ഒരു പെണ്ണ് പിടിയന്റെ അനിയത്തിയെ അവർക്ക് വേണ്ടന്നാ ചെക്കൻ കൂട്ടർ പറയുന്നേ… ആ ബന്ധം നടക്കില്ല…..

“ഒരു പെണ്ണ് പിടിയന്റെ അനിയത്തിയെ അവർക്ക് വേണ്ടന്നാ ചെക്കൻ കൂട്ടർ പറയുന്നേ… ആ ബന്ധം നടക്കില്ല..”

ബ്രോക്കർ പറയുന്നത് കേട്ട് ദീപക്കിന് ചങ്ക് തകരുന്നത് പോലെ തോന്നിപ്പോയി. അനിയത്തി കാർത്തികയും അമ്മയും അച്ഛനും എല്ലാവരും വല്ലാത്ത നടുക്കത്തോടെയാണ് അത് കേട്ടത്.. ദയനീയമായി അവരുടെ മുഖത്തേക്ക് മാറി മാറി നോക്കവേ അവന്റെ മിഴികൾ തുളുമ്പി.

” മോനെ.. നീ ഇങ്ങനെ വിഷമിക്കല്ലേ… അങ്ങിനെ പോകുന്നോർ ആണേൽ പോട്ടെ.. ഇതല്ലേൽ വേറെ ബന്ധം വരും… ”

അമ്മയ്ക്ക് അവന്റെ വേദന കണ്ടിട്ട് സഹിച്ചില്ല.

” ചേട്ടാ… വിഷമിക്കല്ലേ… ”

കാർത്തികയും ദീപക്കിന്റെ അരികിലായി ചെന്നിരുന്നു.

” മോളെ.. നോക്ക് എന്നെക്കാരണം ഇപ്പോ നിന്റെ ജീവിതം കൂടി…. ഞാൻ എന്ത് തെറ്റ് ചെയ്തിട്ട് ആണ് ഇങ്ങനൊക്കെ.. ബന്ധുക്കളുടെ ഇടയിൽ കൂട്ടുകാരുടെ ഇടയിൽ നാട്ടുകാരുടെ ഇടയിൽ.. എല്ലായിടത്തും ഞാനിപ്പോ ഒരു പരിഹാസ കഥാപാത്രമായി മാറി.. ”

പൊട്ടിക്കരഞ്ഞു പോയി അവൻ. അത് കണ്ടു നിൽക്കുവാൻ കാർത്തികയ്ക്കും കഴിയുമായിരുന്നില്ല.. വല്ലാത്തൊരു അരിശം ആ നിമിഷം അവളുടെ ഉള്ളിൽ ഉടലെടുത്തു.

” ചേട്ടാ… ഇതങ്ങിനെ വെറുതെ വിട്ടാൽ പറ്റില്ല പ്രതികരിക്കണം. ചേട്ടൻ ബസിൽ വച്ച് മോശമായി പെരുമാറി എന്ന് പറഞ്ഞ് വിഡിയോ ഷെയർ ചെയ്തവളെ വെറുതേ വിടരുത്.. നമുക്ക് തിരിച്ചു അവർക്കെതിരെ കേസ് കൊടുക്കണം.. ”

വാശിയോട് കാർത്തിക പറയുമ്പോൾ അവളുടെ മുഖത്തേക്ക് തന്നെ തുറിച്ചു നോക്കി ദീപക്.

” അതേ വെറുതേ വിടരുത്.. എന്റെ മോനെ കരയിച്ചവളെ കോടതി കയറ്റണം.. കണക്ക് പറയിക്കണം. ”

അമ്മയും അതേ വാശിയിൽ തന്നെയായിരുന്നു. അതോടെ കാർത്തികക്ക് കൂടുതൽ ആവേശമായി.

” എന്ത് ചെയ്യണമെന്ന് എനിക്ക് അറിയാം. നിങ്ങൾ എനിക്ക് ഒപ്പം ഒന്ന് നിന്നാൽ മതി.. ”

ദൃഢമാർന്ന ആ വാക്കുകൾക്ക് പിന്നിൽ ശക്തമായ ഒരു തീരുമാനം കൂടി ഉണ്ട് എന്ന് ആ കുടുംബം മനസിലാക്കി.

