രാവിലെ കുളിയും കഴിഞ്ഞു റൂമിലേയ്ക്ക് വന്ന അർച്ചന പെട്ടന്ന് ആ കാഴ്ച്ച കണ്ട് വല്ലാതായി..
വിവേകേട്ടന്റെ പെങ്ങൾ തങ്ങളുടെ റൂമിൽ എന്തോ തിരയുകയാണെന്നാണ് ആദ്യം കരുതിയത്. പക്ഷെ, ബെഡ്ഡ് ഷീറ്റ് വിരിച്ചിടുന്നത് കണ്ടപ്പോൾ അതിശയം തോന്നി..ഇവർക്കിതെന്തു പറ്റി..!
ചുളുങ്ങി കിടന്ന ഷീറ്റ് നന്നായി വിരിച്ചിട്ടിട്ട് അവർ അതിൽ വീണ്ടും വീണ്ടും എന്തോ സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോൾ സംശയം കടുത്തു.. എന്തായിരിക്കും…??
പെട്ടെന്ന് പിന്നിൽ വാതിൽക്കൽ നിൽക്കുന്ന അർച്ചനയെ കണ്ട് അവരൊന്ന് വിളറി.
“എന്താ ചേച്ചീ എന്താ ഇവിടെ തിരയുന്നത്..”
മുടിയിൽ കെട്ടിവെച്ചിരുന്ന ടവ്വൽ അഴിച്ചു മുടിയിലെ നനവ് തുടച്ചു കൊണ്ടാണ് അർച്ചന ചോദിച്ചത്..
“ഓഹ്, ഞാൻ അർച്ചനയെ രാവിലെ അടുക്കളയിലോട്ട് കണ്ടില്ലല്ലോ എന്ന് കരുതി തിരക്കി വന്നതാ.. കുളിക്കാൻ പോയതാണ് അല്ലേ..”
“അതെ.. ഞാൻ ദാ ഇപ്പോൾ വന്നേക്കാം. ഒരഞ്ചു മിനിറ്റ്..”
“ഓഹ്, അത് സാരമില്ല ഞാൻ വെറുതെ വന്നന്നേയുള്ളൂ..”
അവർ തിടുക്കത്തിൽ മുറി വിട്ട് പോകുന്നത് കണ്ടപ്പോൾ എന്തോ പന്തികേട് തോന്നിയ അവൾ കിടക്കവിരിയിൽ ആകമാനമൊന്നു നോക്കി. ഇല്ല പ്രത്യേകിച്ച് ഒന്നും കാണുന്നില്ലല്ലോ..
“എന്താടോ താനീ നോക്കുന്നത്. എന്തെങ്കിലും അവിടെ വീണിട്ടുണ്ടോ..?ചേച്ചി ഇപ്പോൾ ഇവിടുന്ന് ഇറങ്ങിപ്പോകുന്നത് കണ്ടല്ലോ..”
വിവേകിന്റെ ശബ്ദം കേട്ട് അവൾ തല പൊക്കി.
“ഏയ്.. ഇവിടെ എങ്ങും ഒന്നുമില്ല. ഞാൻ വെറുതെ..”
“ഞാൻ കരുതി ഇനി ചേച്ചി എന്തെങ്കിലും കണ്ട് പിടിച്ചോ എന്ന്..”
“ഏയ്.. ഇവിടെങ്ങും ഒന്നൂല്ല്യ..ഇന്നലെ വൈകിട്ട് എനിക്ക് പാഡ് വാങ്ങിച്ചു തന്നായിരുന്നല്ലോ..”
“തന്റെ കുളിയൊക്കെ കഴിഞ്ഞോ.. എങ്കിൽ ഇനി ഞാനൊന്ന് കുളിച്ചിട്ട് വരാം.”
വിവേക് ടവ്വൽ എടുത്തു തോളത്ത് ഇട്ടു കൊണ്ട് കുളിക്കാനായി പോയി.
അവൾ കണ്ണാടിയിൽ കണ്ട തന്റെ പ്രതിബിംബത്തിലേയ്ക്ക് ഉറ്റു നോക്കി.
ഇന്നലെ വരെ താൻ തന്റെ സ്വന്തം വീട്ടിൽ ആയിരുന്നു. ഇനി മുതൽ ഇതാണ് തന്റെ വീട്. താനീ വീട്ടിലെ നവ വധുവാണ്. ഇന്നലെ വീട്ടിൽ നിന്ന് എല്ലാവരും വൈകുന്നേരം ഇവിടേയ്ക്ക് വന്നിരുന്നു. വീടും ചുറ്റുപാടുകളുമൊക്കെ കണ്ട് തൃപ്തി അടഞ്ഞിട്ടാണ് എല്ലാവരും മടങ്ങിപ്പോയത്.
പക്ഷെ താൻ ആ നിമിഷങ്ങളിലൊക്കെ വേവുന്ന ഹൃദയവുമായിട്ടാണ് നിന്നിരുന്നത് എന്ന് ആരുമറിഞ്ഞില്ല.
കല്യാണപ്പുടവ മാറ്റി വിവേകിന്റെ മൂത്ത പെങ്ങൾ അലമാര തുറന്നു ഇടാനുള്ള ഡ്രസ്സ് എടുത്തു തന്നിട്ട് വീട്ടിൽ നിന്ന് എല്ലാവരും എത്തുന്നതിനു മുമ്പ് റെഡിയായി നിന്നോളൂ എന്ന് പറഞ്ഞു പോയി.
മുറിയടച്ചിട്ട് ധൃതിയിൽ വേഷം മാറുമ്പോഴാണ് ഒരു സംശയം തോന്നിയത്..സംഗതി അത് തന്നെയെന്ന് ഉറപ്പിക്കുമ്പോൾ ഉള്ളു കിടുങ്ങി.
