(രചന: ശ്രേയ)
ഡ്യൂട്ടി കഴിഞ്ഞ് റൂമിലെത്തിയപ്പോൾ തന്നെ അത്യാവശ്യം നന്നായി ക്ഷീണിച്ചിട്ടുണ്ടായിരുന്നു. ഇന്ന് എന്തൊരു തിരക്കായിരുന്നു..!
ക്ഷീണത്തോടെ ചിന്തിച്ചു കൊണ്ട് അപർണ സോഫയിലേക്ക് ഇരുന്നു.
ഇപ്പോൾ ഒരു ഗ്ലാസ് കോഫി കിട്ടിയിരുന്നെങ്കിൽ എന്ത് നല്ലതായിരുന്നു..!
അതിന് ഇവിടെ കോഫീ തരാൻ ആരാ ഉള്ളത്..?
മടുപ്പോടെ ചിന്തിച്ചു കൊണ്ട് അവൾ സോഫയിൽ നിന്ന് എഴുന്നേറ്റു. അടുക്കള ലക്ഷ്യമാക്കി നടക്കുമ്പോൾ അവൾ ചിന്തിച്ചതു മുഴുവൻ തന്റെ ഏകാന്ത ജീവിതത്തെക്കുറിച്ച് ആയിരുന്നു.
ഒരിക്കലും ഒറ്റയ്ക്ക് ആകണം എന്ന് ആഗ്രഹിച്ചിട്ടില്ല. പക്ഷേ വിധി തന്നെ കൊണ്ട് ചെന്ന് എത്തിച്ചത് ഇങ്ങനെ ഒന്നിലേക്ക് ആയിരുന്നു..
ഒരു കോഫി ഉണ്ടാക്കി അത് സിപ്പ് ചെയ്യുമ്പോഴാണ് ഫോണിലേക്ക് കോൾ വരുന്നത്. ആശുപത്രിയിൽ നിന്നാണ് എന്ന് കണ്ടതോടെ അവൾ പെട്ടെന്ന് തന്നെ കോൾ അറ്റൻഡ് ചെയ്തു.
“ഹലോ.. ഡോക്ടറെ ഞാൻ ആൻസിയാണ്..”
” പറഞ്ഞോ ആൻസി.. എന്താ ഇത്ര അത്യാവശ്യം ആയിട്ട്..? ”
ചോദിക്കുമ്പോൾ അപർണക്ക് സ്വയം ഒരു വെപ്രാളം തോന്നുന്നുണ്ടായിരുന്നു. എന്തെങ്കിലും എമർജൻസി സിറ്റുവേഷൻ ഉണ്ടെങ്കിൽ മാത്രമാണ് തന്നെ ഡ്യൂട്ടിക്ക് ശേഷം ഇങ്ങനെ വിളിക്കാറുള്ളത്.
തന്റെ ജോലിയാണ് എങ്കിൽ പോലും ഒരിക്കലും ഒരാളും അങ്ങനെ ഒരു അവസ്ഥയിലേക്ക് എത്തരുത് എന്ന് ആത്മാർത്ഥമായി തന്നെ പ്രാർത്ഥിക്കുന്നുണ്ട്. തനിക്ക് പേഷ്യൻസിനെ കിട്ടിയില്ലെങ്കിലും സാരമില്ല ആരും അപകടത്തിൽ പെടരുത് എന്ന് മാത്രമാണ് ചിന്ത.
” ഡോക്ടറെ ഇവിടെ ഒരു… ഒരു പെൺകുട്ടി സൂയിസൈഡിന് ശ്രമിച്ചതാണ് ഡോക്ടറെ.. കണ്ടീഷൻ ഇത്തിരി ക്രിട്ടിക്കൽ ആണ്. ഡോക്ടർ ഒന്ന് വരുമോ എന്ന് ചോദിക്കുന്നു.. ”
അത് കേട്ടപ്പോൾ അപർണയ്ക്ക് ശരീരം മുഴുവൻ വിറക്കുന്നതു പോലെയാണ് തോന്നിയത്.
“ഞാനിപ്പോ വരാം…”
പറഞ്ഞു കൊണ്ട് കപ്പിൽ ബാക്കിയുണ്ടായിരുന്ന കോപ്പി ഒറ്റ വലിക്ക് കുടിച്ചിട്ട് തിടുക്കപ്പെട്ട് ഒന്ന് ഫ്രഷായി ആശുപത്രിയിലേക്ക് ഓടുകയായിരുന്നു.
അവിടെ ചെല്ലുമ്പോൾ മറ്റുള്ള ഡോക്ടർമാരുടെ സംസാരത്തിൽ നിന്ന് ആ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിയുമോ എന്നു പോലും അപർണയ്ക്ക് സംശയം തോന്നി.