*************************

” നീതു നിന്റെ വീഡിയോ എന്തായാലും വൈറൽ ആയി… നല്ല റീച്ച് ഉണ്ട്… പക്ഷെ ആ ചെറുക്കൻ എന്തേലും സീൻ ആക്കോ.. അവൻ നിന്നോട് മോശമായിട്ട് ഒന്നും പെരുമാറാതെ അല്ലെ നീ അവനെതിരെ പോസ്റ്റ്‌ ഇട്ടത്.. നാണക്കേട് മൂത്ത് എന്തേലും കടുംകൈ ചെയ്യോ.. ”

കൂട്ടുകാരി അനഘയുടെ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു നീതു.

” ഒരിക്കലും ഇല്ല… പെണ്ണ് കേസാണ് മോളെ.. അവൻ ആകെ വെകിളി പിടിച്ചു കാണും ഇപ്പോൾ .. നമ്മൾ കേസിനൊന്നും പോയില്ലല്ലോ.. അന്നേരം എങ്ങിനേലും ഈ പ്രശ്നത്തിൽ നിന്ന് ഒന്ന് ഊരിയാൽ മതി ന്ന് ആകും ചെക്കന്. സോ അവൻ ഇനി ഇഷ്യൂ ഒന്നും ഉണ്ടാക്കില്ല.. പിന്നെ ഞാൻ ആഗ്രഹിച്ച ഫോള്ളോവേഴ്സും റീച്ചും ഒക്കെ ആയിട്ടുണ്ട്.. ഇനി അത് എങ്ങനേലും മൈന്റൈൻ ചെയ്ത് പോണം.. പിന്നേ അടുത്തൊരു ഇഷ്യൂ എന്തേലും വരുമ്പോ ഈ പ്രശ്നമൊക്കെ ആൾക്കാര് മറക്കും.. അതോടെ ആ ചെക്കന്റെ ഇഷ്യൂസും തീരും… ”

വല്ലാത്തൊരു കോൺഫിഡന്റ്സ് ആയിരുന്നു അവൾക്ക് അപ്പോൾ. എന്നാൽ റീച്ചിനു വേണ്ടി ചെയ്തതിനുള്ള മറുപണി ഒരുങ്ങുന്നത് നീതു അറിഞ്ഞില്ല..

അതേ സമയം തന്നെ മറ്റൊരു ഭാഗത്ത് തിരിച്ചടിക്കുവാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു കാർത്തിക.. സോഷ്യൽ മീഡിയ വഴി വന്ന ആരോപണത്തെ അതെ നാണയത്തിൽ തന്നെ തിരിച്ചടിക്കാൻ തീരുമാനിച്ചു അവൾ
അതിനായി തിരഞ്ഞെടുത്തത് ഫേസ് ബുക്ക്‌ ലൈവ് വീഡിയോ തന്നെയായിരുന്നു.