ദൈവമേ.. പുതിയ വീട്ടിലേയ്ക്ക് വന്നു കയറിയിട്ട് മണിക്കൂറുകൾ പോലും ആയിട്ടില്ല. ഇവിടെയുള്ള സ്ത്രീകൾ ഏതു തരക്കാരാണെന്ന് ഒന്നും അറിയില്ല.. നല്ലൊരു ദിവസം ഇങ്ങനെ സംഭവിച്ചതിനു തന്നെ കുറ്റപ്പെടുത്താനാണ് സാധ്യത. പക്ഷെ ഡേറ്റിനു ഇനിയും ഒരാഴ്ച്ച കൂടിയുണ്ട്. അത് കൊണ്ട് മാത്രമാണ് മുൻകരുതൽ ഒന്നും എടുക്കാഞ്ഞത്..
എന്ത് ചെയ്യുമെന്ന് ഓർത്തു ഒരു പിടിയും കിട്ടിയില്ല. പുറത്ത് ആരോ വാതിലിൽ മുട്ടുന്നത് കേട്ടപ്പോൾ ടെൻഷൻ കൂടി.
വാതിൽ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന ആളിനെ കണ്ട് ഒരാശ്വാസം തോന്നി.
ഇദ്ദേഹത്തോട് തന്നെ കാര്യം പറഞ്ഞാലോ. ഇനിയങ്ങോട്ട് എല്ലാത്തിനും കൂടെ നിൽക്കേണ്ട ആളാണല്ലോ..
“എന്താടോ താനെന്താ ഇങ്ങനെ നോക്കുന്നത്..”
ആ ചോദ്യം കൂടി കേട്ടപ്പോൾ കൂടുതൽ ഒന്നും ആലോചിക്കാതെ ഉള്ള കാര്യം തുറന്നു പറഞ്ഞു.
ആദ്യം ഒന്നു ഞെട്ടിയെന്ന് തോന്നി ആ മുഖം കണ്ടപ്പോൾ.. പിന്നെ ഒന്നും സംഭവിക്കാത്തത് പോലെ ചിരിച്ചു.
“ഇതായിരുന്നോ കാര്യം. തന്റെ ടെൻഷൻ കണ്ടപ്പോൾ ഞാൻ വേറെ എന്തെങ്കിലുമാണെന്ന് പേടിച്ചു.
ഇതിൽ എന്റെ എന്തെങ്കിലും സഹായം വേണമെങ്കിൽ പറഞ്ഞാൽ മതി കേട്ടോ..”
അവൾ ചമ്മലോടെ തലയാട്ടി.
അയാൾ പുറത്തേയ്ക്ക് പോകാൻ തുടങ്ങിയതും അവൾ ഓടിച്ചെന്നു അടക്കിപ്പിടിച്ച ശബ്ദത്തിൽ പറഞ്ഞു.
“പിന്നെ, എനിക്കൊരു പാഡ് വേണമായിരുന്നു.. വാങ്ങിത്തരുമോ..?”
“യ്യോ പാഡോ.. അത് ഇവിടെ ചേച്ചിയോട് ചോദിച്ചാൽ കാണുമല്ലോ.”
“എനിക്കൊരു പേടി.. ഞാൻ വന്നു കയറിയ ദിവസം തന്നെ ഇങ്ങനെ ആയത് അറിഞ്ഞാൽ അവർക്കൊക്കെ എന്നോട് നീരസമോ, ദേഷ്യമോ ഒക്കെ തോന്നില്ലേ..”
അയാൾ ഒന്ന് ആലോചിച്ചു.. ശരിയാണ്, പിന്നെ എന്തൊക്കെയാണ് ഇവളെ പറയുക എന്ന് പ്രവചിക്കാൻ പോലും വയ്യ.
“താൻ പേടിക്കണ്ട. ഈ കാര്യം നമ്മൾ രണ്ട് പേരും മാത്രം തല്ക്കാലം അറിഞ്ഞാൽ മതി. പാഡ് ഞാൻ ഇപ്പോൾ വാങ്ങിക്കൊണ്ട് വരാം..”
അങ്ങനെ ആരും അറിയാതെ ആ പ്രശ്നം പരിഹരിച്ചു. തന്റെ വീട്ടിൽ നിന്ന് അടുക്കള കാണാൻ എത്തിയവർ എല്ലായിടത്തും ചുറ്റിക്കറങ്ങുമ്പോൾ അമ്മയെ മാത്രം വിളിച്ചു മുറിയിൽ കയറ്റി സ്വകാര്യമായി പറഞ്ഞു. അമ്മയും കാര്യം കേട്ടതും വല്ലാതായി..
ഇനി ഇവിടെയുള്ളവർ മകളെ എന്തൊക്കെ പറയുമോ എന്തോ..
ഒരാഴ്ച്ച കൂടി കഴിഞ്ഞേ ഡേറ്റ് ആകൂ എന്ന ധൈര്യത്തിലായിരുന്നു അവൾ.
ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. വന്നത് വന്നു..
“അവരെന്തെങ്കിലും പറഞ്ഞാലും മോളൊന്നും മറുപടി പറയാൻ പോകരുത്. വന്നു കയറിയതല്ലേയുള്ളു..”
അവൾ തലയാട്ടിയതേയുള്ളൂ.
അന്ന് രാത്രിയിൽ ഊണും കഴിഞ്ഞു മുറിയിലേയ്ക്ക് പോകാൻ തുടങ്ങുമ്പോഴാണ് വിവേകേട്ടന്റെ ഇളയ പെങ്ങൾ രാധ അവളുടെ കയ്യിൽ ചൂട് പാലും കൊടുത്തു വിട്ടത്.
ദൈവമേ.. ഈ അവസരത്തിൽ തന്നെ ആദ്യരാത്രി ആഘോഷിക്കണമല്ലോ. വീട്ടിലാണെങ്കിൽ അമ്മ ബെഡ്ഡിൽ കിടക്കാൻ പോലും സമ്മതിക്കാറില്ല. എല്ലാം അശുദ്ധമാകും, അവിടെ തൊടരുത്, അത് എടുക്കരുത് എന്തെല്ലാം വിലക്കുകൾ ആണ്.