ദൈവത്തിന്റെ കൃപ കൊണ്ടാണോ അവളുടെ കഴിവു കൊണ്ടാണോ എന്നറിയില്ല എന്തായാലും ആ പെൺകുട്ടിയുടെ ജീവൻ തിരികെ പിടിക്കാൻ അവൾക്കു കഴിഞ്ഞു.
അവളുടെ ഫയൽ പരിശോധിച്ചപ്പോഴാണ് മുൻപും ആ പെൺകുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു എന്ന് കാണുന്നത്. അത് എന്തിനാണ് എന്ന് തിരക്കി പോയപ്പോഴാണ് ഒരു റേപ്പ് ആയിരുന്നു അവളുടെ കേസ് എന്ന് അറിയുന്നത്.
ആ കുട്ടിക്ക് മറ്റു പ്രശ്നങ്ങളൊന്നും ഇല്ലാതെ അന്ന് അത്യാവശ്യം കൗൺസിലിംഗും കാര്യങ്ങളും ഒക്കെ കൊടുത്തിട്ടാണ് പറഞ്ഞു വിട്ടത് എന്ന് മറ്റുള്ള ഡോക്ടർമാരോട് അന്വേഷിച്ചതിൽ നിന്ന് അറിയാൻ കഴിഞ്ഞു.
എന്നിട്ടും ഇപ്പോൾ ഈ പെൺകുട്ടി ഇങ്ങനെ ഒരു ആത്മഹത്യ ശ്രമിക്കണമെങ്കിൽ അതിന് പിന്നിൽ വ്യക്തമായ ഒരു കാരണം ഉണ്ടാകും. അതെന്താണെന്ന് അവളോട് തന്നെ ചോദിച്ചറിയണമെന്ന് അപർണ മനസ്സിൽ ഉറപ്പിച്ചിരുന്നു.
ആ കുട്ടിയുടെ കണ്ടീഷൻസ് സ്ടേബിൾ ആണ് എന്ന് കണ്ടതോടെ അപർണ തിരികെ തന്റെ ഫ്ലാറ്റിലേക്ക് പോയി.
അവിടെ എത്തുമ്പോൾ അവളുടെ കണ്ണിൽ ഉണ്ടായിരുന്നത് ആ പെൺകുട്ടിയുടെ നിഷ്കളങ്കമായ മുഖമായിരുന്നു. നാളെ എന്തായാലും ആ കുട്ടിയുടെ കണ്ടീഷൻ കുറച്ചു കൂടി ബെറ്റർ ആകും.
എന്തുകൊണ്ട് അവൾ ഇങ്ങനെ ഒരു സാഹസത്തിനു മുതിർന്നു എന്ന് അവളോട് ചോദിച്ചു മനസ്സിലാക്കണം എന്ന് അപർണ മനസ്സിൽ ഉറപ്പിച്ചു.
രാവിലെ ഡ്യൂട്ടിക്ക് പോകാൻ അവൾക്ക് വല്ലാത്ത താല്പര്യം ആയിരുന്നു. ആദ്യം തന്നെ അവൾ പോയത് ആ പെൺകുട്ടിയെ അന്വേഷിച്ചായിരുന്നു.
അവൾ ചെല്ലുമ്പോൾ മുറിയിൽ കണ്ണ് തുറന്നു അവൾ കിടപ്പുണ്ട്. അവളെ നോക്കിക്കൊണ്ട് അച്ഛനും അമ്മയും ഒക്കെ ഒരു വശത്ത് ഇരിക്കുന്നുമുണ്ട്.
അമ്മയുടെ കണ്ണിൽ നിന്ന് നിലയ്ക്കാതെ കണ്ണുനീർ പ്രവാഹമാണ്. അച്ഛൻ ആകട്ടെ കരയാൻ പോലും കഴിയാതെ തന്റെ സങ്കടം മുഴുവൻ ഉള്ളിൽ അടക്കി പിടിച്ചു കൊണ്ടിരിക്കുകയാണ്.
അവരുടെയൊക്കെ അവസ്ഥ കണ്ടപ്പോൾ അപർണ്ണയ്ക്ക് സഹതാപം തോന്നിപ്പോയി. അവരെ അങ്ങനെ ഒരു അവസ്ഥയിലേക്ക് കൊണ്ട് ചെന്ന് എത്തിച്ചതിന് ആ പെൺകുട്ടിയോട് വല്ലാത്തൊരു ദേഷ്യവും.
താൻ മുറിയിലേക്ക് ചെന്ന് ഇത്രയും സമയമായിട്ടും അവൾ തന്നെയോ അവളുടെ വീട്ടുകാരെയോ ഒന്നു ശ്രദ്ധിക്കുന്നത് പോലുമില്ല എന്ന് അപർണയ്ക്ക് തോന്നി.
