൊപ്പം കിടന്നാൽ മാത്രേ നിനക്ക് ആ ബോണ്ട്‌ കിട്ടുള്ളോ… ”

കൂരമ്പായി അടുത്ത ചോദ്യം തറച്ചു കയറവേ ശെരിക്കും പതറി ആനന്ദ്.

” നീ.. നീ ഇതുമാതിരി ചൊറിഞ്ഞു സംസാരിക്കാൻ വന്നേക്കരുത് മീനു.. പറ്റുമെങ്കിൽ മതി അതിനായി കാല് പിടിക്കാനൊന്നും ഞാനില്ല… ”

അല്പമൊന്ന് ഒച്ചയെടുത്ത് അവളുടെ വായ അടപ്പിക്കുവാൻ തന്നെ ശ്രമിച്ചു അവൻ . എന്നാൽ രണ്ടും കല്പിച്ചായിരുന്നു മീനു.

“ആരും കാല് പിടിക്കാൻ വരേണ്ട… റിലേഷന്റെ ഡെപ്തും പറഞ്ഞ് ശരീരത്തിൽ പിടിക്കാൻ വരുന്നവരുടെയൊന്നും ഉദ്ദേശം പരിശുദ്ധ പ്രണയമല്ല… കുറെ നാളായി നിന്നെ ഞാൻ ശ്രദ്ധിക്കുന്നു. നേർക്കു നേർ കണ്ടാൽ പോലും നിന്റെ നോട്ടം ഇപ്പോ എന്റെ ശരീരത്തിലാണ്… ഇതൊരു നല്ല റിലേഷന്റെ ലക്ഷണം അല്ല ആനന്ദ് …”

കുറച്ചു നാളുകളായി ഉള്ളിൽ തോന്നിയ അതൃപ്തി തുറന്ന് തന്നെ പറഞ്ഞു മീനു. അതോടെ പതർച്ചയിൽ നിന്നും തിരികെ പിടിച്ചു കയറുവാൻ ഒരു അവസരം കിട്ടി ആനന്ദിന്

” ഓഹോ.. അപ്പോ അതാണ് കാര്യം.. കുറച്ചു നാളായി നിനക്ക് എന്നോട് അതൃപ്തി ഉണ്ട്…. എന്നിട്ട് അതും മനസ്സിൽ വച്ചാണോ ഇഷ്ടം നടിക്കുന്നത്… എനിക്കിത് മുന്നേ സംശയം തോന്നിയിരുന്നു… എന്ത് പറ്റി….വേറെ ഏവനേലും കണ്ട് പിടിച്ചോ നീ.. ”

” ആനന്ദ്.. സ്വന്തം തെറ്റുകളെ മറയ്ക്കാൻ നീ വെറുതേ എഴുതാപ്പുറം വായിക്കേണ്ട…. തരം തഴുന്നേന് ഒരു പരിധി ഉണ്ട്.. ഞാൻ പറഞ്ഞത് നിന്റെ പെരുമാറ്റത്തിൽ വന്ന മാറ്റത്തെ പറ്റിയാണ്. അതിനു മറുപടി ഒന്നും പറയാൻ ഇല്ലെ നിനക്ക്..”

ദേഷ്യം വന്നു തുടങ്ങിയിരുന്നു മീനുവിനും. എന്നാൽ വിട്ട് കൊടുക്കുവാൻ ആനന്ദും തയ്യാറായില്ല

” എന്റെ എന്ത് തെറ്റ്… പ്രേമിക്കുന്ന പെണ്ണിനോട് ഉമ്മ ചോദിക്കുന്നതും ഫോട്ടോ ചോദിക്കുന്നതും ഒന്നും ലോകത്തിൽ ആദ്യത്തെ കാര്യമല്ല.. മനസിൽ ഇഷ്ടം വേണം അങ്ങിനെ ഉണ്ടേൽ ഇതിനൊന്നും നോ പറയാൻ തോന്നില്ല…”

തർക്കം വീണ്ടും മുറുകി.

” ദേ മീനു. മതി.. കൂടുതൽ പറയണ്ട.. നിനക്ക് എന്നോട് ഇച്ചിരിയേലും ഇഷ്ടം ഉണ്ടേൽ… എന്നോടൊപ്പം ജീവിക്കണമെന്ന് ആഗ്രഹം ഉണ്ടേൽ.. ഇന്ന് രാത്രി വാതിൽ തുറന്ന് തരണം.. അല്ലാത്ത പക്ഷം പിന്നെ നമ്മൾ തമ്മിൽ ഒരു റിലേഷൻ ഉണ്ടാകില്ല.. ഉറപ്പ് ”

അവസാനമായി ഒരു ഭീക്ഷണിയിൽ കൊണ്ടെത്തിച്ചു ആ തർക്കം നിർത്തി ആനന്ദ്. മറുപടി പറയാതെ ഒരു നിമിഷം അവനെ തന്നെ നോക്കി നിന്നു പോയി മീനു.

