“വിട് ഹരിയേട്ടാ… ആരെങ്കിലും കാണും.”
ഹരിയുടെ കയ്യിൽ കിടന്ന് കുതറി കൊണ്ട് ആനി പറഞ്ഞു.
“ഇപ്പോ ഇതുവഴി ആര് വരാനാ ആനി.
ഹരി അവളെ ആ ആളൊഴിഞ്ഞ ഇടവഴിയുടെ വള്ളിപടർപ്പ് നിറഞ്ഞ ഭാഗത്തേക്ക് ചേർത്ത് നിർത്തി.
“ആരെങ്കിലും കണ്ട് കൊണ്ട് വന്നാൽ എനിക്ക് പ്രശ്നമാവും ഹരിയേട്ടാ.
ആനി ചുറ്റും ആരെങ്കിലും വരുന്നുണ്ടോന്നു നോക്കി.
“ഇപ്പോ എന്താ എന്റെ ആനി മോൾക്ക് ഒരു ഭയം. മുൻപ് ആരെങ്കിലും വന്നാലോന്ന് ഞാൻ പറഞ്ഞ കൂടി എന്റെ നെഞ്ചിൽ നിന്ന് മാറാത്തവൾ ആയിരുന്നല്ലോ.
ഹരി അവളെ തുറിച്ചു നോക്കി.
അവന്റെ ആ ചോദ്യത്തിന് അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല.
“ശരി അത് വിട്… ഇപ്പോ എന്റെ പൊന്ന് മോള് എനിക്കൊരു ഉമ്മ തന്നേ.
ഹരി കവിൾ ചരിച്ചു പിടിച്ചു പറഞ്ഞു.
“ഇപ്പോ എനിക്കൊരു മൂഡില്ല ഹരിയേട്ടാ. എന്നെ വിട് എനിക്ക് വീട്ടിൽ പോണം. ഇന്ന് പപ്പേടേം മമ്മീടേം വീട്ടീന്ന് ആരൊക്കെയോ വരുന്നുണ്ട്. അതുകൊണ്ട് വേഗം ക്ലാസ്സ് കഴിഞ്ഞു വരണമെന്ന് മമ്മി പറഞ്ഞിരുന്നു.
“എന്നാ ശരി നീ തരണ്ട, ഞാൻ തരാം.
ഹരി മുഖം കുനിച്ചു അവളുടെ കവിളിൽ ചുമ്പിക്കാൻ ഒരുങ്ങി.
“വേണ്ട ഹരിയേട്ടാ…
“ഇപ്പോ എന്താ എന്റെ ആനി കുട്ടിക്ക് എന്നോടൊരു അകൽച്ച. രാവിലെയും വൈകുന്നേരവും എന്നെ കാണാൻ കാത്ത് നിൽക്കാതെ ഞാൻ വരുന്നതിന് മുന്നേ കോളേജിൽ പോവുക. ഫോൺ വിളിച്ച വേഗം സംസാരിച്ചു വച്ച് കളയുന്നു. മെസ്സേജ് നോക്കുന്നില്ല. ചോദിച്ച ഓരോ മുട്ടാ പോക്ക് ന്യായങ്ങൾ. ഇതിന്റെ എല്ലാം കാരണം എനിക്ക് ഇന്ന് അറിയണം. പറഞ്ഞിട്ട് പോയ മതി നീ.
“ഹരിയേട്ടന് എന്താ പറ്റിയെ. എനിക്ക് അവസാന സെമെസ്റ്റർ എക്സാം നടക്കുന്നത് കൊണ്ടല്ലേ പഴയ പോലെ കാണാനോ മിണ്ടാനോ നേരം കിട്ടാത്തത്.
പതറി പതറി അവൾ മറുപടി പറഞ്ഞു.
“അതൊന്നുമല്ല കാരണമെന്ന് എനിക്കറിയാം. ഇക്കഴിഞ്ഞ ഞായറാഴ്ച നിന്റെ പെണ്ണ് കാണൽ അല്ലായിരുന്നോ? അത് ഏകദേശം ഉറപ്പിച്ച മട്ടല്ലേ. ഇത് എന്നിൽ നിന്ന് ഒളിച്ചു വയ്ക്കാൻ ആയിരുന്നില്ലേ നിന്റെ ഈ ഒഴിഞ്ഞു മാറ്റം.