എന്തായാലും താൻ വന്ന കാര്യം പൂർത്തിയാക്കണം എന്നുള്ള ഉദ്ദേശത്തോടെ അവളുടെ അടുത്തേക്ക് നടന്നു.
” ജ്യോതിക്ക് മറ്റു കുഴപ്പങ്ങളൊന്നും ഇല്ലല്ലോ അല്ലേ..? ആർ യു ഫിലിംഗ് ബെറ്റർ..? ”
ചെറിയ ഒരു ചിരിയോടെ ചോദിച്ചു കൊണ്ട് അപർണ അവളുടെ അടുത്തേക്ക് ചെന്നു. അതിനു മറുപടിയായി ജ്യോതി അപർണയെ ഒന്ന് നോക്കി.
പിന്നെ മറുപടി പറയാതെ മറുവശത്തേക്ക് ചരിഞ്ഞ് കിടന്നു. അത് കണ്ടപ്പോൾ അമ്മമാരോട് പരിഭവം കാണിച്ചു കൊണ്ട് പിണങ്ങി നടക്കുന്ന കുട്ടികളെയാണ് അവൾക്ക് ഓർമ്മ വന്നത്.
” ജ്യോതി ഇങ്ങനെയായാൽ ശരിയാവില്ല കേട്ടോ.. എനിക്ക് തന്നോട് കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാൻ ഉണ്ട്. അതുകൊണ്ടാണ് രാവിലെ ഡ്യൂട്ടിക്ക് പോലും കയറാതെ ഇങ്ങോട്ടേക്ക് വച്ചു പിടിച്ചത്. ”
അപർണ പറഞ്ഞപ്പോൾ ജ്യോതിയുടെ അച്ഛനും അമ്മയും അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
” ജ്യോതി.. താൻ എന്തുകൊണ്ട് ഇങ്ങനെ ഒരു സാഹസത്തിനു മുതിർന്നു എന്ന് എനിക്കറിയണം. ഞാനറിഞ്ഞത് വച്ച് ജ്യോതി മിടുക്കി ആയ ഒരു പെൺകുട്ടിയാണ്.
ഒരിക്കലും ഒരു നിമിഷത്തെ തോന്നൽ കൊണ്ട് ഇങ്ങനെ ഒരു മണ്ടത്തരം പ്രവർത്തിക്കുകയോ ഒന്നുമില്ല. പിന്നെ എന്താണ് തനിക്ക് സംഭവിച്ചത്..? ”
ആ പറഞ്ഞ ചോദിച്ചപ്പോൾ ജ്യോതി ഏങ്ങൽ അടിക്കുന്ന ശബ്ദം അവൾ കേട്ടു. അത് കേട്ടതോടെ അപർണ്ണയ്ക്ക് ചെറിയൊരു പ്രതീക്ഷ തോന്നി. ഒരുപക്ഷേ സംഭവിച്ചതൊക്കെ അവൾ തന്നോട് തുറന്നു പറഞ്ഞേക്കും..
“ജ്യോതി.. താൻ എന്റെ മുഖത്തേക്ക് നോക്കുകയെങ്കിലും ചെയ്യെടോ..”
അതു പറഞ്ഞിട്ടും മുഖത്തേക്ക് നോക്കാൻ കൂട്ടാക്കാതിരുന്ന പെൺകുട്ടിയെ ബലം പ്രയോഗിച്ചാണ് തന്റെ മുഖത്തേക്ക് നോക്കിപ്പിച്ചത്. കണ്ണീർ നിറഞ്ഞ അവളുടെ മുഖം കണ്ടപ്പോൾ അപർണയ്ക്ക് സഹതാപം തോന്നി.
” തനിക്ക് എന്താടോ പറ്റിയത്..? ഇങ്ങനെയൊക്കെ ചെയ്യാനും മാത്രം തനിക്ക് എന്ത് പ്രശ്നങ്ങൾ ആണ് ഉണ്ടായിരുന്നത്..?
താൻ ഇപ്പോൾ പഠിക്കുന്ന പ്രായം അല്ലേ.. തനിക്ക് വീട്ടിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ..? അച്ഛന്റെയോ അമ്മയുടെയോ ഉപദ്രവം കൊണ്ടോ അങ്ങനെ വല്ലതും ആണോ..? ”
അപർണ അത് ചോദിച്ചു കഴിഞ്ഞപ്പോൾ ജ്യോതിയുടെ നോട്ടം അച്ഛന്റെയും അമ്മയുടെയും നേരെ തിരിയുന്നത് അവൾ ശ്രദ്ധിച്ചു. അതേസമയം തന്നെ അമ്മ ഏങ്ങലടിക്കുന്നതും അവൾ കേട്ടു.
” അമ്മ ഇങ്ങനെ കരയരുത്. ജ്യോതി എന്തുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത് എന്ന് നിങ്ങൾക്കൊക്കെ അറിയണ്ടേ..? അത് അവളോട് ചോദിച്ചാൽ അല്ലേ പറ്റൂ..