” ഹായ് ഫ്രണ്ട്സ്… എന്റെ പേര് കാർത്തിക.. എന്നെ നിങ്ങൾക്ക് പലർക്കും അറിയില്ല. അത് കൊണ്ട് മറ്റൊരു രീതിയിൽ ഞാൻ പരിചയപ്പെടുത്താം… ഇന്നലെ നിങ്ങൾ എല്ലാരും ശ്രദ്ധിച്ച ഒരു ഫേസ് ബുക്ക്‌ റീൽ വീഡിയോ ഓർമ്മയുണ്ടോ.. ഒരു പ്രൈവറ്റ് ബസിൽ ഒരു യുവാവ് തന്നെ ശല്യം ചെയ്തു എന്ന് കാട്ടി ഒരു പെൺകുട്ടി ഇട്ട വീഡിയോ.. ആ വിഡിയോയിൽ കാണുന്ന ചെറുപ്പക്കാരന്റെ അനിയത്തിയാണ് ഞാൻ… ഇന്നലെ മുതൽ ചെയ്യാത്ത കുറ്റത്തിന് എന്റെ ചേട്ടൻ അനുഭവിക്കുക മാനസിക ബുദ്ധിമുട്ടുകൾ കാണുമ്പോൾ പ്രതികരിക്കാതിരിക്കുവാൻ പറ്റുന്നില്ല.. അതുകൊണ്ടാണ് ഇങ്ങനൊരു ലൈവ് വീഡിയോ ചെയ്യുന്നത്.. നിങ്ങളിൽ എത്ര പേര് ശ്രദ്ധിച്ചു ന്ന് അറിയില്ല.. ശല്യം ചെയ്തു എന്ന് പറഞ്ഞ് ആ പെൺകുട്ടി ഷെയർ ചെയ്തേക്കുന്ന വീഡിയോയിൽ ഏതേലും ഒരു ഭാഗത്ത് എന്റെ ചേട്ടൻ ആ പെങ്കൊച്ചിനെ ഒന്ന് ടച്ച് എങ്കിലും ചെയ്യുന്നുണ്ടോ… അങ്ങിനെ ഒരു ഭാഗം നിങ്ങൾ ആരെങ്കിലും കണ്ടുവോ… കണ്ടെങ്കിൽ ഒന്ന് അയച്ചു തരണം.. കാരണം ഞങ്ങൾ ആരും നോക്കിയിട്ട് അങ്ങിനെ ഒന്ന് കണ്ടില്ല… സത്യം പറഞ്ഞാൽ ഈ പെൺകുട്ടിയുടെ വിഡിയോയിൽ അങ്ങനൊരു സീൻ ഇല്ല… മാത്രല്ല അവർ സഞ്ചരിച്ച ബസിൽ ക്യാമറയുണ്ടായിരുന്നു. അതിലും ഞങ്ങൾ നോക്കി യാതൊരു തരത്തിലും ആ പെൺകുട്ടിയെ എന്റെ ചേട്ടൻ ശല്യം ചെയ്യുന്നില്ല.. ചേട്ടൻ ഇരുന്ന സീറ്റിലേക്ക് ചെന്നിരുന്നത് അവൾ ആണ്. എന്നിട്ടും എന്തിനാണ് എന്റെ ചേട്ടന് എതിരെ ഇങ്ങനൊരു ആരോപണം… എന്തേലും മുൻ വൈരാഗ്യം ആണോ.. ”

അവൾ ലൈവിലൂടെ കത്തിക്കയറി..

പതിയെ പതിയെ ഷെയർ ചെയ്ത് ഷെയർ ചെയ്ത് ആ വീഡിയോയും വേഗത്തിൽ വൈറൽ ആയി തുടങ്ങി. അതോടെ കാർത്തിക ഉന്നയിച്ച ചോദ്യങ്ങൾ വ്യാപകമായി ഉയർന്നു തുടങ്ങി..

” നീതു… എടീ ഒന്ന് എണീറ്റെ.. ദേ നീ ഈ വീഡിയോ ഒന്ന് നോക്ക്യേ. ഒരു പണി വരുന്നുണ്ട് മോളെ എട്ടിന്റെ പണി.. ”

ഉറക്കത്തിലായിരുന്ന നീതുവിനെ തട്ടി ഉണർത്തുമ്പോൾ ആകെ വെപ്രാളത്തിലായിരുന്നു അനഘ.

” എന്താടീ.. എന്താ… മനുഷ്യന്റെ ഉറക്കം കളയാനായിട്ട്… ”

ഉറക്കച്ചടവിൽ എണീറ്റ അവളുടെ മുന്നിലേക്ക് ആ വീഡിയോ പ്ലേ ചെയ്ത് കൊടുത്തു അനഘ..

“ദേ കാണ്.. നിനക്ക് ഉള്ള പണിയാണ് ”

വീഡിയോയിലേക്ക് തുറിച്ചു നോക്കി നീതു അപ്പോൾ.