” പറയ് മീനു… നിനക്ക് എന്നെ വേണമോ അതോ നിന്റെ വാശി ആണോ വലുത്”

അവളെ വരുതിയിൽ കൊണ്ട് വരാനുള്ള ബ്രഹ്‌മാസ്ത്രമാണ് താനിപ്പോൾ പ്രയോഗിച്ചത് എന്ന് വിശ്വസിച്ചു ആനന്ദ്. മീനുവിനെ എന്നല്ല പൊതുവെ കാമുകി മാരെ എല്ലാം വീഴ്ത്താൻ കാമുകന്മാർ ഉപയോഗിക്കുന്ന അവസാന തന്ത്രം ആണല്ലോ ഈ ചോദ്യങ്ങൾ… മീനുവും വീഴും എന്ന് തന്നെ ആനന്ദ് വിശ്വസിച്ചു. എന്നാൽ ആനന്ദിന്റെ ആ പെരുമാറ്റം ഉള്ളിൽ വല്ലാത്ത ആഘാതമായി മീനുവിന്.

” ആനന്ദ്.. എന്റെ ശരീരം കിട്ടിയില്ലേൽ നീ ഇനി എന്നെ സ്നേഹിക്കില്ല എന്നാണോ പറയുന്നത്… അപ്പോ ഇത്രയും നാളും നീ എന്നോട് കാട്ടിയ സ്നേഹം.. അതൊക്കെ അഭിനയമായിരുന്നോ.. ”

മീനുവിന്റെ ആ ചോദ്യത്തിന് പിന്നിൽ ഉള്ളിലെ നീറ്റൽ നിഴലിച്ചിരുന്നു.

” ഇതിപ്പോ എനിക്ക് വാശിയാണ് മീനു. എന്തിനാ നീ ഇങ്ങനെ മടി കാണിക്കുന്നത് എന്നായാലും ഇത് സംഭവിക്കാൻ ഉള്ളതല്ലേ.. ഇനി നീ ഓക്കേ പറയാതെ നമ്മൾ തമ്മിൽ ഒന്നിച്ചു പോകില്ല ഉറപ്പ് ”

അവസാന ആണിയും അടിച്ചു ആനന്ദ്. അല്പസമയം മൗനമായി അവനെ തന്നെ നോക്കി നിന്നു മീനു. ഒരു ഉറച്ച തീരുമാനം എടുക്കേണ്ട സമയമായി എന്ന് അവളുടെ ഉള്ളിൽ തോന്നി തുടങ്ങിയിരുന്നു. പതിയെ ആനന്ദിന്റെ അരികിലേക്ക് അടുത്തു അവൾ

“ഞാൻ നിന്നെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാണ് ആനന്ദ്. അതുകൊണ്ട് തന്നെ നീ എന്നെ വിട്ട് പോകുന്നത് എനിക്ക് ഏറെ വിഷമം ആണ്..”.

അത്രയും പറഞ്ഞ് മീനു ഒന്ന് നിർത്തുമ്പോൾ കാര്യങ്ങൾ താൻ ഉദ്ദേശിച്ച ദിശയിലേക്ക് തന്നെ പോകുന്നതറിഞ്ഞു ആനന്ദിന്റെ ചുണ്ടിന്റെ കോണിൽ പതിയെ ഒരു പുഞ്ചിരി വിടർന്നു തുടങ്ങി. ആ പുഞ്ചിരി മീനുവും ശ്രദ്ധിച്ചു. അവളുടെ സിരകളിൽ അഗ്നി പടർത്താൻ ആ പുഞ്ചിരിക്കു കഴിഞ്ഞു എന്ന് വേണം കരുതാൻ പതിയെ അവന്റെ മിഴികളിലേക്ക് ഒന്ന് നോക്കി അവൾ.