ആ സമയത്ത് അമ്മ ഇങ്ങനെ കരഞ്ഞാൽ ജ്യോതിക്കും അത് ബുദ്ധിമുട്ടായിരിക്കും. ഇവിടെ നിന്ന് ഇനിയും ഇങ്ങനെ കരയാൻ ആണെങ്കിൽ നിങ്ങൾ രണ്ടാളും പുറത്തു പോയി നിൽക്ക്.”
അപർണ അത് പറഞ്ഞു കഴിഞ്ഞപ്പോൾ അമ്മ പെട്ടെന്ന് തന്നെ മുഖത്തുണ്ടായിരുന്ന കണ്ണുനീർ തുടച്ചു കളഞ്ഞു.
പിന്നെ മകൾ പറയുന്നത് എന്തായാലും തങ്ങൾക്കും കേൾക്കണം എന്നൊരു ഭാവത്തോടെ രണ്ടാളും അവിടെത്തന്നെ ഇരുപ്പുറപ്പിച്ചു.
അവർ അവിടെ ഇരിക്കുമ്പോൾ ജ്യോതിക്ക് തുറന്നു സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുമോ എന്നൊരു ഭയം അപർണയ്ക്ക് ഉണ്ടായിരുന്നു. പക്ഷേ അത് മനസ്സിലാക്കിയത് പോലെ ജ്യോതി കണ്ണ് ചിമ്മി.
” ഇനി മോള് പറയൂ മോൾക്ക് എന്താണ് ബുദ്ധിമുട്ട്..? സാമ്പത്തികമായി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ..? ”
ഒരിക്കലും അത് ആവില്ല കാരണം എന്നറിയാമെങ്കിലും അപർണ അങ്ങനെയാണ് ചോദിച്ചത്. ആ ചോദ്യത്തിന് മറുപടിയായി ജ്യോതി വിലങ്ങനെ തലയാട്ടി.
” എനിക്ക് സാമ്പത്തികമായി യാതൊരു ബുദ്ധിമുട്ടുമില്ല. ബുദ്ധിമുട്ട് എന്റെ മനസ്സിനാണ്.. അല്ല ഈ സമൂഹത്തിനാണ്..”
അവൾ പറഞ്ഞപ്പോൾ അതിന്റെ അർത്ഥം അറിയാതെ അപർണ അവളെ തന്നെ ശ്രദ്ധിച്ചു.
” ഡോക്ടർ എന്റെ ഫയൽ കണ്ടിട്ടുണ്ടെങ്കിൽ ഡോക്ടറിന് അറിയാമായിരിക്കും ഒരു… ഒരു മാസത്തിനു മുൻപ് ഞാൻ ഇവിടെ അഡ്മിറ്റ് ആയിരുന്നു. അതിനുള്ള കാരണവും ഫയലിൽ ഉണ്ടാകുമായിരിക്കും. ഐ ആം എ റേപ്പ് വിക്ടിം..”
അത് പറയുമ്പോൾ അവളുടെ ശബ്ദം വിറച്ചിരുന്നു. അത് മനസ്സിലാക്കിയത് പോലെ അപർണ അവളുടെ കയ്യിൽ കൈകൾ കോർത്തു വച്ചു. അവൾക്ക് ഒരു ധൈര്യം പകർന്നു കൊടുക്കാൻ വേണ്ടി മാത്രം..
” തന്റെ കേസ് ഫയൽ ഞാൻ കണ്ടിരുന്നു. പക്ഷേ തനിക്ക് പ്രോബ്ലം ഒന്നുമില്ല എന്നായിരുന്നല്ലോ..? തന്റെ അസുഖങ്ങളൊക്കെ ഭേദമായതിനു ശേഷമാണ് തന്നെ ഇവിടെ നിന്ന് വിട്ടയച്ചത്..ശരിയല്ലേ..? ”
അപർണ ചോദിച്ചപ്പോൾ ജ്യോതി അതെ എന്ന് സമ്മതിച്ചു കൊണ്ട് തലകുലുക്കി.
” ഇവിടെ നിന്ന് യാതൊരു പ്രശ്നങ്ങളും ഇല്ലാതെ മിടുക്കിയായി ഡിസ്ചാർജ് ആയ താൻ പിന്നെ എന്തുകൊണ്ടാണ് ഇങ്ങനെയൊരു മണ്ടത്തരം പ്രവർത്തിച്ച വീണ്ടും ഇവിടേക്ക് തന്നെ കയറി വന്നത്..? ”
അപർണ ചോദിച്ചപ്പോൾ ജ്യോതി തലകുനിച്ചു.
” അന്ന് ഇവിടെ നിന്ന് പോകുമ്പോൾ എനിക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്ന് ഡോക്ടർ പറഞ്ഞത് ശരിയാണ്.