അവളിൽ നിന്നും വിട്ടകന്നിട്ട് ഹരി ചോദിച്ചു.
അവന്റെ ആ ചോദ്യം ആനി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
“അത്… ഹരിയേട്ടൻ എങ്ങനെ അറിഞ്ഞു.
“ഞാനും ഈ നാട്ടിൽ അല്ലെ മോളെ ജീവിക്കുന്നത്.
ഹരി വിഷമത്തോടെ ചിരിച്ചു.
“ആൽവി എന്നാ ആളെ പേര്. ഓസ്ട്രേലിയയിലാ ജോലി ചെയ്യുന്നത്. അവിടെ ഒരു ഹോസ്പിറ്റലിൽ നേഴ്സ് ആണ്. വീട്ടുകാർക്ക് എല്ലാം ഇഷ്ടപ്പെട്ടു. അത് നടത്താനാ എല്ലാവരും നോക്കുന്നത്.
ആനി മുഖം കുനിച്ചു.
“നീ സമ്മതം പറഞ്ഞോ?
“എന്റെ സമ്മതമൊന്നും ആരും ചോദിച്ചില്ല. സമ്മതമല്ലെന്ന് പറഞ്ഞാലും വീട്ടുകാർ ഇത് നടത്തും.
ആനി പറഞ്ഞു.
“എന്താ ആനി മോളെ എന്നെ നൈസ് ആയിട്ട് തേയ്ക്കാൻ നോക്കുവാണോ നീ?
ഹരി ചോദിച്ചു.
“ഹരിയേട്ടൻ ഒരിക്കലും അങ്ങനെ പറയരുത്. ആത്മാർത്ഥമായിട്ട് തന്നെയാ ഞാൻ ഹരിയേട്ടനെ സ്നേഹിച്ചത്. പക്ഷെ നമ്മുടെ മതം വേറെയാണ്. അതുകൊണ്ട് നമ്മുടെ ബന്ധം ഞാൻ എങ്ങനെ എന്റെ വീട്ടിൽ പറയും. ഹരിയേട്ടന് നല്ലൊരു ജോലി ഉണ്ടായിരുന്നെങ്കിൽ എല്ലാരേം ഉപേക്ഷിച്ചു കൂടെ ഇറങ്ങി വരുകയെങ്കിലും ചെയ്യാമായിരുന്നു. അതും പറ്റില്ലല്ലോ. ഞാൻ കാണുന്ന കൊല്ലം മുതൽ ഹരിയേട്ടൻ psc എന്ന് പറഞ്ഞ് നടക്കുവല്ലേ. എന്നിട്ടും ഇതുവരെ ഒരു ജോലി പോലും ആയിട്ടില്ല. ഞാനൊരു പെൺകുട്ടിയല്ലേ. വീട്ടിൽ പിടിച്ചു നിൽക്കുന്നതിനു ഒരു പരിധി ഇല്ലേ. കോഴ്സ് കഴിഞ്ഞ എന്നെ കെട്ടിച്ചു വിടാനാണ് പപ്പേം മമ്മീം തീരുമാനിച്ചിരിക്കുന്നത്. എനിക്കൊന്നും ചെയ്യാൻ പറ്റില്ല.”
ആനി പറഞ്ഞ് നിർത്തി.
“എന്റെ പിന്നാലെ നടന്ന് പ്രേമിക്കുമ്പോ നീ ഇതൊന്നും ഓർത്തില്ലേ ആനി.?
“17 വയസ്സിലെ ബുദ്ധി അല്ലല്ലോ ഇപ്പോ. അന്നത്തെ ആ പ്രായത്തിൽ അങ്ങനെ പലതും തോന്നില്ലേ ഹരിയേട്ടാ. പക്ഷെ എന്നെ കഷ്ടപ്പെട്ട് വളർത്തി പഠിപ്പിച്ച വീട്ടുകാരെ എനിക്ക് വിഷമിക്കാൻ കഴിയില്ല. അതാ ഞാൻ.