” എന്റെ ചേട്ടനെ പറ്റി നിങ്ങൾക്ക് നാട്ടിൽ ആരോട് വേണേലും തിരക്കാം. ഇന്നേവരെ ഒരു പെൺകുട്ടിയോട് പോലും മോശമായി പെരുമാറിയിട്ടില്ല പാവം. ആരെക്കൊണ്ടും ഒരു മോശം അഭിപ്രായം പോലും കേൾപ്പിച്ചിട്ടുമില്ല… അങ്ങനുള്ള ഒരാളെ പറ്റിയാണ്… മാത്രമല്ല ആ പെൺകുട്ടി പുറത്ത് വിട്ട വീഡിയോ കണ്ടവർ ശ്രദ്ധിച്ചോ ന്ന് അറിയില്ല.. രണ്ട് കാര്യങ്ങൾ ആ വിഡിയോയിൽ വ്യക്തമായിരുന്നു ഒന്ന് എന്റെ ചേട്ടൻ ഇരുന്നത് ബസിന്റെ പിൻവാതിലിൽ നിന്നും മുന്നിലേക്ക് രണ്ടാമത്തെ സീറ്റിൽ ആണ്. ആ സീറ്റിലാണ് ഈ പെൺകുട്ടിയും വന്നിരുന്നത് ആ വിഡിയോയിൽ തന്നെ വ്യക്തമായി കാണാം ആ സീറ്റിന്റെ മുകളിൽ ‘പുരുഷന്മാർ’ എന്ന് എഴുതിയേക്കുന്നത് മാത്രമല്ല മുൻഭാഗത്തെ സീറ്റുകൾ പലതും കാലിയായിരുന്നു എന്നതും ഇതേ വിഡിയോയിൽ വ്യക്തമാണ്. അപ്പോൾ ഇവർ മനഃപൂർവം ഒരു പ്രശ്നം ഉണ്ടാക്കാനായി അവിടെ ചെന്നിരുന്നതല്ലേ…. മാത്രമല്ല ഒരു പബ്ലിക് പ്ളേസിൽ വച്ച് മോശം അനുഭവം ഉണ്ടായിട്ട് കാരണക്കാരൻ അടുത്തിരുന്നിട്ടും പ്രശ്നം ഒന്നും ഉണ്ടാക്കാതെ വീഡിയോ എടുത്ത് വീട്ടിൽ കൊണ്ട് പോയി അത് എഡിറ്റ്‌ ചെയ്ത് ഓഡിയോ കയറ്റി പോസ്റ്റ്‌ ചെയ്തേക്കുന്നു.. ഇത് എന്ത് തരം പ്രതികരണം ആണ്… അപ്പോ ഇതൊക്കെ വെൽ പ്ലാൻഡ് അല്ലെ … പബ്ലിസിറ്റി കിട്ടാൻ ഉള്ള വെറും ചീപ്പ് നമ്പറുകൾ.. ഇപ്പോ ആ വീഡിയോ മൂലം എന്റെ ചേട്ടന് പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഞങ്ങൾ നിയമനടപടി സ്വീകരിക്കുവാൻ തന്നെ തീരുമാനിച്ചേക്കുവാണ്. ചേട്ടൻ ശല്യം ചെയ്തു എന്നത് വ്യക്തമായി തെളിയിക്കുവാൻ തക്കതായ തെളിവുകൾ പരസ്യപ്പെടുത്താൻ ആ പെൺകുട്ടിക്ക് കഴിഞ്ഞില്ല എങ്കിൽ നിയമ നടപടി നേരിടുവാൻ തയ്യാറായിക്കോളൂ.. ആത്മാഭിമാനം ഞങ്ങൾക്കുമുണ്ട്.”

വീഡിയോ അവിടെ കട്ട്‌ ആയി. അത് കണ്ട് തീർക്കവേ അടിമുടി ഭയത്താൽ വിറച്ചു നീതു.

” നീതു ഇത് ആ പയ്യന്റെ പെങ്ങൾ ആണ്. ഈ വീഡിയോ ഇതിനോടകം നീ ഇട്ട വീഡിയോയേക്കാൾ റീച്ച് ആയിട്ടുണ്ട്. മാത്രല്ല ഇതിപ്പോ വലിയ ചർച്ചയായി ന്യൂസിൽ പോലും വന്നു.. പണി പാളി ന്ന് ആണ് തോന്നുന്നേ ടീ.. ഇനീപ്പോ കേസ് കൂടി ആയാൽ… ”

അനഘ പറഞ്ഞ് നിർത്തുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ ആകെ കുഴഞ്ഞു പോയി നീതു.

” ഇനീപ്പോ എന്താ ചെയ്ക കേസൊക്കെ ആയാൽ ആകെ പ്രശ്നം ആകും… ഒന്നാമതെ ഈ റീൽ വീഡിയോസ് ഒക്കെ ചെയ്യുന്നത് അച്ഛന് ഒട്ടും ഇഷ്ടം അല്ല.. ഇന്നലത്തെ വീഡിയോ തന്നെ കണ്ടിട്ട് ഇനി മേലിൽ ബസിൽ കേറി പോകരുത് എന്ന് പറഞ്ഞേക്കുവാ. ”

ഭയത്താൽ ഒന്ന് അനങ്ങാൻ പോലും കഴിയാതെ ഇരുന്നു പോയി അവൾ. അപ്പോഴേക്കും ഫോണിൽ അച്ഛന്റെ കോളും എത്തി.