ഒരു ദിവസം കോളേജിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയിലാണ് എനിക്ക് നേരെ അങ്ങനെ ഒരു ആക്രമണം നടന്നത്.
ശരിക്കും പറഞ്ഞാൽ ആ സമയത്ത് എനിക്ക് തുണയായത് അച്ഛനും അമ്മയും ഒക്കെ എനിക്ക് തന്നിരുന്ന ധൈര്യമായിരുന്നു.
എന്റെ ശരീരത്തിൽ തൊടുന്നവനെ കൊന്നു കളയാൻ ഉള്ള ദേഷ്യം എനിക്ക് ആ സമയത്തുണ്ടായിരുന്നു. എന്റെ ശരീരത്തിൽ ആരൊക്കെ സ്പർശിച്ചിട്ടുണ്ടോ അവർക്കൊക്കെ അന്ന് എന്റെ കയ്യിൽ നിന്നും നല്ലത് കിട്ടിയിട്ടുണ്ട്.
ഇപ്പോഴത്തെ കാലത്ത് പെൺകുട്ടികൾക്ക് പുറത്തേക്ക് ഇറങ്ങി നടക്കണമെങ്കിൽ, കയ്യിൽ ഒരു പേപ്പർ സ്പ്രേയോ നല്ല വടിയോ ഒക്കെ കരുതി വയ്ക്കേണ്ട അവസ്ഥയാണ്.
നമ്മുടെ നാട്ടിൻപുറത്ത് ഇങ്ങനെയൊന്നും നടക്കില്ല നഗരത്തിൽ മാത്രമാണ് ഇതൊക്കെ നടക്കുക എന്ന് ചിന്തിച്ചിരുന്ന ഞാനാണ് വിഡ്ഢി. കാമം എല്ലായിടത്തും ഒരുപോലെയാണ് എന്ന് ചിന്തിക്കാൻ ഞാൻ മറന്നു.
എന്റെ നാട്ടിൻപുറത്തെ വഴികളിൽ ഞങ്ങൾ പെൺകുട്ടികൾ സുരക്ഷിതരാണ് എന്നൊരു ധാരണ എനിക്ക് ഇങ്ങനെ ഒന്നു സംഭവിക്കുന്നത് വരെയും എനിക്കുണ്ടായിരുന്നു.
മാഡത്തിന് അറിയാമോ അവർ എന്നെ ഉപദ്രവിക്കാൻ ശ്രമിക്കുമ്പോൾ എന്നെ രക്ഷിക്കണേ എന്ന് പറഞ്ഞ് എന്നെക്കൊണ്ട് ആവുന്ന വിധത്തിൽ ഞാൻ അലറി കരഞ്ഞതാണ്.
എന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ ഒക്കെ പ്രതിരോധിക്കാൻ ശ്രമിച്ചതാണ്.
പക്ഷേ അവർ മൂന്നുപേരുടെ ആരോഗ്യത്തിന് മുന്നിൽ തോറ്റു പോകാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ. അവർ എന്നെ സ്പർശിച്ച ഓരോ നിമിഷവും ഞാൻ മനസ്സുകൊണ്ട് മരണത്തിന് കീഴടങ്ങിയിരുന്നു.. ”
അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
” എന്റെ ബഹളങ്ങളും മറ്റും കേട്ട് ഓടിയടുത്ത നാട്ടുകാരിൽ ആരൊക്കെയോ ആണ് എന്നെ ആശുപത്രിയിലേക്ക് കൊണ്ടു വന്നത്.
പീഡനശ്രമമാണ് എന്ന് ആദ്യം തന്നെ നാട്ടുകാർ ഇവിടെ പറഞ്ഞിട്ടുണ്ടായിരുന്നു. അതിനുശേഷം ആണ് എന്റെ അച്ഛനും അമ്മയും ഒക്കെ ഇവിടെയൊക്കെ എത്തിയത് പോലും.
ഇവിടുത്തെ ചികിത്സയുടെ സമയത്ത് ഡോക്ടർമാർ എന്നെ മെന്റലി ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്. എനിക്കൊന്നും സംഭവിച്ചിട്ടില്ല എന്ന് അവർ ഒരു നൂറുവട്ടം എന്നെ പറഞ്ഞു ബോധ്യപ്പെടുത്തി.
അല്ലെങ്കിലും എനിക്കറിയാമായിരുന്നു എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന്. എന്റെ ശരീരത്തിൽ തൊട്ടിട്ടുണ്ട് എന്നല്ലാതെ എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് എനിക്കറിയാം.
പക്ഷേ ഇവിടെ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലേക്ക് എത്തിയതിനുശേഷം ആണ് മെന്റലി എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ വന്നു തുടങ്ങിയത്. വീടിന്റെ പുറത്തേക്ക് ഇറങ്ങാൻ പോലും പറ്റുന്നില്ല ഡോക്ടറെ..