ഇവിടെ ഇനി എങ്ങനെയാണെന്ന് ആർക്കറിയാം..
മുറിയിൽ ചെല്ലുമ്പോൾ വിവേക് പ്രസന്റേഷൻ കിട്ടിയതൊക്കെ എടുത്തു നോക്കുന്നു..
അവൾ പാല് എവിടെ വെയ്ക്കുമെന്ന് അറിയാതെ നിന്നപ്പോൾ അവൻ അത് പിടിച്ചു വാങ്ങിച്ചു ടേബിളിൽ വെച്ചു.
“സത്യം പറഞ്ഞാൽ എനിക്ക് ഈ പാലെന്ന് പറയുന്ന സാധനം തീരെ ഇഷ്ടമില്ലാത്തതാണ്. പിന്നെ ഇതൊക്കെ ഓരോരോ ആചാരങ്ങൾ ആണല്ലോ. പക്ഷെ, പാലൊക്കെ കുടിച്ചിട്ട് വെറുതെ ആകാശത്തോട്ടും നോക്കി കിടക്കാൻ ആണല്ലോ വിധി..”
അർച്ചന വിളറി.
“വിവേകേട്ടന് എന്നോട് ദേഷ്യമുണ്ടോ..”
“ഉണ്ടോ എന്ന് ചോദിച്ചാൽ എന്താ പറയുക..ഈയൊരു ദിവസത്തെ കുറിച്ച് എല്ലാവർക്കും ഓരോരോ സങ്കൽപ്പങ്ങളുണ്ടാവില്ലേ.. പക്ഷെ,ഇതൊന്നും താൻ അറിഞ്ഞോണ്ട് വരുത്തി വെച്ചതല്ലല്ലോ.. ഇന്നൊരു ദിവസം കൊണ്ട് ഈ ലോകം അവസാനിക്കാനും പോകുന്നില്ലല്ലോ..കാത്തിരികാം എന്താ..?”
അവൾക്ക് വല്ലാത്ത ആശ്വാസം തോന്നി. തന്നെ മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടല്ലോ..
“എന്തായാലും ഈയൊരു നല്ല ദിവസത്തിന്റെ ഓർമ്മയ്ക്കായി ഈ പാല് നമുക്ക് രണ്ട് പേർക്കും കൂടി കുടിച്ചിട്ട് സുഖമായി കിടന്നുറങ്ങാം എന്താ..”
അവൾ നാണത്തോടെ തലയാട്ടി.
അവൻ കട്ടിലിന്റെ ഒരരികിൽ കിടന്നു.
അവൾ എന്താ വേണ്ടതെന്ന് ആലോചിച്ചു മുറിയിലൊന്നു ആകമാനം നോക്കി.
ഒരു പായ കിട്ടിയിരുന്നെങ്കിൽ..
“എന്താ കിടക്കുന്നില്ലേ..”
“എനിക്ക് ഒരു പായ കിട്ടിയിരുന്നെങ്കിൽ ഞാൻ ഇവിടെ താഴെ കിടക്കായിരുന്നു.”
“താഴെയോ.. അതെന്തിനാ..?”
“അല്ലാ, ഞാൻ എന്റെ വീട്ടിലും ഈ സമയത്ത് താഴെയാണ് കിടക്കുന്നത്. അമ്മ വഴക്ക് പറയും, ബെഡ്ഡിൽ കിടക്കാൻ പാടില്ല,.”
അവൻ എഴുന്നേറ്റിരുന്നു.
“അതൊക്കെ തന്റെ വീട്ടിൽ. ഇവിടെ അങ്ങനെ ഉള്ള പഴഞ്ചൻ രീതികളൊന്നും വേണ്ടാ. താൻ ലൈറ്റ് അണച്ചിട്ട് കേറി കിടക്കാൻ നോക്ക്.”
അവൾക്ക് ചെറിയൊരു സന്തോഷം തോന്നാതിരുന്നില്ല സത്യത്തിൽ.
താഴെ കിടക്കുന്നത് അത്ര സുഖമുള്ള ഏർപ്പാട് അല്ല. ഒരൊറ്റ ഷീറ്റ് മാത്രം വിരിച്ചിട്ട് കിടന്നാൽ രാവിലെ എഴുന്നേൽക്കാൻ പോലും പറ്റില്ല. ദേഹം മുഴുവനും ഇടിച്ചു പിഴിഞ്ഞ വേദനയാണ്.അമ്മ പറയുന്നത്, എല്ലാരും അങ്ങനെയൊക്കെ തന്നെയാണെന്നാണ്..
അവൾ ലൈറ്റ് ഓഫാക്കിയിട്ട് കട്ടിലിൽ കയറി കിടന്നു.
കുറെ നേരം ആരും ഒന്നും മിണ്ടിയില്ല. ഫാനിന്റെ നേർത്ത മൂളല് മാത്രം..
ഉറങ്ങിയോ ഇത്രപെട്ടെന്ന്..
പുതിയ സ്ഥലം, പുതിയ മുറി.. അവൾക്ക് ഉറക്കമേ വന്നില്ല. ചരിഞ്ഞു കിടന്നപ്പോൾ വിവേകിന്റെ ദേഹത്ത് സ്പർശിക്കാതിരിക്കാൻ ശ്രദ്ധിച്ചു..
മൊബൈൽ ഫോൺ എടുത്തു നോക്കിയാൽ ചിലപ്പോൾ ആളിന് ഇഷ്ടപ്പെട്ടില്ലെങ്കിലോ..
വിവേക് ഇടയ്ക്ക് എപ്പോഴോ അവൾക്ക് അഭിമുഖമായി ചരിഞ്ഞു കിടന്നു.
അവൾ പെട്ടന്ന് കണ്ണുകൾ ഇറുക്കി അടച്ചു.
അർച്ചന ഉറങ്ങിക്കാണുമോ..