” പക്ഷെ ആനന്ദ് ഞാൻ പറഞ്ഞില്ലെ കഴിഞ്ഞ കുറച്ചു നാളുകളായി ഞാൻ നിന്നെ നല്ല പോലെ ശ്രദ്ധിച്ചു. നിന്റെ ലക്ഷ്യം എന്റെ ശരീരമാണ് എന്ന് മനസിലാക്കിയ നിമിഷം എന്റെ ഉള്ളിലെ വിഷമം സ്വയം സഹിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.. സോ… ലെറ്റ്സ്‌ ബ്രേക്കപ്പ്… ”

പറഞ്ഞ് നിർത്തുമ്പോൾ മീനുവിന്റെ മിഴികൾ ജ്വാലിക്കുന്നത് അറിഞ്ഞു ആനന്ദ്. അവൻ ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണമായിരുന്നു അത്. മുഖത്ത് വിരിഞ്ഞ പുഞ്ചിരി മായാൻ വെറും സെക്കന്റുകൾ മാത്രമാണ് വേണ്ടി വന്നത്.

” മീ… മീനു .. നീ ഭ്രാന്ത്‌ പറയുകയാണോ… നല്ലത് പോലെ ആലോചിച്ചിട്ടാണോ ഈ പറഞ്ഞത് പിന്നീട് ദുഖിക്കേണ്ടി വരും… ഇനി പിന്നാലെ വന്നാൽ ഞാൻ മൈൻഡ് ചെയ്യില്ല നിന്നെ ഓർത്തോ.. ”

പതർച്ചയെ മറികടന്നു ഒരു ഭീഷണിയോടെ തന്നെ വീണ്ടും പറഞ്ഞ് നിർത്തി അവൻ..
ഒരു നിമിഷം അവർക്ക് ഇടയിൽ നിശബ്ദത പടർന്നു.

“പോടാ… ”

പുച്ഛത്തോടെയുള്ള മീനുവിന്റെ മറുപടിയാണ് ആ നിശബ്ദതയെ കീറി മുറിച്ചത്. ശേഷം പിന്നൊരു മറുപടിക്ക് കാക്കാതെ തിരിഞ്ഞു നടന്നു അവൾ.

” ടീ .. മീനു.. വാശി കാണിച്ചാൽ നീ ദുഖിക്കും ഓർത്തോ.. ”

ഇളിഭ്യത മറയ്ക്കാൻ പാടുപെട്ടു ആനന്ദ്. പക്ഷെ ഒന്ന് തിരിഞ്ഞു നോക്കാൻ പോലും മുതിർന്നില്ല മീനു. അവളുടെ മിഴികളിൽ അപ്പോൾ നീരണിഞ്ഞിരുന്നു. ആത്മാർത്ഥ പ്രണയം കൈവിട്ടു പോയ ഒരു നീറ്റൽ ഇടനെഞ്ചിനെ അസ്വസ്തമാക്കി. എന്നിരുന്നാലും താൻ എടുത്ത തീരുമാനം ഏറെ ഉചിതമായത് ആണ് എന്ന വിശ്വാസം ആ അസ്വസ്ഥത മാറ്റി.

ശരീരത്തെയല്ല… മനസ്സിനെ സ്നേഹിക്കുന്നവനാണ് യഥാർത്ഥ പങ്കാളി എന്ന തിരിച്ചറിവ് അവളുടെ തളർച്ചയെ പൂർണ്ണമായും അകറ്റി ഒപ്പം ഊർജ്ജമേകി

പിന്നിൽ ആകെ മരവിപ്പോടെ നിന്നു ആനന്ദും. തന്റെ എടുത്തു ചാട്ടം വിനയായി എന്ന തിരിച്ചറിവിൽ വല്ലാത്ത കുറ്റബോധം തോന്നി അവന്.

” പുല്ല് പണി പാളി… വേണ്ടായിരുന്നു.. ”

നിരാശയിൽ പിറുപിറുത്തു കൊണ്ടവൻ നോക്കി നിൽക്കുമ്പോൾ മീനു നടന്നകന്നിരുന്നു

‘പ്രണയം അതൊരു അനുഭവമാണ്….. പരസ്പര വിശ്വാസം കൊണ്ടും കരുതൽ കൊണ്ടും നാം നേടി എടുക്കുന്ന സുഖകരമായ ഒരു അനുഭവം…. പ്രണയത്തിനുള്ളിൽ കാമമുണ്ട് പക്ഷെ കാമം മാത്രമല്ല പ്രണയം എന്ന തിരിച്ചറിവാണ് ഓരോ ബന്ധങ്ങളും ദൃഢമാക്കുന്നതും..
(ശുഭം )

✍️പ്രജിത്ത് സുരേന്ദ്രബാബു.

Leave a Reply

Your email address will not be published. Required fields are marked *