കാണുന്നവർ മുഴുവൻ കളിയാക്കി ചിരിക്കുന്നു. ചിലർക്കൊക്കെ സഹതാപമാണ്. സഹതാപം എന്ന് പറയാൻ പറ്റില്ല സഹതാപത്തിന്റെ മെമ്പോടി ചേർത്തു കൊണ്ട് എല്ലാവരും എന്നെ പുച്ഛിക്കുകയാണ്.
അവർക്കൊക്കെ അറിയേണ്ടത് ആ ചെറുപ്പക്കാർ എന്നെ എന്തൊക്കെ ചെയ്തു എന്നാണ്. ഞാൻ മറക്കാൻ ശ്രമിക്കുന്ന ഓർമ്മകളെ വീണ്ടും വീണ്ടും എന്നിലേക്ക് കൊണ്ടുവരാനാണ് അവരൊക്കെയും ശ്രമിക്കുന്നത്.
സഹതാപം കാണിച്ചുകൊണ്ട് ഇനി ഒരിക്കലും എനിക്കൊരു ജീവിതം പോലും ഉണ്ടാകില്ല മാനം നഷ്ടപ്പെട്ട പെണ്ണ് പിന്നെ ജീവിച്ചിട്ട് കാര്യമില്ല എന്നൊക്കെയാണ് പറയുന്നത്.
ശരിക്കും എന്താണ് ഈ മാനം..? ആരെങ്കിലും വന്ന് തൊട്ടാൽ ഉടനെ നശിച്ചു പോകുന്ന ഏതെങ്കിലും പാട ആണോ …? ”
ചോദിച്ചു കഴിഞ്ഞപ്പോൾ രോഷത്താൽ അവൾ കിതയ്ക്കുന്നുണ്ടായിരുന്നു.
അവളുടെ വാക്കുകൾ കേട്ടപ്പോൾ അപർണയ്ക്ക് സങ്കടം തോന്നി.ആ പെൺകുട്ടിയെ കൃത്യമായി മനസ്സിലാക്കാൻ അവൾക്ക് സാധിക്കുന്നുണ്ടായിരുന്നു.
” മോളുടെ ഇപ്പോഴത്തെ അവസ്ഥ എനിക്ക് മനസ്സിലാവും. താൻ ചോദിച്ചതുപോലെ ഈ മാനം എന്നു പറയുന്ന സാധനം പാടയൊന്നുമല്ല.അഭിമാനം.. അതല്ലേ ഈ മാനം..?
താൻ ചോദിച്ചതുപോലെ ഇന്ന് ഈ സമൂഹത്തിൽ പലരും ധരിച്ചു വെച്ചിരിക്കുന്നത് ആരെങ്കിലും ഒന്ന് നോക്കിയാൽ പെണ്ണ് തലയുയർത്തിപ്പിടിച്ചു നടന്നാൽ അവൾ ഉച്ചത്തിൽ സംസാരിച്ചാൽ ഒക്കെ മാനം നഷ്ടപ്പെടും.
അവൾ അവൾക്കിഷ്ടപ്പെട്ട വസ്ത്രം ധരിച്ചാൽ അത് മാനം ഇല്ലായ്മ ആകും.. ആരോടെങ്കിലും സ്വാതന്ത്ര്യത്തോടെ സംസാരിക്കുന്നത് മാനം ഉള്ള പെണ്ണുങ്ങൾക്ക് ചേർന്ന പണിയല്ല പോലും..
പലർക്കും ഇതിന് പറയാൻ പല പല ഡെഫിനിഷനുകൾ ഉണ്ട്.. ശരിക്കും പറഞ്ഞാൽ നമ്മുടെ സമൂഹം തന്നെയാണ് ഏറ്റവും വലിയ പ്രശ്നം.
ആര് എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഇന്ന് ഇവിടെ ജീവിച്ചിരിക്കുന്ന ആളുകളാണ്. മറ്റുള്ളവരെ സന്തോഷപ്പെടുത്തി കൊണ്ട് വേണം നമ്മൾ നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ എന്ന് പറയുന്നിടത്താണ് നമ്മുടെ തോൽവി.
പെണ്ണുങ്ങളുടെ മാനത്തെക്കുറിച്ച് ഇത്രയും കാര്യമായി ചിന്തിക്കുന്നവർ ഒരിക്കലും ഒരാണിനെ കുറിച്ച് ഇങ്ങനെ ചിന്തിക്കാറില്ല.
ഇപ്പോൾ തന്റെ കാര്യത്തിൽ തനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായപ്പോൾ തന്നെ പ്രതിചേർക്കാനാണ് നാട്ടുകാർ മുഴുവൻ ശ്രമിച്ചത്.