എന്തായാലും എട്ടിന്റെ പണിയാണ് കിട്ടിയത്. ആർക്കും ഈയൊരു അവസ്ഥ ഉണ്ടായിക്കാണില്ല എന്ന് തീർച്ചയാണ്.
നാളെ ഇനി അമ്പലത്തിലോ മറ്റോ പോകാൻ അമ്മ പറഞ്ഞു പോയാൽ എല്ലാം പൊളിയും.. എന്തെങ്കിലും പറഞ്ഞു തടിതപ്പാം.
ആ കിടപ്പിൽ എപ്പോഴോ രണ്ടാളും ഉറങ്ങിപ്പോയി.
രാവിലെ എഴുന്നേൽക്കാൻ കുറച്ചു വൈകിയെങ്കിലും അവൾ എഴുന്നേറ്റ പാടെ കുളിക്കാൻ ഓടി.
തിരിച്ചു വരുമ്പോഴാണ് വിവേകേട്ടന്റെ പെങ്ങൾ മുറിയിൽ നിൽക്കുന്നത് കണ്ടത്.
വിവേകേട്ടൻ പറഞ്ഞത് പോലെ ഷീറ്റിൽ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും അവർ പരിശോധിച്ചതിന്റെ പൊരുൾ പിന്നീടാണ് അവൾക്ക് മനസ്സിലായത്..
ശ്ശോ അതായിരുന്നോ…
ഇവരൊക്കെ എന്ത് മനുഷ്യരാണ്.ഈ കണക്കിന് തന്റെ പീരിയഡിന്റെ കാര്യം കൂടി അറിഞ്ഞാൽ എന്തായിരിക്കും..
അവൾ കൂടുതൽ ആലോചിച്ചു നിൽക്കാതെ അടുക്കളയിലേയ്ക്ക് നടന്നു.
അമ്മയും നാത്തൂന്മ്മാരും തിരക്ക് പിടിച്ച ജോലികളിലാണ്.
അവളെ കണ്ടതും മൂന്ന് പേരും പരസ്പരം നോക്കി.
“ങ്ഹാ മോള് വന്നോ. ദേ കാപ്പി അവിടെ അടച്ചു വെച്ചിട്ടുണ്ട്. മോൻ എഴുന്നേറ്റെങ്കിൽ അവനും കൂടി ഒരു ഗ്ലാസ് എടുത്തേര്.. പിന്നെ രണ്ട് പേരും കൂടി അമ്പലത്തിൽ ഒന്ന് പോയിട്ട് വരണം കേട്ടോ..”
കാപ്പി തുളുമ്പി അവളുടെ കയ്യിൽ വീണു.
ഈശ്വരാ.. പേടിച്ചത് പോലെ തന്നെ നടക്കാൻ പോകുന്നു.
എന്ത് പറഞ്ഞു ഒഴിഞ്ഞു മാറും.
അവൾ ഒന്നും മിണ്ടാതെ രണ്ട് കപ്പുമായി മുറിയിലേയ്ക്ക് ധൃതിയിൽ വെച്ച് പിടിച്ചു.
വിവേക് കുളിയും കഴിഞ്ഞിട്ട് വന്നിട്ട് മുടി ചീകുന്നു.
“എല്ലാം പൊളിയാൻ പോകുന്നു കേട്ടോ. അമ്മ നമ്മളോട് അമ്പലത്തിൽ പോകാൻ പറഞ്ഞു. എന്ത് ചെയ്യും ഇനി..!”
വിവേക് കാപ്പി കപ്പ് വാങ്ങി ഒന്ന് മൊത്തി.
“ഇത് ഞാൻ പ്രതീക്ഷിച്ചതേയുള്ളൂ. സാരമില്ല നമുക്ക് പോയേക്കാം എന്താ..?”
അവൾ അവനെ തുറിച്ചു നോക്കി. തമാശ കളിക്കാൻ പറ്റിയ കാര്യമാണല്ലോ ഇത്!
“താനിങ്ങനെ നോക്കി ദഹിപ്പിക്കണ്ട. ഞാൻ കാര്യമായിത്തന്നെ പറഞ്ഞതാണ്. താൻ വേഗം റെഡിയായിക്കോ..”
അവൾക്ക് ശരിക്കും ദേഷ്യം വന്നു.
“എന്നെ ദേഷ്യം പിടിപ്പിക്കല്ലേ വെറുതെ.. ഞാൻ എങ്ങോട്ടുമില്ല. എല്ലാം ഞാൻ അമ്മയോട് പറയാൻ പോകുവാ. ഇതിപ്പോൾ ആർക്കും ആകാത്തത് ഒന്നുമല്ലല്ലോ..”
“എടോ താൻ ചാടിക്കയറി ഒന്നും ചെയ്യണ്ട. ഞാൻ പോകാമെന്ന് പറഞ്ഞത് അമ്പലത്തിലേക്കാണെന്ന് കരുതിയോ. നമുക്ക് വേറെ എവിടെല്ലാം പോകാം. ഒരു സിനിമയ്ക്ക് പൊയ്ക്കൂടേ, അല്ലെങ്കിൽ ഏതെങ്കിലും ഫ്രണ്ട്സിന്റെ വീട്ടിലോ ബീച്ചിലോ പാർക്കിലോ എവിടെല്ലാം പോകാം. തിരിച്ചു വരുമ്പോൾ വേറെ എവിടെ എങ്കിലും കേറിയെന്ന് കൂടിയങ്ങു പറയണം. അത്രേയുള്ളൂ..”
ഹ്ഹോ ഇപ്പോഴാ അവൾക്ക് സമാധാനമായത്..
എന്നാലും ഇത് എത്ര ദിവസം മറച്ചു പിടിക്കും..
അവർ പെട്ടന്ന് ഒരുങ്ങിയിറങ്ങി. അവൾ ഒരു പുതിയ ചുരിദാറാണ് ധരിച്ചത്. അവൻ പാന്റ്സും ഷർട്ടും.