” എടീ ദേ അച്ഛൻ വിളിക്കുന്നു.. ഉറപ്പായും കാര്യങ്ങൾ അറിഞ്ഞു കാണും എനിക്ക് വയ്യ ഇനി എന്ത് ചെയ്യുമെന്ന് അറിയില്ല.. ”

ഭയത്താൽ പൊട്ടിക്കരഞ്ഞു നീതു. ഒരു നിമിഷം കൊണ്ട് എല്ലാം തകർന്നടിയുന്നത് ചിന്തിക്കാൻ കൂടി കഴിയുമായിരുന്നില്ല അവൾക്ക്.

അതേസമയം കാർത്തികയുടെ വീഡിയോ വൈറൽ ആയതോടെ ദീപക്കിന് സപ്പോർട്ടുമായി കൂടുതൽ പേര് മുന്നിലേക്കെത്തി. നാട്ടിലെ പലരും അവനെ വിളിച്ചു ഒപ്പമുണ്ടെന്ന് അറിയിച്ചു തുടങ്ങി. ഒറ്റപ്പെടുത്തിയവർ ഒപ്പം കൂടി തുടങ്ങിയതോടെ വല്ലാത്ത സന്തോഷത്തിലായി ദീപക്.

” മോള് ഇട്ട വീഡിയോ ഫലം കണ്ടു ദേ ന്യൂസിൽ ഒക്കെ കാണിക്കുന്നുണ്ട്. പരാതി കിട്ടിയാൽ അന്വേഷിച്ചു വേണ്ട നടപടി എടുക്കാൻ ഡി ജി പി ഉത്തരവിട്ടു ന്ന്. ”

അച്ഛനും ഏറെ സന്തോഷത്തിലായിരുന്നുഅനിയത്തിയെ കെട്ടിപ്പിടിച്ചു കരഞ്ഞു പോയി ദീപക്. കാരണം അതുവരെ അവൻ അനുഭവിച്ച മാനസിക സംഘർഷങ്ങൾ അത്രമേലായിരുന്നു പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപുകളിൽ ഒക്കെ അവന് അനുകൂലമായ ചർച്ചകൾ അതിനോടകം തുടങ്ങിയിരുന്നു. കൂട്ടുകാരിൽ പലരും സത്യാവസ്ഥ മനസിലാക്കി അവനെ വിളിച്ചു. വീണ്ടും ദീപക്കിന് ഒപ്പം പിന്തുണയുമായി ഒരു കൂട്ടം ഉടലെടുത്തു..

” ചേട്ടാ നമുക്ക് ഇന്ന് തന്നെ കേസ് കൂടി കൊടുക്കണം. അവളെ അങ്ങിനെ വെറുതേ വിടരുത്. ”

കാർത്തികയുടെ വാശി അപ്പോഴും കെട്ടടങ്ങിയിരുന്നില്ല.

” അതേ മോളെ.. വിടില്ല ഞാൻ അവളെ…. ഞാൻ അനുഭവിച്ച നാണക്കേടിന്റെ പകുതി എങ്കിലും അവളും അറിയണം..”

ദീപക്കിലേക്കും കൂടി ആ തീ പടരവേ നീതുവിന്റെ കഷ്ടകാലം ആരംഭിച്ചു തുടങ്ങി.

സോഷ്യൽ മീഡിയ റീച്ചിനും പ്രശസ്തികൾക്കും വേണ്ടി ഇത്തരം കൊള്ളരുതായ്മകൾ ചെയ്യാൻ പോലും മടിക്കാത്തവർക്കായി ഈ കഥ സമർപ്പിക്കുന്നു. എന്ത് ചെയ്തേലും പ്രശസ്തരാകാൻ ശ്രമിക്കുമ്പോൾ മറു തലയ്ക്കൽ ഒരു വിഭാഗം ദീപകിനെ പോലെ ഉള്ളുരുകുന്നത് അവറ്റകൾ കാണില്ല…. ചിലരുണ്ട് പണി തിരികെ കിട്ടിയാൽ മാത്രമേ പഠിക്കുള്ളൂ..

(ശുഭം )

✍️പ്രജിത്ത് സുരേന്ദ്രബാബു

Leave a Reply

Your email address will not be published. Required fields are marked *