താൻ ആ പ്രതികളെ എന്തൊക്കെയോ ചെയ്തതുകൊണ്ടാണ് അല്ലെങ്കിൽ അവരെ പ്രലോഭിപ്പിച്ചത് കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്ന് നാട്ടുകാർ വരുത്തി തീർക്കും.
അത് കേട്ട് വിഷമിക്കാൻ എന്നാൽ തനിക്ക് അതിനെ നേരം വരൂ.. ആ കാരണം കൊണ്ടാണോ താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്..? ”
ഇത്തവണ അപർണയുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു.
” നാട്ടുകാർ എന്തു പറഞ്ഞാലും ഞാൻ സഹിച്ചേനെ.പക്ഷേ.. സ്വന്തം വീട്ടിൽ സ്വന്തം അമ്മ പോലും ഇങ്ങനെ പറയുമ്പോൾ ഞാൻ എന്ത് ചെയ്യാനാണ്..? കുടുംബത്തിനെ മാനം കെടുത്താനായി ജനിച്ചതാണ് ഞാൻ എന്ന്..
കുടുംബത്തിന്റെ മാനം ഞാനായി നശിപ്പിച്ചു കളഞ്ഞതാണെന്ന്.. ഇങ്ങനെയൊക്കെ ചിന്തിക്കാനും പറയാനും അമ്മയ്ക്ക് എങ്ങനെ കഴിഞ്ഞു എന്ന് എനിക്ക് അറിയില്ല.
ഞാനറിഞ്ഞു കൊണ്ട് എന്തെങ്കിലും തെറ്റ് ചെയ്തോ..? അതൊക്കെ ചിന്തിച്ചപ്പോൾ സത്യമായും എനിക്ക് പിന്നെ ജീവിച്ചിരിക്കണം എന്ന് പോലും തോന്നിയില്ല.. ഒരു നിമിഷത്തെ പൊട്ട ബുദ്ധിയിൽ തോന്നിപ്പോയതാണ്. ”
അതും പറഞ്ഞുകൊണ്ട് ജ്യോതി പൊട്ടിക്കരഞ്ഞു. അപർണ അവളുടെ അമ്മയെ കത്തുന്ന ഒരു നോട്ടം നോക്കി. അത് താങ്ങാൻ ആവാതെ അമ്മ തലകുനിച്ചു.
” നിങ്ങളൊക്കെ എന്താ വിചാരിച്ചിരിക്കുന്നത് എന്ന് എനിക്കറിയില്ല.പക്ഷേ ആരെങ്കിലും ഒന്ന് തൊട്ടാൽ ഉരുകിപ്പോകുന്ന നെയ്യും വെണ്ണയും ഒന്നുമല്ല പെൺകുട്ടികളുടെ ശരീരം.
അവളെ തൊടുന്ന ആണിനില്ലാത്ത എന്ത് കുറവാണ് അവൾക്കുണ്ടാവുന്നത്..? അവൾ അവളുടെ ആഗ്രഹ പൂർത്തീകരണത്തിന് വല്ലവന്റെയും കൂടെ പോയതല്ല.. അവൾ പോലും അറിയാതെ അവളെ ആരോ ഉപദ്രവിച്ചതാണ്.
അതെങ്ങനെ അവളുടെ തെറ്റാകും..? നേരത്തെ ഞാൻ പറഞ്ഞതുപോലെ അവൾ ആരുടെയെങ്കിലും കൂടെ പോയതാണെങ്കിൽ നിങ്ങളുടെ കുടുംബത്തിന്റെ മാനം കളഞ്ഞു എന്ന് പറയുന്നതിൽ അർത്ഥമുണ്ട്.
ഇവിടെ ആ പെൺകുട്ടി ചെയ്യാത്ത തെറ്റിന്റെ പേരിൽ അവളെ ഇങ്ങനെ ക്രൂശിക്കുമ്പോൾ അവൾക്ക് എന്തുമാത്രം വേദനയാണ് ഉണ്ടാകുന്നത് എന്ന് നിങ്ങൾ ചിന്തിച്ചു നോക്കൂ..
ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ ഈ പെൺകുട്ടി കടന്നു പോകുമ്പോൾ അവൾക്ക് പിന്നാലെ നടന്ന ഇങ്ങനെ ക്രൂശിക്കാതെ അവളെ ചേർത്തുപിടിക്കുകയാണ് വേണ്ടത്. ഇപ്പോൾ അവളുടെ ജീവൻ രക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.
അല്ലായിരുന്നെങ്കിൽ എന്താകും സംഭവിക്കുക എന്നൊരു ഊഹം നിങ്ങൾക്കുണ്ടോ..? മകളെ നഷ്ടപ്പെട്ടു പോയിട്ട് പിന്നെ കരഞ്ഞിട്ടും നിലവിളിച്ചിട്ടും ഒരു കാര്യവും ഉണ്ടാവില്ല.”