പോകാനിറങ്ങിയ രണ്ട് പേരെയും കണ്ട് അമ്മയുടെ മുഖം ചുളിഞ്ഞു.
“ഇതെന്തൊരു വേഷമാണെടാ രണ്ടുപേരുടെയും.. ആദ്യമായി രണ്ട് പേരും കൂടി അമ്പലത്തിൽ പോകുന്നത് സിനിമയ്ക്ക് പോകുന്നത് പോലെയാണോ.
അർച്ചനയ്ക്ക് അലമാരയിൽ സെറ്റും മുണ്ടും ഇരിപ്പുണ്ടല്ലോ. നിനക്ക് മുണ്ടും ഷർട്ടും പുതിയത് വാങ്ങിയതും ഉണ്ട്. എന്നിട്ട് ഇതാണോ ഉടുത്തത്. പോയി വേഷം മാറിയിട്ട് വാ പിള്ളേരെ. നിങ്ങളെ രണ്ട് പേരെയും ആദ്യമായി കാണുന്നവർ ഒന്ന് നോക്കുമ്പോൾ ഒരു മെനയും ഐശ്വര്യവുമൊക്കെ വേണ്ടേ. പോകുന്ന വഴിയിൽ ആ പൂക്കടയിൽ നിന്ന് രണ്ട് മുഴം മുല്ലപ്പൂവും കൂടി വാങ്ങി തലയിൽ വെച്ചോളണം കേട്ടോ മോളേ ..”
അർച്ചന വിവേകിനെ കൂർപ്പിച്ചു നോക്കി. അമ്മ ആള് മിടുക്കിയാണല്ലോ. എത്ര കറക്റ്റ് ആയിട്ടാണ് സിനിമയ്ക്ക് പോകുന്നതെന്ന് സൂചിപ്പിച്ചത്.
പെട്ടന്ന് വിവേക് ചാടിക്കയറി പറഞ്ഞു.
“പൂവൊക്കെ ഞങ്ങള് വാങ്ങിച്ചോളാം അമ്മേ. അർച്ചനയ്ക്ക് ചുരിദാർ ഇട്ടാണ് ശീലം. ഇനി വേറൊരു ദിവസമാകട്ടെ സാരിയുടുക്കുന്നത്. ഇപ്പോൾ തന്നെ നേരം വൈകി. ഇനിയും വൈകിയാൽ നട അടയ്ക്കും. അർച്ചന വരൂ..”
കൂടുതൽ പറയാൻ വാസന്തിക്ക് അവസരം കിട്ടിയില്ല. അതിന് മുമ്പേ അവര് ഇറങ്ങി. ബൈക്കിന്റെ ശബ്ദം അകന്നകന്നു പോകുന്നത് കേട്ടപ്പോൾ അവർ മുറുമുറുത്തു.
“ഇപ്പോഴത്തെ പിള്ളേരുടെയൊക്കെ ഓരോ കാര്യം.. സാരി ഉടുക്കാൻ വയ്യാ പോലും. പിന്നെ, ജനിച്ചപ്പോഴേ ഈ കളസമൊക്കെ ഇട്ടോണ്ടല്ലേ വന്നത്..”
“അവരെന്തെങ്കിലുമൊക്കെ ഇടട്ടെ. അമ്മ അതിനൊക്കെ എന്തിനാ ടെൻഷൻ പിടിക്കുന്നത്..”
പോകുന്ന വഴിയിൽ രണ്ട് പേരും ചിരിച്ചു മറിഞ്ഞു.
“അമ്മയുടെ ഒരു കാര്യം. എന്നാലും ഇത്ര കൃത്യമായിട്ട് സിനിമയുടെ കാര്യം പറഞ്ഞല്ലോ..”
അന്ന് സിനിമയും കണ്ട് പുറത്ത് നിന്ന് ചിക്കൻ ബിരിയാണിയും കഴിച്ച് വിവേകിന്റെ രണ്ട് കൂട്ടുകാരുടെ വീട്ടിലും കയറി തിരിച്ചു ചെന്നപ്പോൾ സമയം ആറുമണി കഴിഞ്ഞു.
പെണ്ണുങ്ങളുടെ മുഖം കടന്നല് കുത്തിയത് പോലെ വീർത്തിരിക്കുന്നത് കണ്ടപ്പോൾ രംഗം അത്ര പന്തിയല്ലെന്നു തോന്നി.
“കൊള്ളാം അമ്പലത്തിൽ ഭജന ഇരിക്കാൻ പോയതായിരുന്നോ രണ്ട് പേരും.ഞാൻ കരുതി ഇനി അത്താഴ പൂജയും കൂടി കഴിഞ്ഞേ എത്തൂന്ന്..”
“അമ്പലത്തിൽ രാവിലെ തന്നെ പോയി. ഞാൻ അമ്മയെ വിളിച്ചു പറഞ്ഞതാണല്ലോ വരാൻ കുറച്ചു ലേറ്റാകുമെന്ന്. എന്റെ രണ്ട് കൂട്ടുകാരുടെ വീട്ടിൽ ഒന്ന് പോയി. അതാണ് താമസിച്ചത്.”
വാസന്തി പിന്നെ ഒന്നും പറഞ്ഞില്ല.
ഇനി കുറച്ചു നാൾ അവരെ അവരുടെ പാട്ടിനു വിടുന്നതാണ് നല്ലതെന്ന് ഉപദേശിച്ചിട്ടാണ് പെൺമക്കൾ രണ്ട് പേരും തിരിച്ചു പോയേക്കുന്നത്. അമ്മായിയമ്മപ്പോര് എടുത്തൂന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കരുതത്രെ..!
വിവേകിന് രണ്ട് സഹോദരിമാരും അമ്മയും മാത്രമാണ് ഉള്ളത്. അച്ഛൻ അവന്റെ ചെറുപ്പത്തിൽ മരിച്ചു പോയതാണ്. അമ്മാവന്മാരാണ് അവരെ സഹായിച്ചത്.