ഹരിയേട്ടനോട് ഇതെങ്ങനെ പറയുമെന്ന് ഓർത്ത് ഞാനാകെ ഉരുകുകയായിരുന്നു ഇത്ര ദിവസവും.
“ആനി എന്നോട് കൂടുതൽ കള്ളം പറഞ്ഞു ബുദ്ധിമുട്ടണ്ട. നീ സമ്മതം പറഞ്ഞിട്ട ഈ ആലോചന ഉറപ്പിച്ചതെന്ന് നിന്റെ പപ്പ പറഞ്ഞ് ഞാനറിഞ്ഞു.
നമ്മൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് ഒന്നും ഞാൻ പറയാൻ പോയില്ല. നീ പഠിപ്പ് കഴിഞ്ഞു ജോലിക്കൊക്കെ കയറി കുറച്ചു വർഷം കഴിഞ്ഞു പോരെ കല്യാണം എന്ന് ചോദിച്ചപ്പോൾ നിനക്കായിരുന്നു തിടുക്കം എന്നും ചെക്കൻ ദുബായ് ൽ ഓസ്ട്രേലിയയിൽ ആയത് കൊണ്ട് നിനക്കും കൂടെ പോകാലോ എന്നൊക്കെ നീ പറഞ്ഞെന്ന് പപ്പാ പറഞ്ഞു.
അത് കേട്ടപ്പോ ഞാനാകെ തകർന്ന് പോയി ആനി. ഓസ്ട്രേലിയക്കാരനെ കണ്ടപ്പോ നീ എന്നെ മറന്നില്ലേ. നീ വേണ്ടെന്ന് പറഞ്ഞ ഒഴിഞ്ഞു പോകുന്ന ആലോചനയായിരുന്നില്ലേ അത്. എന്നിട്ടും നീ അത് ചെയ്തില്ല.
അല്ലേലും നിന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജോലിയും കൂലിയും ഇല്ലാതെ ഇപ്പഴും psc എഴുതി നടക്കണ എന്നേക്കാൾ നല്ലത് നിനക്ക് ആൽവി തന്നെയാ.
ഹരിയുടെ വാക്കുകൾ കേട്ട് ആനി മുഖം കുനിച്ചു.
“എന്റെ ഭാവി ഞാൻ തന്നെ നോക്കണ്ടേ ഹരിയേട്ടാ. ഞാൻ നഴ്സിംഗ് പഠിക്കാൻ തിരഞ്ഞെടുത്തത് തന്നെ വിദേശത്തു പോയി ജോലി ചെയ്യാനുള്ള ആഗ്രഹം കൊണ്ട. അതിപ്പോ ഈ കല്യാണം കൊണ്ട് നടക്കാൻ പോകുമ്പോ ഞാൻ എന്തിന് വേണ്ടെന്നു വയ്ക്കണം. അല്ലേലും ഹരിയേട്ടനെ പ്രതീക്ഷിച്ചു ഞാൻ എത്ര നാൾ നിൽക്കും. എന്നെങ്കിലും ജോലി ശരിയാകുമെന്ന് ഒരു ഉറപ്പുമില്ല.
എഞ്ചിനീയറിങ് കഴിഞ്ഞ ഹരിയേട്ടനോട് ഈ psc തന്നെ എഴുതി സമയം കളയാതെ പുറത്തേക്ക് ജോലി നോക്കാൻ ഞാൻ എത്ര തവണ പറഞ്ഞ്. കേട്ടില്ലല്ലോ. ഹരിയേട്ടന് നാടും വീടും വിട്ട് പോകുന്നത് ഇഷ്ടമല്ല. അതൊക്കെ മനസിലാക്കിയപ്പോ തന്നെ ഞാൻ ബ്രേക്ക്‌അപ്പ് മനസ്സിൽ തീരുമാനിച്ചത. നമ്മൾ കെട്ടിയാലും സെറ്റ് ആവാൻ പോണില്ല. പിന്നെ എന്തിനാ വെറുതെ കല്യാണം കഴിച്ചു പിരിയുന്നത്. അതിനേക്കാൾ നല്ലത് ഇപ്പോഴേ പിരിയുന്നതാ.