അപർണ പറഞ്ഞപ്പോൾ ജ്യോതിയുടെ അച്ഛനും അമ്മയും കുറ്റബോധം കൊണ്ട് തലതാഴ്ത്തി നിൽക്കുന്നുണ്ടായിരുന്നു.
” എനിക്ക് ജ്യോതിയോട് ഒരേയൊരു കാര്യം മാത്രമേ പറയാനുള്ളൂ. നമുക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് നമുക്ക് വ്യക്തമായ ധാരണയുണ്ടെങ്കിൽ ആരെന്തു പറഞ്ഞാലും അവർക്ക് മുന്നിൽ തലകുനിക്കരുത്.
ഇവിടെ നീ തെറ്റൊന്നും ചെയ്തിട്ടില്ല. നിന്റെ മാനത്തിന് ഒന്നും സംഭവിച്ചിട്ടുമില്ല. നിന്റെ അഭിമാനം അത് നിന്റേതാണ്. അത് നീ കളഞ്ഞു കുളിച്ചിട്ടില്ല. പിന്നെ ആരെന്തു പറഞ്ഞാലും നിന്നെ അത് ബാധിക്കുകയുമില്ല.
പറഞ്ഞത് മനസ്സിലായല്ലോ.. ഇനി നിനക്ക് നിന്റെ വീട്ടിൽ നിൽക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ഏത് സമയത്തും നിനക്ക് എന്നെ കാണാൻ വരാം. നിനക്ക് വേണ്ട എന്തു സഹായവും ചെയ്തുതരാൻ ഞാനുണ്ടാകും..”
അത്രയും പറഞ്ഞു ജ്യോതിയുടെ നെറുകയിൽ ഒന്ന് ചുംബിച്ചുകൊണ്ട് ആ മുറിവിട്ട് പുറത്തേക്ക് ഇറങ്ങുമ്പോൾ അപർണയുടെ ഉള്ളിൽ ഉണ്ടായിരുന്നത് തന്റെ ഭൂതകാലമായിരുന്നു.
തനിക്കും ഇങ്ങനെ ഒരു അപകടം സംഭവിച്ചിട്ടുണ്ട്.. അന്ന് താനും കേട്ടിട്ടുണ്ട് മാനം കളഞ്ഞവൾ എന്നും.. അതെങ്ങനെയെന്ന് ഈ നിമിഷവും തനിക്കറിയില്ല.
വീട്ടിലോ നാട്ടിലോ നിൽക്കാൻ കഴിയാത്ത സാഹചര്യമായപ്പോഴാണ് ഈ നഗരത്തിലേക്ക് ചേക്കേറിയത്. അന്ന് താൻ എംബിബിഎസ് മൂന്നാംവർഷ വിദ്യാർഥിയായിരുന്നു. കോളേജിൽ സുഹൃത്തുക്കൾ വരെ തന്നെ ഒറ്റപ്പെടുത്തീട്ടുണ്ട്.
എങ്കിലും അവിടെയും തന്നെ ചേർത്ത് പിടിച്ച കുറച്ച് അധികം ആളുകൾ ഉണ്ടായിരുന്നു. അവരുടെയൊക്കെ സഹായം കൊണ്ടാണ് താൻ ഇന്ന് ഈ നിലയിൽ എത്തിയത്. അങ്ങനെയുള്ളപ്പോൾ തന്നെപ്പോലെയുള്ളവരെ സഹായിക്കേണ്ടത് തന്റെ കടമയല്ലേ..?
അതും ഓർത്ത് ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരിയോടെ അപർണ മുന്നോട്ട് നടന്നു.
അതേസമയം അകത്തെ മുറിയിൽ ജ്യോതിയെ ചേർത്തുപിടിച്ചുകൊണ്ട് അമ്മ പൊട്ടിക്കരയുകയായിരുന്നു. അവരുടെ മാപ്പുപറച്ചിൽ അതിൽ തന്നെ ഉണ്ടായിരുന്നു.
വർഷങ്ങൾക്കിപ്പുറം , ജ്യോതി ഒരു ഐപിഎസ് ഓഫീസർ ആയി അതേ നഗരത്തിൽ ചാർജ് എടുക്കുമ്പോൾ ഒരിക്കൽ കുടുംബത്തിന്റെ മാനം കളഞ്ഞവൾ എന്ന് അവളെ വിളിച്ചവർ തന്നെ കുടുംബത്തിന്റെ അഭിമാനമാണ് ആ പെൺകുട്ടി എന്ന് തിരുത്തി പറഞ്ഞു…!
അത്രയുള്ളൂ മാനത്തിന്റെയും അഭിമാനത്തിന്റെയും കാര്യം…!!!