രണ്ടു പെൺകുട്ടികളെയും അവരുടെ സഹായത്തോടെയാണ് വിവേകും അമ്മയും കല്യാണം കഴിപ്പിച്ചു വിട്ടത്. ഇൻഫോപാർക്കിൽ കമ്പ്യൂട്ടർ എഞ്ചിനീയർ ആയ അവന് വേണ്ടി പെണ്ണിനെ തിരഞ്ഞെടുത്തതുമെല്ലാം മൂത്ത സഹോദരിയാണ്. പഠിപ്പുള്ള കുട്ടിയാണെങ്കിലും പെണ്ണിനെ ജോലിക്ക് വിടാൻ പക്ഷെ വാസന്തിക്ക് തീരെ താല്പര്യം ഇല്ല.. ഒറ്റയ്ക്കു ജീവിച്ചു മടുത്തു. ഒന്ന് മിണ്ടാനും പറയാനും ആരുമില്ലാതെ അവർ ശരിക്കും പ്രയാസപ്പെടുന്ന അവസരത്തിൽ ആണ് മകന്റെ കല്യാണം നടത്താൻ തീരുമാനിച്ചത്.. വിവേക് ആഴ്ച്ചയിൽ ഒരിക്കലോ മറ്റോ വന്നെങ്കിലായി. ഇനി കല്യാണം കഴിഞ്ഞാൽ കൂടെ പെണ്ണിനേയും കൊണ്ട് പോയാൽ വീണ്ടും തന്റെ ഗതി പഴയതിനേക്കാൾ മോശമാകും.
എന്തായാലും വിവാഹം കഴിയട്ടെ.. മകന്റെ കല്യാണം കഴിഞ്ഞതും പെൺമക്കൾ പൊടിയും തട്ടിപ്പോയി. ഇനി എന്തെങ്കിലും വിശേഷത്തിനോ മറ്റോ ഓടിപ്പാഞ്ഞു വരും.അത്രതന്നെ..!
“അമ്മേ അവരൊക്കെ എവിടെ.. ആരെയും കാണുന്നില്ലല്ലോ..”
“പിന്നെ നിങ്ങളെ നോക്കി എത്ര നേരമെന്നു വെച്ചാ അവര് നിക്കണ്ടത്.അവര് ഊണും കഴിഞ്ഞു പെട്ടന്ന് പോയി.പിള്ളേർക്ക് ഒക്കെ സ്കൂളിൽ പോകേണ്ടതല്ലേ.നിങ്ങള് എന്നാ അവരുടെ വീട്ടിൽ വിരുന്നു ചെല്ലുന്നതെന്ന് വെച്ചാൽ വിളിച്ചു പറയണമെന്ന് പറഞ്ഞിട്ടാ പോയേക്കുന്നത്..”
വിവേക് ഒന്നും മിണ്ടിയില്ല.അവരൊക്കെ അല്ലെങ്കിലും സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവരാണ്.അമ്മയുടെ കൂടെ ഒരു ദിവസം കൂടുതൽ നിന്നാൽ ഒന്നും സംഭവിക്കില്ല..എന്നാലും ആരും നിൽക്കില്ല. എന്തെങ്കിലും വിശേഷം ഉണ്ടേൽ മാത്രം ഒന്ന് വന്നു തല കാണിക്കും.
അവർ മൂന്ന് പേര് മാത്രമായി ആ വീട്ടിൽ. അമ്മയുടെ മുഖത്തെ കടുപ്പം കുറച്ചു കുറഞ്ഞിട്ടുണ്ട്.
അന്ന് അത്താഴം കഴിഞ്ഞു കിടക്കുമ്പോൾ അർച്ചനയുടെ വിരലുകളിൽ അയാൾ തന്റെ വിരലുകൾ കോർത്തു പിടിച്ചു കൊണ്ട് അവളുടെ കണ്ണുകളിലേയ്ക്ക് ഉറ്റു നോക്കി കിടന്നു.
“എന്താ ഇങ്ങനെ നോക്കുന്നത്..”
അവൾക്ക് നാണം വരുന്നുണ്ടായിരുന്നു.
“എത്ര ദിവസം താനെന്നെ ഇങ്ങനെ പട്ടിണിക്കിടും.ഈയൊരു അവസ്ത ശത്രുക്കൾക്ക് പോലും കൊടുക്കരുത് ദൈവം..”
അവൾ ചിരിയടക്കി.
“അതോ.. മുന്ജമ്മത്തിൽ എന്തെങ്കിലും പാപം ചെയ്തിട്ടുണ്ടാവും വിവേകേട്ടൻ.അതാവും ഇങ്ങനെ പറ്റിപ്പോയത്.”
“ങ്ങ് ഹും ഇങ്ങനെ തന്നെ എനിക്ക് വരണം.എല്ലാം ഞാൻ കേൾക്കണം.
എന്റെ അമ്മ അറിഞ്ഞിരുന്നെങ്കിൽ തന്നെ പൊരിപ്പിച്ചേനെ അറിയ്യോ.ഞാൻ ആരുമറിയാതെ എല്ലാം രഹസ്യമാക്കി വെച്ചതിനു ഇങ്ങനെ തന്നെ കേൾക്കണം. നന്ദി വേണമെടോ നന്ദി. അത് തന്റെ അയലോക്കത്തു കൂടി പോയിട്ടുണ്ടോ…”
ഇരുട്ടിലും വിവേകിന്റെ മുഖത്തെ പരിഭവവും, പിണക്കവും അവൾ കണ്ടു.