ആനി അത് പറഞ്ഞിട്ട് അവിടുന്ന് ഓടിപ്പോയി.
ആനി നഴ്സിംഗ് അവസാന വർഷം പഠിക്കുവാണ്. അവൾ പ്ലസ് 2 പഠിക്കുമ്പോ ആണ് ഹരിയുടെ പിന്നാലെ ഇഷ്ടം പറഞ്ഞ് നടക്കുന്നത്. ഒരു വർഷം അവൾ പിന്നാലെ നടക്കുന്നത് കണ്ട് പാവം തോന്നിയാണ് ഹരി അവളെ സ്നേഹിച്ചത്. Psc എഴുതുന്നതിനാൽ അവൻ വേറെ ജോലി ഒന്നും നോക്കിയിട്ടില്ല. അതിൽ മുന്നേ തന്നെ ആനിക്ക് എതിർപ്പ് ഉണ്ടായിരുന്നു.
അങ്ങനെ ഇപ്പോ നല്ലൊരു ആലോചന വന്നപ്പോ സ്വന്തം കരിയർ നോക്കി ആനി ആ ലൈഫ് തിരഞ്ഞെടുക്കാൻ തീരുമാനിച്ചു.
കുറെ ആലോചിച്ചപ്പോൾ ആനിയുടെ ആ തീരുമാനം തെറ്റാണെന്ന് ഹരിക്ക് തോന്നിയില്ല.
അവളുടെ കോഴ്സ് കഴിഞ്ഞ പിറ്റേ മാസം തന്നെ ആനിയുടെയും ആൽവിയുടെയും മിന്നുകെട്ട് കഴിഞ്ഞു.
ഹരിയും അതിൽ പങ്കെടുക്കാൻ പോയിരുന്നു. തന്റെ പെണ്ണ് ആകേണ്ടി ഇരുന്നവളെ മറ്റൊരുത്തൻ മിന്നു കെട്ടി സ്വന്തമാക്കുന്നത് വേദനയോടെ നോക്കി നിൽക്കാനേ അവനു കഴിഞ്ഞുള്ളൂ.
********
വർഷങ്ങൾ പിന്നേം ഓടി മാഞ്ഞു.
ഓസ്ട്രേലിയ പോയി സെറ്റ് ആയ ആൽവിക്കും ആനിക്കും ഒരു കുഞ്ഞു പിറന്നിട്ടും ഹരിക്ക് ജോലി ഒന്നും ആയില്ല.
വയസ്സ് 32 ആവുകയും ചെയ്തു അവനു. അതോടെ ഇനി നാട്ടിൽ നിന്നിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ അവൻ ജോലി തേടി ദുബായ്ക്ക് പറന്നു.
പ്രവാസിയുടെ കുപ്പായം അണിഞ്ഞ രണ്ടാം വർഷം അവനും കല്യാണം കഴിച്ചു. അതും ഒരു നഴ്സ് ആയിരുന്നു. ഭാര്യേം കൊണ്ട് അവൻ ദുബായ് സെറ്റിൽ ആയി.
പണ്ട് ആനി ഉപദേശിച്ചത് പോലെ നേരത്തെ തന്നെ പുറത്തേക്ക് ജോലി നോക്കി വന്നിരുന്നെങ്കി ഇന്ന് ആനി തന്റെ കൂടെ ഉണ്ടായിരുന്നേനെ എന്ന് ഹരി ഒരു നെടുവീർപ്പോടെ ഇടയ്ക്കിടെ ഓർക്കാറുണ്ട്. ഇതേ കാര്യം അവന്റെ വിശേഷങ്ങൾ അറിഞ്ഞു കൊണ്ടിരുന്ന ആനിയും ചിന്തിക്കാറുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയെങ്കിലും രണ്ട് പേരും അവരവരെ ലൈഫിൽ ഹാപ്പി തന്നെയാണ്.
✍️അഞ്ജലി