ശരിയാണ്, എല്ലാം തനിക്കറിയാം. അദ്ദേഹം എല്ലാം ആരുമറിയിക്കാതെ വെച്ചത് തന്നോടുള്ള സ്നേഹം കൊണ്ട് മാത്രമാണ്. തന്നെ ആരും കുറ്റപ്പെടുത്തി സംസാരിക്കാതിരിക്കാനാണ്. പക്ഷെ അതിന്റെ നന്ദിയും സ്നേഹവും തന്റെ മനസ്സ് നിറച്ചും ഉണ്ട്. അത് പക്ഷെ ഈ അവസരത്തിൽ എങ്ങനെ പ്രകടിപ്പിക്കാനാണ്..
“താനുറങ്ങിയോ ഇത്ര പെട്ടന്ന്..”
അവൾ അവന്റെ മുടിയിഴകളിലൂടെ മെല്ലെ വിരലുകൾ ഓടിച്ചു..
“ഇല്ല, ഞാൻ എങ്ങനെ ഉറങ്ങാനാണ്.. ഇതുപോലെ ഒരാൾ അടുത്ത് കിടക്കുമ്പോൾ എനിക്ക് ഒന്നും അറിയാത്തത് പോലെ കിടന്നുറങ്ങാൻ കഴിയോ.. എനിക്കറിയാം ഏട്ടന്റെ മനസ്സ്. എല്ലാം സംഭവിച്ചു പോയി. ഒരു രണ്ട് ദിവസം കൂടി ക്ഷമിക്കൂ. അല്ലാതെ ഞാൻ എന്ത് ചെയ്യാനാ..”
അയാൾ അവളെ പിടിച്ചു തന്റെ ദേഹത്തേയ്ക്ക് ചേർത്ത് പിടിച്ചു.
അവൾ ഒന്ന് പിടഞ്ഞു.. ഈശ്വരാ…
ഈ നേരത്ത് വേണ്ടാത്തതൊന്നും തോന്നിപ്പിക്കരുതേ..
അവളുടെ ഗന്ധം അവന്റെ സിരകളിൽ ലഹരി പടർത്തി. അവളുടെ കൺപീലികളിൽ അവന്റെ കണ്ണുകൾ കോർത്തു. കവിളുകളിൽ ചുണ്ടുകൾ തീപ്പൊരി കൊളുത്തി.. ശരീരം വല്ലാതെ കിതക്കുന്നു.. കോരിത്തരിക്കുന്നു..
തന്നെ ഞെരിച്ചുടയ്ക്കുന്ന വിരലുകൾ പിടിച്ചു മാറ്റാൻ അവൾ ദുർബലമായി ശ്രമിച്ചു കൊണ്ടിരുന്നു..
“ഏട്ടാ.. വേണ്ടാ ഒന്നും ചെയ്യല്ലേ.. പ്ലീസ്, വേണ്ടാ..ഇപ്പൊ ഒന്നും വേണ്ടാ ”
അവളുടെ അടഞ്ഞു പോയ ശബ്ദം അവന്റെ ശ്വാസ നിശ്വാസത്തിൽ കുരുങ്ങി കയ്യും കാലുമിട്ടടിച്ചു..!
അവൾ സർവ്വ ശക്തിയുമെടുത്തു ബലമായി അവനെ പിടിച്ചു തള്ളി.
പിന്നെ പിടഞ്ഞെഴുന്നേറ്റ് അഴിഞ്ഞു ചിതറിയ മുടി വാരിക്കെട്ടി വെച്ചു.
ശരീരം വല്ലാതെ കിതക്കുന്നു. ഒരഞ്ചു മിനിറ്റ് കൂടി വൈകിയിരുന്നെങ്കിൽ താൻ ശരിക്കും കീഴടങ്ങിപ്പോയേനെ..!
വിവേക് പിണങ്ങിയത് പോലെ മുഖം ഉയർത്താതെ കമിഴ്ന്നു കിടന്നു.
അവൾ മേശമേൽ ഇരുന്ന ജഗ്ഗ് എടുത്തു കുറെ വെള്ളം കുടിച്ചു. പിന്നെ അവന്റെ കാതിനരികിലേയ്ക്ക് മുഖം ചേർത്ത് വെച്ച് അടക്കം പറഞ്ഞു.
“സോറി ഏട്ടാ.. നമ്മുടെ ആദ്യരാത്രിയ്ക്ക് ഒരു പവിത്രത ഒക്കെ വേണ്ടേ.. ഞാൻ ഇങ്ങനെ ആശുദ്ധയായിരിക്കുമ്പോൾ നടത്തേണ്ട ചടങ്ങ് അല്ല അത്. നമുക്ക് അത് സൂപ്പറാക്കണ്ടേ.. നിറയെ പൂക്കൾ കൊണ്ട് അലങ്കരിച്ച കട്ടിലിൽ ഇരുന്നു പരസ്പരം പങ്കിട്ടു കുടിക്കുന്ന പാലും, മനസ്സും ശരീരവും.. അതൊക്കെയല്ലേ എല്ലാവരുടെയും സ്വപ്നം. ഒരു രണ്ട് ദിവസം മാത്രമല്ലേ ഞാൻ ചോദിച്ചുള്ളൂ.. അത് കഴിഞ്ഞാൽ പിന്നെ എന്നെ എന്ത് വേണമെങ്കിലും ചെയ്തോളൂ. എനിക്ക് പൂർണ്ണ സമ്മതമാണ്. അതുവരെ ഒന്ന് ക്ഷമിച്ചേ പറ്റൂ..”
അതും പറഞ്ഞവൾ അവന്റെ കാതിൽ ഉമ്മ വെച്ചു.അവന്റെ ശരീരം ഒന്നിളകി.
“ഇതാണ് ഞാൻ താഴെ കിടക്കാമെന്ന് പറഞ്ഞത്. ഇവിടെ കിടന്നാൽ ശരിയാവില്ല.”
അവൾ ഒരു ഷീറ്റ് എടുത്തു നിലത്ത് വിരിക്കാൻ ഒരുങ്ങി.
പെട്ടന്ന് വിവേക് ചാടിയെഴുന്നേറ്റ് അവളെ തടഞ്ഞു.
“അരുത്.. താഴെ കിടക്കരുത്.എന്നെ പേടിച്ചിട്ടാണെങ്കിൽ താൻ മാറി കിടക്കേണ്ട കാര്യമില്ല.. ഞാൻ ഇനിയൊന്നും ചെയ്യില്ല, ഉറപ്പ്..താൻ സമാധാനത്തോടെ കിടന്നുറങ്ങിക്കോ. ”
അവൾ ഒന്ന് സംശയിച്ചു. പിന്നെ ഷീറ്റ് നിലത്തു നിന്നെടുത്തു. കട്ടിലിൽ വിവേകിന്റെ അടുത്ത് ഒരു ഫുഡ് ബോൾ കളിക്കാനുള്ള സ്ഥലം ഉണ്ട്. അവൾ അവനെ തൊടാതെ അകന്നു മാറി കിടന്നു.. പിന്നെ അവന്റെ യാതൊരു ശല്യവും ഉണ്ടായില്ല.
കുറെയേറെ നേരം കഴിഞ്ഞപ്പോൾ വിവേക് ഉറങ്ങിയെന്ന് അവൾക്ക് മനസ്സിലായി.
അവൾക്ക് പക്ഷെ അന്നും തീരെ ഉറക്കം വന്നില്ല.
പിറ്റേന്ന് എങ്ങും പോകാതെ അർച്ചന അമ്മയ്ക്കൊപ്പം അടുക്കളയിൽ സഹായിച്ചു കൊണ്ട് കൂടെ തന്നെ നിന്നു. അന്ന് വിവേക് തനിയെ പുറത്ത് എവിടെയോ പോയിട്ട് തിരികെ കുറെ പച്ചക്കറികളും ഫ്രൂട്ടസും ഒക്കെയായി കയറി വന്നു.
വിവേകിന്റെ മുഖത്തേക്ക് നോക്കാൻ അവൾക്ക് ലജ്ജ തോന്നി.
അവന്റെ പരാക്രമം ഓർക്കുമ്പോൾ ശരീരത്തിലേയ്ക്ക് ഒരു പെരുപ്പ് പടർന്നു കയറുമ്പോലെ..
അന്ന് ഒരുപാടൊന്നും അവർ സംസാരിച്ചില്ല. അവൾ കൂടുതൽ നേരവും അമ്മയോടൊപ്പം ചിലവഴിക്കാനാണ് ശ്രമിച്ചത്. അവനെ കാണുമ്പോൾ ഒരു കുറ്റബോധം ഉണരുന്നത് പോലെ.
കല്യാണം കഴിഞ്ഞിട്ട് അങ്ങനെ നാലാം നാൾ ആയി. സ്വന്തം വീട്ടിലേക്ക് വിരുന്നിനു പോകണ്ട ദിവസം കൂടിയാണ്.
അമ്മ നേരത്തെ എഴുന്നേറ്റ് ഇഡ്ഡലിയും സാമ്പാറുമൊക്കെ റെഡിയാക്കി.
അർച്ചന എഴുന്നേറ്റ് കുളിയും കഴിഞ്ഞു വരുമ്പോൾ അമ്മ മുറ്റം തൂക്കുന്നത് കണ്ടു.
അവൾ ഓടിച്ചെന്നു ചൂല് പിടിച്ചു വാങ്ങി.
“ഇതൊക്കെ ഞാൻ ചെയ്യില്ലേ.. അമ്മ എല്ലാ പണിയും കൂടി ചെയ്താൽ പിന്നെ എനിക്കെന്താ ഇവിടെ ജോലി..”
“ഇവിടുത്തെ പണിയും ചെയ്ത് നിന്നാൽ പോരാ, ഇന്ന് വീട്ടിൽ പോണ്ടേ രണ്ടാൾക്കും കൂടി വിരുന്നിന്. വേഗം അവനോടും റെഡിയാകാൻ പറയ്.”
“അതൊക്കെ പൊയ്ക്കോളാം. ഇത്രയും രാവിലെ എങ്ങനാ ചെന്നു കയറുന്നത്. ഏട്ടൻ നല്ല ഉറക്കത്തിലാണ് ”
അവർ പിന്നെ ഒന്നും പറഞ്ഞില്ല.
അർച്ചന ജോലിയെല്ലാം തീർത്തു വിവേകിനുള്ള കാപ്പിയും കൊണ്ട് ചെല്ലുമ്പോൾ ആൾ ബാത്റൂമിൽ ആണെന്ന് തോന്നി.
കട്ടിലിൽ അലങ്കോലമായി കിടന്ന ഷീറ്റ് വിരിച്ചിടുമ്പോഴാണ് പിന്നിൽ നിന്ന് വിവേക് വന്ന് അവളെ വരിഞ്ഞു മുറുക്കുന്നത്.
അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കും മുമ്പ് അവൻ അവളെയും കൊണ്ട് കട്ടിലിലേയ്ക്ക് വീണു.
അവൾ എതിർത്തില്ല.അവന്റെ ചുംബനങ്ങളുടെ നിർവൃതി നുകർന്നു കൊണ്ട് അവൾ കണ്ണുകൾ അടച്ചു കിടന്നു.
അവളിലെ സ്ത്രീയും സ്വന്തം പുരുഷന്റെ സ്നേഹവും പരിലാളനകളും കൊതിച്ചു തുടങ്ങിയിരുന്നു.
“ഫസ്റ്റ് നൈറ്റ് ഫസ്റ്റ് പകലെന്നാക്കേണ്ടി വരുമോ..”
ഇടയ്ക്ക് അവൾ കളിയായി ചോദിച്ചു.
“ഏയ്.. ഇത് വെറുമൊരു ട്രയൽ. ശരിക്കുള്ള ആദ്യരാത്രി കിടക്കുന്നതല്ലേയുള്ളൂ..”
അവൾ അടക്കിപ്പിടിച്ച ചിരിയോടെ അവനെ കെട്ടിപ്പുണർന്നു.
✍️എസ് കെ
